SUNDAY DEEPIKA
ഡാഫ്നെ ദു മോറിയർ - സ്വതന്ത്ര പരിഭാഷ
റെബേക്ക എനിക്കൊരു പേടിസ്വപ്നമായിരുന്നു. മാക്സിം ഒരിക്കലും റെബേക്കയെ സ്നേഹിച്ചിട്ടില്ലെന്നു ബോധ്യമായപ്പോൾ എന്റെ ഉള്ളിലെ ഭയം തീർന്നു. വീട്ടിനുള്ളിലെ അവളുടെ അദൃശ്യസാന്നിധ്യവും ശക്തിയും എല്ലാം ആവിയായിപ്പോയി. ഞാനിപ്പോൾ അവളെ ഭയപ്പെടുന്നില്ല. അവൾക്കെന്നെ ഉപദ്രവിക്കാൻ കഴിയില്ല.
എന്നിൽ ഭയം കുത്തിവച്ചതും അതുവച്ച് മുതലെടുത്തതും റെബേക്കയെ അന്ധമായി ആരാധിച്ചിരുന്ന മിസിസ് ഡാൻവേഴ്സാണ്. ആ സ്ത്രീ എന്റെ സാന്നിധ്യം ഇഷ്ടപ്പെട്ടില്ല. അവർക്കിപ്പോഴും ഉള്ളാലെ എന്നെ വെറുപ്പാണ്. പക്ഷേ ഞാനതു വകവയ്ക്കുന്നില്ല.
ഫോണ്‍വിളി അറ്റൻഡ് ചെയ്യാൻപോയ മാക്സിം തിരിച്ചുവന്നു. ""കേണൽ ജൂലിയനാണ് വിളിച്ചത്. അദ്ദേഹം ക്യാപ്റ്റൻ സിറിലുമായി സംസാരിച്ചു. അദ്ദേഹവും നാളെ രാവിലെ എന്നോടൊപ്പം വരുന്നുണ്ട്.''
""കേണൽ ജൂലിയൻ എന്തിനാണ് വരുന്നത്?''
""അദ്ദേഹം കെരിത്തിലെ മജിസ്ട്രേറ്റാണ്. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമാണ്. അദ്ദേഹം മാത്രമല്ല, ഒരു ഡോക്ടർ, പിന്നെ പോലീസ് ഇൻസ്പെക്ടർ.''
""എന്തിനാ പോലീസ് ഇൻസ്പെക്ടർ?''
""അതു നിയമമാണ്. ഒരു ബോഡി കണ്ടെടുക്കുന്പോൾ അദ്ദേഹത്തിന്റെ സാന്നിധ്യം കൂടിയേതീരൂ. അദ്ദേഹമാണ് മഹസർ തയാറാക്കുക. അതാണ് കോടതി പരിഗണിക്കുക.''
അപ്പോഴേക്കും ലിറ്റിൽ റൂമിൽനിന്നു വീണ്ടും ഫോണിന്റെ ബെല്ലടി. മാക്സിം ക്ഷമയറ്റപോലെ പറഞ്ഞു: ""ഫോണ്വച്ച് ഇങ്ങോട്ട് എത്തിയില്ല, അപ്പോഴേക്കും വീണ്ടും ബെല്ലടി.... നാശം!''
ലിറ്റിൽ റൂമിൽ പോയി ഫോണ്‍ അറ്റൻഡ് ചെയ്ത് വേഗം തിരിച്ചുവന്നു.
""അവർ തുടങ്ങി. ഇനി സ്വൈരം കിട്ടില്ല.''
""എന്താ? ആരാ വിളിച്ചത്?''
""പത്ര റിപ്പോർട്ടറാണ്. അയാളുടെ ചോദ്യം- അന്തരിച്ച മിസിസ് മാക്സിമിന്റെ ബോട്ട് കണ്ടെത്തിയെന്നു കേട്ടല്ലോ എന്ന്.''
""മാക്സിം എന്തു പറഞ്ഞു?''
""ശരിയാണ് ഒരു ബോട്ട് കണ്ടെത്തി, അത്രമാത്രം എനിക്കറിയാം. അതു മിസിസ് മാക്സിമിന്റെ ബോട്ടാണോയെന്ന് അറിയില്ലെന്നു പറഞ്ഞു.''
""അത്രയേ ചോദിച്ചുള്ളൂ?''
""ബോട്ടിന്റെ കാബിനിൽ ഒരു ബോഡി കണ്ടെത്തിയെന്ന് ഒരു ശ്രുതി കേട്ടല്ലോ. വാസ്തവമാണോ? എനിക്കറിയില്ല. ഇതേപ്പറ്റി എനിക്കൊന്നും പറയാനില്ല. ദയവുചെയ്ത് വീണ്ടും വീണ്ടും വിളിച്ച് എന്നെ ശല്യംചെയ്യരുതെന്നു ഞാൻ പറഞ്ഞു.''
""മാക്സിം അങ്ങനെയൊന്നും പറയരുത്. ഇത്തരം കാര്യങ്ങളിൽ പത്രക്കാരുടെ സഹകരണം നമുക്കുവേണം. അവരെ നമ്മുടെ ഭാഗത്തുനിർത്തണം. അവരെ പിണക്കരുത്.''
""ഈ കേസിൽ ഫൈറ്റ് ചെയ്യേണ്ടിവന്നാൽ ഞാൻ ഒറ്റയ്ക്കു ഫൈറ്റ് ചെയ്യും. അതിനു പത്രക്കാരൻ കൂടെവേണമെന്നില്ല. എന്തായാലും നാളെ രാവിലെവരെ കാത്തിരിക്കാം.''
ഡിന്നറിനു സമയമായപ്പോൾ ഞങ്ങൾ ഡൈനിംഗ് റൂമിലേക്കു പോയി. ഫ്രിത്ത് ഭക്ഷണംവിളന്പി. അയാളുടെ മുഖം മ്ലാനമായിരുന്നു. ഭാവരഹിതമായിരുന്നു. അയാൾ കെരിത്തിൽനിന്ന് എന്തെങ്കിലും കേട്ടുകാണും. ഞങ്ങൾ ഒന്നും ചോദിച്ചില്ല. തിരിച്ചു ലൈബ്രറിയിലേക്കു പോന്നു.
രാത്രി മഴ നന്നായി പെയ്തിട്ടുണ്ടാവണം. രാവിലെ ഏഴുമണിക്ക് ഞാൻ ഉണർന്ന് പുറത്തേക്കു നോക്കിയപ്പോൾ റോസ് ഗാർഡനിലെ ചെടികളിലും പൂക്കളിലും പുൽത്തകിടിയിലും വെള്ളം കാണാമായിരുന്നു. മാക്സിം എന്നെ വിളിച്ചുണർത്താതെതന്നെ നേരത്തേ പോയിരിക്കുന്നു. ഇപ്പോൾ അവരെല്ലാം അവിടെയെത്തി കടലിന്റെ അടിയിൽനിന്ന് ബോട്ട് ഉയർത്താനുള്ള ശ്രമത്തിലായിരിക്കും.
ഞാൻ കുളിച്ചു ഡ്രെസ് മാറി ഒന്‍പതുമണിയോടെ ബ്രേക്ക്ഫാസ്റ്റിന് ചെന്നിരുന്നു. ഫ്രിത്ത് വിളന്പി. അയാളുടെ മുഖം മങ്ങിയിരുന്നു. പഴയ ഉണർവില്ല. ഞാൻ ഉൗഹിച്ചപോലെ എന്തെങ്കിലുമൊക്കെ ശ്രുതി കേട്ടുകാണും. ഫ്രിത്ത് ചോദിച്ചു:
""സാറിന് ബ്രേക്ക്ഫാസ്റ്റ് ചൂടാക്കിവയ്ക്കണോ മാഡം?''
""എനിക്കറിയില്ല. അതിരാവിലെ എഴുന്നേറ്റ് എങ്ങോട്ടോ പോയി. എപ്പോൾ വരുമെന്നറിയില്ല.''
ഞാൻ എഴുന്നേറ്റ് മോണിംഗ് റൂമിലേക്കു പോയി. അവിടെ ഇന്നത്തെ മെനു മേശപ്പുറത്തുവച്ചിരിക്കുന്നതു നോക്കി. അതിലെ ഇനങ്ങൾ മിക്കതും രണ്ടുദിവസം മുന്‍പത്തെ ആഘോഷപരിപാടിയിലെ ഡിന്നറിനു തയാറാക്കിയ അതേ ഇനങ്ങൾ. ബാക്കിവന്നവ ചൂടാക്കി ഇന്നലെ ലഞ്ചിനു വിളന്പി. ഞാനതു തൊട്ടില്ല. വേലക്കാർ അതും തിന്നിട്ടുണ്ടാവും. ഞാൻ ഉടനെ ബെല്ലടിച്ച് റോബർട്ടിനെ വിളിച്ചു. എന്നിട്ടു പറഞ്ഞു: ""മിസിസ് ഡാൻവേഴ്സിനോടു പറയൂ, ലഞ്ചിന് ചൂടുള്ള ഭക്ഷണം വേണമെന്ന്. തണുത്തു പഴകിയ ഇനങ്ങൾ ഇനിയും ബാക്കിയുണ്ടെങ്കിൽ അത് ഡൈനിംഗ് റൂമിൽ കൊണ്ടുവരേണ്ട. മനസിലായോ?''
""ശരി മാഡം, ഞാനതു പറയാം.''
കുറച്ചു കഴിഞ്ഞപ്പോൾ വാതിലിൽ മുട്ടുകേട്ടു.
""കടന്നുവരൂ!''
വന്നത് മിസിസ് ഡാൻവേഴ്സ്. അവരുടെ മുഖം വിളറിയും ക്ഷീണിച്ചുമിരുന്നു.
""എന്താ മാഡം റോബർട്ടിനോടു പറഞ്ഞ് മെനു തിരിച്ചയച്ചത്? എന്തേ അങ്ങനെ ചെയ്തത്?''
ഞാനവരെ സൂക്ഷിച്ചൊന്നു നോക്കി.
""അതിലെ ചില ഇനങ്ങൾ ഇന്നലത്തെ മെനുവിലും കണ്ടു. ഇന്നു പുതിയ, ചൂടുള്ള ഇനങ്ങൾ വേണം. പഴയവ കിച്ചണിലുള്ളവർ കഴിക്കുന്നില്ലെങ്കിൽ ദൂരെക്കളഞ്ഞേക്ക്. ഏതായാലും അത്തരം ഭക്ഷണം ധാരാളമായി പുറത്തുകളയുന്ന കൂട്ടത്തിൽ ഇതുകൂടിയാവട്ടെ.''
പറഞ്ഞത് അവർക്കു രസിച്ചില്ലെന്ന് ആ മുഖവും നോട്ടവും വിളിച്ചുപറഞ്ഞു.
""റോബർട്ട് വഴി മെസേജ് എനിക്കു കിട്ടുന്ന പതിവില്ല. ഞാൻ കൊടുത്തയയ്ക്കുന്ന മെനുവിൽ എന്തെങ്കിലും മാറ്റം വേണമെങ്കിൽ മിസിസ് മാക്സിം ഈ ഹൗസ്ഫോണിൽ വിളിച്ച് എന്നോടു നേരിട്ടുപറയാറാണു പതിവ്.''
""മിസിസ് മാക്സിം മുന്‍പ് എന്തുചെയ്തിരുന്നു എന്നത് എനിക്കു പ്രശ്നമല്ല. ഇപ്പോൾ മിസിസ് മാക്സിം ഞാനാണ്. റോബർട്ട് വഴി മെസേജ് കൊടുത്തയയ്ക്കാനാണ് ഞാനാഗ്രഹിക്കുന്നതെങ്കിൽ ഞാനതുചെയ്യും.''
ഈ സമയത്ത് റോബർട്ട് കടന്നുവന്നിട്ടു പറഞ്ഞു:
""മാഡം! ക്രോണിക്കിൾ പത്രത്തിന്റെ ഓഫീസിൽനിന്നു മാഡത്തിനെ ഫോണിൽ വിളിക്കുന്നു.''
""ഞാൻ ഇവിടെയില്ലെന്ന് അവരോടു പറയൂ.''
""യെസ് മാഡം.''
റോബർട്ട് ഉടനെ തിരിച്ചുപോയി.
മിസിസ് ഡാൻവേഴ്സിനോടു ഞാൻ പറഞ്ഞു: ""വേറെയൊന്നും സംസാരിക്കാനില്ലെങ്കിൽ, പോയി ചൂടുള്ള ഭക്ഷണത്തിനുവേണ്ട ഏർപ്പാടുചെയ്യൂ! ഞാൻ അല്പം ബിസിയാണ്.''
""ക്രോണിക്കിൾ പത്രക്കാർ മാഡത്തിനോടു സംസാരിക്കണമെന്നു പറഞ്ഞത് എന്തിനാണാവോ? എന്തിനാണെന്ന് എനിക്കറിയില്ല.''
""കെരിത്തിൽ പോയിട്ട് ഇന്നലെ രാത്രി വന്ന ഫ്രിത്ത് പറഞ്ഞു, റെബേക്ക മാഡത്തിന്റെ ബോട്ട് കണ്ടെത്തിയെന്ന്.''
""അങ്ങനെ ഒരു ബോട്ട് കണ്ടെത്തിയോ? എനിക്ക് അതേപ്പറ്റി ഒന്നുമറിയില്ല.''
""ക്യാപ്റ്റൻ സിറിൽ ഇന്നലെ വന്ന് മാഡത്തിനെ കണ്ടെന്നു റോബർട്ട് പറഞ്ഞല്ലോ. ഫ്രിത്ത് പറഞ്ഞത് മുങ്ങൽവിദഗ്ധനാണ് വെള്ളത്തിനടിയിൽ ബോട്ട് കണ്ടെത്തിയതെന്നാണ്.''
""ആയിരിക്കാം. എന്തായാലും മാക്സിം വരട്ടെ. എല്ലാം അറിയാം.''
""സാറ് അതിരാവിലെ പോയത് എന്തിനാണ്?''
""അത് ആ ആളോടുതന്നെ ചോദിക്കണം. ഇതൊക്കെ എന്നോടു ചോദിച്ചിട്ടെന്താ കാര്യം? നിങ്ങൾക്കുള്ള അറിവുമാത്രമേ എനിക്കുമുള്ളൂ. ശരി, പോയി ലഞ്ചിന്റെ കാര്യങ്ങൾ നോക്കൂ.''
എന്നെ നല്ലവണ്ണമൊന്നു തറച്ചുനോക്കിയിട്ടാണ് അവർ പോയത്. ആ സ്ത്രീക്ക് ഇനിയെന്നെ ഭയപ്പെടുത്താൻ പറ്റില്ല. റെബേക്ക വഴിയുള്ള അവരുടെ ശക്തി അന്പേ നഷ്ടപ്പെട്ടിരിക്കുന്നു. അവർ എന്തു ചെയ്താലും പറഞ്ഞാലും അതെന്നെ തെല്ലും ബാധിക്കില്ല.
ഫ്രിത്ത് വന്നിട്ടു പറഞ്ഞു: ""സാറ് മാഡത്തിനെ ഫോണിൽ വിളിക്കുന്നു.''
ഞാൻ ഉടനെ പോയി അറ്റൻഡ് ചെയ്തു.
""ഹലോ! ഞാൻ ഓഫീസിൽനിന്നാണ് വിളിക്കുന്നത്. ഫ്രാങ്കും എന്റെ അരികിൽത്തന്നെയുണ്ട്. കേണൽ ജൂലിയനും ഫ്രാങ്കും ലഞ്ചിനുണ്ടാകും. ഞങ്ങൾ ഒരുമണിക്ക് എത്തും.''
ഫ്രാങ്കിന്റെ സാന്നിധ്യം ഉള്ളതുകൊണ്ടും അയാൾക്ക് സംശയം തോന്നാതിരിക്കാനും അതിരാവിലെ പോയതിന്റെ കാര്യങ്ങൾ വളരെ സാധാരണമട്ടിലാണ് മാക്സിം പറഞ്ഞത്.
വിവരം ഞാൻ ഫ്രിത്തിനെ അറിയിച്ചു. കൃത്യസമയത്തുതന്നെ അവർ മൂന്നുപേരും കാറിലെത്തി. കേണലിനെ കൈകൊടുത്തു സ്വീകരിച്ചിരുത്തി ഞാൻ പറഞ്ഞു:
""മിനിയാന്നത്തെ ആഘോഷപരിപാടിയിൽ താങ്കളെ ഞാൻ കണ്ടതാണ്.''
""കറക്ട്. നമുക്കു വീണ്ടും കാണാൻ കഴിഞ്ഞല്ലോ. സന്തോഷം!''
എന്റെ തൊട്ടുള്ള കസേരയിലാണ് അദ്ദേഹം ഇരുന്നത്. ഫ്രിത്ത് മുന്തിയ വൈൻ കേണലിനായി കൊണ്ടുവന്നുവച്ചു. മാക്സിം പറഞ്ഞു: ""ഇതു കഴിച്ചുതുടങ്ങു. ഞങ്ങളൊന്നു വാഷ് ചെയ്തിട്ടുവരാം.''
""ഓക്കേ.''
മാക്സിമും ഫ്രാങ്കും പോയി.
കേണൽ ജൂലിയൻ ഗ്ലാസിൽ വീഞ്ഞുപകർന്ന് അല്പം കുടിച്ചു. എന്നിട്ടു പറഞ്ഞു: ""നിങ്ങളും നിങ്ങളുടെ ഭർത്താവും ഇക്കാര്യത്തിൽ വിഷമത്തിലായതിൽ ഖേദമുണ്ട്. പക്ഷേ, ഭാഗ്യത്തിന് ഇപ്പോൾ പ്രശ്നമൊന്നുമില്ല.''
""താങ്ക് യൂ!''
""ഒരു വർഷം കടന്നുപോയിട്ടും കണ്ടെടുത്ത ബോഡി നിങ്ങളുടെ ഭർത്താവ് തിരിച്ചറിഞ്ഞു. അതെന്നെ അദ്ഭുതപ്പെടുത്തി.'' അങ്ങുമിങ്ങും നോക്കിയശേഷം സ്വരം താഴ്ത്തി പറഞ്ഞു: ""കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പറ്റില്ല. എന്തായാലും പരിശോധിച്ച ഡോക്ടർ ഫിലിപ്സിനു ബോധ്യപ്പെട്ടതും ഭർത്താവ് പറഞ്ഞതും ഈ കേസിന് ആവശ്യമായ തെളിവുകളായി.''
അപ്പോഴേക്കും മാക്സിമും ഫ്രാങ്കും തിരിച്ചെത്തി. ലഞ്ച് കഴിക്കാനായി എല്ലാവരും ഡൈനിംഗ് ഹാളിലേക്കു നീങ്ങി. ഫ്രിത്തും റോബർട്ടും ആദ്യത്തെ കോഴ്സ് വിളന്പി. മിസിസ് ഡാൻവേഴ്സിനോടു നിർദേശിച്ചതുപോലെ ചൂടുള്ള ഇനങ്ങൾതന്നെയാണ് മേശപ്പുറത്തു നിരത്തിയത്. പൊതുവിഷയങ്ങളും ലോകകാര്യങ്ങളും ചർച്ചചെയ്തുകൊണ്ടാണ് ലഞ്ച് തുടർന്നത്. താമസിയാതെ ലഞ്ചിന്റെ രണ്ടാം കോഴ്സും വിളന്പി. എല്ലാം തീർന്നപ്പോൾ ഫ്രൂട് സലാഡ്. തുടർന്ന് ചീസും ബിസ്കറ്റും. കുറച്ചുകഴിഞ്ഞപ്പോൾ ഫ്രിത്ത് കോഫിയും സിഗരറ്റും കൊണ്ടുവന്നു.
കുറച്ചുസമയംകൂടി കഴിഞ്ഞപ്പോൾ കേണൽ ജൂലിയൻ വാച്ചുനോക്കി എഴുന്നേറ്റു. ""ഈവനിംഗിൽ എനിക്കൊരു പ്രോഗ്രാമുണ്ട്. ഇന്നത്തെ നിങ്ങളുടെ വെരി എക്സലന്റ് ലഞ്ചിനു പ്രത്യേകം നന്ദി. എല്ലാം ഗംഭീരമായി. ഞാൻ പോകുന്നു. നമുക്കു വീണ്ടും കാണാം. മിസ്റ്റർ ഫ്രാങ്ക് പോരുന്നോ? ഞാൻ നിങ്ങളെ ഓഫീസിലിറക്കാം. വരൂ!''
""താങ്ക് യൂ സർ.''
എനിക്കും മാക്സിമിനും കൈതന്നശേഷം കേണൽ ജൂലിയൻ ഫ്രാങ്കിനെയുംകൂട്ടി ഇറങ്ങി. ഞാനും മാക്സിമും അവരെ യാത്രയാക്കാൻ ഒപ്പം മുറ്റത്തേക്കിറങ്ങി. അവർ പോയശേഷം ഞങ്ങൾ ലോണിലൂടെ നടന്ന്, നടപ്പാത കടന്ന് പതിവായി വിശ്രമിക്കാനിരിക്കുന്ന വൃക്ഷച്ചുവട്ടിലേക്കുനീങ്ങി. വിജനവും നിശബ്ദവുമായ അവിടെനിന്നുകൊണ്ട് ഞങ്ങൾ സംസാരിച്ചു.
മാക്സിം എന്റെ കൈയെടുത്തുപിടിച്ചു. ""ഒന്നും പേടിക്കേണ്ട. എല്ലാ കാര്യങ്ങളും വിജയിക്കും. എനിക്കു നല്ല ആത്മവിശ്വാസമുണ്ട്. തെല്ലും പരിഭ്രാന്തിയില്ല. ബോഡി ഞാൻ തിരിച്ചറിഞ്ഞതിനെക്കുറിച്ച് ആർക്കും ഒരു സംശയവുമില്ല. ഡോക്ടർ ഫിലിപ്സ് തന്നെ പറഞ്ഞു- മിസ്റ്റർ മാക്സിം ഇല്ലാതെതന്നെ ഞാൻ നേരിട്ടു ബോഡി തിരിച്ചറിയുമായിരുന്നെന്ന്. പിന്നെ ഞാൻ അന്നുചെയ്ത കൃത്യത്തിന്റെ ഒരു സൂചനപോലും അവിടെ കണ്ടില്ല. ഏറ്റവും വലിയ ഭാഗ്യം ബുള്ളറ്റ് അവളുടെ എല്ലുകളിൽ തൊട്ടില്ല എന്നതാണ്. മറിച്ചായിരുന്നെങ്കിൽ അതു മാത്രംമതി ഞാൻ കുടുങ്ങാൻ.''
മാക്സിം പറഞ്ഞതൊക്കെ സമസ്തവികാരങ്ങളും ഉള്ളിലൊതുക്കി ഞാൻ കേട്ടുനിന്നു. മറുപടി പറയാൻ ഒന്നുമില്ല. ഒടുവിൽ ഞാൻ പറഞ്ഞു: ""ദയാപരനായ ദൈവം നമ്മളെ രക്ഷിക്കട്ടെ.''
മാക്സിം നിമിഷങ്ങളോളം എന്നെ ഉറ്റുനോക്കി, ഗാഢമായി ചുംബിച്ച്, കെട്ടിപ്പുണർന്നു.
(തുടരും)
SUNDAY DEEPIKA
ചിന്താവിഷയം
വലിയ തീക്ഷ്ണതയോടുകൂടി ഈജിപ്റ്റിലെ മരുഭൂമിയിൽ എത്തിയതായിരുന്നു ആ യുവസന്യാസി. അവിടെയുണ്ടായിരുന്ന മറ്റു സന്യാസികളോടൊപ്പം ആധ്യാത്മികതയിൽ വളരുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ കുറേനാൾ കഴിഞ്ഞപ്പോൾ ആ യുവസന്യാസിക്ക് വലിയ ശൂന്യത അനുഭവപ്പെട്ടു. ഒരുദിവസം ആ യുവസന്യാസി കൂടെയുണ്ടായിരുന്ന ഒരു വൃദ്ധസന്യാസിയോടു പറഞ്ഞു: ""പ്രാർഥിക്കാനുള്ള എന്റെ ആഗ്രഹം നഷ്ടപ്പെടുകയാണ്. എനിക്കൊന്നിനും ഒരുന്മേഷം തോന്നുന്നില്ല.''
അപ്പോൾ തൊട്ടടുത്ത് ഒരു തീക്കനൽ എരിയുന്നുണ്ടായിരുന്നു. വൃദ്ധസന്യാസി ഒരക്ഷരംപോലും ഉരിയാടാതെ ആ തീക്കനലിൽനിന്ന് കത്തുന്ന ഒരു കരിക്കട്ട ഒരു ഇരുന്പുദണ്ഡ് ഉപയോഗിച്ചു മാറ്റി ഒരിടത്തുവച്ചു. അപ്പോൾ സാവധാനം അതിലെ അഗ്നി അപ്രത്യക്ഷമായി. ഉടനെത്തന്നെ വൃദ്ധസന്യാസി ആ കരിക്കട്ടയെടുത്ത് തീയിലേക്കിട്ടു. അതു വീണ്ടും ആളിക്കത്താൻതുടങ്ങി. ""നിന്റെ ആത്മാവ് വീണ്ടും ജ്വലിക്കണമെങ്കിൽ അഗ്നിയോടു ചേർന്നിരിക്കണം''- വൃദ്ധസന്യാസി പറഞ്ഞു., ""ദൈവമാകുന്ന അഗ്നിയോട്.''
ഇന്ന് അന്പതുനോന്പ് ആരംഭിക്കുകയാണ്. എന്താണ് അന്പതുനോന്പ് നമുക്കുനൽകുന്ന പ്രധാന സന്ദേശം? അത് വൃദ്ധസന്യാസി പറഞ്ഞതുപോലെ ദൈവമാകുന്ന അഗ്നിയോടു ചേർന്നിരുന്ന് നമ്മുടെ ആത്മാവിനെ വീണ്ടും ജ്വലിപ്പിക്കുക എന്നതാണ്. ദൈനംദിനജീവിതത്തിന്റെ പ്രത്യേകതകൾമൂലം നമ്മുടെ ആത്മീയജീവിതത്തിന് മങ്ങലേൽക്കുക സ്വാഭാവികമാണ്. അതിനാലാണ് നമ്മുടെ ആത്മാവിനെ ഉജ്വലിപ്പിക്കുവാൻ നാം ഇടയ്ക്കിടെ ദൈവമാകുന്ന അഗ്നിയിലേക്ക് ചേർന്നിരിക്കേണ്ടത്. ദൈവത്തിലേക്കുള്ള ഈ തിരിച്ചുവരവിനു നമ്മെ സഹായിക്കുന്ന മൂന്നു പ്രധാന ഘടകങ്ങളാണ് പ്രാർഥന, ഉപവാസം, ദാനധർമം എന്നിവ.
വിശുദ്ധമായ ഈ നോന്പുദിവസങ്ങളിൽ പ്രപഞ്ചത്തിലെ കോലാഹലങ്ങളിൽനിന്ന് കുറച്ചുനേരമെങ്കിലും മാറിയിരുന്ന് ദൈവത്തിന്റെ ശബ്ദം നാം വീണ്ടും കേൾക്കണം. അതു സാധിക്കണമെങ്കിൽ പ്രാർഥനയിൽ നാം സമയം ചെലവഴിക്കുകതന്നെ വേണം. അങ്ങനെയൊരു മാതൃക ദൈവപുത്രനായ യേശുതന്നെ നമുക്കു നൽകിയിട്ടുണ്ട്. തന്റെ പരസ്യജീവിതം ആരംഭിക്കുന്നതിനുമുന്പ് അവിടന്ന് മരുഭൂമിയിലേക്കു പോയത് പ്രാർഥിക്കാനും ഉപവസിക്കാനുമായിരുന്നു. അങ്ങനെ ചെയ്തതിലൂടെയാണ് തന്റെ ജീവിതം പിതാവായ ദൈവത്തിന്റെ ഹിതത്തിനനുസരിച്ചാണ് നീങ്ങുന്നതെന്ന് യേശു ഉറപ്പുവരുത്തിയത്.
നോന്പുകാലത്തു നാം ചെയ്യേണ്ടതും ഇതുതന്നെയാണ്. പ്രാർഥനയിലൂടെ ദൈവത്തോടൊപ്പം ആയിരുന്നുകൊണ്ട് അവിടത്തെ തിരുവിഷ്ടം നാം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അപ്പോഴാണ് പ്രലോഭനങ്ങളെ വിജയകരമായി നേരിട്ട് ദൈവത്തെ നമ്മുടെ ജീവിത്തിന്റെ മധ്യത്തിൽ നിർത്തിക്കൊണ്ട് മുന്നോട്ടുപോകാൻ നമുക്കു സാധിക്കുക. എന്നാൽ നാം മറന്നുപോകരുതാത്ത മറ്റൊരു കാര്യമുണ്ട്. അത് ഉപവാസമാണ്.
ജോയെൽ പ്രവാചകൻവഴി ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: ""ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്തോടും നെടുവീർപ്പോടുംകൂടെ നിങ്ങൾ പൂർണഹൃദയത്തോടെ എന്റെ അടുക്കലേക്കു തിരിച്ചുവരുവിൻ. നിങ്ങളുടെ ഹൃദയമാണ് കീറേണ്ടത്, വസ്ത്രമല്ല'' (2:12-13). നമ്മുടെ പ്രാർഥനയുടെ അവിഭാജ്യഘടകമായി പശ്ചാത്താപമുണ്ടാകണം. അതോടൊപ്പം ഉപവാസവും.
ഉപവാസമെന്നു പറയുന്നതുകൊണ്ട് ഭക്ഷണം ഉപേക്ഷിക്കുക എന്നു മാത്രമല്ല അർഥമാക്കുന്നത്. പ്രത്യുത, ദൈവത്തിന്റെ വരപ്രസാദം സ്വീകരിക്കാൻ നമ്മെ സജ്ജമാക്കുക എന്നുള്ളതുകൂടിയാണ്. മഹാത്മാഗാന്ധി പറയുന്നതനുസരിച്ച് ""ഉപവാസം സത്യന്ധമായ പ്രാർഥനയാണ്.'' കാരണം നമ്മുടെ മനസ് ശുദ്ധിയാക്കാനും നമ്മുടെ ഇഷ്ടങ്ങളെ ശരിയായ രീതിയിൽ നിയന്ത്രിക്കാനും ഉപവാസം ശക്തിനൽകുന്നു. തന്മൂലം നമ്മുടെ പ്രാർഥനാജീവിതം കൂടുതലായി ജ്വലിക്കുവാൻ തുടങ്ങും.
നോന്പുകാലത്ത് വിശുദ്ധ ഫ്രാൻസിസ് അസീസി മലകളിലേക്കോ ഗുഹകളിലേക്കോ തനിയെ പോയി പ്രാർഥനയിലും ഉപവാസത്തിലും ചെലവഴിക്കുമായിരുന്നു. അവിടെയുള്ള നിശബ്ദതയിൽ ദൈവവുമായി ഒന്നുചേർന്ന അദ്ദേഹം തിരികെയെത്തുന്പോഴൊക്കെ അദ്ദേഹത്തിന്റെ മുഖം പ്രകാശിച്ചിരുന്നതായി അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ഫ്രാൻസിസ് അസീസിയെപ്പോലെ ഉപവസിക്കുവാനും പ്രാർഥിക്കാനും നമുക്കെല്ലാവർക്കും സാധിച്ചുവെന്നു വരില്ല. എന്നാൽ പ്രാർഥന, ഉപവാസം, ദാനധർമം എന്നിവയിലൂടെ നാം ദൈവത്തോട് കൂടുതൽ അടുക്കാൻ ശ്രമിക്കുകതന്നെവേണം.
പ്രാർഥന നമ്മെ ദൈവത്തോട് ബന്ധിപ്പിച്ച് അടുപ്പിക്കുന്പോൾ ഉപവാസമാകട്ടെ നമ്മുടെ ഹൃദയത്തെ ശുദ്ധീകരിച്ച് ദൈവകൃപ സ്വീകരിക്കാൻ നമ്മെ സജ്ജരാക്കുന്നു. ദാനധർമമാകട്ടെ ദൈവസ്നേഹം ജീവിതത്തിൽ പ്രതിഫലിപ്പിക്കുവാൻ നമ്മെ സഹായിക്കുന്നു. ദാനധർമം ചെയ്യുന്പോൾ അതു നാം ദൈവത്തിനു ചെയ്യുന്നതുപോലെയല്ലേ? അതിനാലല്ലേ ""നിങ്ങൾ ഈ ചെറിയവരിൽ ഒരുവനു ചെയ്തപ്പോഴൊക്കെ എനിക്കുതന്നെയാണു ചെയ്തത്'' എന്നു യേശുനാഥൻ പഠിപ്പിച്ചിട്ടുള്ളത്? (മത്താ 25:40).
ദൈവസ്നേഹത്തെപ്രതി നാം ചെയ്യുന്ന ദാനധർമം നമ്മുടെ പ്രായശ്ചിത്തത്തിന്റെ ഭാഗമായും കാണാനാവും. കാരണം നമ്മുടെ പാപങ്ങളിൽ കുറേയെങ്കിലും നാം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരിക്കുന്നതാണല്ലോ.
ദൈവവചനം പറയുന്നു: ""നിന്റെ നാട്ടിൽ വസിക്കുന്ന അഗതിയും ദരിദ്രനുമായ നിന്റെ സഹോദരനു കൈയയച്ചു കൊടുക്കുക എന്നു ഞാൻ നിന്നോടു കല്പിക്കുന്നു'' (നിയമ 15:11). ഈ കല്പന പാലിക്കുന്നതിൽ പലപ്പോഴും വീഴ്ചവരുത്തുന്നവരല്ലേ നമ്മൾ? അപ്പോൾപിന്നെ ദാനധർമം ഈ വീഴ്ചയ്ക്കുള്ള പരിഹാരമായി കണ്ടുകൊണ്ടുവേണം നാം അതു ചെയ്യാൻ.
വിശുദ്ധമായ ഈ നോന്പുകാലത്ത് പ്രാർഥനയിലൂടെയും ഉപവാസത്തിലൂടെയും ദാനധർമത്തിലൂടെയും നമ്മുടെ ആത്മീയജീവിതത്തെ ജ്വലിപ്പിക്കാനുള്ള വലിയ കൃപയ്ക്കായി നമുക്കു പ്രാർഥിക്കാം. അപ്പോൾ നമ്മുടെ ജീവിതം തീർച്ചയായും നവീകരിക്കപ്പെടുകതന്നെ ചെയ്യും.
SUNDAY DEEPIKA
1986 ഫെബ്രുവരി 7. തൃശൂരിന്റെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട ദിനം. ലോകചരിത്രത്തിൽത്തന്നെ ഇടംനേടിയ ഒരു സന്ദർശനം. വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ കേരളത്തിന്റെ മണ്ണിൽ ആദ്യമായി കാലുകുത്തിയ ധന്യനിമിഷത്തിനു സാക്ഷ്യംവഹിച്ചതു പതിനായിരങ്ങൾ. പക്ഷേ, അവർക്കൊന്നും ലഭിക്കാത്ത അപൂർവഭാഗ്യം ലഭിച്ചത് രണ്ടു കുരുന്നുകൾക്കായിരുന്നു. ഹാരമണിയിച്ച നാലാം ക്ലാസുകാരൻ ജോസഫിനും പൂച്ചെണ്ടു നൽകിയ അഞ്ചാംക്ലാസുകാരി ജിൻസിക്കും. അവർ പിന്നീട് രണ്ടു വ്യത്യസ്ത വഴികളിലൂടെ ദൈവസ്നേഹത്തിന്റെ ദീപനാളങ്ങളായി മാറി.
ആ മഹാഭാഗ്യം
തിരുബാലസഖ്യത്തിന്റെ ആഗോള അധ്യക്ഷനായ മാർപാപ്പയെ ഹാരമണിയിക്കാനും ബൊക്കെ നൽകി സ്വീകരിക്കാനും തിരുബാലസഖ്യത്തിലെ കുട്ടികളെത്തന്നെയാണ് തെരഞ്ഞെടുത്തത്. അങ്ങനെ തൃശൂർ രൂപതാ തലത്തിൽ നടത്തിയ ബൈബിൾ വായനാ മത്സരത്തിൽ ഒന്നാംസ്ഥാനംനേടിയ നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിലെ കണ്ണനായ്ക്കൽ ഡേവിസിന്റെയും സൂസന്റെയും മകൻ ജോസഫിനെ ആ മഹാഭാഗ്യം തേടിയെത്തി.
ബൊക്കെ നൽകാൻ തെരഞ്ഞെടുക്കപ്പെട്ടത് തിരുബാലസഖ്യാംഗം തന്നെയായ തൃശൂർ പടിഞ്ഞാറെക്കോട്ട സെന്റ്് ആൻസ് ഹോമിലെ അന്തേവാസിയായിരുന്ന അഞ്ചാം ക്ലാസുകാരി ജിൻസി.
ഫാ. ജോസഫ് പറയുന്നു...
ബൈബിൾ വായനയ്ക്ക് ഒന്നാംസ്ഥാനം കിട്ടിയതാണ് ആ അപൂർവ അവസരത്തിനു വഴിയൊരുക്കിയത്. അന്ന് സിസ്റ്റർ എംബർട്ടും നെല്ലിക്കുന്ന് ഇടവകയിലെ ഒ.ഡി. ജോസഫ് ചേട്ടനുമാണ് എന്നെ പരിശീലിപ്പിച്ചത്. അപ്പനും അമ്മയും വലിയ പ്രോത്സാഹനം നൽകി. സെലക്ഷൻ കിട്ടിയപ്പോൾ ഞങ്ങൾക്കെല്ലാം വലിയ സന്തോഷമായി. സ്കൂളുകളിലെല്ലാം മാർപാപ്പയുടെ വരവിനായി പ്രത്യേകം പ്രാർഥന ചൊല്ലിയിരുന്നു. പിന്നെ ദിവസങ്ങളോളം റിഹേഴ്സലായിരുന്നു. മാർപാപ്പയ്ക്കു മാലയിടുന്ന ദിവസം ധരിക്കാനുള്ള തൂവെള്ള വസ്ത്രങ്ങൾ (ഷർട്ടും ട്രൗസറും പേപ്പൽ പതാകയുടെ ഡിസൈനുള്ള ടൈയും) ഒരുക്കി.
പീറ്റർ ക്ലാവർ കോണ്‍ഗ്രിഗേഷനിലെ സിസ്റ്റർ ഹിലാരിയ, സിസ്റ്റർ ദാനിയേല എന്നിവർ പാപ്പായുടെ മാതൃഭാഷയായ പോളിഷ് ഭാഷയിൽ "ന്യേഹ് ബെഞ്ചഹ് പെഫലോനെ യേസൂസ് ക്രിസ്തൂസ് (ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ) എന്ന് ചൊല്ലാൻ പഠിപ്പിച്ചു. തലേന്ന് മാർ ജോസഫ് കുണ്ടുകുളം പിതാവുതന്നെ റിഹേഴ്സലിനു വന്നു. അന്ന് ആറുതവണയാണ് മാലയിട്ടുപഠിച്ചത്. നാളെ ഒരുതവണ മാലയിട്ടാൽ മതിയോ എന്നുള്ള എന്റെ നിഷ്കളങ്കമായ ചോദ്യം കൂട്ടച്ചിരി പടർത്തിയത് ഇപ്പോഴും ഓർമയുണ്ട്. "ഒരുതവണ മതി' എന്ന് കുണ്ടുകുളം പിതാവാണ് ചിരിക്കിടയിൽ മറുപടി പറഞ്ഞത്.
നാളെ നേരത്തെ വരണം എന്നു പറഞ്ഞു വികാരി ജനറാളായിരുന്ന ചിറ്റിലപ്പിള്ളി അച്ചനാണ് (പിന്നീട് ബിഷപ്പായ മാർ പോൾ ചിറ്റിലപ്പള്ളി) അപ്പച്ചനെയും എന്നെയും യാത്രയാക്കിയത്.
ധന്യ മുഹൂർത്തം
അതിരാവിലെ ഉണർന്ന് പ്രാർഥിച്ച് വേഗംതന്നെ ഞാനും അപ്പനും പാപ്പാവേദിക്കരികിൽ (റോസ്ട്രം) തോബിയാസ് ചാലയ്ക്കൽ അച്ചന്റെ നേതൃത്വത്തിലുള്ള ഗായകസംഘംനിന്നിരുന്ന നീല കൂടാരത്തിനരികിൽ ഇടംപിടിച്ചു. കുറച്ചുകഴിഞ്ഞപ്പോഴേക്കും ജിൻസിയും എത്തി. ഇരുന്പനച്ചന്റെ നേതൃത്വത്തിൽ "വിവാ വിവാ ഇൽ പാപ്പ'എന്ന മുദ്രാവാക്യം അവിടമാകെ മുഴങ്ങിക്കേൾക്കാമായിരുന്നു. അന്നത്തെ തൃശൂർ രൂപത ചിൽഡ്രൻസ് മിനിസ്ട്രി ഡയറക്ടർ ആയിരുന്ന ലോറൻസ് ഒലക്കേങ്കൽ അച്ചനായിരുന്നു ഞങ്ങളുടെ ചുമതല. ഹെലികോപ്റ്ററിൽ വന്നിറങ്ങി പാപ്പാ മൊബീലിൽ കയറിയ മാർപാപ്പ ബാരിക്കേഡുകൾക്കിടയിലൂടെ പതിനായിരങ്ങളെ ആശീർവദിച്ച് വേദിയുടെ അരികിലേക്കു നീങ്ങി.
കുണ്ടുകുളം പിതാവിനൊപ്പം ആ ഉയരമുള്ള വേദിയിലേക്ക് പരിശുദ്ധ പിതാവ് എത്തി. ഉടനെ ലോറൻസ് അച്ചൻ ഞങ്ങളെയുംകൂട്ടി വേദിയിലേക്ക്. പോളിഷ് ഭാഷയിൽ സ്തുതി ചൊല്ലിയശേഷം ഞാൻ കേരളത്തനിമയാർന്ന സുഗന്ധവ്യഞ്ജനങ്ങൾ അടങ്ങിയ മാല (ഏലയ്ക്ക, ഗ്രാന്പൂ, കറുവപ്പട്ട, മയിൽപീലി എന്നിവയാൽ നിർമിച്ചത്) പരിശുദ്ധ പിതാവിനെ അണിയിച്ചു. ജിൻസി ബൊക്കെ നൽകി. ഇരുവരോടും പേര് ചോദിച്ച പാപ്പാ ഞങ്ങളെ ആശ്ലേഷിക്കുകയും കവിളിലും നെറ്റിത്തടത്തിലും സ്നേഹമുത്തം നൽകുകയും ചെയ്തു. ഞാനന്നു മുത്തം തിരിച്ചുനൽകിയതിന്റെ ചിത്രം പല പത്രങ്ങളിലും വലിയ പ്രാധാന്യത്തോടെ വന്നു. ഞങ്ങൾക്കിരുവർക്കും പരിശുദ്ധ പിതാവ് ഓരോ കൊന്ത സമ്മാനമായി നൽകി. ഞാനത് ഇപ്പോഴും അമൂല്യനിധിയായി സൂക്ഷിച്ചിട്ടുണ്ട്.
ക്രിസ്തുവിന്റെ ആശ്ലേഷം
കാലം കടന്നുപോയി. മാർപാപ്പയെ സ്വീകരിക്കാൻ വെള്ള ഉടുപ്പിട്ട് മാലാഖമാരുടെ വേഷത്തിൽ തിരുബാലസഖ്യം കുട്ടികളുടെ കൂട്ടത്തിൽ നിന്നിരുന്ന ജോസഫിന്റെ ചേച്ചി റോസ്മേരി തിരുക്കുടുംബ സന്യാസിനി സമൂഹത്തിൽ ചേർന്നു (സിസ്റ്റർ റോസ്മേരി സിഎച്ച്എഫ് ഇപ്പോൾ ചേലക്കര ലിസ്യൂ കോണ്‍വന്റിലെ അംഗവും ചേലക്കര ഹൈസ്കൂളിലെ അധ്യാപികയുമാണ്). വൈദികനാവണമെന്ന ജോസഫിന്റെ ആഗ്രഹത്തിന് കുറച്ചുകഴിയട്ടെ എന്നായിരുന്നു അപ്പച്ചന്റെ മറുപടി.
പ്രീഡിഗ്രിക്കുശേഷം ജോസഫ് ചെറിയ ജോലികൾ ചെയ്തു. ഒടുവിൽ 21 ാം വയസിലാണ് വിശുദ്ധ ജസ്റ്റിൻ റുസോളിലോ സ്ഥാപിച്ച ദിവ്യാഹ്വാന സഭയിൽ (സൊസൈറ്റി ഓഫ് ഡിവൈൻ വൊക്കേഷൻസ് - എസ്ഡിവി) ചേർന്നത്. ഡീക്കനായിരിക്കേ പിതാവ് ഡേവിസ് മരിച്ചു. 2008 ഡിസംബർ 30ന് തൃശൂർ ലൂർദ് കത്തീഡ്രലിൽവച്ച് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു; ഫാ. ജോസഫ് കണ്ണനായ്ക്കൽ എസ്ഡിവി ആയി. ഇപ്പോൾ മുളയം വൊക്കേഷനിസ്റ്റ് സെമിനാരിയിൽ ശുശ്രൂഷ ചെയ്യുന്നു.
വിശുദ്ധനായ പാപ്പായുടെ ആശ്ലേഷവും സ്നേഹചുംബനവും അതിലൂടെ അനുഗ്രഹവും ഏറ്റുവാങ്ങാൻ സാധിച്ചതിലൂടെ യേശുവിന്റെ തിരുശരീര രക്തങ്ങൾ കരങ്ങളിൽ വഹിക്കാനും പൗരോഹിത്യത്തിലൂടെ ക്രിസ്തുവിന്റെ ആശ്ലേഷം സ്വീകരിക്കാനും കഴിഞ്ഞതാണ് ഏറ്റവും വലിയ അനുഗ്രഹമെന്ന് ഫാ. ജോസഫ് പറയുന്നു. വിശുദ്ധ ജോണ്‍പോൾ രണ്ടാമൻ പാപ്പാ കാണിച്ചുതന്നതുപോലെ വിശുദ്ധ വൈദികനാകാൻ സാധിക്കണമെന്നതാണ് ഏറ്റവും വലിയ സ്വപ്നവും പ്രാർഥനയും. മരിയാപുരത്തെ വീട്ടിൽ ഒറ്റയ്ക്കുകഴിയുന്ന അമ്മ സൂസനും ചേച്ചി സിസ്റ്ററും എപ്പോഴും പ്രാർഥനയിൽ തനിക്കൊപ്പം ഉണ്ടെന്ന് ഈ വൈദികൻ പറയുന്നു.
ജിൻസിയുടെ വാക്കുകൾ...
മാർപാപ്പയ്ക്ക് ബൊക്കെ നൽകാൻ ലഭിച്ച നിയോഗം ദൈവം എനിക്കു നൽകിയ അമൂല്യ സമ്മാനമായാണ് ഞാൻ ഇപ്പോഴും കരുതുന്നത്. ഞങ്ങളുടെ ഹോമിലെ ശോഭ എന്ന കുട്ടിക്കായിരുന്നു ആ അസുലഭ അവസരം വന്നുചേർന്നത്. ആദ്യ റിഹേഴ്സലും നടന്നു. പക്ഷേ, അതിനുശേഷമാണ് അവൾക്കു ചിക്കൻപോക്സ് പിടിപെട്ടത്. അപ്പോഴാണ് ആ മഹാനിയോഗം എന്നിലേക്കുവന്നത്. കർണാടകയിൽ അധ്യാപികയായി ജോലിചെയ്യുന്ന അവൾക്ക് ഇപ്പോഴും ആ വലിയ അവസരം നഷ്ടമായതിൽ സങ്കടമുണ്ട്. കുറച്ചുദിവസങ്ങൾക്കുമുന്പുപോലും ഫോണ്‍ വിളിച്ചപ്പോൾ അവളിക്കാര്യം പറഞ്ഞു.
എന്റെ ജീവിതത്തിലുണ്ടായ സർവ ഐശ്വര്യങ്ങൾക്കും നിദാനം പാപ്പായുടെ അനുഗ്രഹവും വാത്സല്യമുത്തവും ആണെന്നാണ് എന്റെ ബോധ്യം. പാപ്പായെ വിശുദ്ധനായി പ്രഖ്യാപിച്ചതോടെ എന്റെ സ്വന്തമായൊരാൾ സ്വർഗത്തിൽ മധ്യസ്ഥനായുണ്ടെന്ന ചിന്തയാണെനിക്ക്. അന്നു പാപ്പാ സമ്മാനിച്ച ജപമാല സെന്റ് ആൻസിലെ ഭക്ഷണശാലയിലെ തിരുഹൃദയ രൂപത്തിൽ പാപ്പാ സന്ദർശനത്തിന്റെ നിത്യ സ്മാരകമായി ചാർത്തിയിട്ടുണ്ട്- ജിൻസി പറഞ്ഞു.
ദിശമാറ്റിയ അനുഗ്രഹം
ജിൻസി പത്താം തരംവരെ സെന്റ്് ആൻസിൽതന്നെ തുടർന്നു. ഡിഗ്രി രണ്ടാംവർഷം പഠിക്കുന്പോഴായിരുന്നു വിവാഹം. ബംഗളൂരുവിൽ ഓട്ടോമൊബൈൽ ഇലക്ട്രീഷനായ പുലിക്കോട്ടിൽ ഡേവിഡ് ആണ് ജീവിതപങ്കാളി. ബംഗളൂരുവിൽ എത്തിയതോടെ ജനറൽ നഴ്സിംഗ് പഠിച്ചു. 2001 ൽ സെന്റ് ജോണ്‍സ് ഹോസ്പിറ്റലിൽ നഴ്സായി ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി അനവധി ജീവിതങ്ങൾക്ക് ആശ്വാസം പകർന്ന് സേവനത്തിന്റെ പുത്തൻ സാക്ഷ്യം തീർക്കുകയാണ് ജിൻസി. മൂത്ത മകൾ ശോഭിനയെ വിവാഹം ചെയ്തയച്ചു. ഇളയമകൾ വിബിന സെന്റ്് ജോണ്സിൽത്തന്നെ നഴ്സിംഗ് വിദ്യാർഥിയാണ്.
ഒന്നാമനേക്കാൾ "വലിയ' രണ്ടാമൻ!
തിരുബാലസഖ്യം നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ജോസഫ് ഡേവിസിന് മാർപാപ്പയ്ക്ക് ഹാരമണിയിക്കാനും പിന്നീട് വൈദികനാകാനും ഇടയാക്കിയെങ്കിൽ രണ്ടാംസ്ഥാനം നേടിയ മനക്കൊടിയിലെ പി.ഡി. പ്രിൻസ് ഇന്ന് ഒന്നാമനേക്കാൾ വലിയ രണ്ടാമനാണ്. ഇദ്ദേഹമാണ് ഷംഷാബാദ് അതിരൂപതയുടെ ആർച്ച്ബിഷപ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ. മൂന്നാം സ്ഥാനം ലഭിച്ച പഴുവിൽ ഇടവകാംഗമായ ആന്റണി കെ. ജേയ്ക്കബ് ആകട്ടെ ഇപ്പോൾ കണ്ണാറ സെന്റ് ജോസഫ്സ് പള്ളി വികാരിയായ ഫാ. ആന്റണി കുരുതുകുളങ്ങരയാണ്.
SUNDAY DEEPIKA
കേന്ദ്ര ബജറ്റോടെ വിഐപി പദവിയും സാമൂഹിക മാധ്യമങ്ങളിൽ ധാരാളം ട്രോളും ഏറ്റുവാങ്ങിയ ജീവിയാണ് കടലാമ. എന്നാല്‍ ജുറാസിക് കാലഘട്ടം മുതല്‍ ഭൂമിയിലുള്ള, ഏറ്റവും പഴക്കംചെന്ന ജീവിവര്‍ഗങ്ങളില്‍ ഒന്നായ കടലാമകളെക്കുറിച്ചും ജനിച്ച തീരത്തു തന്നെ പ്രജനനത്തിനായെത്തുന്ന അവയുടെ കൗതുകമുണര്‍ത്തുന്ന രീതികളെക്കുറിച്ചും അധികമാര്‍ക്കുമറിയില്ല. കടലാമ സംരക്ഷണം നടത്താത്തതിന്റെ പേരില്‍ ഇന്ത്യയില്‍നിന്നുള്ള ചെമ്മീന്‍ കയറ്റുമതിക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തിയതും അതുമൂലം നമുക്ക് 2,500 കോടി വാര്‍ഷിക നഷ്ടം ഉണ്ടായിക്കൊണ്ടിരിക്കുന്നതും ഓര്‍ത്താല്‍ കടലാമ അത്ര നിസാരക്കാരനല്ലെന്നു മനസിലാകും.
കടലാമകളും കടലും തമ്മിൽ
കടല്‍ ആവാസവ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന ജീവിവര്‍ഗമാണ് വംശനാശഭീഷണി നേരിടുന്ന കടലാമകള്‍. കടല്‍ ആവാസവ്യവസ്ഥയില്‍ കാര്‍ബണും ഓക്സിജനും നല്കുന്ന കടല്‍പ്പുല്ലുകള്‍ വളര്‍ന്നു വലുതായി നശിച്ചു പോകാതെ സംരക്ഷിക്കുന്നത് കടലാമകളാണ്. കരയിലെ പുല്ലുവെട്ടി നാം മനോഹരമായി സംരക്ഷിക്കുന്നതുപോലെ കടല്‍പ്പുല്ല്, വെട്ടുന്നരീതിയില്‍ തിന്ന് കടലിനടിയല്‍ ഒരു പുല്‍ത്തകിടി നിലനിര്‍ത്തുന്നതും ഇവ തന്നെ. ഇവിടെയാണ് കടലിലെ നിരവധിയിനം ജീവികള്‍ അധിവസിക്കുന്നതും പ്രജനനം നടത്തുന്നതും.
പതിനായിരക്കണക്കിന് സമുദ്രജീവികളുടെ ആവാസകേന്ദ്രമാണ് സമുദ്രത്തിനടിയല് പവിഴപ്പുറ്റുകള്‍ തീര്‍ക്കുന്ന പാറക്കെട്ടുകള്‍. വളരെ സാവധാനം വളരുന്ന ഒന്നാണിവ. ഇവയുടെ വളര്‍ച്ച തടസപ്പെടുത്തുന്ന കടല്‍സ്പോഞ്ചുകളെ തിന്നു നശിപ്പിക്കുന്നതും കടലാമകളാണ്. ഭൂമിയിലെ ഏറ്റവും വലിയ ആവാസവ്യവസ്ഥയായ പവിഴപ്പുറ്റുകള്‍ നിലനില്‍ക്കണമെങ്കിലും കടലാമകള്‍ വേണം.
മത്സ്യലാര്വകളെയും മുട്ടകളെയും തിന്നു നശിപ്പിച്ച് കടലില്‍ മത്സ്യലഭ്യത കുറയ്ക്കുന്നതില്‍ പ്രധാനിയാണ് ജെല്ലിഫിഷ് എന്നറിയപ്പെടുന്ന കടല്‍ജീവികള്‍. ലതര്ബാക്ക് എന്നയിനം കടലാമകള്‍ ജെല്ലിഫിഷിനെ തിന്നു നശിപ്പിക്കുന്നതിനാല്‍ കടലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിലും ഇവയ്ക്ക് പ്രധാന പങ്കുണ്ട്.
ഇങ്ങനെ കടല്‍ ആവാസവ്യവസ്ഥയെ നിലനിര്‍ത്തുന്നതില്‍ കടലാമകള്‍ വലിയ പങ്ക് വഹിക്കുന്നതിനാലാണ് ലോകവ്യപാകമായി കടലാമ സംരക്ഷണത്തിന് വലിയ പ്രാധാന്യം നല്‍കുന്നത്. ജെല്ലിഫിഷ് എന്നു തെറ്റിദ്ധരിച്ച് കടലില്‍ എത്തുന്ന പ്ലാസ്റ്റിക് മാലിന്യം കടലാമകള്‍ ഭക്ഷിക്കുന്നത് ഇവയുടെ നിലനില്പു തന്നെ അവതാളത്തിലാക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് മത്സ്യബന്ധനത്തിലൂടെ ഇവ നഷ്ടപ്പെടാതിരിക്കാന്‍ ലോകവ്യാപകമായി മത്സ്യബന്ധനവലകളില്‍ ടെഡ് ഘടിപ്പിക്കണമെന്ന് യുനസ്കോ നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ത്യ ഇവ ഘടിപ്പിക്കുന്നില്ലെന്നാരോപിച്ചാണ് യുഎസ് കടല്ചെമ്മീന് കയറ്റുമതിക്ക് നിരോധനം കൊണ്ടുവന്നിരിക്കുന്നത്.
ടര്‍ട്ടില്‍ എക്സ്ക്ലൂഡര്‍ ഡിവൈസ്
മത്സ്യബന്ധന വലയില്‍ ഘടിപ്പിക്കുന്ന ഒരു ഉപകരണമാണിത്. വലയില്‍ കുരുങ്ങുന്ന ആമകള്‍ക്ക് ഇതിലൂടെ രക്ഷപ്പെടാന്‍ സാധിക്കും. വലയുടെ മുന്നില്‍ ഘടിപ്പിച്ചിരിക്കുന്ന ബാരിയര്‍ ഗ്രിഡാണ് ആമകളെ വലയില്‍നിന്നു പുറത്തു കടക്കാന്‍ സഹായിക്കുന്നത്. അതേസമയം ചെമ്മീനും മറ്റു മത്സ്യങ്ങളും ബാറുകളിലൂടെ കടന്നുപോയി വലയ്ക്കുള്ളില്‍ തന്നെ കുരുങ്ങുകയും ചെയ്യുന്നു. സ്രാവുകള്‍ പോലുള്ള വലിയ മത്സ്യങ്ങളെ സുരക്ഷിതമായി വലയില്‍നിന്ന് രക്ഷപ്പെടാനും ടെഡ് എന്ന ഈ ഉപകരണം സഹായിക്കുന്നു.
വലിയ കൂടുപോലുള്ള, വലകളുടെ മുന്‍ഭാഗത്ത് ഘടിപ്പിക്കുന്ന ഒരു ഗ്രില്ലാണ് ടെഡ്. മത്സ്യബന്ധനസമയത്ത് വലയ്ക്കരികിലെത്തുന്ന കടലാമകള്‍ ഇതില്‍തട്ടി വലയില്‍ നല്‍കിയിരിക്കുന്ന ദ്വാരത്തിലൂടെ രക്ഷപ്പെടുന്നു. കടലിലെ ഒഴുക്കിനനുകൂലമായാണ് വലവലിക്കുന്നെന്നതിനാല് മത്സ്യങ്ങള്‍ വലയ്ക്കുള്ളില്‍ കുരുങ്ങുകയും ചെയ്യുമെന്നാണ് ഔദ്യോഗിക വിശകലനം.
എന്നാല്‍ ടെഡ് ഘടിപ്പിച്ചാല്‍ 10-20 ശതമാനം മത്സ്യനഷ്ടം ഉണ്ടാകുമെന്ന് മത്സ്യത്തൊഴിലാളികള്‍ വാദിക്കുന്നു. കടലാമകളെ കാണുന്ന തീരങ്ങളിലെ മത്സ്യബന്ധനത്തില്‍ ടെഡ് നിര്‍ബന്ധമാക്കിയാല്‍ പോരേ എന്നതാണ് മറ്റൊരു ചോദ്യം. ഒരു വലയില്‍ ഇതു ഘടിപ്പിക്കാന്‍ 25,000 രൂപയിലധികം ചെലവു വരുമെന്നതാണ് മറ്റൊരു പരാതിയായി മത്സ്യതൊഴിലാളികള്‍ പറയുന്നത്.
കടലാമകളും ഇന്ത്യയും
ലോകത്തിലുള്ള കടലാമകളുടെ തീര്‍ഥാടനകേന്ദ്രമായി അറിയപ്പെടുന്നത് ഒഡീഷയിലെ ഗഹിര്‍മാത, റുഷികുല്യ ബീച്ചുകളാണ്. ഒഡീഷയിലെ ഏക സമുദ്രവന്യജീവി സങ്കേതമാണ് ഗഹിര്‍മാത. ഒലിവ് റിഡ്ലി ഇനത്തില്‍പ്പെട്ട കടലാമകളുടെ പ്രജനന കേന്ദ്രമായതിനാല്‍ ഇവിടെ നടത്തുന്ന ബോട്ട് മത്സ്യബന്ധനത്തില്‍ ടര്‍ട്ടില്‍ എക്സ്ക്യൂഡര് ഡിവൈസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ബോട്ടില്‍ ഒന്നര രണ്ടുമണിക്കൂര്‍ ട്രോളിംഗ് നടക്കുമ്പോള്‍ കടലാമകളോ സ്രാവുകളോ കുരുങ്ങാം. കടലിന്റെ അടിത്തട്ടില്‍ വല ഇടിക്കുമ്പോള്‍ കടലാമകള്‍ക്ക് പരിക്കേല്ക്കുന്നതിനാലാണ് ഇവിടെ ടെഡ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
ലോകരാഷ്ട്രങ്ങള്‍ കടലാമയുടെ പാരിസ്ഥിതിക പ്രാധാന്യം മനസിലാക്കുന്നതിനു മുമ്പേ ഇവയുടെ പ്രാധാന്യം മനസിലാക്കിയ ഒരുകൂട്ടം യുവാക്കളുണ്ട്, ആലപ്പുഴ ജില്ലയിലെ തീരഗ്രാമമായ തോട്ടപ്പള്ളിയില്‍. തോട്ടപ്പള്ളിയിലെ കടലാമ സംരക്ഷകരായ യുവാക്കളുടെ കൂട്ടായ്മയായ ഗ്രീന്‍ റൂട്സ് ഇതുവരെ വിരിയിച്ച് കടലിലേക്കിറക്കിയത് പതിനായിരത്തിലധികം കടലാമകളെയാണ്. തൃശൂരിലെ ചാവക്കാടും കോഴിക്കോട്ടെ ചില തീരങ്ങളിലുമെല്ലാം കടലാമകള്‍ മുട്ടയിടാനായെത്തുന്നു.
കടലാമകളും കടല്‍ ആവാസ വ്യവസ്ഥയിലെ അവയുടെ പ്രവര്‍ത്തനങ്ങളും കൂടുതലറിയാനുള്ള ഗ്രീന്‍ റൂട്സിന്റെ പ്രവര്‍ത്തനങ്ങളാണ് കടലാമ സംരക്ഷണ പ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപപ്പെട്ടതിനു പിന്നില്‍. അന്നൊക്കെ തീരവാസികള്‍ കടലാമ മുട്ട കഴിച്ചിരുന്നു. ഇതൊക്കെ ശരിയാണോ എന്ന അന്വേഷണത്തിനൊടുവിലാണ് 1972ലെ ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം പട്ടിക ഒന്നില്‍ സംരക്ഷിച്ചിരിക്കുന്ന ജീവിയാണ് കടലാമയെന്നു മനസിലാകുന്നത്. അങ്ങനെയാണ് ആലപ്പുഴ സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ ശിവദാസുമൊന്നിച്ച് കടലാമ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ സജീവമായത്.
കടലാമയുടെ ശാപമുണ്ടാകാതിരിക്കാന്‍ മണ്ണില്‍ ഇവയുണ്ടാക്കുന്ന കൂട്ടില്‍ ഒരു മുട്ട വച്ചശേഷം ബാക്കി പുഴുങ്ങിക്കഴിക്കുകയായിരുന്നു തീരത്തെ പതിവ്. അങ്ങനെ കൂട്ടില്‍ മിച്ചംവന്ന ഒരു മുട്ട 2007ൽ ഇവ ർക്കു ലഭിച്ചു. പിന്നീട് ലഭിച്ച എട്ടു മുട്ടകള്‍ സംരക്ഷിച്ചപ്പോള്‍ അതില്‍ അഞ്ചെണ്ണം വിരിഞ്ഞു. ഇവയെ കടലിലേക്ക് യാത്രയാക്കികൊണ്ടായിരുന്നു 2007ല്‍ ആദ്യ കടലാമ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
സമാനചിന്താഗതിക്കാരായ യുവാക്കളെയും ചേര്‍ത്ത് സര്‍ക്കാര്‍ അംഗീകാരത്തോടെ 2013 ല്‍ തോട്ടപ്പള്ളിയില്‍ ഗ്രീന്‍ റൂട്ട്സ് നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫോറം എന്ന സംഘടന രൂപപ്പെടുന്നത് അങ്ങനെയാണ്. കടലാമകള്‍ക്ക് മുട്ടയിടാന്‍ സുരക്ഷിതമായ തീരം ഒരുക്കി കാത്തിരിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ സംഘടനയായി അതുമാറി.
കടലാമയും മത്സ്യസമ്പത്തും
തീരത്തെ ജീവിതം കടലിലെ മത്സ്യസമ്പത്തിനെ ആശ്രയിച്ചാണ്. കടലമ്മ കനിയണമെങ്കില്‍ കടലാമ വേണമെന്ന ബോധ്യത്തിലേക്ക് പഠനങ്ങളിലൂടെ എത്തുകയായിരുന്നു ഗ്രീന്‍ റൂട്സ്. ഇങ്ങനെയൊക്കെയാണെങ്കിലും കടലാമ മുട്ടയും ഇറച്ചിയും കഴിക്കുന്നതില്‍നിന്ന് തീരവാസികളെ എങ്ങനെ പിന്തിരിപ്പിക്കുമെന്നത് പ്രശ്നമായി.
മുട്ട പുഴുങ്ങിക്കഴിച്ച പലര്‍ക്കും വയറിളക്കമുണ്ടാകുന്നതായി അവര്‍തന്നെ പറയുമായിരുന്നു. സോഷ്യല്‍ ഫോറസ്ട്രിയുമായി ചേര്‍ന്ന് ഇതേക്കുറിച്ച് ഗ്രീന്‍ റൂട്സ് പഠനമാരംഭിച്ചു. കടലാമമുട്ടയില് മനുഷ്യശരീരത്തിന് ദോഷകരമായ വിഷലോഹങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന പഠനങ്ങളിലേക്കെത്തുന്നത് അങ്ങനെയാണ്. ഈ അറിവ് തീരത്തെ ജനങ്ങളിലേക്കെത്തിച്ചാണ് കടലാമ മുട്ടയും മാംസവും ഭക്ഷിക്കുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിച്ചത്.
വീടുകളിലെ ബോധവത്കരണം
സജി ജയമോഹന്റെയും ഓമനക്കുട്ടന്റെയും നേതൃത്വത്തിലുള്ള ഗ്രീന്‍ റൂട്ട്സ് പ്രവര്‍ത്തകര്‍ തീരത്തെ വീടുവീടാന്തരം കയറിയിറങ്ങിയാണ് ബോധവത്കരണം നടത്തിയത്. പുന്നപ്ര മുതല്‍ ആലപ്പുഴവരെയുള്ള തീരങ്ങളിലും സ്കൂളുകളിലും കോളജുകളിലും ഇവര്‍ ബോധവത്കരണവുമായെത്തി. കടലാമ മുട്ട കണ്ടാല്‍ വിളിച്ചറിയിക്കുന്നവര്‍ക്ക് വനം വകുപ്പ് 1000 രൂപ പാരിതോഷികം നല്കിയതും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലെത്തിച്ചു.
കടലാമ ഹാച്ചറി തോട്ടപ്പള്ളിയില്‍ തുടങ്ങുന്നതിലേക്കുവരെയെത്തിച്ചു ഈ ചെറുപ്പക്കാരുടെ പ്രവര്‍ത്തനം. ലോക സഞ്ചാരിയാണെങ്കിലും ജനിച്ച തീരത്തു തന്നെ മുട്ടയിടാനായി തിരികെയെത്തുന്നു എന്നതാണ് കടലാമയെ വ്യത്യസ്തമാക്കുന്നത്. ശാസ്ത്ര ലോകം ഇന്നും പഠിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യവുമാണിത്.
കേരളതീരങ്ങളില്‍ ധാരാളമെത്തുന്ന ഒലീവ് റിഡ്ലി, ലക്ഷദ്വീപ് തീരങ്ങളില്‍ കാണുന്ന ഗ്രീന്‍ ടര്‍ട്ടില്‍, ഹോക്സ് ബില്‍, കോലാമ എന്നു മത്സ്യത്തൊഴിലാളികള്‍ വിളിക്കുന്ന ലതര്‍ ബാക്ക്, ലോഗര്‍ ഹെഡ് എന്നിവയാണ് ഇന്ത്യന്‍ തീരങ്ങളില്‍ കാണപ്പെടുന്ന കടലാമ ഇനങ്ങള്‍. കോലാമയെന്നറിയപ്പെടുന്ന കടലാമ ഇനമാണ് ഏറ്റവും വലിപ്പമുള്ളത്. നാലടി വീതിയിലും ആറടി നീളത്തിലും കാണപ്പെടുന്ന ഇവയ്ക്ക് 500 കിലോവരെ ഭാരം വരാം. ഏറ്റവും കൂടുതല്‍ ജെല്ലി ഫിഷിനെ തിന്നുന്നതും കോലാമയാണ്. ദിവസം 200 കിലോ ജെല്ലി ഫിഷിനെയാണ് ഇവ തിന്നു നശിപ്പിക്കുന്നത്.
ജീവിതകാലം മുഴുവന്‍ യാത്രചെയ്തു കഴിയുന്ന സവിശേഷ പ്രകൃതമാണ് കടലാമകളുടേത്. ഇവയ്ക്ക് പ്രായപൂര്‍ത്തിയെത്താന്‍ 15 മുതല്‍ 18 വരെ വര്‍ഷം വേണ്ടിവരും. ഇണചേര്‍ന്നതിനു ശേഷം പെണ്‍കടലാമകള്‍ മാത്രമാണ് മുട്ടയിടാനായി കരയിലേക്കെത്തുന്നത്. സാധാരണയായി രാത്രിയിലാണ് മുട്ടയിടുന്നത്. സാധാരണ കടലാമകള്‍ക്ക് നാലടിയിലധികം നീളവും 50 കിലോയിലധികം ഭാരവുമുണ്ട്. ഒറ്റ ഇരിപ്പില്‍ ഇട്ടു തീര്‍ക്കുന്നത് 100-150 മുട്ടകള്‍.
തോട്ടപ്പള്ളി മുതല്‍ പല്ലന വരെ
തെക്കന്‍ കേരള തീരത്തെ കടലാമകളുടെ പ്രധാന പ്രജനന തീരമാണ് ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി മുതല്‍ പല്ലന വരെയുള്ള 1.8 കിലോമീറ്റര്‍ തീരം. ആലപ്പുഴ നഗരത്തില്‍നിന്ന് 22 കിലോമീറ്റര്‍ മാറിയുള്ള പ്രദേശം.
പമ്പ, അച്ചന്‍കോവില്‍, മണിമലയാറുകളുടെ സംഗമ ഭൂമി. അതിനാല്‍ തന്നെ ഇവിടത്തെ ജൈവവൈവിധ്യത്തിനു വളരെയേറെ പ്രാധാന്യവുമുണ്ട്. സാധാരണയായി ഓഗസ്റ്റ് മുതല്‍ മാര്‍ച്ചു വരെയാണ് കടലാമകളുടെ പ്രജനനകാലമെങ്കിലും കാലാവസ്ഥാവ്യതിയാനം ഈ കാലയളവില്‍ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്.
കടല്‍ത്തീരത്തുനിന്നു മുകളിലേക്കു കയറി അനുയോജ്യമായ സ്ഥലം കണ്ടെത്തി ഒന്നൊന്നര അടി താഴ്ചയില്‍ കുഴിയെടുത്തു മുട്ടയിട്ട് മണ്ണുകൊണ്ടു മൂടി തിരികെ പോകും. മുട്ടകള്‍ക്ക് അടയിരിക്കുകയോ കുഞ്ഞുങ്ങള്‍ക്കായി കാത്തുനില്‍ക്കുകയോ ചെയ്യാറില്ല. മണ്ണിന്റെ സ്വാഭാവിക ചൂടേറ്റാണ് മുട്ടകള്‍ വിരിയുന്നത്. 45 മുതല്‍ 60 വരെ ദിവസം വേണ്ടിവരും മുട്ടകള്‍ വിരിയാന്‍.
കേന്ദ്രബജറ്റില്‍ കടലാമ സംരക്ഷണത്തോടൊപ്പം ഇടംപിടിച്ച പദ്ധതിയാണ് കടല്‍ത്തീരങ്ങളിലെ ധാതുമണല്‍ ഖനനം. എന്നാലിവ രണ്ടും ഒത്തുപോകില്ല. മണല്‍നിറഞ്ഞ തീരങ്ങളാണ് കടലാമകള്‍ മുട്ടയിടാനായി തെരഞ്ഞെടുക്കുന്നത്. അനധികൃത മണല്‍ ഖനനം മൂലം കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ മണല്‍ നിറഞ്ഞ തീരങ്ങള്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്നത് കടലാമകളുടെ ആവാസവ്യവസ്ഥയെ തകര്‍ക്കുന്നുണ്ട്. തെരുവുനായ്ക്കള്‍ കടലാമ മുട്ടകള്‍ തിന്നുനശിപ്പിക്കുന്നതും മറ്റൊരു പ്രശ്നമാണ്. സാധാരണ ആമകളെ പോലെ കാലുകളും തലയും കവചത്തിനുള്ളിലാക്കി ശത്രുക്കളില്‍ നിന്നു രക്ഷനേടാനുള്ള ശേഷിയില്ലാത്തതാണിവ.
ബീച്ച് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കടല്‍ത്തീരങ്ങളില്‍ സ്ഥാപിക്കുന്ന ലൈറ്റുകളും ആ തീരങ്ങളില്‍നിന്ന് കടലാമയെ അകറ്റും. മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ ഇരുട്ടില്‍ ചന്ദ്രന്റെ വെളിച്ചത്തെയും കടലിലെ അരണ്ട വെളിച്ചത്തെയും ലക്ഷ്യമാക്കിയാണ് കടലിലേക്കു യാത്രചെയ്യുന്നത്. എന്നാല്‍ തെരുവുവിളക്കുകള്‍ ഉണ്ടെങ്കില്‍ ഈ കുഞ്ഞുങ്ങള്‍ ആ പ്രകാശം ലക്ഷ്യമാക്കി യാത്രചെയ്യും. അവ ചാകുകയോ ശത്രുക്കളുടെ ഭക്ഷണമാകുകയോ ചെയ്യും.
SUNDAY DEEPIKA
സമീപകാല ലോകചരിത്രത്തിൽ ഏറ്റവും വലിയ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ ക്രിമിനൽ ചരിത്രം വെളിച്ചംകണ്ടിരിക്കുകയാണ്. ചിത്രങ്ങളും വീഡിയോകളും കത്തുകളുമടങ്ങിയ അറുപതു ലക്ഷം പേജിലേറെ വ്യാപിച്ചുകിടക്കുന്ന ഇരുണ്ട രേഖകൾ കൈവശമുള്ള അമേരിക്കൻ നീതിന്യായ വകുപ്പ് അതിൽ 30 ലക്ഷം പരസ്യമാക്കിയതിന്റെ ആഘാതത്തിൽ ലോകരാജ്യങ്ങൾ ഉലഞ്ഞുകൊണ്ടിരിക്കുന്നതിനിടെയാണ് ചെറിയൊരു വിമാനക്കാര്യം ശ്രദ്ധയിൽപ്പെടുന്നത്.
അമേരിക്കൻ ചാരസംഘടനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി എന്ന സിഐഎ ഉപയോഗിച്ചിരുന്ന ഒരു പഴയ ബിസിനസ് ജെറ്റ് വാങ്ങുന്നത് ശരിയാവില്ലെന്നു ചൂണ്ടിക്കാട്ടി, എപ്സ്റ്റീന്റെ വിമാനങ്ങളുടെ പൈലറ്റുമാരിലൊരാൾ 2017ൽ എപ്സ്റ്റീന് അയച്ച ഇ-മെയിലും ആ രേഖകളിലുണ്ടായിരുന്നു.
അമേരിക്ക തടവുകാരെ പീഡിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഗ്വാണ്ടനാമോ ബേയിലുള്ളതുപോലെയുള്ള കുപ്രസിദ്ധമായ തടവറകളിലേക്ക് ആളെ കൊണ്ടുപോയിരുന്ന, എൻ313പി എന്ന റജിസ്ട്രേഷനുള്ള ഈ ബോയിംഗ് ബിസിനസ് ജെറ്റ് വാങ്ങുന്നത് കുഴപ്പമാകും എന്നാണ് ലാറി വിസോസ്കി എന്ന പൈലറ്റ് എഴുതിയത്.
സിഐഎയുടെ "ടോർച്ചർ പ്ലെയിൻ' എന്ന് ലോകമെങ്ങും ചീത്തപ്പേരുള്ള ഈ വിമാനം വാങ്ങി പറത്തിക്കൊണ്ടു ചെന്നാൽ മിഡിൽ ഈസ്റ്റ് ഉൾപ്പെടെ പല രാജ്യങ്ങിലെയും വിമാനത്താവളങ്ങളിൽ പ്രശ്നമാകും എന്നാണ് വിസോസ്കിയുടെ ഇ-മെയിൽ. ഇത്തരം ചീത്തപ്പേരും കുപ്രസിദ്ധിയുമൊന്നുമുണ്ടാകാതെ ലോകത്തെ മൊത്തം കബളിപ്പിച്ച് സിഐഎ വർഷങ്ങളോളം നടത്തിക്കൊണ്ടുപോയിരുന്ന, പത്തിലേറെ വിമാനങ്ങളുണ്ടായിരുന്ന ഒരു എയർലൈനാണ് ഓർമയിലെത്തുന്നത്.
രാജ്യാന്തര തടവുകാരെ പീഡന ജയിലുകളിലേക്ക് കടത്തുക, ലോകമെങ്ങും അതീവ രഹസ്യമായ ദൗത്യങ്ങളുമായി പറക്കുക, അമേരിക്കൻ സേനയ്ക്കും, അമേരിക്ക പിന്തുണയ്ക്കുന്ന വിവിധ രാജ്യങ്ങളിലെ വിമതർക്കും ആളും അർഥവും ആയുധങ്ങളുമെത്തിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ആർക്കും സംശയത്തിനിടകൊടുക്കാതെ ചെയ്യാൻ സിഐഎ കണ്ടെത്തിയ വഴിയായിരുന്നു ഒരു സിവിലിയൻ ചാർട്ടർ വിമാനക്കമ്പനിതന്നെ വാങ്ങി നടത്തിക്കൊണ്ടു പോവുക എന്നത്.
രണ്ടാം ലോക മഹായുദ്ധകാലത്ത്, ചൈനയിലേക്കു ചരക്കുകൊണ്ടുപോകാനായി ഒരു അമേരിക്കൻ വൈമാനികൻ 1946ൽ ആരംഭിച്ച സിവിൽ എയർ ട്രാൻസ്പോർട്ട് കമ്പനിയാണ് പൂട്ടിപ്പോകുമെന്ന നിലയിലായപ്പോൾ ആരോരുമറിയാതെ സിഐഎ 1950ൽ വാങ്ങിയത്. ഏഷ്യയിലുടനീളം കമ്യൂണിസത്തിനെതിരേയുള്ള രഹസ്യനീക്കങ്ങൾക്ക് ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം. 1959 ആകുമ്പോഴേക്ക് ഈ എയർലൈൻ എയർ അമേരിക്ക എന്ന പുത്തൻ പേരിൽ തെക്കുകിഴക്കൻ ഏഷ്യ മൊത്തം ചാർട്ടർ, ചരക്കുനീക്ക സർവീസ് നടത്തുന്ന ഒന്നാന്തരം സിവിലിയൻ വിമാനക്കമ്പനിയായി പുനരവതരിച്ചിരുന്നു.
സിഐഎയുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന സൂചനകളൊന്നുമില്ലാതെ പറന്നിരുന്ന എയർ അമേരിക്കയുടെ ഉടമകളായി രേഖകളിലുണ്ടായിരുന്നത് എയർഡെയ്ൽ കോർപറേഷൻ, പസിഫിക് കോർപറേഷൻ എന്നീ സ്വകാര്യ കമ്പനികളായിരുന്നു. പൈലറ്റുമാരുൾപ്പെടെയുള്ള വിമാനജോലിക്കാർക്കും ആരാണ് ശരിക്കുള്ള മുതലാളി എന്ന് അറിയുമായിരുന്നില്ല. മേൽപ്പറഞ്ഞ രാജ്യങ്ങളിൽ ചരക്കു കൊണ്ടുപോകാനും ആളെ എത്തിക്കാനും രോഗികളെയും വഹിച്ച് പറക്കാനും പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോൾ രക്ഷാദൗത്യത്തിനായും സാധനങ്ങൾ എത്തിച്ചുകൊടുക്കാനും കാശുവാങ്ങി പറക്കുന്ന ഒരു സ്വകാര്യ വിമാനക്കമ്പനിയായിരുന്നു എല്ലാവർക്കും എയർ അമേരിക്ക.
യുഎസ്എയ്ഡ് പോലുള്ള അമേരിക്കൻ ഫണ്ടിംഗ് ഏജൻസികൾക്കു വേണ്ടിയും അനേകം സന്നദ്ധ സംഘടകൾക്കുവേണ്ടിയും പറന്നിരുന്ന എയർലൈൻ എല്ലാ രാജ്യങ്ങളിലെയും ചെറുപട്ടണങ്ങളിലെ ചെറുവിമാനത്താവളങ്ങളിലേക്കുമാത്രം സർവീസ് നടത്താൻ ശ്രദ്ധിച്ചിരുന്നു. പത്രക്കാരെ അടുപ്പിക്കില്ലെന്നത് പ്രഖ്യാപിത നയവുമായിരുന്നു.
പാൻ അമേരിക്ക, ട്രാൻസ് വേൾഡ് എയർലൈൻസ്, അമേരിക്കൻ എയർലൈൻസ്, നാഷനൽ എയർലൈൻസ്, വെസ്റ്റേൺ എയർലൈൻസ് തുടങ്ങിയ അമേരിക്കൻ യാത്രാവിമാനക്കമ്പനികൾ ലോകത്തെ മികച്ച എയർലൈനുകളായി പേരെടുത്തിരുന്ന അക്കാലത്ത് എയർ അമേരിക്ക എന്ന പേര് സംശയമൊന്നും ഉണ്ടാക്കിയില്ലെന്നു മാത്രമല്ല, സിഐഎയുടെ നിഗൂഢ പ്രവർത്തനങ്ങൾ നല്ല മറയാകുന്ന, നല്ല പ്രതിച്ഛായ നിലനിർത്താൻ സഹായിക്കുകയും ചെയ്തു.
അതേസമയം, 1959 മുതൽ 1975 വരെ മേൽപ്പറഞ്ഞ വിയറ്റ്നാം, കമ്പോഡിയ, തായ്വാൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കയുടെ ചാരപ്പണികളുടെയും രഹസ്യപദ്ധതികളുടേയും ആണിക്കല്ലുമായിരുന്നു ഈ എയർലൈൻ.
1950ന്റെ അവസാനം മുതൽ എഴുപതുകളുടെ തുടക്കം വരെ "സീക്രട്ട് വാർ' എന്ന പേരിൽ, ലാവോ പീപ്പിൾസ് ലിബറേഷൻ ആർമിക്കും ഉത്തര വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് സേനയ്ക്കുമെതിരേ ലാവോസ് കേന്ദ്രമായി അമേരിക്ക നടത്തിയിരുന്ന അപ്രഖ്യാപിത സൈനിക, അർധസൈനിക നടപടികൾക്ക് ഏറ്റവും വലിയ തുണയായിരുന്നു എയർ അമേരിക്ക.
എന്തായാലും ഇന്തോ-ചൈനയിൽ അമേരിക്കൻ സേനയുടെ ഇടപെടൽ മിക്കവാറും അവസാനിച്ചപ്പോഴേക്കും 1976 ജൂൺ 30ന് എയർ അമേരിക്ക പ്രവർത്തനം നിർത്തിയെന്ന ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. അപ്പോഴും പറന്നിരുന്ന വിമാനങ്ങളും മറ്റ് ആസ്തികളും വിറ്റു. കിട്ടിയ പണമെല്ലാം അമേരിക്കൻ സർക്കാരിലേക്ക് മുതൽക്കൂട്ടുകയും ചെയ്തു.
എന്തും, എവിടെയും ഏതു നേരത്തും- എന്നത് പ്രഖ്യാപിത നയമായിരുന്ന അമേരിക്കൻ എയറിന്റെ പിന്നിൽ സിഐഎയാണ് എന്നത്, അമേരിക്കയിൽ കുറേശേ ചോർന്നുതുടങ്ങിയതും പ്രവർത്തനം നിർത്താൻ കാരണമായിരുന്നു. ഇങ്ങിനെയൊരു വിമാനക്കമ്പനി വിയറ്റ്നാമിലും മറ്റും സിഐഎ നടത്തിക്കൊണ്ടു പോകുന്നുണ്ടോ എന്ന പത്രക്കാരുടെ ചോദ്യങ്ങൾക്ക് അവസാനം വരെ നിഷേധ രൂപത്തിലാണ് സർക്കാർ മറുപടി പറഞ്ഞിരുന്നത്. എങ്കിലും വാർത്തകളിലും പുസ്തകങ്ങളിലും സിനിമകളിലുമൊക്കെ ഈ നിഴൽ-വിമാനക്കമ്പനിയെപ്പറ്റിയുള്ള പരാമർശം കൂടിക്കൂടിവന്നത് തലപ്പത്തുള്ളവരെ അസ്വസ്ഥരാക്കിയിരുന്നു എന്നതാണ് വാസ്തവം.
ചാരവിമാനം പറത്തുന്നതിനു പകരം വിമാനക്കമ്പനിതന്നെ നടത്തിക്കൊണ്ടു പോവുക എന്ന ഭ്രാന്തൻ ആശയം വിജയകരമായി നടപ്പിലാക്കിയ സിഐഎയുടെ എയർ അമേരിക്ക അന്ന് ഉപയോഗിച്ചിരുന്ന വിമാനങ്ങളിൽ ഒരെണ്ണമെങ്കിലും ഇപ്പോഴും പറക്കുന്നുണ്ട് എന്നത് കഥയുടെ കൗതുകകരമായ അനുബന്ധം.
അമേരിക്കയിലെ കാൻസസിലുള്ള ബീച്ച് എയർക്രാഫ്റ്റ് കോർപറേഷൻ 1968ൽ നിർമിച്ച, ബീച്ച് ബി90 കിംഗ് എയർ എന്ന N9838Z റജിസ്ട്രേഷനുള്ള, ഒന്‍പതുപേർക്കു കയറാവുന്ന വിമാനം കാൻസസിലും ചുറ്റുവട്ടത്തും പറന്നുകൊണ്ടേയിരിക്കുന്നു. ട്രാക്കിംഗ് സൈറ്റുകളിലെ രേഖകൾ പ്രകാരം, ഏറ്റവും ഒടുവിൽ പറന്നത് ഇക്കഴിഞ്ഞ ഡിസംബർ 27ന്- കാൻസസ് സിറ്റി വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് അവിടെത്തന്നെ ഇറങ്ങി. കാൻസസ് തന്നെ ആസ്ഥാനമായ എൻബിബിഎസ് എന്ന കമ്പനിയാണ് ഇപ്പോഴത്തെ ഉടമസ്ഥർ.
ഇതൊഴികെ മിക്കവാറും എല്ലാ വിമാനങ്ങളും അരനൂറ്റാണ്ടിന്റെ പറക്കിലിലും കൈമാറ്റങ്ങളിലും ചരിത്രത്തിൽനിന്ന് കൈമോശം വന്നുപോയിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പുള്ള പടങ്ങൾ ചിലതിന്റേതായി ശേഷിക്കുന്നുണ്ടെങ്കിലും. N7695C, N9157Z, N91295 തുടങ്ങിയ റജിസ്ട്രഷൻ നമ്പറുകൾ പലതും ഇല്ലാതെയായി. ചിലത് മറ്റു വിമാനങ്ങൾക്ക് പതിച്ചുകിട്ടി!
SUNDAY DEEPIKA
മൂവായിരം വര്‍ഷംമുമ്പു ജീവിച്ചിരുന്ന മനുഷ്യര്‍ക്ക് ഉല്‍ക്കകളില്‍നിന്ന് ലോഹം വേര്‍തിരിച്ചെടുക്കാന്‍ അറിയാമായിരുന്നോ? ഉണ്ടെന്നാണ് സ്പെയിനിലെ പുതിയ പുരാവസ്തു ഗവേഷണം സൂചിപ്പിക്കുന്നത്. സ്പെയിനിലെ അലികാന്റയില്നിന്ന് 1963ല്‍ കണ്ടെത്തിയ വിഖ്യാതമായ "വില്ലേന നിധിശേഖര’ത്തിലെ (Treasure of Villena) രണ്ട് അപൂര്വവസ്തുക്കളാണ് ശാസ്ത്രലോകത്തെ ഞെട്ടിച്ചത്.
സ്വര്‍ണാഭരണങ്ങളും പാത്രങ്ങളും അടങ്ങുന്ന വില്ലേന നിധിശേഖരം യൂറോപ്പിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വെങ്കലയുഗ നിധികളിലൊന്നാണ്. എന്നാല്‍ ഈ സ്വര്ണക്കൂമ്പാരത്തിനിടയില് കണ്ടെത്തിയ തുരുമ്പിച്ച ഒരു വളയും, ഒരു വാളിന്റെ പിടിയുടേതെന്നു സൂചിപ്പിക്കുന്ന പൊള്ളയായ അര്ധഗോളവുമാണ് ഗവേഷകരെ കുഴപ്പിച്ചത്. കാഴ്ചയില്‍ ഇരുമ്പുപോലെ തോന്നിക്കുന്ന ഇവയുടെ കാലപ്പഴക്കം നിര്‍ണയിക്കുന്നതായിരുന്നു ഗവേഷകര്‍ നേരിട്ട പ്രധാന വെല്ലുവിളി.
ഐബീരിയന്‍ ഉപദ്വീപില്‍ ഇരുമ്പ് യുഗം ആരംഭിക്കുന്നത് ബിസി 850നോട് അടുത്താണ്. എന്നാല്‍ ഈ നിധിശേഖരമാകട്ടെ ബിസി 1500നും 1200നും ഇടയിലുള്ളതുമാണ്. ഭൂമിയില്‍നിന്ന് ഖനനം ചെയ്തെടുക്കുന്ന ഇരുമ്പ് ഉപയോഗിക്കാന്‍ മനുഷ്യന് പഠിക്കുന്നതിനും നൂറ്റാണ്ടുകള്ക്കുമുന്പ് ഈ ഇരുമ്പുവസ്തുക്കള്‍ എങ്ങനെ അവിടെ എത്തി എന്നതായിരുന്നു ചോദ്യം.
നിക്കല്‍ സാന്നിധ്യം
സ്പെയിനിലെ നാഷണല്‍ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തിലെ മുന്‍ കണ്‍സര്‍വേഷന്‍ വിഭാഗം മേധാവി സാല്‍വഡോര്‍ റോവിറലോറന്സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നിഗൂഢത അഴിച്ചത്. ഭൂമിയില്‍നിന്നു ലഭിക്കുന്ന ഇരുമ്പിനേക്കാള്‍ നിക്കലിന്റെ അളവ് ഉല്ക്കകളില് നിന്നുള്ള ഇരുമ്പില്‍ കൂടുതലായിരിക്കും.
മാസ് സ്പെക്ട്രോമെട്രി പരിശോധനയിലൂടെ ഈ വസ്തുക്കളിലെ നിക്കലിന്റെ അളവ് പരിശോധിച്ചപ്പോള്‍, അവ സാധാരണ ഇരുമ്പല്ലെന്നും ബഹിരാകാശത്തുനിന്നു ഭൂമിയില്‍ പതിച്ച ഉല്‍ക്കകളില്‍നിന്ന് നിര്‍മിച്ചതാണെന്നും കണ്ടെത്തുകയായിരുന്നു. ഈജിപ്തിലെ തുതന്ഖാമുന് രാജാവിന്റെ കഠാരയും സമാനമായ രീതിയില്‍ ഉല്ക്കയിലെ ഇരുമ്പുകൊണ്ടു നിര്‍മിച്ചതാണെന്ന് നേരത്തേ കണ്ടെത്തിയിട്ടുണ്ട്.
വലിയ തിരുത്ത്
ഈ കണ്ടെത്തലോടെ വില്ലേന നിധിശേഖരത്തിന്റെ കാലഗണനയിലുള്ള അവ്യക്തത നീങ്ങിയിരിക്കുകയാണ്. ബിസി 1400നും 1200നും ഇടയില്‍ തന്നെ ഇവ നിര്‍മിക്കപ്പെട്ടതാണെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാം. ഐബീരിയന്‍ ഉപദ്വീപില്‍ ഉല്ക്കകളില്നിന്നുള്ള ഇരുമ്പ് ഉപയോഗിച്ച് നിര്‍മിച്ച ആദ്യത്തെ വസ്തുക്കളാണ് ഇവ. സാധാരണ രീതിയിലുള്ള ഇരുമ്പുത്പാദനം തുടങ്ങുന്നതിനും മുന്‍പുതന്നെ ഇവിടത്തെ മനുഷ്യര്‍ ലോഹനിര്‍മാണത്തില്‍ നൈപുണ്യം നേടിയിരുന്നു എന്നതിന്റെ തെളിവാണിതെന്നു ഗവേഷകര്‍ തങ്ങളുടെ പഠനത്തില്‍ വ്യക്തമാക്കുന്നു.
SUNDAY DEEPIKA
ഡാഫ്നെ ദു മോറിയർ - സ്വതന്ത്ര പരിഭാഷ
കരഞ്ഞു കെട്ടിപ്പിടിച്ച എന്നെ പിടിയിൽനിന്നു വിടർത്തി മാക്സിം എന്റെ മുഖത്തേക്കു നോക്കി. കണ്ണുകളിലേക്കു നോക്കി. നനഞ്ഞ കണ്പീലികൾ തുടച്ചു. എന്നിട്ട് എന്നെ ആവേശപൂർവം തെരുതെരെ ചുംബിച്ചു. മതിവരുവോളം ഇത്രയും ഗാഢമായ ചുംബനം മാക്സിമിൽനിന്ന് ഇതിനുമുന്‍പു ലഭിച്ചിട്ടില്ല.
""എന്റെ പ്രിയേ! പൊന്നുമോളേ! നിന്നെ ഞാൻ അഗാധമായി സ്നേഹിക്കുന്നു. എന്റെ ജീവനെപ്പോലെ സ്നേഹിക്കുന്നു.''
മാക്സിം എന്നും എല്ലാ രാത്രിയിലും ഇതുപോലെ പറഞ്ഞുകേൾക്കാനാണ് ഞാൻ ആഗ്രഹിച്ചത്. സംതൃപ്തിയുടെ പൂർണതയിൽനിന്ന് നിറമനസിന്റെ തുടിപ്പോടെ ഇന്ന് എനിക്കതു ലഭിച്ചു. ഞാൻ ഭാഗ്യവതിയാണ്. ഇറ്റലിയിലെ മോണ്ടികാർലോ മുതൽ മാൻഡെർലിവരെ ഞാൻ ഇതുപോലുള്ള സ്നേഹം ഭാവനയിൽ കണ്ടതാണ്. സത്യംപറഞ്ഞാൽ എനിക്കത് ഇന്നാണു ലഭിച്ചത്.
മാക്സിം പറഞ്ഞു: ""വന്നതെല്ലാം വന്നുപോയി. എല്ലാം മറക്കൂ! ഒന്നും ഓർക്കേണ്ട. ഇനി ഇങ്ങനെയൊന്നും സംഭവിക്കില്ല.''
""ഇല്ല. സംഭവിക്കില്ല. സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല. മാക്സിം എന്റെയാണ്. എന്റെ മാത്രം സ്വന്തം. ഈ ലോകത്തിൽ മറ്റെന്തിനേക്കാളും കൂടുതലായി ഞാൻ മാക്സിമിനെ സ്നേഹിക്കുന്നുണ്ട്. ആ സ്നേഹത്തിന് മങ്ങലേൽക്കാൻ ഞാൻ ഇടവരുത്തില്ല. നമ്മളെന്നും ഒന്നാണ്. നമുക്കിടയിൽ രഹസ്യങ്ങളില്ല, സംശയങ്ങളില്ല, കരിനിഴലുകളില്ല.''
""പക്ഷേ...''
""എന്തു പക്ഷേ?''
""നമുക്കിനി അധികം സമയമില്ല. മുന്പിലുള്ളത് ഏതാനും മണിക്കൂറുകൾ, ഏതാനും ദിവസങ്ങൾ മാത്രം. ഇങ്ങനെയെല്ലാം സംഭവിച്ചുകഴിഞ്ഞിട്ട് നമുക്കെങ്ങനെ ഇനി ഒന്നിച്ചുകഴിയാനാവും?''
""വേദനിപ്പിക്കുന്നതൊന്നും പറയല്ലേ.''
""സത്യമാണ്. ഞാൻ പറഞ്ഞില്ലേ. ബോട്ട് അവർ കണ്ടെത്തി. അതിൽ റെബേക്കയേയും കണ്ടെത്തി...''
""അതുകൊണ്ട്?''
""എല്ലാം തിരിച്ചറിയും. കാബിനിലെ റെബേക്കയുടെ വസ്ത്രങ്ങൾ, വിരലിലെ മോതിരങ്ങൾ എല്ലാം.. അതു മാത്രമല്ല. കല്ലറയിൽ അടക്കം ചെയ്തിരിക്കുന്നത് ആരെ? എല്ലാം അവർ കണ്ടെത്തും.''
""നമുക്കിനി എന്തുചെയ്യാൻ പറ്റും?''
മാക്സിം പറഞ്ഞു: ""എനിക്കറിയില്ല... എനിക്കറിയില്ല... ഒന്നുമാത്രം എനിക്കറിയാം. ഇതു ലോകർ മുഴുവൻ അറിയും. നമ്മുടെ പരിപാടിക്കു വന്ന അതിഥികൾ അറിയും. പത്രങ്ങൾ പൊടിപ്പും തൊങ്ങലുംവച്ച് കഥകൾ ചമയ്ക്കും. അവർ ഇന്റർവ്യൂവിനു വരും...''
""ഈ സംഭവം മറ്റാർക്കെങ്കിലും അറിയാമോ?''
""ഇല്ല. അറിയുന്നതു ഞാനും നീയും മാത്രം.''
""നമ്മുടെ ഫ്രാങ്ക്..?''
""ഇല്ല. എങ്ങനെ അറിയാൻ? അന്നു രാത്രി ഞാൻ ഫ്രാങ്കിന്റെ വീട്ടിലാണ് ഡിന്നർ കഴിച്ചത്. അതു കഴിഞ്ഞ ഉടനെ ഞാൻ വീട്ടിലേക്കു മടങ്ങി. പിന്നെ പാതിരാത്രിയിൽ പോയതും കൃത്യം നിർവഹിച്ചതും ഞാൻ ഒറ്റയ്ക്ക്.. ആ ഇരുട്ടത്ത്. അതു കഴിഞ്ഞു വേഗം വന്നു ഞാൻ ഉറങ്ങാൻ കിടന്നു. പിന്നെ കുറേസമയംകഴിഞ്ഞ് മിസിസ് ഡാൻവേഴ്സ് വാതിലിൽ മുട്ടി. നൈറ്റ് ഡ്രസണിഞ്ഞു ഞാൻ വാതിൽ തുറന്നപ്പോൾ വല്ലാത്ത വ്യസനത്തോടെ പറഞ്ഞു, കോട്ടേജിൽ പോയിട്ട് റെബേക്ക ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്ന്.
അവൾ അവിടെ കിടന്നുറങ്ങുന്നുണ്ടാവും. അതു പതിവുള്ളതല്ലേ? രാവിലെ വരും. എനിക്കു വല്ലാതെ ഉറക്കംവരുന്നു എന്നുപറഞ്ഞ് ഞാൻ വാതിലടച്ചു. മിസിസ് ഡാൻവേഴ്സ് നിരാശയോടെ തിരിച്ചുപോയി. ഇതാണ് അന്നു സംഭവിച്ചത്. പേടിക്കേണ്ട. ഞാനും നീയും മാത്രമേ ഇതറിഞ്ഞിട്ടുള്ളൂ.''
മാക്സിം അസ്വസ്ഥ മനസോടെ മുറിക്കുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും അല്പം നടന്നശേഷം കസേരയിൽ ഇരുന്നു. കുന്പിട്ട് തലയ്ക്കു കൈകൊടുത്ത് ഇരിക്കുന്ന മാക്സിമിന്റെ കൈകളെടുത്തുപിടിച്ച് ഉള്ളിൽത്തട്ടി ഞാൻ പറഞ്ഞു: ""ഒന്നും പേടിക്കേണ്ട. ഞാൻ മാക്സിമിനെ അകമഴിഞ്ഞു സ്നേഹിക്കുന്നു. എന്നെ വിശ്വസിക്കൂ!''
മാക്സിം എന്റെ മുഖത്തും കൈകളിലും ചുംബിച്ചു. എന്റെ കൈകളിൽ മുറുക്കിപ്പിടിച്ചു- ആത്മവിശ്വാസവും ധൈര്യവും കിട്ടിയ ഒരു കുട്ടിയെപ്പോലെ.
""വരാനിരിക്കുന്ന ഭവിഷ്യത്തുകളും സംഭവങ്ങളും ഓർത്ത് ഓരോ നിമിഷവും ഓരോ ദിവസവും ഞാൻ വിഷമിക്കുന്നു. മനസു തീപിടിച്ചപോലെയാണിപ്പോൾ. തലയ്ക്കുള്ളിൽ തീപ്പൊരി പറക്കുന്നതുപോലെ.''
""ഈ സത്യം ഇത്രനാളായിട്ടും മാക്സിം എന്തുകൊണ്ട് എന്നോടു പറഞ്ഞില്ല? എന്തേ എന്നിൽനിന്നു മറച്ചുവച്ചു?''
""നീ പൂന്തോട്ടത്തിലും ലോണിലും ജാസ്പ്പറുമായി നിന്റെ ഇഷ്ടത്തിനു ചുറ്റിനടക്കുന്നു. ഇന്നു വന്നതുപോലെ ഒരിക്കലും നീ വന്നിട്ടില്ല. ഉത്തരവാദിത്വമോ ഗൗരവമോ നിനക്കുള്ളതായി എനിക്കു തോന്നിയില്ല.''
""എപ്പോഴും റെബേക്കയെപ്പറ്റി ചിന്തിക്കുന്നുവെന്നു ഞാൻ മനസിലാക്കിയ മാക്സിമിന്റെ അടുത്തേക്ക് ഞാനെങ്ങനെ വരും? റെബേക്കയെ ഇപ്പോഴും സ്നേഹിക്കുന്നുവെന്നു ഞാനറിഞ്ഞ ഒരാളോട് എന്നെ സ്നേഹിക്കാനെങ്ങനെ പറയും?''
""നീ എന്തൊക്കെയാണീ പറയുന്നത്? റെബേക്കയെ ഞാൻ സ്നേഹിച്ചിരുന്നുവെന്നു നീ മനസിലാക്കിയോ? ഞാൻ അവളെ വെറുത്തിരുന്നു. കഠിനമായി വെറുത്തിരുന്നു. ഞങ്ങളുടെ വിവാഹം തുടക്കംമുതലേ വെറുമൊരു നാടകമായിരുന്നു. ഞങ്ങൾ പരസ്പരം സ്നേഹിച്ചിട്ടില്ല. ഞങ്ങൾ ഒന്നിച്ച് ഒരു നിമിഷത്തിന്റെ സന്തോഷം അനുഭവിച്ചിട്ടില്ല.
അവൾ സ്നേഹിക്കാൻ കൊള്ളാത്തവളായിരുന്നു. അവൾക്കു മാനവും മര്യാദയുമുണ്ടായിരുന്നില്ല. കടിഞ്ഞാണില്ലാത്ത ഒരു കുതിരയായിരുന്നു അവൾ. ഒരുതരം മനോരോഗിയായിട്ടാണ് ഞാനവളെ കണ്ടത്. എന്നാൽ ഒരു കാര്യത്തിൽ അവൾ സമർഥയായിരുന്നു. വെറും അഭിനയമാണെന്നു തോന്നാത്തമട്ടിൽ മറ്റുള്ളവരെ വശീകരിക്കാനും തരംപോലെ അവരുടെ സ്നേഹം സന്പാദിക്കാനും അവരുടെ മുന്നിൽ വെളുക്കെ ചിരിക്കാനും മിടുക്കിയായിരുന്നു.''
""തെറ്റായി ധരിച്ചതിൽ മാക്സിം എന്നോടു ക്ഷമിക്കണം. സോറി... വെരി സോറി!''
""സുന്ദരിയായ അവളെ ഞാൻ വിവാഹം കഴിച്ചപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാനാണ് നീയെന്ന് അടുത്ത സുഹൃത്തുക്കൾ പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞില്ല, അവളുടെ തനിനിറം പുറത്തുവന്നു. അതു കേൾക്കണോ.. നീ ഇവിടെയിരിക്ക്.''
ഞാൻ കസേരയിലിരുന്നു.
അവളെന്നോടു പറഞ്ഞു- ""മാക്സിം! നിനക്കുവേണ്ടി ഞാൻ ഈ വീട് ഭംഗിയായി നോക്കിക്കൊള്ളാം. മനോഹരമായ ഈ മാൻഡെർലിയെ ഞാൻ നിനക്കുവേണ്ടി പരിപാലിക്കാം. നിനക്കു സമ്മതമാണെങ്കിൽ ഇവിടെ ലോകം അറിയപ്പെടുന്ന ഒരു പ്രദർശനശാല നിർമിക്കാം. ഇത് എനിക്കു വിട്ടുതരൂ! എല്ലാവരും നമ്മളെ സന്ദർശിക്കാനെത്തും. അവർ അസൂയപ്പെടും. സകലരും നമ്മെപ്പറ്റി പറയും- സന്തോഷവും സൗന്ദര്യവും സൗഭാഗ്യവും ഒത്തിണങ്ങിയ ജോടിയെന്ന്!
അവൾ ധരിച്ചത് എന്റെ അവകാശവും അധികാരവും അഭിമാനവും പണയംവച്ച് അവളുടെ നീചമായ ആഗ്രഹത്തിന് ഞാൻ വഴങ്ങുമെന്നാണ്. അവൾക്കറിയാം ഞാൻ വിവാഹമോചനത്തിന് കോടതിയിൽ പോവില്ലെന്ന്. അതെനിക്കു നാണക്കേടും മാനഹാനിയും ഉണ്ടാക്കുന്ന കാര്യമാണല്ലോ. റെബേക്ക ആരാണെന്ന് ഇപ്പോൾ മനസിലായില്ലേ?''
""എല്ലാം ഞാൻ മനസിലാക്കുന്നു. മാക്സിമിന്റെ മാനസികാവസ്ഥയും ഞാൻ ശരിക്കും ഉൾക്കൊള്ളുന്നുണ്ട്.''
""ഇനിയുമുണ്ട് പറയാൻ. ഞാനറിയാതെ, എന്നോടു പറയാതെ അവൾ ഇടയ്ക്കു ലണ്ടനിലേക്കു പോകും. അവൾക്കവിടെ ഒരു ഫ്ളാറ്റുണ്ട്. ഒരാഴ്ച കഴിഞ്ഞായിരിക്കും മടങ്ങിയെത്തുക. ഇതിങ്ങനെ മാസങ്ങളും വർഷങ്ങളും തുടർന്നു. ചോദ്യംചെയ്യുന്നത് ഇഷ്ടമല്ല. എല്ലാം ഞാൻ സഹിച്ചു- മാൻഡെർലിയെ പ്രതി. അവളുടെ ചില സുഹൃത്തുക്കളെ ഇവിടെ ഈ വീട്ടിൽ ക്ഷണിച്ചു സൽക്കരിച്ചു. കടൽത്തീരത്തെ കോട്ടേജിൽ അവൾ വീക്കെൻഡ് പാർട്ടികളും നിലാവുള്ള രാത്രികളിൽ കൂട്ടുകാരുമൊത്ത് ബോട്ടു സവാരികളും നടത്തി.
ഒരിക്കൽ ഞാൻ സ്കോട്ട്ലൻഡിൽപോയി മടങ്ങിയെത്തിയ ദിവസം കോട്ടേജിലേക്കു ചെന്നപ്പോൾ ഞാൻ ഒരിക്കലും മുന്‍പു കണ്ടിട്ടില്ലാത്ത അവളുടെ അഞ്ചാറു സുഹൃത്തുക്കൾ! ഞാനവൾക്ക് വാണിംഗ് കൊടുത്തു. നിനക്ക് നിന്റെ സുഹൃത്തുക്കളെ ലണ്ടനിൽ സ്വീകരിക്കാം. ഇവിടെ പറ്റില്ല. മാൻഡെർലി എന്റെയാണ്. പുച്ഛഭാവത്തിൽ അവൾ ഒന്നു പുഞ്ചിരിച്ചു. എതിർത്തൊന്നും പറഞ്ഞില്ല. അതവിടെ നിൽക്കട്ടെ...''
ഒരു സിഗരറ്റെടുത്ത് കത്തിച്ചുകൊണ്ട് മാക്സിം തുടർന്നു. ""അവൾക്കൊരു കസിനുണ്ട്. പേര് ഫാവെൽ. ശരിക്കുള്ള പേര് ജാക്ക് ഫാവെൽ.''
""എനിക്കറിയാം. മാക്സിം ലണ്ടനിൽ പോയദിവസം അവനിവിടെ വന്നിരുന്നു, മിസിസ് ഡാൻവേഴ്സിനെ കാണാൻ.''
""അതെ. അവൻതന്നെ. അവൻ വിദേശത്തായിരുന്നു. ഇപ്പോൾ ഇംഗ്ലണ്ടിൽ താമസിക്കുന്നു. റെബേക്ക അവനെ പലപ്പോഴും കോട്ടേജിലേക്കു ക്ഷണിച്ചുവരുത്താറുണ്ട്. എന്നിട്ട് വീട്ടിലെ വേലക്കാരോടു പറയും- ഞാൻ ബോട്ടുസവാരിക്കു പോകയാണ്. പോയാൽ തിരിച്ചുവരുന്നതു രാവിലെ. രാത്രി മുഴുവൻ അവൾ അവനോടൊത്തു കോട്ടേജിൽ! വീണ്ടും ഞാനവൾക്കു വാണിംഗ് കൊടുത്തു. മേലിൽ ആ ആഭാസനെ ഇവിടെ ഏതെങ്കിലും ഭാഗത്തു കണ്ടാൽ ഞാനവനെ ഷൂട്ടു ചെയ്യും. അവൻ ഈ മാൻഡെർലിയിൽ വരേണ്ട കാര്യമില്ല. ഇത് എന്റെയാണ്. ഇങ്ങനെ പറഞ്ഞാലും കൂസലില്ലാത്ത ഭാവം.
മറ്റൊരു ദിവസം ഞാൻ ഈ മുറിയിലിരിക്കുന്പോൾ അവൾ എന്റെയടുത്തു വന്നിരുന്നു. എന്നിട്ടു പറഞ്ഞു: മാക്സിം! എനിക്കൊരു കുഞ്ഞുണ്ടായാൽ ആ കുഞ്ഞു നിന്റെയല്ല എന്ന് ഈ ലോകത്തിൽ ആരു പറഞ്ഞാലും വിശ്വസിക്കില്ല. ആ കുഞ്ഞ് എന്റെ മകനായിട്ട് ഇവിടെ ഈ മാൻഡെർലിയിൽ വളരും. നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ല. നിന്റെ കാലശേഷം മാൻഡെർലി എന്റെ മകന്റെ പേരിലാവും. അവന്റെ സ്വന്തമാവും.''
ഇത്രയും പറഞ്ഞിട്ട് മാക്സിം ഒരു നീണ്ട നെടുവീർപ്പിട്ടു. മാക്സിമിന്റെ കൈകൾ എടുത്ത് എന്റെ ഹൃദയത്തോടു ചേർത്തുപിടിച്ചു. എന്റെ സാന്ത്വനസ്വരം ഇങ്ങനെയായിരുന്നു:
""എല്ലാം കഴിഞ്ഞില്ലേ. ആ കഥയും കഴിഞ്ഞില്ലേ? റെബേക്ക ആരായിരുന്നുവെന്ന് ഇത്രയും വിസ്തരിച്ച് എന്നോടു തുറന്നുപറഞ്ഞല്ലോ. നന്ദിയുണ്ട്.''
""നീ എന്റെ പ്രാണസഖിയായതുകൊണ്ട്! എന്റെ ആശ്രയമാണ് നീ. എന്റെ സർവസ്വമാണ് നീ. നാലഞ്ചുമാസംകൊണ്ട് നിന്നെ ഞാൻ ശരിക്കും അളന്നു. നിന്റെ മനസു ഞാൻ കണ്ടു. കളങ്കമില്ലാത്ത ഹൃദയം ഞാൻ ദർശിച്ചു. എനിക്ക്... എനിക്ക് ശരിക്കും ഇപ്പോഴാണ് ഒരു ഭാര്യയുണ്ടായത്. ദൈവം നമ്മുടെ ഇടയിൽ വസിക്കട്ടെ.''
വാതിലിൽ മുട്ടുന്ന ശബ്ദംകേട്ട് മാക്സിം വാതിൽ തുറന്നു. വന്ന റോബർട്ട് അറിയിച്ചു: ""സാറിനെ ഫോണിൽ ആരോ വിളിക്കുന്നു.'' മാക്സിമും റോബർട്ടും പോയി. അല്പം കഴിഞ്ഞ് മാക്സിം തിരിച്ചുവന്നിട്ടു പറഞ്ഞു:
""ക്യാപ്റ്റൻ സെറിലാണ് വിളിച്ചത്. നാളെ അതിരാവിലെ അഞ്ചരമണിക്ക് മുങ്ങൽക്കാരൻ എത്തും. ബോട്ട് വെള്ളത്തിനടിയിൽനിന്ന് പൊക്കിയെടുക്കുന്നുണ്ട്. ആ സമയത്ത് ഞാൻകൂടി ഉണ്ടാവണമെന്നു പറഞ്ഞിരിക്കുന്നു. എന്നെ കൊണ്ടുപോകാനുള്ള ഏർപ്പാട് അവർ ചെയ്യുന്നുണ്ട്.''
(തുടരും)
SUNDAY DEEPIKA
ചിന്താവിഷയം
ചൈനയിലെ പ്രധാനപ്പെട്ട നാലു നദികളാണ് യാംഗ്സി, യെല്ലോ, പേൾ, ഹെയ്ലോംഗ് എന്നിവ. ഇവയുടെ ഉദ്ഭവത്തെക്കുറിച്ച് ചൈനീസ് പുരാണങ്ങളിൽ മനോഹരമായ ഒരു കഥയുണ്ട്. ഇതിലെ പ്രധാന കഥാപാത്രങ്ങൾ നാലു വ്യാളികളാണ്. തീതുപ്പുന്ന ഈ വ്യാളികൾ ആദ്യം ആകാശലോകത്താണ് ജീവിച്ചിരുന്നത്. എന്നാൽ ഇവ ആകാശത്തിന്റെയും ഭൂമിയുടെയും പരമാധികാരിയായിരുന്ന ജയ്ഡ് ചക്രവർത്തിയുടെ നിയന്ത്രണത്തിലായിരുന്നു.
പ്രകൃതിയുടെ പ്രവാഹവും മനുഷ്യരുടെ വിധിയും നിയന്ത്രിക്കുന്നതു ജയ്ഡ് ചക്രവർത്തിയാണെന്നായിരുന്നു ചൈനക്കാരുടെ വിശ്വാസം. ഒരുവർഷം ഭൂമിയിൽ കടുത്ത വരൾച്ച വന്നു. പൊട്ടിപ്പൊളിഞ്ഞ ഭൂമി വേദനകൊണ്ടു നിലവിളിച്ചു. ജനങ്ങൾ കുടിവെള്ളത്തിനായി പരക്കംപാഞ്ഞു. സഹായത്തിനായി പ്രാർഥനകൾ സ്വർഗത്തിലേക്ക് ഉയർന്നു. ഈ ദുരിതംകണ്ട് വ്യാളികൾ നാലും ചക്രവർത്തിയുടെ അരമനയിലേക്കു പറന്നു. എത്രയുംവേഗം ഭൂമിയിലേക്ക് മഴ അയയ്ക്കണമെന്ന് അവർ കേണപേക്ഷിച്ചു. ഉടനെതന്നെ മഴ അയയ്ക്കാമെന്ന് ചക്രവർത്തി വാഗ്ദാനംചെയ്തു.
എന്നാൽ ദിവസങ്ങൾ പലതുകഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. സൂര്യൻ കത്തിക്കൊണ്ടിരുന്നു. ഭൂമി വെന്തുരുകാൻ തുടങ്ങി. മനുഷ്യരുടെ ദുഃഖം വർധിച്ചു. ഇതുകണ്ട് കരുണതോന്നിയ വ്യാളികൾ കടലിലേക്കു പറന്നു. അവർ വൻതോതിൽ കടൽജലം ശേഖരിച്ച് ഭൂമിയിലേക്ക് മഴയായി വർഷിച്ചു. അപ്പോൾ മേഘങ്ങൾ കൂട്ടിനെത്തി. അവ മഴ വർഷിച്ചു. ഭൂമി ഉടനടി പുതുജീവൻ നേടി. ഉണങ്ങിയ വയലുകൾ വേഗം പച്ചപിടിച്ചു. ജനങ്ങൾ ആഹ്ലാദഭരിതരായി സ്വർഗത്തിലേക്കുനോക്കി നന്ദിപറഞ്ഞു.
ഭൂമിയിൽ മഴ ലഭിച്ചകാര്യം ജയ്ഡ് ചക്രവർത്തി അറിഞ്ഞു. അദ്ദേഹം കോപിഷ്ഠനായി. തന്റെ അനുമതികൂടാതെ പ്രവർത്തിച്ചതിന് കടുത്ത ശിക്ഷയായി നാലു വ്യാളികളെയും വലിയ പർവതങ്ങൾക്കിടയിൽ തടവിലാക്കി. എന്നാൽ വ്യാളികൾ തങ്ങളുടെ ദുർവിധിയോർത്ത് വിലപിക്കുകയല്ല ചെയ്തത്. പകരം ജനങ്ങളെ എങ്ങനെ സഹായിക്കാമെന്നാണ് അവ ആലോചിച്ചത്.
അതേത്തുടർന്ന് ആ നാലു വ്യാളികളും തങ്ങളെത്തന്നെ നാലു മഹാനദികളാക്കി മാറ്റി. അങ്ങനെയാണത്രേ യാംഗ്സി നദി, മഞ്ഞ നദി, പേൾ നദി, ഹെയ്ലോംഗ് നദി എന്നിവ ഉദ്ഭവിച്ചത്! ഈ മഹാനദികൾ ചൈനയിലെ ജനങ്ങൾക്ക് ഇന്നും വേണ്ടുവോളം ജലം നൽകുന്നു.
ഇതു വെറുമൊരു പുരാണ കഥയാണ്. എന്നാൽ ഈ കഥ നമ്മെ പഠിപ്പിക്കുന്ന വലിയ സത്യമുണ്ട്. ജീവിതം ഒഴുകുന്നത് ത്യാഗത്തിൽനിന്നാണ്. മറ്റുള്ളവരുടെ ത്യാഗത്തിന്റെ ഫലമാണ് നമ്മുടെ ജീവിതത്തിലെ പല ദാനങ്ങളും നന്മകളും. അതുപോലെ നമ്മുടെ ത്യാഗത്തിന്റെയും സേവനത്തിന്റെയും ഫലമായല്ലേ മറ്റുള്ളവരുടെ ജീവിതം പലപ്പോഴും ധന്യമാകുന്നത്?
മക്കളുടെ നന്മയ്ക്കായി മാതാപിതാക്കൾ സഹിക്കുന്ന ത്യാഗങ്ങൾ എത്രയോ വലുതാണ്! അവർ ഉറക്കവും വിശ്രമവുമൊക്കെ ഉപേക്ഷിച്ചല്ലേ മക്കളുടെ നന്മ ഉറപ്പുവരുത്തുന്നത്? രാജ്യസുരക്ഷയ്ക്കായി കൊടുംതണുപ്പത്തും കാവലിരിക്കുന്ന സൈനികരുടെ ത്യാഗം നമുക്ക് വിസ്മരിക്കാനാവുമോ? വിവിധ സേവനരംഗങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ എത്രയോ അധികമാണ് നമ്മുടെയിടയിൽ? ഡോക്ടർമാർ, നഴ്സുമാർ, അധ്യാപകർ, സാമൂഹ്യസേവകർ, അഗതിശുശ്രൂഷകർ എന്നിവരൊക്കെ ഈ ഗണത്തിൽ ഉൾപ്പെടുന്നു. ഇവരുടെയൊക്കെ ത്യാഗപൂർണമായ സേവനമല്ലേ നമ്മുടെ സമൂഹത്തെ സുഗമമായി മുന്നോട്ടു നയിക്കുന്നത്?
ചൈനീസ് പുരാണത്തിലെ നാലു വ്യാളികളും സ്വന്തം മഹത്വമല്ല അന്വേഷിച്ചത്. അവയുടെ ലക്ഷ്യം മനുഷ്യരുടെ നന്മയായിരുന്നു. തന്മൂലമാണ് ശിക്ഷിക്കപ്പെട്ടിട്ടും സ്വന്തം ത്യാഗത്തിലൂടെ അവ ജനങ്ങൾക്ക് ജലം ഉറപ്പുവരുത്തിയത്. എന്നാൽ ഇന്നത്തെ ലോകത്തു നാം കാണുന്നത് ഇങ്ങനെയല്ലല്ലോ. നമ്മിൽ ഏറെപ്പേരും അന്വേഷിക്കുന്നതു സ്വന്തം സുഖവും മഹത്വവുമൊക്കെയല്ലേ? മറ്റുള്ളവരുടെ നന്മയെക്കുറിച്ച് ചിന്തിക്കാനും പ്രവർത്തിക്കാനും ആർക്കാണ് സമയം? എന്നാൽ, ഇതാണോ ശരിയായ വഴിയെന്ന് നാം സ്വയം ചോദിക്കേണ്ടതുണ്ട്.
ലോകം കണ്ടിട്ടുള്ള ബുദ്ധിരാക്ഷസന്മാരിൽ അഗ്രഗണ്യനായ ആൽബർട്ട് ഐൻസ്റ്റൈൻ പറയുന്നു: ""മറ്റുള്ളവർക്കായി ജീവിക്കുന്ന ജീവിതം മാത്രമാണ് യഥാർഥത്തിൽ വിലപ്പെട്ടതായിട്ടുള്ളത്.'' അതുപോലെ അമേരിക്കൻ ചിന്തകനും എഴുത്തുകാരനുമായിരുന്ന റാൾഫ് എമേഴ്സണ്‍ പറയുന്നതു ശ്രദ്ധിക്കുക: ""ജീവിതത്തിന്റെ ലക്ഷ്യം സ്വന്തം സുഖം കണ്ടെത്തുക എന്നുള്ളതല്ല, പ്രത്യുത മറ്റുള്ളവർക്ക് ഉപകാരപ്രദവും ആദരണീയവും കരുണാസന്പന്നവുമായിരിക്കുക എന്നതാണ്.''
ഇന്നത്തെ ലോകം "എനിക്ക് എന്തുകിട്ടു'മെന്നു ചോദിക്കുന്പോൾ, "എനിക്ക് എന്തു കൊടുക്കാൻ സാധിക്കും' എന്നു ചോദിക്കാൻ നമുക്കു സാധിക്കുമോ? എന്നാൽ നമ്മുടെ ജീവിതം മറ്റുള്ളവർക്കായി ജീവിക്കുന്ന ജീവിതമായി മാറും. അതിലൂടെ നമ്മുടെ ജീവിതം മറ്റുള്ളവർക്ക് ഉപകാരപ്രദമായി മാറുമെന്നു മാത്രമല്ല, അത് ഏറെ ആദരണീയവും കരുണാമയവുമാകും.
""സ്വീകരിക്കുന്നതിനേക്കാൾ കൊടുക്കുന്നതാണ് ശ്രേയസ്കരം'' എന്നു ദൈവവചനം പറയുന്നു (അപ്പസ്തോല പ്രവർത്തനങ്ങൾ 20:35). നമുക്കും കൊടുക്കാം. നാം കൊടുക്കുന്പോൾ അതിൽ ത്യാഗമുണ്ടാകും. ചെറുതും വലുതുമായ ആ ത്യാഗങ്ങൾവഴി അനേകരുടെ ജീവിതത്തിന് നവജീവൻ നൽകാൻ നമുക്കു സാധിക്കും.
നാലു വ്യാളികളുടെ കഥ ഇന്നത്തെ തലമുറയെയും പോഷിപ്പിക്കുന്ന നദികളിലാണ് അവസാനിക്കുന്നത്. അതുപോലെ നമ്മുടെ കഥയും മറ്റുള്ളവരെ പോഷിപ്പിക്കാനായി നമ്മുടെ ത്യാഗത്തിൽനിന്നൊഴുകുന്ന ജീവിതനദികളായി മാറട്ടെ.
SUNDAY DEEPIKA
പാരീസ് ഒളിന്പിക്സ്, ഖത്തർ വേൾഡ് കപ്പ്, ഏഷ്യാകപ്പ് ക്രിക്കറ്റ്... ലോകം ഉറ്റുനോക്കുന്ന മത്സരങ്ങൾക്ക് ഭക്ഷണമൊരുക്കിയത് മലയാളിയുടെ നേതൃത്വത്തിലാണെന്നു പറഞ്ഞാൽ ഒരുപക്ഷേ, അവശ്വസനീയമെന്നു തോന്നാം. കണ്ണൂർ കുടിയാൻമല അരങ്ങിലെ പുതുപ്പറമ്പിൽ ബെന്നി തോമസ് വിളന്പുന്നത് അന്താരാഷ്ട്ര കായികതാരങ്ങൾ രുചിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
അമേരിക്കയിലും യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും രാജ്യാന്തര കായികമേളകളിൽ കാറ്ററിംഗ് നടത്തുന്ന സ്പാഗോ ഇന്റർനാഷണൽ എന്ന കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് ബെന്നി. 14 രാജ്യങ്ങളിൽ നിന്നായി 1700 സ്ഥിരം ജീവനക്കാരും അയ്യായിരത്തോളം താൽക്കാലിക ജീവനക്കാരുമുണ്ട് ബെന്നിയുടെ കീഴിൽ. കുടിയാൻമലയിലെ കൃഷിത്തോട്ടത്തിൽനിന്ന് കായികരുചിക്കൂട്ടിലേക്ക് എത്തിയതിനെക്കുറിച്ച് ബെന്നി പറയുന്നു...
കൃഷിയിൽനിന്ന് അടുക്കളയിലേക്ക്
""നാടും വീടുംവിട്ട് പുറത്തുപോകണമെന്ന് ജീവിതത്തിൽ ഒരിക്കലും വിചാരിച്ചിട്ടില്ല. പഠിക്കാൻ അത്ര സമർഥനായിരുന്നില്ല. കൃഷികൊണ്ട് ജീവിക്കാനായിരുന്നു താത്പര്യം. അതിനാൽ, ചെറുപ്പംമുതൽ പറന്പിൽതന്നെയായിരുന്നു. കുടിയാൻമല സ്കൂളിലായിരുന്നു പഠിച്ചത്. പത്താം ക്ലാസ് കഴിഞ്ഞതോടെ റബർ ടാപ്പിംഗ് തുടങ്ങി. ആദ്യം ജ്യേഷ്ഠന്മാരുടെ കൂടെപ്പോയി കണ്ടുപഠിച്ചു. അവരെ സഹായിച്ചാൽ അഞ്ചു മരം ടാപ്പിംഗിനുകിട്ടും.
അതായിരുന്നു ഏറ്റവും സന്തോഷം. കൂടാതെ, നല്ല കട്ടൻ കാപ്പിയും ശർക്കര അടയും. പത്താം ക്ലാസ് കഴിഞ്ഞതേ പ്രീഡിഗ്രി പഠിക്കാൻ വീട്ടുകാർ പാലായിലേക്ക് നാടു കടത്തുകയായിരുന്നു- സെന്റ് ജോസഫ്സ് കോളജിലേക്ക്. എന്തായാലും പഠിക്കാൻ തീരുമാനിച്ചു. 96 ശതമാനം മാർക്കോടെ പ്രീഡിഗ്രി പാസായി. തുടർപഠനം പയ്യന്നൂർ കോളജിലായിരുന്നു.
ദിവസവും വീട്ടിൽ പോയിവരാം. വക്കീൽ ആകണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. അച്ഛനുമായി ഭയങ്കര ആത്മബന്ധമായിരുന്നു. ഒരു ദിവസം കോളജിൽപോയി തിരികെവരുന്പോൾ അച്ഛന്റെ മരണവാർത്തയാണ് അറിയുന്നത്. അതോടെ ജീവിതമാകെ വഴിമാറി. വീട്ടിൽ അമ്മയും പെങ്ങളും മാത്രം. വീടിനോടു വീണ്ടും കൂടുതൽ അടുത്തുതുടങ്ങുകയായിരുന്നു.
കുരുമുളകു മുതൽ ലോറി വരെ
കോളജ് പഠനം കഴിഞ്ഞപ്പോൾ കൃഷിപ്പണിയിലേക്ക് വീണ്ടും ഇറങ്ങി. മൂന്നേക്കർ സ്ഥലത്ത് റബർ വെട്ടി കുരുമുളക് കൃഷി ചെയ്തു. തുടക്കം നല്ലതായിരുന്നു. എന്നാൽ പരാജയമായി. പകരം കവുങ്ങ് നട്ടു. നാലുവർഷം കഴിഞ്ഞപ്പോൾ കവുങ്ങ് മഞ്ഞളിപ്പ് ബാധിച്ച് നശിച്ചു.
പിന്നീട് തേനീച്ച വളർത്തൽ തുടങ്ങി. തേനെടുത്ത് കേരളത്തിനു പുറത്തുകൊണ്ടുപോയി വിറ്റു. മികച്ച വരുമാനം ലഭിച്ചു വരുന്നതിനിടെയാണ് പെട്ടെന്ന് തേനീച്ചകളെല്ലാം ചത്തുപോയത്. പിന്ന ഒരു ലോറി വാങ്ങി സ്വയം ഡ്രൈവറായി തടി കൊണ്ടു പോകുന്ന പണിതുടങ്ങി. അങ്ങനെ കോഴിവളം, പച്ചക്കറി എന്നിവയുമായി ലോറി തലങ്ങും വിലങ്ങും ഓടി.
പരീക്ഷയെഴുതാൻ ലോറിയിൽ
വകയിലുള്ള സഹോദരന്റെ വാക്കുകേട്ടാണ് കണ്ണൂരിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഹോട്ടൽ മാനേജ്മെന്റ് കോഴ്സിനു ചേരുന്നത്. അപേക്ഷ കൊടുത്തതും അവൻതന്നെ. എറണാകുളത്ത് വച്ചായിരുന്നു എൻട്രൻസ്. അന്ന് ഒരു ലോഡ് മരം കൊണ്ടുപോയി പെരുന്പാവൂരിൽ കൊടുക്കണമായിരുന്നു. ലോറിയുമായിട്ടാണ് എൻട്രൻസ് പരീക്ഷ എഴുതാൻ പോയത്. പെരുന്പാവൂരിൽ മരം ഇറക്കി നേരേ എറണാകുളത്തുപോയി പരീക്ഷയെഴുതി.
ഫലം വന്നപ്പോൾ ഓൾ ഇന്ത്യാതലത്തിൽ ആറാം റാങ്ക്. കോഴ്സ് തീർന്നതോടെ വണ്ടിപ്പണി മതിയാക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ലോറി അയൽവാസിക്കു കൊടുത്ത് ജോലിതേടി മുംബൈയിലേക്ക് യാത്രയായി. അവിടെ, ഹോട്ടലുകളിൽ ജോലിചെയ്യുന്നതിനിടെയാണ് ദുബായിൽപോയാൽ നല്ല ജോലി കിട്ടുമെന്ന് സുഹൃത്തുക്കൾ പറയുന്നത്.
ദുബായിൽ ക്ലീനറായി തുടക്കം
വിസിറ്റിംഗ് വിസയുമായി 1995ൽ ദുബായിൽ എത്തി. അവിടെ വിമാനം ഇറങ്ങിയപ്പോൾ എവിടെ ജോലികിട്ടും, എവിടെ താമസിക്കും എന്നൊന്നും അറിയില്ല. പൊതുസ്ഥലങ്ങളിൽ ഇരുന്ന് ഉറങ്ങും. പൊതുശുചിമുറികൾ ഉപയോഗിക്കും. പകൽ ജോലിതേടി അലയും. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു ഹോട്ടലിൽ ക്ലീനറായി ജോലികിട്ടി. തുച്ഛമായ ശന്പളം. താമസവും ഭക്ഷണവും സൗജന്യമാണെന്ന ആശ്വാസം. രാത്രിയിൽ മാത്രമാണ് ജോലി.
നേരം വെളുത്ത് ഒന്പതുമണിയാകുന്പോൾ ജോലികഴിയും. പകൽ മുഴുവൻ വെറുതെയിരിക്കണം. രണ്ടുമണിക്കൂർ മുറിയിൽക്കിടന്നുറങ്ങും. പിന്നെ ഇതിനേക്കാൾ മെച്ചപ്പെട്ട ഒരു ജോലി തപ്പി ഇറങ്ങും. അങ്ങനെയിരിക്ക ഒരു ബാറിൽ മദ്യം ഒഴിച്ചുകൊടുക്കുന്ന ജോലികിട്ടി.
ഇതിനിടെ ജോലിചെയ്യുന്ന സ്ഥലത്ത് ഒരു വലിയ ആഘോഷപാർട്ടി നടന്നു. എന്റെ ജോലിയുടെ ശൈലികണ്ട് അവിടെ വന്നൊരാൾ ഒരു വലിയ റസ്റ്റോറന്റ് തുടങ്ങുന്നുണ്ടെന്നും, താത്പര്യം ഉണ്ടെങ്കിൽ പിറ്റേന്നുവന്ന് അഭിമുഖത്തിൽ പങ്കെടുക്കണമെന്നും പറഞ്ഞു. ഹോളിവുഡിലെ നടൻമാരുടെ പങ്കാളിത്തത്തിൽ ആരംഭിക്കുന്ന പ്ലാനറ്റ് ഹോളിവുഡ് ഹോട്ടലായിരുന്നു അത്. ഞാൻ ഉൾപ്പെടെ 163 പേരെ ജോലിക്കായി എടുത്തു. ഇതിൽ 162 പേരും ഇംഗ്ലീഷുകാരായിരുന്നു.
ബാർ ഹെൽപർ ആയിട്ടാണ് ജോലി ലഭിച്ചത്. എന്റെ ജോലി കഴിഞ്ഞ് കൂടെയുള്ളവരുടെ ജോലിയും ഏറ്റെടുത്തുചെയ്യും. അവരുടെ കൂലിയുടെ 10 ശതമാനം എനിക്കുകിട്ടും. എന്തു പണിയും ചെയ്യാനുള്ള മനസാന്നിധ്യം ഉണ്ടായിരുന്നു. അതിനാൽ വളരെ പെട്ടെന്നുതന്നെ പ്രമോഷൻ ലഭിച്ചു. പ്രത്യേക പരിശീലനത്തിനായി കന്പനി പോർച്ചുഗലിലേക്ക് അയയ്ക്കുകയും ചെയ്തു. തിരിച്ചുവന്നത് ട്രെയിനറായാണ്.
ഇതിനിടയിൽ ഹോളണ്ടുകാരനുമായി ചേർന്ന് സ്വന്തമായി തുടങ്ങിയ ഹോട്ടൽ ബിസിനസ് പരാജയമായി. മറ്റൊരു ഹോട്ടലും ഏറ്റെടുത്ത് നടത്തിയെങ്കിലും സാന്പത്തികമായി വലിയ നഷ്ടംവന്നു. എടുത്ത ലോണുകൾ തിരിച്ചടയ്ക്കാൻ സാധിക്കാത്ത നിലയിലായി. ഫീസ് അടക്കാൻ സാധിക്കാത്തതിനാൽ കുട്ടികൾ സ്കൂളിൽ പോകാതെയായി. വാടക കൊടുക്കാൻ പറ്റാത്തതിനാൽ വീട്ടുടമസ്ഥനെ പേടിച്ച് പലപ്പോഴും രാത്രിയിലാണ് വന്നുകൊണ്ടിരുന്നത്.
എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതി. വീട്ടിലെ സാധനങ്ങൾ തീർന്നു. കടയുള്ള അയൽവാസി വീട്ടുസാധനങ്ങൾ കടമായി നല്കി. കുട്ടികളെ സ്കൂളിൽ കാണാതെവന്നപ്പോൾ സ്കൂളുകാർ വീട്ടിലെത്തി. ഫീസടക്കാൻ പണമില്ലെന്നു പറഞ്ഞപ്പോൾ അധികൃതർ ശകാരിച്ചു. നാളെമുതൽ കുട്ടികളെ സ്കൂളിൽ വിടണമെന്ന് പറഞ്ഞു. വീട്ടിലെ ഭക്ഷണം മുട്ടയും ചോറും മാത്രമായി.
ദൈവത്തിന്റെ കോൾ
ഒറ്റ ജീവനക്കാരനുമായി വീണ്ടും ഒരു സംരംഭം തുടങ്ങി. സാൻഡ്വിച്ചുണ്ടാക്കി, ഞാൻതന്നെ ഓഫീസുകളിൽ കൊണ്ടുചെന്നു വിറ്റു. പിന്നാലെ 10-20 പേർക്കു ഭക്ഷണമുണ്ടാക്കാനുള്ള ഓർഡറൊക്കെ കിട്ടിത്തുടങ്ങി. ചെറിയ സ്ഥാപനങ്ങളിൽ തുടങ്ങി വലിയ സ്ഥാപനങ്ങളിലേക്ക് ബിസിനസ് പതിയെ വളർന്നു. കൂടെയുള്ള ജീവനക്കാരുടെ എണ്ണം കൂടി. സാൻഡ്വിച്ചിനു പിന്നാലെ നൂഡിൽസ്, പാസ്ത... വിഭവങ്ങളുടെ എണ്ണംകൂടി. അത്യാവശ്യം പേരും പ്രശസ്തിയുമായി.
2012ൽ അബുദാബി ഫോർമുല വണ്ണിന്റെ ഡയറക്ടറുടെ ഫോൺ കോൾ- ദുബായിൽ നടക്കുന്ന ഫോർമുല വണ്ണിനുള്ള ഭക്ഷണത്തിനുള്ള കാറ്ററിംഗ് ഏറ്റെടുക്കണമെന്ന്. എന്റെ അന്നത്തെ അവസ്ഥ അറിയാതെ വഴിതെറ്റിയെത്തിയ ഫോൺ കോളാണെങ്കിലും ധൈര്യസമേതം ഏറ്റെടുക്കുകയായിരുന്നു. തുകയുടെ 50 ശതമാനം മുൻകൂർ തരണമെന്ന് പറഞ്ഞു. അവർ തുക തരികയും ചെയ്തു. പരസ്യം കൊടുത്തു, ജീവനക്കാർ വന്നു. 16 ജീവനക്കാരുള്ള എന്റെ സ്ഥാപനത്തിന് ഈയൊരു കാറ്ററിംഗ് നടത്താൻ മിനിമം 1500 ജോലിക്കാരെങ്കിലും വേണം. കാറ്ററിംഗ് കന്പനി അതോടെ പുതിയ ഉയരങ്ങളിലേക്കു പറക്കുകയായിരുന്നു.
ഫോർമുല വൺ വിജയകരമായി. ദുബായ് ഗവൺമെന്റിന്റെ പല പരിപാടികൾ ലഭിച്ചുതുടങ്ങി. വരുമാനം കിട്ടിയതോടെ കടങ്ങളെല്ലാം വീട്ടി. നാട്ടിൽ പോയി അമ്മയെ കണ്ടു. ദുബായ് സർക്കാരിന്റെ വിശ്വസ്തനായി മാറി. അവിടെ ഗോൾഡൻ വിസ നേടിയ ആദ്യത്തെ 20 പേരിൽ ഒരാൾ ഞാനായിരുന്നു.''
റൊണാൾഡോ!
സുഹൃത്തുക്കൾ റൊണാൾഡോ എന്നാണ് ബെന്നിയെ വിളിക്കുന്നത്. മുൻ ബ്രസീലിയൻ ഫുട്ബോളർ റൊണാൾഡോയോടുള്ള രൂപസാദൃശ്യമായിരുന്നു ആ പേരിനു കാരണം. 2011ൽ ബെന്നി കാറ്ററിംഗ് സർവീസ് കമ്പനി ആരംഭിച്ചപ്പോൾ, അതിന് "റൊണാൾഡോസ് സ്പാഗോ കാറ്ററിംഗ് സർവീസസ്' എന്ന് പേരിടാൻ അദ്ദേഹം രണ്ടാമതൊന്ന് ആലോചിച്ചില്ല.
യുഎഇ, ഖത്തർ, സൗദി അറേബ്യ, ബഹ്റൈൻ എന്നിവിടങ്ങളിലെ പ്രധാന കായിക പരിപാടികൾക്ക് കാറ്ററിംഗ് സേവനങ്ങൾ ഒരുക്കിത്തുടങ്ങിയതോടെ, റൊണാൾഡോസ് സ്പാഗോ മിഡിൽ ഈസ്റ്റിൽ ശ്രദ്ധിക്കപ്പെടേണ്ട ഒരു പേരായി മാറി. നിലവിൽ, ലോകമെമ്പാടുമുള്ള പതിനൊന്ന് രാജ്യങ്ങളിൽ സ്പാഗോ പ്രവർത്തിക്കുന്നു. ബെന്നി അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്നതും റൊണാൾഡോ എന്ന പേരിലാണ്.
പല രുചി, പല മെനു
""കായികതാരങ്ങൾക്കും ഒഫീഷ്യൽസിനുമുള്ള മെനു തയാറാക്കി നല്‍കുന്നത് നമ്മൾ തന്നെയാണ്. ക്രിക്കറ്റ് താരങ്ങൾക്ക് കൊടുക്കുന്ന ഭക്ഷണമല്ല ഫുട്ബോൾ താരങ്ങൾക്ക്്. ഫോർമുല വണ്ണിനും ഭക്ഷണം വ്യത്യാസം ഉണ്ട്. വിവിധ രാജ്യങ്ങളിൽനിന്ന് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ആ രാജ്യത്തിന്റേതായ രീതിയിൽ ഭക്ഷണം കൊടുക്കണം. ഏഷ്യാ കപ്പ് ക്രിക്കറ്റിൽ നല്കുന്ന ഭക്ഷണം അല്ല യൂറോപ്യൻ രാജ്യങ്ങൾ കൂടുതലായും പങ്കെടുക്കുന്ന ഫുട്ബോളിൽ നല്‍കുന്നത്. ഭക്ഷണ വൈവിധ്യങ്ങളുടെ ഒരു നീണ്ട നിര തയാറാക്കണം. ഇതിനായി മാസങ്ങൾ നീളുന്ന തയാറെടുപ്പുകൾ ആവശ്യമാണ്.
ഇന്ത്യ ഉൾപ്പെടുന്ന ഏഷ്യൻ താരങ്ങൾക്ക് ചോറും പരിപ്പു കറിയും നിർബന്ധമാണ്. ഗ്രൗണ്ടിലിറങ്ങുന്ന താരങ്ങൾ വളരെ കുറച്ച് ഭക്ഷണം മാത്രമാണ് കഴിക്കുക. ഭൂരിഭാഗവും വെജിറ്റേറിയൻ ഭക്ഷണം. യൂറോപ്യൻ താരങ്ങൾക്ക് സാധാരണയായി ചെറിയ സ്നാക്സും ജ്യൂസുമാണ് പ്രിയം.
ക്രിക്കറ്റിലെ താരങ്ങൾ വളരെ ആസ്വദിച്ചാണ് ഇരുന്നു ഭക്ഷണം കഴിക്കുന്നത്. അവർക്ക് അതിനുള്ള സമയം ലഭിക്കുന്നുണ്ട്. എന്നാൽ, ഫുട്ബോൾ താരങ്ങൾ വലിയ സമർദ്ദത്തിലാവും. ഇടവേളകളിൽ കോച്ച് നിർദേശംനല്കുന്പോൾ നിന്നുകൊണ്ടുതന്നെ എന്തെങ്കിലും സ്നാക്സ്, ഡ്രൈ ഫ്രൂട്ട്സ് എന്നിവ കഴിക്കും.
ഫുട്ബോൾ ടീമുകൾ മിക്കപ്പോഴും സ്വന്തം ഷെഫിനേയും കൂടെക്കൂട്ടും. അർജന്റീന ടീമിന് എപ്പോഴും വനിതകളാണ് ഷെഫുമാർ. അമ്മയെ പോലെയാണ് ഈ ഷെഫ് ഇവർക്ക്. അമ്മേയെന്നാണ് വിളിക്കുന്നതുപോലും. താരങ്ങളുമായി വരുന്നതിനുമുന്‍പേ ഓരോ രാജ്യത്തിന്റെ പരിശീലകരും അവരുടെ ഭക്ഷണ മെനു കന്പനിക്ക് നല്‍കും. ഇതുണ്ടാക്കാനുള്ള പാത്രങ്ങളുടെ ലിസ്റ്റും നല്‍കും. ഇതിനുള്ള സജ്ജീകരണങ്ങൾ അവർക്ക് ചെയ്തുകൊടുക്കണം.
ഒരു മത്സരം നടക്കുന്നതിന് മൂന്നുവർഷംമുന്പ് ഒരുക്കങ്ങൾ ആരംഭിക്കും. 2034ൽ സൗദിയിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിന് ഇപ്പോൾതന്നെ സ്പാഗോ തയാറെടുത്തു കഴിഞ്ഞു. സ്വന്തമായി കിച്ചൺ ഉള്ള രാജ്യത്ത് തയാറെടുപ്പുകൾ കുറച്ചു വൈകിയാലും കുഴപ്പമില്ല. എന്നിരുന്നാലും മിനിമം രണ്ടുവർഷമെങ്കിലും കിട്ടിയാൽ മാത്രമേ ഒരുക്കങ്ങൾ പൂർത്തിയാക്കാൻ സാധിക്കൂ.
ഒരു വേദിയിൽ ഫുട്ബോൾ മത്സരം നടക്കുന്പോൾ നാലോ അഞ്ചോ വിഭാഗത്തിന് ഭക്ഷണം പല രീതിയിൽ വിതരണം ചെയ്യേണ്ടി വരും. എല്ലാവർക്കും പലരീതിയിലുള്ള മെനുവാണ് തയാറാക്കേണ്ടത്. പാരീസ് ഒളിന്പിക്സിന് മൂന്നരവർഷം മുന്‍പ് തയാറെടുപ്പ് തുടങ്ങി.
ഒരു സ്റ്റേഡിയത്തിൽ ക്രമീകരണം നടത്താൻ 4000 സ്റ്റാഫുകളെ ആവശ്യമുണ്ട്. ഒരു കിച്ചൺ സെറ്റ് ചെയ്യണമെങ്കിലും ശരാശരി 150 കോടി രൂപ വേണം. സ്പാഗോയുടെ സാന്നിധ്യമുള്ള ഒരു രാജ്യത്ത് മിനിമം രണ്ട് കിച്ചൺ വീതം ഉണ്ട്. സൗദിയെപ്പോലെ വലിയ രാജ്യങ്ങളിൽ മൂന്നു കിച്ചൺ ഉണ്ടാവും. അതീവ സുരക്ഷയിലാണ് ഭക്ഷണം പാചകം ചെയ്യുന്നത്.''
സെന്റ് ആന്റണീസ് കോളജ്
ഇടുക്കി പെരുവന്താനം സെന്റ് ആന്റണീസ് കോളജ് ചെയർമാൻ കൂടിയാണ് ബെന്നി. ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പഠിക്കുന്നവർക്ക് എല്ലാം വർഷവും മൂന്നുമാസം വിദേശത്താണ് പരിശീലനം. സ്റ്റൈപ്പൻഡായി 35,000 രൂപ ലഭിക്കും. ഈ കോഴ്സ് പഠിക്കുന്പോൾ കോളജിന് നല്‍കണ്ട ഫീസും പഠനകാര്യങ്ങൾക്ക് ചിലവഴിക്കേണ്ട തുകയും വിദ്യാർഥികൾക്ക് സ്വയം കണ്ടെത്താൻ സാധിക്കും. എംജി സർവകലാശാലയുടെ കീഴിലാണ് കോളജ്. സൈബർ ഫോറൻസിക്, ഹോട്ടൽ മാനേജ്മെന്റ്, ബിസിഎ, എംസിഎ, ഫാഷൻ ടെക്നോളജി തുടങ്ങിയ കോഴ്സുകളാണ് കോളജിൽ ഉള്ളത്.
സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന 400 കുട്ടികളെ വിവിധ കോഴ്സുകളായി ഇവിടെ പഠിപ്പിക്കുന്നുണ്ട്. ഹോട്ടൽ മാനേജ്മെന്റ് കോഴ്സിന് വിദ്യാർഥികളെ വിദേശരാജ്യങ്ങളിൽവിട്ട് പരിശീലനം നല്കുന്ന ഏക സ്ഥാപനമാണിത്. സ്പാഗോയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കിച്ചണുകളിലാണ് പരിശീലനം. ഇവിടെ, പരിശീലനം ലഭിക്കുക എന്നത് വിദ്യാർഥിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച തുടക്കമാണ്.
കുടുംബം
പരേതരായ പുതുപറമ്പിൽ തോമസിന്റെയും വടക്കേപുത്തൻപുര ത്രേസ്യാമ്മയുടെയും മകനാണ് ബെന്നി. റോഷൻ ബെന്നിയാണ് ഭാര്യ. ഏയ്ഞ്ചൽ ട്രീസ ബെന്നി, അനീറ്റ ട്രീസ ബെന്നി എന്നിവരാണ് മക്കൾ.
SUNDAY DEEPIKA
വാളുകളുടെ ശീൽക്കാരവും ജനക്കൂട്ടത്തിന്റെ ഗർജനവും ഒന്നിച്ചുചേർന്നിരുന്ന വേദി... വിനോദത്തിന് രക്തത്തിന്റെ നിറംപൂണ്ടിരുന്ന ഇടം... റോമിലെ കൊളോസിയം. ഗർജനങ്ങളകന്ന് രക്തമുണങ്ങി മറ്റേതോ നിർമിതികൾക്കായി കല്ലുകൾ എടുത്തുകൊണ്ടുപോയി അവശേഷിക്കുന്ന നിർമിതി. അകത്തളങ്ങളുടെ വീരപരിവേഷമായിരുന്നില്ല ആകർഷണം. ഓർമവന്നത് ടിവിയും മൊബൈലും ഒന്നും പ്രചാരത്തിലാവാതിരുന്നകാലത്ത് മധ്യവേനൽ അവധിദിനങ്ങളെ അർഥപൂർണമാക്കാൻ വായിച്ചിരുന്ന ചിത്രകഥാ പുസ്തകങ്ങളാണ്.
സഹാനുഭൂതിയുടെ ആദ്യപാഠങ്ങൾ പഠിപ്പിച്ച ആൻഡ്രോക്ലിസ് എന്ന അടിമയും, തന്നെ കാർന്നുതിന്നിരുന്ന മുള്ളുതറച്ച വേദനയിൽനിന്ന് രക്ഷിച്ചതിന് നന്ദിസൂചകമായി വർഷങ്ങൾക്കിപ്പുറം ആയിരങ്ങളെ സാക്ഷിയാക്കി കൊളോസിയത്തിനു നടുവിൽവച്ച് അദ്ദേഹത്തെ സ്നേഹപൂർവം പുണർന്ന സിംഹവും! എന്തൊരനുഭവം!!
സഹജീവികളോടുള്ള കരുണ മനസിലുറപ്പിച്ചുവച്ചത് കൊളോസിയത്തിലെ ഈ കഥയാണ്. ഏതുസമയത്തും ജനസഹസ്രങ്ങൾ ഒഴുകിയെത്തുന്ന ഈ ലോകാത്ഭുതം മായുംമുന്‍പ് ഒരിക്കൽ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇതുവരെ അതൊരു സ്വപ്നംമാത്രമായിരുന്നു. അകത്തളങ്ങളിൽ ഭൂമിക്കടിയിലെ ഇരുണ്ട ഇടനാഴികളിൽനിന്ന് ഇപ്പോഴും ഗദ്ഗദങ്ങൾ കേൾക്കുന്നുണ്ടോ..
ഒരുവേള എത്രയുംവേഗം അതിനുള്ളിൽനിന്ന് ഓടിപ്പോരണമെന്നു തോന്നി. വൃത്താകൃതിയിൽ ചുറ്റിപ്പിണഞ്ഞ ഇരിപ്പിടങ്ങൾക്കിടയിൽ ചക്രവർത്തിമാരുടെ ഉഗ്രശാസന ഇപ്പോഴും വട്ടംകറങ്ങുന്നുണ്ട്. മടങ്ങുന്പോൾ വീണ്ടും വീണ്ടും തിരിഞ്ഞുനോക്കി. ഉഗ്രപ്രതാപകാലം വെറും കൽക്കൂനകളായി പരിണമിക്കാൻ കാലം മാറുകയേ വേണ്ടൂ!
റോമൻ ഫോറത്തിൽ
ഒരുകാലത്ത് ജനാധിപത്യത്തിന്റെ ശ്വാസവും നിയമത്തിന്റെ നടുവേദിയും ആയിരുന്ന ഇടം- റോമൻ ഫോറം. അഗ്നിപടർന്നപ്പോൾ തടഞ്ഞുനിർത്താനാവാതെ അടിയറവു പറയേണ്ടിവന്ന ആ ഇടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ നടന്നു. വർഷങ്ങൾക്കുമുമ്പ് റോമാസാമ്രാജ്യം കൈവരിച്ചിരുന്ന വാസ്തുശില്പ നൈപുണി അദ്ഭുതപ്പെടുത്തുന്നു.
രണ്ടായിരംവർഷം വെയിലും മഴയുമേറ്റിട്ടും കാലാതിവർത്തിയായ ഒരു സൃഷ്ടി- റോമൻ പാന്തെയോൺ. മധ്യത്തിലെ ഓക്കുലസ്. ഓട്ടയടച്ചിട്ടില്ലാത്ത ആകാശത്തിന്റെ കണ്ണുവഴി സൂര്യകിരണങ്ങൾ താഴെ പ്രാർഥനയായി പതിക്കുന്ന മനോഹര കാഴ്ച! വിവരണാതീതം എന്ന ചെറുവാക്കുകൊണ്ടു മാത്രമേ അതിനെ വിശേഷിപ്പിക്കാനാവൂ. ആ കൂറ്റൻ തൂണുകൾക്കു താഴെ നിൽക്കുന്ന ഉറുമ്പുകൾപോലെയുള്ള മനുഷ്യരെ കാണുമ്പോൾ ഓർത്തുപോകേണ്ടതും അതുതന്നെയാവണം- എത്ര ചെറുതാണ് മനുഷ്യൻ!
പാന്തെയോൺ പിന്നിട്ട് റോമിന്റെ ഇടുങ്ങിയ തെരുവുകളിലൂടെ ഒരു ലെമൺ സോർബറ്റും രുചിച്ച് എത്തിച്ചേർന്നത് കൗതുകം പകരുന്ന മറ്റൊരു കാഴ്ചയിലേക്കാണ്. സമുദ്രദേവന്റെ ശില്പത്തിനുചുറ്റുമുള്ള മനോഹരമായ പാറക്കൂട്ടങ്ങളിൽനിന്ന് ഒഴുകിവരുന്ന വെള്ളത്തിലേക്ക് നാണയങ്ങൾ പിന്നോട്ട് തിരിഞ്ഞെറിയുന്ന ഒരാൾക്കൂട്ടത്തിലേക്ക്. ഫൊന്താനാ ദി ത്രേവി. ഒരു നാണയം തിരിഞ്ഞുനിന്ന് എറിഞ്ഞ് ഒരിക്കൽക്കൂടി റോമിലേക്കുവരാമെന്ന നിശബ്ദ വാഗ്ദാനവുമായി റോമിൽനിന്ന് വത്തിക്കാനിലേക്ക്..
മനുഷ്യനും ദൈവവും
ഒരു വിളിപ്പാടകലെ അതിരുകളില്ലാത്ത ഒരു കൊച്ചു-വലിയ രാജ്യം- വത്തിക്കാൻ. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽനിന്ന് ബസിലിക്കയുടെ വാതിലിലൂടെ ഉള്ളിലേക്ക്. പ്രാർഥനയും ചുറ്റുമുള്ള മഹത്തായ കലാസൃഷ്ടികളും ഒരേസമയം ഹൃദയംതൊടുന്നു. മാർപാപ്പയെ തെരഞ്ഞെടുക്കുന്നത് അറിയിക്കാൻ വെള്ളപ്പുക ഉയരുന്ന കുഴൽ എവിടെയെന്നായിരുന്നു എന്റെ അന്വേഷണം. വായിച്ചറിഞ്ഞ കാര്യങ്ങളുടെ ഉറവിടങ്ങൾ തേടിയാണല്ലോ എന്റെ ഇത്തവണത്തെ യാത്ര.
വത്തിക്കാൻ മ്യൂസിയത്തിലൂടെ നടന്നപ്പോൾ ഭിത്തികളും ഉത്തരങ്ങളും കലാസൃഷ്ടികളാവുന്ന അപൂർവ കാഴ്ച! അവസാനം സിസ്റ്റൈൻ ചാപ്പലിൽ ഒരുനിമിഷം. തലയുയർത്തി നോക്കുന്പോൾ മൈക്കലാഞ്ചലോ എന്ന അപൂർവ പ്രതിഭയ്ക്കു മുന്നിൽ മുട്ടുകുത്തി വണങ്ങണമെന്നു തോന്നാത്തവർ ചുരുക്കമാവും. "ആദാമിന്റെ സൃഷ്ടി' - മനുഷ്യനെ ദൈവം സ്പർശിക്കുന്ന ആ ഒരു നിത്യനിമിഷം എത്ര മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു!.
ജലനഗരത്തിൽ
ഇനി ഞാൻ ഏറെക്കാലമായി കാത്തിരുന്ന, എന്നും കൊതിപ്പിച്ചിരുന്ന ഒരു നഗരത്തിലേക്കാണ്. അന്റോണിയോയും ബസാനിയോയും ബുദ്ധിമതിയായ പോർഷ്യയും (ദ മർച്ചന്റ് ഓഫ് വെനീസ് - ഷേക്സ്പിയർ) നടന്ന നഗരം -ജലനഗരമായ വെനീസ്. കാലചക്രം എവിടെയോ നിലച്ചുപോയ ഇടംപോലെ. ഗൊണ്ടോളയെന്ന ചെറുവഞ്ചിയിൽ അരമണിക്കൂറിന് ഒമ്പതിനായിരം രൂപ കൊടുത്ത് യാത്രചെയ്യുമ്പോൾ ഏതോ ചരിത്രത്തിന്റെ ഭാഗമായി ഒഴുകുകയാണെന്നു തോന്നി.
വാഹനങ്ങളുടെ നീണ്ട ഹോണടികളില്ലാതെ, എന്തിനോവേണ്ടി തിരക്കുപിടിച്ചോടുന്ന മനുഷ്യരില്ലാത്ത, എല്ലാം ശാന്തമായിരിക്കുന്ന ഒരിടമാണിത്. ഒരുകാലത്തും തിരിച്ചുപോരാതെ അവിടെത്തന്നെ ജീവിക്കാൻ ആയിരുന്നെങ്കിലെന്ന് മനസു തുടിക്കും.
ഭാരം കൂടുതലുള്ള വസ്തുക്കൾ വേഗത്തിൽ വീഴുമെന്ന അരിസ്റ്റോട്ടിലിന്റെ വാദത്തെ വെല്ലുവിളിക്കാൻ ഗലീലിയോ വ്യത്യസ്ത ഭാരമുള്ള വസ്തുക്കളുമായി കയറിയതെന്ന് വിശ്വസിക്കപ്പെടുന്ന ലോകാത്ഭുതങ്ങളിൽ ഒന്നായ പിസായിലെ ചെരിഞ്ഞ ഗോപുരമായിരുന്നു അടുത്ത ലക്ഷ്യം. പുതിയകാല എൻജിനിയറിംഗ് വൈദഗ്ധ്യത്തിന്റെ കഴിവുകൊണ്ട് കൂടുതൽ ചെരിയാതെ കാത്തുസൂക്ഷിക്കപ്പെട്ട ഗോപുരം. കുറച്ചധികം യാത്രയുണ്ട് അവിടേക്ക്. എങ്കിലും അമൂല്യമായ സമ്മാനമാണ് ആ കാഴ്ച.
മൊണാലിസ എവിടെ ?
ഇറ്റലിയിലെ രുചിഭേദങ്ങളായ പിസയും പാസ്തയും പനിനീയും ജെലാറ്റോയും തിറാമിസുവും എല്ലാം വിവിധ നേരങ്ങളിൽ യഥാവിധി രുചിച്ചറിഞ്ഞ് പാരീസിലേക്ക്. ലൂവ്റ് മ്യൂസിയത്തിൽ സിനിമാക്കഥയെ വെല്ലുന്ന ഒരു കവർച്ചനടന്നിട്ട് അധികനാൾ ആവാത്തതുകൊണ്ട് മ്യൂസിയം തുറക്കാതിരിക്കുമോ എന്നു സംശയമുണ്ടായിരുന്നു. ഭാഗ്യം തുണച്ചു, തുറന്നിട്ടുണ്ട്! ഡാൻ ബ്രൗണിന്റെ ഡാവിഞ്ചി കോഡ് വായിച്ചിട്ടുള്ള ഭ്രമം ഉള്ളിലുണ്ട്.
നിഗൂഢമായ പുഞ്ചിരികൊണ്ട് ലോകത്തെ മുഴുവൻ ആകർഷിച്ച ഡാവിഞ്ചിയുടെ സ്വന്തം "മൊണാലിസ' സൂക്ഷിച്ചിരിക്കുന്നത് ഇവിടെയായതുകൊണ്ടുകൂടിയാണ് മ്യൂസിയത്തിലേക്ക് ആകർഷിക്കപ്പെട്ടത്. ഒരിക്കൽ കളവുപോയി തിരിച്ചുകിട്ടിയ അമൂല്യനിധി. വൻ സുരക്ഷാസന്നാഹങ്ങളോടെയാണ് മൊണാലിസയുടെ മ്യൂസിയത്തിലെ സ്ഥാനം. മാസങ്ങളോളം കാണാനുള്ള അമൂല്യവസ്തുക്കളുള്ള മ്യൂസിയമാണെങ്കിലും പ്രധാന പ്രവേശന കവാടമായ ഗ്ലാസ് കൊണ്ടുള്ള പിരമിഡ് കടന്നുവരുന്ന എല്ലാവരും ആദ്യം ചോദിക്കുന്നത് മൊണാലിസ എവിടെ എന്നാണ്!
സ്പാർക്കിളിംഗ് ഈഫൽ ടവറും ടവറിന്റെ സമ്മിറ്റിൽനിന്ന് പ്രകാശത്തിന്റെ നഗരമായ പാരീസിന്റെ കാഴ്ചയും- യാത്രയിൽ മകൾ ആകാംക്ഷയോടെ കാത്തിരുന്നത് ഇവയ്ക്കായിരുന്നു. ഫ്രഞ്ച്് ദേശീയപതാകയുടെ നിറങ്ങളായ നീല, വെള്ള, ചുവപ്പ് എന്നിവയാൽ പ്രകാശിതമായി അതാ ഈഫൽ ടവർ! ഓരോ മണിക്കൂറിലും അഞ്ചുമിനിറ്റ് വീതം ഈവിധം മിന്നിത്തിളങ്ങുന്നു. പാരീസിന്റെ സൗന്ദര്യംനശിപ്പിക്കുന്ന ഇരുമ്പുകൂമ്പാരമെന്ന് ഒരിക്കൽ വിമർശനമേറ്റുവാങ്ങിയ നിർമിതിയാണ് ആ നഗരത്തിന്റെ സൗന്ദര്യവും അഭിമാനവുമായി നിൽക്കുന്നത്. 1889ൽ വേൾഡ് ഫെയറിനു നിർമിച്ച് 20 വർഷത്തിനുശേഷം പൊളിച്ചുകളയാനിരുന്നതായിരുന്നു ഈ ഗോപുരം എന്നുകേൾക്കുമ്പോൾ ഇപ്പോൾ അവിശ്വസനീയമായി തോന്നും.
അസാധ്യം ഒരു ഫ്രഞ്ച് വാക്കല്ല!
അവസാനമായി പാരിസിൽ ഞാൻ കൊതിച്ചുകാത്തിരുന്ന ദിവസമെത്തി. പൃഥ്വിരാജിന്റെ ശബ്ദത്തിൽ ഒരു ഡയലോഗ് മനസിൽ മന്ത്രിക്കുന്നുണ്ട്- കർണൻ, നെപ്പോളിയൻ, ഭഗത് സിംഗ് ഇവർ മൂന്നു പേരുമാണ് എന്റെ ഹീറോസ്! അസാധ്യമായി ഒന്നുമില്ലെന്ന് ചെറുപ്പത്തിലേ പഠിപ്പിച്ച, ലോകം തന്റെ കാൽക്കീഴിലാവുമെന്ന് ഉറച്ചുവിശ്വസിച്ച, ഫ്രാൻസിനെ ആകാശത്തോളം ഉയർത്തിയ, വാട്ടർലൂവിൽമാത്രം അടിപതറിയ ഒരു അഞ്ചടിക്കാരൻ സ്വപ്നം കണ്ട ആർക്ക് ഡി ട്രയംഫ് എന്ന നിർമിതി കൺമുന്നിൽ.
ഫ്രഞ്ച് സൈന്യത്തിന്റെ ധൈര്യവും വിജയങ്ങളും അനശ്വരസ്മൃതിയാക്കാൻ നിർമാണമാരംഭിച്ചതും, നെപ്പോളിയൻ 1815ൽ പരാജയപ്പെട്ടതോടെ നിർമാണംനിലച്ച് പിന്നീട് ലൂയി ഫിലിപ്പ് രാജാവ് പൂർത്തീകരിച്ചതുമായ വിജയ കമാനം. ഇന്ത്യാ ഗേറ്റിന്റെ നിർമാണത്തിനു പ്രചോദനമായ ആ കൂറ്റൻ കമാനത്തിനടുത്ത് നിൽക്കുമ്പോൾ വെറുമൊരു പടയാളിയായിവന്ന് കരയും കടലും ജയിച്ച, അരികുകളഞ്ഞ തൊപ്പിവച്ച ആ വെള്ളക്കുപ്പായക്കാരന്റെ സാന്നിധ്യം അനുഭവപ്പെടുന്നതുപോലെ...
യാത്ര അവസാനിപ്പിച്ച് തിരിച്ചു വിമാനമേറുമ്പോൾ രണ്ടു ലോകാത്ഭുതങ്ങൾ ഒരു യാത്രയിൽ കണ്ടതിനേക്കാൾ സന്തോഷിപ്പിച്ചത് വായിച്ചുമറന്ന ഒരായിരം കഥകളും ചരിത്രവും പത്രവാർത്തകളും കഥാപാത്രങ്ങളും ആശ്ചര്യത്തോടെ മനസിൽ തെളിഞ്ഞതാണ്. അടുത്ത യാത്രവരെ ഒഴുകിനടക്കാൻ ഈ ഊർജം ധാരാളം...
SUNDAY DEEPIKA
കഴിഞ്ഞ ബുധനാഴ്ച രാവിലെ പൂനെയ്ക്കടുത്ത ബാരാമതിയിൽ പ്രൈവറ്റ് ജെറ്റ് വീണു തകർന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ മരിച്ച അപകടം, ഏറെയൊന്നും ചർച്ചചെയ്യപ്പെട്ടിട്ടില്ലാത്ത, ഒരു വ്യോമയാന സുരക്ഷാപ്രശ്നത്തിലേക്കുമാണ് വിരൽ ചൂണ്ടുന്നത്- വിഐപി സിൻഡ്രോം.
രാജ്യങ്ങളുടെ പരമോന്നത നേതാക്കൾ, സേനാധിപർ, മന്ത്രിമാർ തുടങ്ങിയ അതിവിശിഷ്ട, വിശിഷ്ട യാത്രക്കാരുടെ സാന്നിധ്യം, വിമാനം പറത്തുന്നവരുടെ മേൽ ചെലുത്തുന്ന, ബോധപൂർവവും അല്ലാത്തതുമായ സമ്മർദം അപകടകരമാണെന്ന്, ലോകമെങ്ങും ഇത്തരം വിമാനങ്ങൾ ഉൾപ്പെട്ട ഒരുപിടി അപകടങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
യാത്രികന്റെ, യാത്രക്കാരുടെ പ്രാധാന്യം ഏറുംതോറും തടസമോ താമസമോ ഇല്ലാതെ വിമാനം എത്രയും വേഗം ലക്ഷ്യസ്ഥാനത്തിറക്കണം എന്ന തിടുക്കം ("get-there-itis') പൈലറ്റുമാർക്കുണ്ടാകുന്നതായാണ് വ്യോമയാന മനഃശാസ്ത്രത്തിൽ നടന്ന പല പഠനങ്ങളും സൂചിപ്പിച്ചിട്ടുള്ളത്. മോശം കാലാവസ്ഥ, സാങ്കേതിക പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം, സുരക്ഷാപ്രശ്നങ്ങളായല്ല, മറിച്ച് യാത്ര വൈകിക്കാൻ വന്നുകയറുന്ന തടസങ്ങളായി കാണുന്ന ഈ മാനസികാവസ്ഥയിൽ, കഴിയുന്നത്ര പ്രശ്നങ്ങൾ അവഗണിക്കാനാണ് പ്രേരണയുണ്ടാവുക.
പല വിഐപി വിമാനാപകടങ്ങളിലും സംശയിച്ചിട്ടുള്ളതുപോലെ, വേഗംപറക്കാൻ യാത്രക്കാർ പൈലറ്റിനോടു നേരിട്ട് ആവശ്യപ്പെടണമെന്നില്ല എന്നർഥം. പിന്നിൽ, കാബിനിൽ അവരുടെ സാന്നിധ്യംതന്നെ അത് ആവശ്യവും നിർബന്ധവുമാക്കും.
ഇനി, വിശിഷ്ട വ്യക്തിയുടെ സെക്രട്ടറി അദ്ദേഹത്തിന്റെയടുത്തുനിന്ന് ഏഴുന്നേറ്റുവന്ന്, ക്യാപ്റ്റന്റെ സീറ്റിനുപിന്നിൽ വെറുതേയൊന്നു നിൽക്കുകയോ മറ്റോ ചെയ്താലുണ്ടാകുന്ന സമ്മർദം അതിലെത്രയോ അധികമായിരിക്കുകയും ചെയ്യും.
2010 ഏപ്രിൽ 10ന് പോളിഷ് എയർ ഫോഴ്സ് വൺ, പിഎൽഎഫ് 101 എന്ന ടുപലേവ് ടിയു154 വിമാനം റഷ്യയിലെ സ്മൊളെൻസ്കിൽ വീണുതകർന്നത് വിഐപി സിൻഡ്രോം സൃഷ്ടിച്ച അപകടത്തിന്റെ മികച്ച ഉദാഹരണമായി ചൂണ്ടിക്കാണിക്കാറുണ്ട്. റഷ്യയിലെ സ്മൊളെൻസ്കിനടുത്ത കാറ്റിനിൽ, പോളിഷ് പട്ടാളക്കാരും പോലീസുകാരുമായിരുന്ന 22,000 പേരെ സോവിയറ്റ് യൂണിയൻ കൂട്ടക്കൊല ചെയ്തതിന്റെ എഴുപതാം വാർഷികം ആചരിക്കുന്ന ചടങ്ങളിൽ പങ്കെടുക്കാൻ വാഴ്സോയിൽനിന്ന് വരികയായിരുന്ന പോളിഷ് പ്രസിഡന്റ് ലെഹ്ക് കാഹ്ച്ചിൻസ്കീ അടക്കമു ള്ളവരായിരുന്നു വിമാനത്തിൽ.
അനുസ്മരണം നടക്കുന്ന സ്ഥലത്തിനടുത്തുള്ള സ്മൊളെൻസ്ക് നോർത്ത് എയർപോർട്ടിൽ വിമാനം ഇറക്കാൻ ശ്രമിക്കുമ്പോൾ സാമാന്യം നല്ല മഞ്ഞുവീഴ്ചയുണ്ടായിരുന്നു. 400 മീറ്ററിനപ്പുറം ഒന്നും കാണാൻകഴിയാത്ത അവസ്ഥയിൽ, റൺവേ കാണാൻ താഴ്ന്നിറങ്ങിവന്ന വിമാനം മരങ്ങളിലിടിച്ച് കീഴ്മേൽമറിഞ്ഞ് നിലത്തുവീണു തകർന്നു. ഏഴു വിമാനജോലിക്കാരും 89 യാത്രക്കാരുമായി വിമാനത്തിലുണ്ടായിരുന്ന 96 പേരിൽ ഒരാൾപോലും രക്ഷപ്പെട്ടില്ല.
പോളണ്ടിന്റെ സംയുക്ത സേനാ തലവന്റെ കോക്പിറ്റിലെ സാന്നിധ്യം, ഏതു വിധേനയും മോശം കാലാവസ്ഥയെ അവഗണിച്ചും ലാൻഡു ചെയ്യാൻ പൈലറ്റുമാരിൽ ചെലുത്തിയ മനഃശാസ്ത്രപരമായ നിർബന്ധമാണ് അപകടത്തിന്റെ പ്രധാന കാരമെന്നായിരുന്നു റഷ്യൻ അന്വേഷണസമിതിയുടെ കണ്ടെത്തൽ.
പോളണ്ടിന്റെ അന്വേഷകർ ഈ നിഗമനം എടുത്തുപറയുന്നില്ലെങ്കിലും, അനുസ്മരണച്ചടങ്ങു നടക്കാനിരുന്ന സ്ഥലത്തിന് ഏറ്റവും അടുത്തുള്ള സ്മൊളെൻസ്കിൽതന്നെ വിമാനമിറക്കാൻ പൈലറ്റിനുമേൽ സമ്മർദമുണ്ടായിരുന്നു എന്നു വ്യക്തം.
2002ൽ റുവാണ്ടയിലെ കിഗാലളി വിമാനത്താവളത്തിനടുത്ത്, റുവാണ്ട എയർ ഫ്ളൈറ്റ് 205, മോശം കാലാവസ്ഥയിൽ വീണുതകർന്നത് ഇതിനോട് സമാനമായ അപകടമായിരുന്നു. ഉന്നത സർക്കാർ ഉദ്യോഗസ്ഥരുണ്ടായിരുന്ന വിമാനം എത്രയുംവേഗം നിലത്തിറക്കാനുള്ള തത്രപ്പാട് അപകടമുണ്ടാക്കി എന്നായിരുന്നു റിപ്പോർട്ട്.
ഇറാൻ എയർഫോഴ്സിന്റെ മുതിർന്ന ഓഫീസർമാർ യാത്രക്കാരായിരുന്ന ഒരു സി130 വിമാനം 1981ൽ ടെഹ്റാനിൽ തകർന്നതും, 1989ൽ പാക്കിസ്ഥാൻ നാവികസേനയുടെ ഉന്നതോദ്യോഗസ്ഥരുമായി ഫോക്കർ 27 വിമാനം ടാൻഡോ മുഹമ്മദ് ഖാൻ വിമാനത്താവളത്തിനടുത്ത് വീണതും മറ്റ് ഉദാഹരണങ്ങൾ.
2021 ഡിസംബറിൽ, ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തും ഭാര്യയും മുതിർന്ന സേനാ ഉദ്യോഗസ്ഥരും യാത്രക്കാരായിരുന്ന, ഇന്ത്യൻ വ്യോമസേനയുടെ മി-17V-5 ഹെലികോപ്റ്റർ തമിഴ്നാട്ടിലെ കൂനൂരിൽ വീണുതകർന്ന്, ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരും മരിച്ച അപകടമുണ്ടാക്കിയത് മോശം കാലാവസ്ഥയിൽ അപകടകരമായ ഭൂപ്രദേശത്തു കൂടി പറന്നതാണെന്നാണ് റിപ്പോർട്ടിലെങ്കിലും അത്തരത്തിലുള്ള റിസ്ക് എടുക്കാൻ പൈലറ്റിനെ പ്രേരിപ്പിച്ചത് വിഐപി സിൻഡ്രോമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
കാഴ്ച മറയ്ക്കുന്ന മൂടൽമഞ്ഞിൽ മലമ്പ്രദേശത്തുകൂടി പറന്നതാണ് 2024 മേയ് 19ന് ഇറാൻ പ്രസിഡന്റ്് ഇബ്രാഹം റയ്സി, വിദേശകാര്യമന്ത്രി അമീർ അബ്ദൊല്ലഹിയാൻ എന്നിവരടക്കം എട്ടു യാത്രക്കാരും ബെൽ212 ഹെലികോപ്ടർ അസർബൈജാനിലെ വർസഖാനിൽ തകർന്ന് മരിക്കാനിടയായ അപകടമുണ്ടാക്കിയത്. ഇതിലും ലക്ഷ്യസ്ഥാനത്തിനു വളരെ അടുത്തുവച്ച്, മോശം കാലാവസ്ഥയിൽ വിവിഐപികളുമായുള്ള പറക്കൽ എന്ന അപകടസൂചനകളെല്ലാം ഒത്തുചേർന്നിരുന്നു.
യാത്രക്കാരായ അതിവിശിഷ്ട വ്യക്തികളുടെ സാന്നിധ്യം ചെലുത്താനിടയുള്ള അപകടരമായ സമ്മർദത്തിൽനിന്ന് പൈലറ്റുമാരെയും വിമാനത്തെത്തന്നെയും രക്ഷിക്കാൻ ഏറെ മാർഗങ്ങൾ നിർദേശിക്കുന്ന പഠനങ്ങളുണ്ടായിട്ടുണ്ട്. കാബിനും കോക്പിറ്റുമായി എല്ലാ അർഥത്തിലും വേർതിരിക്കുകയാണ് ഒന്നാമത്തേത്. യാത്രക്കാരായ വിഐപികളോടല്ല വിമാനം പറത്തുന്നതിന്റെ എസ്ഒപി (സ്റ്റാൻഡേഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ) അതേപടി പാലിക്കുന്നതിനു മാത്രമാണ് പൈലറ്റുമാർക്ക് ബാധ്യതയുള്ളത് എന്ന ബോധ്യം ഉറപ്പിക്കുക പ്രധാനം.
മോശം കാലാവസ്ഥപോലുള്ള സാഹചര്യങ്ങളിൽ വിമാനം യാത്രപുറപ്പെടണോ എന്ന തീരുമാനമെടുക്കാനുള്ള ചുമതല പൈലറ്റുമാരിൽനിന്നു മാറ്റി നിഷ്പക്ഷരായ, വിഐപികളെ പേടിക്കേണ്ടതില്ലാത്ത മൂന്നാംകക്ഷികൾക്കു നൽകുകയെന്നത് അടുത്തത്. പറക്കലിനിടെ വിമാന സുരക്ഷയ്ക്കായി പൈലറ്റ് എടുക്കുന്ന ഏതു തീരുമാനത്തിനും അധികൃതരുടെ പൂർണപിന്തുണയുണ്ടാവും എന്ന ഉറപ്പുനൽകുക എന്നത് മൂന്നാമത്തെ കാര്യം.
പൈലറ്റുമാർ തമ്മിൽ കൃത്യമായ ആശയവിനിമയം, ഉത്തരവാദിത്വങ്ങൾ പങ്കിടൽ, അരക്ഷിതമായ സാഹചര്യങ്ങളിൽ ക്യാപ്റ്റന്റെ തെറ്റായ നടപടിയെ മറികടക്കാനുള്ള കോപൈലറ്റിന്റെ സ്വാതന്ത്ര്യം- ഇവയെല്ലാം വിഐപികളുടെ ഇഷ്ടം സുരക്ഷയ്ക്കുപരിയായി കാണുന്നതിന് ഒരു പരിധിവരെ തടയിടും.
SUNDAY DEEPIKA
ഡാഫ്നെ ദു മോറിയർ - സ്വതന്ത്ര പരിഭാഷ
മാക്സിമിന്റെ വിളികേട്ട് ഫ്രിത്ത് ഓടിയെത്തി. കാര്യമറിയാതെ ഞാൻ അന്പരന്നുനിന്നു. മിസിസ് ഡാൻവേഴ്സ് അവിടെനിന്നു നീങ്ങി. ഫ്രിത്തിനോടു പറയുന്നതുകേട്ടു: ""കപ്പൽ ദിശതെറ്റി തീരത്തേക്കു കയറിയിരിക്കുന്നു. ഞാൻ നമ്മുടെ ഭാഗത്തെ മുനന്പിൽ നിന്നു നോക്കുകയായിരുന്നു. കെരിത്ത് തുറമുഖമാണെന്നു കരുതിയാവും കപ്പൽ മാൻഡെർലിയുടെ കടൽഭാഗത്തേക്ക് എത്തിയത്. നമ്മുടെ ഭാഗത്തെ ഉൾക്കടലിലാണ് ഇപ്പോഴത് ഇടിച്ചുകയറി നിൽക്കുന്നത്. കടലിനടിയിലെ പാറക്കൂട്ടത്തിൽ ശക്തിയായി ഇടിച്ചുകാണും. ഈ നിലയിൽ കപ്പലിനെ പെട്ടെന്നു നീക്കാനാവില്ല.''
ഇത്രയും കാര്യങ്ങൾ ഒറ്റ ശ്വാസത്തിലാണ് മാക്സിം പറഞ്ഞുതീർത്തത്.
""ഇപ്പോൾ എന്താണു ചെയ്യേണ്ടത് സാർ?''
""കപ്പലിന്റെ ആളുകൾ ഇവിടെ വരികയാണെങ്കിൽ അവർക്ക് എന്തെങ്കിലും കഴിക്കാനോ കുടിക്കാനോ കൊടുക്കണം. ആ മര്യാദ നമ്മൾ കാണിക്കണം. അവർ എത്രപേരുണ്ടെങ്കിലും സാരമില്ല. അതിനുവേണ്ട ഏർപ്പാടുകൾ ചെയ്യൂ. മിസിസ് ഡാൻവേഴ്സിനോടും പറയൂ. വേറെ എന്തെങ്കിലും അവർ ആവശ്യപ്പെടുകയാണെങ്കിൽ ഓഫീസിലേക്കു വിളിച്ചേക്ക്. ഉണ്ടായ സംഭവം ഫ്രാങ്കിനോടു പറഞ്ഞോളൂ.''
""ശരി സാർ.''
""ഞാൻ ഇപ്പോൾതന്നെ അങ്ങോട്ടു തിരിച്ചുപോവുകയാണ്. അവർക്കുവേണ്ടി നമ്മുടെ ഭാഗത്തുനിന്ന് എന്തെങ്കിലും ചെയ്തുകൊടുക്കാൻ കഴിഞ്ഞാൽ അത്രയും ഉപകാരമാവുമല്ലോ.''
ഇത്രയും പറഞ്ഞ് മാക്സിം തിടുക്കത്തിൽ മടങ്ങിപ്പോയി. എന്നെയൊന്നു കാണാനോ എനിക്കൊന്നു മിണ്ടാനോ ഇടയുണ്ടായില്ല. ഞാൻ ഗോവണിയിറങ്ങി താഴെ വന്നു. ഡൈനിംഗ് റൂമിലേക്കു പോകുന്ന ഫ്രിത്ത് എന്നെക്കണ്ട് അരികിലേക്കു വന്നു.
""സാർ ഒരു പായ്ക്കറ്റ് സിഗരറ്റുമെടുത്ത് ഇപ്പോൾത്തന്നെ ബീച്ചിലേക്കു തിരിച്ചുപോയി. അവിടെ ഒരു കപ്പൽ അപകടത്തിൽപ്പെട്ടുവത്രേ. അതു കാണാൻ ഒരുപാടാളുകൾ തടിച്ചുകൂടിയിട്ടുണ്ടെന്ന്.''
അവിടേക്കു പോകാൻ, അതൊന്നു കാണാൻ എന്റെ മനസു വെന്പി. ഇതിനകം മഞ്ഞെല്ലാം നീങ്ങി. ആകാശം തെളിഞ്ഞു. ഒളിച്ചുനിന്ന സൂര്യൻ തീക്ഷ്ണതയോടെ പുറത്തുവന്നു. കൂടുതലൊന്നും ചിന്തിച്ചില്ല. ഞാൻ ലോണിലൂടെ, വൃക്ഷങ്ങളുടെ തണലിലൂടെ വേഗംനടന്ന് കുന്നിറങ്ങി ബീച്ചിലേക്കു നീങ്ങി.
ഒരുപാടകലെ കപ്പലും കിഴുക്കാംതൂക്കായ പൊക്കമേറിയ പാറയും കണ്ടു. അതുകാണാൻ ഒരു ജനക്കൂട്ടംതന്നെ അവിടെയെത്തിയിട്ടുണ്ട്. കുറേ നീങ്ങിമാറി ഞാനും നിന്നു. മോട്ടോർ ബോട്ടുകളും ലൈഫ് ബോട്ടുകളും തുഴവള്ളങ്ങളും വേണ്ടതുപോലെ പ്രവർത്തിക്കുന്നുണ്ട്. അധികാരപ്പെട്ട ഒരാൾ മെഗാഫോണിലൂടെ എന്തൊക്കെയോ വിളിച്ചുപറയുന്നുണ്ട്. കപ്പൽ അധികാരികളും ക്യാപ്റ്റനും നാവികരും മറ്റു ജോലിക്കാരും തിരക്കിട്ട് പലതും ചെയ്തുകൊണ്ടിരിക്കുന്നു.
കൂട്ടത്തിൽ ഞാൻ നിൽക്കുന്നതുകണ്ട് ഫ്രാങ്ക് അകലെനിന്ന് എന്റെനേരേ കൈവീശി. എന്നെ മനസിലാക്കിയ ഒരു കോസ്റ്റ് ഗാർഡിനോട് ""മാക്സിമിനെ കണ്ടോ'' എന്നു ഞാൻ ചോദിച്ചു. ""അദ്ദേഹം ഒരു നാവികന്റെ കൂടെ എന്തോ കാര്യത്തിനു പോകുന്നതുകണ്ടു'' എന്നു മറുപടി.
""ഇനി എന്തുചെയ്യാൻ പോകുന്നു?'' ഞാൻ ചോദിച്ചു.
""കപ്പലിനെ ഉയർത്താൻ നോക്കിയിട്ട് ശ്രമം വിജയിച്ചില്ല. എത്ര അത്യധ്വാനം ചെയ്താലും പറ്റുമെന്നു തോന്നുന്നില്ല. കെരിത്തിൽനിന്നു ഹാർബർ മാസ്റ്റർ എത്തിയിട്ടുണ്ട്. ഒരു മുങ്ങൽ വിദഗ്ധനെവിട്ട് കപ്പലിന്റെ അടിഭാഗം തകർന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് നീക്കം.''
ഞങ്ങൾ സംസാരിച്ചുനിൽക്കുന്പോൾ ഫ്രാങ്ക് എത്തി.
""ശ്രമമൊന്നും വിജയിച്ചിട്ടില്ല അല്ലേ?''
""സമയമെടുക്കും. എന്താണു സംഭവിച്ചതെന്ന് കൃത്യമായി അറിയാനാണ് അടുത്ത ശ്രമം.''
""സമയം ഒന്നരയായി. വരൂ മാഡം, നമുക്ക് ഒരുമിച്ചു ലഞ്ചു കഴിക്കാം.''
""ഞാൻ അല്പംകൂടി കഴിഞ്ഞു വരാം.''
""ഇവിടെ എത്ര നിന്നാലും കാര്യമില്ല.''
""ഫ്രാങ്ക് പൊയ്ക്കോളൂ. ഞാൻ ലഞ്ച് പിന്നീടു കഴിച്ചോളാം.''
ഫ്രാങ്ക് പോയി. ഞാൻ കപ്പലിന്റെ ഭാഗത്തേക്കുതന്നെ കുറേനേരം നോക്കിനിന്നു. കപ്പൽജോലിക്കാരുടെ വിവിധ പ്രവർത്തനങ്ങൾ കൗതുകത്തോടെ ശ്രദ്ധിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ കോസ്റ്റ് ഗാർഡ് മറ്റെന്തോ കാര്യത്തിനായി പോയി.
ഞാൻ വാച്ചു നോക്കി. സമയം മൂന്നായിരിക്കുന്നു. തിരിച്ചു വീട്ടിലേക്കു മടങ്ങി. വൃക്ഷങ്ങൾ തണൽപാകിയ വഴിയിലൂടെ നടന്ന് റോസ് ഗാർഡൻ വഴി, മുറ്റത്തെ ലോണ്‍ കടന്ന്, വീടിനെ നോക്കി. എന്തുകൊണ്ടോ മുന്‍പു തോന്നിയതിനേക്കാൾ കൂടുതൽ അഴകും ശാന്തിയും സ്വച്ഛതയും വീടിനുണ്ടെന്നു തോന്നി. കഴിയുംവിധം എല്ലാവർക്കും അഭയവും ആശ്രയവും നൽകുന്ന, ഉദാരമായി ഏവരേയും സൽക്കരിക്കുന്ന അനുഗൃഹീതമായ ഇടം. മുന്‍പു തോന്നിയതിനേക്കാൾ കൂടുതൽ ആത്മാഭിമാനം ഈ ഭവനത്തെക്കുറിച്ച് ഇപ്പോൾ എനിക്കു തോന്നുന്നു. ഇത് എന്റെ വീടാണ്. മാൻഡെർലി എന്റെയാണ്, ഞാൻ ഇവിടെ കഴിയുന്നു.
ഹാളിൽക്കൂടി കടന്ന് ഞാൻ ഡൈനിംഗ് റൂമിലേക്കു പോയി. റോബർട്ട് അവിടെയുണ്ടായിരുന്നു.
""റോബർട്ട്! മാക്സിം ഇവിടെ എത്തിയോ?''
""രണ്ടു മണിയായപ്പോൾ സാറുവന്ന് ലഞ്ച് കഴിച്ച് വേഗം തിരിച്ചുപോയി. മാഡം എവിടെയാണെന്നു ചോദിച്ചു. ഞാൻ ലഞ്ച് വിളന്പട്ടെ?''
""വേണ്ട. ചായയും ബ്രഡും ബട്ടറും മതി.''
ഞാൻ ലൈബ്രറിയിലേക്കു പോയി. ചുമ്മാ പത്രമെടുത്ത് അതിൽ കണ്ണോടിച്ച് ഇരുന്നു. അപ്പോഴേക്കും റോബർട്ട് ചായകൊണ്ടുവന്ന് തിരിച്ചുപോയി. അത് കഴിച്ചു പൂർത്തിയായപ്പോഴേക്കും റോബർട്ട് വീണ്ടും വന്നു.
""സാറ് ഇതുവരെ എത്തിയിട്ടില്ല.''
""അതെ. എന്താ മാക്സിമിനെ ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ?''
""ഉവ്വ് മാഡം. കെരിത്തിലെ ഹാർബർ മാസ്റ്റർ ക്യാപ്റ്റൻ ഡെറിൽ ഫോണിൽ വിളിക്കുന്നു. അദ്ദേഹം ചോദിക്കുന്നു ഇവിടെ വന്നാൽ മാക്സിം സാറിനെ ഒറ്റയ്ക്കു കണ്ടു സംസാരിക്കാൻ പറ്റുമോയെന്ന്.''
""മാക്സിം ഇവിടെയില്ല. അഞ്ചു മണിക്കു ശേഷം വിളിക്കാൻ പറയൂ.''
അപ്രകാരം റോബർട്ട് പോയി. നിമിഷങ്ങൾക്കകം തിരിച്ചുവന്നിട്ടു പറഞ്ഞു:
""അദ്ദേഹം പറയുന്നു, മാഡത്തിനു സൗകര്യമാണെങ്കിൽ അദ്ദേഹം ഇങ്ങോട്ടുവന്നു സംസാരിക്കാമെന്ന്. വളരെ അർജന്റ് കാര്യമാണത്രേ. ഫ്രാങ്ക് സാറിനെ വിളിച്ചിട്ടു കിട്ടിയില്ലെന്ന് ക്യാപ്റ്റൻ പറയുന്നു.''
""ശരി. അർജന്റാണെങ്കിൽ വരാൻ പറയൂ!''
റോബർട്ട് പോയി. ക്യാപ്റ്റൻ വരുന്പോൾ ഞാനെന്താണ് പറയേണ്ടത്? വരുന്നത് കരയിൽ ഇടിച്ചുകയറിയ കപ്പലിനെക്കുറിച്ചു സംസാരിക്കാനാണ്. ഇതിൽ മാക്സിമിനെ കാണേണ്ട കാര്യമെന്താണ്? ഇടിച്ചുകയറിയത് മാൻഡെർലിയുടെ അതിർത്തിയായ ഉൾക്കടലിലേക്കാണ്. അവിടെ പാറ പൊട്ടിക്കാനോ മറ്റോ മാക്സിമിന്റെ അനുവാദം വേണം. ക്യാപ്റ്റൻ ഈ വക സംഗതികൾ എന്നോടു പറഞ്ഞിട്ടെന്താ കാര്യം?
കുറച്ചുകഴിഞ്ഞപ്പോൾ ക്യാപ്റ്റൻ ഡെറിൽ ഒൗദ്യോഗിക വേഷത്തിൽ കാറിൽ എത്തി. ഹസ്തദാനം നൽകി ഞാനദ്ദേഹത്തെ സ്വീകരിച്ചിരുത്തി. ഞാൻ പറഞ്ഞു:
""കപ്പലിന്റെ ഈ അപകടം വല്ലാത്ത ഒരു പ്രശ്നമായി അല്ലേ? അത് ഉയർത്താനുള്ള ശ്രമം എന്തായി?''
ക്യാപ്റ്റൻ ഡെറിൽ കൈകൊണ്ട് ഒരു വട്ടംവരച്ചു. ""കപ്പലിന്റെ അടിഭാഗത്ത് വലിയൊരു ദ്വാരവും ഒരു പൊട്ടലുമുണ്ട്. അതിനെ കേടുതീർത്ത് തിരിച്ചുകൊണ്ടുപോകാൻ പറ്റില്ല. അത് അതിന്റെ കന്പനിയുടമ നോക്കട്ടെ. മാഡം, ഞാനിവിടെ വരാൻ ഇടയാക്കിയത് കപ്പലാണെങ്കിലും, ഞാനിപ്പോൾ വന്നത് കപ്പലിന്റെ കാര്യം പറയാനല്ല. സുപ്രധാനമായ ഒരു ന്യൂസ് മിസ്റ്റർ മാക്സിമിനെ അറിയിക്കാനുണ്ട്. അത് എങ്ങനെ അദ്ദേഹത്തോടു പറയും എന്ന വിഷമസന്ധിയിലാണ് ഞാൻ.''
""ഉത്കണ്ഠയോടെ ഞാൻ ചോദിച്ചു: എന്തു ന്യൂസാണ് ക്യാപ്റ്റൻ ഡെറിൽ?!''
""അത്ര സന്തോഷമുള്ള കാര്യമല്ല എനിക്കു പറയാനുള്ളത്. നിങ്ങൾക്കും നിങ്ങളുടെ ഭർത്താവിനും വിഷമവും വേദനയുമുണ്ടാക്കുന്ന ഒരു സംഗതിയാണ്. കെരിത്തിലെ ഞങ്ങൾക്കെല്ലാവർക്കും മിസ്റ്റർ മാക്സിമിനെയും കുടുംബത്തേയും അറിയാം. ഒട്ടേറെ നല്ലകാര്യങ്ങൾ സമൂഹത്തിനു ചെയ്യുന്ന വിശാലഹൃദയനും ഉദാരമനസ്കനുമാണ് അദ്ദേഹം. അങ്ങനെയൊക്കെയാണെങ്കിലും മാഡത്തിനും അദ്ദേഹത്തിനും പ്രയാസമുണ്ടാക്കുന്ന ഒരു സത്യം മറച്ചുവയ്ക്കാനാവില്ല. ഈ സാഹചര്യത്തിൽ അതെങ്ങനെ മാഡത്തിനോടു പറയണമെന്നറിയില്ല.''
മുറിയിൽ ഞങ്ങൾ രണ്ടുപേർ മാത്രമാണുള്ളതെങ്കിലും അല്പം സ്വരം താഴ്ത്തി അദ്ദേഹം പറഞ്ഞു: ""കപ്പലിന്റെ അടിഭാഗം പരിശോധിക്കാനായി മുങ്ങൽ വിദഗ്ധൻ പോയി. അവിടെ ചെന്നപ്പോൾ സൂക്ഷ്മപരിശോധനയിൽ അയാൾ കണ്ടത് കപ്പലിന്റെ അടിഭാഗത്തെ തകർച്ച മാത്രമല്ല. വേറെ ഏതെങ്കിലും ഭാഗത്തു നാശം സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ കപ്പലിന്റെ മറ്റൊരു പള്ളവശത്തു പരിശോധന നടത്തിയപ്പോൾ അവിടെ ഒരു സഞ്ചാരബോട്ട്- യാതൊരു കേടുപാടുകളുമില്ലാത്ത ബോട്ട്- കണ്ടെത്തി. മുങ്ങിയ ആൾ ഈ നാട്ടുകാരനായതുകൊണ്ട് അയാൾ ബോട്ട് വേഗം തിരിച്ചറിഞ്ഞു. അതു മിസിസ് മാക്സിമിന്റെ ബോട്ടായിരുന്നു.''
""കേൾക്കുന്പോൾ വല്ലാത്ത പ്രയാസം തോന്നുന്നുണ്ട്. ആരും പ്രതീക്ഷിക്കാത്തതാണിത്. ഇതു മാക്സിമിനോടു പറയണോ? ആ ബോട്ട് അവിടെ അങ്ങനെ കിടന്നോട്ടെ. ആർക്കും ഒരു ഉപദ്രവവുമില്ലല്ലോ?''
""അതേ. സാധാരണനിലയിൽ അതു മതി. കുത്തിപ്പൊക്കി പ്രശ്നമുണ്ടാക്കാൻ ഈ ഭൂമിയിൽ ഇതറിയാവുന്നതു ഞാൻ മാത്രമേയുള്ളൂ. എനിക്ക് ഏറെ മതിപ്പുള്ള മിസ്റ്റർ മാക്സിമിനെ സഹായിക്കാൻ എനിക്കു സന്തോഷവുമാണ്. പക്ഷേ അവിടംകൊണ്ടും കാര്യം അവസാനിക്കുന്നില്ല.''
""എന്താ? എന്താ കാര്യം?''
""എന്റെ ആൾ ആ ബോട്ടിനുചുറ്റും നടന്നു പരിശോധിച്ചപ്പോൾ വേറെ പ്രധാനപ്പെട്ട ഒരു സംഗതി കണ്ടുപിടിച്ചു. ബോട്ടിന്റെ കാബിൻ ഡോർ മുറുക്കിയടച്ചിരിക്കുന്നു. ഉള്ളിലെന്താണെന്നറിയാൻ അയാൾ വെള്ളത്തിനടിയിൽനിന്ന് ഒരു പാറക്കഷണമെടുത്ത് അതുകൊണ്ട് ഒരുവശം തട്ടിപ്പൊട്ടിച്ചു. എന്നിട്ട് കാബിന്റെ ഉള്ളിലേക്കു നോക്കി. അതു നിറയെ വെള്ളം. ബോട്ടിനടിയിലെ ദ്വാരത്തിലൂടെ കയറിയതാണ്. ബോട്ടിനു വേറെ കേടൊന്നുമില്ല.
പിന്നെ അയാൾ കണ്ടത് ഉൾക്കിടിലമുണ്ടാക്കിയ ഒരു കാഴ്ചയാണ്.''
ക്യാപ്റ്റൻ ഒന്നു നിർത്തി. മറ്റാരും ഇതു കേൾക്കുന്നില്ലല്ലോയെന്ന് ബോധ്യപ്പെട്ടശേഷം പറഞ്ഞു: ""കാബിൻ ഫ്ളോറിൽ ഒരു ബോഡി കിടക്കുന്നു. അതിൻമേൽ മാംസമൊന്നുമില്ല. എല്ലാം അലിഞ്ഞു പോയിരിക്കുന്നു. മനുഷ്യശരീരമാണെന്നു വ്യക്തം. തലയോടും വിരലുകളും കണ്ടു. തെരച്ചിൽ നിർത്തി ആ മനുഷ്യൻ ഈ വിവരങ്ങളെല്ലാം നേരേ വന്ന് എനിക്കു റിപ്പോർട്ട് ചെയ്തു...''
ഇതെല്ലാം കേട്ട് അന്ധാളിച്ചും ഭയന്നും ഞാനിരുന്നു.
""മിസ്റ്റർ മാക്സിമിനെ നേരിട്ടു കാണണമെന്നു പറഞ്ഞതിന്റെ കാര്യം ഇപ്പോൾ മാഡത്തിനു മനസിലായില്ലേ?''
""റെബേക്ക ബോട്ടുസവാരി ഒറ്റയ്ക്കു നടത്തിയെന്നാണ് ഞാൻ കേട്ടിട്ടുള്ളത്. താങ്കൾ പറഞ്ഞതിൽനിന്ന് മനസിലാവുന്നത് അന്ന് അവളോടൊപ്പം വേറെ ആരോ യാത്രചെയ്തിട്ടുണ്ട്. അത് ആരായിരിക്കും? എന്നിട്ട് എന്തുകൊണ്ട് ഒരാൾമാത്രം കാബിനിൽ? അവളെ കണ്ടെടുത്തത് മാസങ്ങൾക്കുശേഷം നാഴികകൾ അകലെനിന്ന്. എല്ലാം ദുരൂഹമായിരിക്കുന്നു.''
""എന്തായാലും കണ്ടെത്തിയ ബോഡിയുടെ അംശങ്ങൾ അവിടെയുണ്ട്. അത് ഞങ്ങൾക്കു റിപ്പോർട്ട് ചെയ്യാതെ പറ്റില്ല. അതെന്റെ ഡ്യൂട്ടിയാണ്. പത്രവാർത്ത വരും. കാര്യങ്ങൾ പരസ്യമാകും. എന്തുചെയ്യാം. എനിക്കു വല്ലാത്ത ഖേദമുണ്ട്. വിവാഹം കഴിഞ്ഞ് ശാന്തമായും സമാധാനമായും സന്തോഷത്തോടെ കഴിയാൻ ആഗ്രഹിച്ച മാഡത്തിനും മിസ്റ്റർ മാക്സിമിനും ഇങ്ങനെയൊരു പ്രതിസന്ധി...''
ഈ സമയത്ത് വാതിലിൽ ആരോ മുട്ടി. തുറന്നപ്പോൾ കടന്നുവന്നത് മാക്സിം. ക്യാപ്റ്റൻ ഡെറിലിനെ കണ്ട് വല്ലാതെ ആശ്ചര്യപ്പെട്ടു.
""ഹലോ, ക്യാപ്റ്റൻ ഡെറിൽ! അവർ പരസ്പരം ഹസ്തദാനം ചെയ്തു.''
""അവിടെ എന്താ സംഭവിച്ചിരിക്കുന്നത്? താങ്കൾ ഇവിടെ വരാൻ എന്താണ് പ്രത്യേകിച്ച്?''
എനിക്കവിടെ നിൽക്കാൻ തോന്നിയില്ല. മാക്സിമിന്റെ മുഖത്തുനോക്കാതെ ഒരു ഭീരുവിനെപ്പോലെ ഞാൻ മുറിയിൽനിന്നു പുറത്തുകടന്നു. ഹാളിലേക്കു പോയി വാതിലിൽ ചാരിനിന്നു. അല്പം കഴിഞ്ഞു ടെറസിൽ പോയി ഇരുന്നു.
വിവിധ ചിന്തകള്‍ മനസില്‍ കുത്തിമറിയുന്നു. ആശങ്ക, അധൈര്യം, ഭയം, ലജ്ജാശീലം, പ്രത്യാശയില്ലായ്മ, അപകര്‍ഷബോധം, ഉത്കണ്ഠ തുടങ്ങിയ ഒട്ടേറെ കുറവുകള്‍ എന്നില്‍ ലയിച്ചുകിടപ്പുണ്ട്. അവയെ കീഴടക്കി പുറന്തള്ളണം. ഇതില്‍ ഞാന്‍ പരാജയപ്പെട്ടാല്‍ എന്നും ഞാന്‍ പരാജയപ്പെടും. ഇനി ഒരവസരമില്ല. ആത്മധൈര്യത്തിനും അനുഗ്രഹങ്ങള്‍ക്കുമായി ദൈവത്തോട് മനംനൊന്തു പ്രാര്‍ഥിച്ചു.
പച്ചവിരിച്ച ലോണും സുഗന്ധം പൊഴിച്ചുനില്‍ക്കുന്ന പൂക്കളുംനോക്കി നാലഞ്ചുമിനിറ്റുകള് അവിടെയിരുന്നു. ക്യാപ്റ്റന്‍ ഡെറിലിന്റെ കാര്‍ തിരിച്ചുപോകുന്നതുകണ്ടു. അദ്ദേഹം മാക്സിമിനോട് എല്ലാ കാര്യങ്ങളും തുറന്നു സംസാരിച്ചുകാണും. ഞാന്‍ ടെറസില്‍നിന്ന് എഴുന്നേറ്റ് ഹാള്‍ വഴി ലൈബ്രറിയിലേക്കു കടന്നുചെന്നു. മാക്സിം ജനാലയ്ക്കരികേ ചിന്താമൂകനായി പുറംതിരിഞ്ഞുനില്‍ക്കുകയാണ്. ഞാന്‍ വാതിലിനരികേ കാത്തുനിന്നു. അപ്പോഴും ഇങ്ങോട്ടു തിരിഞ്ഞിട്ടില്ല. ഞാന്‍ അരികില്‍ച്ചെന്ന് മാക്സിമിന്റെ ഒരു കൈയെടുത്ത് എന്റെ കവിളില്‍ അമര്‍ത്തി. എന്നോടൊന്നും പറഞ്ഞില്ല. അതേ നില്പ് തുടര്‍ന്നു.
ഞാന്‍ പറഞ്ഞു: ""അയാം സോറി... വെരി വെരി സോറി.''
അപ്പോഴും ഒന്നും മിണ്ടിയില്ല. ആ കൈ തണുത്തിരിക്കുന്നു. കൈയിന്റെ പുറംപത്തിയില് ഞാന്‍ ചുംബിച്ചു, പിന്നെ ഓരോ വിരലുകളിലും.
""മാക്സിം ഒന്നും ഒറ്റയ്ക്കു സഹിക്കേണ്ട. വേദനകള്‍ നമുക്ക് ഒരുമിച്ചു പങ്കുവയ്ക്കാം. എല്ലാത്തിനും ഞാന്‍ ഒപ്പമുണ്ട്. ഇരുപത്തിനാലു മണിക്കൂറുകള്‍കൊണ്ട് ഞാന്‍ ഒരുപാട് മുതിര്‍ന്നു. മേലില്‍ ഞാനൊരു കുട്ടിയല്ല.''
മാക്സിം എന്റെ തോളില്‍ കൈയിട്ട് എന്നെ ചുറ്റിപ്പിടിച്ച് ദേഹത്തോടു ചേര്‍ത്തു. ഞാന്‍ പുളകംപൂണ്ടുനിന്നു. എന്റെ യാചനാസ്വരം: ""എന്നോടു ക്ഷമിക്കൂ... ക്ഷമിക്കില്ലേ?''
""ക്ഷമിക്കുകയോ? എന്തു ക്ഷമിക്കാന്‍?''
""ഇന്നലെ രാത്രി... ഞാനതു മനഃപൂര്‍വം ചെയ്തതാണെന്ന് മാക്സിം ധരിച്ചു.''
""ഓ, അതോ? ഞാനതു മറന്നുകഴിഞ്ഞു. നിന്നോടു ഞാന്‍ ദേഷ്യപ്പെട്ടു അല്ലേ? സാരമില്ല.''
""മാക്സിം! ഇന്നുമുതല്‍ നമുക്ക് എല്ലാം പുതുതായി തുടങ്ങാം. പ്രശ്നങ്ങളെ ഒന്നിച്ചു നേരിടാം. ഞാന്‍ ഭാര്യ മാത്രമല്ല, മാക്സിമിന്റെ സ്നേഹിതയും വഴികാട്ടിയുമാണ്.''
മാക്സിം എന്റെ മുഖം ഇരുകൈകളിലുമൊതുക്കി എന്നെ ഉറ്റുനോക്കി. ""പ്രിയേ! നീ എന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ട്?''
അതിനു മറുപടി പറയാന്‍ കഴിയാതെ മാക്സിമിന്റെ വാടിയ മുഖത്തേക്ക് ഞാന്‍ നോക്കിനിന്നു.
""വൈകിപ്പോയി. എല്ലാം വൈകിപ്പോയി. കുറച്ചെങ്കിലും സന്തോഷം ലഭിക്കാനുള്ള അവസരം നഷ്ടപ്പെട്ടു.''
""ഇല്ല മാക്സിം, ഇല്ല.''
""ഉവ്വ്. എല്ലാം കൈവിട്ടുപോയി. അതു സംഭവിച്ചുകഴിഞ്ഞു.''
""ഏത്?''
""മുമ്പേ ഞാനിതു പ്രതീക്ഷിച്ചിട്ടുണ്ട്. എല്ലാ ദിവസവും, രാവും പകലും! സന്തോഷവും സൗഭാഗ്യവും എനിക്കും നിനക്കും വിധിച്ചിട്ടില്ല.''
""എന്താ? എന്താ ഉദ്ദേശിക്കുന്നത്? എന്നോടു പറയൂ!''
എന്റെ കൈകള്‍ പിടിച്ച്, എന്റെ മുഖത്തേക്കു നോക്കി പറഞ്ഞു: ""റെബേക്ക വിജയിച്ചു.''
ഞാന്‍ അന്ധാളിച്ചുനിന്നു. എന്റെ ഹൃദയമിടിപ്പു കൂടി.
""അവളുടെ നിഴല്‍! നമുക്കിടയില്‍! എല്ലായ്പ്പോഴും! അതു ക്രൂരമായി നമ്മളെ വേട്ടയാടുന്നു, പരസ്പരം അകറ്റുന്നു. നിന്നെ ഇങ്ങനെ പിടിക്കുമ്പോഴും എന്റെ പ്രിയേ, എന്റെ ഓമനേ ഇത് ഇന്നല്ലെങ്കില്‍ നാളെ സംഭവിക്കുമെന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. അവള് മരിക്കുന്നതിനുമുമ്പ് അവളുടെ കണ്ണുകള്‍ എന്നെ നോക്കിയത് ഞാന്‍ ഓര്‍ക്കുന്നു. ഇങ്ങനെ സംഭവിക്കുമെന്ന് അവള് മുന്‍കൂട്ടി കണ്ടു. അവസാനം അവള് ജയിക്കുമെന്ന് അവള് മനസിലാക്കി.''
""മാക്സിം! എന്താണീ പറയുന്നത്? മനസിലാവുന്നില്ല.''
""അവളുടെ ബോട്ട് അവര്‍ കണ്ടെത്തി. മുങ്ങിത്തപ്പിയവന് അതു കണ്ടെത്തി.''
""അതേ. ക്യാപ്റ്റന്‍ ഡെറില്‍ അതെന്നോടു പറഞ്ഞു. ബോഡിയെക്കുറിച്ചാണോ ചിന്തിക്കുന്നത്? അതു ബോട്ടിന്റെ കാബിനുള്ളില്‍ കണ്ടെന്ന്.''
""അതേ. കണ്ടു.''
""ബോട്ടില്‍ റെബേക്ക ഒറ്റയ്ക്കായിരുന്നില്ല. ആ സമയത്തു വേറെയാരോ കൂടെയുണ്ടായിരുന്നു. അതാരായിരുന്നു എന്ന് മാക്സിമിന് ഊഹിക്കാന്‍ കഴിഞ്ഞോ?''
""ഇല്ല. നിനക്കിതൊന്നും മനസിലാവില്ല.''
""പറയൂ. കാര്യങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും അറിയാനല്ലേ? മാക്സിമിനെ സഹായിക്കാനല്ലേ ചോദിക്കുന്നത്?''
""റെബേക്കയോടൊപ്പം ആരുമുണ്ടായിരുന്നില്ല. അവള് ഒറ്റയ്ക്കായിരുന്നു.''
""ഇതു പറയുമ്പോള്‍ മാക്സിമിന്റെ കണ്ണുകളും മുഖഭാവവും ഞാന്‍ ശ്രദ്ധിക്കുകയായിരുന്നു.''
""കാബിന് ഫ്ളോറില്‍ കണ്ടത് റെബേക്കയുടെ ബോഡിയായിരുന്നു.''
""അല്ല, അല്ല. ഒരിക്കലുമല്ല.''
""പള്ളിക്കല്ലറയില്‍ അടക്കംചെയ്തത് റെബേക്കയെ അല്ല. ആരുമാരുമറിയാത്ത, അവകാശികളില്ലാത്ത, എവിടെയോ ഉള്ള ഏതോ ഒരു പെണ്ണിനെയാണ്. ഒരു ബോട്ടപകടവും ഉണ്ടായിട്ടില്ല. റെബേക്ക മുങ്ങിമരിച്ചതല്ല. ഞാന്‍... ഞാന്‍... അവളെ കൊന്നു! ഷൂട്ടുചെയ്ത് കൊന്നു...!! കോട്ടേജില്വച്ച്.. ബോഡി ഞാന്‍ കാബിനിലേക്കു മാറ്റി. ആ രാത്രിതന്നെ ബോട്ട് ഞാന്‍ പുറത്തേക്കു നീക്കി. അവിടെ അതു മുങ്ങി. ഇന്നു കണ്ടെത്തിയ അതേ സ്ഥലത്ത്. അതു റെബേക്കയുടേതാണ്, മറ്റാരുടേയുമല്ല.''
ഇതെല്ലാം കേട്ട് നടുങ്ങി വിറങ്ങലിച്ച് ശ്വാസംനിലച്ച മട്ടില്‍ ഞാന്‍ നിന്നു. ഇത്രയും പറഞ്ഞ ആയാസത്തില്‍ മാക്സിം നിമിഷങ്ങളോളം മിണ്ടാതെനിന്നു. എന്നിട്ടു ഭാവഗാംഭീര്യത്തോടെ, വിറയാര്‍ന്ന സ്വരത്തില്‍ എന്നോടു ചോദിച്ചു: ""ഇപ്പോള്‍ എന്റെ മുഖത്തേക്കു നോക്കി, എന്റെ കണ്ണുകളിലേക്കു നോക്കി പറയൂ! ഇപ്പോഴും നിനക്കെന്നെ സ്നേഹിക്കാന്‍ കഴിയുന്നുണ്ടോ?... എന്നെ നീ വെറുക്കുമോ?''
ഒന്നും പറയാനാവാതെ, വികാരാധീനയായി, ഒരു കരച്ചിലോടെ ഞാന്‍ മാക്സിമിനെ വട്ടംകെട്ടിപ്പിടിച്ചു.
(തുടരും)
SUNDAY DEEPIKA
ചിന്താവിഷയം
ബാലസാഹിത്യം, നോവൽ, കവിത എന്നിവയിലൂടെ സാഹിത്യപ്രേമികളുടെ ശ്രദ്ധപിടിച്ചുപറ്റിയ അമേരിക്കൻ എഴുത്തുകാരിയാണ് ജിൽ നൈമാർക്ക്. അവർ പ്രസിദ്ധീകരിച്ച "ബ്ലഡ് സോംഗ്' എന്ന നോവൽ ജർമൻ, ഇറ്റാലിയൻ, ഹീബ്രൂ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ജിൽ പ്രസിദ്ധീകരിച്ച ബാലസാഹിത്യകൃതികളിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ഒന്നാണ് "ദ ഹഗിംഗ് ട്രീ'. ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്ന കഥ ചുരുക്കമായി ഇവിടെ കുറിക്കട്ടെ:
കടൽത്തീരത്തുള്ള കിഴുക്കാംതൂക്കായ ഒരു പാറ. ആ പാറയുടെ ഒരറ്റത്തു വളരുന്ന ഒരു ചെറിയ മരം. മണ്ണ് അധികമില്ലാത്ത സ്ഥലമായിരുന്നു അത്. താൻ എങ്ങനെ അവിടെ മുളച്ചുവളരാൻ തുടങ്ങിയെന്ന് ആ മരത്തിന് അറിയില്ലായിരുന്നു. എങ്കിലും അവിടെയാണ് പ്രകൃതി തനിക്കായി ഒരുക്കിവച്ച സ്ഥലമെന്ന് ആ മരം കരുതി. അങ്ങനെയാണ് വളരെ ബദ്ധപ്പെട്ടിട്ടാണെങ്കിലും മരം തന്റെ വേരുകൾ പാറയ്ക്കുള്ളിലെ വിടവുകളിലൂടെ ആഴത്തിലേക്കു താഴ്ത്താൻ തീരുമാനിച്ചത്.
മണ്ണും വളവും അവിടെ കുറവായിരുന്നു. എങ്കിലും ക്ഷമയോടെ ആ മരം വളർന്നു. കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോഴും തളരാതെ പിടിച്ചുനിന്നു. അത് മരത്തിന് വലിയ ആത്മസന്തോഷം നൽകി. അങ്ങനെയിരിക്കേ ഒരു വേനൽക്കാലത്ത് രണ്ട് ഇണപ്പക്ഷികൾ ആ മരത്തിൽ കൂടുകെട്ടി. അധികം വൈകാതെ കൂട്ടിൽ മുട്ടകൾ പ്രത്യക്ഷപ്പെട്ടു. അവ വിരിഞ്ഞ് കുഞ്ഞുങ്ങളുണ്ടായി. മരം അവരെ ചൂടിൽനിന്നും കാറ്റിൽനിന്നും സന്തോഷത്തോടെ സംരക്ഷിച്ചു. ആ പക്ഷികൾ മരത്തിന്റെ ആനന്ദമായിരുന്നു.
എന്നാൽ ശൈത്യകാലമെത്തിയമപ്പോൾ ആ പക്ഷികൾ ചൂടുള്ള പ്രദേശങ്ങളിലേക്ക് പറന്നുപോയി. മരം ഒറ്റപ്പെട്ടു. അതിനിടയിൽ ശക്തമായ കൊടുങ്കാറ്റുകൾ ആഞ്ഞുവീശി. മരം ഇടത്തോട്ടും വലത്തോട്ടും കുലുങ്ങി. ചിലപ്പോഴെങ്കിലും താൻ ഒടിഞ്ഞുപോകുമെന്ന് മരം ഭയപ്പെട്ടു. എങ്കിലും അതു കീഴടങ്ങിയില്ല. തന്റെ വേരുകൾ മണ്ണിൽ ശക്തിയായി ഉറപ്പിച്ച് അതു നിലകൊണ്ടു.
നമ്മുടെ ജീവിതവും ഏതാണ്ട് ഈ മരത്തിന്റേതുപോലെയല്ലേ? നാം എവിടെയാണ് ജനിക്കുന്നതെന്നും വളരുന്നതെന്നും നമ്മളല്ലല്ലോ തീരുമാനിക്കുന്നത്. മനുഷ്യരായ നമുക്ക് പ്രായം വർധിക്കുന്പോൾ പുതിയ ജീവിതസൗകര്യങ്ങൾ തേടി പോകാൻ സാധിക്കുമെന്നതു ശരിയാണ്. എങ്കിലും നമ്മുടെ ജീവിതത്തിലും എല്ലാ കാലങ്ങളും സന്തോഷപ്രദമായെന്നുവരില്ല. ചില കാലങ്ങൾ സന്തോഷകരമാണെങ്കിൽ മറ്റുചില കാലങ്ങൾ വേദനയുടെയും ഏകാന്തതയുടേതുമായിരിക്കും. നമ്മെ സന്തോഷിപ്പിക്കുന്ന സാഹചര്യങ്ങൾ മാറിപ്പോകാം. അതുപോലെ നാം ഏറെ സ്നേഹിക്കുന്നവരെ നമുക്ക് നഷ്ടമായി എന്നും തോന്നാം.
അപ്പോൾ നാം എന്താണു ചെയ്യേണ്ടത്? "ദൈവമേ, എന്തിനെന്നെ കഷ്ടപ്പെടുത്തുന്നു' എന്നു നാം വിലപിക്കണോ? അതോ മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ മരം കൊടുങ്കാറ്റിൽ ഉറച്ചുനിന്നതുപോലെ നമ്മളും നിൽക്കണോ? നാം തീർച്ചയായും ഉറച്ചുനിൽക്കുകയാണു വേണ്ടത്. എന്നാൽ അതിനുള്ള ശക്തി നമുക്ക് എവിടെനിന്നാണ് ലഭിക്കുക?
ദൈവവചനം പറയുന്നു: ""കർത്താവിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ. അവന്റെ പ്രത്യാശ കർത്താവ് തന്നെ. അവൻ ആറ്റുതീരത്തുനട്ട മരം പോലെയാണ്. അത് വെള്ളത്തിലേക്കു വേരൂന്നിയിരിക്കുന്നു. അതു വേനൽക്കാലത്തെ ഭയപ്പെടുന്നില്ല. അതിന്റെ ഇലകൾ എന്നും പച്ചകെടാതെ നിൽക്കും. വരൾച്ചയുടെ കാലത്തും അതിന് ഉത്കണ്ഠയില്ല. അതു ഫലം നൽകിക്കൊണ്ടേയിരിക്കും'' (ജറ 17:7-8).
ജീവിതത്തിൽ കൊടുങ്കാറ്റുകൾ ഉണ്ടാകും. അപ്പോൾ നാം ദൈവത്തിൽ ഉറച്ചുതന്നെ നിൽക്കണം. അപ്പോഴാണ് നമ്മുടെ ജീവിതം പച്ചകെടാതെ ഫലംചൂടി നിൽക്കുന്നത്.
ഇനി ആ മരത്തിന്റെ കഥയിലേക്കു മടങ്ങിവരട്ടെ. ഒരുദിവസം ഒരു ബാലൻ ആ മരത്തെ ശ്രദ്ധിക്കാനിടയായി. അതിനടുത്തെങ്ങും മറ്റു മരങ്ങളോ ചെടികളോ കാണാതെവന്നതുകൊണ്ട് ആ മരം തീർച്ചയായും ഏകാന്തത അനുഭവിക്കുന്നതായി അവനു തോന്നി. അവൻ വേഗംചെന്ന് മരത്തെ കെട്ടിപ്പിടിച്ചു. അപ്പോൾ കുളിരുകോരിയിടുന്ന അനുഭവമാണ് ആ മരത്തിനുണ്ടായത്. മരം തന്റെ ചില്ലകൾ ചായ്ച്ച് അവനെ ആലിംഗനംചെയ്തു.
അന്നുമുതൽ എല്ലാ ദിവസവും അവൻ മരത്തെ സന്ദർശിക്കാൻതുടങ്ങി. മാത്രമല്ല അതിനു സമീപത്തായി ചില പൂച്ചെടികൾ അവൻ നട്ടുപിടിപ്പിച്ചു. മരത്തിന് ഏറെ സന്തോഷം പകർന്ന കാര്യമായിരുന്നു അത്. ക്രമേണ മറ്റ് ആളുകളും ആ സ്ഥലത്തേക്കു വരാൻതുടങ്ങി. അവർ ആ മരത്തിന്റെ തണലിൽ വിശ്രമിച്ചു. മരം അങ്ങനെ പലർക്കും ആശ്വാസമായി. അപ്പോൾ ആ മരം ഒരു കാര്യം മനസിലാക്കി. താൻ പൊട്ടിമുളച്ചു വളർന്നത് തെറ്റായ സ്ഥലത്തല്ല എന്ന കാര്യം. തന്റെ സാന്നിധ്യം എത്രയോ പേർക്ക് ആശ്വാസം നൽകുന്നു എന്ന ചിന്ത മരത്തെ ആനന്ദഭരിതമാക്കി.
ജീവിതത്തിൽ ഏറെ ബുദ്ധിമുട്ടുള്ള പല സാഹചര്യങ്ങളിലും നാം ചെന്നുപെടാറുണ്ട്. പലപ്പോഴും നാം പ്രതീക്ഷിക്കാത്ത ക്ലേശങ്ങളും വെല്ലുവിളികളുമായിരിക്കും അവ. എന്നാൽ നാം ദൈവത്തിൽ ആശ്രയിക്കുന്നപക്ഷം അവയെല്ലാം നമ്മുടെ നന്മയ്ക്ക് വഴിയൊരുക്കുമെന്നു തീർച്ചയാണ്. തന്മൂലമല്ലേ പൗലോസ് അപ്പസ്തോലൻ എഴുതിയത്- ""ദൈവത്തെ സ്നേഹിക്കുന്നവർക്ക് എല്ലാം നന്മയ്ക്കായി ഭവിക്കുന്നു'' (റോമാ 8:28) എന്ന്.
""ലോകത്തിൽ നിങ്ങൾക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിൻ'' (യോഹ 16:33) എന്ന യേശുനാഥന്റെ വചനം നമുക്കു മറക്കാതിരിക്കാം. ദൈവത്തെ സ്നേഹിച്ചുകൊണ്ട് ധൈര്യമായി നമുക്കു മുന്നോട്ടുപോകാം. അപ്പോൾ പച്ചകെടാതെ ഫലംചൂടി നിൽക്കുന്ന വൃക്ഷംപോലെയാകും നമ്മൾ.
SUNDAY DEEPIKA
പോർച്ചുഗീസ് കപ്പിത്താനായ വാസ്കോ ഡ ഗാമയുടെ നേതൃത്വത്തിലുള്ള വാണിജ്യസംഘം 1498ൽ കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ അറബിക്കടലിലെ ഒരു ചെറു ദ്വീപസമൂഹത്തിൽ ഇറങ്ങി. ആ ദ്വീപിന് സെന്റ് മേരീസ് ഐലൻഡ് എന്നു പേരും നൽകി. അദ്ദേഹം ആദ്യം കാലുകുത്തിയതുമായി ബന്ധപ്പെട്ട് കാപ്പാടും പന്തലായിനിയുമൊക്കെ ചർച്ചകളിൽ വന്നെങ്കിലും ഈ ദ്വീപിന്റെ കാര്യം അധികമാരും അറിയാത്ത ചരിത്രമായി.
കർണാടകയിലെ ക്ഷേത്രനഗരമായ ഉഡുപ്പിയിൽനിന്ന് ആറു കിലോമീറ്റർ പടിഞ്ഞാറു മാറിയുള്ള മാൽപേ തീരത്തിനടുത്താണ് ഗാമ ഇറങ്ങിയ സെന്റ് മേരീസ് ദ്വീപ്. കോക്കനട്ട് ഐലൻഡ് എന്നും ഇതിനു പേരുണ്ട്. ഗാമ ഈ ദ്വീപിന് പോർച്ചുഗീസ് ഭാഷയിൽ ഓ പാദ്രോ ഡി സാന്താ മരിയ എന്നു പേരിടുകയും ഒരു കുരിശു സ്ഥാപിക്കുകയും ചെയ്തുവെന്ന് ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ അവശിഷ്ടങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.
നീലക്കടലും വെണ്‍മണലും ശില്പഭംഗിയുള്ള പാറക്കൂട്ടങ്ങളും വശ്യമായ പച്ചപ്പും ചേർന്ന് സഞ്ചാരികൾക്ക് സ്വപ്നസമാനമായ കാഴ്ചാനുഭവമാണ് സെന്റ് മേരീസ് ഐലൻഡ് സമ്മാനിക്കുന്നത്. മാൽപേ ഹാർബറിൽനിന്ന് ഇരുപതു മിനിറ്റ് ബോട്ടുയാത്രചെയ്താൽ ദ്വീപിലെത്താം. അല്പം സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് പ്രിയങ്കരമാകും ഈ യാത്ര.
നാലു ദ്വീപുകളുടെ കൂട്ടം
നാലു ചെറുദ്വീപുകളുടെ കൂട്ടമാണ് ഇത്. ഏതാണ്ട് 500 മീറ്റർ നീളവും 100 മീറ്റർ വീതിയും 10 മീറ്റർ ശരാശരി പൊക്കവുമുണ്ട്. രാജ്യത്തെ 34 നാഷണൽ ജിയോളജിക്കൽ സ്മാരകങ്ങളിൽ ഒന്നായ ഇത് ജിയോ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമാണ്. 2001ൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഈ ദ്വീപുകളെ ദേശീയ ഭൗമശാസ്ത്ര സ്മാരകമായി പ്രഖ്യാപിച്ചു. പൂർണമായും അഗ്നിശിലകളാണ് ഇവ. പാറകളുടെ പഴക്കത്തെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്.
മാൽപേയിൽനിന്ന് ബോട്ടുകൾ ദ്വീപിന്റെ കിഴക്കേ തീരത്താണ് എത്തുക. കക്കകൾ നിറഞ്ഞ വെള്ളമണൽ തീരത്തെ അലങ്കരിക്കുന്നു.
തുറമുഖത്തുനിന്ന് ഒട്ടേറെ ബോട്ടുകൾ ഇവിടേക്കു സർവീസ് നടത്തുന്നുണ്ട്. ബോട്ട് എത്തുന്ന തീരമൊഴികെ മൂന്നുവശങ്ങളും പാറക്കെട്ടുകൾ നിറഞ്ഞുനിൽക്കുന്നു. പടിഞ്ഞാറുവശത്ത് വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള ബസാൾട്ടിക് പാറകളാണ്. ഈ പാറകളാണ് സഞ്ചാരികളുടെ പ്രധാന ആകർഷണം.
85 ദശലക്ഷം വർഷങ്ങൾക്കുമുന്പുണ്ടായ അഗ്നിപർവത സ്ഫോടനത്തിന്റെ ബാക്കിയാണ് ഈ പാറക്കൂട്ടമെന്നാണ് പറയപ്പെടുന്നത്. ലാവാ പ്രവാഹം കുഴികളിൽ ശേഖരിക്കപ്പെടുകയും ലാവ തണുത്തുറഞ്ഞ് മനോഹരമായ പാറക്കെട്ടുകളായി രൂപാന്തരപ്പെടുകയും ചെയ്തുവത്രേ.
നൂറുകണക്കിനു സഞ്ചാരികളാണ് ദിവസവും ദ്വീപിലേക്ക് എത്തുന്നത്. സുന്ദരമായ മാൽപേ ബീച്ചിന്റെ സാമീപ്യവും സുരക്ഷിതമായ ബോട്ട് സർവീസും സന്ദർശകരുടെ എണ്ണം കൂട്ടുന്നു. സുരക്ഷയ്ക്കായി ജാഗ്രതയോടെ ഗാർഡുകളുണ്ട്. സെപ്റ്റംബർ മുതൽ മേയ് വരെയാണ് ഐലൻഡ് സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം. മംഗളൂരുവിൽനിന്ന് 58 കിലോമീറ്റർ യാത്രചെയ്താൽ മാൽപേയിൽ എത്താം.
കോക്കനട്ട് ദ്വീപ്
മാൽപേ ബീച്ചിൽനിന്ന് ദ്വീപിലേക്കു നോക്കുന്പോൾ ആദ്യം കാണുക ഉയർന്നുനിൽക്കുന്ന തെങ്ങുകളാണ്. പണ്ടിവിടെ ധാരാളം തെങ്ങുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് കോക്കനട്ട് ഐലൻഡ് എന്ന പേരുവന്നതും.
ഇപ്പോൾ തെങ്ങുകളിലേറെയും നശിച്ചുപോയി. ബാക്കിയുള്ളവയും കുറ്റിച്ചെടികളും വള്ളിപ്പടർപ്പുകളുമാണ് ദ്വീപിന് ഹരിതസൗന്ദര്യം നൽകുന്നത്. ദ്വീപിനെ പ്ലാസ്റ്റിക് രഹിതമായി നിലനിർത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
വാസ്കോ ഡ ഗാമ ഇവിടെ എത്തിയ ചരിത്രത്തിന് വേണ്ടത്ര പ്രചാരം ലഭിക്കാതെപോകുകയായിരുന്നു. അഞ്ചരനൂറ്റാണ്ടുമുന്പ് മൈലുകൾക്കപ്പുറത്തുനിന്ന് നമ്മുടെ നാടു തേടിയെത്തിയ നാവികൻ ലക്ഷ്യത്തിലെത്തിയപ്പോൾ തന്റെ വിശ്വാസപ്രഖ്യാപനം നടത്തിയത് ഈ ദ്വീപിലാണെന്നത് വിസ്മയകരംതന്നെ. സന്ദർശകരുടെ എണ്ണം കൂടിവരുന്നത് ആശാവഹം.
SUNDAY DEEPIKA
സമുദ്രനിരപ്പിൽനിന്ന് ശരാശരി 900 മീറ്റർ ഉയരത്തിലുള്ള പ്രദേശം. നിറയെ പച്ചപ്പ്. മലക്കപ്പാറ ശരിക്കും മാലാഖപ്പാറതന്നെ. തൃശൂർ ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു മുകളിലേക്കു യാത്രചെയ്താൽ മലക്കപ്പാറയായി.
തൃശൂർ നഗരത്തിൽനിന്ന് ഏതാണ്ട് 110 കിലോമീറ്റർ തെക്കുഭാഗത്താണ് മലക്കപ്പാറ. ചാലക്കുടിയിൽനിന്ന് തുന്പൂർമുഴി, അതിരപ്പിള്ളി, വാഴച്ചാൽ, ഷോളയാർ വഴി 86 കിലോമീറ്റർ ദൂരം. വാൽപ്പാറയിലേക്കുള്ള വഴിയിലാണ് ഈ പ്രദേശം. തേയിലത്തോട്ടങ്ങളുടെ ഭംഗികണ്ട് ത്രില്ലടിപ്പിക്കുന്ന വനയാത്ര ആസ്വദിക്കാൻ മലക്കപ്പാറ- വാൽപ്പാറ റൂട്ട് തെരഞ്ഞെടുക്കാം.
ആനക്കൂട്ടമോ മറ്റു വന്യജീവികളോ ഏതു സമയത്തും മുന്നിൽ പ്രത്യക്ഷപ്പെട്ടേക്കാമെന്നതിനാൽ വനത്തിലൂടെയുള്ള യാത്ര വളരെ ശ്രദ്ധിച്ചുവേണം. ലോവർ ഷോളയാർ, തമിഴ്നാടിന്റെ അപ്പർ ഷോളയാർ എന്നിങ്ങനെ രണ്ടു ഡാമുകളുടെ സുന്ദരമായ കാഴ്ചയും യാത്രയിൽ കാത്തിരിക്കുന്നുണ്ട്. മലക്കപ്പാറ ചെക്പോസ്റ്റ് കഴിഞ്ഞാൽ തമിഴ്നാടായി. വാൽപ്പാറയിലേക്കും പൊള്ളാച്ചിയിലേക്കും യാത്രതുടരാനാകും.
കൊച്ചിയിൽനിന്ന് കറുകുറ്റി, ഏഴാറ്റുമുഖം വഴി മലക്കപ്പാറയിലേക്കു പോകാം. ചാലക്കുടിയിൽനിന്ന് കെഎസ്ആർടിസി, സ്വകാര്യ ബസ് സർവീസുകളുണ്ട്. സ്വന്തം വാഹനത്തിൽ പോകുന്നവർ അതിരപ്പിള്ളിക്കു മുന്‍പ് ആവശ്യമായ ഇന്ധനം നിറയ്ക്കാൻ ശ്രദ്ധിക്കണം. മലക്കപ്പാറയിൽ ടൂറിസ്റ്റ് ഇൻഫർമേഷൻ കേന്ദ്രം, ചെറിയ ഹോം സ്റ്റേകൾ എന്നിവ ലഭ്യമാണ്.
SUNDAY DEEPIKA
ഡാഫ്നെ ദു മോറിയർ - സ്വതന്ത്ര പരിഭാഷ
എട്ടു മണിയായിട്ടും ഞാൻ ബെഡിൽനിന്ന് എഴുന്നേറ്റില്ല. ശരീരം ഉണർന്നെങ്കിലും മനസ് ഉണർന്നില്ല. ക്ലാരീസ് എപ്പോഴോ കൊണ്ടുവന്നുവച്ച ചായ നന്നേ തണുത്തുപോയി. എങ്കിലും എഴുന്നേറ്റ് അതു കുടിച്ചു. ഇന്നലെയുണ്ടായ ദുരനുഭവങ്ങളും മാക്സിമിന്റെ അസാന്നിധ്യവും എന്നെ വേദനിപ്പിക്കുന്നു. മാക്സിം ബെഡ്റൂമിൽ കയറിവന്നിട്ടില്ല.
നിശാവസ്ത്രം മടക്കുനിവർത്താതെ അതേപടി കിടക്കുന്നു. ചായ കൊണ്ടുവന്നുവച്ച ക്ലാരീസ് അതു ശ്രദ്ധിച്ചുകാണുമോ? മറ്റു ജോലിക്കാരിൽ ഈ വാർത്ത പരക്കുമോ? ഞാനും മാക്സിമും തമ്മിൽ വഴക്കാണെന്നു ധരിക്കുമോ? അങ്ങനെയൊരു ചിന്തപോലും മറ്റുള്ളവരിൽ തലപൊക്കാതിരിക്കാനാണ് ഞാനിന്നലെ നീലവസ്ത്രമണിഞ്ഞു താഴേക്കു ചെന്നത്. അതു ബിയാട്രീസിനെ അനുസരിക്കാനോ മാക്സിമിനെ സന്തോഷിപ്പിക്കാനോ അല്ല- മാൻഡെർലിയുടെ മാനം കാക്കാൻ!
ഞാൻ ജനാല തുറന്നു. വെളിയിൽ ജോലിക്കാരുടെ ശബ്ദങ്ങൾ. മുറ്റത്തും ലോണിലും റോസ് ഗാർഡനിലും മറ്റും ചിതറിക്കിടക്കുന്ന പഴത്തോടുകളും സിഗരറ്റു കുറ്റികളും വെടിക്കെട്ടിന്റെ അവശിഷ്ടങ്ങളും തോട്ടം ജോലിക്കാർ തൂത്തുവാരി നീക്കുന്നു. മേശകളും കസേരകളും മാറ്റിക്കൊണ്ടിരിക്കുന്നു. സാധ്യത കുറവാണെങ്കിലും അവിടെ മാക്സിം നിൽക്കുന്നുണ്ടോ എന്നു നോക്കി. ഇല്ല. അവിടെയില്ല. മാക്സിമിന്റെ മനസിലും ഞാനില്ല.
എങ്കിലും മറ്റുള്ളവരുടെ ദൃഷ്ടിയിൽ അങ്ങനെയൊരു തോന്നലുണ്ടാവാൻ പാടില്ല. പുകയുന്ന ചിന്തകളും നീറുന്ന നൈരാശ്യവും മനസിലൊതുക്കി മാൻഡെർലിയുടെ ഒരു മൂലയിൽ ഞാൻ കഴിഞ്ഞോളാം. മറ്റൊരു മൂലയിൽ മാക്സിമും കഴിയട്ടെ. എന്റെനേരേ മൃദുലഭാവം പ്രകടിപ്പിക്കുന്നില്ലെങ്കിൽ, എന്നെ ചുംബിക്കുന്നില്ലെങ്കിൽ, അത്യാവശ്യത്തിനു മാത്രമേ രണ്ടുവാക്കു സംസാരിക്കുന്നുള്ളൂവെങ്കിൽ ഞാനത് ദൈവത്തെപ്രതി ക്ഷമിച്ചോളാം.
എങ്കിലും ഈ അകൽച്ച ഞങ്ങൾ ഇരുവരുമല്ലാതെ മറ്റാരും അറിയരുത്. എത്രനാൾ ഇതു മൂടിവയ്ക്കും? ഈ അഭിനയം എങ്ങനെ തുടരാൻപറ്റും? ഞങ്ങളുടെ വിവാഹം ഒരു പരാജയമാണോ? പാവനബന്ധം മൂന്നുമാസമായപ്പോഴേക്കും മുറിഞ്ഞുപോയോ? ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെയാണ് ഞാൻ മാക്സിമിനെ സ്നേഹിച്ചത്. അതായിരിക്കില്ല മാക്സിം പ്രതീക്ഷിച്ചത്. കൂടുതൽ പക്വതയും ചിരിയും സ്നേഹവും മുന്‍പു ലഭിച്ചതിന്റെ ഓർമ മാക്സിമിൽ തലയുയർത്തിയോ? മരിച്ചുപോയ റെബേക്ക ഇപ്പോഴും മനസിലുണ്ടോ? അങ്ങനെ മനസിലുണ്ടെങ്കിൽ എന്നെ സ്നേഹിക്കാൻ പറ്റില്ല.
മിസിസ് ഡാൻവേഴ്സ് പറഞ്ഞത് റെബേക്ക ഇപ്പോഴും പടിഞ്ഞാറുഭാഗത്തെ മുറിയിൽ ഉണ്ടെന്നാണ്. അവളുടെ കാലടിശബ്ദം കേൾക്കുന്നുണ്ടെന്നാണ്. അവിടെമാത്രമല്ല, ലൈബ്രറിയിൽ, ഗാലറിയിൽ, മോണിംഗ് റൂമിൽ അങ്ങനെ സകലയിടത്തും. വേലക്കാർ അവളുടെ കല്പനകളാണ് അനുസരിച്ചത്. റെബേക്ക നിശ്ചയിച്ചതും അവൾ ഇഷ്ടപ്പെട്ടതുമായ ഭക്ഷണമാണ് എന്നും ഇവിടെ വിളന്പുന്നത്. ചുരുക്കത്തിൽ മിസിസ് മാക്സിം ഞാനല്ല, റെബേക്കയാണ്.
അന്നു ഗ്രാൻഡ്മദറിനെ കാണാൻ പോയപ്പോൾ ""റെബേക്ക എവിടെ? എനിക്കവളെ കാണണം'' എന്നാണ് പറഞ്ഞത്. ഞാൻ ആരുമല്ല, ഒന്നുമല്ല. മാൻഡെർലിയിൽ എവിടെയും റെബേക്ക... റെബേക്ക! ഇവിടത്തെ ജാസ്പ്പർ പോലും അവളുടെയാണ്. ഇപ്പോൾ ഞാൻ ഓർക്കുന്നു- അന്ന് വിവാഹവിവരം മിസിസ് വാൻഹോപ്പറോടു പറഞ്ഞപ്പോൾ ആ മാഡം പറഞ്ഞത് "ഭാരമുള്ള ഒരു കുരിശാണ് നീ എടുക്കാൻ പോകുന്നതെ'ന്നാണ്. അത് എന്തുദ്ദേശിച്ചാണെന്നറിയില്ല. ഇപ്പോൾ അതിന്റെ ആന്തരാർഥം ഞാൻ മനസിലാക്കുന്നു.
സമയം വളരെയായി. ബെഡ്റൂമിൽ ഇങ്ങനെയിരിക്കുന്നതിൽ അർഥമില്ല. ഞാൻ കുളിച്ചു ഡ്രസ് മാറി താഴേക്കിറങ്ങി. ഡൈനിംഗ് റൂമിൽ റോബർട്ട് മേശ തുടച്ചുവൃത്തിയാക്കുന്നതുകണ്ട് അങ്ങോട്ടുചെന്നു.
""ഗുഡ് മോണിംഗ് റോബർട്ട്.''
""ഗുഡ് മോണിംഗ് മാഡം.''
""മാക്സിമിനെ എവിടെയെങ്കിലും കണ്ടോ?''
""സാറു നേരത്തേ ബ്രേക്ക്ഫാസ്റ്റ് കഴിച്ച് എങ്ങോട്ടോ പോയി.''
""എങ്ങോട്ടാ പോയതെന്നറിയാമോ?''
""അറിയില്ല മാഡം.''
ഞാൻ ഹാളിലേക്കു തിരിച്ചുപോയി മോണിംഗ് റൂമിലേക്കു നടന്നപ്പോൾ ജാസ്പ്പർ ഓടിയെത്തി വാലാട്ടിക്കൊണ്ടു സന്തോഷം പ്രകടിപ്പിച്ചു. സമയംകളയാതെ ഞാൻ എസ്റ്റേറ്റ് ഓഫീസിലേക്കു ഫോണ്‍ വിളിച്ചു. ക്ലാർക്ക് പറഞ്ഞു: ""സാറ് ഇവിടെയില്ല. ഫ്രാങ്ക് സാറുണ്ട്. കൊടുക്കണോ?''
""ഒന്നു കൊടുക്കൂ.''
""ഹലോ മാഡം!''
""ഫ്രാങ്ക്! മാക്സിം എവിടെ?''
""അറിയില്ല മാഡം. കാലത്ത് ഇങ്ങോട്ടു വന്നിട്ടില്ല.''
""ബ്രേക്ക്ഫാസ്റ്റിനു കണ്ടുമുട്ടിയില്ലേ?''
""ഞാൻ ഉറക്കത്തിൽപ്പെട്ടുപോയി.''
""ഒരുപക്ഷേ സാറു നടക്കാൻ പോയിക്കാണും.''
ഉത്കടമായ വ്യസനത്തോടെ ഞാൻ പറഞ്ഞു: ""മാക്സിം ഇന്നലെ രാത്രി ബെഡ്റൂമിൽ വന്നിട്ടില്ല.''
""ഓ! അങ്ങനെയാണോ?''
""എവിടെ പോകാനാണ് സാധ്യത?''
""ഒന്നും എനിക്കറിയില്ല മാഡം.''
ഞാൻ പെട്ടെന്നു ഫോണ്‍ വച്ചു. എന്റെ മനസാകെ കലങ്ങിമറിയുന്നു. മാക്സിം തിരിച്ചുവരില്ലേ? എന്റെ ഭയം വർധിക്കുന്നു. ഗതിമുട്ടിയപ്പോൾ ദൈവാശ്രയബോധം എന്റെ മനസിനെ സമാധാനിപ്പിച്ചു.
ഞാൻ തിരികേ മുകളിലേക്കു കയറി. ഇന്നലെ വിജയശ്രീലാളിതയായി നോക്കിനിന്ന ആ സ്ത്രീയുടെ രാക്ഷസമുഖംകണ്ട ജനാലഭാഗത്തേക്ക് സ്വാഭാവികമായി നോക്കി. അത് അടഞ്ഞുകിടക്കുന്നു.
ടെറസിൽ നിന്നുകൊണ്ട് ഞാൻ ശ്രദ്ധിച്ചു.
അതാ പെട്ടെന്ന് കാലാവസ്ഥയ്ക്കും അന്തരീക്ഷത്തിനും ഒരു മാറ്റം. സൂര്യന്റെ വെളിച്ചം മങ്ങുന്നു. അന്തരീക്ഷം ക്രമേണ ഇരുണ്ടുവരുന്നു. കടലിന്റെ ഭാഗത്തുനിന്ന് ബാഷ്പകണങ്ങളോടുകൂടിയ മൂടൽമഞ്ഞ് കരയിലേക്കു നീങ്ങിനീങ്ങിയടുക്കുന്നു. കാടുപിടിച്ച ചെടികളും മരങ്ങളും മഞ്ഞുമൂടി അവ്യക്തമാകുന്നു. ഇന്നലെ അല്പം മൂടൽമഞ്ഞ് അന്തരീക്ഷത്തിൽ ദൃശ്യമായെങ്കിലും പരിപാടികളെയും മറ്റു ചടങ്ങുകളെയും വെടിമരുന്നുപ്രയോഗത്തെയും അതു ബാധിച്ചില്ല. ഈ മഞ്ഞുവീഴ്ച ഇന്നലെയാവാത്തത് എത്രയോ അനുഗ്രഹമായി.
നോക്കിനോക്കിനിൽക്കേ മൂടൽമഞ്ഞ് കനംവച്ച് വീടിനോടടുക്കുന്നു. ആരെയും പരസ്പരം കാണാനാവാത്ത അവസ്ഥ. കട്ടിയായ പുക പരക്കുന്നപോലെ മഞ്ഞു കുതിച്ചെത്തുന്നു. ജനാലച്ചില്ലുകൾ എല്ലാം പുകപുരണ്ടപോലെയായി. ഈർപ്പം കലർന്ന പുകമഞ്ഞ്. പടിഞ്ഞാറുഭാഗത്തെ ബെഡ്റൂമിനടുത്ത് ആരോ നിന്നു താഴെ ലോണിലേക്കു നോക്കുകയാണ്. ആരെന്നു വ്യക്തമല്ല. ഉൾഭയത്തോടെ നോക്കി. മാക്സിമാണോ നിൽക്കുന്നത്? കുറേക്കൂടി സൂക്ഷിച്ചുനോക്കിയപ്പോൾ മിസിസ് ഡാൻവേഴ്സ്! അപ്പോഴും ലോണിലേക്കുതന്നെ നോക്കിനിൽക്കുന്നു. ഞാൻ വിളിച്ചു: ""മിസിസ് ഡാൻവേഴ്സ്!'' ഇതിനകം ഞാൻ ബെഡ്റൂമിന്റെ വാതിൽ തുറന്നു- റെബേക്കയുടെ ബെഡ്റൂമിന്റെ.
അവർ നേരിയ നടുക്കത്തോടെ തിരിഞ്ഞുനോക്കി. പിന്നെ മുന്നോട്ടുവന്നു. ""ഇന്നത്തെ മെനു പതിവുപോലെ മേശപ്പുറത്തു വച്ചിട്ടുണ്ട് മാഡം. മാറ്റങ്ങൾ എന്തെങ്കിലും വേണമെങ്കിൽ...''
""മിസിസ് ഡാൻവേഴ്സ്! ഞാനിപ്പോൾ വന്നത് മെനുവിനെക്കുറിച്ചു സംസാരിക്കാനല്ല. അതു നിങ്ങൾക്കറിയാം, ഇല്ലേ?''
എന്റെ മുഖത്തേക്ക് അവർ ഇമവെട്ടാതെ നോക്കി. ഗൗരവസ്വരത്തിൽ ഞാൻ പറഞ്ഞു: ""നിങ്ങൾ ഉള്ളിൽ എന്താഗ്രഹിച്ചുവോ അതു നടത്തി. ഇങ്ങനെതന്നെ സംഭവിക്കുമെന്നു മുൻകൂട്ടി നിശ്ചയിച്ചു. തൃപ്തിയായില്ലേ? സന്തോഷമായില്ലേ?''
അവരുടെ മുഖം രൗദ്രഭാവംപൂണ്ടു. അതിരൂക്ഷമായി എന്നെനോക്കിയിട്ടു പുലന്പി: ""മാൻഡെർലിയിലേക്കു നിങ്ങൾ എന്തിനുവന്നു? നിങ്ങളെ ഇവിടെ ആർക്കും വേണ്ട. നിങ്ങൾ വരുന്നതുവരെ ഇവിടെ സ്വസ്ഥതയും സമാധാനവുമായിരുന്നു. വന്ന സ്ഥലത്തേക്കുതന്നെ തിരിച്ചുപൊയ്ക്കൂടേ?''
""ഞാൻ മാക്സിമിനെ അഗാധമായി സ്നേഹിക്കുന്നുണ്ട്. അതു നിങ്ങൾ മറന്നു.''
""അങ്ങനെ സ്നേഹിക്കുന്നുണ്ടെങ്കിൽ സാറിനെ നിങ്ങൾ ഒരിക്കലും വിവാഹം ചെയ്യില്ലായിരുന്നു.''
ഇതിനെന്തു മറുപടി പറയണമെന്നറിയാതെ ഞാൻ കുഴങ്ങി. അവർ തുടർന്നു: ""നിങ്ങളെ വെറുക്കണമെന്ന് ആദ്യം തോന്നി. ഇപ്പോൾ അതില്ല.''
""നിങ്ങൾ എന്തിന് എന്നെ വെറുക്കണം? അതിനു തക്കതായി ഞാനെന്താ നിങ്ങൾക്കു ചെയ്തത്?''
""മിസിസ് മാക്സിമിന്റെ സ്ഥാനം നിങ്ങൾ ഏറ്റെടുത്തു.''
""മിസിസ് മാക്സിം ഇപ്പോൾ ഞാനാണ്. മരിച്ചുപോയ നിന്റെ റെബേക്കയല്ല.''
ജ്വലിക്കുന്ന കണ്ണുകളോടെ എന്നെ നോക്കി. ഞാൻ വിട്ടില്ല.
""ഒട്ടനവധി ആളുകൾ രണ്ടാം വിവാഹം നടത്തുന്നു- ആണും പെണ്ണും. നൂറുകണക്കിനു രണ്ടാം വിവാഹങ്ങൾ രാജ്യത്തു നടക്കുന്നു. എന്നിട്ട് മാക്സിം എന്നെ വിവാഹം കഴിച്ചതുമാത്രം വലിയ ക്രിമിനൽ കുറ്റമായി കാണുന്നു. മരിച്ചുപോയ ആളോടു ചെയ്ത അപരാധമായി എണ്ണുന്നു. മറ്റുള്ളവരെപ്പോലെ സന്തോഷമായി ജീവിക്കാൻ ഞങ്ങൾക്കവകാശമില്ലേ? സമാധാനമായി കഴിയാൻ അർഹതയില്ലേ?''
""മാക്സിം സാറ് ഒട്ടും സന്തോഷവാനല്ല. ഒരുതരം നരകയാതനയിലാണ്- എന്റെ മാഡം പോയശേഷം...''
""സത്യമായും ആ അവസ്ഥ ഉണ്ടാക്കിയത് നിങ്ങളാണ്. നിങ്ങളുടെ പൈശാചിക മനസാണ്. റെബേക്ക ധരിച്ച മോഡൽ ഡ്രസ് എന്നെക്കൊണ്ടു ധരിപ്പിച്ചത് എന്നെ സന്തോഷിപ്പിക്കാനല്ല. മാക്സിമിനെ ദ്രോഹിക്കാനാണ്, വേദനിപ്പിക്കാനാണ്. അല്ലേ?''
""സാറിന്റെ വേദനയെപ്പറ്റി മാത്രം പറയുന്നു. എന്നെ വേദനിപ്പിച്ചതിനെപ്പറ്റി ഒന്നും പറയാനില്ല? റെബേക്കയുടെ കസിൻ ആയ, എന്റെ ബന്ധുവായ ഫാവെൽ ഇവിടെ വന്നതിന്റെ പേരിൽ ഇവിടെയുണ്ടായ ഭൂകന്പം എന്തായിരുന്നു? എനിക്കു വാണിംഗ് തരാൻമാത്രം ഇവിടെ എന്തുണ്ടായി? അടച്ചിട്ട മുറിയിൽ സാറ് അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ട് എന്നെ വിസ്തരിക്കുകയായിരുന്നു.''
""മതി പറഞ്ഞത്. എനിക്കിതൊന്നും കേൾക്കേണ്ട.''
""എന്റെ മാഡത്തിനെപ്പറ്റി എനിക്കു പറയാതിരിക്കാനാവില്ല. അവൾ എന്റെ സ്വന്തമാണ്. പള്ളിക്കല്ലറയിൽ കിടക്കുകയാണെങ്കിലും അവൾ ഇന്നും ഈ വീട്ടിൽ വരുന്നു. സാറിനെ സന്ദർശിക്കുന്നുണ്ടെന്ന് സാറു മനസിലാക്കുന്നു. റെബേക്ക മാഡം ജീവിച്ചിരുന്നപ്പോൾ സാറ് എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചിരുന്നു. അവൾ ആഗ്രഹിച്ചതുപോലെ ജീവിച്ചു. ഇഷ്ടമുള്ളതെല്ലാം പ്രവർത്തിച്ചു. സ്വതന്ത്രമായി സഞ്ചരിച്ചു. ഒന്നിനെയും കൂസിയില്ല. അവസാനം അവൾ തോറ്റു. അവളെ തോല്പിച്ചു. തോല്പിച്ചത് ഒരു പുരുഷനല്ല. ഒരു സ്ത്രീയല്ല. കടൽ അവളെ തോല്പിച്ചു. കടൽ അവളെ കൊണ്ടുപോയി.''
സങ്കടമൊതുക്കാനാവാതെ മിസിസ് ഡാൻവേഴ്സ് പൊട്ടിക്കരഞ്ഞു. ഞാൻ ആശ്വസിപ്പിച്ചെങ്കിലും കരച്ചിൽ നിർത്തിയില്ല. അല്പംകഴിഞ്ഞ് കണ്ണുകൾ തുടച്ചിട്ടു പറഞ്ഞു: ""മരണവാർത്ത അറിഞ്ഞപ്പോഴും സാറു ദുഃഖിതനായി ലൈബ്രറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു.''
ക്ഷമയറ്റ് ഞാൻ പറഞ്ഞു: ""എല്ലാം ഞാൻ കേട്ടു. മതി. നമുക്കിവിടെ നിർത്താം.''
മിസിസ് ഡാൻവേഴ്സ് എന്റെ തൊട്ടരികിലേക്കു വന്നു. അവരുടെ മുഖം എന്റെ മുഖത്തോടു തൊട്ടുനിന്നു. അവരുടെ സ്ഥിരം കറുത്തവേഷവും തലയോടിന്റെ നിറമുള്ള മുഖവും ഒരു പിശാച് സമീപം നിൽക്കുന്നതുപോലെ തോന്നിച്ചു. അവർ പറഞ്ഞു: ""മാഡം റെബേക്ക മാഡത്തിനു ലഭിച്ചതിനേക്കാൾ മെച്ചപ്പെട്ടതായി ഒന്നും പ്രതീക്ഷിക്കേണ്ട. മിസിസ് മാക്സിം ഇപ്പോഴും റെബേക്ക മാഡമാണ്, നിങ്ങളല്ല. നിങ്ങൾ വെറും നിഴലും പ്രേതവുമാണ്. മാൻഡെർലിവിട്ട് നിങ്ങൾക്കു പൊയ്ക്കൂടേ? എന്തുകൊണ്ടു നിങ്ങൾ പോകുന്നില്ല?''
ഞാൻ അവരിൽനിന്ന് അകന്ന് ജനാലയ്ക്കരികിലേക്കു മാറി. അവർ എന്റെ കൈത്തണ്ടയിൽ മുറുകെപ്പിടിച്ചുകൊണ്ട് വീണ്ടും ചോദിച്ചു: ""എന്തുകൊണ്ടു നിങ്ങൾ പോകുന്നില്ല? ഞങ്ങൾക്കാർക്കും നിങ്ങളെ വേണ്ട. സാറിന് അവളെ മറക്കാൻ കഴിയില്ല. അദ്ദേഹം ഇവിടെ ഏകനായി വീണ്ടും അവളോടൊപ്പം കഴിയാൻ ആഗ്രഹിക്കുന്നു. പള്ളിയിലെ കല്ലറയിൽ കിടക്കേണ്ടതു നിങ്ങളാണ്, അവളല്ല. മരിക്കേണ്ടത് നിങ്ങളാണ്, അവളല്ല.''
തുറന്നുകിടക്കുന്ന വലിയ ജനാലയിലേക്ക് എന്നെ ബലമായി തള്ളി. താഴെ ചാരനിറമുള്ള കട്ടിയേറിയ പുകമഞ്ഞു മൂടിയ ടെറസ് എനിക്കു കാണാം.
""ദാ, അവിടെ താഴേക്കു നോക്കൂ. വളരെ എളുപ്പമാണ്. എളുപ്പമല്ലേ? ചാടൂ!.. എന്തുകൊണ്ടു ചാടുന്നില്ല? എല്ലാം പെട്ടെന്ന് അവസാനിക്കും. മുങ്ങിമരണം പോലെയല്ല.. എന്തുകൊണ്ടു ശ്രമിക്കുന്നില്ല?... ഉം... ചാടൂ!''
ജനാലഭാഗത്തേക്ക് മൂടൽമഞ്ഞ് ശക്തമായി തള്ളിവന്നുകൊണ്ടിരിക്കുന്നു. എന്റെ മുഖത്തും ദേഹത്തും അതു തട്ടുന്നുണ്ട്. ഞാൻ വേഗം ജനാലപ്പടിയിൽ മുറുകെപ്പിടിച്ചു. അവർ എന്നെ ശക്തമായി വീണ്ടും പ്രേരിപ്പിക്കുകയാണ്.
""ഭയപ്പെടേണ്ട. ഞാൻ മാഡത്തിനെ തള്ളിയിടുകയില്ല. ഞാനിങ്ങോട്ടു മാറിനിൽക്കാം. സ്വന്തം ഇഷ്ടത്താൽ നിങ്ങൾക്കു ചാടാം. മാൻഡെർലിയിൽ നിങ്ങളെ ആവശ്യമില്ല. നിങ്ങൾക്കാണെങ്കിൽ സന്തോഷമില്ല. സാറു നിങ്ങളെ സ്നേഹിക്കുന്നില്ല. പിന്നെ എന്തു ജീവിതം? ശങ്കിക്കാതെ ചാടൂ.. ഒട്ടും ഭയപ്പെടേണ്ട..!''
മിസിസ് ഡാൻവേഴ്സ് എന്ന ദുർഭൂതം വാശിയോടെ എന്നെ പ്രേരിപ്പിക്കുന്നു. ഞാൻ കണ്ണുകൾ പൂട്ടിയടച്ചു.
ജനാലപ്പടിയിൽ മുറുകെപ്പിടിച്ച എന്റെ കൈ വേദനിക്കുന്നു. എനിക്കു തലകറങ്ങുന്നതുപോലെ തോന്നി. ഈ നിമിഷത്തിൽ എന്റെ തലച്ചോറിൽ ഒരു പ്രകാശരശ്മി കടന്നുവന്നതുപോലെ! അതോടെ എന്റെ ചിന്ത മാറി. മാക്സിം എന്നെ സ്നേഹിക്കുന്നില്ലെന്നും, ഞാൻ അസന്തുഷ്ടയാണെന്നുമുള്ള ചിന്ത എന്നിൽനിന്നു വിട്ടകന്നു. റെബേക്ക എന്ന പേര് ഞാൻ മറക്കാൻതുടങ്ങി. മേലിൽ ആ പേര് ഓർക്കില്ലെന്നും ഉള്ളിലുറപ്പിച്ചു. മാക്സിം എന്റെ മാത്രമാണെന്ന് എന്റെ അന്തരംഗം എന്നോടു മന്ത്രിച്ചു.
ഈ പ്രത്യേക മുഹൂർത്തത്തിൽ കിടിലംകൊള്ളിക്കുന്ന വലിയൊരു സ്ഫോടനമുണ്ടായി. ഞങ്ങൾ നിന്നിരുന്ന ഭാഗത്തെ ജനാല കുലുങ്ങി. ചില്ലുകൾ വിറച്ചു. കാര്യമറിയാതെ ഞാൻ മിസിസ് ഡാൻവേഴ്സിനെ നോക്കി. അപ്പോഴേക്കും വീണ്ടും അതേ സ്ഫോടനം ഒന്നിനുപിറകേ ഒന്നായി നാലുവട്ടം. അവ അന്തരീക്ഷത്തെ പ്രകന്പനംകൊള്ളിച്ചു.
""എന്താ കാര്യം? എന്താ സംഭവിച്ചിരിക്കുന്നത്?''- പരിഭ്രാന്തിയോടെ ഞാൻ തിരക്കി. അവർ പറഞ്ഞു: ""അതു റോക്കറ്റുകളാണ്. കടൽത്തീരത്ത് ഏതോ കപ്പൽ അപകടത്തിൽപ്പെട്ടുകാണും.''
മൂടൽമഞ്ഞിന്റെ ശക്തികുറഞ്ഞുതുടങ്ങി. അതിനിടയിലൂടെ അതാ ആരോ ഓടിക്കിതച്ച് കയറിവരുന്നതിന്റെ കാലൊച്ച കേൾക്കുന്നു. ആരാണെന്നു വ്യക്തമല്ല. അടുത്തെത്തിയപ്പോൾ അറിഞ്ഞു, കണ്ടു. അതു മാക്സിം! സന്തോഷംകൊണ്ടു ശ്വാസം നിലച്ച മട്ടിലായി ഞാൻ. മാക്സിം എന്നെ കാണുന്നില്ല. വേവലാതിപൂണ്ടപോലെ മുന്നോട്ടു കുതിക്കുകയാണ്. ഒപ്പം ""ഫ്രിത്ത്... ഫ്രിത്ത്...'' എന്ന് ഉച്ചത്തിൽ വിളിക്കുന്നു. ഹാളിൽനിന്ന് ഫ്രിത്ത് വിളികേട്ടു.
(തുടരും)
SUNDAY DEEPIKA
1970കളിലും 80കളിലും അമേരിക്കയിൽ ഏറെ ജനപ്രിയമായിരുന്ന ഒരു ടെലിവിഷൻ സീരീസായിരുന്നു "ഓൾ ഇൻ ദ ഫാമിലി.' ആർച്ചി ബങ്കർ എന്ന പരുക്കൻ മനുഷ്യനും അയാളുടെ സൗമ്യയും ദയാലുവുമായ ഭാര്യ ജൂഡിത്തുമാണ് ഈ സീരീസിലെ രണ്ടു പ്രധാന കഥാപാത്രങ്ങൾ. ഒട്ടേറെ മുൻവിധികളുള്ള ആർച്ചി ആളുകളുടെ പുറംരൂപം, അഭിപ്രായം എന്നിവയുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്പോൾ ഈഡിത്ത് മനുഷ്യരെ കാണുന്നത് ഹൃദയത്തിന്റെ കണ്ണുകളോടെയാണ്. ആർച്ചിയുടെ കടുത്ത പ്രതികരണങ്ങളിലൂടെയും ഈഡിത്തിന്റെ നിസാരമെന്നു തോന്നുന്ന എന്നാൽ ആഴമേറിയ വാക്കുകളിലൂടെയും ഈ ടിവി പരന്പര പല ജീവിതസത്യങ്ങളും അവതരിപ്പിക്കുകയുണ്ടായി.
ഈഡിത്തിന്റെ ഹൈസ്കൂൾ റീയൂണിയനിൽ ഈഡിത്തും ആർച്ചിയും പങ്കെടുക്കുന്നതാണ് ഒരു എപ്പിസോഡ്. അവിടെവച്ച് ഈഡിത്ത് തന്റെ പഴയ സഹപാഠിയായ ബക്കിനെ കാണുന്നു. ഹൈസ്കൂൾ പഠനകാലത്ത് സുന്ദരനും സുമുഖനുമായിരുന്നു ബക്ക്. ഇപ്പോൾ പൊണ്ണത്തടിയനാണ്. എന്നാൽ ഈഡിത്ത് അതൊന്നും ശ്രദ്ധിക്കുന്നില്ല. പഴയ ഓർമകൾ ഈഡിത്ത് ബക്കുമായി ആഹ്ലാദപൂർവം പങ്കുവയ്ക്കുകയാണ്. അവർ ബക്കിനെ കാണുന്നത് മുന്പെന്നതുപോലെ മനോഹരമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിട്ടാണ്.
അടുത്ത ഒരു രംഗത്തിൽ നാം കാണുന്നത് ആർച്ചിയും ഈഡിത്തും സംസാരിക്കുന്നതായിട്ടാണ്. പതിവുള്ള മൃദുലസ്വരത്തിൽ ഈഡിത്ത് പറയുന്നു: ""നോക്കൂ ആർച്ചി, ബക്ക് എത്ര മനോഹരനായ മനുഷ്യനാണ്!'' ബക്കിന്റെ രൂപംകണ്ട് വെറുപ്പുതോന്നിയ ആർച്ചി അപ്പോൾ പറയുകയാണ്: ""ഈഡിത്ത്, നീയൊരു അസാധാരണക്കാരിതന്നെ! നിനക്കതറിയാം.
നീയും ഞാനും ഒരാളെത്തന്നെ നോക്കുന്നു. നീ കാണുന്നത് മനോഹരനായ ഒരു മനുഷ്യനെ. ഞാൻ കാണുന്നത് ഒരു പൊണ്ണത്തടിയനെയും!'' ഒരുനിമിഷം പകച്ചുനിന്നുപോയ ഈഡിത്ത് അപ്പോൾ പറയുകയാണ്: ""ഓ, അത് എത്ര ദുഃഖകരമാണ്!''
ആർച്ചിയും ഈഡിത്തും കണ്ടത് ഒരാളെത്തന്നെയായിരുന്നു. എന്നാൽ ആർച്ചി കണ്ടത് ബക്കിന്റെ പുറംരൂപമായിരുന്നു. ഈഡിത്ത് കണ്ടതാകട്ടെ ബക്കിന്റെ ഹൃദയവും. ആർച്ചി കണ്ടത് ബക്കിന്റെ പോരായ്മകൾ.
ഈഡിത്ത് ശ്രദ്ധിച്ചതാകട്ടെ ബക്കിന്റെ ഹൃദയസൗന്ദര്യവും. ഇന്നത്തെ ലോകത്ത് ആളുകളെ അവരുടെ രൂപം, നിറം, വിദ്യാഭ്യാസം, സന്പത്ത്, സാമൂഹികനില എന്നിവയൊക്കെ നോക്കിയാണ് നാം പലപ്പോഴും വിലയിരുത്താറുള്ളത്. തന്മൂലം ഇവയൊന്നും ഇല്ലാത്തവരെ തരംതാഴ്ന്നവരായിട്ടാണ് നാം പരിഗണിക്കുക. അവരുടെ ജീവിത പോരാട്ടങ്ങളും ത്യാഗങ്ങളും മനോവേദനകളും നമുക്കു കാണാൻപോലും കഴിയാതെപോകുന്നു. ഈഡിത്തിന്റെ ഭാഷയിൽ പറഞ്ഞാൽ അതു ദുഃഖകരംതന്നെ.
ബൈബിൾ പറയുന്നതനുസരിച്ച്, ദൈവം നമ്മെ കാണുന്നത് മനുഷ്യൻ കാണുന്നതുപോലെയല്ല. സാമുവൽ പ്രവാചകൻ ജസെയുടെ പുത്രന്മാരിൽ രാജാവിനെ തെരയുന്പോൾ ദൈവം പറഞ്ഞു: ""മനുഷ്യൻ ബാഹ്യരൂപത്തിൽ ശ്രദ്ധിക്കുന്നു, കർത്താവാകട്ടെ ഹൃദയഭാവത്തിലും'' (1 സാമു 16:7). ചുങ്കക്കാരനായ സക്കേവൂസിനെ അകറ്റിനിർത്തേണ്ട പാപിയായി ജനങ്ങൾ കണ്ടപ്പോൾ, ദൈവപുത്രനായ യേശു കണ്ടത് ഹൃദയപരിവർത്തനം ആഗ്രഹിക്കുന്ന ഒരു മനുഷ്യനായിട്ടായിരുന്നു (ലൂക്കാ 19:1-10). വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുവാൻ യേശുവിന്റെ പക്കൽ കൊണ്ടുവന്നു. അപ്പോൾ, അവിടന്ന് അവളിൽ കണ്ടത് പശ്ചാത്താപമുള്ള ഒരു ഹൃദയമായിരുന്നു (യോഹ 8:1-11). യേശുവിന്റെ വലതുഭാഗത്തു കുരിശിൽ തറയ്ക്കപ്പെട്ട കള്ളൻ പൊതുജനത്തിന്റെ മുന്പിൽ വലിയ പാപിയായിരുന്നു. എന്നാൽ, സ്വർഗത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഒരു ആത്മാവിനെയാണ് യേശു അവനിൽ ദർശിച്ചത്.
ലെബനീസ്- അമേരിക്കൻ കവിയായ ഖലീൽ ജിബ്രാൻ ഒരിക്കൽ എഴുതി: ""സൗന്ദര്യം മുഖത്തല്ല; സൗന്ദര്യം ഹൃദയത്തിലെ ഒരു പ്രകാശമാണ്.'' ആർച്ചി കണ്ടതു ബക്കിന്റെ പൊണ്ണത്തടിയായിരുന്നു. എന്നാൽ ഈഡിത്ത് കണ്ടത് ബക്കിന്റെ ഹൃദയത്തിലെ പ്രകാശവും. ആർച്ചിയുടെയും ഈഡിത്തിന്റെയും കണ്ണുകളുടെ വ്യത്യാസമായിരുന്നില്ല ഇതിനു കാരണം.
ഒരു യഹൂദ പഴമൊഴിയുണ്ട്: ""ഹൃദയം എന്തു മനസിലാക്കാൻ തയാറാകുന്നുവോ അതു മാത്രമേ കണ്ണുകൾ കാണുകയുള്ളൂ.'' മുൻവിധികൾ നിറഞ്ഞ ഹൃദയം കാണുന്നതു നന്മയായിരിക്കുകയില്ല, കുറ്റങ്ങളും കുറവുകളുമായിരിക്കും. എന്നുമാത്രമല്ല, ആരെങ്കിലും നന്മ ചൂണ്ടിക്കാണിച്ചാൽ അത് അംഗീകരിക്കാനും തയാറാകില്ല. എന്നാൽ സ്നേഹംനിറഞ്ഞ ഹൃദയമാണെങ്കിലോ? മറ്റുള്ളവരുടെ പോരായ്മകൾക്കിടയിലും അവരുടെ നന്മകൾ കാണാൻ തയാറാകും.
"അത് ഏറെ ദുഃഖകരം' എന്ന് ഈഡിത്ത് പറഞ്ഞത് ആർച്ചിയുടെ വീക്ഷണവ്യത്യാസത്തെക്കുറിച്ചായിരുന്നു. എന്നാൽ, നമ്മെ സംബന്ധിച്ചിടത്തോളം ഇതു പലപ്പോഴും ശരിയായിരിക്കാം. നാം ചിലപ്പോഴെങ്കിലും മറ്റുള്ളവരെ വിലയിരുത്തുന്നത് അവരുടെ രൂപവും ഭാവവുമൊക്കെ കണ്ടിട്ടല്ലേ? അതു മാത്രമോ? നമ്മുടെ മുൻവിധികളുടെ പശ്ചാത്തലത്തിലല്ലേ ഈ വിലയിരുത്തലുകൾ നടക്കുക? എന്നാൽ ഈഡിത്തിനെപ്പോലെ, മറ്റുള്ളവരുടെ നന്മ കാണുന്നതിലാണു നമ്മുടെ ശ്രദ്ധയെങ്കിൽ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം എത്രയോ സുന്ദരമായി മാറുമായിരുന്നു.
റഷ്യൻ സാഹിത്യകാരനായ ടോൾസ്റ്റോയി പറയുന്നതു ശ്രദ്ധിക്കൂ: ""ലോകത്തെ മാറ്റിയെടുക്കുന്നതിനെക്കുറിച്ച് എല്ലാവരും ചിന്തിക്കുന്നുണ്ട്. എന്നാൽ തന്നെത്തന്നെ മാറ്റിയെടുക്കുന്നതിന് ആരും ചിന്തിക്കുന്നില്ല.''
ഒരുപക്ഷേ നമ്മിൽ ആദ്യം വരേണ്ട മാറ്റം നാം ചുറ്റുമുള്ള ലോകത്തെയും മനുഷ്യരെയും എങ്ങനെ കാണുന്നു എന്നതാണ്. നമ്മുടെ ജീവിതത്തിൽ പ്രാധാന്യമർഹിക്കുന്ന കാര്യം മറ്റുള്ളവർ എങ്ങനെ കാണപ്പെടുന്നു എന്നതല്ല. പ്രത്യുത, നാം എങ്ങനെ അവരെ കാണുന്നു എന്നതാണ്. ഈഡിത്തിനെപ്പോലെ ഹൃദയംകൊണ്ടാണോ നാം മറ്റുള്ളവരെ കാണുന്നത്? എങ്കിൽ നമുക്കാശ്വസിക്കാം. കാരണം അതാണ് നാം പിന്തുടരേണ്ട യഥാർഥ മാതൃക.
SUNDAY DEEPIKA
മലയാളം മീഡിയത്തിൽ പത്താംക്ലാസു കഴിഞ്ഞ് പ്രീഡിഗ്രിക്ക് കോളജിൽ എത്തിയപ്പോൾ ഇംഗ്ലീഷിലുള്ള ക്ലാസുകൾ മനസിലാക്കാൻ ബുദ്ധിമുട്ടിയ പയ്യൻ. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിതതോൽവി അവന്റെ ജീവിതത്തെ മാറ്റിമറിച്ചു. ഗവേഷകരെ ആധികാരികമായി റാങ്ക് ചെയ്യുന്ന അമേരിക്കയിലെ സ്കോളർ ജിപിഎസ് പ്രഖ്യാപിച്ച പുതിയ പട്ടികയിൽ ആഗോളതലത്തിൽ ഒന്നാംറാങ്കുകാരനാണ് അയാളിപ്പോൾ.
നൂറോളം രാജ്യങ്ങളിൽ ആയിരത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസെടുത്ത, നാലു ഗവേഷണ ബിരുദങ്ങൾ സ്വന്തമായുള്ള മലയാളി പ്രഫസർ- ഡോ. ജസ്റ്റിൻ പോൾ. വെല്ലുവിളികളും ബുദ്ധിമുട്ടുകളും ഏവർക്കുമുണ്ടാകും. അതു ജീവിതത്തിന്റെ ഭാഗവുമാണ്. പക്ഷേ, ക്ഷമയോടെ അതിനുള്ളിലെ സാധ്യതകൾ കണ്ടെത്തി അതിജീവിക്കാനും പ്രശോഭിക്കാനും ആവുമെന്ന് ഡോ. ജസ്റ്റിൻ തെളിയിക്കുന്നു. അടുത്തറിയാം ഈ വിശ്വപൗരനെ...
2024 സെപ്റ്റംബർ 11. സ്പെയിനിലെ മാഡ്രിഡിൽ നടക്കുന്ന എഇ മാർക്കിന്റെ 35-ാം വാർഷിക കോണ്‍ഫറൻസിൽ പങ്കെടുക്കാൻ ഞാൻ മാഡ്രിഡ് വിമാനത്താവളത്തിലിറങ്ങി. ഹോട്ടലിലെ താമസസ്ഥലത്തേക്കുപോകാനായി തൊട്ടടുത്ത മെട്രോ സ്റ്റേഷനിൽപോയി ടിക്കറ്റ് എടുത്തു. തിരികെ നടക്കുന്പോഴാണ് ആയിരം യൂറോയും എടിഎം കാർഡുകളും അടങ്ങിയ പഴ്സ് പോക്കറ്റടിച്ചുപോയത്.
ഒരു യൂറോപോലും കൈയിലില്ല. അരമണിക്കൂറിലധികം തെരുവുയാചകനായി. അന്പതോളംപേരുടെ മുൻപിൽ കൈനീട്ടിയിട്ടും ആകെ ലഭിച്ചത് രണ്ടു യൂറോ. പോലീസ് സ്റ്റേഷനിൽ പോയി കംപ്ലയിന്റ് രജിസ്റ്റർ ചെയ്തെങ്കിലും അവിടെയുള്ള പോലീസുകാർപോലും ഒരു യൂറോ തന്നു സഹായിച്ചില്ല. അതിൽനിന്നും ഒരുകാര്യം ഞാൻ മനസിലാക്കി. അപരിചിതരാരും നമ്മെ സഹായിക്കില്ല. ലോകത്തെവിടെയും സൗഹൃദങ്ങൾ വളർത്തണം.
നാട്ടിൻപുറത്തെ കുട്ടിക്കാലം
തൃശൂരിലെ മലയോര ഗ്രാമമായ മറ്റത്തൂരിലെ അവിട്ടപ്പിള്ളിയിൽ ജനനം. മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂളിലെ അധ്യാപകനും വെള്ളിക്കുളങ്ങര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന പൂവത്തുംപറന്പിൽ പി.വി. പൗലോസിന്റെയും തൃക്കൂർ സർവോദയ സ്കൂളിലെ ആനി ടീച്ചറുടെയും (കെ.ഒ. അന്നം) മൂത്ത പുത്രൻ. മറ്റത്തൂർ ഗവ. എൽപി സ്കൂൾ, മൂന്നുമുറി സെന്റ് ജോസഫ്സ് യുപി സ്കൂൾ, മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം.
ക്രൈസ്റ്റ് എന്ന വലിയ കാമ്പസ്
ഗ്രാമീണത്തനിമ ഒട്ടും ചോരാതെ മറ്റത്തൂരിൽനിന്ന് ഇരിങ്ങാലക്കുട പട്ടണത്തിലെ പ്രസിദ്ധമായ ക്രൈസ്റ്റ് കോളജിൽ എത്തിയപ്പോൾ ആകെ വിസ്മയമായിരുന്നു. പ്രീഡിഗ്രിക്കെടുത്തത് ഫസ്റ്റ് ഗ്രൂപ്പ്. മലയാളം മീഡിയത്തിൽ പ്രവേഗം, ത്വരണം എന്നെല്ലാം പഠിച്ചിട്ട് പെട്ടെന്ന് ഇംഗ്ലീഷ് മീഡിയത്തിലേക്കു മാറി ആക്സലറേഷൻ എന്നു കേട്ടപ്പോൾ മനസിലാക്കാൻ ബുദ്ധിമുട്ടായി.
ആദ്യത്തെ ആറേഴുമാസം ഏറെ പണിപ്പെട്ടാണു ക്ലാസുകൾ മനസിലാക്കിയത്. പ്രീഡിഗ്രിയുടെ രണ്ടുവർഷക്കാലംകൊണ്ട് സാന്പത്തികശാസ്ത്രമാണ് തന്റെ വഴിയെന്നു തിരിച്ചറിയുകയും ബിരുദം ഇക്കണോമിക്സിലേക്കു മാറുകയുമായിരുന്നെന്ന് ഡോ. ജസ്റ്റിൻ പോൾ പറയുന്നു.
തോൽവി തന്ന പാഠം
മലയാളത്തിൽ വളരെ നന്നായി പ്രസംഗിക്കുമായിരുന്ന ഞാൻ മൂന്നാംവർഷ ഡിഗ്രിക്ക് പഠിക്കുന്പോഴാണ് ക്രൈസ്റ്റ് കോളജ് യൂണിയൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ചത്. വിജയിക്കുമെന്ന വലിയ ആത്മവിശ്വാസമായിരുന്നു. ഇലക്ഷന് രണ്ടുദിവസംമുന്പ് സ്ഥാനാർഥികളെ പരിചയപ്പെടുത്തുന്ന മീറ്റ് ദ കാൻഡിഡേറ്റ് പ്രോഗ്രാം ബസ് സമരം മൂലം അവധിയായതിനാൽ നടന്നില്ല. പ്രസംഗപാടവം കുട്ടികളുടെ മുൻപിൽ അവതരിപ്പിക്കാനായില്ല. തെരഞ്ഞെടുപ്പിൽ നാലു വോട്ടുകൾക്കു തോറ്റു. അതെന്നെ ഏറെ അസ്വസ്ഥനാക്കി.
അതിൽനിന്നു മുക്തിനേടാൻ ഞാൻ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഒരാഴ്ചത്തെ ധ്യാനത്തിനുപോയി. ജീവിതത്തിൽ ഇനിയൊരിക്കലും തോൽക്കില്ലെന്ന് അന്ന് അവിടെവച്ച് ഞാൻ ദൃഢനിശ്ചയം ചെയ്തു. പിന്നീടുള്ള ആറേഴുമാസക്കാലം കുത്തിയിരുന്നുപഠിച്ചു. ക്രൈസ്റ്റിൽനിന്നു ഗോൾഡ് മെഡലോടെയാണ് ഞാൻ കാലിക്കട്ട് യൂണിവേഴ്സിറ്റി ബിരുദം സ്വന്തമാക്കിയത്. പിന്നെ ഇക്കണോമിക്സിൽതന്നെ പിജി കാലിക്കട്ട് യൂണിവേഴ്സിറ്റി രണ്ടാം റാങ്കോടെ. ഈ കാലയളവിൽത്തന്നെ യുജിസിയുടെ ജെആർഎഫും ലഭിച്ചു.
ബ്രോക്കണ്‍ ടു സ്പോക്കണ്
22-ാം വയസിൽ മുംബൈ ഐഐടിയിൽ പഠിക്കാൻ ചെന്നപ്പോൾ ഹിന്ദി പറയാൻ അറിയില്ലായിരുന്നു. ഇംഗ്ലീഷ് ആണെങ്കിൽ ബ്രോക്കണ്‍ ഇംഗ്ലീഷും. രണ്ടുവർഷം കഠിനാധ്വാനം ചെയ്ത് സ്പോക്കണ് ഇംഗ്ലീഷും ഹിന്ദിയും സ്വന്തമാക്കി. ഇന്ന് ലോകത്തെവിടെപ്പോയാലും നല്ല ഉച്ചാരണശുദ്ധിയോടെ ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്ന മാസ്റ്ററിയായി മാറാൻ എനിക്കായെങ്കിൽ കഠിനാധ്വാനം ചെയ്താൽ ആർക്കും ഇതു സാധിക്കുമെന്നുറപ്പ്.
എംഫിൽ കഴിഞ്ഞതോടെ യൂണിയൻ ബാങ്കിൽ ഓഫീസറായി ജോലികിട്ടി. ഒന്‍പതുമാസം കഴിഞ്ഞപ്പോഴേക്കും ഐഐടിയിൽതന്നെ പിഎച്ച്ഡി ആരംഭിച്ചു. വെല്ലുവിളികളെ സാധ്യതകളായി കണ്ടപ്പോൾ വിജയം കൂടെനിന്നു. അങ്ങനെ ഇന്റർനാഷണൽ ബിസിനസിൽ ആദ്യ പിഎച്ച്ഡി സ്വന്തമാക്കി.
സൗത്ത് ഇന്ത്യൻ ബാങ്കിൽനിന്ന് ആരംഭിച്ച കരിയർ
യൂണിയൻ ബാങ്കിൽ ഹ്രസ്വകാലം ജോലിചെയ്തെങ്കിലും യഥാർഥ കരിയർ ആരംഭിക്കുന്നത് 2003 ൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സ്റ്റാഫ് ട്രെയിനിംഗ് കോളജിൽ ഫാക്കൽറ്റിയായിട്ടാണ്. 2004 നവംബർവരെ അവിടെ തുടർന്നു.
പിന്നെ മൂന്നുവർഷക്കാലം ഇൻഡോർ ഐഐഎമ്മിൽ അസി. പ്രഫസറായി. അവസാനവർഷം വകുപ്പുമേധാവിയും. ഇതിനിടെ ദുബായിലും യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണിലും ക്ലാസെടുക്കാൻ അവസരങ്ങൾ ലഭിച്ചു. 2008 ജനുവരിയിലാണ് ജപ്പാനിലെ നഗോയ യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രഫസറായി നിയമനം. അവിടെ എംബിഎ പ്രോഗ്രാം ഡയറക്ടറുമായി.
അമേരിക്കയിലേക്കുള്ള കൂടുമാറ്റം
ജപ്പാനിലുള്ളവർ അമേരിക്കയെയാണു പറുദീസയായി കാണുന്നത്. ഐഐടിയിൽ കൂടെപഠിച്ചിരുന്ന പലരുടെയും മോഹം അമേരിക്ക ആയിരുന്നതിനാൽ ചെറിയൊരു മോഹം എന്നിലും അന്നേ ഉദിച്ചിരുന്നു. ജപ്പാനിൽ എത്തിയതോടെ അതു തീവ്രമായി. അവിടത്തെ നാലുവർഷത്തിനുശേഷം നേരേ അമേരിക്കയിലെ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിൽ ലക്ചററായി.
നിയമനം കോണ്‍ട്രാക്ട് ആയതിനാൽ ഗ്രീൻകാർഡ് ലഭിക്കാൻ ബുദ്ധിമുട്ട്. ഒരു വർഷത്തിനുശേഷം 2013ൽ യുഎസിലെത്തന്നെ പോർട്ടോറിക്ക യൂണിവേഴ്സിറ്റിയിലേക്കു പ്രഫസറായുള്ള പ്രയാണം. 2018 -19 കാലത്ത് അവിടെനിന്ന് ഒരു വർഷം ലീവെടുത്ത് രാഹുൽഗാന്ധി ബിഎ പഠിച്ച ഫ്ലോറിഡയിലെ പ്രശസ്തമായ റോളിൻസ് കോളജിൽ പ്രഫസറായി.
കോവിഡും അവസരമാക്കി
കോവിഡ് ലോകം മുഴുവൻ നിശ്ചലമാക്കിയപ്പോൾ ഡോ. ജസ്റ്റിൻ പോൾ ആ പരിമിതിക്കുള്ളിലും ഒരു സാധ്യത കണ്ടെത്തി. അങ്ങനെയാണ് ഇംഗ്ലണ്ടിലെ ബ്രൈറ്റൺ സർവകലാശാലയിൽ രണ്ടാമത്തെ പിഎച്ച്ഡിക്കു ചേർന്നത്. ഓണ്‍ലൈനായി ക്ലാസുകൾ അറ്റൻഡ് ചെയ്ത് പരീക്ഷയ്ക്ക് ഒരുങ്ങി. 2023-ൽ മാർക്കറ്റിംഗ് മാ നേജ്മെന്റിൽ പിഎച്ച്ഡി സ്വന്തമാക്കി.
കോവിഡ് കഴിഞ്ഞ് ക്ലാസുകൾ പുനരാരംഭിച്ചതോടെ പോർട്ടോറിക്കോയിൽ വീണ്ടും അധ്യാപനം. 2023 - 24 കാലഘട്ടത്തിൽ 16 മാസക്കാലം ലീവെടുത്ത് മുംബൈയിലെ എൻഎംഐഎംഎസ് യൂണിവേഴ്സിറ്റിയിൽ പ്രോവോസ്റ്റ് (വൈസ് ചാൻസലർ). തിരികെ വീണ്ടും അമേരിക്കയിൽ. 2024-ൽ കോൽക്കത്ത യൂണിവേഴ്സിറ്റിയും കഴിഞ്ഞ നവംബറിൽ റൊമാനിയയിലെ ഗലാത്തി യൂണിവേഴ്സിറ്റിയും ഒാണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.
100 രാജ്യങ്ങൾ, 1000 സ്ഥാപനങ്ങൾ
അമേരിക്കയിൽ വർഷത്തിൽ എട്ടുമാസം മാത്രമേ പഠിപ്പിക്കേണ്ടതുള്ളൂ എന്നതിനാൽ ബാക്കി നാലു മാസവും, ആഴ്ചയിൽ രണ്ടുദിവസം മാത്രം ക്ലാസെടുത്താൽ മതിയെന്നതിനാൽ ബാക്കിയുള്ള അഞ്ചുദിവസവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിൽപരം രാജ്യങ്ങളിൽ ആയിരത്തിലധികം സ്ഥാപനങ്ങളിൽ പ്രഭാഷകനായും ഉദ്ഘാടകനായും പ്രബന്ധ അവതാരകനുമായുമെല്ലാം ഇദ്ദേഹമെത്തി.
ഇംഗ്ലണ്ടിലെ ഹെൻലെ ബിസിനസ് സ്കൂൾ, കൊറിയ യൂണിവേഴ്സിറ്റി, ഡെന്മാർക്കിലെ ആർഹസ് യൂണിവേഴ്സിറ്റി, ഷിക്കാഗോ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെല്ലാം വിസിറ്റിംഗ് പ്രഫസറായും സേവനമനുഷ്ഠിക്കുന്നുണ്ട്. ഫ്രാൻസ്, പോളണ്ട്, സ്പെയിൻ, ലിത്വാനിയ, ക്രൊയേഷ്യ, സ്വീഡൻ, ചൈന, ഓസ്ട്രിയ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ മുതൽ നമ്മുടെ കോഴിക്കോട് ഐഐഎമ്മിൽ വരെ ഇദ്ദേഹം ക്ലാസെടുക്കുന്നുണ്ട്. കൊടകര സഹൃദയ കോളജിന്റെ അക്കാദമിക് കൗണ്‍സിൽ അംഗവുമാണ്.
ബെസ്റ്റ് സെല്ലറായി ബിസിനസ് എൻവയോണ്‍മെന്റ്
29ാം വയസിൽ, 2005ൽ ആദ്യ പുസ്തകം "ബിസിനസ് മാനേജ്മെന്റ് ' പുറത്തിറങ്ങി. പിന്നെ 2007ൽ "ബിസിനസ് എൻവയണ്‍മെന്റ്.' ഇത് കോവിഡ്കാലംവരെ ബെസ്റ്റ് സെല്ലർ ആയിരുന്നു. പ്രതിവർഷം 11,000 കോപ്പികളാണ് വിറ്റുപോയിരുന്നത്. 2008ൽ "എക്സ്പോർട്ട് ഇംപോർട്ട് മാനേജ്മെന്റ്' പുറത്തിറങ്ങി. ഈ പുസ്തകങ്ങൾ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസും ടാറ്റാ മക്ഗ്രോഫിലുമാണ് പ്രസിദ്ധീകരിച്ചത്. ഈ മാസം പുറത്തിറങ്ങിയ "എഐ ഫോർ മാർക്കറ്റിംഗ്' അമേരിക്കൻ കന്പനിയായ "വൈലി' യാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മറ്റു പ്രഫസർമാരുമായി ചേർന്ന് എഴുതിയ "സർവീസസ് ഇൻ മാർക്കറ്റിംഗ്', "ഇന്റർനാഷണൽ മാർക്കറ്റിംഗ്', "ബാങ്കിംഗ് ഫിനാൻഷ്യൽ സർവീസസ്'തുടങ്ങിയ പുസ്തകങ്ങൾ അന്താരാഷ്ട്ര പ്രസാധകരായ മക്ഗ്രോഫിലും പിയേഴ്സണുമാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഇതിൽ പല പുസ്തകങ്ങളും ലോകത്തിലെ പല യൂണിവേഴ്സിറ്റികളിലും പാഠപുസ്തകങ്ങളുമാണ്.
നൊബേൽ ജേതാവിനൊപ്പം ആഗോള ഒന്നാം റാങ്ക്
ഗവേഷകരെ ആധികാരികമായി റാങ്ക് ചെയ്യുന്ന യുഎസിലെ സ്കോളർ ജിപിഎസ് പട്ടികയിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ഒന്നാംറാങ്ക് കരസ്ഥമാക്കിയതാണ് ഏറ്റവും ഒടുവിലത്തെ നേട്ടം.
അഞ്ചുവർഷം, ലൈഫ് ടൈം വിഭാഗങ്ങളിലാണ് റാങ്കിംഗ്. അഞ്ചുവർഷ കാറ്റഗറിയിൽ ജസ്റ്റിൻ ഒന്നാമത് എത്തിയപ്പോൾ ലൈഫ് ടൈം വിഭാഗത്തിൽ ഒന്നാംസ്ഥാനത്തെത്തിയിരിക്കുന്നത് 2013 ൽ ഇക്കണോമിക്സിൽ നൊബേൽ സമ്മാന ജേതാവായ അമേരിക്കൻ സാന്പത്തിക ശാസ്ത്രജ്ഞൻ യൂജിൻ എഫ്. ഫാമയാണെന്നു തിരിച്ചറിയുന്പോഴാണ് ഈ നേട്ടത്തിന്റെ വലിപ്പം കൂടുതൽ വ്യക്തമാകുന്നത്.
ലൈഫ് ടൈം അച്ചീവ്മെന്റ് വിഭാഗത്തിൽ 28 ാം സ്ഥാനവും ഡോ. ജസ്റ്റിനുണ്ട്. ദൃഢനിശ്ചയം, ആത്മാർപ്പണം, കഠിനപ്രയത്നം എന്നതു മാത്രമാണ് ഈ അന്പതുകാരന്റെ വിജയമന്ത്രം.
SUNDAY DEEPIKA
അമേരിക്കൻ പ്രസിഡന്റ് വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ഉപയോഗിക്കുന്ന എയർഫോഴ്സ് വൺ എന്ന ജംബോജെറ്റ് വിമാനത്തിന്റെ ജർമൻ പതിപ്പാണ് 10+01 എന്ന കൗതുകകരമായ കാൾസൈനുള്ള, എയർബസ് എ350-941 വിമാനം.
ഇക്കഴിഞ്ഞ തിങ്കളും ചൊവ്വയും ഇന്ത്യാ സന്ദർശനം നടത്തിയ ജർമൻ ചാൻസലർ ഫ്രീഡ്രക് മഴ്സ് മ്യൂണിക്കിൽനിന്ന് അഹമ്മദാബാദിലേക്കും അഹമ്മദാബാദിൽനിന്ന് ബംഗളൂരുവിലേക്കും അവിടെനിന്ന് തിരിച്ചുമെല്ലാം പറന്നത്, പടിഞ്ഞാറൻ ജർമനിയുടെ ആദ്യ ചാൻസലറായിരുന്ന കാൺറാഡ് ആഡനൗറിന്റെ പേരിട്ട, ഏറ്റവും ആധുനികമായ വാർത്താവിനിമയ, പ്രതിരോധ സജ്ജീകരണങ്ങളെല്ലാമുള്ള പറക്കുന്ന ചാൻസലർ ഓഫീസ് തന്നെയായ ഈ ഇരട്ട എൻജിൻ എയർബസ് വിമാനത്തിലായിരുന്നു. മാധ്യമങ്ങളിൽ ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ചിലരെങ്കിലും ശ്രദ്ധിച്ചു കാണും.
ഇനി, ജർമനിയുടെ ദേശീയ അഭിമാന ചിഹ്നങ്ങളിലൊന്ന് എന്നുപറയാവുന്ന ഈ വിമാനം, കുറേ വർഷങ്ങൾക്കുശേഷം ഇറാൻ സർക്കാരിന്റെ ഔദ്യോഗിക വിമാനമായി പറന്നുനടക്കുന്നത് ഒന്നു സങ്കല്പിച്ചുനോക്കുക.
സങ്കല്പമല്ല, നടന്ന സംഭവം
ദശാബ്ദങ്ങളായി അമേരിക്കയുടെയും യൂറോപ്പിന്റെയും ശ്വാസംമുട്ടിക്കുന്ന സാമ്പത്തിക-വാണിജ്യ-സാങ്കേതിക ഉപരോധത്തിൽ വലഞ്ഞുകൊണ്ടിരിക്കുന്ന ഇറാൻ, എല്ലാ വിലക്കുകളും നിയന്ത്രണങ്ങളും നിലനിൽക്കേ, വെറുമൊരു പടിഞ്ഞാറൻ വിമാനമല്ല, ജർമൻ ചാൻസലറുടെ മുൻ വിമാനംതന്നെ അമേരിക്കയെയും യൂറോപ്പിനെയും അമ്പരപ്പിച്ച് കൈക്കലാക്കി, ഔദ്യോഗിക വിമാനമാക്കിയെന്നത് ശരിക്കും സംഭവിച്ചതാണ്- 14 കൊല്ലം മുമ്പ്.
എയർബസ് കമ്പനി 1989ൽ നിർമിച്ച, ഒരു എയർബസ് എ310-304 വിമാനമാണ്, അമേരിക്കയെയും യൂറോപ്പിനെയും ഞെട്ടിക്കുകയും നാണംകെടുത്തുകയും ചെയ്ത ഈ പഴയ കഥയിലെ നായകൻ. പഴയ കിഴക്കൻ ജർമനിയിലെ എയർലൈനായിരുന്ന ഇന്റർഫ്ളൂഗ്, ഈ വിമാനം എയർബസിൽനിന്നു വാങ്ങിയത് 1989 ജൂൺ മുപ്പതിനായിരുന്നു.
ഡിഡിആർ-എബിബി എന്നായിരുന്നു അന്നത്തെ രജിസ്ട്രേഷൻ. വൈകാതെ കിഴക്കും പടിഞ്ഞാറും ജർമനികൾ ഒന്നായി. തുടർന്ന്, 1991 ഓഗസ്റ്റ് 30ന് ഏകീകൃത ജർമനിയുടെ വ്യോമസേന, അപ്പോഴേക്കും ഇല്ലാതെയായിരുന്ന ഇന്റർഫ്ളൂഗിന്റെ ഈ വിമാനം ഏറ്റെടുത്ത് ചാൻസലറുടെ ഔദ്യോഗിക വിമാനമാക്കി. ഫെഡറൽ റിപ്പബ്ളിക് ഓഫ് ജർമനിയുടെ ആദ്യ പ്രസിഡന്റായിരുന്ന തിയോഡോർ ഹോയിസിന്റെ പേരിട്ട വിമാനം പിന്നെ അടുത്ത പത്തുകൊല്ലം, 10+22 എന്ന മിലിട്ടറി കാൾ സൈനോടെ, ജർമൻ ചാൻസലറെയും മറ്റ് ഉന്നത നേതാക്കളെയും വഹിച്ച് പറന്നു.
വിമാനം വില്പനയ്ക്ക്
കഥയിലെ ട്വിസ്റ്റ് തുടങ്ങുന്നത്, പഴയതായിത്തുടങ്ങിയിരുന്ന ഈ വിമാനം ഒഴിവാക്കാൻ 2011ൽ ജർമൻ സർക്കാർ തീരുമാനിക്കുന്നതോടെയാണ്. സർക്കാർ ചട്ടമനുസരിച്ച്, ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലൊക്കെ, വിമാനം വിൽക്കാനുണ്ട് എന്ന അറിയിപ്പ് ഇടുകയും ചെയ്തു. എന്തായാലും ഒടുവിൽ വിമാനം വാങ്ങിയത്, കിഴക്കൻ യൂറോപ്പിലെ ഏതോ ഒരു രാജ്യം ആസ്ഥാനമായ, ഇപ്പോഴും ഒരു രേഖകളിലും പേരില്ലാത്ത, ഒരു ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പായിരുന്നു. ആ കമ്പനി യുക്രെയിനിൽ, പഴയ വിമാനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഒരു കമ്പനിക്ക് വൈകാതെ മറിച്ചുവിൽക്കുകയും ചെയ്തു. ആ കമ്പനിയുടെ പേരും ഇപ്പോഴും എവിടെയുമില്ല.
അവരുടെ പക്കൽനിന്ന് വിമാനം വാങ്ങിയത് ഇറാനിലെ മാഹാൻ എയർവേയ്സായിരുന്നു- 2011 നവംബറിൽ. ഇപി-വിഐപി എന്ന പുതിയ ഇറാൻ രജിസ്ട്രേഷനും കിട്ടിയ വിമാനത്തിന്റെ കാബിൻ വിഐപി ഉപയോഗത്തിനായി പുനർക്രമീകരിക്കുകയും ചെയ്തു.
20 കൊല്ലം ജർമൻ ചാൻസലറുടെ ഔദ്യോഗിക വിമാനമായിരുന്ന 10+2 അങ്ങിനെ ഇപി-വിഐപിയായുള്ള രണ്ടാം ജന്മത്തിൽ ഇറാൻ ഭരണാധികാരികളെയും വഹിച്ച് പറന്നുതുടങ്ങി. മൂന്നുകൊല്ലത്തിനു ശേഷം, 2014 മാർച്ചിൽ, അവ്യക്തമായ കാരണങ്ങളാൽ, വിമാനത്തിന്റെ രജിസ്ട്രേഷനിലെ വിഐപി, എംഎംഎക്സ് ആക്കി മാറ്റി- അപ്പോഴും നടത്തിപ്പുചുമതല മാഹാൻ എയറിനുതന്നെയായിരുന്നുവെങ്കിലും..
പിറ്റേക്കൊല്ലം, 2015 നവംബറിൽ, വീണ്ടുമൊരു രജിസ്ട്രേഷൻ മാറ്റംകൂടി നടന്നു. ഇപി-എംഎംഎക്സ്, ഇപി-ടിഎച്ച്ആർ ആയതോടൊപ്പം ഉടമയും മാറി. മാഹാൻ എയറിൽനിന്ന് ടെഹ്റാൻ എയർലൈൻ ഏറ്റെടുത്ത വിമാനത്തിന്റെ പറക്കലുകൾ പക്ഷേ അവിടെ അവസാനിക്കുകയായിരുന്നു. ടെഹ്റാൻ വിമാനത്താവളത്തിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുള്ള വിമാനം 2015നു ശേഷം പറന്നിട്ടേയില്ല.
വിലക്കിന്റെ കാലത്തെ പറക്കൽ
ഇനി, മുകളിൽ പറഞ്ഞ സമയക്രമം വീണ്ടും ശ്രദ്ധിക്കുക. അമേരിക്കയിൽ നിർമിച്ച എൻജിനുകളും കമ്യൂണിക്കേഷൻ ഉപകരണങ്ങളും ഫിറ്റുചെയ്ത്, യൂറോപ്യൻ കമ്പനിയായ എയർബസ് യൂറോപ്പിൽ നിർമിച്ച ഈ വിമാനം ഇറാൻ വാങ്ങുന്ന 2011, ആണവായുധം ഉണ്ടാക്കുന്നത് തടയാനെന്ന പേരിൽ ഇറാനെതിരേ അമേരിക്കയും യൂറോപ്പും ഏർപ്പെടുത്തിയ ഉപരോധം മൂർധന്യാവസ്ഥയിൽ എത്തിയ വർഷമായിരുന്നു.
വിമാന വില്പന നടന്ന 2011 നവംബറിൽതന്നെയാണ് അമേരിക്കയിൽ ഒബാമ ഭരണകൂടം, ഇറാനെ ലക്ഷ്യമിട്ടുള്ള ഉപരോധം കുറേ മേഖലകളിലേക്കുംകൂടി വ്യാപിപ്പിക്കാനും കർശനമാക്കാനും തീരുമാനിച്ചത്. 2010ൽ അമേരിക്ക പാസാക്കിയ കോംപ്രിഹെൻസീവ് ഇറാൻ സാങ്ഷൻസ്, അക്കൗണ്ടബിലിറ്റി ആൻഡ് ഡൈവെസ്റ്റമെന്റ് (സിഐഎസ്എഡിഎ) അനുസരിച്ചായിരുന്നു, ഒരു രാജ്യത്തിന്റെ നാനാമുഖമായ വികസനം അപ്പാടെ തടയാൻ ലക്ഷ്യമിട്ടുള്ള ഉപരോധ വ്യാപനം. അമേരിക്കയുടെ ഉപരോധത്ത പിന്തുണയ്ക്കുക മാത്രമല്ല, ഇറാന്റെ ആണവമോഹങ്ങളെ മുളയിലേ നുള്ളാൻ തനതായ ഉപരോധ വ്യവസ്ഥകളും ചട്ടങ്ങളും നടപ്പാക്കുകയും ചെയ്തിരുന്നു, ഈ വർഷങ്ങളിൽ തന്നെ ജർമനിയുൾപ്പെട്ട യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ.
ഉപരോധം കടുക്കുന്തോറും അതിനെ മറികടക്കാനുള്ള വഴികളും കണ്ടുപിടിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുയല്ലാതെ മാർഗമില്ലാതിരുന്ന ഇറാൻ, വ്യോമയാന മേഖലയിൽ അങ്ങിനെ കണ്ടെത്തിയ മാർഗമാണ്, പടിഞ്ഞാറൻ രാജ്യങ്ങളിൽനിന്ന് ആഗോള സെക്കൻഡ്ഹാൻഡ് വിമാന മാർക്കറ്റിലെത്തുന്ന വിമാനങ്ങൾ രണ്ടോ മൂന്നോ ഇടനിലക്കാർവഴി സ്വന്തമാക്കുക എന്നത്.
അമേരിക്കയുടെ സാമ്പത്തിക ഉപരോധം നടപ്പാക്കുന്നതിനായി യുഎസ് ട്രഷറി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഓഫീസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ (ഒഎഫ്എസി) ഈ വിമാന കൈമാറ്റം അറിഞ്ഞ് പൊട്ടിത്തെറിക്കുകയും അതിവിപുലമായ അന്വേഷണം നടത്തുകയും ചെയ്തു. എന്നിട്ടും ഇപ്പോഴും ഒരു രേഖകളിലും വിമാനം ജർമനിയിൽനിന്ന് വാങ്ങിയ കമ്പനിയുടെയോ അവർ മറിച്ചുവിറ്റ കമ്പനിയുടെയോ ആ കമ്പനിയിൽനിന്ന് മാഹാൻ എയർ വാങ്ങിയതിന്റെയോ ഒരു വിശദാംശങ്ങളുമില്ല! ഇത്തരം ഇടപാടുകളുടെ രഹസ്യാത്മകത എത്രത്തോളമുണ്ട് എന്നതിന്റെ തെളിവ്!
SUNDAY DEEPIKA
തുടര്‍ന്നുപോകാന്‍ ആളില്ലാത്തതിന്റെ പേരിൽ നിരവധി പാരമ്പര്യ അനുഷ്ഠാന കലകള്‍ വിസ്മൃതിയുടെ പേരേടിലേക്കു മറയാനൊരുങ്ങുന്ന കാലമാണ്. എന്നാല്‍ ചിലയിടങ്ങളിലെങ്കിലും പരിമിതികള്‍ക്കിടയിലും, കലര്‍പ്പില്ലാതെ ചില അനുഷ്ഠാനകലകള്‍ പാരമ്പര്യം പിന്തുടര്ന്നു സഞ്ചരിക്കുന്നുണ്ട്. ചിലത് ഇന്നും ക്ഷേത്രമതില്ക്കകത്തുമാത്രം അരങ്ങേറുന്നു. അത്തരത്തിലൊന്നാണ് വടക്കേ മലബാറില്‍മാത്രം കണ്ടുവരുന്ന തിടമ്പുനൃത്തം. ഇവിടങ്ങളിലെ പല ക്ഷേത്രോത്സവങ്ങളിലും പരമപ്രധാനമായും പവിത്രമായും കണക്കാപ്പെടുന്ന അനുഷ്ഠാന ദേവനര്ത്തനകലകൂടിയാണിത്.
അസാമാന്യമായ മെയ്വഴക്കത്തിനൊപ്പം താളപ്രധാനമായ ചുവടുവയ്പുകളുള്ള നൃത്തവും ഒന്നിച്ചുവരേണ്ട കല. ചിട്ടയൊത്തുള്ള വര്‍ഷങ്ങളുടെ പരിശീലനമുണ്ടെങ്കിലേ ഇതിൽ ചുവടുറപ്പിച്ചു സഞ്ചരിക്കാനാകൂ. ഇത്തരം പ്രതിസന്ധികള്‍ക്കിടയിലും ഈ മേഖലയില്‍ വേറിട്ട പാത തെളിക്കുകയാണ് കണ്ണൂര്‍ പയ്യന്നൂര്‍ കരിവെള്ളൂര്‍ പെരളം കൊഴുമ്മല്‍ പെരികമന ഇല്ലത്ത് നവനീത് നമ്പൂതിരി.
ചെറുപ്പം മുതൽക്കുതന്നെ നവനീതിനു തിടമ്പുനൃത്തത്തോടു പ്രത്യേക താല്പര്യമുണ്ടായിരുന്നു. മുത്തച്ഛന് നാരായണന് നമ്പൂതിരിയും അമ്മാവന് പുതുക്കൈ മാടമന ശ്രീധരന് നമ്പൂതിരിയും പാരമ്പര്യം കൈപിടിച്ചു നടക്കുന്നതിനു നവനീതിനു വഴിതുറന്നു. പ്രസിദ്ധ വാദ്യകലാകാരനായ കാങ്കോല്‍ ജയരാമമാരാരുടെ ശിക്ഷണത്തിലാണ് നവനീത് തിടമ്പുനൃത്തം അഭ്യസിച്ചത്.
കഴിഞ്ഞ മൂന്നുവര്‍ഷമായി ചെന്നൈ ചിന്മയാനഗര് അയ്യപ്പന് കോവില്‍, കര്‍ണാടകയിലെ മടിക്കേരിയില്‍ കഗോഡ്ലു എന്ന സ്ഥലത്തെ വൃഷഭാരൂഢ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ തിടമ്പുനൃത്തം അവതരിപ്പിച്ചുവരുന്നു. പുത്തൂര്‍ നാറോത്ത് മഹാവിഷ്ണു ക്ഷേത്രം, ശ്രീകണ്ഠപുരം കൊട്ടൂര്‍ വയല്‍ ശ്രീ അയ്യപ്പന്‍കാവ് മഹാവിഷ്ണുക്ഷേത്രം, കുട്ടമത്ത് ശ്രീഭഗവതി ക്ഷേത്രം, വാസവപുരം മഹാവിഷ്ണു ക്ഷേത്രം തുടങ്ങി സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ക്ഷേത്രങ്ങളിലും തിടമ്പുനൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
2018ലെ നവരാത്രിക്കാലത്ത് പള്ളിക്കുന്ന് മൂകാംബികാ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചായിരുന്നു നവനീതിന്റെ അരങ്ങേറ്റം. പിന്നീടിങ്ങോട്ടു നൂറില്‍പ്പരം ക്ഷേത്രങ്ങളിലെ ദേവീദേവന്മാര് നവനീതിന്റെ ദേവനര്ത്തനത്തിലൂടെ ഭക്തര്‍ക്കു ദര്‍ശനസായുജ്യം നല്കി. ഒരുകാലത്തു കണ്ണൂരിലെ ചെറുതാഴം ശ്രീരാഘവപുരം (ഹനുമാരമ്പലം) ക്ഷേത്രത്തില്‍ മാത്രം പതിവുള്ളതായിരുന്നു ഒരേസമയം നാലുപേർ ഒരുമിച്ചുള്ള ദേവനൃത്തം. ഇതിനുപിന്നാലെ ഇപ്പോള്‍ ചേലേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും കഴിഞ്ഞ മൂന്നുവര്‍ഷമായി നാലുപേർ ഒരുമിച്ചുള്ള തിടമ്പുനൃത്തം അവതരിപ്പിക്കപ്പെടുന്നുണ്ട്. ഈ രണ്ടിടങ്ങളിലും നാലുപേരില്‍ ഒരാളായി നവനീത് ദേവനര്ത്തനമാടുന്നു.
ഹൃദയമുദ്രയോടെ
കണ്ണൂരിനു പുറമേ കാസര്‍ഗോഡും ദേവനര്ത്തനത്തിന് പ്രധാന്യം കൂടുതലാണ്. കാസര്‍ഗോട്ടെ ക്ഷേത്രങ്ങളില്‍ മരച്ചട്ടമുപയോഗിച്ചുള്ള തിടമ്പുനൃത്തമാണ് പിന്തുടരുന്നത്. സാധാരണ തിടമ്പിനേക്കാള് ഭാരം കൂടുതലാണിവയ്ക്ക്. ചെമ്പട, തകിലടി, അടന്ത, പഞ്ചാരി തുടങ്ങി നാലു താളത്തിലാണ് തിടമ്പുനൃത്തം അവതരിപ്പിക്കാറുള്ളത്. പാണി കൊട്ടിയശേഷം തിടമ്പേറ്റുന്ന കലാകാരന് ഉഷ്ണീപീഠത്തില് (പ്രത്യേക രീതിയില്‍ അലങ്കരിക്കുന്ന തലപ്പാവ്) വിഗ്രഹംവച്ച് വലതുകൈയാല്‍ നെഞ്ചില്‍ ഹൃദയമുദ്രയും പിടിച്ചാണു നൃത്തം ആരംഭിക്കുക. വെളുത്ത മല്ലുമുണ്ട് പ്രത്യേകരീതിയില്‍ മടക്കിയാണ് ഉഷ്ണീപീഠം ഉണ്ടാക്കുക.
ഉഷ്ണീപീഠത്തില് കവുങ്ങിന് പൂക്കുലയും പുഷ്പങ്ങളും മാലകളും ഉപയോഗിച്ച് പ്രത്യേക രീതിയില്‍ അലങ്കരിച്ചാണു തിടമ്പൊരുക്കുന്നത്. പാണികൊട്ടിയശേഷം ശ്രീകോവിലില്‍നിന്നു വിഗ്രഹമെഴുന്നള്ളിക്കും. ചിലയിടങ്ങളില്‍ കൊടിമര നൃത്തവും പതിവുണ്ട്.
തൃക്കപാലം ശിവക്ഷേത്രം, ഏച്ചൂര്‍ കോട്ടം എന്നിവയൊഴിച്ചുള്ള ക്ഷേത്രങ്ങളില്‍ മേളത്തോടെയുള്ള കൊടിമരനൃത്തം തുടങ്ങിയതിനുശേഷമാണു തിടമ്പ് നൃത്തം നടത്തുന്നത്. വലന്തലയും ചെണ്ടയും ഇലത്താളവുമാണു നൃത്തത്തിന് അകമ്പടിയായി ഉപയോഗിക്കുന്നത്. അപൂര്‍വം ക്ഷേത്രങ്ങളില്‍ മാത്ര കൊട്ടി ഉറയ്ക്കുക എന്നൊരു ചടങ്ങും നടത്താറുണ്ട്. ഇതിനായി വലന്തല, മരപാണി, തിമില, ഇലത്താളം, ചെണ്ട എന്നീ വാദ്യോപകരണങ്ങളും ഉപയോഗിക്കും.
മഹാക്ഷേത്രങ്ങളില്‍ ശീവേലിയോടനുബന്ധിച്ച് ദേവീദേവന്മാരുടെ വിഗ്രഹം അഥവാ തിടമ്പ് എഴുന്നള്ളിക്കുന്ന വേളയില്‍ ആ തിടമ്പ് ശിരസില്വഹിച്ചും നൃത്തംവയ്ക്കും. സാധാരയായി അഞ്ചുപ്രദക്ഷിണമാണു പതിവ്. പല ക്ഷേത്രങ്ങളിലും വര്‍ഷത്തിലൊരിക്കല്‍ ഉത്സവത്തോടനുബന്ധിച്ചു മാത്രമാണ് തിടമ്പുനൃത്തം അവതരിപ്പിക്കപ്പെടുന്നത്.
ഭക്തിസാന്ദ്രം
മലബാറിലെ നമ്പൂതിരി സമുദായത്തില്‍പ്പെട്ട പുരുഷന്മാരാണ് ഈ കല പാരമ്പര്യമായി തുടര്‍ന്നു പോരുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ മംഗളൂരുവുമായി ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ നേരത്തേതന്നെ എമ്പ്രാന്തിരിമാരും ശീവള്ളി തുളു ബ്രാഹ്മണരും തിടമ്പുനൃത്തരംഗത്തു സജീവമായിരുന്നു. നൃത്തം ചെയ്യുന്നയാള്ക്കുപുറമേ ഏഴു വാദ്യക്കാരും രണ്ടു വിളക്കുകാരുമുണ്ടാകും.
മാരാര്‍ സമുദായത്തില്‍നിന്നുള്ളവരാണു വാദ്യക്കാര്‍. ക്ഷേത്രത്തിലെ കഴകവിഭാഗമായ നമ്പീശന്, വാര്യര്‍, പിഷാരടി, ഉണിത്തിരി തുടങ്ങിയ സമുദായക്കാര്‍ക്കാണ് തിടമ്പുനൃത്തത്തിന്റെ ഭാഗമായുള്ള വിളക്കുപിടിക്കാനുള്ള അവകാശം. ശ്രീകോവിലില്‍നിന്നുള്ള ദേവചൈതന്യത്തെ ആവാഹിച്ചു കുടിയിരുത്തിയ ശീവേലി ബിംബത്തേയും വഹിച്ചു നൃത്തം ചെയ്തുകൊണ്ട് ക്ഷേത്രപ്രദക്ഷിണം ചെയ്യുന്നതാണ് തിടമ്പുനൃത്തത്തില്‍ പതിവ്.
മേളക്കാര് കൊട്ടുന്ന താളത്തിനനുസരിച്ചു നര്ത്തകന് ചുവടുവയ്ക്കും. താളം മുറുകുന്നതിനനുസരിച്ചു ചുവടുകളിലും മാറ്റമുണ്ടാകും. പതിതാളത്തിലും അതു മുറുകി പിന്നീട് ദ്രുതതാളത്തിലും ചുവടുകള്‍വച്ചു നര്ത്തകന് മുന്നേറുമ്പോള്‍ അന്തരീക്ഷവും അതുപോലെ ഭക്തിസാന്ദ്രമാകും. ഇവയ്ക്കിടെ മനോധര്‍മം ആടുന്നതും നൃത്തത്തിന്റെ മാറ്റുകൂട്ടും.
മെയ്വഴക്കം പ്രധാനം
തിടമ്പുനൃത്തത്തിനു മെയ്വഴക്കം ഒരു പ്രധാനഘടകമാണ്. ശിരസിലേന്തുന്ന ദേവചൈതന്യംവഹിച്ച പീഠവും തിടമ്പും താഴെവീഴാതെ, എന്നാല്‍ ദ്രുതമായി ചുവടുകള്‍ വയ്ക്കേണ്ടത് അത്യാവശ്യമാണ്. ദേവകാര്യങ്ങള്‍ക്ക് ഉചിതമെന്നു കരുതുന്ന ഉത്തരായനകാലത്തെ ആറുമാസമാണ് പ്രധാനമായും തിടമ്പുനൃത്തം പോലുള്ള ദേവകലകള് അവതരിപ്പിക്കപ്പെടുക. അതിനാല്‍ത്തന്നെ ഇത്തരം കലകള്ക്കുവേണ്ട പരിശീലനം നടക്കുന്നത് താരതമ്യേന വിശ്രമസമയം എന്നു കണക്കാക്കുന്ന ദക്ഷിണായന കാലത്താണ്. ഇക്കാലത്താണ് മെയ്വഴക്കത്തിനുവേണ്ടുന്ന അഭ്യാസങ്ങളും ഉഴിച്ചില്പോലുള്ളവയും പരിശീലിക്കുന്നത്.
ചെമ്പടയിലും തകിലടിയിലും അടന്തയിലും പഞ്ചാരിയിലും താളങ്ങള്‍ വീഴുമ്പോള്‍ അവയ്ക്കൊപ്പവും അതിനിടയില്‍ മനോധര്‍മം അനുസരിച്ചും ആടണമെങ്കില്‍ മെയ്വഴക്കം കൂടിയേതീരൂ. അതിനായി കളരിച്ചിട്ടപോലുള്ളവ തീര്ച്ചയാലും പരിശീലിക്കുകയും വേണം. ഇതുകൂടാതെ വര്‍ഷാവര്‍ഷം മുടങ്ങാതെ ഉഴിച്ചിലും നടത്തണം. ചിട്ടയായ ഇത്തരം കാര്യങ്ങളും മുറതെറ്റാതെയുള്ള പരിശീലനങ്ങളുമായിരിക്കാം ഒരുപക്ഷേ ചെറുപ്പക്കാരെ തിടമ്പുനൃത്ത കലാരംഗത്തുനിന്ന് അകറ്റിനിര്‍ത്തുന്നത്. ഇവയൊക്കെയാണങ്കിലും നവനീതിനെപ്പോലെയുള്ളവര് ഈ രംഗത്തേക്കു കടന്നുവരുന്നത് ശുഭസൂചകമാണ്.
തിടമ്പുനൃത്ത കലാരംഗത്തെ പ്രഗത്ഭരായ അണലക്കാട് മാധവന് നമ്പൂതിരി, വട്ടക്കുന്നം ഹരികൃഷ്ണന് നമ്പൂതിരി, വെദിരമന കേശവന് നമ്പൂതിരി, ശിവപ്രസാദ് മണോളിത്തായ തുടങ്ങിയവര്‍ക്കൊപ്പവും നവനീത് നൃത്തമവതരിപ്പിച്ചിട്ടുണ്ട്. 2022ല്‍ കാസര്‍ഗോഡ് ജില്ലയിലെ ബേക്കലം ഗോശാലയില്‍ വിഷ്ണു ഹെബ്ബാറുടെ കീഴില്‍ നവനീത് സേവനമനുഷ്ഠിച്ചിരുന്നു. ഇപ്പോള്‍ റിലയന്‍സ് ഫാഷന്‍ ആന്‍ഡ് റീട്ടെയിലില്‍ ജീവനക്കാരനാണ്.
കുലത്തൊഴില്‍ എന്ന നിലയിലുള്ള അടുപ്പം എപ്പോഴും തിടമ്പുനൃത്തവുമായുണ്ട്. അതുകൊണ്ടുതന്നെ ജോലി ചെയ്തു മുന്നേറുമ്പോഴും പാരമ്പര്യത്തെ കൈവിടാന്‍ താന്‍ ഒരുക്കമല്ലെന്നും നവനീത് നമ്പൂതിരി വ്യക്തമാക്കുന്നു.
അച്ഛന് നാരായണന് നമ്പൂതിരി ചന്തേര ഗ്രാമത്തപ്പന് മഹാവിഷ്ണു ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. അമ്മ ഗിരിജ. ചെറുകുന്ന് ഓദയംമാടം യുപി സ്കൂള്‍ അധ്യാപകനായ മണിപ്രസാദ് ജ്യേഷ്ഠനാണ്.
SUNDAY DEEPIKA
കൊളോണിയല്‍ ഭരണകാലത്ത് പോര്‍ച്ചുഗീസ് കോളനിയായിരുന്ന ഗോവ ബീച്ചുകള്‍ക്കു മാത്രമല്ല പോര്‍ച്ചുഗീസ് വാസ്തുശൈലിയിലുള്ള ചരിത്രപ്രസിദ്ധങ്ങളായ മന്ദിരങ്ങള്ക്കുകൂടി പേരുകേട്ട ഇടമാണ്.
ദക്ഷിണ ഗോവയിലെ കാന്സോലിം ഗ്രാമത്തിലെ മലമുകളില്‍ ഒറ്റപ്പെട്ട നിലയില്‍ സ്ഥിതി ചെയ്യുന്ന ഒരു പഴയപള്ളിയാണ് ത്രീ കിംഗ്സ് ചര്‍ച്ച്.
കുന്നിന്മുകളില്നിന്നുള്ള അറബിക്കടലിന്റെയും പച്ചപ്പിന്റെയും കാഴ്ച ആസ്വദിക്കാന്‍ പകല്‍ സമയങ്ങളില്‍ ധാരാളം ആളുകള്‍ ഈ പള്ളിക്കുസമീപം എത്താറുണ്ടെങ്കിലും രാത്രികാലങ്ങളില്‍ തീര്‍ത്തും വിജനമാണിവിടം. പ്രേതങ്ങളുടെ പറുദീസയായി നാട്ടുകാര്‍ വാഴ്ത്തുന്ന ഈ സ്ഥലം ഗോവയിലെ ഏറ്റവും ഭീതിജനകമായ സ്ഥലങ്ങളിലൊന്നു കൂടിയായും രാത്രികാലങ്ങളില്‍ രൂപാന്തരം പ്രാപിക്കുന്നു.
1599ല്‍ ഫാ. ഗോണ്‍കാലോ കാര്‍വാലോ ആണ് ഈ പള്ളി നിര്‍മിച്ചതെന്നു കരുതപ്പെടുന്നു. പോര്‍ച്ചുഗീസ് ഭരണകാലത്തെ വാസ്തു വൈദഗ്ധ്യത്തിന്റെ മനോഹരമായ ഉദാഹരണമാണിത്. "അവർ ലേഡി ഓഫ് റെമഡീസ്’ എന്നാണ് ഈ പള്ളിയുടെ ഔദ്യോഗിക നാമം. എന്നാല്‍ "ത്രീ കിംഗ്സ്’ എന്ന പേരിലാണ് ഇത് ലോകപ്രശസ്തമായത്.
ഈ പ്രദേശം ഒരുകാലത്ത് മൂന്നു പ്രാദേശിക രാജാക്കന്മാര് ചേര്‍ന്നാണ് ഭരിച്ചിരുന്നതെന്നു പറയപ്പെടുന്നു. ഇവര്‍ തമ്മിലുള്ള അധികാരപോരാട്ടം രക്തരൂഷിതമായ ദുരന്തത്തിലാണവസാനിച്ചത്. പെട്ടെന്നൊരുനാൾ ഇതില്‍ ഒരാളായ ഹോള്‍ഗര്‍ അല്വുങ്കര് ബാക്കി രണ്ടു രാജാക്കാന്മാരെ വകവരുത്തി ഒറ്റയ്ക്കു ഭരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സമാധാന ചര്ച്ചയ്ക്കെന്നപേരിൽ മറ്റു രണ്ട് രാജാക്കന്മാരെ പള്ളിയിലേക്കു വിരുന്നിന് ക്ഷണിച്ച അല്വുങ്കര് ഭക്ഷണത്തില്‍ വിഷംകലര്‍ത്തി അവരെ കൊലപ്പെടുത്തിയത്രേ. എന്നാല്‍ അല്വുങ്കറിന്റെ ചതി മനസിലാക്കിയ നാട്ടുകാര്‍ അദ്ദേഹത്തെ വളഞ്ഞു. ഗത്യന്തരമില്ലാതെ അല്വുങ്കര് അതേ വിഷംകഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കഥ.
മരണപ്പെട്ട മൂന്നു രാജാക്കന്മാരെയും ഈ പള്ളിവളപ്പില്‍ തന്നെയാണ് അടക്കംചെയ്തതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ സംഭവത്തിനുശേഷം പള്ളി ഉപേക്ഷിക്കപ്പെട്ടു. തകർന്നു തുടങ്ങുകയും ചെയ്തു.
ഇന്ന് ഒരു പ്രേതകേന്ദ്രമായാണ് തദ്ദേശീയര്‍ ത്രീ കിംഗ്സ് പള്ളിയെ കാണുന്നത്. ഈ മൂന്നു രാജാക്കന്മാരുടെ ആത്മാക്കള്‍ ഈ കുന്നിന്മുകളില് അലഞ്ഞുനടക്കുകയാണെന്നാണ് നാട്ടുകാരുടെ വിശ്വാസം.
രാത്രി സമയങ്ങളില്‍ അജ്ഞാത ശബ്ദങ്ങള്‍, അപ്രതീക്ഷിത കാറ്റ്, മനുഷ്യരൂപമുള്ള നിഴലുകള്‍ തുടങ്ങിയ അനുഭവങ്ങള്‍ പലരും വിവരിച്ചിട്ടുണ്ട്. ചിലര്‍ക്ക് അകാരണമായ ഭയം, ശരീരശക്തി നഷ്ടപ്പെടുന്ന പോലെയുള്ള അനുഭവം, മനസിന് അമിതമായ അസ്വസ്ഥത എന്നിവയും ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു.
ഈ കുന്നിന്മുകളിൽ, പ്രത്യേകിച്ച് തകർന്ന പള്ളിയുടെ ചുറ്റുമുള്ള പ്രദേശത്ത് ഒരുകാലത്ത് ഒട്ടേറെ ആത്മഹത്യകള്‍ നടന്നതായുള്ള പ്രാദേശിക വിശ്വാസവും നിലനില്ക്കുന്നു. അതുകൊണ്ടുതന്നെ സന്ധ്യകഴിഞ്ഞാല്‍ ഈ പ്രദേശത്തേക്കുള്ള സഞ്ചാരം നാട്ടുകാർ ഒഴിവാക്കാറുണ്ട്.
എന്നാൽ പകല്‍സമയം പള്ളിയും പരിസരവും വിനോദ സഞ്ചാരികളുടെ ഇഷ്ടയിടങ്ങളിലൊന്നാണ്. എല്ലാ വര്‍ഷവും ജനുവരി ആറിന് ഇവിടെ വലിയൊരു പെരുന്നാളാഘോഷം നടക്കാറുണ്ട്. ഉണ്ണിയേശുവിനെ കാണാന്‍ വന്ന മൂന്നു ജ്ഞാനികളുടെ ഓര്‍മയ്ക്കായാണ് ഇത് ആഘോഷിക്കുന്നത്. അന്ന് നാട്ടിലെ മൂന്ന് ആണ്‍കുട്ടികളെ രാജാക്കന്മാരുടെ വേഷംകെട്ടിച്ച് കുതിരപ്പുറത്ത് പള്ളിയിലേക്ക് ആനയിക്കാറുണ്ട്.
ഭയം, ചരിത്രം, വിശ്വാസങ്ങള്‍ ഇവയെല്ലാം ഇഴുകിച്ചേര്‍ന്ന "ത്രീ കിംഗ്സ് ചര്‍ച്ച്’ ഗോവയിലെ ഏറ്റവും ദുരൂഹതയേറിയ പ്രദേശങ്ങളിലൊന്നായാണ് ഇന്ന് അറിയപ്പെടുന്നത്.
SUNDAY DEEPIKA
ഡാഫ്നെ ദു മോറിയർ സ്വതന്ത്ര പരിഭാഷ
ക്ലാരീസ് ബെഡ്റൂമിൽ എന്നെ കാത്തിരിക്കുകയായിരുന്നു. നനഞ്ഞ കണ്‍പീലികളുമായി ഞാൻ കടന്നുചെന്നു. എന്നെ കണ്ടമാത്രയിൽ അവൾ വിങ്ങിപ്പൊട്ടിക്കരഞ്ഞു. എനിക്കുള്ളതിനേക്കാൾ ദുഃഖവും വേദനയും അവൾക്കുള്ളതുപോലെ തോന്നി.
""മാഡത്തിന്റെ ഇത്രയും ഭംഗിയേറിയ ഡ്രസ്...'' എന്നുപറഞ്ഞ് അവൾ വിതുന്പിക്കരയുകയാണ്.
""കരയാതിരിക്കൂ! പോട്ടെ, സാരമില്ല.''
ഞാൻ ഡ്രസ് ഉൗരിമാറ്റാൻ തുടങ്ങിയപ്പോൾ അവൾ വന്നു ബട്ടണുകളും കൊളുത്തുകളും വിടുവിക്കാൻ സഹായിച്ചു. പിന്നെയും അവൾ കരയുന്നതു കണ്ടപ്പോൾ ഞാൻ പറഞ്ഞു:
""നീ പൊയ്ക്കോളൂ! എനിക്കൊന്നു വിശ്രമിക്കണം. ഉണ്ടായ സംഭവങ്ങളൊന്നും ആരോടും പറയേണ്ട. നന്നായൊന്നു മുഖംകഴുകിത്തുടച്ചിട്ടു പോ!''
അവൾ അപ്രകാരംചെയ്തു മുറിവിട്ടു പോയി.
അപ്പോഴേക്കും ബിയാട്രീസ് മനോവിഷമത്തോടെ കയറിവന്നു. ഫാൻസി ഡ്രസിന് വേഷംധരിച്ചാണ് എത്തിയത്. തികഞ്ഞ സഹതാപത്തോടെ എന്റെ കൈകളിൽ പിടിച്ചു. ""ഒന്നും സാരമാക്കേണ്ട. നീ അല്പസമയം റെസ്റ്റ് ചെയ്യൂ. മുഖം വല്ലാതിരിക്കുന്നു. കുടിക്കാൻ എന്തെങ്കിലും എടുക്കണോ?''
""ഒന്നും വേണ്ട.''
""നിന്റെ വേഷം കണ്ടനിമിഷത്തിൽ ഞാൻ മനസിലാക്കി വലിയൊരു പിഴവാണ് പറ്റിയതെന്ന്. അതു നിനക്കറിയില്ല. അറിയേണ്ട കാര്യമില്ല.''
""എന്ത്... എന്താണ്?''
""ഗാലറിയിലെ ചിത്രത്തിലെ അതേ മോഡൽ ഡ്രസാണ് നീ ധരിച്ചത്.''
""അതേ.''
""കഴിഞ്ഞതവണ നടന്ന ഫാൻസി ഡ്രസിന് അതേ ഡ്രസാണ് റെബേക്ക ധരിച്ചത്.''
അതുകേട്ട് ഞാൻ നടുങ്ങി സ്തംഭിച്ചുനിന്നു. എന്റെ പുറത്തുതട്ടിയിട്ട് ബിയാട്രീസ് പറഞ്ഞു:
""മോളേ! നിന്റെ തെറ്റല്ല. നിനക്കത് അറിയില്ല.''
""ഞാൻ... ഞാനത് അറിയേണ്ടതായിരുന്നു... ഞാൻ അറിയേണ്ടതായിരുന്നു.''
""ഇതു ഞങ്ങളാരും പ്രതീക്ഷിച്ചില്ല. എല്ലാവർക്കും അതൊരു ഷോക്കായി. പ്രത്യേകിച്ച് മാക്സിമിന്. മാക്സിം...''
""മാക്സിം?
""അവൻ പറഞ്ഞത് നീയിതു മനഃപൂർവം ചെയ്തതാണെന്നാണ്. നിന്റെ വേഷമേതാണെന്ന് അവൻ പലവട്ടം ചോദിച്ചപ്പോൾ നീ പറഞ്ഞില്ലത്രേ. അദ്ഭുതപ്പെടുന്ന വേഷം അന്നു കാണാം എന്നാണ്രതേ പറഞ്ഞത്.''
""അയ്യോ!.. ഞാൻ... അത്...''
""പോകട്ടെ. സാരമാക്കേണ്ട. എല്ലാം സാവകാശം മാക്സിമിനോട് നീ പറഞ്ഞാൽ മതി. പകരം നീ ഏതു ഡ്രസാണ് ധരിക്കുന്നത്?''
ബിയാട്രീസ് അലമാര തുറന്ന് അതിൽ പലതും തപ്പിയശേഷം ഒരു നീല ഉടുപ്പെടുത്ത് എനിക്കുനീട്ടി.
""ഇതുമതി. നല്ല ഭംഗിയുണ്ട്.''
""ബിയാട്രീസ് പൊയ്ക്കോളൂ. ഞാൻ വന്നോളാം.''
""നിന്റെ ഡ്രസിനെപ്പറ്റി ഫ്രാങ്കും ഞാനും ഗൈൽസും ഒരു തന്ത്രം മെനഞ്ഞിട്ടുണ്ട്. ഓർഡർ കൊടുത്ത് ലണ്ടനിൽനിന്നു വന്ന ഡ്രസ് ശരിക്കും പാകമല്ല. അതുകൊണ്ടാണ് ഈ ഈവനിംഗ് ഡ്രസ് ഇട്ടത് എന്ന്. ഞാൻ പോകുന്നു. ഫാൻസി ഡ്രസ് പരിപാടി അവിടെ നടക്കുകയാണ്. പല ട്രൂപ്പുകളുമുണ്ട്. ഞങ്ങളുടെ ഉൗഴമാകുന്പോഴേക്കും എത്തണം. ഒർക്കസ്ട്ര അവിടെ പൊടിപൊടിക്കുന്നുണ്ട്. ഡിന്നർ ഹാളിലും റോസ് ഗാർഡനിലും ലോണിലുമെല്ലാം നിറയെ അതിഥികളും മറ്റു സുഹൃത്തുക്കളുമാണ്. ആവശ്യക്കാർക്ക് ഡ്രിങ്ക്സിനുള്ള രണ്ടു കൗണ്ടറുകൾ വേറെയുണ്ട്. എല്ലാം നീയൊന്നു വന്നു കാണൂ! ശരിക്കും ഒരു ഉത്സവംതന്നെ. സമയം ഇപ്പോൾത്തന്നെ വൈകി. എന്താ ആലോചിച്ചുനിൽക്കുന്നത്?''
എന്റെ തോളിൽപ്പിടിച്ച് ബിയാട്രീസ് തുടർന്നു:
""നീ മാക്സിമിനെ ഓർക്കൂ! അവന്റെ പ്രസ്റ്റീജ് നോക്കൂ. അവനെ വിഷമിപ്പിക്കരുത്. മോള് ഒന്നു മനസിലാക്കണം. വന്നുകൂടിയ അതിഥികളെ കാണാനും സ്വീകരിക്കാനും അവനോടൊപ്പം നീയും വേണം. സത്യത്തിൽ നിനക്കുവേണ്ടിയല്ലേ ഇതെല്ലാം നടത്തുന്നത്? പോകട്ടേ ഞാൻ?''
ബിയാട്രീസ് തിടുക്കത്തിൽ പോയി. മനസു പാകപ്പെടാതെ അല്പനേരം ഞാൻ ശങ്കിച്ചുനിന്നു. മാക്സിം എന്നെ കണക്കറ്റു ശകാരിച്ചെങ്കിലും ദൈവത്തെയോർത്ത് ഞാനതു മറക്കുന്നു. വേദനയുടെ എരിച്ചിലുകളെല്ലാം ഞാൻ നെഞ്ചിലൊതുക്കി. വേഗം നീലയുടുപ്പ് എടുത്തണിഞ്ഞു. വിഗ് മാറ്റി. മുടി ചീകി. മുഖം മിനുക്കി.
വാതിലിൽ മുട്ടുകേട്ട് തുറന്നപ്പോൾ ഫ്രാങ്ക്! എന്നെ അന്വേഷിച്ച് എത്തിയിരിക്കുന്നു.
""ങാ! ഈ ഡ്രസ് കൊള്ളാം. ഇതു മതി. വേഗം വരൂ മാഡം. മനസിൽ ഒന്നും വയ്ക്കരുത്. എല്ലാം മായ്ച്ചുകളയൂ. ബി ഹാപ്പി. കമോണ്‍!''
ഞാൻ ഫ്രാങ്കിനോടൊപ്പം താഴേക്കു പോയി.
അവിടെ നടക്കുന്ന വിവിധ പരിപാടികളുടെ ശബ്ദഘോഷമോ ആർഭാടങ്ങളോ ഞാൻ ശ്രദ്ധിക്കുന്നില്ല. ചുറ്റിലും മുറ്റത്തും റോസ് ഗാർഡന്റെ ഭാഗത്തും എന്റെ കണ്ണുകൾ പരതുകയാണ്, ഒരാൾക്കുവേണ്ടി. എന്റെ പ്രിയനുവേണ്ടി- മാക്സിമിനുവേണ്ടി. ഞാൻ കണ്ടു. റോസ് ഗാർഡന്റെ സമീപത്ത് ചിലരോടു കുശലംപറഞ്ഞു നിൽക്കുന്നു.
""മാഡം അങ്ങോട്ടു പൊയ്ക്കോളൂ. ഞാൻ ചില അതിഥികളെ യാത്രയാക്കട്ടെ.'' ഫ്രാങ്ക് കാറുകളുടെ അടുത്തേക്കു പോയി.
ഞാൻ മന്ദസ്മിതം തൂകി സാവധാനം മാക്സിമിന്റെ അടുത്തേക്കു ചെന്നു. എന്നെ കണ്ടെങ്കിലും ഒന്നും മിണ്ടിയില്ല. പുഞ്ചിരിച്ചില്ല. മുഖത്തെ ഗൗരവം അപ്പോഴും മാഞ്ഞിട്ടില്ല. അതിഥികളോടു സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും എന്നെ പരിചയപ്പെടുത്തുന്നില്ല. ഞങ്ങൾ അടുത്തടുത്തായി അന്യരെപ്പോലെ നിന്നു. അതിഥികൾ പലരും ദന്പതികളായ ഞങ്ങളെ പരിചയപ്പെടുകയും ഹസ്തദാനം നൽകുകയും ആശംസകൾ നേരുകയും ചെയ്തു.
ഒരു വിഐപി മാക്സിമിനോടു പറഞ്ഞു: ""മിസിസിനായി ഓർഡർ കൊടുത്തു വന്ന ഡ്രസ് ശരിയായില്ലെന്നു കേട്ടല്ലോ. ഉത്തരവാദിത്വമില്ലാത്ത അവർക്കെതിരേ കേസ് ഫയൽ ചെയ്യുകയാണു വേണ്ടത്.''
""എന്തുചെയ്യാം.. എല്ലാം നിർഭാഗ്യകരമായിപ്പോയി.''
""എന്തായാലും മിസിസിന്റെ ഈ ഡ്രസ് നന്നായിട്ടുണ്ട്.''
എന്നെ നോക്കി അദ്ദേഹം പറഞ്ഞു. ഞാനുടനെ ""താങ്ക് യൂ!'' പറഞ്ഞു. തുടർന്ന് അദ്ദേഹത്തെ യാത്രയാക്കാനായി മാക്സിം കാറിനടുത്തേക്കു പോയി. ഞാൻ ഒറ്റപ്പെട്ടതുപോലെയായി.
അല്പം കഴിഞ്ഞപ്പോഴേക്കും മാക്സിം തിരിച്ചുവന്നു. പരിപാടിയിൽ പങ്കെടുത്ത് സസന്തോഷം മടങ്ങുന്ന സുഹൃത്തുക്കൾ "ഗുഡ് ബൈ' പറഞ്ഞു പിരിയുന്നു. ഒരാൾ പറഞ്ഞു: ""ഇത്ര ഗംഭീരമായ ഒരു പാർട്ടിയും പരിപാടിയും അടുത്തൊന്നും ഞാൻ ആസ്വദിച്ചിട്ടില്ല.''
ലേഡി ക്രോവൻ എന്റെ പുറത്തുതട്ടിക്കൊണ്ട് ഏറെ മതിപ്പോടെ പറഞ്ഞു: ""പരിപാടി ഗ്രാൻഡായി. മറക്കാനാവില്ല.''
""താങ്ക് യൂ!''
അവർ ചിരിച്ചുകൊണ്ടു പറഞ്ഞു: ""ഈ പരിപാടിക്കു കാരണക്കാരി ഞാനാണ്.''
ഞാൻ പറഞ്ഞു: ""ശരിയാണ്.''
അല്പസമയത്തിനുള്ളിൽ ഫ്രാങ്ക് വന്നു. ""മാഡത്തിന് ഇവിടെ ഒരിടത്ത് ഇരുന്നുകൂടേ?''
""ഓ, വേണ്ട.''
""അല്ലെങ്കിൽ വരൂ, ഭക്ഷണം കഴിക്കാം.''
""പിന്നെയാവാം.''
അപ്പോഴേക്കും ഫാൻസി ഡ്രസ് കഴിഞ്ഞ് ബിയാട്രീസും ഗൈൽസും എത്തി. മാക്സിം അവരോടു ചോദിച്ചു: ""നിങ്ങളുടെ പരിപാടി നന്നായോ?''
""ഞങ്ങൾ അടിച്ചുപൊളിച്ചില്ലേ! ഗൈൽസ് നന്നായിട്ടൊന്നു മിനുങ്ങിയിരുന്നു. അതിനാൽ പ്രകടനം ഉഷാറായി.''
ഗൈൽസ് ക്ഷണിച്ചു: ""വരൂ, നമുക്ക് ടെറസിൽനിന്ന് ഫയർവർക്സ് കാണാം.'' ബിയാട്രീസ് എന്നെ അങ്ങോട്ടു നിർബന്ധിച്ചു വിളിച്ചുകൊണ്ടുപോയി. ഞാൻ പറഞ്ഞു: ""ഞാനില്ല. എന്റെ മനസും ശരീരവും ഒരുപോലെ തളർന്നിരിക്കുന്നു. എനിക്കു ഭക്ഷണമൊന്നും വേണ്ട. ഇപ്പോഴെനിക്കുവേണ്ടത് പൂർണ വിശ്രമമാണ്.''
""ശരി. പോയി കിടന്നോളൂ. ക്ഷീണംമൂലം നീ കിടക്കാൻ പോയി എന്ന് ഞാൻ മാക്സിമിനോടു പറയട്ടെ?''
""ശരി. പറഞ്ഞോളൂ.''
എന്റെ പുറത്തുതട്ടി എന്നെ ചുംബിച്ചുകൊണ്ട് ബിയാട്രീസ് പറഞ്ഞു: ""മോളു പോയി സുഖമായിട്ടുറങ്ങൂ.''
ഞാൻ വേഗം പോയി കിടന്നു. താമസിയാതെ ഗാഢനിദ്രയിലാണ്ടു. പാതിരാ കഴിഞ്ഞ് ഞാനൊന്നുണർന്നു. അരികെ തപ്പിനോക്കിയപ്പോൾ മാക്സിം ബെഡിൽ എത്തിയിട്ടില്ല.
നേരം പുലർന്നു. കിളികൾ ചിലച്ചു. സൂര്യപ്രകാശം മുറിയിലേക്ക് തുളച്ചുകയറി. അപ്പോഴും മാക്സിമിനെ ബെഡ്റൂമിൽ കണ്ടില്ല. എത്തിയ ലക്ഷണവുമില്ല.
(തുടരും)
SUNDAY DEEPIKA
ഗ്രീക്ക് മിലിട്ടറി ലീഡറും തത്വചിന്തകനും ചരിത്രകാരനുമായിരുന്നു സെനോഫോണ്‍. ബിസി 431ൽ ജനിച്ച അദ്ദേഹം ബിസി 355നും 354നുമിടയിൽ മരണമടഞ്ഞുവെന്നു കരുതപ്പെടുന്നു. സെനോഫോണ്‍ ഗ്രീക്ക് ഇതിഹാസ കഥാപാത്രമായ ഹെർക്കുലീസിനെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്ന ഒരു കഥയുണ്ട്.
യുവാവായ ഹെർക്കുലീസ് ജീവിതത്തിലെ ഒരു വഴിത്തിരിവിൽ എത്തിനിൽക്കുകയാണ്. അപ്പോൾ അവന്റെ മുന്നിൽ രണ്ടു യുവസുന്ദരികൾ പ്രത്യക്ഷപ്പെടുന്നു. അവരിലൊരുവൾ സുഖസൗകര്യങ്ങളുടെ പ്രതീകമായ ആനന്ദമായിരുന്നു. മറ്റേ സുന്ദരിയാകട്ടെ ആത്മസംയമനവും ത്യാഗവും സേവനവും പ്രതിനിധീകരിക്കുന്ന ധർമവും.
ആനന്ദം ഹെർക്കുലീസിനോട് ഉടനടി സന്തോഷം നൽകുന്ന ആനന്ദകരമായ ഒരു ജീവിതം വാഗ്ദാനംചെയ്തു. ധർമമാകട്ടെ ആത്മത്യാഗത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ആദരവും ആത്മസംതൃപ്തിയും നൽകുന്ന വഴിയാണ് കാണിച്ചുകൊടുത്തത്. ഹെർക്കുലീസ് കുറേസമയം ആലോചിച്ചു. ഒടുവിൽ അവൻ ധർമത്തിന്റെ പാതയാണു തെരഞ്ഞെടുത്തത്. ആ ഒരു സുപ്രധാന തീരുമാനമാണ് ഹെർക്കുലീസിനെ കായികശക്തിയിൽ മാത്രമല്ല, സ്വഭാവഗുണത്തിലും അതിപ്രശസ്തനായ ഒരു വീരനാക്കി മാറ്റിയത്.
നമ്മെ സംബന്ധിച്ചിടത്തോളം ഈ കഥ ഏറെ അർഥവത്താണ്. ഹെർക്കുലീസിനെപ്പോലെ നാമും ജീവിതത്തിന്റെ ചില വഴിത്തിരിവുകളിൽ എത്താറുണ്ട്. ആ വഴിത്തിരിവുകളിൽ ചിലത് എളുപ്പം വിജയംനൽകുന്ന ആകർഷകമായ കുറുക്കുവഴികളായിരിക്കും. എന്നാൽ മറ്റു ചിലതു കഠിനവും ഏറെ വെല്ലുവിളികൾ നിറഞ്ഞതുമായിരിക്കും.
എളുപ്പമുള്ളതും ആകർഷകവുമായ വഴികൾ തെരഞ്ഞെടുക്കാനാവും നാം പലപ്പോഴും ചിന്തിക്കുക. എന്നാൽ അവ ഒരിക്കലും നമുക്കു ശരിയായ ആത്മസന്തോഷം നൽകില്ല എന്നതാണു വാസ്തവം. അവ നമുക്കു താത്കാലികമായ ആനന്ദം നൽകുമെന്നതു ശരിയാണ്. തന്മൂലമാണല്ലോ സന്പത്തും പ്രശസ്തിയും പദവിയുമൊക്കെ നൽകുന്ന ആകർഷകമായ വഴികൾ പലരും തെരഞ്ഞെടുക്കുന്നത്.
ഇതിനിടയിൽ നാം ഓർമിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ആകർഷകമായ എല്ലാ വഴികളും നന്മയിലേക്കല്ല നയിക്കുന്നത് എന്ന യാഥാർഥ്യം. അതുകൊണ്ടല്ലേ ദൈവപുത്രനായ യേശു പറഞ്ഞത്, ""നാശത്തിലേക്കു നയിക്കുന്ന വഴി വിശാലമാണ്, ജീവനിലേക്കു നയിക്കുന്ന വഴി ഇടുങ്ങിയതും'' (മത്താ 7:13-14) എന്ന്. ദൈവവചനം പറയുന്നു: ""ശരിയെന്നു തോന്നുന്ന വഴി ചിലപ്പോൾ മരണത്തിലേക്കു നയിക്കുന്നതാകാം'' (സുഭാ 14: 12).
എളുപ്പമുള്ള വഴിയിൽ എപ്പോഴും ആൾക്കൂട്ടമുണ്ടാകും. എന്നാൽ ശരിയായ വഴിയിൽ അധികമാരെയും കണ്ടെന്നിരിക്കുകയില്ല. അവിടെ പലപ്പോഴും നമ്മൾ ഏകാന്തപഥികരായിരിക്കും. അതുമാത്രമല്ല നാം തെരഞ്ഞെടുത്തിരിക്കുന്ന ധാർമികതയുടെ പാതയായിരിക്കുന്നതുകൊണ്ട് അവിടെ ഏറെ ത്യാഗവും ക്ലേശവുമൊക്കെയുണ്ടാകും. എന്നാൽ അതേക്കുറിച്ച് നാം ഖിന്നരാകേണ്ടതില്ല. കാരണം ധാർമികതയുടെ പാതയാണ് നമ്മുടെ ജീവിതത്തിൽ യഥാർഥ ആനന്ദവും ആത്മസംതൃപ്തിയും നൽകുന്നത്.
യുദ്ധവും സമാധാനവും ഉൾപ്പെടെ നിരവധി പ്രശസ്ത കൃതികളുടെ കർത്താവാണ് റഷ്യൻ സാഹിത്യകാരനായ ലിയോ ടോൾസ്റ്റോയ് (1828-1910). സന്പന്നകുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന് ലൗകികമായ രീതിയിൽ ഒന്നിന്റെയും കുറവില്ലായിരുന്നു. എന്നാൽ സന്പത്തും പ്രശസ്തിയും ലൗകികജീവിതസുഖങ്ങളുമൊന്നും അദ്ദേഹത്തിന് യഥാർഥസന്തോഷം നൽകിയില്ല. ജീവിതം ശൂന്യമായി അനുഭവപ്പെട്ടു.
തന്മൂലം അദ്ദേഹം ചെയ്തതെന്താണെന്നോ. അദ്ദേഹത്തിന് അവകാശപ്പെട്ട പിതൃസ്വത്തുക്കൾ അദ്ദേഹം വേണ്ടെന്നുവച്ചു. വിലയേറിയ വസ്തുക്കൾ ഉപേക്ഷിച്ച് അദ്ദേഹം സാധാരണക്കാരെപ്പോലെ വസ്ത്രംധരിച്ചു. മദ്യപാനവും പുകവലിയും പാടേ നിർത്തലാക്കി. തന്റെ സ്വത്തുക്കളിൽ നല്ലൊരു ഭാഗം പാവപ്പെട്ടവരുമായി പങ്കുവച്ചു.
ഇപ്രകാരം ചെയ്തതുവഴി അദ്ദേഹം തന്റെ ജീവിതത്തിൽ ശരിയായ ഒരു വഴി തെരഞ്ഞെടുക്കുകയായിരുന്നു. അദ്ദേഹം ഒരിക്കൽ എഴുതി: ""ജീവിതത്തിന്റെ കൃത്യമായ ലക്ഷ്യം കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. എന്നാൽ നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഒരുകാര്യം ശരിയായ ദിശയിലേക്ക് അടുത്ത കാൽവയ്പ്പു വയ്ക്കുക എന്നതാണ്. ഇതു മാത്രമേ നിങ്ങളുടെ നിയന്ത്രണത്തിലുള്ളൂ.''
ടോൾസ്റ്റോയ് ചെയ്തത് ഇതാണ്. ലൗകികസുഖസൗകര്യങ്ങൾക്കുവേണ്ടിയുള്ള പ്രയാണം ഉപേക്ഷിച്ച് ജീവിതത്തിന് ആത്മസംതൃപ്തിയും സമാധാനവും സന്തോഷവും നൽകുന്ന വഴി അദ്ദേഹം തെരഞ്ഞെടുത്തു. എന്നാൽ അത് അത്ര എളുപ്പമുള്ള വഴിയായിരുന്നില്ല. ആ വഴിയിലൂടെയുള്ള യാത്ര ഏറെ പ്രതിബന്ധങ്ങൾ നിറഞ്ഞതായിരുന്നു. എങ്കിലും ആ വഴി ധാർമികതയുടെ ശരിയായ വഴിയായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതം ധന്യമായി.
അമേരിക്കൻ കവി റോബർട്ട് ഫ്രോസ്റ്റ് (1874-1963) തന്റെ ഒരു കവിതയിൽ ഇപ്രകാരം എഴുതി: ""വനത്തിനുള്ളിൽ രണ്ടു വഴികൾ ഞാൻ കണ്ടു. അവയിൽ കുറച്ച് ആളുകൾ മാത്രം പോയ വഴിയാണ് ഞാൻ തെരഞ്ഞെടുത്തത്. അതാണ് ജീവിതത്തിൽ ഏറെ മാറ്റം വരുത്തിയതും.''
കുറച്ച് ആളുകൾ മാത്രം പോകുന്ന വഴി. ആ വഴിയാണ് ഹെർക്കുലീസ് തെരഞ്ഞെടുത്തത്. ആ വഴിതന്നെയാണ് ടോൾസ്റ്റോയിയും തെരഞ്ഞെടുത്തത്. നമുക്കും ആ വഴിയേ പോകാം. ആ വഴി വിശ്വാസത്തിന്റെ വഴിയാണ്. സത്യസന്ധതയുടെ വഴിയാണ്. ധൈര്യത്തിന്റെ വഴിയാണ്. സ്നേഹത്തിന്റെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും ക്ഷമയുടെയും, ഇവയും ഇവയിലധികവും ഉൾക്കൊള്ളുന്ന ധാർമികതയുടെയും വഴിയാണ്.
SUNDAY DEEPIKA
ഓസ്ട്രേലിയയുടെ തെക്കൻ തീരത്തെ ഫിലിപ് ഐലൻഡ് കേവലം ഒരു ഭൂപ്രദേശമല്ല, പ്രകൃതി ഒരുക്കിവച്ച അതിഗംഭീരമായൊരു നാടകവേദിയാണ്. അവിടെ തിരശീല ഉയരുന്നത് സൂര്യൻ പടിഞ്ഞാറൻ കടലിൽ മുങ്ങിത്താഴുമ്പോഴാണ്...
അലറുന്ന അറ്റ്ലാന്റിക് സമുദ്രം ശാന്തമായി വന്ന് ഫിലിപ്പ് ഐലൻഡിനെ ചുംബിക്കുന്ന കാഴ്ച മനസിനെ തണുപ്പിക്കും. ഈ ദ്വീപിന്റെ ഹൃദയമിടിപ്പ് അനുഭവിക്കാൻ സാധിക്കുന്നത് സൂര്യൻ അസ്തമിച്ച് ലോകം നിശബ്ദമാകുമ്പോഴാണ്.. അവിടെയാണ് ലോകത്തിലെ പെൻഗ്വിൻ വകഭേദങ്ങളിലെ ഏറ്റവും ചെറിയ "ലിറ്റിൽ പെൻഗ്വിനു’കളുടെ "പരേഡ്’ അരങ്ങേറുന്നത്...
മെൽബണിൽനിന്നു സമ്മർലാൻഡ് ബീച്ചിലെത്തി ഞങ്ങളാ "പെൻഗ്വിൻ പരേഡി’നായി കാത്തിരുന്നു.. പകലിന്റെ വെളിച്ചം പതിയേ പിൻവാങ്ങുന്നതുനോക്കി ബീച്ചിലെ തണുത്ത മണൽത്തരികളിൽ ഇരുന്നപ്പോൾ ശരീരമാകെ ആ തണുപ്പിൽ വിറയ്ക്കാൻ തുടങ്ങി...
പകലിന്റെ ചൂടിൽനിന്ന് തണുപ്പിലേക്ക് പ്രകൃതി മാറുന്ന സന്ധ്യാസമയം.. അറ്റ്ലാന്റിക് തീരം തണുത്തുറഞ്ഞ ഒരു നീലനിറത്തിലേക്ക് വഴിമാറി. എല്ലാവരും ആ തണുപ്പിൽ അവനവനിലേക്ക് കൂടുതൽ കൂടുതൽ ചുരുണ്ടു... ചക്രവാളത്തിൽ സൂര്യന്റെ ചുവപ്പുനിറം മാഞ്ഞുതുടങ്ങി.
നിശബ്ദമായ കാത്തിരിപ്പ്
ഞങ്ങളെല്ലാവരും കാത്തിരുന്നു. ഫോണുകൾ ഓഫാക്കാനുള്ള നിർദേശവും നിശബ്ദത പാലിക്കാനുള്ള മുന്നറിയിപ്പുമായി ഒരാളെത്തി. ഞങ്ങൾ കാത്തിരിക്കുന്ന ആ നിമിഷത്തിന്റെ പ്രാധാന്യം അയാൾ ശാന്തമായി ഓർമപ്പെടുത്തി... ലിറ്റിൽ പെൻഗ്വിനുകൾക്ക് നിശബ്ദത ആവശ്യമാണെന്ന് അദ്ദേഹം വിനയപൂർവം ആവർത്തിച്ചു പറഞ്ഞതുകേട്ട് ഞങ്ങളെല്ലാവരും ഫോൺ നിശബ്ദമാക്കി.. മൊബൈൽ ഫോണുകൾ പോക്കറ്റുകളിലേക്കു പിൻവാങ്ങി... കാമറ ഫ്ലാഷുകൾ മിഴിയടച്ചു. പെൻഗ്വിനുകളുടെ ലോകത്തേക്ക് അതിഥികളായെത്തിയ നമ്മൾ അവരുടെ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് ആ നിശബ്ദത ഓർമിപ്പിച്ചുകൊണ്ടിരുന്നു.
പകർപ്പവകാശ പ്രശ്നങ്ങളില്ലാതെ ആർക്കും എടുക്കാവുന്ന ചിത്രങ്ങൾ ഇതിലുണ്ടെന്നു പറഞ്ഞ് അയാൾ കഴുത്തിലിട്ട ടാഗ് ഉയർത്തിക്കാണിച്ചു. ആ ക്യൂആർ കോഡ് ഒപ്പിയെടുത്തശേഷം മൊബൈലുകൾ വീണ്ടും പോക്കറ്റിലേക്ക്.
ആ ഇരുട്ടിൽ നിലാവ് നീലവിരിയിട്ട കടലിലേക്കു നോക്കി ഞങ്ങളിരുന്നു...
കാത്തിരിപ്പിന് ചിലപ്പോൾ എന്തു ഭാരമാണ്!
ഇതൊരു വെറും കാത്തിരിപ്പല്ല, മറിച്ച്, ഒരു കൂട്ടായ്മയുടെ, നിശബ്ദസുന്ദരമായ പ്രതീക്ഷയുടെ, ഒരുമിച്ചുള്ള സ്വപ്നംകാണലിന്റെ സംഗീതമാണ്... ചുറ്റും തിരമാലകളുടെ നേർത്ത ശബ്ദം മാത്രം! കാത്തിരിപ്പ് തിരമാലകളുടെ താളംപിടിച്ചുകൊണ്ടുള്ള ഒരു ധ്യാനമായിമാറുന്നു. കടലിരമ്പുമ്പോഴും ആ തീരത്ത് തളംകെട്ടിനിന്നത് ഒരു കൂട്ടായ പ്രാർഥനപോലെ തോന്നിക്കുന്ന നിശബ്ദതയായിരുന്നു..
ലക്ഷ്യത്തേക്കാൾ വലുതാണ് ലക്ഷ്യത്തിലേക്കുള്ള യാത്ര എന്നുപറയാറുണ്ട്. നമ്മൾ എത്തിച്ചേരുന്ന ഇടത്തേക്കാൾ മനോഹരമാകുന്നത്, അവിടേക്കുള്ള യാത്രയിൽ അനുഭവിച്ചറിഞ്ഞ തീവ്രമായ പ്രതീക്ഷയുടെ നിമിഷങ്ങളാണ്.
ഒരു ജനസാഗരം, ഓരോരുത്തരുടെയും കണ്ണുകൾ ഒരേ ദിശയിലേക്ക്, ശ്വാസം അടക്കിപ്പിടിച്ച്, തൊട്ടടുത്തിരിക്കുന്നവരുടെ ഹൃദയമിടിപ്പ് പോലും കേൾക്കാൻ കഴിയുന്നത്ര തീവ്രമായ നിശബ്ദത... ഒരുപക്ഷേ യാഥാർഥ്യം എപ്പോഴും പ്രതീക്ഷിച്ചതിലും ചെറുതോ വലുതോ ആയിരിക്കാം, എന്നാൽ കാത്തിരിപ്പിന്റെ ആ നിമിഷത്തിൽ, അവിടെയാകെ ശുദ്ധമായ പ്രതീക്ഷയുടെ തെളിച്ചം മാത്രം.
പതറാത്ത ചുവടുകൾ
"ദാ.. അവിടെ...അവിടെ... നോക്ക്... നോക്ക്..' എന്ന് പുറകിലാരോ മന്ത്രിച്ചു. അകലെ കുറേ കുഞ്ഞൻരൂപങ്ങൾ ഇരുണ്ട തിരമാലകൾക്കിടയിൽനിന്ന് തീരത്തേക്കു കയറിവരുന്നു. ഒന്ന്... രണ്ട്... മൂന്ന്... ഒരു നിമിഷംകൊണ്ട്, കടലിൽ പോയ ഒരു സൈന്യം കൂട്ടമായി കരയിലേക്ക് മടങ്ങിവരുന്നതുപോലെ നൂറുകണക്കിന് ലിറ്റിൽ പെൻഗ്വിനുകൾ പൊടുന്നനെ തീരംനിറച്ചു! ഓരോ തിരമാലയും അവരെ കരയിലേക്കു തള്ളിയിടുമ്പോൾ, നനഞ്ഞ ചിറകുകൾ കുടഞ്ഞ്, പതറാത്ത ചുവടുകളോടെ അവർ മുന്നോട്ടു നീങ്ങി.
ഒരു കൈപ്പത്തിയിൽ ഒതുങ്ങുന്നത്രമാത്രം വലിപ്പമേ അവയ്ക്കുള്ളൂ എന്നു തോന്നി..ആടിയുലഞ്ഞ്, ദൃഢനിശ്ചയത്തോടെ. ചിരപരിചിതമായ ട്രാക്കുകളിലൂടെ, അവ കടൽത്തീരത്തെ തങ്ങളുടെ മാളങ്ങളിലേക്ക് കൂട്ടമായി നടന്നുനീങ്ങുന്നു.
ഒരു നിമിഷംപോലും പാഴാക്കാതെ, ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ആ കൂട്ടനടത്തം. ഒരു ദിവസം മുഴുവൻ ഭക്ഷണം തേടിയുള്ള കഠിനാധ്വാനത്തിനുശേഷം വീട്ടിലേക്ക് മടങ്ങുന്ന മാതാപിതാക്കളായിരിക്കും പലരും. ആ കുഞ്ഞുശരീരത്തിനുള്ളിൽ സമുദ്രത്തിന്റെ ആഴങ്ങളോടു പോരാടാനുള്ള എത്ര വലിയ കരുത്തായിരിക്കണം പ്രകൃതി ഒളിപ്പിച്ചുവച്ചിരിക്കുന്നത്!
തങ്ങളുടെ കുഞ്ഞുങ്ങൾക്ക്, മാളങ്ങളിൽ കാത്തിരിക്കുന്ന പ്രിയപ്പെട്ടവർക്ക് ഭക്ഷണവുമായി അവർ ആടിയാടി വരുന്നത് കണ്ടപ്പോൾ കണ്ണുകൾ അറിയാതെ ഈറനണിഞ്ഞു. പ്രകൃതിയിലെ ഏറ്റവും മനോഹരമായ കാഴ്ച "മടക്കയാത്ര’കളാണെന്ന് അപ്പോൾ തോന്നിപ്പോയി. ജീവിതത്തിന്റെ വേലിയേറ്റങ്ങളിൽ എത്ര ദൂരം ഒഴുകിപ്പോയാലും, സ്നേഹത്തിന്റെ ഒരു തുരുത്തിലേക്ക് തിരികെ നടന്നുകയറുന്നതിന്റെ ആത്മവിശ്വാസം അവരുടെ ഓരോ ചുവടിലുമുണ്ടായിരുന്നു.
നിറകൺചിരികൾ
ആ കാഴ്ച അവിസ്മരണീയമായിരുന്നു. ശബ്ദമില്ലാത്ത ആഹ്ലാദത്തോടെയും നിറഞ്ഞ കണ്ണുകളോടെയും ഞാൻ അതു നോക്കിയിരുന്നു. ആ കുഞ്ഞു ജീവികളുടെ കൂട്ടായ്മയുടെയും നിശ്ചയദാർഢ്യത്തിന്റെയും ശക്തി സമുദ്രത്തേക്കാൾ വലുതാണെന്നു തോന്നി... പെൻഗ്വിനുകൾ മാളങ്ങളിലേക്ക് പതിയെ മറഞ്ഞപ്പോഴും, ആ മാസ്മരികതയുടെ സൗന്ദര്യം ബീച്ചിൽ തളംകെട്ടിനിന്നു.
ആനന്ദം അതിന്റെ പൂർണതയിൽ അലിഞ്ഞുതീർന്നപ്പോൾ ഉള്ളിൽ സംഭവിച്ച ഒരു കടലിളക്കത്തിൽ എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു... ഭാഷ മരിക്കുകയും അനുഭൂതി മാത്രം ബാക്കിയാവുകയും ചെയ്യുന്ന അവസ്ഥ! ഹൃദയത്തിൽ ഒരു തണുത്ത കാറ്റ് വീശുന്നതുപോലെ... ഒരു നിമിഷംകൊണ്ടു കണ്ട ആ കാഴ്ച പകർത്തിയത് മനസിലാണ്... ആ കാഴ്ചയും ആ സന്ധ്യയും മറക്കാൻ ഈ ജന്മത്ത് ഒരിക്കലും കഴിയില്ല..
സൂര്യാസ്തമയത്തിനുശേഷം കടലിൽനിന്ന് തങ്ങളുടെ കൂടുകളിലേക്ക് മടങ്ങുന്ന ആ കുഞ്ഞൻ ജീവികളുടെ കൂട്ടം ഒരു കാഴ്ച എന്നതിലുപരി, ഹൃദയസ്പർശിയായ ഒരനുഭവമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു വന്ന കുറേ മനുഷ്യർ ആർപ്പുവിളികളില്ലാതെ, കാമറാ ഫ്ലാഷുകളില്ലാതെ, നിശബ്ദമായി കാത്തിരുന്നു, കണ്ടു മനസുനിറച്ചു.
കാത്തിരിപ്പ്... ആ വാക്കിന് എത്രമാത്രം ആഴവും സൗന്ദര്യവുമാണ്! നാം ഓരോരുത്തരും എന്തിനെങ്കിലും വേണ്ടി കാത്തിരിക്കുന്നവരാണ്. നിശബ്ദമായ കാത്തിരിപ്പിന്റെ ഭംഗി, തിരികെ വരാനുണ്ടെന്ന ഉറപ്പിൽനിന്നായിരിക്കാം. പ്രതീക്ഷയാണ് നമ്മെ മുന്നോട്ടു നയിക്കുന്നത്. ആ കുഞ്ഞൻ ജീവികളുടെ മടങ്ങിവരവ് ഒരു ഓർമപ്പെടുത്തലായിരുന്നു. എത്ര ദൂരം പോയാലും, എവിടെ അലഞ്ഞാലും, തിരികെ വരാൻ ഒരു ഇടം നമുക്കുണ്ടെങ്കിൽ, അവിടെ നമ്മെ കാത്തിരിക്കാൻ ഒരാളുണ്ടെങ്കിൽ, യാത്രകൾക്കെല്ലാം അർഥമുണ്ട്...
ഫിലിപ്പ് ദ്വീപിലെ ആ തണുപ്പുള്ള രാത്രി, പെൻഗ്വിൻ പരേഡിന്റെ അത്ഭുതത്തിനൊപ്പം, കാത്തിരിപ്പിന്റെയും മടങ്ങിവരവിന്റെയും ആഴത്തിലുള്ള സൗന്ദര്യംകൂടി നമ്മെ ഓർമപ്പെടുത്തും... ഇവിടെ കാത്തിരിപ്പ് ഒരു ശൂന്യതയല്ല; അത് പൂർണതയാണ്.
കുഞ്ഞൻ പെൻഗ്വിൻ, ഉയരം 40 സെന്റിമീറ്റർ
യൂഡിപ്റ്റുല മൈനർ എന്നാണ് ഫിലിപ് ദ്വീപിലെ ഈ ചെറു പെൻഗ്വിനുകളുടെ ശാസ്ത്രനാമം. 40 സെന്റിമീറ്റർ വരെയൊക്കെ മാത്രമേ ഇവയ്ക്ക് ഉയരമുണ്ടാകൂ. നാല്പതിനായിരത്തിലേറെ പെൻഗ്വിനുകൾ ഇവിടെയുണ്ടെന്നാണ് കണക്ക്. പെൻഗ്വിൻ ഫൗണ്ടേഷൻ എന്ന സന്നദ്ധ പരിസ്ഥിതി സംഘടനയാണ് ഇവയ്ക്കു സംരക്ഷണമൊരുക്കുന്നത്.
കടലിൽ മീൻ, കൊഞ്ച്, കണവ തുടങ്ങിയവയെ വേട്ടയാടാൻ പോയി വാസസ്ഥലങ്ങളിലേക്കു മടങ്ങിവരുന്നതാണ് പെൻഗ്വിനുകളുടെ പരേഡ്. ആൻചോവിസ് എന്ന ചെറുമത്സ്യമാണ് പെൻഗ്വിനുകളുടെ ഇഷ്ടഭക്ഷണം.
ഫിലിപ് ഐലൻഡ് നേച്ചർ പാർക്കിലേക്ക് പെൻഗ്വിൻ പരേഡ് കാണാൻ നൂറുകണക്കിനു വിനോദസഞ്ചാരികൾ എത്താറുണ്ട്. ഒരു മണിക്കൂറോളം നീണ്ടുനിൽക്കുന്നതാണ് പെൻഗ്വിൻ പരേഡ്. അന്‍പതു വർഷത്തിലേറെയായി ഈ പരേഡ് ഇവിടെ നടക്കുന്നു. നേരിൽ കാണാൻ കഴിയാത്തവർക്കായി സമൂഹമാധ്യമങ്ങളിൽ ലൈവ് സ്ട്രീമിംഗ് സൗകര്യം അധികൃതർ ഒരുക്കാറുണ്ട്.
നിശ്ചിത വഴികളിലൂടെയാണ് പെൻഗ്വിനുകൾ കടലിലേക്കു പോകുന്നതും തിരിച്ചുവരുന്നതും. ദിവസവും ഇവയുടെ എണ്ണം തിട്ടപ്പെടുത്താൻ ഉദ്യോഗസ്ഥർ ഉണ്ടാകും. അയ്യായിരത്തിലേറെ പെൻഗ്വിനുകൾ ഒരുമിച്ചെത്തിയ ദിവസവുമുണ്ടായി. നവംബർ, ഡിസംബർ മാസങ്ങളിലാണ് സാധാരണ ഏറ്റവുമധികം പെൻഗ്വിനുകൾ എത്തുക. മെൽബണിൽനിന്ന് ഏതാണ്ട് 150 കിലോമീറ്റർ ദൂരത്തിലാണ് ഫിലിപ് ഐലൻഡ്.
SUNDAY DEEPIKA
കാൽനൂറ്റാണ്ടിലെ മാറ്റങ്ങൾ കണക്കെടുത്ത് രാംമോഹൻ പാലിയത്ത് തയാറാക്കിയ ലേഖനത്തിന്റെ അവസാനഭാഗം...
17. ആണ്-പെണ് സൗഹൃദങ്ങള്‍
പണ്ടുകാലങ്ങളില്‍ കണ്ടിട്ടില്ലാത്തവിധം ഇക്കഴിഞ്ഞ നൂറ്റാണ്ടിനിടെ ആണ്-പെണ് സൗഹൃദങ്ങളുടെ ആഴവും അടുപ്പവും കൂടി എന്നതു സത്യമാണ്. എന്നാല്‍ പലപ്പോഴും അടുപ്പം കൂടുന്തോറും ചതിയും വെറുപ്പും കൂടി എന്നൊരു ദുര്യോഗംകൂടി സംഭവിച്ചു. കൂട്ടുകൂടല്‍ എളുപ്പമാക്കുന്ന മൊബൈല്‍ ഫോണുകള്‍തന്നെ ചതികള്‍ക്കും തെളിവുതരുന്നു. ദുരഭിമാനക്കൊല, പ്രണയപ്പക തുടങ്ങിയവ കൂടുതലായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു.
ബന്ധങ്ങളുടെ ആയുസ് കുറഞ്ഞതും ഇക്കാലത്തെ ഒരു വിപര്യയമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വിവാഹമോചനങ്ങളും പെരുകിയിട്ടുണ്ട്. എന്നാല്‍ ദുരിതംനിറഞ്ഞ ടോക്സിക് ബന്ധങ്ങളില്‍നിന്ന് മോചനംനേടുകയാണ് കെട്ടുറപ്പുള്ള ദാമ്പത്യങ്ങളുടെ കണക്കുകള്‍ സൃഷ്ടിക്കാന്‍ നിന്നുകൊടുക്കുന്നതിനേക്കാള് പ്രധാനമെന്ന് ആളുകള്‍ കൂടുതലായി തിരിച്ചറിയുന്നു- വിശേഷിച്ചും പുതിയ തലമുറ. മാതൃകാദമ്പതിമാരാകാന് കഴിഞ്ഞില്ലെങ്കില്‍ മാതൃകാ ഡൈവോഴ്സികളെങ്കിലും ആകൂ- അവര്‍ പറയുന്നു.
18. വായനയുടെ തിരിച്ചുവരവ്
വായന മരിച്ചോ എന്ന ചോദ്യം ഇടവിട്ട് ഉയരാറുണ്ടെങ്കിലും വായനയും പബ്ലിഷിംഗ് വ്യവസായവും കേരളത്തില്‍ വന്‍കുതിപ്പിലാണ്. "റാം കെയറോഫ് ആനന്ദി' പോലുള്ള ജനപ്രിയ പുസ്തകങ്ങള്‍ പുതിയ തലമുറയില്പ്പെട്ടവരേയും വായനയിലേക്ക് നയിക്കുന്നു. പുതിയ തലമുറയുടെ വായന അധികവും ഇംഗ്ലീഷിലാണെന്ന വ്യത്യാസവുമുണ്ട്.
കിന്‍ഡിൽ, ഓഡിയോ ബുക്കുകള്‍, ടെഡ് ടോക്കുകള്‍, പോഡ്കാസ്റ്റുകള്‍ തുടങ്ങിയവയും വായനയുടെ പുതുരൂപങ്ങളായി പ്രചാരംനേടുന്നു. അനുദിനമെന്നോണം പെരുകിവരുന്ന സാഹിത്യോത്സവങ്ങളും ഒരു സമീപകാല ട്രെന്‍ഡാണ്. എന്നാല്‍ കേരളത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക ഈടുവയ്പുകളിലൊന്നായ വായനശാലകള്‍ മരണശയ്യയിലാണെന്നത് വായന മുന്നേറുന്ന കാലത്തെ വിധിവൈപരീത്യമാണ്.
19. ശാസ്ത്രബോധം
ഇന്റര്‍നെറ്റ് പോലുള്ള നൂതന സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതില്‍ അന്ധവിശ്വാസികളും ദുര്മന്ത്രവാദികളും പിന്നിലല്ലെങ്കിലും മറുവശത്ത് ആത്മാര്‍ഥതയുള്ള ശാസ്ത്രബോധ പ്രചാരണത്തിന് നീണ്ട ഇടവേളയ്ക്കുശേഷം കേരളം സാക്ഷ്യംവഹിക്കുന്ന കാലഘട്ടം കൂടിയാണിത്.
20. മലയോരകൃഷിയുടെ തകര്‍ച്ച
മലയോരകൃഷിയുടെ തകര്‍ച്ചയും കാട്ടുമൃഗങ്ങളുടെ ആക്രമണവുമാണ് അക്കാര്യങ്ങളില്‍ നേരിട്ട് അനുഭസ്ഥനല്ലെങ്കിലും വേദനിപ്പിക്കുന്ന ഒരു കാല്നൂറ്റാണ്ടന് വിഷാദം. കൃഷി ലാഭകരമല്ലാതാകുന്നതും പുതിയ തലമുറയുടെ കുടിയേറ്റവും തൊഴിലാളിക്ഷാമവുമെല്ലാമാണ് ഇതിനുള്ള കാരണങ്ങളായി പറയപ്പെടുന്നത്.
യുദ്ധകാലാടിസ്ഥാനത്തില്‍ ഈ വെല്ലുവിളികളെ നേരിടാനുള്ള ക്രിയാത്മക പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പക്കാണ്ടേത് ഭരണകര്‍ത്താക്കളുടേയും രാഷ്ട്രീയ നേതൃത്വത്തിന്റെയും മാത്രം ഉത്തരവാദിത്വമായി കണക്കാക്കാതെ മുന്‍കാലങ്ങളില്‍ പലപ്പോഴും ഉണ്ടായിട്ടുള്ളതുപോലെ സമുദായ സ്ഥാപനങ്ങളും കൂടുതൽ ശക്തമായി ഇക്കാര്യത്തില്‍ മുന്നോട്ടു വരേണ്ടതുണ്ട്.
21. ആഗോള മലയാളി ബിസിനസുകാർ
1999-2000ല്‍ യുഎഇയിലെ രണ്ടിടത്തുമാത്രം സൂപ്പര്‍മാര്‍ക്കറ്റുകളും ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകളുമുള്ള ബ്രാന്‍ഡായിരുന്നു ലുലു. ഏതാണ്ട് ആ സമയത്താണ് ജോയ് ആലുക്കാസും ദുബായില്‍ എത്തിയത്. 1976ല്‍ ഒമാനില്‍ ശോഭാ ഗ്രൂപ്പിന് തുടക്കമിട്ട പിഎന്‍സി മേനോന്റെ ഇന്ത്യന്‍ സംരംഭവും 90കളുടെ അവസാനത്തോടെ ഇന്ത്യയിലെത്തി.
ഇക്കഴിഞ്ഞ 25 വര്‍ഷം ഈ ബ്രാന്‍ഡുകള്‍ക്കും ഇതുപോലുള്ള ഒട്ടേറെ മലയാളി ബ്രാന്ഡുകള്ക്കുമുണ്ടായ ആഗോള വളര്‍ച്ച അതിശയിപ്പിക്കുന്നതാണ്. മലയാളികളുടെ വിദേശ കുടിയേറ്റമാരംഭിച്ചിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ബിസിനസ് രംഗത്ത്, വിശേഷിച്ചും വിവിധ രാജ്യങ്ങളില്‍ സാന്നിധ്യമുള്ള മികച്ച ബ്രാന്‍ഡ് പ്രതിച്ഛായയുമായി കേരളീയ സംരംഭങ്ങള്‍ ഇങ്ങനെ വന്‍തോതില്‍ വളർന്നത് ഈ കാലഘട്ടത്തിലാണ്.
22. മാനസികാരോഗ്യം
മാനസികരോഗം ഏതു രോഗത്തേയുംപോലെ മനസ് എന്ന മറ്റൊരു അവയവത്തെ ബാധിക്കുന്ന രോഗമാണെന്നും അതിനു പരസ്യമായി ചികിത്സതേടാമെന്നും ആളുകള്‍ തിരിച്ചറിഞ്ഞുതുടങ്ങിയതും ഈ കാലഘട്ടത്തിന്റെ ഒരു ആശ്വാസമാണ്.
വിഷാദംപോലുള്ള മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ വിവിധ കാരണങ്ങളാല്‍ മുന്കാലങ്ങളിലുണ്ടായിരുന്നതിനേക്കാള് ഇന്ന് സാധാരണമാണ്. (അതോ പലപ്പോഴും സ്വയംപോലും അറിയാതെയും നിശബ്ദം സഹിച്ചിരുന്നതുമായ കാലമാണോ ആ മുന്കാലം?) ഈ പശ്ചാത്തലത്തിലാണ് മാനസികാരോഗ്യം ഇക്കാലത്തിന്റെ ഒരു പ്രധാന വിഷയമായിത്തീര്ന്നിരിക്കുന്നത്. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടി പ്രഫഷണല്‍ സഹായം തേടുന്നത് സ്വാഭാവികമായ ഒരു സംഗതിയാണെന്ന് അങ്ങനെ ചെയ്യുന്നവര്‍ മാത്രമല്ല മറ്റുള്ളവരും തിരിച്ചറിയാന്പോകുന്ന ഒരു കാല്നൂറ്റാണ്ടായിരിക്കും ഇനി വരാന്‍പോകുന്നത്.
23. ജെൻ സീയുടെ കക്ഷിരാഷ്ട്രീയ വിമുഖത
ജെന്‍ സീക്ക് രാഷ്ട്രീയമില്ലെന്ന് ആരും പറയില്ല. വിശേഷിച്ചും ഒരുപാട് നൂതനവിഷയങ്ങളില് പഴയ തലമുറയെ രാഷ്ട്രീയം പഠിപ്പിക്കുന്നത് ജെന്‍ സീയാണ്. എന്നാല്‍ തെരഞ്ഞെടുപ്പ്, ഭരണം തുടങ്ങിയ കക്ഷിരാഷ്ട്രീയ തലങ്ങളില്‍ അവര്‍ക്ക് താത്പര്യമില്ല.
കാരണങ്ങള്‍ ഒരുപാടുണ്ട്. പ്രത്യാഘാതങ്ങള്‍ എന്തെല്ലാമായിരിക്കും എന്നോര്‍ത്താണ് ബേജാറുള്ളത്. 2036ല്‍ നമ്മളെ ആരു ഭരിക്കും? ജെന്‍ സീയുടെ സൂക്ഷ്മതല രാഷ്ട്രീയ അവബോധം അപ്പോഴേയ്ക്കും കാലം ആവശ്യപ്പെടുന്ന പ്രായോഗിക ബുദ്ധി ആര്‍ജിച്ച് കളം പിടിക്കുമോ?
24. ദേശീയമാകുന്ന സിനിമ
ചെറിയ ഇടവേളയ്ക്കുശേഷം മലയാള സിനിമ വീണ്ടും ദേശീയ ശ്രദ്ധനേടി. വേറിട്ട ഫിലിം മേക്കിംഗിനും അഭിനയ മികവുകള്‍ക്കുമൊപ്പം ഒടിടി പ്ലാറ്റ്ഫോമുകളില്‍ വിവിധ ഭാഷകളില്‍ സംസാരിക്കാനാവുന്നതും നമ്മുടെ നല്ല സിനിമയുടെ സാധ്യതകള്‍ വരുംനാളുകളില്‍ കൂടുതല്‍ വിശാലമാക്കുന്നു.
25. ലൈവ് വാര്‍ത്ത
കര്‍ണാടകയിലെ ഗംഗാവാലി നദിയില്‍ താന്‍ ഓടിച്ചിരുന്ന ലോറിയോടൊപ്പം അര്ജുന് എന്ന മലയാളി ചെറുപ്പക്കാരന് മുങ്ങിപ്പോയ സംഭവത്തിന്റെ തത്സമയ കവറേജ് മലയാളത്തിലെ വാര്‍ത്താ സംപ്രേഷണത്തെ എന്നെന്നേക്കുമായി മാറ്റിയെന്ന് മലയാളത്തിലെ ഒരു പ്രമുഖ വാര്‍ത്താ ചാനലിലെ സീനിയര്‍ മാധ്യമ പ്രവര്‍ത്തകനാണ് പറഞ്ഞത്.
റേറ്റിംഗ് ഉയര്‍ത്താന്‍വേണ്ടി ചാനലുകള്‍ കാട്ടുന്ന വിക്രിയയായി മാത്രം അതിനെ കാണാനാകുമോ? അനുദിനം കൂടുതല്‍ കൂടുതല്‍ കണ്‍സ്യൂമറും കണ്സ്യൂമറിസ്റ്റുമായിക്കൊണ്ടിരിക്കുന്ന കാഴ്ചക്കാരന് മലയാളിക്ക് അതിലൊരു ഉത്തരവാദിത്വമില്ലേ? അല്ല, അയാള്‍ മാത്രമല്ലേ അതിനുത്തരവാദി? പുതിയ തലമുറ വാര്‍ത്തകളറിയുന്നത് ഇന്‍സ്റ്റഗ്രാം വഴിയാണെന്നതിന് ഇവിടെയും അപവാദമില്ല. ഷോര്‍ട്ട് റീലുകള്‍, പൂര്ണവാര്ത്തയുടെ ലിങ്കുകളിലേക്ക് കൊളുത്തിവലിക്കുന്ന ഉദ്വേഗജനകമായ കാര്‍ഡുകള്‍...
ഇന്‍സ്റ്റാ വാര്‍ത്തകളുടേ തേരോട്ടം ഇവിടെയും പൂര്‍ണമാണ്. ദേശീയ ഇംഗ്ലീഷ് വാരികകള്‍ പലതും അപ്രസക്തമായിക്കൊണ്ടിരിക്കുമ്പോഴും കുറച്ചെങ്കിലും പിടിച്ചുനില്‍ക്കുന്ന നമ്മുടെ വിരലിലെണ്ണാവുന്ന വാരികകളേയും ഇവിടെ ഓര്‍ക്കാതെ വയ്യ.
SUNDAY DEEPIKA
ഡാഫ്നെ ദു മോറിയർ - സ്വതന്ത്ര പരിഭാഷ
ഇന്നലെ രാത്രി കിടന്നിട്ടു സുഖമായി ഉറങ്ങി. നേരം പുലർന്നപ്പോഴാണറിഞ്ഞത്. ഞെട്ടി ഉണരലോ പേടിസ്വപ്നങ്ങളോ ഉണ്ടായില്ല. അവസാനം കണ്ടത് മിസിസ് ഡാൻവേഴ്സിന്റെ ദുർമുഖമാണ്. എന്നിട്ടും അതൊന്നും എന്റെ ഉറക്കത്തെ ബാധിച്ചില്ല.
ബ്രേക്ക്ഫാസ്റ്റിനിരിക്കുന്പോൾ ഫ്രിത്ത് വന്നിട്ടു പറഞ്ഞു: ""മാഡം! ഇപ്പോൾ തന്നെ ലണ്ടനിൽനിന്നു സാറു ഫോണ്‍ വിളിച്ചു. ഇന്നു വൈകീട്ട് ഏഴുമണിയാവുന്പോഴേക്കും തിരിച്ചെത്തുമെന്ന്.''
""സന്തോഷം, നന്ദി.''
മാക്സിം രണ്ടു ദിവസമേ നീങ്ങിനിന്നുള്ളൂ. എന്നാലും തിരിച്ചുവരുന്നു എന്നുകേട്ടപ്പോൾ എനിക്കു പുതിയ ഉണർവും സന്തോഷവും.
ഇന്നത്തെ പകൽസമയം എങ്ങനെ ചെലവഴിക്കണമെന്നറിയാതെ നിൽക്കുകയാണ് ഞാൻ. ഈ സമയത്ത് റോബർട്ട് വന്നിട്ടു പറഞ്ഞു: ""മാഡത്തിന് ബിയാട്രീസ് മാഡത്തിന്റെ ഫോണുണ്ട്.'' ഉടനെ ഞാൻ പോയി അറ്റൻഡ് ചെയ്തു.
""ഹലോ! ഗുഡ്മോണിംഗ് ബിയാട്രീസ്. എന്തുണ്ട് വിശേഷം?''
""ഞാൻ വിളിച്ചത്, ഇന്നുച്ചകഴിഞ്ഞ് ഞാൻ ഗ്രാൻഡ്മദറിനെ കാണാൻ പോകുന്നുണ്ട്. മൂന്നുമണിയോടെ ഞാൻ അതുവഴി വരാം. നമുക്കൊരുമിച്ച് ഗ്രാൻഡ്മദറിനെ കാണാൻ പോകാം. പുതുപ്പെണ്ണിനെ കണ്ടിട്ടില്ലല്ലോ.''
""ശരി. വളരെ സന്തോഷം. ഞാൻ കാത്തിരിക്കാം.''
എന്തായാലും ഇന്നത്തെ വിരസത മാറ്റാൻ പറ്റിയ പ്രോഗ്രാമായി.
പറഞ്ഞസമയത്തുതന്നെ ബിയാട്രീസ് കാറുമായി എത്തി. എന്നെ കണ്ടയുടനെ എനിക്കൊരു സ്നേഹചുംബനം തന്നു. എന്നിട്ടു പറഞ്ഞു: ""മുഖത്തു വല്ലാത്ത ക്ഷീണമുണ്ടല്ലോ. എന്തുപറ്റി?''
""എനിക്കൊരു ക്ഷീണവുമില്ല. മാക്സിം ഇവിടെയില്ലാത്ത ക്ഷീണമേയുള്ളൂ.''
""അല്ല, ഞാൻ പറയുന്നതു സത്യമാണ്. അന്നുകണ്ട ഭംഗിയില്ലല്ലോ.''
""വെറും തോന്നലാണ്. അന്ന് മാക്സിം എന്നോടു പറഞ്ഞത് ഓർമയുണ്ടോ? ബിയാട്രീസ് എപ്പോഴും കലപിലാ എന്നു പറഞ്ഞുകൊണ്ടിരിക്കും.'' ഇതു പറഞ്ഞു ഞങ്ങൾ ചിരിച്ചു.
""ഞാൻ ചോദിച്ചതിൽ കാര്യമുണ്ട്. അമ്മയാവാനുള്ള വല്ല ലക്ഷണവുമുണ്ടോ?''
""ഒന്നു പോ കളിയാക്കാതെ.''
""ഞാൻ കാര്യമാണ് പറയുന്നത്. വിശേഷം വല്ലതുമുണ്ടോ പെണ്ണേ?''
""ഒന്നുമില്ല.''
""തടഞ്ഞുനിർത്താനുള്ള പണിയൊന്നും ചെയ്തിട്ടില്ലല്ലോ?''
""ഒരിക്കലുമില്ല.''
""മാക്സിമിന് നീ ഒരാണ്‍കുഞ്ഞിനെ സമ്മാനിക്കണം. മാൻഡെർലിയുടെ അടുത്ത അവകാശിയായിട്ട്.''
""ഞാൻ ചായയെടുക്കട്ടേ?''
""വേണ്ട വേണ്ട. നമുക്കിപ്പോൾതന്നെ ഇറങ്ങാം. വരൂ!''
ഞങ്ങൾ കാറിൽ കയറി. ബിയാട്രീസ് നല്ല സ്പീഡിൽ വണ്ടിയോടിച്ചു.
""മകൻ എന്തുപറയുന്നു? അവന്റെ പേര്...?''
""റോജർ. അവൻ അടുത്ത ടേമിൽ ഓക്സ്ഫോഡിൽ ചേരാനൊരുങ്ങുന്നു. ദൈവത്തിനറിയാം അവന്റെ ഭാവി. അത്ര ബ്രില്യന്റല്ല. എന്തെങ്കിലുമാവട്ടെ.''
അങ്ങനെ ഓരോ വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും അമ്മൂമ്മയുടെ വീടെത്താറായി. ബിയാട്രീസ് പറഞ്ഞു: ""അമ്മൂമ്മയ്ക്ക് പ്രായം കുറേയായി. ഓർമക്കുറവ്, കാഴ്ചക്കുറവ്, അങ്ങനെ പല കുറവുകളുമുണ്ട്.''
നിമിഷങ്ങൾക്കകം വീടെത്തി. വേലക്കാരി വാതിൽ തുറന്ന് ഞങ്ങളെ സ്വീകരിച്ചു. പരിചരിക്കുന്ന നഴ്സ് അമ്മൂമ്മയുടെ അടുത്തുണ്ട്.
""അമ്മൂമ്മേ! ഇതു ഞാൻ ബിയാട്രീസ്!''
""ങാ... എന്നെ കാണാൻവരാൻ സന്മനസു കാണിച്ചല്ലോ. സന്തോഷം.'' ബിയാട്രീസ് അമ്മൂമ്മയെ ചുംബിച്ചു. തുടർന്ന് എന്നെ പരിചയപ്പെടുത്തി.
""അമ്മൂമ്മേ! ഞാൻ പുതിയൊരാളെ കൊണ്ടുവന്നിട്ടുണ്ട്. ഇതു മാക്സിമിന്റെ ഭാര്യ.''
അമ്മൂമ്മയെ ചുംബിക്കാൻ ആംഗ്യം കാണിച്ചു. അപ്രകാരം ഞാൻ കുനിഞ്ഞ് അമ്മൂമ്മയുടെ കവിളത്ത് മുത്തംകൊടുത്തു.
അമ്മൂമ്മ സ്നേഹപൂർവം എന്റെ മുഖത്തു വിരലുകളോടിച്ചു.
""മോളേ! നീ മാക്സിമിനെയുംകൂട്ടി വരേണ്ടതായിരുന്നു.''
""മാക്സിം ലണ്ടനിലാണ്. ഇന്നു രാത്രി എത്തും.''
""മോളു താമസിക്കുന്നത് എവിടെയാ?''
അമ്മൂമ്മയുടെ ഓർമക്കുറവ് മനസിലാക്കി ബിയാട്രീസ് ഉടനെ പറഞ്ഞു: ""അമ്മൂമ്മേ! ഇതു മാക്സിമിന്റെ ഭാര്യയാണ്. താമസിക്കുന്നത് മാൻഡെർലിയിൽ. ഞങ്ങൾ ഒന്നിച്ചാ വന്നത്.''
""അപ്പോ അവനെന്താ വരാഞ്ഞത്?''
""അതല്ലേ നേരത്തേ പറഞ്ഞത്. അവൻ ലണ്ടനിലാണ്.'
'
""ഓ, അതു ശരി.''
അപ്പോഴേക്കും ചായ കൊണ്ടുവന്നു. ഞങ്ങളെല്ലാവരും ചായ കുടിച്ചു.
പിന്നെ എന്നെനോക്കി അമ്മൂമ്മ പറഞ്ഞത്:
""കുഞ്ഞേ! നീ ഏതാ? ഇതിനുമുന്‍പ് നിന്നെ ഞാൻ കണ്ടിട്ടില്ലല്ലോ. ബിയാട്രീസ്, ഇവളേതാ മോളേ?''
""ഞാൻ പറഞ്ഞില്ലേ അമ്മൂമ്മേ. ഇവൾ മാക്സിമിന്റെ ഭാര്യ!''
""ഓ... ഇപ്പോൾ മനസിലായി... മാക്സിമിന്റെ ഭാര്യ.. റെബേക്ക.. അവളെന്താ വരാഞ്ഞത്? റെബേക്കയെ എനിക്ക് പെരുത്ത് ഇഷ്ടമാണ്. എനിക്കവളെ കാണണം.''
ക്ഷമയറ്റപോലെ ബിയാട്രീസും നഴ്സും വാച്ചിൽ നോക്കി. കൂടുതൽ സമയം ഇരിക്കുന്നതു നന്നല്ല എന്നുതോന്നി, ഞങ്ങൾ എഴുന്നേറ്റു. അമ്മൂമ്മയുടെ കൈകൾ പിടിച്ച് ബിയാട്രീസ് പറഞ്ഞു: ""അമ്മൂമ്മേ! ഞങ്ങൾ പോകട്ടെ.''
""ശരി, ശരി... എന്നെ കാണാൻ വന്നതിൽ സന്തോഷം. ഇനി വരുന്പോ റെബേക്കയെ കൊണ്ടുവരാൻ മറക്കരുത്...''
മങ്ങിയ മുഖത്തോടെ ഞങ്ങൾ യാത്രപറഞ്ഞ് ഇറങ്ങി. ഞങ്ങളോടൊപ്പം നഴ്സ് പുറത്തേക്കു വന്നു.
""ക്ഷമിക്കണം. ചിലനേരത്തു ഇതുപോലെ ഓർമക്കുറവാണ്. പരസ്പരബന്ധമില്ലാതെ പലതും പറയും. എന്നാൽ ചിലനേരത്തു നല്ല വെളിവുണ്ട്. ഇടയ്ക്കിടക്ക് ശാഠ്യവും വാശിയും ദേഷ്യവും പിണക്കവും... എല്ലാം സഹിക്കയാണ് ഞങ്ങൾ.''
ഞാനും ബിയാട്രീസും തിരിച്ചുപോരുകയാണ്. കുറേ നേരത്തേക്ക് ഞങ്ങൾ പരസ്പരം മിണ്ടിയില്ല. എന്റെ മുഖം മ്ലാനമായിരുന്നു. എന്നെ കൂടെ കൊണ്ടുവന്നതിൽ ബിയാട്രീസ് ഖേദിക്കുന്നുണ്ടാവും. തെല്ലു കഴിഞ്ഞപ്പോൾ എന്നോടു പറഞ്ഞു: ""സോറി... വെരി സോറി. നിന്നോട് എന്തു പറയണമെന്ന് എനിക്കറിഞ്ഞുകൂടാ മോളേ..''
""ഓ, അതു സാരമില്ല.''
""നിങ്ങളുടെ വിവാഹത്തെക്കുറിച്ച് അമ്മൂമ്മയോട് ഞാൻ പറഞ്ഞിരുന്നു. എഴുതിയിരുന്നു. മാക്സിമും പറഞ്ഞിരുന്നു. വിവാഹവും മധുവിധുവും ഇറ്റലിയിലായിരുന്നുവെന്നും ഞാൻ പറഞ്ഞിരുന്നു. എന്നിട്ടും മാക്സിമിന്റെ ഭാര്യ റെബേക്കയാണെന്ന് ഇപ്പോഴും ധരിക്കുന്നതാണ് കഷ്ടം.''
""അമ്മൂമ്മയെ എന്തിനു കുറ്റപ്പെടുത്തുന്നു? ഇത്രയും പ്രായമായില്ലേ? ഓർമക്കുറവില്ലേ? നമ്മളതു കണക്കിലെടുക്കേണ്ടേ?''
""ഗൈൽസ് ഇതറിഞ്ഞാൽ എന്നെയാണ് വഴക്കുപറയുക- നിന്നെ കൂടെ കൊണ്ടുപോയതിന്.''
""ബിയാട്രീസ്! ഈ മാറ്റർ വിടൂ. ഒന്നും സാരമാക്കേണ്ട.''
കൂടുതൽ സംസാരിക്കാതെ ബിയാട്രീസ് വണ്ടിയോടിക്കുകയാണ്. എന്റെ അപ്പോഴത്തെ ചിന്ത ഈ വിവരം മാക്സിം ഒരിക്കലും അറിയരുതേ എന്നായിരുന്നു. എന്തായാലും കുറേദിവസം കഴിഞ്ഞിട്ട് മാനേജർ ഫ്രാങ്കിനോടെങ്കിലും ഞാനിതു പറയും.
മാൻഡെർലിയിലേക്കു തിരിയുന്ന കുന്നിന്റെ മുകളിൽ വണ്ടിയെത്തി. അവിടെനിന്നു നോക്കിയാൽ അല്പമകലെ ഇടതൂർന്നു നിൽക്കുന്ന മരങ്ങളും അങ്ങുദൂരെ കടലും കാണാം.
ബിയാട്രീസ് പറഞ്ഞു: ""മോളേ! ഞാൻ നിന്നെ ഗേറ്റിന്റെയടുത്ത് ഇറക്കിയാൽ മതിയോ? വാച്ച് നോക്കി തുടർന്നു: ഗൈൽസ് ലണ്ടൻ ട്രെയിനിൽ വരുന്നുണ്ട്. പെട്ടെന്നു പോയാൽ എനിക്കു ഗൈൽസിനെ പിക്ക് ചെയ്യാനാവും. അല്ലെങ്കിൽ ആളു ടാക്സിയെടുത്തു വീട്ടിലേക്കു പോകും.''
""വേഗം പൊയ്ക്കോളൂ. ഞാനിവിടെ ഇറങ്ങാം.''
ചുംബനം തന്ന് ഗുഡ്ബൈ പറഞ്ഞ് ബിയാട്രീസ് കാറുമായി മിന്നിച്ചുപോയി.
സായാഹ്ന സൂര്യൻ ചെടികളിലും വൃക്ഷത്തലപ്പുകളിലും തങ്കപ്പൊടി വിതറുന്ന വഴിയിലൂടെ ഞാൻ നടന്നു. ഗേറ്റ് എത്താറായപ്പോൾ അതാ മാക്സിമിന്റെ കാർ വീട്ടുമുറ്റത്തു നിൽക്കുന്നു. അതിരറ്റ ആഹ്ലാദത്തോടെ ഞാൻ വീട്ടിലേക്കു കുതിച്ചു. ഹാളിലേക്കു കയറി. തുടർന്നു ലൈബ്രറിയിലേക്കു നീങ്ങിയപ്പോഴേക്കും അതിനുള്ളിൽനിന്ന് ഉച്ചത്തിലുള്ളതും എന്നാൽ ഒച്ച കുറഞ്ഞതുമായ സ്വരങ്ങൾ കേട്ടു. വാതിൽ അടച്ചിരിക്കുന്നു. മാക്സിം ആരെയോ ശകാരിക്കുകയാണ്. ആളിപ്പിടിക്കുന്ന കോപത്തോടെയാണ് പറച്ചിൽ.
""അവന്റെ കാറ് ഇവിടെ കണ്ടു എന്നു കേട്ടു. അവനെന്തിന് ഇവിടെ വന്നു? അവന് നീ കത്തെഴുതിയേക്ക്, മേലിൽ ഇവിടെ കാലുകുത്തരുതെന്ന്. നിങ്ങളുടെ നാടകമാടലും രഹസ്യസന്ദർശനവും ഈ മാൻഡെർലിയിൽ നടക്കില്ല. മനസിലായോ നിനക്ക്? ഇത് അവസാനത്തെ വാണിങ്ങാണ്. സൂക്ഷിച്ചോ! ഉം.. പൊയ്ക്കോളൂ!''
വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ മറഞ്ഞുനിന്നു. മിസിസ് ഡാൻവേഴ്സ് പുറത്തുവന്നു. ദേഷ്യവും അമർഷവും നിസഹായതയും മുറ്റിനിൽക്കുന്ന ഇരുണ്ട മുഖത്തോടെ അവർ മുകളിലേക്കു കയറിപ്പോയി.
(തുടരും)
SUNDAY DEEPIKA
പുതിയ നൂറ്റാണ്ടിന്റെ ആദ്യ കാല്‍നൂറ്റാണ്ട് അവസാനിക്കുന്നവേളയില് സമൂഹത്തിലും മനസുകളിലുമുണ്ടായ ശ്രദ്ധേയമായ 25 മാറ്റങ്ങളെ എണ്ണിനോക്കുകയാണിവിടെ... ആദ്യഭാഗം ഈയാഴ്ച വായിക്കാം...
ഇക്കാലത്ത് 25 വര്‍ഷമല്ല 25 ദിവസം പോലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. ഇന്റര്‍നെറ്റ്, വിമാനയാത്ര, ഷിപ്പിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ പൂര്‍വാധികം വികസിച്ചതുകൊണ്ട് പണ്ടെന്നത്തേക്കാളും വേഗത്തില്‍, പലപ്പോഴും തത്സമയംതന്നെ, അവ ലോകമെങ്ങും പടര്ന്നുപിടിക്കയും ചെയ്യും.
അപ്പോള്‍പ്പിന്നെ 25 വര്‍ഷംകൊണ്ടുണ്ടായ മാറ്റങ്ങള്‍ പറയാനുണ്ടോ? പുതിയ നൂറ്റാണ്ടിന്റെ ആദ്യ കാല്‍നൂറ്റാണ്ട് അവസാനിക്കുന്ന വേളയില്‍ അവയില്‍ പ്രധാനപ്പെട്ടവയെന്നു തോന്നിയ 25 മാറ്റങ്ങളെ എണ്ണിനോക്കുകയാണിവിടെ. ഇത്തരം ലിസ്റ്റുകളില്‍ ആര്‍ക്കും പൂര്‍ണതൃപ്തി ഉണ്ടാവുകയില്ലെന്നകാര്യം പറയേണ്ടതില്ല. മിക്കവാറുംപേര്‍ക്ക് ചിലത് ഒഴിവാക്കാന്‍ തോന്നും, വിട്ടുപോയെന്നു തോന്നുന്ന ചിലത് ചേര്‍ക്കാനും തോന്നും.
ബഹുജനം പലവിധം എന്നാണല്ലോ. ഇക്കൂട്ടത്തിലെ പല പുതിയ മാറ്റങ്ങളും ആഗോളതലത്തിലും, ചിലതെങ്കിലും ഇന്ത്യയൊട്ടാകെയും സംഭവിച്ചതാണ്. എന്നാല്‍ കേരളത്തിന്റെ തനതായ ചില മാറ്റങ്ങളും കൂട്ടത്തിലുണ്ട്.
1. മൊബൈല്‍ ഫോണ്‍
കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളില്‍ത്തന്നെ മൊബൈല്‍ ഫോണ്‍ കേരളത്തിലെത്തിയെങ്കിലും അത് വ്യാപകമായത് ഈ നൂറ്റാണ്ട് പിറന്നതിനു ശേഷമാണ്. അതുകൊണ്ടുതന്നെ മൊബൈല്‍ ഫോണ്‍ നമ്മുടെ ജീവിതങ്ങളെ വന്‍തോതില്‍ മാറ്റിമറിച്ചതും ഈ 25 വര്ഷത്തിനിടയ്ക്കുതന്നെ. സാധാരണ ടെലിഫോണിനെ ലാന്‍ഡ് ഫോണ്‍ എന്നു വിളിച്ചുകേട്ടതും ഈ കാലത്താണ്. ലാന്‍ഡ് ഫോണ്‍ പക്ഷേ അതിന്റെ സുവര്‍ണകാലത്തും ഒരു ചെറിയ ആഡംബരമായിരുന്നു. അഥവാ എല്ലാ വീടുകളിലും അത് എത്തിപ്പെട്ടില്ല.
എന്നാല്‍ മൊബൈല്‍ ഫോണ്‍ ഇന്ന് ശരീരത്തിന്റെ ഒരു അവയവംപോലെയും മനസിന്റെ ഒരു ഭാഗംപോലെയും ഏതാണ്ടെല്ലാവര്‍ക്കും അനിവാര്യമായിരിക്കുന്നു. ഇന്ത്യയിലെ മറ്റിടങ്ങളെ അപേക്ഷിച്ച് കേരളത്തിലെ മൊബൈല്‍ വ്യാപനം വളരെയേറെ ഉയര്‍ന്ന നിലയിലാണ്. വലിയ ശതമാനം പേർക്ക് ആളാംപ്രതി രണ്ടു ഫോണും നമ്പറുമുണ്ടെന്ന അവസ്ഥ. വ്യക്തിബന്ധങ്ങള്‍ വര്‍ധിച്ചതാണ് മൊബൈല്‍ ഫോണുകളോടെ പെരുപ്പത്തിന്റെ ഒരു ഫലം.
കുറ്റകൃത്യങ്ങളുടേയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടേയും വിദ്ഗധമായ നടത്തിപ്പിനും മൊബൈല്‍ ഫോണുകള്‍ സഹായകരമായി. ഒപ്പം മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിനുള്ള വലിയ ചൂണ്ടുപലകകളും ആയി.
2. ഇന്റര്‍നെറ്റ്
മൊബൈല്‍ ഫോണിനെപ്പോലെ ഇന്റര്‍നെറ്റും കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളത്തിലെത്തിയെങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പു സംഭവിച്ച ആകര്‍ഷക ഡാറ്റാ പ്ലാനുകളുടെ വരവോടെ സ്മാര്‍ട്ട്ഫോണുകളുടെ എണ്ണം സ്ഫോടനാത്മകായി വളര്‍ന്നു. ഇന്റര്‍നെറ്റും സ്മാര്‍ട്ട്ഫോണും ആപ്പുകള്‍ എന്നു വിളിക്കപ്പെടുന്ന ആപ്ലിക്കേഷനുകളും ചേര്‍ന്ന് നമ്മുടെ ജീവിതമിപ്പോള്‍ വലിയൊരളവില്‍ ഡിജിറ്റല്‍ ജീവിതമായെന്നു പറയാം.
വിവരാന്വേഷണം, വാര്‍ത്തകള്‍, ഇമെയില്‍, ഇന്‍സ്റ്റന്റ് മെസേജിംഗ്, സമൂഹമാധ്യമങ്ങള്‍, ജിപേ തുടങ്ങിയ യുപിഐ സേവനങ്ങള്‍, ബാങ്കിംഗ്, ഇകോമേഴ്സ്, ക്യുകോമേഴ്സ്, വാര്‍ത്തകള്‍, ഒടിടി മുതല്‍ മ്യൂസിക് ആപ്പുകള്‍ വരെയുള്ള വിനോദോപാധികള്‍, ടാക്സി മുതല്‍ സിനിമകള്ക്കുവരെയുള്ള ബുക്കിംഗ് സേവനങ്ങള്‍, ഓഹരി നിക്ഷേപം, എഐ സേവനങ്ങള്‍, ഗൂഗിള്‍ മാപ് നോക്കിയുള്ള യാത്രകള്‍, നെറ്റ് മീറ്റിംഗ്...
എല്ലാം തീര്‍ത്തും സ്വാഭാവികമായ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി. സോഷ്യല്‍ മീഡിയയുടെ പ്രചാരം വര്‍ധിച്ചതോടെ ഇന്‍ഫ്ളുവന്‍സര്‍മാര്‍, വ്ളോഗര്‍മാര്‍ എന്നിങ്ങനെ ആര്‍ക്കും പ്രശസ്തമാകാവുന്ന, വന്വരുമാനമുണ്ടാക്കാവുന്ന അവസരങ്ങളും തുറന്നുവന്നിരിക്കുന്നു.
3. ഇതരസംസ്ഥാന തൊഴിലാളികള്‍
ആസാമായിരുന്നു ഇന്ത്യയിലെ പ്ലൈവുഡ് വ്യവസായത്തിന്റെ തലസ്ഥാനം. കാട്ടുമരങ്ങളായിരുന്നു അതിന്റെ ഭക്ഷണം. 1996ല്‍ ടി.വി. ഗോദവര്‍മന്‍ തിരുമുല്‍പ്പാട് കൊടുത്ത കേസില്‍ കാട്ടുമരങ്ങള്‍ വെട്ടി പ്ലൈവുഡ് ഉണ്ടാക്കുന്നത് സുപ്രീം കോടതി രാജ്യമൊട്ടാകെ നിരോധിച്ചു. ആസാമിലെ പ്ലൈവുഡ് വ്യവസായം തകര്‍ന്നു.
അതു പക്ഷേ കേരളത്തിന് ഗുണമായി. കടുംവെട്ടു വെട്ടിക്കിട്ടുന്ന റബര്‍ തടിയുടെ ലഭ്യതയും ആസാമില്‍നിന്ന് വന്‍തോതില്‍ സെക്കന്‍ഡ് ഹാന്‍ഡ് പ്ലൈവുഡ് മെഷീനറി വന്നതുമെല്ലാം ചേര്‍ന്ന് പെരുമ്പാവൂര്‍ ദക്ഷിണേഷ്യയില്‍ത്തന്നെ ഏറ്റവും കുറഞ്ഞവിലയില്‍ നല്ല പ്ലൈവുഡ് ഉല്‍പ്പാദിപ്പിക്കുന്ന കേന്ദ്രമായി മാറി. വന്‍തോതില്‍ എന്തുണ്ടായാലും അത് ഒറ്റയ്ക്കായിരിക്കില്ലല്ലോ.
ആസാമില്‍നിന്നു വന്ന സെക്കന്‍ഡ് ഹാന്‍ഡ് മെഷീനറിക്കൊപ്പം വന്‍തോതില്‍ ഫസ്റ്റ് ഹാന്‍ഡ് മനുഷ്യരും വന്നുതുടങ്ങി. പിന്നീടുള്ളത് ചരിത്രം. അത് കേരളത്തിന്റെ ഉള്നാടുകളിലേക്കുവരെ പടര്‍ന്നു. വിദ്യാഭ്യാസനിലവാരം വര്‍ധിച്ചത്, വിദേശ കുടിയേറ്റം തുടങ്ങിയ കാരണങ്ങളാല്‍ ബുദ്ധി ഉപയോഗിച്ചുള്ള തൊഴിലുകളിലേക്ക് കാലക്രമേണ മലയാളികള്‍ മാറിയതും കണ്‍സ്ട്രക്ഷന്‍ ബൂം മൂലം കായികത്തൊഴിലാളികള്ക്ക് ഡിമാന്‍ഡ് വര്‍ധിച്ചതുമെല്ലാം ചേര്‍ന്നപ്പോൾ അതിന് വേഗംകൂടി.
ഇന്ന് നഴ്സിംഗ്, ഡ്രൈവിംഗ്, സെക്യൂരിറ്റി തുടങ്ങിയ അപൂര്‍വം ജോലികളൊഴിച്ചാല് കേരളത്തിലെ ബ്ലൂ കോളര്‍ ജോലികളില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം ഏതാണ്ട് സമ്പൂര്ണമായിക്കൊണ്ടിരിക്കുന്നു. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് സംസ്ഥാനത്ത് 35 മുതല്‍ 40 ലക്ഷം വരെ ഇതരസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ജനസംഖ്യയുടെ ഏഴു മുതല്‍ 10 ശതമാനം വരെ. ഇതിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ എന്തെല്ലാമായിരിക്കും? നടന്നു പോയിരുന്ന നമ്മള് നടക്കാന്‍ പോകേണ്ടി വരുന്നു എന്നതാണ് അതിലൊന്ന്.
4. സ്ത്രീ മുന്നേറ്റം
സാമൂഹികമായി പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളില്‍വരെ വനിതാ മുഖ്യമന്ത്രിമാര്വന്നിട്ടും കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി വന്നിട്ടില്ലെന്നത് ശരി. എന്നാല്‍ ലിംഗാനുപാതത്തിലെ താരതമ്യ മികവ്, പണ്ടുമുതല്‍തന്നെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് തുല്യപ്രധാന്യം നല്‍കുന്നത്, വാഷിംഗ് മെഷീനുകള്‍ മുതല്‍ ഗിയറില്ലാത്ത വാഹനങ്ങള്‍വരെ പ്രചാരത്തിലായ സാങ്കേതികവിദ്യകളുടെ മുന്നേറ്റം,
കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സംവരണം തുടങ്ങി നിരവധി കാരണങ്ങളാല്‍ കേരളത്തിലെ സ്ത്രീമുന്നേറ്റം എല്ലാ മേഖലകളിലും പ്രകടമാണ്. ആഗോളതലത്തിലെ മീടൂ പ്രസ്ഥാനത്തിന്റെ കേരളീയ പ്രതിഫലനങ്ങളും ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടും നടിയെ ആക്രമിച്ച കേസിലെ നടപടികളും ഉദ്ദേശിച്ച ഫലങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെങ്കിലും കാലക്രമേണ ഉണ്ടായിവരുന്ന മനോഭാവ മാറ്റങ്ങള്‍ക്ക് അവയും വലിയ പ്രേരകശക്തികളാകുന്നു.
5. ജനസംഖ്യാ വളര്‍ച്ചാ നിരക്കില്‍ ഇടിവ്
രാജ്യത്തെ 2021 വര്‍ഷത്തെ ജനന, മരണ കണക്കുകള്‍ ഈയിടെ പുറത്തു വന്നപ്പോള്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയിലെ 49 ജില്ലകളില്‍ ജനനങ്ങള്‍ നടന്നതിനേക്കാള്‍ കൂടുതൽ മരണങ്ങള് നടന്നുവെന്നു വെളിവായി. അതിലേറെയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായിരുന്നു (ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേരേമറിച്ചാണ് സ്ഥിതി എന്ന വസ്തുതയും പറയണം).
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശതമാനക്കണക്കെടുത്താല്‍ അത് സംഭവിച്ചതാകട്ടെ കൂടുതല്‍ കേരളത്തിലും. വിശേഷിച്ചും കേരളത്തിന്റെ തെക്കന്‍ ജില്ലകള്‍ മുഴുവന്‍. നേതാക്കളില്ലാതാകുന്ന തെക്കന്‍ കേരളം എന്നൊരു ലേഖനം ഈ ലേഖകന്‍ എഴുതിയിരുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ മൂന്ന് മുന്നണി സ്ഥാനാര്‍ഥികളും വടക്കന്‍ കേരളത്തില്‍ നിന്നുള്ളവരായിരുന്നു എന്നാണ് അതിന്റെ ഒരു തെളിവായി ഹാജരാക്കിയത്.
ഇപ്പോഴിതാ അതിനുപിന്നിലെ മറ്റൊരു പ്രധാന കാരണം പുറത്തുവന്നിരിക്കുന്നു. തെക്കന്‍ കേരളത്തില്‍ നേതാക്കള്‍ മാത്രമല്ല ആളും കുറയുന്നു. ആളുണ്ടെങ്കിലേ നേതാവുള്ളു! 2021ലെ കണക്കുകള്‍ വന്നതോടെ തെക്കന്‍ കേരളം മൊത്തം ഈ ട്രെന്‍ഡിന് അടിപ്പെട്ടു. തെക്കന്‍ കേരളത്തിലെ ആറു ജില്ലകളിലാണ് ഈ പ്രവണത കാണായിരിക്കുന്നത്.
6. വിദ്യാഭ്യാസ കുടിയേറ്റം
2024-25 വര്‍ഷം ഇന്ത്യയില്‍നിന്ന് 13 ലക്ഷത്തിലേറെ കുട്ടികള്‍ ഉന്നതവിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിലേക്കു പോയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നമ്മുടെ സംസ്ഥാനത്തിന്റെ ദീര്‍ഘകാല കുടിയേറ്റ പാരമ്പര്യവും മെച്ചപ്പെട്ട സാമ്പത്തിക സാഹചര്യങ്ങളും മൂലം ഈ രംഗത്തും ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളേയും അപേക്ഷിച്ച് കേരളം ബഹുദൂരം മുന്നിലാണ്.
ഉദാഹരണത്തിന് 2023ല്‍ത്തന്നെ 2.5 ലക്ഷത്തോളം കുട്ടികള്‍ ഉന്നതവിദ്യാഭ്യാസത്തിനായി കേരളം വിട്ടെന്നാണ് കണക്ക്. വിദേശരാജ്യങ്ങളിലെ അവസരങ്ങള്‍ എന്നതുപോലെത്തന്നെ കേരളത്തില്‍ നിലവിലുള്ള സദാചാര പോലീസിംഗ് ഉള്‍പ്പെടെയുള്ള കാരണങ്ങളും ഈ കുടിയേറ്റങ്ങള്‍ക്ക് പ്രേരണയാണ്. കേരളത്തിനകത്തായാലും പരമ്പരാഗത കോഴ്സുകളില്നിന്നുമാറി നൂതനവിദ്യകള്‍ അഭ്യസിക്കുന്നവരുടെ എണ്ണവും കൂടിവരുന്നു.
7. ഇടത്തരക്കാരുടെ വളര്‍ച്ച
1990കളിൽ നരസിംഹറാവുവും മന്‍മോഹന്‍സിംഗും തുടക്കമിട്ട സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ ഫലമായി സമ്പദ്വ്യവസ്ഥയില് പൊതുവിലും സ്വകാര്യ ബിസിനസ് സംരഭങ്ങളുടെ വളര്‍ച്ചയില്‍ വിശേഷിച്ചുമുണ്ടായ ഉണര്‍വും മൂന്നാംഘട്ട ഗള്‍ഫ്, കുടിയേറ്റവുംമൂലം കേരത്തിലെ ഇടത്തരം കുടുംബങ്ങള്‍ സാമ്പത്തികമായി കുതിച്ചുവളര്ന്ന കാലം കൂടിയാണ് ഇക്കഴിയുന്ന കാല്‍നൂറ്റാണ്ട്. മിക്കവാറും എല്ലാ ഇടത്തരക്കാരുടെ വീടുകളിലും കാറുകളും വിലകൂടിയ ഉപകരണങ്ങളും സാധാരണമായി. വീടുകള്‍ വലുതാവുകയും പെരുകുകയും ചെയ്തു. സൗകര്യങ്ങള്‍ കൂടി.
8. ഏക"പക്ഷീ'യം, ചിക്കൻ
ഇറച്ചിക്കോഴി കേരളത്തിലും (ലോകമെങ്ങും) വ്യാപകമായതും ഇക്കഴിഞ്ഞ 25 വര്‍ഷത്തിനിടെയാണ്. വീട്ടിലായാലും ഈറ്റിംഗ് ഔട്ടായാലും വലിയ വിരുന്നുകളിലായാലും ചിക്കന്റെ ആധിപത്യം ഇന്ന് ഏക"പക്ഷീ’യമാണ്. വീട്ടില്‍ വളര്‍ത്തിയിരുന്ന നാടന്‍കോഴികളെ വല്ലപ്പോഴും ഏത്തക്കായയോ ഉരുളക്കിഴങ്ങോചേര്ത്ത് നീട്ടി കറിവച്ചിരുന്ന കാലം എന്നെന്നേക്കുമായി ഇല്ലാതായി.
കേരളം മാത്രം ഒരു ദിവസം 10 ലക്ഷത്തോളം കോഴികളെ ശാപ്പിടുന്നുവെന്നു കണക്ക്. ഒരുകാലത്ത് ആഡംബരമായിരുന്ന ചിക്കന്‍ മുതല്‍ പാലട വരെയുള്ള വിഭവങ്ങള്‍ അമിതലഭ്യതമൂലം മടുത്തു തുടങ്ങിയതും (ഹാ!) കടയപ്പം തീറ്റി (ഈറ്റിംഗ് ഔട്ട്) വര്‍ധിച്ചതുമാണ് ഭക്ഷ്യരംഗത്തെ മറ്റു പ്രവണതകള്‍.
9. ഷോപ്പിംഗ് മാളുകള്‍, മള്‍ട്ടിപ്ലെക്സുകള്‍
കേരളത്തിലെ രണ്ടാംതട്ട് പട്ടണങ്ങളില്‍പ്പോലും ഈ 25 വര്‍ഷത്തിനിടെ ചെറുതും വലുതുമായ ഷോപ്പിംഗ് മാളുകള്‍ ഇടംപിടിച്ചു. പഴയ വലിയ സിനിമാതിയറ്ററുകളുടെ സ്ഥാനത്ത് സീറ്റെണ്ണം കുറവുള്ളതും കൂടുതല്‍ സ്ക്രീനുകളുള്ളതുമായ മള്‍ട്ടിപ്ലെക്സുകളും വന്നു. ഷോപ്പിംഗ് എന്നാല്‍ സാധനങ്ങള്‍ വാങ്ങിക്കുക മാത്രമല്ല വിനോദങ്ങളും ഈറ്റിംഗ് ഔട്ടും ചേര്‍ന്ന അനുഭവമാണെന്നും വന്നു.
10. കൊച്ചി മെട്രോ
കേരളത്തിലാദ്യമായി മെട്രോ വന്നതും ഈ 25 വര്‍ഷത്തിനിടയിലെ പ്രധാന സംഭവമാണ്. സ്ഥലദൗര്‍ലഭ്യവും ഉയര്‍ന്ന സ്ഥലവിലയും ജനസാന്ദ്രതയും വികസനം പൊതുവില്‍ വരുന്ന വേഗതക്കുറവും പരിഗണിക്കുമ്പോള്‍ അവിശ്വസനീയമായ ഒരു മുന്നേറ്റം.
11. 18ലെ പ്രളയം
1924ലെ വെള്ളപ്പൊക്കത്തെ 99ലെ വെള്ളപ്പൊക്കമെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു തലമുറ ഏതാണ്ട് തീര്‍ത്തും ഇല്ലാതായിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ അതിനു ശേഷമുള്ള തലമുറകള്‍ക്ക് ഓര്‍ക്കാന്‍ മറ്റൊരു വലിയ വെള്ളപ്പൊക്കമുണ്ടായതും ഈ കാല്‍നൂറ്റാണ്ടിനിടയിലാണ്. അണക്കെട്ടുകള്‍ വന്നാല്‍ വെള്ളപ്പൊക്കമുണ്ടാവില്ലെന്ന വിശ്വാസത്തെ തകര്‍ത്ത വലിയ പേമാരി കൊണ്ടുവന്ന മിന്നല്‍പ്രളയവും വര്‍ധിച്ചുവരുന്ന തീരദേശ വേലിയേറ്റങ്ങളും അങ്ങനെ കാലാവസ്ഥാമാറ്റത്തെ നമ്മുടെ വീട്ടുവളപ്പിലും എത്തിച്ചു.
12. ബിഗ് ഫാറ്റ് ഇന്ത്യന്‍ വെഡിംഗ്
90കളിലെ ഉദാരവത്ക്കരണത്തെ തുടര്‍ന്നാണ് ഇന്ത്യയിലെ വിവാഹങ്ങളും ബിഗ് ഫാറ്റി ഇന്ത്യന്‍ വെഡിംഗുകളായിത്. സമീപകാലത്തായി കേരളത്തിലെ വിവാഹങ്ങളും ബിഗ് ആന്‍ഡ് ഫാറ്റി ആയിട്ടുണ്ട്. പണ്ട് ഒരു ദിവസംകൊണ്ട് തീര്‍ന്നിരുന്ന ചടങ്ങുകള്‍ ജാതിമതഭേദമെന്യേ ഹല്‍ദി, മെഹന്ദി, സംഗീത് എന്നിങ്ങനെ വികസിച്ച് ലക്ഷങ്ങളുടെ (കോടികളുടെയല്ലെങ്കില്) ഇടപാടായി.
കേരളീയ സമൂഹത്തില്‍ പൊതുവില്‍ ഉണ്ടായിരിക്കുന്ന സാമ്പത്തികാഭിവൃദ്ധിയുടെ പ്രതിഫലനം മാത്രമാണ് ആഡംബര വിവാഹങ്ങളിലുമുള്ളതെന്നതാണ് സത്യം. എന്നുമാത്രമല്ല സാമ്പത്തികമായി ഉയര്‍ന്നതട്ടില്‍ നില്ക്കുന്ന കുടുംബങ്ങളെക്കൊണ്ട് വിവാഹങ്ങള്‍ അത്യാഡംബരമായി നടത്തിച്ച് അവര്‍ ചെലവഴിക്കാതെ കൂട്ടിവച്ചിരിക്കുന്ന പണം സമൂഹത്തിലേക്ക് ഇറക്കുന്നു എന്നൊരു സത്കര്മംകൂടി ഇത്തരം വിവാഹങ്ങള്‍ അനുഷ്ടിക്കുന്നു.
അതെ, പന്തലുപണിക്കാര്‍, ട്രാഫിക് നിയന്ത്രിക്കുന്ന സെക്യൂരിറ്റിക്കാര്‍, പാചകക്കാര്‍, വിളമ്പുകാര്‍, കാമറാമാന്മാര്... ഒരു ആഡംബര വിവാഹം എത്രപേര്‍ക്കാണ് തൊഴില്‍ കൊടുക്കുന്നത്! അവനവന് സാധിക്കുന്നതും അവനവന് ആസ്വദിക്കുന്നതുമൊഴികെ മറ്റെല്ലാം ധൂര്‍ത്തും ആഡംബരവുമായി വിചാരിക്കുമ്പോള്‍ കാണാതെപോകുന്നത് സമൂഹത്തെ ചലിപ്പിക്കുന്ന ഈ ക്രയവിക്രയങ്ങളാണ്.
വിവാഹത്തിന്റെ ചുവടുപിടിച്ച് മരണവും പാര്‍ട്ടി സമ്മേളനങ്ങളും തെരഞ്ഞെടുപ്പും സാഹിത്യോത്സവങ്ങളുമെല്ലാം ഇങ്ങനെ ഇവന്റുകളായി, അവ നടത്താന്‍ ഇവന്റ് മാനേജ്മെന്റ് കമ്പനികള്‍ വേണമെന്നായി, അവരുടെ ആള്ക്കാര് വാക്കി ടോക്കികളുമായി ഇടംവലം നടക്കണമെന്നുമായി.
13. നിശാജീവിതം
പണ്ട് കോഴിക്കോട്ടും ഒരു പരിധിവരെ തിരുവനന്തപുരത്തും മാത്രമുണ്ടായിരുന്ന നൈറ്റ് ലൈഫ് നമ്മുടെ ഉള്നാടുകളില്വരെ ട്രെന്‍ഡായി. കോവിഡും സോഷ്യല്‍ മീഡിയയും അതിനു ചൂട്ടുകത്തിച്ചു. എന്നാല്‍ നൈറ്റ് ലൈഫ് ഇന്ന് പുറത്തുമാത്രമല്ല, അകത്തുമുണ്ട്. രാത്രി മുഴുവന്‍ ഉണര്‍ന്നിരിക്കുന്ന ജെന്‍ സീ, മുറിയില്‍ അടച്ചിരിക്കുന്ന ജെന്‍ സീ, പകലുറങ്ങുന്ന ജെന്‍ സീ... അങ്ങനെ ജൈവശാസ്ത്രപരമായിവരെ മനുഷ്യജന്തുവിന് പരിണാമം സംഭവിക്കുകയാണോയെന്ന് ശങ്ക തോന്നുംവിധം നമ്മള് മാറിത്തുടങ്ങുന്നു.
14. ലഹരികള്‍
മൂക്കിപ്പൊടി വലി എന്നൊരു സംഗതി തീര്‍ത്തും ഇല്ലാതായി. (വെറ്റില) മുറുക്കലും നന്നായി ശോഷിച്ചു. എന്നാല്‍ പണ്ട് അനുമതിയോടെ വാങ്ങി നടത്തിയിരുന്ന കറപ്പുതീറ്റിയുടെ അതിലേറെ അപകടകാരികളായ പുതിയ അവതാരങ്ങള്വന്നു- രാസലഹരികള്‍. ഒപ്പം ചില വീഡിയോ ഗെയിമുകളും ഇതേ ജോലിചെയ്യുന്നു.
15. വസ്ത്രധാരണം
ക്രിക്കറ്റ്, വീഡിയോകൾ എന്നിവയെപ്പോലെ വേഷവിതാനങ്ങളും ഷോര്‍ട്ടായി. വിശേഷിച്ചും പുതിയ തലമുറയുടൈ കാര്യത്തില്‍. ജോലിചെയ്യുന്ന സ്ത്രീകള്‍ സാരിയുടുക്കുന്നത് വിശേഷത്തിനു മാത്രമായി. മധ്യവയസ്കരും പരസ്യമായി ഷോര്‍ട്സിട്ടു തുടങ്ങി. പണ്ടധികം സ്ത്രീകള്‍ ഇട്ടു കണ്ടിട്ടില്ലാത്ത പര്‍ദയും ഇക്കാലത്തിനിടെ കേരളത്തില്‍ വന്‍തോതില്‍ പ്രചാരം നേടിയിരിക്കുന്നു.
16. ഔട്ട്ബൗണ്ട് ടൂറിസം
1980കളുടെ അവസാനമാണ് "ദൈവത്തിന്റെ സ്വന്തം നാട്' എന്ന മുദ്രാവാക്യം നമ്മുടെ ഇന്‍ബൗണ്ട് ടൂറിസത്തിനു വന്നുചേര്‍ന്നത്. ഇന്ന് നമ്മുടെ ജിഡിപിയുടെ 10 ശതമാനംവരും ടൂറിസത്തില്‍നിന്നുള്ള വരുമാനം. ഉദാരവല്ക്കരണത്തെത്തുടര്ന്ന് ഇന്ത്യയില്‍നിന്ന് വിദേശസഞ്ചാരത്തിനു പോകുന്നവരുടെ എണ്ണവും കാലക്രമേണ വര്‍ധിച്ചുവരുന്നു. 2024ല്‍ 3.89 കോടി ഇന്ത്യക്കാരാണ് വിദേശങ്ങളിലേയ്ക്ക് ടൂറു പോയത്.
കേരളം എങ്ങനെ പിന്നില്‍നില്‍ക്കും? കൃത്യമായ കണക്കുകളില്ലെങ്കിലും ഒരു കാര്യം ഉറപ്പ്- ഹജ്, വിശുദ്ധനാട് തീര്ഥയാത്രകള്ക്കായിമാത്രം വന്‍തോതില്‍ വിദേശയാത്ര ചെയ്തിരുന്ന മലയാളികള്‍ ഇന്ന് ലോകമെങ്ങും കറങ്ങുന്നു. സന്തോഷ് ജോര്‍ജ് കുളങ്ങര മുതല്‍ എണ്ണിയാലൊടുങ്ങാത്ത വ്ളോഗര്മാരുടെവരെ യാത്രകള്‍ നാമറിയുന്നു. അറിയപ്പെടാത്ത യാത്രാനുഭവങ്ങള്‍ അതിലേറെയായി പെരുകുന്നു.
(ശേഷം പുതുവർഷത്തിൽ)
SUNDAY DEEPIKA
ജമ്മുകാഷ്മീരിലെ കാര്‍ഗില്‍ ജില്ലയില്‍, സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 12,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും ഒറ്റപ്പെട്ടതും ദുരൂഹവുമായ മനുഷ്യവാസ പ്രദേശങ്ങളില്‍ ഒന്നാണ് നിഡാര് എന്ന താഴ്വര.
അത്യന്തം കഠിനമായ കാലാവസ്ഥ, ദൈര്‍ഘ്യമേറിയ ശീതകാലം, പുറംലോകത്തുനിന്നുള്ള അകലം എന്നിവ കാരണം ഇത് "സൈബീരിയ ഓഫ് ഇന്ത്യ' എന്ന പേരിലാണ് അറിയപ്പെടുന്നത്. വര്‍ഷത്തിലെ ഭൂരിഭാഗം സമയവും മഞ്ഞിനടിയിലാകുന്നതും തലമുറകളായി മാറ്റമില്ലാതെ തുടരുന്ന ജീവിതരീതിയും വ്യത്യസ്തമായ സാംസ്കാരിക ആചാരങ്ങളും നിഡാര് വാലിയെ ഇന്ത്യയിലെ ഏറ്റവും രഹസ്യാത്മകമായ സ്ഥലങ്ങളിലൊന്നാക്കി മാറ്റുന്നു.
നിഡാര് വാലിയെക്കുറിച്ച് വ്യക്തമായ ചരിത്രരേഖകള്‍ ലഭ്യമല്ലെങ്കിലും ലഡാക്കിന്റെ ചരിത്രത്തില്‍ നിര്‍ണായകമായ സ്ഥാനമാണ് ഈ താഴ്വരയ്ക്കുള്ളത്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ ലഡാക്കിലെ ഹാന്‍ലെ ടെഹ്സില് മേഖലയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഇവിടുത്ത പല പ്രദേശങ്ങളിലും പ്രത്യക അനുമതിയോടെ മാത്രമേ പ്രവേശിക്കാനാവൂ.
താഴ്വരയുടെ പ്രാദേശിക ചരിത്രത്തിലേക്കു വന്നാല്‍, ദീര്‍ഘകാലം ഈ പ്രദേശം നാംഗ്യാല്‍ രാജവംശത്തിന്റെ ഭരണത്തിനു കീഴിലായിരുന്നു. പിന്നീട് പലരും ഈ പ്രദേശത്തിന്റെ ഭരണം കൈയാളി.
നൂറ്റാണ്ടുകളായി ടിബറ്റന്‍ ബുദ്ധമതനുയായികളായിരുന്ന ഗോത്രവര്‍ഗക്കാരും ഇടയന്മാരും അധിവസിച്ചുവരുന്ന പ്രദേശം പുരാതനകാലത്ത് വ്യാപാരപാതകളുമായി ബന്ധിപ്പിക്കപ്പെട്ടിരുന്നു.
കാലങ്ങള്‍ ഏറെക്കഴിഞ്ഞിട്ടും ഇന്നും നിഡാര് താഴ്വര നിവാസികളില്‍ ഏറെപ്പേരുടെയും ജീവിതോപാധി ഇടയവൃത്തി തന്നെയാണ്. എന്നാല്‍ രൂപഭാവത്തില്‍ കാഷ്മീര്‍ താഴ്വരകളിലെ മറ്റു ജനവിഭാഗങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തരാണിവര്.
കാഴ്ചയില്‍ യൂറോപ്യന്മാരെ അനുസ്മരിപ്പിക്കുന്ന ഇവര്‍ മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ സൈനികരുടെ പിന്മുറക്കാരാണെന്ന ഒരു വാദവുമുണ്ട്. അലക്സാണ്ടര്‍ ഇന്ത്യയിലെത്തിയപ്പോള്‍ ഈ വഴി കടന്നുപോയെന്നും അദ്ദേഹത്തിന്റെ സൈനികരില്‍ ഒരുവിഭാഗം ഇവിടെ സ്ഥിരമായി താമസമാക്കുകയുമായിരുന്നുവെന്നാണ് ഈ വാദമുഖത്തെ അംഗീകരിക്കുന്നവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഈ വാദങ്ങള്‍ക്ക് ശാസ്ത്രീയമായ സ്ഥിരീകരണങ്ങളൊന്നുമില്ല.
അതേസമയം വളരെ വിചിത്രമായ ആചാരങ്ങളും വിശ്വാസങ്ങളും നിലനില്‍ക്കുന്ന ഒരിടം കൂടിയാണിത്. ജലസ്രോതസുകളായ നദികളെയും തടാകങ്ങളെയും ബുദ്ധമതത്തിലും ബോണ്‍ പാരമ്പര്യത്തിലും വിശുദ്ധമായാണ് കാണുന്നത്. "നാഗങ്ങള്‍’ ആണ് ഈ ജലാശയങ്ങളുടെ സംരക്ഷകര്‍ എന്നാണ് വിശ്വാസം. ലഡാക്കിലെ താഴ്വരകള്‍ ലാമമാരുടെയും റിന്പോച്ചെമാരുടെയും തപോഭൂമികളായാണ് കണക്കാക്കപ്പെടുന്നത്. നിഡാര് വാലിയിലെ മലയിടുക്കുകളും ഗുഹകളും നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ ബുദ്ധസന്യാസിമാര്‍ ധ്യാനത്തിനായി തെരഞ്ഞെടുത്തിരുന്നു.
പ്രകൃതി ആരാധകരായ നിഡാറിലെ ജനവിഭാഗം മലകളുടെയും താഴ്വരകളുടെയും സംരക്ഷകരായി യൂള്ഹാ, ലൂഹാ തുടങ്ങിയ പ്രാദേശിക ദേവതകളെയും ആരാധിച്ചുപോരുന്നു.
ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശമായതിനാലും തന്ത്രപ്രധാനമായ പ്രതിരോധമേഖല ആയതിനാലും വിനോദ സഞ്ചാരികള്‍ക്ക് ഇവിടേക്കുള്ള വരവ് ദുഷ്കരമാണ്.
അസുലഭമായ പ്രകൃതിഭംഗിയാണ് നിഡാര് വാലിയുടെ പ്രത്യേകതകളിലൊന്ന്. അതിലൊന്നാണ് റ്യൂള്‍ തടാകം. തണുത്തുറഞ്ഞ മലനിരകള്‍ക്കിടയിലുള്ള ഈ തടാകം ആരുടെയും മനംമയക്കും.
നിഡാര് വാലിക്ക് സമീപമാണ് ഇന്ത്യന്‍ അസ്ട്രോഫിസിക്കല്‍ ഒബ്സര്‍വേറ്ററി സ്ഥിതിചെയ്യുന്ന ഹാന്‍ലെ പ്രദേശം. അന്തരീക്ഷ മലിനീകരണം തീരെയില്ലാത്ത ഈ താഴ്വരകള്‍ രാത്രികാല നക്ഷത്ര നിരീക്ഷണത്തിന് ലോകത്തിലെ തന്നെ മികച്ച സ്ഥലങ്ങളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.
മഞ്ഞുമൂടിയ പര്‍വതങ്ങള്‍ക്കിടയില്‍ ഭീതിപ്പെടുത്തുന്ന നിശബ്ദതയാല്‍ വലയംചെയ്ത് ഒരു പ്രഹേളികയായി തുടരുകയാണ് നിഡാര് വാലിയും അവിടുത്തെ ജനങ്ങളും. ഒരു സാഹസിക സഞ്ചാരി ഒരിക്കലെങ്കിലും എത്തിപ്പെടേണ്ട ഒരിടമായി നിഡാര് വാലിയെ മാറ്റുന്നതും ഈ ദുരൂഹതയാണ്.
SUNDAY DEEPIKA
ഡാഫ്നെ ദു മോറിയർ സ്വതന്ത്ര പരിഭാഷ
ഞാൻ മാൻഡെർലിയിൽ വന്നിട്ട് മൂന്നുമാസം കഴിഞ്ഞെങ്കിലും വളരെ വലുതും വിസ്താരമേറിയതുമായ വീടിന്റെ വിവിധ മുറികളും ഇടത്തോട്ടും വലത്തോട്ടുമുള്ള അവയുടെ ദിശകളും മുകളിലേക്കും താഴേക്കുമുള്ള വഴികളും ഇപ്പോഴും കൃത്യമായി മനസിൽ പതിഞ്ഞിട്ടില്ല. ഇടനാഴിയിൽ നിന്നിരുന്ന ഞാൻ അപ്പുറത്തുള്ള ഒരു മുറി കണ്ട് അവിടേക്കു നീങ്ങി. അറിയാനുള്ള കൗതുകത്തോടെ അതു തുറന്നു. വെളിച്ചം കുറവായതിനാൽ ലൈറ്റിന്റെ സ്വിച്ച് ഓണ്‍ ചെയ്തു.
ഒരു ഡ്രെസിംഗ് റൂം. ചുമരിൽ ഉറപ്പിച്ച അലമാരകൾ. അതിനപ്പുറത്ത് വലിയൊരു മുറിയിലേക്കുള്ള മറ്റൊരു വാതിൽ. അതു തുറന്നപ്പോൾ ഞാൻ അതിശയിച്ചുപോയി. അത്യാകർഷകമായി അലങ്കരിച്ച മുറി. ചുമരിനോടു ചേർന്ന് വലിയ ഡബിൾ ബെഡ്. ഡ്രെസിംഗ് ടേബിളിൽ ബ്രഷ്, ചീർപ്പ്, സെന്റ്, പൗഡർ മുതലായവ. ഫ്ളവർവേസിൽ സുഗന്ധം പൊഴിക്കുന്ന പുതിയ പൂക്കൾ. സാറ്റിൻകൊണ്ടുള്ള ഡ്രെസിംഗ് ഗൗണ്‍ കസേരയിൽ വീണുകിടക്കുന്നു.
അതിനുകീഴെ കിടപ്പുമുറിയിൽ ഉപയോഗിക്കുന്ന ചെരിപ്പുകൾ. ഇവയെല്ലാം കണ്ട് അന്തംവിട്ടുനിന്നപ്പോൾ എന്റെ തലച്ചോറിന് എന്തെങ്കിലും സംഭവിച്ചോയെന്ന് സംശയിച്ചുപോയി. എന്റെ കാലുകൾ വിറയ്ക്കുന്നതുപോലെ. ഉടനെ ഞാൻ വാച്ചിൽ നോക്കി. ചുമരിലിരിക്കുന്ന ക്ലോക്കിലും അതേ കൃത്യസമയം.
റെബേക്ക ഇപ്പോഴും ഇവിടെ വരുന്നുണ്ടോ? അതെങ്ങനെ? ഒരുവർഷം മുന്‍പ് മരിച്ചുപോയതല്ലേ? പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ അടക്കം ചെയ്തതല്ലേ? ഇതെല്ലാം അവൾക്കുവേണ്ടി മിസിസ് ഡാൻവേഴ്സ് ചെയ്യുന്നതാണ്. ഇത്രയും മനോഹരമായി ഒരുക്കിയ ഒരു മുറി ഈ വീട്ടിൽ ഞാൻ കണ്ടിട്ടില്ല. ഇതുമാത്രം എന്നെ എന്തുകൊണ്ട് ഇതുവരെ കാണിച്ചില്ല!
ഈ മുറിയിൽ ഒറ്റയ്ക്കിങ്ങനെ നിൽക്കാൻ എനിക്കു നേരിയ ഭയം. തിരിഞ്ഞുനടക്കുന്നതിനിടെ ചുമരലമാരകളിലൊന്ന് ഞാൻ വെറുതേയൊന്നു തുറന്നു നോക്കി. അതു നിറയെ വിലകൂടിയ വിവിധ വസ്ത്രങ്ങൾ, ഈവനിംഗ് ഡ്രെസുകൾ, വെള്ള സാറ്റിൻകൊണ്ടു നിർമിച്ച ഉടുപ്പുകൾ, കസവുകൊണ്ട് അലങ്കാരപ്പണിചെയ്ത പട്ടുവസ്ത്രങ്ങൾ തുടങ്ങിയവ.
പെട്ടെന്ന് ആരോ വരുന്നതിന്റെ കാലടിശബ്ദം. തിരിഞ്ഞുനോക്കിയപ്പോൾ മിസിസ് ഡാൻവേഴ്സ് തുറിച്ച കണ്ണുകളുമായി നിൽക്കുന്നു. ഉള്ളാലെ ഞാനൊന്നു ഞെട്ടി. പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ പരാജയപ്പെട്ടു. അവർ ചോദിച്ചു:
""പ്രത്യേകിച്ച് എന്താണ് മാഡം?''
""ഇല്ല. ഈ മുറി ഞാൻ ആദ്യമായി കാണുകയാണ്. ഇത്രയും ഗംഭീരമായ മുറി എന്നെ ഇതുവരെ ആരും കാണിച്ചില്ലല്ലോ?''
""മാഡം ഇപ്പോൾ ഇവിടെയുണ്ടല്ലോ. എല്ലാം ഞാൻ വിസ്തരിച്ചു കാണിച്ചുതരാം.''
ഇപ്പോൾ നോട്ടത്തിൽ ഒരു മയം. ചുണ്ടിൽ ഒരു പുഞ്ചിരി, സംസാരത്തിന് തേനിന്റെ മധുരം. എല്ലാം കൃത്രിമമാണെന്നും കള്ളത്തരമാണെന്നും എനിക്കറിയാം. ഫാവെലിന്റെ വിഷയത്തിൽ എന്നെയൊന്നു തണുപ്പിക്കാനുള്ള അടവ്.
""വരൂ, എല്ലാം ഞാൻ കാണിച്ചുതരാം. മാഡം എന്നോട് മുന്‍പ് ഒരു വാക്കു പറഞ്ഞാൽ മതിയായിരുന്നു. അതിനെങ്ങനെയാ, തുറന്നുപറയാനും ചോദിക്കാനും മാഡത്തിന് സങ്കോചവും നാണവുമാണ്!''
വേണ്ടെന്നു ഞാൻ പറഞ്ഞില്ല. അവരെ ബോധിപ്പിക്കാൻവേണ്ടി അല്പനേരം കൂടെനിന്നു.
""ഇതു റെബേക്കാ മാഡത്തിന്റെ ബെഡ് ആണ്. കാണാൻ നല്ല ഭംഗിയില്ലേ? സ്വർണനിറത്തിലുള്ള ഇതിന്റെ വിരി ഞാനാണ് വിരിച്ചുകൊടുക്കുക. ദേ, ഇതു നൈറ്റ് ഡ്രെസ് ആണ്. മരിക്കുന്നതുവരെ ഇതാണു ധരിച്ചിരുന്നത്. ഒന്നു തൊട്ടുനോക്കൂ! എന്തൊരു മിനുസവും മാർദവവുമാണ്. ഈ ഗൗണും സ്ലിപ്പേഴ്സും കിടക്കുന്നതു കണ്ടില്ലേ? ധരിക്കാൻ ഒരുക്കിവച്ചതാ. പക്ഷേ ആ രാത്രി! മാഡം തിരിച്ചുവരാത്ത രാത്രിയായിരുന്നു, മുങ്ങിമരിച്ച രാത്രിയായിരുന്നു.''
ജിജ്ഞാസയോടെ ഞാനതെല്ലാം കേട്ടുനിന്നു.
""റെബേക്കാ മാഡത്തിന് എല്ലാ കാര്യത്തിനും ഞാൻ വേണം. വേറെ പരിചാരികമാരെയൊന്നും തൃപ്തിയില്ല. ഡാനീ, അവരൊന്നും വേണ്ട, നീ മതി എന്നു നിർബന്ധിക്കും. സമൃദ്ധമായ കറുത്തമുടി ചീകിക്കൊടുക്കാൻ ഞാൻ വേണം. ഡ്രെസുകൾ ഓരോന്നും അണിയിക്കാൻ ഞാൻ വേണം. അങ്ങനെ എല്ലാത്തിനും.''
വേറെ പലതും കാണിച്ചുതരുന്ന കൂട്ടത്തിൽ പറഞ്ഞു: ""സത്യം പറഞ്ഞാൽ ഈ അത്യാഹിതത്തിൽ ഞാൻ എന്നെത്തന്നെയാണ് കുറ്റപ്പെടുത്തുക. എനിക്കന്ന് കെരിത്ത് എന്ന സ്ഥലത്തേക്കു പോകേണ്ട അത്യാവശ്യം വന്നു. മറ്റൊരു കാര്യത്തിനായി മാഡത്തിനു ലണ്ടനിലേക്കു പോകേണ്ടതുണ്ടായിരുന്നു. മാഡം മടങ്ങിവരുന്പോഴേക്കും കെരിത്തിൽനിന്ന് തിരിച്ചെത്താമെന്നായിരുന്നു എന്റെ കണക്കുകൂട്ടൽ. രാത്രി ഒന്പതുമണിയായി ഞാൻ തിരിച്ചുവന്നപ്പോൾ. ഇതിനകം മാഡം മടങ്ങിവന്ന് ഡിന്നർ കഴിച്ച് ബീച്ചിലേക്കു പോയി.''
""മാക്സിം സാർ അന്നു മാനേജർ ഫ്രാങ്കിന്റെ വീട്ടിലാണ് ഡിന്നർ കഴിച്ചത്. തിരിച്ചുവന്നപ്പോൾ ഏതാണ്ടു പതിനൊന്നുമണിയായിക്കാണണം. തെക്കുപടിഞ്ഞാറൻ കാറ്റ് ശക്തിയായി വീശുന്നുണ്ടായിരുന്നു. തിരമാലകൾ പാറക്കെട്ടുകളിൽ അടിക്കുന്നതിന്റെ മുഴക്കം ഇവിടെ കേൾക്കാമായിരുന്നു. പാതിരാത്രിയായിട്ടും മാഡം വന്നിട്ടില്ല. എനിക്ക് പരിഭ്രാന്തിയായി. ഞാൻ മുകളിലേക്കു കയറി സാറു കിടക്കുന്ന മുറിയുടെ വാതിൽക്കൽ ചെന്നു മുട്ടി.
അകത്തുനിന്നു വിളിച്ചുചോദിച്ചു- ആരാണത്... എന്താണു വേണ്ടത്? ഞാൻ വ്യസനത്തോടെ വിളിച്ചുപറഞ്ഞു: മാഡം ബീച്ചിൽ പോയിട്ടു തിരിച്ചുവന്നിട്ടില്ല.''
""നിമിഷങ്ങൾക്കകം ഗൗണ്‍ ധരിച്ചു സാറു പുറത്തുവന്നു. ഞാൻ വിചാരിക്കുന്നത് അവൾ കോട്ടേജിൽ രാത്രി കഴിച്ചുകൂട്ടുന്ന പതിവില്ലേ? അവൾ തിരിച്ചുവരില്ല. അതങ്ങനെ നടക്കട്ടെ. എനിക്ക് ഉറങ്ങണം, വല്ലാത്ത ക്ഷീണമുണ്ട്. വാതിലടച്ചു സാറു പോയി. മാഡത്തിന്റെ മുങ്ങിമരണത്തിനു ശേഷം സാറു പിന്നെ ഈ മുറി ഉപയോഗിച്ചിട്ടില്ല.''
ഞാൻ പറഞ്ഞു: ""മതി, ഞാൻ പോകട്ടെ.''
മുറിപൂട്ടി അവർ പുറത്തുകടന്നു.
""മാഡത്തിന് റെബേക്ക മാഡത്തിന്റെ ഈ മുറി കാണണമെന്നു തോന്നുന്പോൾ വീട്ടു ഫോണിലൂടെ വിളിച്ചാൽ മതി. ഉടനെവന്നു ഞാൻ തുറന്നു തരാം. മരിച്ചുപോയെങ്കിലും മാഡം ഇന്നും ജീവിച്ചിരിക്കുന്നതുപോലെ തോന്നുന്നു. ഈ മുറിയിൽ താമസിക്കുന്നപോലെ തോന്നുന്നു.''
""ഈ മുറി നിങ്ങൾ ഇങ്ങനെ ഗംഭീരമായി ഒരുക്കിയിരിക്കുന്നതു കണ്ടപ്പോൾ എനിക്കും അങ്ങനെ തോന്നി.''
ഭാവം മാറി പതിഞ്ഞ സ്വരത്തിൽ അവർ പറഞ്ഞു: ""നമ്മൾ രണ്ടുപേരും ഇങ്ങനെ സംസാരിക്കുന്നത് റെബേക്ക മാഡം കാണുന്നുണ്ട് എന്നു തോന്നുന്നുണ്ടോ? മരിച്ചവർ തിരിച്ചുവന്ന് ജീവിച്ചിരിക്കുന്നവരെ ശ്രദ്ധിക്കുന്നുണ്ടെന്നു വിചാരിക്കുന്നുണ്ടോ?''
ഞാനതിനു മറുപടിയൊന്നും പറഞ്ഞില്ല.
""ഒരുപക്ഷേ റെബേക്കാ മാഡം ഇവിടേക്കു തിരിച്ചുവരികയാണെങ്കിൽ ആ സമയത്ത് ഈ മാഡത്തിനെയും മാക്സിം സാറിനെയും ഒരുമിച്ചുകണ്ടാൽ എന്തായിരിക്കും അവസ്ഥ?''
ഇതു പറഞ്ഞപ്പോൾ ആ സ്ത്രീയുടെ മുഖമൊന്നു കാണണം. ശത്രുതയും വിദ്വേഷവും ഒതുക്കിപ്പിടിച്ച, രൂക്ഷമായ ഒരു പൈശാചിക നോട്ടം!
ഞാനത് നിസാരമായി തള്ളി താഴേക്ക് ഇറങ്ങിപ്പോന്നു. അവരുടെയുള്ളിൽ സാത്താനുണ്ടെങ്കിൽ എന്റെ ഉള്ളിൽ വസിക്കുന്നത് ദൈവമാണ്. ഞാൻ വേഗം എന്റെ മുറിയിൽ കയറി വാതിലടച്ചു കുറ്റിയിട്ടു.
"ഓ! മൈ ജീസസ്!' എന്ന പതിവുള്ള പ്രാർഥനചൊല്ലി ഞാൻ കിടന്നു.
(തുടരും)
SUNDAY DEEPIKA
2026 എന്ന പുതിയ വർഷത്തിലേക്ക് നാം പ്രവേശിക്കാൻ പോവുകയാണ്. അതിനുമുന്‍പ്, കഴിഞ്ഞ വർഷത്തിലെ അനുഗ്രങ്ങളെക്കുറിച്ച് ദൈവത്തിനു നന്ദിപറയാൻ മറന്നുപോകേണ്ട. കഴിഞ്ഞവർഷത്തെ അനുഭവങ്ങളിൽനിന്ന് പാഠം പഠിക്കാനും നാം മറന്നുപോകരുത്. ആ അനുഭവങ്ങളിൽ പലതും സന്തോഷകരവും മറ്റുള്ളവ ദുഃഖകരവുമാകാം. ദുഃഖകരമായവയിൽ ചിലത് നമ്മുടെ ബലഹീനതകൾമൂലം സംഭവിച്ചവയുമാകാം. അങ്ങനെയെങ്കിൽ നാം അവയെക്കുറിച്ച് ദൈവത്തോട് മാപ്പപേക്ഷിക്കുകയും വേണം. എങ്കിൽ മാത്രമേ ദൈവാനുഗ്രഹത്തോടെ സന്തോഷകരമായി പുതിയവർഷം നമുക്കു തുങ്ങാൻ സാധിക്കൂ.
ഓരോ പുതിയ വർഷവും നമ്മുടെ ജീവിതം പുതിയതായി തുടങ്ങാനുള്ള അവസരമാണ്. അതിനു വലിയ പ്ലാനും പദ്ധതിയും എപ്പോഴും ഉണ്ടായിരിക്കണമെന്നു നിർബന്ധമില്ല. എന്നാൽ ജീവിതം എല്ലാ രീതിയിലും മെച്ചപ്പെടുത്താൻവേണ്ടി ഉറച്ച തീരുമാനങ്ങളും ധീരമായ ചുവടുവയ്പ്പുകളും ഉണ്ടാകണം. എങ്കിൽ മാത്രമേ പലപ്പോഴും പ്രതികൂല സാഹചര്യങ്ങൾ നേരിടുന്ന ലോകത്തിൽ നമുക്കു വിജയംവരിക്കാനാകൂ.
അടുത്തകാലത്ത് അമേരിക്കൻ ടെലിവിഷനിലും പത്രങ്ങളിലുമൊക്കെ പ്രത്യക്ഷപ്പെട്ട വാൾട്ടർ കാർ എന്ന ചെറുപ്പക്കാരന്റെ കഥ ഇവിടെ കുറിക്കട്ടെ. അലബാമ സംസ്ഥാനത്തെ ഹോംവുഡ് സ്വദേശിയാണു വാൾട്ടർ. കോളജ് വിദ്യാർഥിയായ ഈ യുവാവ് പാർട്ട് ടൈം ജോലിചെയ്താണ് തന്റെ പഠനം മുന്നോട്ടു കൊണ്ടുപോകുന്നത്. ഇതിനിടയിൽ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു. പിന്നീട് ഒരു ജോലിക്ക് ഓഫർ ലഭിച്ചത് താമസസ്ഥലത്തുനിന്ന് മുപ്പത്തിരണ്ടു കിലോമീറ്റർ അകലെയുള്ള പെൽഹാം എന്ന സ്ഥലത്തായിരുന്നു.
പഴയൊരു കാറായിരുന്നു വാൾട്ടറിന്റേത്. ജോലിക്കു പോകേണ്ട തലേദിവസം രാത്രിയായപ്പോൾ അതു സ്റ്റാർട്ടാക്കാൻ സാധിക്കാതെവന്നു. കൈയിൽ പണമില്ലാത്തതുകൊണ്ട് കാർ നന്നാക്കിയെടുക്കാനോ ടാക്സി വിളിച്ച് ജോലിക്കു പോകാനോ പറ്റാത്ത സാഹചര്യമായിരുന്നു. തന്നെ ജോലിസ്ഥലത്തെത്തിക്കാൻ വാൾട്ടരിന് ആരുടെയും സഹായവും ലഭിച്ചില്ല.
ജോലിക്കു ഹാജരാകാതിരിക്കാൻ ഇതൊരു ന്യായീകരണമാക്കാമായിരുന്നു. പക്ഷേ വാൾട്ടറിന്റെ തീരുമാനം മറിച്ചായിരുന്നു. അയാൾ ജോലിക്കു ഹാജരാകാൻതന്നെ തീരുമാനിച്ചു. അതിന് ഒരുക്കമായി ഭക്ഷണംകഴിച്ചശേഷം നാലു മണിക്കൂർ ഉറങ്ങി. പിന്നീട് അവൻ ജോലിസ്ഥലത്തേക്കു നടന്നു. നമ്മുടെ നാട്ടിലേതുപോലെ ബസ് സൗകര്യവും മറ്റുമുള്ള സ്ഥലമല്ല അലബാമയിലെ ഉൾപ്രദേശങ്ങൾ. യാത്രയ്ക്കിടയിൽ വാൾട്ടർ തളർന്നവശനായി വിശ്രമിക്കുന്പോൾ ഒരു പോലീസുകാരൻ അവന്റെ സഹായത്തിനെത്തി.
വേറെ രണ്ടു പോലീസുകാരും ഒപ്പംചേർന്ന് അവനു ഭക്ഷണം വാങ്ങിക്കൊടുത്തു. അതു മാത്രമല്ല അവനെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ ഒരു പോലീസുകാരൻ സഹായിക്കുകയും ചെയ്തു.
വാൾട്ടർ ജോലിക്കെത്തിയ സ്ഥലം ഒരു വീടായിരുന്നു. അവിടെനിന്ന് വീട്ടുപകരണങ്ങൾ മറ്റൊരു സ്ഥലത്തേക്കു മാറ്റുന്ന ജോലിയായിരുന്നു ബെൽഹോപ്സ് മൂവിംഗ് കന്പനിയുടെ പേരിൽ മറ്റു ജോലിക്കാരോടൊപ്പം അവൻ ചെയ്യേണ്ടിയിരുന്നത്.
രാവിലെ എട്ടുമണിക്കാണ് ജോലി തുടങ്ങേണ്ടിയിരുന്നത്. എന്നാൽ രാവിലെ ആറരയ്ക്ക് വാൾട്ടർ അവിടെ എത്തിയിരുന്നു. എട്ടുമണിവരെ ആ വീട്ടിലെ വിശ്രമമുറിയിൽ ഉറങ്ങി ക്ഷീണം തീർക്കാൻ വീട്ടുടമയായ ജനി ലാമി പറഞ്ഞിട്ടും അതിനു തയാറാകാതെ അവൻ ഉടനെത്തന്നെ തന്റെ ജോലി തുടങ്ങുകയാണ് ചെയ്തത്.
കിട്ടിയ ജോലി നഷ്ടപ്പെടുത്താതിരിക്കാൻ കാൽനടയായി യാത്രചെയ്ത വാൾട്ടറിന്റെ കഥ ജനി സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചു. എന്നുമാത്രമല്ല കോളജ് പഠനത്തിന് വാൾട്ടറെ സഹായിക്കാനായി ജനി ഒരു ഫണ്ട് സമാഹരണം ആരംഭിക്കുകയും ചെയ്തു. ഇതിനിടയിൽ വാൾട്ടറിനെക്കുറിച്ച് കേൾക്കാനിടയായ മൂവിംഗ് കന്പനിയുടെ ചെയർമാൻ ലൂക്ക് മാർക്ക്ലിൻ അവനെ കാണാനെത്തി സ്വന്തം കാർ സമ്മാനമായി നൽകി. വാൾട്ടറിന്റെ കഥ കേട്ടവർ അവനുവേണ്ടിയുള്ള ഫണ്ട് സമാഹരണത്തിൽ സഹായിച്ചു. അങ്ങനെ വാൾട്ടറിന് ഒരു ലക്ഷത്തോളം ഡോളർ ലഭിച്ചു.
എന്നാൽ ആ തുക മുഴുവനും വാൾട്ടർ എടുത്തില്ല. അതിൽനിന്ന് 25,000 ഡോളർ ബർമിംഗ് എഡ്യൂക്കേഷൻ ഫൗണ്ടേഷന് സംഭാവനചെയ്തു. ആ ഫൗണ്ടേഷനാകട്ടെ ആ തുക ഉപയോഗിച്ച് വാൾട്ടറിന്റെ പേരിൽ ഒരു സ്കോളർഷിപ് ആരംഭിച്ചു. വാൾട്ടർ ഇന്നു പലർക്കും ഒരു റോൾ മോഡലായി മാറിയിരിക്കുകയാണ്.
2005ലെ കത്രീന എന്ന കൊടുങ്കാറ്റിൽ വാൾട്ടറിന് വീടു നഷ്ടപ്പെട്ടിരുന്നു. അന്ന് അഞ്ചുവയസുകാരനായിരുന്ന വാൾട്ടർ പിതാവില്ലാതെ അമ്മയോടൊപ്പം കഷ്ടപ്പെട്ടാണ് വളർന്നത്. കറുത്ത വംശജനായ വാൾട്ടർ കോളജ് പഠനത്തിനുശേഷം സൈനികസേവനമാണ് ലക്ഷ്യംവയ്ക്കുന്നത്. 32 കിലോമീറ്റർ നടന്ന് ജോലിക്കുപോകാൻ തീരുമാനിച്ചതിന്റെ കാരണം എന്താണെന്ന് ഒരാൾ ചോദിച്ചപ്പോൾ വാൾട്ടർ പറഞ്ഞു: ""എന്നെ തോല്പിക്കാൻ എനിക്കു മനസില്ലായിരുന്നു.''
പ്രതികൂലസാഹചര്യങ്ങൾ ഉണ്ടാകുന്പോൾ നമ്മിൽ പലരും "എനിക്കു മടുത്തു, എനിക്കു മതിയായി' എന്നുപറഞ്ഞ് ജീവിതത്തിൽനിന്നു പിൻവാങ്ങുകയാണു പതിവ്. നമ്മിൽ ചിലരെങ്കിലും ചിലപ്പോൾ ഒരു പരാജയകാരണം കാണുവാൻ കാത്തിരുന്നുവെന്നും വരാം. അതു കിട്ടുന്പോൾ അവർക്കു സമാധാനമായി.
എന്നാൽ പ്രതികൂലസാഹചര്യങ്ങൾ വാൾട്ടറിനെ തളർത്തിയില്ല. അവൻ അവയെ സധൈര്യം നേരിടുകതന്നെചെയ്തു. അന്ധയും ബധിരയും മൂകയുമായിരുന്ന ലോകപ്രസിദ്ധ പ്രചോദനാത്മക ഗ്രന്ഥകാരി ഹെലൻ കെല്ലർ എഴുതി: ""സുഖത്തിലും നിശബ്ദതയിലും സ്വഭാവം മെച്ചപ്പെടുന്നില്ല. പരീക്ഷണങ്ങളും വേദനകളും വഴിയാണ് ഒരാളുടെ ആത്മാവ് ശക്തമാകുന്നത്.''
വാൾട്ടറിന്റെ ജീവിതം ഈ സത്യമാണ് തെളിയിക്കുന്നത്. പ്രതിബന്ധങ്ങൾ അവനെ തളർത്തിയില്ല. അവ അവനെ മെച്ചപ്പെട്ട ഒരു വ്യക്തിത്വത്തിന്റെ ഉടമയായി രൂപപ്പെടുത്തി. പരാജയത്തിന് ഒരു നായീകരണം കണ്ടെത്താനല്ല വാൾട്ടർ ശ്രമിച്ചത്. അതിനുപകരം ഇരുട്ടിലൂടെ പ്രതീക്ഷ നഷ്ടപ്പെടാത്തവനായി നടക്കുകയാണു ചെയ്തത്.
ദൈവവചനം പറയുന്നു: ""നിന്റെ പ്രവൃത്തികൾ കർത്താവിനു സമർപ്പിക്കുക. അപ്പോൾ നിന്റെ പദ്ധതികൾ വിജയിക്കും'' (സുഭാഷിതങ്ങൾ 16: 3). നമ്മുടെ പ്രവൃത്തികൾ നാം ദൈവത്തിനു സമർപ്പിക്കുന്പോൾ തടസങ്ങൾ വേഗം ഇല്ലാതാകണമെന്നില്ല. എന്നാൽ ആ തടസങ്ങളെ നേരിടാനും അതിജീവിക്കാനുമുള്ള ശക്തി ദൈവം അപ്പോൾ നമുക്കു നൽകും. ആ ശക്തിയാണ് വാൾട്ടറിനെപ്പോലെ രാത്രിയിലും നടന്നു ലക്ഷ്യത്തിലെത്താൻ നമ്മെ സഹായിക്കുന്നത്.
പുതിയൊരു വർഷത്തിലേക്കു നാം കടക്കുന്പോൾ പരാജയങ്ങൾക്കുള്ള ന്യായീകരണങ്ങൾ നമുക്കു മാറ്റിവയ്ക്കാം. അനുകൂലമായ അവസരങ്ങൾ വരുന്നതുവരെ കാത്തിരിക്കാതെ ഉത്തരവാദിത്തങ്ങളോട് വിശ്വസ്തതയുള്ളവരായി നമുക്കു മുന്നോട്ടുപോകാം. അപ്പോൾ നമ്മുടെ യാത്ര ഇരുട്ടിലൂടെയാണെങ്കിലും ഓരോ ചുവടും വിജയത്തിലേക്കുള്ളതുതന്നെ എന്നതിൽ സംശയംവേണ്ട.
എല്ലാവർക്കും
നവവത്സരാശംസകൾ!
SUNDAY DEEPIKA
ശർക്കരയുണ്ടാക്കാൻ മെക്കാനിക്കൽ എൻജിനീയറിംഗ് പഠിക്കേണ്ട കാര്യമില്ലെന്ന് എല്ലാവർക്കും അറിയാവുന്നകാര്യമാണ്. എന്നാൽ ഒരു മെക്കാനിക്കൽ എൻജിനീയർക്ക് ശർക്കരയുണ്ടാക്കി വിപണിയിലെത്തിച്ച് നേട്ടമുണ്ടാക്കുന്ന മികച്ച സംരംഭകനാകാമെന്നു തെളിയിച്ചിരിക്കുകയാണ് നെല്ലാപ്പാറ അരക്കമറ്റത്തിൽ മനു മാത്യു. തൊടുപുഴ- പാലാ റൂട്ടിൽ നെല്ലാപ്പാറയ്ക്കു സമീപത്തെ നാടൻ ശർക്കര നിർമാണ യൂണിറ്റ് മനു എന്ന യുവാവിന്റെ നിശ്ചയദാർഢ്യത്തിന്റെ തെളിവാണ്.
2017ൽ മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദം നേടിയ മനു ജർമനിയിൽ തുടർപഠനത്തിനായുള്ള ഒരുക്കത്തിലായിരുന്നു. ജർമൻ ഭാഷാ പഠനവും വീസ പ്രോസസിംഗുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടത്. ലോകം മുഴുവൻ അടച്ചുപൂട്ടിയതോടെ മനുവിന്റെ ജർമൻ പദ്ധതിക്കും പൂട്ടുവീണു.
പൈനാപ്പിൾ വഴി കരിന്പിൽ
സ്വന്തമായി ഒരു സംരംഭം തുടങ്ങിയാലോ എന്ന ചിന്ത ലോക്ക്ഡൗണ്‍ കാലത്താണ് മനുവിനുണ്ടായത്. മാതൃസഹോദരൻ പൈനാപ്പിൾ കൃഷി നടത്തുന്നതിനാൽ, ഈ പാത പിന്തുടർന്നാലോ എന്നായിരുന്നു ആദ്യചിന്ത. കോവിഡ് കാലത്ത് അമ്മാവൻ റോബി ജോണിനൊപ്പം പൈനാപ്പിൾ തോട്ടങ്ങൾ സന്ദർശിച്ച് പാട്ടകൃഷി വ്യവസ്ഥകൾ നേരിട്ടുമനസിലാക്കി.
പാലായിലെ കൃഷിയിടങ്ങൾ കരിന്പുകൃഷിക്ക് അനുയോജ്യമാണെന്ന് മനു ഇതിനകം അറിഞ്ഞിരുന്നു. കരിന്പു കൃഷിയുടെ ബാലപാഠങ്ങൾ കർഷകരിൽനിന്ന് മനസിലാക്കുകയും തുടർ പഠനത്തിനായി തിരുവല്ല കരിന്പ് ഗവേഷണ കേന്ദ്രത്തെ സമീപിക്കുകയും ചെയ്തു. രണ്ടുവർഷം നീണ്ടുനിന്ന ഗവേഷണത്തിനിടെ ചെറിയതോതിൽ കരിന്പു കൃഷി ആരംഭിച്ചു.
നിലവിൽ മുപ്പതേക്കറോളം സ്ഥലത്ത് മനു പാട്ടകൃഷി ചെയ്യുന്നു. പത്തുമാസവും വിളഞ്ഞ കരിന്പ് കിട്ടുന്ന രീതിയിലാണ് കൃഷി. മുപ്പതിനായിരം രൂപ വരെ പാട്ടം നൽകി കരക്കണ്ടങ്ങളിലാണ് പ്രധാനമായും കൃഷിയിറക്കിയിരിക്കുന്നത്. വെള്ളം ഒഴുകുന്ന സ്ഥലങ്ങളാണ് കൃഷിക്ക് അനുയോജ്യം. കരിന്പിൻനീരിൽ സ്വാഭാവികമായി ഉപ്പുരസമുണ്ട്. നീരൊഴുക്കമുള്ള പ്രദേശങ്ങളിൽ കൃഷിചെയ്താൽ ഇതില്ലാതാകും. ഭൂമി തട്ടുതട്ടായി തിരിച്ചാണ് കൃഷി. കൃഷി വകുപ്പിന്റെ ലാബിൽ മണ്ണുപരിശോധന നടത്തിയാണ് വളപ്രയോഗം. ചെടിക്ക് യൂറിയ കൂടുതലായാൽ അധികം ജ്യൂസ് ലഭിക്കില്ല. പൊട്ടാഷ് നൽകുന്നത് മികച്ച വിളവിനു സഹായകമാണ്.
ശർക്കര നിർമാണ യൂണിറ്റ്
സ്വന്തമായി കരിന്പ് ചക്കിലാട്ടി നീരുചൂടാക്കി കുറുക്കി ശർക്കരയായി വിപണിയിൽ എത്തിച്ചാൽ മാത്രമേ വേണ്ട ആദായം ലഭിക്കൂയെന്ന് മനു നേരത്തെ മനസിലാക്കിയിരുന്നു. ഇതിനായി നെല്ലാപ്പാറയിലും പാലായിലും രണ്ടു ശർക്കര നിർമാണ യൂണിറ്റ് ആരംഭിച്ചു.
ഡീസൽ എൻജിനിലും വിറകിലും പ്രവർത്തിക്കുന്ന നിർമാണ യൂണിറ്റ് വൈദ്യുതവത്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. കേരളത്തിൽ ജ്യൂസ് കരിന്പ്, ശർക്കര കരിന്പ് എന്നിവയാണ് കൃഷി ചെയ്യുന്നത്. തിരുമധുരം, ജാവ, നന്പർ-7, മാധുരി എന്നിവയാണ് ശർക്കരയ്ക്കായി കൃഷിചെയ്യുന്ന ഇനങ്ങൾ. തിരുവല്ല കരിന്പു ഗവേഷണ കേന്ദ്രം വികസിപ്പിച്ച, കൂടുതൽ ശർക്കര ലഭിക്കുന്ന മാധുരിയാണ് മനു കൃഷി ചെയ്യുന്നത്.
കൃഷിയിടത്തിൽനിന്നു കരിന്പു വെട്ടി നിർമാണ യൂണിറ്റിലെത്തിച്ച് യന്ത്രസഹായത്തോടെ ജ്യൂസാക്കി മാറ്റും. കരിന്പിൻ ജ്യൂസ് 70 ഡിഗ്രി സെൽഷ്യസിൽ ആദ്യത്തെ ചെന്പിൽ (പ്രൈമറി കണ്ടെയ്നർ) തിളയ്ക്കുന്പോൾ ലായിനിലെ അഴുക്കും പൊടിയും പതയ്ക്കൊപ്പം പൊങ്ങിവരും ഇതു നീക്കംചെയ്തശേഷം രണ്ടാമത്തെ ചെന്പിലേക്ക് മാറ്റും. 230 ഡിഗ്രി സെൽഷ്യസിൽ രണ്ടാംചെന്പിൽ ലായിനി തിളച്ച് ലാവ പരുവത്തിലാക്കും. പിന്നീട് ശർക്കര ലാവ 60 ഡിഗ്രി സെൽഷ്യസിലേക്ക് തണുപ്പിച്ച് തോണിയിലൊഴിച്ച് ഉണ്ടപിടിച്ച് തകിടിലേക്കു മാറ്റും.
പാനി, പതിയൻ, ശർക്കര, ശർക്കര പൊടി, എന്നിവയാണ് മനു ഒൗട്ട്ലെറ്റിലൂടെ വില്‍ക്കുന്നത്. ദ്രാവകരൂപത്തിലുള്ളതാണ് പാനി. നേരത്തെ കല്യാണസദ്യയ്ക്കൊപ്പം മധുരമായി വിളന്പിയിരുന്നത് പാനിയായിരുന്നു. പാനിയുടെ കട്ടികൂടിയ ലായിനി രൂപമാണ് പതിയൻ. തിരുവല്ല, പന്തളം ഭാഗങ്ങളിൽ ശർക്കരയെന്നാണ് ഇതിനു പറയുന്നത്.
ഉണ്ടപിടിക്കാൻ സാധിക്കാത്ത ശർക്കര പൊടിരൂപത്തിൽ വില്‍ക്കുന്നു. ജീരകം, ചുക്ക്, ഏലക്ക എന്നിവചേർത്ത ശർക്കരയും വിൽക്കുന്നുണ്ട്. കരിന്പിൻ ചണ്ടി ഫാക്ടറിയിലേക്കുള്ള വിറക് ആവശ്യത്തിനും പരിസ്ഥിതി സൗഹൃദസഞ്ചി നിർമാണത്തിനും ഉപയോഗിക്കുന്നു. ശർക്കര നിർമാണത്തിനിടെ വെട്ടിക്കളഞ്ഞ മാലന്യം (ചെളി) ജൈവകൃഷിക്കുള്ള ജീവാമൃതം നിർമിക്കുന്നതിനായി ആവശ്യക്കാർ കൊണ്ടുപോകാറുണ്ട്.
ദിവസം 180 കിലോ ശർക്കര
രണ്ടു ടണ്‍ കരിന്പിൽനിന്ന് 180 കിലോ ശർക്കരയാണ് ഒരു ദിവസം ഒരു യൂണിറ്റിൽ ഉപാദിപ്പിക്കുന്നത്. 150 ലിറ്ററിന്റെ ചെന്പിൽ അഞ്ചു തവണയായാണ് ലായിനി പാകംചെയ്യുന്നത്. കരിന്പ് സ്വന്തമായി കൃഷിചെയ്യുന്നതിനോടൊപ്പം തിരുവല്ല റിസർച്ച് സെന്ററിൽനിന്നും ലേലത്തിൽ വാങ്ങും. മികച്ച ഒരു ടീം കൂടെയുണ്ടെങ്കിൽ മാത്രമേ കൃഷിയും ബിസിനസും വിജയിക്കൂവെന്നാണ് മനുവിന്റെ പക്ഷം. പൈനാപ്പിൾ കൃഷി പോലെത്തന്നെ ആദ്യത്തെ രണ്ടുവർഷം നന്നായി അധ്വാനിച്ചാൽ മാത്രമേ മൂന്നാം വർഷം ലാഭം ലഭിക്കൂയെന്നും മനു പറഞ്ഞു.
ശർക്കര നിർമിക്കുന്നവർ, കരിന്പു നടുന്നവർ, വെട്ടുകാർ, കയറ്റക്കാർ എന്നിങ്ങനെയായി കൃഷിയിടത്തിലും നിർമാണയൂണിറ്റിലുമായി മൊത്തം 28 പേർ തൊഴിലാളികളുണ്ട്. കേരളം, തമിഴ്നാട്, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് തൊഴിലാളികൾ. ഇതിൽ 14 പേർ സ്ഥിരം തൊഴിലാളികളാണ്. അഞ്ചേക്കറിൽ താഴെ കരിന്പ് വ്യവസായികാടിസ്ഥനത്തിൽ കൃഷിചെയ്താൽ നഷ്ടസാധ്യതയുണ്ടെന്നും മനു പറഞ്ഞു. ശർക്കര നിർമാണ യൂണിറ്റ് ആധുനികവത്കരിക്കുന്ന പ്രവർത്തനങ്ങളുമായി മനുവും സംഘവും നാട്ടിൽ മധുരം വിതറി മുന്നോട്ട്.
SUNDAY DEEPIKA
മലയാളികളുടെ ചിന്തകളെ ഉണര്‍ത്തുകയും ഭാവനയെ പ്രചോദിപ്പിക്കുകയും ചെയ്ത പ്രതിഭാശാലിയായിരുന്നു പി.കെ. ബാലകൃഷ്ണന് (1925-1991). കേസരി ബാലകൃഷ്ണപ്പിള്ള, എം. ഗോവിന്ദന് തുടങ്ങിയ ചിന്തകരുടെ പിന്‍ഗാമി എന്ന നിലയില്‍ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. എഴുത്തുകാരന്, ചരിത്രഗവേഷകന്, നോവലിസ്റ്റ്, രാഷ്ട്രീയപ്രവര്ത്തകന്, പത്രപ്രവര്ത്തകന്, പത്രാധിപര്‍, പൊതുജനസേവകന് എന്നീ നിലകളിലെല്ലാം പി.കെ. ബാലകൃഷ്ണന്റെ കര്‍മമണ്ഡലം വിപുലമായിരുന്നു. സാമൂഹിക വിഷയങ്ങളിലും സാഹിത്യചിന്തയിലും സുവ്യക്തമായ ധാരണയും അഭിപ്രായവും പുലര്‍ത്തിയ പി.കെ. ബാലകൃഷ്ണന്റെ ജന്മശതാബ്ദി വര്‍ഷമാണ് കടന്നുപോകുന്നത്.
1925 മാര്‍ച്ച് രണ്ടിന് എറണാകുളം ജില്ലയിലെ എടവനക്കാട് ഗ്രാമത്തില്‍ കേശവന് ആശാന്റെയും മണി അമ്മയുടെയും മകനായാണ് ജനനം. എടവനക്കാടും ചെറായിയിലും പ്രാഥമിക വിദ്യാഭ്യാസം നടത്തി. എറണാകുളം മഹാരാജാസ് കോളജില്‍ ബിരുദപഠനത്തിന് ചേര്‍ന്നെങ്കിലും ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തില്‍ എടുത്തുചാടിയതിനാല് പഠനം മുടങ്ങി. എന്നാല്‍ രാഷ്ട്രീയപ്രവര്‍ത്തനവും പൊതുപ്രവര്‍ത്തനവും മുടങ്ങിയില്ല.
പ്രജാമണ്ഡലം പാര്‍ട്ടി സ്ഥാപകനായിരുന്ന മത്തായി മാഞ്ഞൂരാന്റെ അടുത്ത അനുയായി ആയിരുന്നു. പിന്നീട് കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചു. കക്ഷി രാഷ്ട്രീയത്തിന്റെ മൂല്യച്യുതി അന്നേ തിരിച്ചറിഞ്ഞ ബാലകൃഷ്ണന് രംഗംവിട്ടു. പക്ഷെ, ചരിത്രപഠനവും എഴുത്തും സാഹിത്യരചനയും തുടര്‍ന്നു. ശ്രീനാരായണഗുരു, സഹോദരന് അയ്യപ്പന് എന്നിവരുടെ വഴികളിലൂടെയാണ് പിന്നീട് സഞ്ചരിച്ചത്.
സാഹിത്യനിരൂപണത്തില്‍ സാമ്പ്രദായിക രീതികള്‍ വിട്ടായിരുന്നു യാത്ര. തന്റെ വഴികള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മാത്രമല്ല, അഭിപ്രായങ്ങള്‍ തുറന്നുപറയാനുള്ള ആര്‍ജവവും അദ്ദേഹം പ്രകടിപ്പിച്ചു.
പ്ലൂട്ടോ! പ്രിയപ്പെട്ട പ്ലൂട്ടോ!
പി.കെ. ബാലകൃഷ്ണന്റെ ആദ്യനോവലായ പ്ലൂട്ടോ! പ്രിയപ്പെട്ട പ്ലൂട്ടോ! വ്യത്യസ്തമായ രചനയാണ്. 1963ലാണ് പ്ലൂട്ടോ എഴുതുന്നത്. വളര്‍ത്തുനായയെ കേന്ദ്രകഥാപാത്രമാക്കിയാണ് നോവല്‍. അതേസമയം, സംസ്കാരത്തിന്റെ നടത്തിപ്പുകാരാകാന്‍ തയാറാവുന്നവരുടെ നാട്യപ്രധാനമായ ജീവിതവും ഇതില്‍ അനാവരണം ചെയ്യുന്നു. ഇത്തരമൊരു വിഷയം കൈകാര്യം ചെയ്തുകളയാം എന്ന കുസൃതിനിറഞ്ഞ ആത്മവിശ്വാസം പി.കെ. ബാലകൃഷ്ണന് വേണ്ടുവോളം ഉണ്ടായിരിക്കണം.
ചിന്തകനും രാഷ്ട്രീയക്കാരനും പ്രാസംഗികനുമെല്ലാമായ ആഖ്യാതാവിന്റെ നിരീക്ഷണത്തിലൂടെയാണ് പ്ലൂട്ടോ രംഗത്തു വരുന്നത്. സംസ്കാരചിത്തനെന്ന് സ്വയം കരുതുന്ന ആഖ്യാതാവ് നഗരത്തിലാണ് ജോലി ചെയ്യുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ നാട്ടിലെത്തും. അവിടെ അടിസ്ഥാനവര്‍ഗത്തിന്റെ പ്രതിനിധികള്‍ ഉണ്ട്. അവരെ ബോധവല്ക്കരിക്കലാണ് ആഖ്യാതാവിന്റെ പ്രധാന ദൗത്യം. അതിനിടയിലാണ് പ്ലൂട്ടോ കടന്നുവരുന്നത്.
നായയെ വളര്‍ത്താനുള്ള ആഗ്രഹവുമായി നടക്കുന്ന ആഖ്യാതാവിനെയാണ് നോവലില്‍ കാണുന്നത്. അത് ഒരു അന്തസും മാന്യതയുമായി കണക്കാക്കപ്പെടുകയാണ്. അള്‍സേഷ്യന്‍ ഇനത്തില്‍പെട്ട നായയെയാണ് വളര്‍ത്തേണ്ടതെന്ന് അയാള്‍ക്ക് അറിയാം. അങ്ങനെയൊന്നിനെയാണ് വാങ്ങുന്നതും. എന്നാല്‍, പ്ലൂട്ടോ തനി നാടന്‍ നായയാണെന്ന് താമസിയാതെ തിരിച്ചറിയപ്പെടുന്നു. അതോടെ കാര്യങ്ങള്‍ കീഴ്മേൽ മറിയുകയാണ്.
സമൂഹത്തിന്റെ ചിട്ടകളില്‍നിന്ന് വ്യതിചലിച്ചു നില്ക്കുന്ന വ്യക്തികളെ മഹാന്മാരായി ആദരിക്കുകയും എന്നാല്‍ ഒരു ഘട്ടത്തില്‍ അവരെ നിഷ്കരുണം വിചാരണ ചെയ്യുകയും ചെയ്യുന്ന പതിവ് ഉണ്ടല്ലോ. അത്തരത്തിലുള്ള അനുഭവമാണ് പ്ലൂട്ടോയ്ക്ക് നേരിടേണ്ടിവരുന്നത്. വീട്ടില്‍നിന്ന് പ്ലൂട്ടോ പുറത്താവുന്നു. അവനന്റെ വംശം അല്സേഷ്യന് പോലെ കുലീനമാണോ എന്ന സംശയം അതിന് പ്രധാന ഹേതുവാണ്. അവന്റെ നൈസര്‍ഗികമായ പ്രവൃത്തികളും വിനയായി.
ഏതായാലും തെരുവില്‍ സ്വാഭാവികമായും പ്ലൂട്ടോ അനിഷേധ്യമായ നേതൃപദവിയിലേക്ക് ഉയര്‍ന്നു. ചില്ലറ അക്രമനടപടികളുടെ ഫലമായി പ്ലൂട്ടോ നോട്ടപ്പുള്ളിയായി. അവനെ നാടുകടത്താന്‍ ആഖ്യാതാവ് തീരുമാനിക്കുന്നു. എന്നാല്‍ അതിനും പ്രയാസങ്ങളും പരിമിതിയുമുണ്ട്. ഒടുവില്‍ തോക്കുള്ള ഒരുവനെ വരുത്തി പ്ലൂട്ടോയെ വെടിവച്ചുകൊല്ലാന്‍ തീരുമാനമാവുന്നു. വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി അവനെ തുടലുപയോഗിച്ച് ബന്ധിക്കുന്നു.
എന്നാല്‍, മന:പ്രയാസമുള്ള ആ വിധി നടപ്പാക്കേണ്ടിവരുന്നില്ല.സഹോദരിയും കുടുംബവും വീട്ടില്‍ വിരുന്നിനെത്തുന്നതോടെ അന്തരീക്ഷം അയയുന്നു. പ്ലൂട്ടോയെ മര്യാദ പഠിപ്പിക്കാന്‍ അളിയന് തയാറാവുന്നു. മാത്രമല്ല, അവനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാനും അയാള്‍ സന്നദ്ധനായതോടെ പ്രതിസന്ധിഘട്ടം തരണംചെയ്യാനാവുന്നു.
സഹോദരിയുടെ വീടിനടുത്ത് ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാന്പോയപ്പോള് അവിടെ പ്ലൂട്ടോയെ കാണുന്നു. എച്ചിലിലകള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്ന തെരുവു പട്ടികളുടെ നേതാവാണ് അവിടെ പ്ലൂട്ടോ. സഹോദരിയുടെ വീട്ടിലെ പൊറുതിയൊക്കെ അവസാനിപ്പിച്ച മട്ടാണ്. ആഖ്യാതാവിന്റെ വിളികേട്ട് ഓടിവന്ന പ്ലൂട്ടോ അയാളുടെ മേല്‍ സ്നേഹാതിരേകത്തോടെ ചാടിവീഴുന്നു.
സ്നേഹപ്രകടനങ്ങളൊക്കെ ഉണ്ടായെങ്കിലും പ്ലൂട്ടോയെ കൂടെ കൊണ്ടുപോകാന്‍ കഥാനായകന് തയാറാവുന്നില്ല. പിന്നീട് കൂടുതല്‍ ഉന്നതമായ ജോലിയില്‍ പ്രവേശിച്ചതോടെ സ്വാഭാവികമായും പ്ലൂട്ടോയെപ്പറ്റിയുള്ള ചിന്തകള്‍ അലട്ടുന്നില്ല. പിന്നീട് മാസങ്ങള്‍ക്കുശേഷം എത്തുന്ന സഹോദരിയുടെ കത്തില്‍ നിന്നാണ് പ്ലൂട്ടോയെ കാണാതായ വിവരം അറിയുന്നത്. അത് കഥാനായകനെ ദുഃഖത്തിലാഴ്ത്തുന്നു.
ഇതിനിടെ പല ചിന്തകളും നോവല്‍ പങ്കുവയ്ക്കുന്നുണ്ട്. മനുഷ്യരുടെ മാനസികലോകവും മൃഗങ്ങളുടെ മാനസികലോകവും ചര്‍ച്ചയാവുന്നു. ഫ്രോയിഡിന്റെ മാനസികാപഗ്രഥനം കടന്നുവരുന്നു. തെണ്ടിപ്പട്ടിയായി പരിണമിക്കുന്ന വളര്‍ത്തുനായയുടെ കഥ നോവലാക്കി മാറ്റാം എന്ന നോവലിസ്റ്റിന്റെ ചങ്കൂറ്റത്തെ നമിക്കാതെ കടന്നുപോകാന്‍ പറ്റില്ല.
സിദ്ധിയുടെ നോവല്‍, സാധനയുടെയും
പി.കെ. ബാലകൃഷ്ണന്റെ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട നിരൂപണഗ്രന്ഥമാണ് "നോവല്‍: സിദ്ധിയും സാധനയും’. താരാശങ്കര്‍ ബാനര്‍ജിയുടെ ആരോഗ്യ നികേതനം, ഇംഗ്ലീഷ് എഴുത്തുകാരി ജെയിന് ഓസ്റ്റന്റെ പ്രൈഡ് ആൻഡ് പ്രിജുഡിസ്, ദസ്തയേവ്സ്കിയുടെ രചനകള്‍ എന്നിവ അടിസ്ഥാനമാക്കി നോവല്‍ എന്ന സാഹിത്യരൂപത്തിന്റെ സാധ്യതകള്‍ പരിശോധിക്കുകയാണ് ചെയ്യുന്നത്. 1965 ഫെബ്രുവരിയിലാണ് ഈ പുസ്തകം എഴുതുന്നത്.
സഹജമായ പ്രതിഭയോടൊപ്പം പഠനവും മനനവും നിരീക്ഷണവും എല്ലാമടങ്ങുന്ന സാധനയും എഴുത്തിന്റെ ലോകത്ത് അനിവാര്യമാണെന്ന് പി.കെ. ബാലകൃഷ്ണന് ഈ പുസ്തകത്തില്‍ പറയുന്നു. സഹജപ്രതിഭ ഇല്ലാത്തവര്‍ക്കും നോവല്മേഖലയില് കയറിവരാം. എന്നാല്‍ ഉയരങ്ങളിലെത്താന്‍ സാധനാവൈഭവം അനിവാര്യമാണ്.
"ആരോഗ്യനികേതനം' ചര്‍ച്ച ചെയ്യുമ്പോള്‍ ബംഗാളിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ ചികിത്സ നടത്തുന്ന ജീവന് മശായ് എന്ന ഭിഷഗ്വരന് കടന്നുവരുന്നു. പാരമ്പര്യവൈദ്യവും ആധനിക വൈദ്യശാസ്ത്രവും തമ്മിലുള്ള സംഘര്‍ഷം ആരോഗ്യനികേതനം എന്ന നോവലില്‍ കാണാമെന്ന് ബാലകൃഷ്ണന് പറയുന്നു. ചികിത്സയുടെ കഥ ആരോഗ്യനികേതനത്തിന്റെ അസംസ്കൃതവസ്തു മാത്രമാണെന്നും പ്രമേയം മാനുഷികമായ മഹത്വവും മനുഷ്യനിലെ നന്മയുമാണെന്നും ലേഖനത്തില്‍ വിശദമാക്കുന്നുണ്ട്.
ജെയിന് ഓസ്റ്റന് ജന്മനാ നോവലിസ്റ്റ് ആയിരുന്നു എന്നാണ് നിരീക്ഷണം. വൈകാരിക ബാധ്യതയൊന്നുമില്ലാത്ത നിഷേധചിരിയും വിഷാദത്തിന്റെ കറ പറ്റാത്ത സന്തോഷവും ആയിരുന്നു ഓസ്റ്റന്റെ സ്വഭാവത്തിന്റെ അടിസ്ഥാനമെന്ന് പി.കെ. ബാലകൃഷ്ണന് പറയുന്നു. എല്ലാ കാലത്തും രസിപ്പിക്കുന്ന കൃതികളുടെ മുന്‍പന്തിയില്‍ ഓസ്റ്റന്കൃതികള് ഉണ്ടാവുമെന്ന കാര്യത്തില്‍ ഗ്രന്ഥകര്‍ത്താവിന് സംശയമില്ല.
1796ലാണ് ജെയിന് ഓസ്റ്റന് പ്രൈഡ് ആൻഡ് പ്രിജുഡീസ് എഴുതുന്നത്.
രണ്ടുവര്‍ഷം കഴിഞ്ഞ് പ്രസാധകന് അയച്ചുകൊടുത്തു. അത് തിരസ്കരിക്കപ്പെട്ടു. ഓസ്റ്റന് നിരാശപ്പെട്ടില്ല. 15 വര്‍ഷക്കാലം കൃതി കൈവശം വെച്ചു. പലതവണ മാറ്റിയെഴുതി. അത് ദീര്‍ഘമായ സാധന തന്നെയായിരുന്നു. 1813ല്‍ പ്രൈഡ് ആൻഡ് പ്രിജുഡീസ് ഇന്നത്തെ രൂപത്തില്‍ പുറത്തുവരുമ്പോള്‍ ജെയിന് ഓസ്റ്റന്റെ പ്രതിഭയുടെ പരാഗം നോവലിന്റെ ഓരോ അണുവിലും സംക്രമിക്കുകയായിരുന്നു.
ദസ്തയേവ്സ്കിയുടെ കൃതികള്‍ അജ്ഞേയവും ഭീകരവും വിചിത്രവുമായ സംഘട്ടനങ്ങള്‍ നിറഞ്ഞതായിരുന്നു എന്നാണ് നിരീക്ഷണം. ക്രൂരമായ സ്നേഹവും ഇരുണ്ട പ്രകാശവും വേദനിപ്പിക്കുന്ന ആനന്ദവും നിറഞ്ഞതാണ് ദസ്തയേവ്സ്കിയുടെ ഭാവനാലോകം. നോവലിന്റെ പാരായാണം എത്രമാത്രം വ്യത്യസ്തമാണെന്ന് പി.കെ. ബാലകൃഷ്ണന് പറയുന്നു. ടോള്‍സ്റ്റോയിയുടെ കൃതികള്‍ വായിക്കുന്നത്് റിസര്‍വ് വനത്തിലെ യാത്രപോലെയാണ്. ഓരോ യാത്രയിലും പുതിയ കാഴ്ചകള്‍ കാണുന്നു. ദസ്തയേവ്സ്കിയുടെ കൃതികളുടെ വായനയാവട്ടെ ധ്രുവപ്രദേശങ്ങളിലെ പര്യവേഷണ സഞ്ചാരം പോലെയും.
മരണത്തിന്റെയും നിത്യതയുടെയും തണുപ്പും വെളുപ്പുമണിഞ്ഞ അനന്തവിസ്തൃതമായ ധാവള്യപരപ്പ് എന്നാണ് ദസ്തയേവ്സ്കിയുടെ രചനാലോകത്തെ വിശേഷിപ്പിക്കുന്നത്. ഇപ്രകാരം ലോകോത്തര രചനകളിലൂടെ വായനക്കാരെ പഠിപ്പിക്കുകയും പാകപ്പെടുത്തുകയും ചെയ്യുന്ന ദൗത്യമാണ് പി.കെ. ബാലകൃഷ്ണന് ഏറ്റെടുത്തത്. സാഹിത്യനിരൂപണത്തിന്റെ വീക്ഷണചക്രവാളം വികസിക്കുന്നതിന് മികച്ച ദൃഷ്ടാന്തം എന്നാണ് നോവല്‍: സിദ്ധിയും സാധനയും എന്ന പുസ്തകത്തിന്റെ അവതാരികയില്‍ കെ. അയ്യപ്പപ്പണിക്കര്‍ പറയുന്നത്.
മഹാഭാരതത്തെ ആസ്പദമാക്കി രചിച്ച "ഇനി ഞാന്‍ ഉറങ്ങട്ടെ' എന്ന നോവലിന് 1978ലെ വയലാര്‍ അവാര്‍ഡ് ലഭിച്ചു. കര്‍ണനെ കേന്ദ്രകഥാപാത്രമാക്കി രചിച്ച ഈ നോവല്‍ മൂലകൃതിയോട് നൂറുശതമാനം നീതിപുലര്‍ത്തുന്നതാണ്. ദ്രൗപദിയുടെ ആത്മഭാഷണങ്ങളും സമാന്തരമായി വരുന്നുണ്ട്. അര്‍ജുനന്റെയും ഭീമന്റെയും ജീവന് തന്റെ ഭിക്ഷയായിരുന്നുവെന്ന് കര്ണന് പറയുന്നുണ്ട്.
കുന്തീദേവി കര്‍ണന്റെ അടുത്ത് എത്തുന്ന രംഗവും നോവലിനെ ദീപ്തമാക്കുന്നു. അമ്മയ്ക്ക് എങ്ങനെയായാലും അഞ്ചുമക്കള്‍ ഉണ്ടാവും എന്നാണ് കര്ണന് കുന്തീദേവിയോട് പറയുന്നത്. ദുര്യോധനനും കര്‍ണനും തമ്മിലുള്ള നിതാന്ത സൗഹൃദത്തിന്റെ ആഴവും നോവലില്‍ കാണാം. എന്നാല്‍, ഇനി ഞാന്‍ ഉറങ്ങട്ടെ വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല. മാധ്യമശ്രദ്ധയും നിരൂപകശ്രദ്ധയും നേടിയില്ല. എഴുത്തുകാരന് അതിനായി പരിശ്രമിക്കുന്ന ആളുമായിരുന്നില്ലല്ലോ.
കുമാരാശാന്റെ കാവ്യങ്ങളെ മുന്‍നിര്‍ത്തി രചിച്ച കാവ്യകല കുമാരനാശാനിലൂടെ എന്ന പഠനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.കുമാരനാശാന്റെ കൃതികളിലൂടെയും നാരായണഗുരു, ഡോ. പല്പു തുടങ്ങിയവരുമായി ആശാനുള്ള ബന്ധത്തിലൂടെയും ഈ കൃതി കടന്നുപോകുന്നുണ്ട്. 1970ലാണ് കാവ്യകല കുമാരനാശാനിലൂടെ പുറത്തുവരുന്നത്.
നാരായണഗുരു, ടിപ്പു സുല്‍ത്താന്‍ എന്നീ ജീവചരിത്രകൃതികളും മറ്റനേകം ലേഖനങ്ങളും അദ്ദേഹത്തില്‍നിന്നു വായനക്കാര്‍ക്ക് ലഭിച്ചു. കേരളകൗമുദി, കേരളഭൂഷണം എന്നീ പത്രങ്ങളില്‍ ജോലി ചെയ്തു. മാധ്യമം പത്രത്തിന്റെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചു.
പി.കെ. ബാലകൃഷ്ണന്റെ കൃതികള്‍ പലതും വായനശാലകളില്‍ മാത്രമാണ് ഇപ്പോഴുള്ളത്. അദ്ദേഹത്തിന്റെ സമ്പൂര്‍ണകൃതികള്‍ തൃശൂര്‍ കറന്റ് പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുകയാണ്. ചിന്തയുടെയും സൂക്ഷ്മ നിരീക്ഷണത്തിന്റെയും തെളിച്ചമുള്ള ആ രചനകള്‍ ജന്മശതാബ്ദി പിന്നിട്ടാണെങ്കിലുംവായനക്കാര്ക്കു ലഭിക്കട്ടെ എന്നാശിക്കാം.
ചന്തുമേനോന്‍ കോടതിയില്‍ ചെണ്ടകൊട്ടിച്ച കഥ
പി.കെ. ബാലകൃഷ്ണന്റെ ആദ്യത്തെ കൃതിയാണ് "ചന്തുമേനോന്‍ ഒരു പഠനം’. ലക്ഷ്ണയുക്തമായ ആദ്യനോവലിന്റെ രചയിതാവ് എന്ന നിലയില്‍ മലയാള സാഹിത്യത്തില്‍ ചന്തുമേനോനുള്ള സ്ഥാനം അനിഷേധ്യമാണ്. ചന്തുമേനോന്റെ രചനാസമ്പ്രദായം, സാഹിത്യത്തോടുള്ള സമീപനം, വ്യക്തിപരമായ സവിശേഷതകള്‍, നര്‍മബോധം എന്നിവയെല്ലാം അന്വേഷിച്ചറിഞ്ഞാണ് ബാലകൃഷ്ണന് തന്റെ ആദ്യ കൃതി എഴുതാന്‍ തയാറായത്.
1956 സെപ്റ്റംബറിലാണ് ഈ പുസ്തകം എഴുതിയതെന്ന് മുഖവുരയായി നല്കിയ പ്രസ്താവനയില്‍ ബാലകൃഷ്ണന് പറയുന്നു. അച്ചടിയില്‍ 208 പേജുള്ള പുസ്തകം രണ്ടാഴ്ചകൊണ്ട് എഴുതിതീര്‍ത്തു. രചനകള്‍ക്ക് ആവശ്യമായ സാമഗ്രികള്‍ നേരത്തെ സമ്പാദിച്ചിരുന്നു. എങ്കിലും എഴുത്ത് എത്ര വേഗതയിലാണ് നടന്നതെന്ന് ആമുഖത്തില്‍ വ്യക്തമാകും. 1956ല്‍ എഴുതിയെങ്കിലും 1957 ഡിസംബറിലാണ് സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഇത് പ്രസിദ്ധീകരിച്ചത്.
ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിക്കുകയും അതിന്റെ ചുടവുപിടിച്ച് ഒരു കൃതി മലയാളത്തില്‍ എഴുതാന്‍ താല്പര്യം കാണിക്കുകയും ചെയ്ത ചന്തുമേനോന്‍ നവോത്ഥാനത്തിന്റെ ആദ്യഹര്ഷം തന്നെ എന്നാണ് പി.കെ. ബാലകൃഷ്ണന് പറഞ്ഞുവയ്ക്കുന്നത്. ആരെയും വകവയ്ക്കാത്ത പ്രകൃതമായിരുന്നു ചന്തുമേനോന്റേത്. സബ്ജഡ്ജിയായ അദ്ദേഹം ബ്രീട്ടീഷുകാരായ മേലുദ്യോഗസ്ഥരെ പോലും തരിന്പും വിലവച്ചിരുന്നില്ല. കോടതിമുറിയില്‍ വാദ്യകലാകാരനെക്കൊണ്ട് ചെണ്ട കൊട്ടിച്ച സംഭവം ഇതിന് തെളിവാണ്.
മേളത്തിന് കൊട്ടുമ്പോള്‍ തനിക്ക് അര്‍ഹമായ സ്ഥാനം ലഭിക്കുന്നില്ല എന്ന പരാതിയുമായി എത്തിയ കലാകാരനെക്കൊണ്ട് കോടതി മുറിയില്‍ ചെണ്ട കൊട്ടിക്കുകയായിരുന്നു ന്യായാധിപനായ ചന്തുമേനോന്‍. തൊട്ടടുത്ത മുറിയില്‍നിന്ന് ജില്ലാ ജഡ്ജി ബ്രിട്ടീഷുകാരനായ ഡേവിഡ്സ് ഇത് കേട്ടു. അദ്ദേഹം ശിപായിവശം കുറിപ്പ് കൊടുത്തുവിട്ടു.
എന്നാല്‍ അതൊന്നും ചന്തുമേനോന്‍ സ്വീകരിച്ചില്ല. വാദം കേള്‍ക്കുകയും തെളിവ് ശേഖരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായിരുന്നു ചെണ്ടകൊട്ടല് എന്നായിരുന്നു ചന്തുമേനോന്റെ നിലപാട്. ഏതായാലും ജില്ലാ ജഡ്ജിക്കും ഇത് അംഗീകരിക്കേണ്ടിവന്നു. ഇന്ദുലേഖയുടെ സാമൂഹിക പ്രസക്തി, ഭാഷാപ്രയോഗങ്ങള്‍, നോവല്‍ നിര്‍ധാരണം എന്നിവയെല്ലാം ഈ കൃതിയില്‍ ചര്‍ച്ചചെയ്യുന്നു. ചന്തുമേനോനെ സംബന്ധിച്ചുള്ള സമഗ്രപഠനമായി ഇത് മാറുന്നുണ്ട്.
SUNDAY DEEPIKA
വിശുദ്ധ ലൂക്കായുടെ സുവിശേഷം ഇരുപത്തിമൂന്നാം അധ്യായം നാല്‍പ്പത്തിയേഴാം വാക്യം ഇങ്ങനെ: ""ഈ സംഭവമെല്ലാം കണ്ടുനിന്നിരുന്ന ശതാധിപൻ ദൈവത്തെ സ്തുതിച്ചു പറഞ്ഞു: ഈ മനുഷ്യൻ തീർച്ചയായും നീതിമാനായിരുന്നു.''
വിശുദ്ധ വേദപുസ്തകത്തിലെ ഈ വാക്യം ഉദ്ധരിച്ച്് നിയമസഭയില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഒരു പ്രസംഗം നടത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കേരള നിയമസഭ അനുസ്മരിച്ചപ്പോഴായിരുന്നു അത്. അതേ വാക്യങ്ങളാണ് ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലും എഴുതിച്ചേര്‍ത്തിരിക്കുന്നത്. നിയമസഭയില്‍ ബൈബിള്‍ വാക്യം ഉദ്ധരിച്ച് പ്രസംഗിച്ച വി.ഡി. സതീശന് പ്രതിപക്ഷനേതാവായതിനു ശേഷം ഇതുവരെ 250 ലധികം ക്രൈസ്തവ പരിപാടികളിലാണ് പ്രാസംഗികനായോ ഉദ്ഘാടകനായോ എത്തിയത്. ഇപ്പോഴിതാ ആ പ്രസംഗങ്ങള്‍ കോര്‍ത്തിണക്കിയ പുസ്തകം ഒരുങ്ങുന്നു.
പത്രവായനയിൽ തുടക്കം
ചെറുപ്രായത്തിൽ പത്രം വായിച്ചു തുടങ്ങിയ ശീലം പിന്നീടു ജീവിതത്തിന്റെ ഭാഗമായി. തേവര എസ്എച്ച് കോളജിലും രാജഗിരി കോളജിലും ഉപരിപഠനകാലത്ത് വായന വ്യത്യസ്ത തലങ്ങളിലേക്കു പടർന്നു. പ്രീഡിഗ്രി കാലഘട്ടത്തിലാണ് ബൈബിള്‍ വായനയിലേക്ക് എത്തിയത്. ആത്മീയതയിലേക്കു മാത്രമല്ല ബൈബിള്‍ വിരൽചൂണ്ടുന്നതെന്നും മനുഷ്യനെ ശക്തനാക്കാന്‍ ഏറ്റവും വലിയ പ്രചോദനം അതു നല്‍കുന്നുണ്ടെന്നും സതീശൻ പറയുന്നു.
സാമൂഹ്യ ജീവിതത്തില്‍ ബൈബിള്‍ ഏറെ സ്വാധീനം ചെലുത്തുന്ന ചാലകശക്തിയാണ്. ബൈബിളും ഗീതയും ഖുറാനുമുള്പ്പെടെ എല്ലാ മതഗ്രന്ഥങ്ങളിലെയും നന്മ ലോകത്തിനു പ്രകാശമാണെന്നാണ് എന്റെ പക്ഷം. മാര്‍ ക്ലീമിസ് കാതോലിക്കാബാവ എനിക്കു നല്കിയ സുവിശേഷകന് എന്ന പരാമര്‍ശം ഏറ്റവും വലിയ അംഗീകാരമായാണ് കാണുന്നത്. ദൈവവും മനുഷ്യനും തമ്മിലുളള ആശയവിനിമയം ഏറ്റവും വേഗത്തില്‍ പ്രാവര്‍ത്തികമാക്കുന്ന ഉപകരണമാണ് ബൈബിള്‍. ബൈബിളും ക്രിസ്തുവും ഏതൊരു വ്യക്തിയെയും സ്വാധീനിക്കും.
ബൈബിളിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ പ്രസംഗിക്കുന്നതിനെ പ്രീണനം എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിനൊന്നും മറുപടിയില്ല. ക്രൈസ്തവ മിഷണറിമാര്‍ ഈ നാടിനു നല്‍കിയിട്ടുള്ള വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യമേഖലകളിലെ നന്മകളെ കാണാതിരിക്കാന്‍ കഴിയില്ല. അവര്‍ക്ക് വിളക്കായി നിന്നത് ബൈബിളിലെ വാക്യങ്ങള്‍ തന്നയാണ്. ഒരു രാഷ്ട്രീയ നേതാവ് ഒരു മതത്തിന്റെ നല്ല അംശങ്ങള്‍ പറയുമ്പോള്‍ അതിനെ പ്രീണനം എന്നു പറയേണ്ടതില്ല. ജനാധിപത്യത്തെയും സംസ്കാരത്തേയും കലയേയും എല്ലാം ബൈബിള്‍ സ്വാധീനിച്ചിട്ടുണ്ട്- സതീശൻ പറയുന്നു.
അറിവു നൽകുന്ന പ്രകാശം
ബൈബിള്‍ വാക്യങ്ങള്‍ ആധാരമാക്കി സമകാലിക ലോകസംഭവങ്ങള്‍ കൂട്ടിയിണക്കി നടത്തുന്ന സതീശന്റെ പ്രഭാഷണങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. പൊതുജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും പുസ്തക വായനയ്ക്കായി പ്രത്യേകം സമയം കണ്ടെത്താറുള്ള പ്രതിപക്ഷ നേതാവ് താന്‍ വായിച്ച പുസ്തകങ്ങളിലെ ആശയങ്ങള്‍ പൊതുസമക്ഷത്ത് അവതരിപ്പിക്കുന്നതിലും ഏറെ ശ്രദ്ധാലുവാണ്. ക്രൈസ്തവ സമൂഹത്തെപ്പോലും ആശ്ചര്യപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബൈബിൾ അറിവ്.
ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോണം, തിരുവനന്തപുരം ലൂര്‍ദ് ഫൊറോന പള്ളിയില്‍ മാര്‍ത്തോമാ ശ്ലീഹായുടെ ഓര്മത്തിരുനാളിന്റെ ഭാഗമായി സംഘടിപ്പിച്ച സ്നേഹക്കൂട്ടായ്മയിലെ പ്രസംഗം, മലങ്കര സഭ പുനരൈക്യ സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണം, മോണ്‍.ഡോ. ജോണ്സണ് കൈമലയില്‍ കോര്‍ എപ്പിസ്കോപ്പ എഴുതിയ ദാവീദിന്റെ കിന്നരം എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ നടത്തിയ പ്രഭാഷണം എന്നിവയെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു.
കെ.പി. അപ്പന്റെ വാക്കുകള്‍
ബൈബിള്‍ ഓരോരുത്തരുടെയും ജീവിതത്തെ എത്രമാത്രം മാറ്റിമറിക്കുന്നുവെന്നും നന്മയുടെ പാതയിലേക്ക് നയിക്കുന്നുവെന്നും വ്യക്തമാക്കാന്‍ കെ.പി. അപ്പന്റെ വാക്കുകള്‍ സതീശന് കോട്ടയത്ത് ബെഞ്ചമിന്‍ ബെയ്ലി അനുസ്മരണയോഗത്തിലെ പ്രസംഗത്തില്‍ മുന്നോട്ടുവെച്ചു. ""ദൈവം മനുഷ്യരിലൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് ബെഞ്ചമിന്‍ ബെയ്ലിയുടെ ജീവിതം നമ്മളെ പഠിപ്പിക്കുന്നത്. ബൈബിള്‍ എങ്ങനെയൊക്കെ മലയാളിയെ സ്വാധീനിച്ചുവെന്ന് എഴുത്തുകാരനും ബൈബിള്‍ വ്യാഖ്യാതാവുമായ കെ.പി. അപ്പന് എഴുതിയിട്ടുണ്ട്. അതിനപ്പുറം മറ്റൊരു നിര്‍വചനമോ വ്യാഖ്യാനമോ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.''
കലാസൃഷ്ടികളെ ആധ്യാത്മികമായ തലത്തില്‍ സന്തോഷപൂര്‍വം സ്വീകരിക്കാന്‍ ബൈബിള്‍ പഠിപ്പിച്ചുവെന്നും ശൈലിയെ നിരന്തരം നവീകരിക്കാനുള്ള സൗന്ദര്യശിക്ഷണം നല്‍കിയെന്നും "ബൈബിള്‍ വെളിച്ചത്തിന്റെ കവചം' എന്ന പുസ്തകത്തിൽ കെ.പി. അപ്പൻ പറയുന്നു. ബൈബിളിനെക്കുറിച്ച് ഏറ്റവും വലിയ സാക്ഷ്യപത്രങ്ങളിലൊന്നാണ് അപ്പന് വരച്ചു കാട്ടിയതെന്നു സതീശന് വ്യക്തമാക്കി.
നിലപാടുകളില്‍ പതറാതെ
ക്രിസ്തുശിഷ്യന്മാരില് തോമസ് അപ്പോസ്തലന് അനിതരസാധാരണമായ വ്യക്തിത്വത്തിന് ഉടമയായിരുന്നുവെന്ന നിലപാടാണ് പ്രതിപക്ഷനേതാവിന്. മറ്റാര്‍ക്കുമില്ലാത്ത ധൈര്യം, അചഞ്ചലമായ വിശ്വാസം, പ്രതിസന്ധികളില്‍ പതറാതെ കര്‍ത്താവില്‍ മാത്രം ആശ്രയിക്കാനുള്ള ധാര്‍മിക നിലപാട് എന്നീ ഗുണങ്ങളാണ് തോമസിനെ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനാക്കുന്നത്.
തോമസിന്റെ വ്യത്യസ്തമായ സ്വഭാവത്തെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നത് യോഹന്നാന്റെ സുവിശേഷം പതിനൊന്നാം അധ്യായത്തിലാണ്. പ്രിയശിഷ്യരില്‍ ഒരാളായിരുന്ന ലാസര്‍ രോഗബാധിതനായി കിടക്കുന്നതറിഞ്ഞ് അദ്ദേഹത്തെ കാണാന്‍ ക്രിസ്തു ഏറെ തിടുക്കപ്പെടുന്നു. എന്നാല്‍ അവിടേക്കു പോകുന്നത് ജീവന് അപകടത്തിലാക്കുമെന്നു ശിഷ്യരില്‍ ചിലര്‍ മുന്നറിയിപ്പു നല്കി. ശിഷ്യരില്‍ ഏറെപ്പേരും പതറിനിന്നപ്പോള്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് തോമസിന്റെ ദൃഢതയാര്‍ന്ന ശബ്ദം ഉയര്‍ന്നു.
ഒപ്പമുള്ളവരോട് അദ്ദേഹം ഇങ്ങനെ പറഞ്ഞതായി യോഹന്നാന്റെ സുവിശേഷം 11-ാം അധ്യായം 16-ാം വാക്യത്തില്‍ വ്യക്തമാക്കുന്നു- "അവനോടുകൂടെ മരിക്കേണ്ടതിനു നാമും പോകുക.'
യേശു ഉയര്‍ത്തിപ്പിടിച്ച വിശ്വാസത്തിനുവേണ്ടി, നിലപാടുകള്‍ക്കുവേണ്ടി, ദൈവസ്നേഹത്തിനുവേണ്ടി അദ്ദേഹത്തോടൊപ്പം മരിക്കേണ്ടി വന്നാലും താന്‍ അതിനു തയാറാണെന്ന് ഉച്ചത്തില്‍ വെളിപ്പെടുത്തുകയായിരുന്നു ക്രിസ്തുശിഷ്യനായ തോമാശ്ലീഹായെന്നു നിലയ്ക്കല്‍ എക്യുമെനിക്കല്‍ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ സതീശന് പറഞ്ഞു.
അവനോടുകൂടെ മരിക്കേണ്ടതിനു നാമും പോക എന്ന നിലപാട് ഉന്നതമായ ധാര്‍മികമൂല്യവും വിശ്വാസസ്ഥൈര്യവും ഉള്ള ഒരു വ്യക്തിക്കുമാത്രം പറയാന്‍കഴിയുന്ന ഒന്നാണ്. ക്രിസ്തു ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്കുവേണ്ടി ഈ പ്രഖ്യാപനം നടത്താന്‍ എത്രപേര്‍ക്കു കഴിയുമെന്നതും കാലിക സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യപ്പെടണം. രാജ്യത്ത് വെറുപ്പിന്റെ അന്തരീക്ഷം അലയടിക്കുമ്പോള്‍ സ്നേഹവും സാഹോദര്യവും മാഞ്ഞുപോകുമ്പോള് ക്രിസ്തുവില്‍ പതറാതെ നില്‍ക്കുന്നവര്‍ക്ക് മാത്രം പറയാന്‍ കഴിയുന്ന ഒന്നാണ് ’അവനോടുകൂടെ മരിക്കേണ്ടതിനു നാമും പോക’ എന്ന വാക്യം.
ക്രിസ്തു മാര്‍ഗദര്‍ശി
"ഒരു പൊതുപ്രവര്ത്തകന് എന്ന നിലയില്‍ എന്നെ സംബന്ധിച്ചിടത്തോളം ക്രിസ്തു മാര്‍ഗദര്‍ശിയാണ്. സങ്കീര്ത്തനങ്ങങ്ങളില് എഴുതിയതുപോലെ "നിന്റെ വചനങ്ങള്‍ എന്റെ കാലിനു ദീപവും പാതയ്ക്ക് പ്രകാശവുമാകുന്നു.’ ഈ വാക്യം പറയാന്‍ എനിക്ക് ഭയമോ പ്രയാസമോ ഇല്ല.
ക്രിസ്തുവിന്റെ ദര്‍ശനങ്ങൾ ഗാന്ധിജിയെ സ്വാധീനിച്ചതിന്റെ തെളിവുകളിലൊന്നാണ് അഹിംസാ സിദ്ധാന്തം. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് വിളവെടുപ്പു നടത്തുന്നവര്ക്കേതിരേ നില്ക്കാന് വിശുദ്ധ തോമസിനെപ്പോലുള്ള ധൈര്യശാലികളാവാന് കഴിയണം, വിശ്വാസപ്രമാണങ്ങള്‍ക്കുവേണ്ടി ജീവത്യാഗം ചെയ്യാന്‍ ചരിത്രത്തില്‍തന്നെ വളരെ ചുരുക്കം ആളുകള്‍ക്കേ കഴിഞ്ഞിട്ടുള്ളു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഏബ്രഹാം ലിങ്കണ്, മഹാത്മാഗാന്ധി, മാര്ട്ടിന് ലൂതര്‍ കിംഗ്, നെല്‍സണ്‍ മണ്ടേല ഇങ്ങന വളരെ ചുരുക്കമാളുകള്‍'- സതീശൻ പറയുന്നു.
തോമസ് അക്കെന്പിസിന്റെ ദി ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ് എന്ന പുസ്തകത്തിലെ ഒരു ഭാഗം ഉദ്ധരിക്കുന്നത് ഇങ്ങനെ: "ക്രിസ്തുവിന്റെ സ്വര്ഗരാജ്യത്തെ സ്നേഹിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ കുരിശു ചുമക്കാന്‍ സന്നദ്ധതയുള്ളവരുടെ എണ്ണം തുലോം ചുരുക്കമാണ്. തോമസ് അക്കെന്പിസിന്റെ ഈ ഓര്‍മപ്പെടുത്തല്‍ നമുക്ക് ഓരോരുത്തര്‍ക്കും മുന്നറിയിപ്പും അതുവഴി ക്രിസ്തുവിന്റെ ആഗ്രഹവുമാണ്.
"ദൈവം മനഷ്യരാശിക്കു നൽകിയ ഉറപ്പ്'
(വി.ഡി. സതീശന്റെ പ്രസംഗത്തിൽനിന്നുള്ള പ്രസക്ത ഭാഗങ്ങൾ)
എന്നെ എന്നും വിസ്മയിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്ന പുസ്തകമാണ് ബൈബിള്‍. ഞാന്‍ എന്നെത്തന്നെ തിരിച്ചറിയുകയും വീണ്ടെടുക്കുകയും പരിമിതികളില്‍നിന്ന് വിടുതല്‍ തേടുകയും ചെയ്യുന്നത് ബൈബിളിലൂടെയാണ്. ലോകത്ത് എഴുതപ്പെട്ടിട്ടുള്ള ഏറ്റവും മനോഹരവും ജീവനുള്ളതുമായ കവിതാ സമാഹാരമാണ് ദാവീദിന്റെ സങ്കീര്‍ത്തനങ്ങള്‍. ഈ മഹാകാവ്യത്തെ മറികടക്കുന്ന കവിതയോ സാഹിത്യസൃഷ്ടിയോ നാളിതുവരെ രചിക്കപ്പെട്ടിട്ടില്ല.
വത്തിക്കാനിലെ പ്രസിദ്ധമായ സെന്റ്് പീറ്റേഴ്സ് ബസിലിക്കയുടെ മേല്‍ത്തട്ടിലും ഉന്നതങ്ങളിലുമൊക്കെ തേജോമയമായ ചിത്രങ്ങള്‍ വരച്ച വൃദ്ധ കലാകാരനെ അറിയാത്തവര്‍ അധികമുണ്ടാവുമെന്ന് തോന്നുന്നില്ല. തൊണ്ണൂറിനടുത്ത് പ്രായമുള്ളപ്പോഴാണ് മൈക്കലാഞ്ചലോ ദേവാലയത്തിന്റെ വിതാനങ്ങളില്‍ ചായം മുക്കിയ ബ്രഷ് കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിച്ചത്.
അവശമായ ജീവിതാവസ്ഥയിലും മൈക്കലാഞ്ചലോ എന്ന മനുഷ്യന്റെ മനസ് കൗമാര പ്രായം പിന്നിടാത്ത കുതിരയെപ്പോലെ പായുകയായിരുന്നു. വ്യാകുലമാതാവിന്റെ വെണ്ണക്കല്‍ പ്രതിമ മാത്രം മതി ഈ ഈ ശില്പി യെ ഇന്നും എന്നും മരണമില്ലാത്തവനായി നിലനിര്‍ത്താന്‍. പ്രായമേറുന്തോറും സഹായികളും സ്വന്തക്കാരും ബന്ധുക്കളും രംഗംവിട്ടുപോവുമ്പോഴും ജ്ഞാനിയായ വൃദ്ധന് തന്റെ സൃഷ്ടി തുടര്‍ന്നുകൊണ്ടിരുന്നു.
ചെറുകുടലിലെ വ്രണങ്ങള്‍ സൃഷ്ടിച്ച വേദനയില്‍ പുളയുമ്പോഴും തന്റെ ദൗത്യത്തില്‍നിന്ന് പിന്മാറാന് അദ്ദേഹം ഒരുക്കമല്ലായിരുന്നു. വിശുദ്ധ പത്രോസിന്റെ സിംഹാസന പള്ളിയുടെ നിര്മാണച്ചുുമതല ഏറ്റെടുക്കുമ്പോള്‍ മൈക്കലാഞ്ചലോ പറഞ്ഞ പ്രസിദ്ധമായ ഒരു വാചകമുണ്ട് - "ദൈവം ഏല്പിച്ച ഒരു ചുമതലയും ദൗത്യവുമാണ് ഞാന്‍ ഏറ്റെടുത്തിരിക്കുന്നത്. എനിക്ക് ദൈവത്തിനു വേണ്ടി ചെയ്യാന്‍ ഒരുപാടു പണികള്‍ ബാക്കിയുണ്ട്.’
രോഗവും പീഡയും ഏകാന്തതയും സൃഷ്ടിച്ച ചിലന്തിവലക്കിടയില്നിന്ന് ആ മഹാനായ ശില്പിയെ മുന്നോട്ടു നയിച്ച ഘടകമെന്തായിരുന്നു. ആ ചോദ്യത്തിന് ഉത്തരം പറയാന്‍ അധികമൊന്നും ആലോചിക്കേണ്ടതില്ല. തനിക്കീ ഭൂമിയില്‍ ഒരുപാട് കാര്യങ്ങള്‍ ദൈവത്തിനായി ചെയ്തുതീര്‍ക്കണമെന്ന അദമ്യമായ ആവേശമാണ് ഓരോ നിമിഷവും അദ്ദേഹത്തെ മുന്നോട്ടുനയിച്ചിരുന്നത്.
സങ്കീര്‍ത്തനങ്ങളില്‍ ഞാനേറ്റവും കൂടുതല്‍ വായിക്കുകയും പഠിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് 121-ാമത്തെ സങ്കീര്‍ത്തനമാണ്. കേവലം എട്ട് വാക്യങ്ങളില്‍ ദൈവം മനുഷ്യന് നല്കുന്ന വലിയൊരു വിശ്വാസ പ്രമാണമാണ്. ഭരണാധികാരിയായ ദാവീദ് രാജാവ് തന്റെ ജീവിത പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ തന്റെ വിശ്വാസവും ജീവിത സത്യവും ഊട്ടിയുറപ്പിക്കുന്നതിനുവേണ്ടി എഴുതിയതാണ് 120 മുതല്‍ 134 വരെയുള്ള സങ്കീര്‍ത്തനങ്ങള്‍.
സങ്കീര്‍ത്തനം 121 തുടങ്ങുന്നത് ഞാന്‍ എന്റെ കണ്ണു പര്‍വതങ്ങളിലേക്ക് ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും, എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കല്‍നിന്നു വരുന്നു. നിന്റെ കാല് വഴുതുവാന്‍ അവന് സമ്മതിക്കയില്ല; നിന്നെ കാക്കുന്നവന് മയങ്ങുകയുമില്ല. ഇസ്രായേലിന്റെ പരിപാലകന് മയങ്ങുകയില്ല, ഉറങ്ങുകയുമില്ല. യഹോവ നിന്റെ പരിപാലകന്; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണല്‍. പകല്‍ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല.യഹോവ ഒരു ദോഷവും തട്ടാത്തവണ്ണം നിന്നെ പരിപാലിക്കും. അവന് നിന്റെ പ്രാണനെ പരിപാലിക്കും.യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതല്‍ എന്നേക്കും പരിപാലിക്കും.’
ദൈവം മനുഷ്യരാശിക്ക് നല്കിയ ഏറ്റവും വലിയ ഉറപ്പിന്റെ പ്രതീകമാണ് ഈ എട്ടു വാക്യങ്ങള്‍. എനിക്ക് വലിയ ആത്മവിശ്വാസം നല്കുന്ന വാക്കുകളാണ്. എന്റെ സങ്കടങ്ങളില്‍, പ്രതിസന്ധികളില്‍, സന്ദിഗ്ധാവസ്ഥകളില്‍ ഈ വാചകങ്ങള്‍ വായിക്കുമ്പോള്‍, ഓര്‍ക്കുമ്പോള്‍ ലഭിക്കുന്ന ആശ്വാസത്തിനും ധൈര്യത്തിനും വല്ലാത്തൊരു മാസ്മരിക ശക്തിയുണ്ട്.
"യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതല്‍ എന്നേക്കും പരിപാലിക്കും.’ -ഇതിനേക്കാള്‍ വലിയ ഉറപ്പ് ഈ ലോകത്ത് ആര്‍ക്ക് തരാനാവും!
SUNDAY DEEPIKA
"ഫ്രാൻസിസ് അൾത്താരയുടെ മുകളിലെ രൂപത്തിലേക്കുതന്നെ ദൃഷ്ടികൾ ഉയർത്തി വികാരമൂർച്ഛയിൽ എന്നോണം മുട്ടുകുത്തി നിന്നു. എനിക്കു സംശയം. എന്താണീക്കാണുന്നത്? പറുദീസയോ? നാനാവർണ മനോഹരമായ പശ്ചാത്തലത്തിൽ വിശുദ്ധ അപ്പോള്ളിനാരിയൂസിന്റെ രൂപം. ചുറ്റിലും സൈപ്രസ് മരങ്ങൾ. വെളുത്ത ചെമ്മരിയാടുകൾ. പൂത്തും കായ്ച്ചും നിൽക്കുന്ന ചെടികൾ. ഏതാണീ ഹരിതാഭമായ രംഗം? ഈ പുതുമ? ഈ മധുരിമ? എത്ര പരമമായ നിശബ്ദതയാണിവിടെ. അമാനുഷമായ ശാന്തതയാണിവിടെ.
ആത്മാക്കൾക്ക് യുഗാന്ത്യംവരെ മേഞ്ഞു നടക്കാൻ പറ്റിയ പച്ചപ്പുൽമേട്... അടക്കാനാവാതെ ഞാൻ വിങ്ങിക്കരഞ്ഞു.' -കസാൻദ്സാക്കിസിന്റെ "ദൈവത്തിന്റെ ദരിദ്രനി'ൽ വിശുദ്ധ ഫ്രാൻസിസ് അസീസി റാവെന്നയ്ക്കു സമീപമുള്ള ക്ലാസെയിലെ വിശുദ്ധ അപ്പോള്ളിനാരിസിന്റെ ബസിലിക്കയിലെ മദ്ബഹാഭിത്തിയിലെ മൊസയിക്ക് ചിത്രംകണ്ട് വികാര വിവശനാകുന്നതാണ് രംഗം.
ഫ്രാൻസിസ്(1181-1226) കണ്ട് അത്ഭുതപരനായിത്തീർന്ന ആ മൊസയിക്ക് ചിത്രങ്ങൾക്കു മുമ്പിലാണ് നാമിപ്പോൾ. ഇന്നേക്ക് 806 വർഷങ്ങൾക്കു മുമ്പാണ് അദ്ദേഹം ഈ മൊസയിക്കിനുമുമ്പിൽ നിന്നത്. ഫ്രാൻസിസ് അവിടെ നിൽക്കുമ്പോൾതന്നെ ഈ മൊസയിക്കുകൾക്ക് ഏകദേശം ഏഴു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇത് എഡി 549ൽ വിശുദ്ധ അപ്പോള്ളിനാരിസിന്റെ പേരിൽ ഇറ്റലിയിലെ റാവെന്ന പട്ടണത്തിൽ നിന്ന് എട്ടു കിലോമീറ്റർ അകലെ ക്ലാസെ പട്ടണത്തിൽ പണിതീർത്ത ബസിലിക്ക. ലോക പൈതൃക പദവി നേടിയ റാവെന്നയിലെ എട്ടു സൈറ്റുകളിൽ ഒന്നായ ഇത് റാവെന്ന യിലെ ആദ്യ മെത്രാനായിരുന്ന വിശുദ്ധ അപ്പോള്ളിനാരിസിന്റെ കബറിടത്തിന്മേലാണ് പണിതിരിക്കുന്നത്.
റാവെന്ന നഗരം ഇറ്റലിയിലെ 20 റീജണുകളിൽ ഒന്നായ എമിലിയ റൊമാഞ്ഞയിലെ റാവെന്ന പ്രവിശ്യയുടെ തലസ്ഥാനമാണ്. ഒന്നരലക്ഷത്തിൽ അല്പം കൂടുതൽ മാത്രം ജനസംഖ്യ. അതീവ സമ്പന്നമായ ചരിത്രവും സാംസ്കാരികശേഷിപ്പുകളുമാണ് റാവെന്നയുടെ ആകർഷണം. മൊസയിക്കുകളുടെ ലോകതലസ്ഥാനം എന്നാണ് റാവെന്ന അറിയപ്പെടുന്നത്.
അതീവ സുന്ദരവും അമൂല്യവുമായ മൊസയിക്കുകൾ കൊണ്ട് അലംകൃതമായ എത്രയെത്ര നിർമിതികൾ! അതുല്യ കലാകാരന്മാരുടെ കരവിരുവിൽ ജന്മംകൊണ്ട അനശ്വര ചിത്രങ്ങൾ. ചിത്രാങ്കിതമായ ഈ ചുമരുകൾക്കുമുമ്പിൽ നിൽക്കുമ്പോൾ 15 നൂറ്റാണ്ടുകൾക്ക് മുമ്പ് കൽക്കഷണംകൊണ്ട് ദൃശ്യവിസ്മയം തീർത്ത ആ അജ്ഞാത കലാകാരന്മാരുടെ സർഗവൈഭവത്തിനു മുമ്പിൽ നാം കൈകൂപ്പുകതന്നെചെയ്യും.
മൊസയിക്ക്
വ്യത്യസ്ത നിറങ്ങളിലും വലിപ്പത്തിലുമുള്ള കല്ല്, മാർബിൾ, ചില്ല് , ഓട് തുടങ്ങിയവയുടെ കഷണങ്ങൾ ഉപയോഗിച്ചു നിർമിക്കുന്ന ചിത്രങ്ങളോ ജ്യാമിതീയ രൂപങ്ങളോ ഒക്കെ മൊസയിക്ക് എന്നാണ് അറിയപ്പെടുന്നത്. കെട്ടിടങ്ങളുടെയും പള്ളികളുടെയും നടപ്പാത, തറ, ചുമരുകൾ, മച്ച് എന്നിവിടങ്ങളിലൊക്കെ മൊസയിക്കുകൾ പതിപ്പിച്ചു മനോഹരമാക്കുന്ന സമ്പ്രദായം വളർന്നത് റോമൻ സാമ്രാജ്യ കാലഘട്ടത്തിലാണ് (ബിസി എട്ടു മുതൽ എഡി 6 വരെ നൂറ്റാണ്ടുകളിൽ).
തുടർന്ന് ബൈസന്റൈൻ കാലഘട്ടത്തിൽ (പതിനഞ്ചാം നൂറ്റാണ്ട് വരെ) മൊസയിക്ക് കലാസങ്കേതം വളരെ പുഷ്ടിപ്പെട്ടു. ക്രൈസ്തവ ദേവാലയങ്ങളിൽ പ്രതിമകൾ സ്ഥാനംപിടിച്ചു തുടങ്ങിയിരുന്നില്ല. ചിത്രങ്ങളും ഐക്കണുകളും മൊസയിക്കും കൊണ്ട് ദേവാലയങ്ങൾ അലങ്കരിക്കുകയായിരുന്നു പതിവ്. കൊത്തുരൂപങ്ങൾ പ്രചാരത്തിലായതോടെ പള്ളികളിൽ മൊസയിക്ക് പണികൾ ചെയ്യാനുള്ള താല്പര്യം കുറഞ്ഞു.
റാവെന്ന നഗരം
ബിസി അഞ്ചാം നൂറ്റാണ്ടുമുതലുള്ള ചരിത്രം റാവെന്ന നഗരത്തിനുണ്ട്. ചതിപ്പുനിലമായിരുന്ന റാവെന്ന ബിസി 89ൽ റോമാ സാമ്രാജ്യത്തിന്റെ ഭാഗമായി. ബിസി 31ൽ റാവെന്നയുടെ സമീപത്ത് ഒരു നാവിക തുറമുഖം സ്ഥാപിച്ചു.
"കാസ്ത്രും ക്ലാസിസ്’ (നാവികകോട്ട) എന്ന ആ പേരിൽ നിന്നാണ് ക്രമേണ ക്ലാസെ എന്ന പേര് ആ സ്ഥലത്തിനു കിട്ടിയത്. റോമൻ ചക്രവർത്തിമാരുടെ പ്രിയപ്പെട്ട ഒരു നഗരമായിരുന്നു റാവെന്ന. എഡി 401ൽ ഹൊണോരിയൂസ് ചക്രവർത്തി പാശ്ചാത്യ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനം മിലാനിൽനിന്ന് റാവെന്നയിലേക്ക് മാറ്റിയതോടെ നഗരത്തിന്റെ തലവര തെളിഞ്ഞു. തുറമുഖം വളർന്നു. അഞ്ചാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഇറ്റലി എന്ന രാജ്യത്തിന്റെ തലസ്ഥാനവുമായി റാവെന്ന.
പട്ടണമധ്യത്തിൽ വിശുദ്ധ അപ്പോള്ളിനാരിസിന്റെ നവ (നുവോവോ) ദേവാലയം നിർമിതമായി. അടുത്ത നൂറ്റാണ്ടിൽ ബൈസന്റൈൻ തലസ്ഥാനമായശേഷം നിർമിക്കപ്പെട്ട വിശുദ്ധ അപ്പോള്ളിനാരിസിന്റെ (ക്ലാസെയിൽ) ബസിലിക്കയും വിശുദ്ധ വിത്താലസ്സിന്റെ ബസിലിക്കയും ഇപ്പോഴുമുണ്ട്. പൗരസ്ത്യ സഭകളുമായി ഉറ്റ ബന്ധം പുലർത്തിയ റാവെന്നയിലെ ആർച്ച് ബിഷപ്പിന് ബൈസന്റൈൻ കാലഘട്ടത്തിൽ റോമിലെ മാർപാപ്പ കഴിഞ്ഞാൽ അടുത്ത സ്ഥാനം ഉണ്ടായിരുന്നു.
ശരത്കാലത്ത് ഉച്ചകഴിഞ്ഞ നേരത്താണ് ഞങ്ങൾ റാവെന്നയിൽ എത്തിയത്. വിശുദ്ധ അപ്പോള്ളിനാരിസിന്റെ പുതിയപള്ളിയുടെ അടുത്തു കാർ പാർക്ക് ചെയ്ത് ഞങ്ങൾ അങ്ങോട്ടു നടന്നു. മൊബൈലിൽ ജിപിഎസ് സംവിധാനം ഉള്ളതുകൊണ്ട് പട്ടണത്തിൽ വഴിതെറ്റാതെ നടക്കാം. നഗരത്തിനകത്ത് വാഹനഗതാഗതം നിരോധിച്ചിട്ടുള്ള നിരത്തുകൾ ഏറെയാണ്. വൃത്തിയും വെടിപ്പുമുള്ളതും കല്ലുകൾ പാകിയതുമായ നിരത്തുകൾ.
പൗരാണിക സൗന്ദര്യത്തിന് കേടുപറ്റാതെ സംരക്ഷിച്ചിരിക്കുന്ന കെട്ടിടങ്ങൾ. വഴികൾക്കിരുപുറവും നിരയൊപ്പിച്ചു നിൽക്കുന്നതും വെട്ടിയൊരുക്കിയതുമായ മരങ്ങൾ. നല്ല സൗന്ദര്യബോധമുള്ള ഒരു ജനതയാണ് ഇവിടെ അധിവസിക്കുന്നത് എന്ന കാര്യം നിശ്ചയമാണ്. കാഴ്ചകൾകണ്ടു നീങ്ങുന്ന കൊച്ചു ടൂറിസ്റ്റ് സംഘങ്ങൾ.
മൊസയിക്കുകളുടെ മാസ്മരിക ലോകം
വിശുദ്ധ അപ്പോള്ളിനാരിസിന്റെ പുതിയ പള്ളി ആറാം നൂറ്റാണ്ടിൽ പണിയപ്പെട്ടതാണ്. ഒന്നാം ലോകയുദ്ധത്തിൽ കേടുപാടുകൾ പറ്റിയ പൂമുഖം പുനർനിർമിച്ചതൊഴിച്ചാൽ നാം കാണുന്ന പള്ളി ആറാം നൂറ്റാണ്ടിൽ നിർമിച്ചതുപോലെ തന്നെയാണ്. പള്ളിയുടെ വലതുവശത്ത് 40 മീറ്റർ ഉയരമുള്ള വൃത്താകാരത്തിലെ മണിമാളിക 11ാം നൂറ്റാണ്ടിൽ പണിതതാണ്. പള്ളിയകം അതിവിശാലവും ഗംഭീരവും. പള്ളിയുടെ പ്രധാന ശാലയുടെ ഇരുവശങ്ങളിലെയും ഭിത്തികളിലാണ് റാവെന്നയുടെ പ്രസിദ്ധിക്ക് നിദാനമായ മൊസയിക്കുകൾ.
വലതുവശത്ത് ബൈബിളിലെ സംഭവങ്ങളും നിരയായി നിൽക്കുന്ന വിശുദ്ധരും പ്രവാചകരും രക്തസാക്ഷികളും ചേതോഹരമായ ദൃശ്യമാണ്. സിംഹാസനസ്ഥനായ മിശിഹായുടെ പക്കലേക്ക് പ്രദക്ഷിണമായി നീങ്ങുന്ന അവർ കൈകളിൽ കിരീടങ്ങൾ സംവഹിക്കുന്നുണ്ട്. പ്രതീകങ്ങളുടെ സമൃദ്ധികൊണ്ട് ഓരോ ചിത്രവും മനസിലാക്കാൻ സൂക്ഷ്മമായ നിരീക്ഷണം ആവശ്യമാണ്. റോമൻ ബൈസന്റൈൻ കാലഘട്ടത്തിലെ രക്തസാക്ഷികളായ 22 കന്യകകൾ നിരയായി നീങ്ങുന്നു.
അവർ കിരീടങ്ങളുമായി ആദരപൂർവം പോകുന്നത് ബാലനായ ഈശോയെ മടിയിലിരുത്തി സിംഹാസനസ്ഥയായിരിക്കുന്ന മറിയത്തിന്റെ പക്കലേക്കാണ്. ഈ മൊസയിക്കിലെ നിറങ്ങളുടെ ശോഭ കുറയ്ക്കണമെന്ന് മഹാനായ ഗ്രിഗോറിയസ് പാപ്പ ആവശ്യപ്പെടുകയുണ്ടായി. ആ ചിത്രങ്ങളുടെ ശോഭയും വർണശബളിമയും പള്ളിയിൽ ആരാധിക്കാൻ എത്തുന്നവരുടെ ഏകാഗ്രത നഷ്ടപ്പെടുത്തുമെന്നാണ് അദ്ദേഹം അതിനുപറഞ്ഞ ന്യായം.
പരിശുദ്ധ റൂഹയുടെ പള്ളിക്ക് സമീപത്തെ മാമ്മോദീസകപ്പേളയും പുതിയ വിശുദ്ധ അപ്പോള്ളിനാരിസിന്റെ ബസിലിക്കയും ആറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പണിയപ്പെട്ടതാണ്. മാമ്മോദീസാ കപ്പേളയുടെ മേൽക്കൂര കുംഭഗോപുരത്തിന്റെ മാതൃകയിലാണ്. അതിന്റെ മച്ചിലും അതിമനോഹരമായ ചിത്രവേലകൾ ഉണ്ട്. ഇറ്റാലിയൻ രാജ്യത്തിന്റെ രാജാവായിരുന്ന തെയോദെറിക്ക് (ആരിയൂസിന്റെ അനുയായി) ആണ് ഇതിന്റെ നിർമാതാവ്. ചുറ്റുഭിത്തികളിൽ ഉണ്ടായിരുന്ന മൊസയിക്കുകൾ നഷ്ടപ്പെട്ടു.
ജോർദാൻ നദിയിൽ ഈശോ സ്നാപകയോഹന്നാനിൽനിന്ന് സ്നാനമേൽക്കുന്നതിന്റെ ചിത്രീകരണമാണ് മൊസയിക്കിൽ ഉള്ളത്. മാമ്മോദിസായുടെ ചിത്രത്തിനുചുറ്റും 12 ശ്ലീഹന്മാരെ ചിത്രീകരിച്ചിരിക്കുന്നു.
സമൃദ്ധമായ പഴക്കുലകൾ വഹിക്കുന്ന ഈന്തപ്പനകളാണ് ശ്ലീഹന്മാരുടെ ചിത്രങ്ങൾക്കിടയിൽ. ശ്ലീഹന്മാരുടെ വൃത്തത്തിന്റെ അധ്യക്ഷപദവിയിൽ സിംഹാസനസ്ഥമായ നിലയിൽ രത്നഖചിതമായ ഒരു സ്ലീവാ. കത്തീഡ്രൽ പള്ളിയോടു ചേർന്നുള്ള മാമ്മോദീസ കപ്പേളയാണ് റാവെന്നയിലെ ഇന്നവശേഷിക്കുന്ന ഏറ്റവും പുരാതനമായ നിർമിതി. അഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പണിത അഷ്ടകോണാകൃതിയിലുള്ള കുംഭഗോപുരത്തിന്റെ മച്ചിൽ ഈശോയുടെ ജ്ഞാന സ്നാനത്തിന്റെ ആലേഖനം ഉണ്ട്. ശ്ലീഹന്മാരുടെ ചിത്രീകരണങ്ങളും ആകർഷകമാണ്.
റാവെന്നയിലെ പുരാതന നിർമിതികളിൽ ജസ്റ്റീനിയന്റെ (എഡി 482-565) കാലത്തുനിന്നുള്ള ഏറ്റവും പൂർണമായ ഒരു പള്ളിയാണ് വിശുദ്ധ വിത്താലസിന്റെ പേരിലുള്ളത്. കോൺസ്റ്റാന്റിനോപ്പിളിലെ വിവിധ ബസിലിക്കകളോട് വളരെ സാമ്യമുള്ള ഈ പള്ളി അതിന്റെ സവിശേഷമായ രൂപകല്‍പനകൊണ്ടും അത്യാകർഷകമായ മൊസയിക്കുകൾകൊണ്ടും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റും. ഉൾഭാഗത്തിന് പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ ബസിലിക്കയുമായി വിദൂരസാമ്യമുണ്ട്.
റോമൻ ബസിലിക്കകളിൽനിന്നു വ്യത്യസ്തമായി അഷ്ടകോണാകൃതിയിലാണ് നിർമാണം. എഡി 548ലായിരുന്നു പള്ളി വെഞ്ചരിപ്പ്. ഭിത്തികളിലും മച്ചിലും തൂണുകളിലും മാത്രമല്ല തറയിലും നടപ്പാതയിലും എല്ലാമുള്ള മൊസയിക്കുകളുടെ ബാഹുല്യവും വൈചിത്ര്യവും അവതീർക്കുന്ന വർണപ്രപഞ്ചവും വിവരണാതീതമാണ്.
ബൈബിളിൽനിന്നുള്ള പ്രമേയങ്ങൾ മാത്രമല്ല ജ്യാമിതീയ രൂപങ്ങളും വൃക്ഷലതാദികളും ഫലമൂലാദികളും വള്ളിപ്പടർപ്പുകളും പക്ഷിമൃഗാദികളുമൊക്കെ സജീവമായി മാറുന്ന മൊസയിക്കുകൾ. സിംഹാസനാരൂഢനായിരിക്കുന്ന ഈശോമിശിഹായെ ആരാധിച്ചുകൊണ്ട് നിൽക്കുന്ന ജസ്റ്റീനിയൻ ചക്രവർത്തിയുടെയും തെയദോറ ചക്രവർത്തിനിയുടെയും അവരെ അനുഗമിക്കുന്ന നിരവധി ചരിത്ര വ്യക്തികളുടെയും ചിത്രീകരണങ്ങൾ ജീവൻ തുടിക്കുന്നവയാണ്.
ബസിലിക്കയോടു ചേർന്നുതന്നെയാണ് ഗാല്ല പ്ലസീദിയ എന്നു പേരുള്ള ശവകുടീരം. റോമൻ ചക്രവർത്തിയായിരുന്ന തെയഡോഷ്യസ് ഒന്നാമന്റെ മകളാണ് ഗാല്ല പ്ലസീദിയ (എഡി 392-450). കോൺസ്റ്റന്റൈൻ മൂന്നാമന്റെ ഭാര്യയായിരുന്ന അവർ പശ്ചാത്യ റോമാസാമ്രാജ്യത്തിന്റെ ഇടക്കാല ഭരണാധികാരിയുമായിരുന്നു.
റാവെന്ന, റോം, ജറൂസലെം, കോൺസ്റ്റാന്റിനോപ്പിൾ നഗരങ്ങളിലെ പല മന്ദിരങ്ങളും അവരുടെ ശ്രമഫലമായി നവീകരിക്കപ്പെടുകയോ പുതുതായി നിർമിക്കപ്പെടുകയോ ചെയ്തു. സാമ്രാജ്യ ചരിത്രത്തിൽ നിർണായകമായി ഇടപെട്ട അവർ തനിക്കുവേണ്ടി നിർമിച്ച ശവകുടീരമാണ് ഗാല്ല പ്ലസീദിയ എന്നറിയപ്പെടുന്നത്. അവർ ഇവിടെ സംസ്കരിക്കപ്പെട്ടിട്ടില്ല എന്നാണ് പണ്ഡിതമതം. വിശുദ്ധ ലോറൻസിന്റെ പേരിലുള്ള ഒരു പള്ളിയായി ഇത് ഉപയോഗിക്കപ്പെട്ടിരുന്നു. അത്ര വശ്യസുന്ദരമല്ല കെട്ടിടത്തിന്റെ ബാഹ്യദർശനം. എന്നാൽ അകത്തു കയറിയാലോ! ഒരു ചെണ്ട നെടുകെ മുറിച്ചു കമഴ്ത്തിയതു പോലെയുള്ള പ്രധാന ശാലയിലേക്കാണ് നാം കയറുന്നത്.
ആദ്യം കാണുന്നത് ചെണ്ടയുടെ കുറിയവശത്തെ അകം ഭിത്തിയിൽ ആട്ടിൻപറ്റത്തെ മേയ്ക്കുന്ന നല്ല ഇടയന്റെ ചിത്രമാണ്. ചെണ്ടയുടെ വർത്തുളമായ ഭിത്തിയിൽ നീലാകാശത്തിൽ തിളങ്ങുന്ന രമണീയ താരകങ്ങൾ. കെട്ടിടത്തിന്റെ മധ്യശാലയുടെ മച്ചിൽ സുവർണനക്ഷത്രങ്ങളുടെ നടുവിൽ വിളങ്ങുന്ന സുവർണ സ്ലീവാ. നാലു മൂലയ്ക്കും സുവിശേഷകന്മാരുടെ പ്രതീകങ്ങൾ സ്വർണവർണത്തിൽ. കെട്ടിടത്തിന്റെ ചുമരുകൾ മുഴുവൻ ബൈബിൾ പ്രമേയങ്ങൾ ചിത്രീകരിച്ചിരിക്കുന്ന അതിസുന്ദരമായ മൊസയിക്കുകൾ.
പച്ചക്കുട നിവർത്തിനിൽക്കുന്നതുപോലെയുള്ള വമ്പൻ പൈൻ മരങ്ങൾ കാവൽ നിൽക്കുന്ന വിശുദ്ധ അപ്പോള്ളിനാരിസിന്റെ ക്ലാസെയിലെ ബസിലിക്കയും വൃത്താകാരത്തിൽ 38 മീറ്റർ ഉയരമുള്ള മണിമാളികയും ദൂരെനിന്നുതന്നെ കാണാം. റാവെന്നയിലെ ആദ്യ മെത്രാനായിരുന്ന അപ്പോള്ളിനാരിസ് ഇവിടെയാണ് മെത്രാസനം സ്ഥാപിച്ചത്. അദ്ദേഹം അന്ത്യോഖ്യ സ്വദേശിയായിരുന്നു. എഡി 549ൽ ഈ പള്ളിയുടെ കൂദാശ കർമം നടന്നു.
പള്ളിയകം അഭൗമമായ സൗന്ദര്യ പ്രകർഷത്തിൽ ജ്വലിച്ചുനിൽക്കുന്നു. പറുദീസയുടെ പകർപ്പു തന്നെയെന്നു തോന്നിപ്പോകും. മദ്ബഹാ ഭിത്തിയിൽ ആലേഖനം ചെയ്തിരിക്കുന്ന പച്ചപ്പുൽതകിടിയും അപ്പോള്ളിനാരിസും വൃക്ഷലതാദികളും ആട്ടിൻപറ്റവുമൊക്കെ ഫ്രാൻസിസ് അസീസിയെ പോലെ നമ്മെയും വ്യാമുഗ്ധരാക്കും. 12 വീതം മാർബിൾ തൂണുകൾ വേർതിരിക്കുന്ന ഹൈക്കലായും ഇരുവശത്തുമുള്ള ഉപശാലകളും. മേൽക്കൂരയുടെ ഭിത്തികളിൽ പ്രവാചകൻമാരും ശ്ലീഹന്മാരും വിശുദ്ധരും മാലാഖമാരും ചരിത്രപുരുഷന്മാരുമൊക്കെ ജീവൻ തുളുമ്പുന്ന വ്യക്തികളായി സന്നിഹിതരാണ്...
റാവെന്നയിൽ ഇനിയും ഏറെയുണ്ട് കാഴ്ചകൾ. എല്ലായിടത്തുമുണ്ട് മൊസയിക്കിൽ ചെയ്ത വിശിഷ്ട രചനകളുടെ സമൃദ്ധി. കത്തീഡ്രൽ പള്ളി, പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ ഫ്രാൻസിസിന്റെയും വിശുദ്ധ അഗാഥയുടെയും ബസിലിക്കകൾ, പരിശുദ്ധാത്മാവിന്റെ പള്ളി, വിശുദ്ധ യോഹന്നാന്റെ പള്ളി, പരിശുദ്ധ മറിയത്തിന്റെ ആശ്രമം, കത്തീഡ്രൽ മ്യൂസിയം, ദാന്തെയുടെ ശവകുടീരം, ടൗൺ ആർട്ട് മ്യൂസിയം, മൊസയിക്ക് കലാ പഠനത്തിനുള്ള അന്തർദേശീയ കേന്ദ്രം, പരി. മറിയവും ബാലനായ ഈശോയും, ക്ലാസെയിലെ പൈൻ മരക്കാട്...
SUNDAY DEEPIKA
നക്ഷത്രങ്ങള്‍ പ്രകാശം ചൊരിയുന്ന സുന്ദരരാത്രികള്‍... കുളിരില്‍ മൂടിപ്പുതച്ചു കിടക്കുമ്പോഴും ദൂരെനിന്നു നേര്‍ത്ത ശബ്ദത്തില്‍ ഒഴുകിയെഴുത്തുന്ന കാരള്‍ ഗാനത്തിനു കാതോര്‍ക്കുന്ന ക്രിസ്മസ് രാത്രികള്‍. പുല്‍ക്കൂടൊരുക്കി മരക്കൊമ്പില്‍ വലിയ നക്ഷത്രവും മുറ്റത്ത് ക്രിസ്മസ് ട്രീയും തയാറാക്കി പാതിരാ കുര്‍ബാന കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ കിട്ടുന്ന ഫ്രൂട്ട് കേക്കിന്റെ മധുരം- അതു ക്രിസ്മസിന്റെ മാത്രം പ്രത്യേകതയാണ്.
പണ്ട് ക്രിസ്മസ് കാലത്ത് ഏറ്റവും പ്രചാരം ഫ്രൂട്ട് കേക്കിനായിരുന്നു. ഇതിനു രുചിയും വീര്യവും കൂടും. ഇഷ്ടികച്ചുവരുള്ള ബോര്‍മയില്‍, ചിരട്ടകള്‍ കത്തിച്ച കനലില്‍ വെന്തു പാകമാകുന്ന കേക്കുകൾ... പക്ഷേ പുതുതലമുറ ഇത്തരം കേക്ക് രുചിച്ചുകാണില്ല. മാര്‍ബിള്‍ കേക്കും ചോക്ലേറ്റ് കേക്കുമൊക്കെയായുള്ള ന്യൂജെന്‍, ജെന്‍ സി ക്രിസ്മസ് കാലത്തും ബോര്‍മയില്‍ പരമ്പരാഗത രീതിയില്‍ കേക്കു നിര്‍മിക്കുന്ന അപൂര്‍വം ചിലരുണ്ട്. പാലായ്ക്കു സമീപം പൈക, മല്ലികശേരി, കള്ളിവയലില്‍ ഷീല ടോമി അവരിൽ മുൻനിരയിലുണ്ട്. ഷീലയുടെ കള്ളിവയലില്‍ ബേക്്സിന്റെ ക്രിസ്മസ് രുചി ഇന്നു ലോകമെങ്ങും പരിചിതം.
ആദ്യത്തെ 150 കേക്കുകൾ
വര്‍ഷങ്ങള്‍ക്കു മുമ്പ് പാലായില്‍ ഫാ. ഏബ്രഹാം കൈപ്പന്‍പ്ലാക്കലിന്റെ ദേവദാന് സെന്ററിലെ അന്തേവാസികള്‍ക്കു നല്‍കുന്നതിനായി കേക്ക് തയാറാക്കണമെന്ന് ഭര്‍ത്താവ് ടോമിയുടെ പിതാവ് ജോര്‍ജ് ഷീലയോട് ആവശ്യപ്പെട്ടു.
150 കേക്കുകള്‍ റബര്‍ ഉണങ്ങുന്ന പുകപ്പുരയില്വച്ചാണ് ബേക്ക് ചെയ്തത്. പിറ്റത്തേ വര്‍ഷം ആദ്യ ഓര്‍ഡര്‍ ചെന്നൈയിലുള്ള ഷീലയുടെ ബന്ധുവിന്റേതായിരുന്നു. 30 കേക്കുകള്‍. പിന്നീട് വാമൊഴിയായി കേക്ക് രുചി പതുക്കെ വളര്‍ന്നു. മല്ലികശേരി, വിളക്കുമാടം പ്രദേശത്തെ പല കുടുംബങ്ങള്‍ക്കും സുപരിചിതമായ പാചകക്കുറിപ്പ് ഉപയോഗിച്ചാണ് ഷീല തുടക്കംകുറിച്ചത്. കാലക്രമേണ അതിൽ മാറ്റങ്ങൾ വരുത്തി പൂര്ണതയിലെത്തിക്കുകയായിരുന്നു.
തനി നാടന്‍ രുചിക്കൂട്ടാണ് ഈ സ്പെഷൽ ഫ്രൂട്ട് കേക്കിന്റേത്. ആദ്യ കാലത്ത് വീട്ടില്‍ എല്ലാവരും ചേര്‍ന്നുള്ള കൂട്ടായ്മയിലാണ്് കേക്ക് തയാറാക്കിയിരുന്നത്, ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ ജോലിഭാരം കുറയ്ക്കാന്‍, എന്‍ജിനീയര്‍ കൂടിയായ ഭര്‍ത്താവ് ടോമി വീടിനോടു ചേര്‍ന്നൊരു ബോര്മയൊരുക്കി. ഇപ്പോള്‍ 3000 കേക്കുവരെ ഇവിടെ ബേക്ക് ചെയ്യുന്നു.
ഒരു വർഷത്തെ ഒരുക്കം
ഒരു ക്രിസ്മസ് കഴിഞ്ഞാല്‍ ഉടന്‍തന്നെ അടുത്ത വർഷത്തേക്കുള്ള ജോലികള്‍ തുടങ്ങുമെന്ന് ഷീല പറയുന്നു. മാര്‍ച്ച് മാസത്തില്‍ പഴങ്ങള്‍ അരിഞ്ഞു വൈനില്‍ കുതിര്‍ത്തു വയ്ക്കുമ്പോള്‍ മുതല്‍ വിശ്രമമില്ലാതെ പണിയെടുത്താലേ ഡിസംബര്‍ ആദ്യവാരത്തോടെ കേക്കുകള്‍ ബോക്സിലാകുകയുള്ളു. ഡിസംബര്‍ ആദ്യത്തോടെ കേക്കുകള്‍ മല്ലികശേരിയും പാലായും കോട്ടയവും കടന്ന് കേരളവും ഇന്ത്യയും വിട്ട് പല നാടുകളിലേക്ക് യാത്രതുടങ്ങും.
തേക്കുതടിയില്‍ നിര്‍മിച്ച പെട്ടിക്കുള്ളില്‍ എത്തുന്ന എക്സ്ക്വിസിറ്റാണ് ഷീല ഉണ്ടാക്കുന്ന കേക്കുകളില്‍ ഏറ്റവും മുന്തിയത്. തടിപ്പെട്ടിയിലുള്ള കേക്ക് എന്ന ആശയം പറഞ്ഞതും കേക്കിനുള്ള പെട്ടി ഡിസൈന്‍ ചെയ്തതും ഇളയമകന് മൈക്കിളാണ്.
ചൂടിന് ഏഴുകുട്ട ചിരട്ട
ബോര്‍മയിലെ ബേക്കിംഗ് രീതിയില്‍ കേക്ക് തയാറാക്കുമ്പോള്‍ ജോലിഭാരം കൂടുതലാണ്. ഒന്നര മണിക്കൂര്‍, ഏഴ് കുട്ടയോളം ചിരട്ടയിട്ട് കത്തിച്ച് അതിന്റെ കനല് വാരി മാറ്റിയ ശേഷമാണ് കേക്ക് മിക്സ് ബോര്മയിലേക്കു കയറ്റുന്നത്. ബോര്‍മയിലെ ചൂട് കൃത്യമായി ക്രമീകരിക്കണം. അതിനാല്‍ ഓരോ നിമിഷവും കേക്കിനൊപ്പം ശ്രദ്ധയോടെ അടുത്തുണ്ടാകണം.
മല്ലികശേരി എന്ന ചെറിയ ഗ്രാമത്തില്‍, ക്രിസ്മസിന് മുമ്പുള്ള ആഴ്ചകള്‍ 12 പേരടങ്ങുന്ന ഒരു സംഘത്തിന് തിരക്കേറിയ സമയമാണ്. എണ്ണയിട്ട യന്ത്രം പോലെ എല്ലാവരും ഷീലയ്ക്കൊപ്പം ഒത്തുചേരുന്നു. പുലര്‍ച്ചെ 5.30ന് ഷീലയുടെ ഒരു ദിവസം ആരംഭിക്കും. ആദ്യ ജോലി അടുപ്പ് മുന്‍കൂട്ടി ചൂടാക്കുക എന്നതാണ്. ടീമിലെ ഏക പുരുഷനായ ജോസിനാണ് ബോര്‍മയുടെ ചുമതല.
""ഇപ്പോള്‍ എനിക്ക് 70 വയസായി. കഴിയുന്നിടത്തോളം കാലം എന്റെ ജോലി തുടരാന്‍ ആഗ്രഹിക്കുന്നു. ഓരോ ക്രിസ്മസും ലോകത്തെമ്പാടുമുള്ളവര്‍ എന്റെ കേക്കിലൂടെ മധുരതരമാക്കുന്നതില് ഏറെ സന്തോഷമുണ്ട്''- ഷീല പറയുന്നു. ഭര്‍ത്താവ് ടോമി ജോര്‍ജ്, മക്കളായ സിന്ധു, ശോഭ, ജോര്‍ജ്, ഷീലു, മൈക്കിള്‍ എന്നിവരും ഷീലയ്ക്കൊപ്പം കള്ളിവയലില്‍ ബേക്സില്‍ സജീവമായിട്ടുണ്ട്.
SUNDAY DEEPIKA
നക്ഷത്രങ്ങൾ എങ്ങും മിഴിതുറന്നിരിക്കുന്നു. പ്രത്യാശയുടെ വെളിച്ചംപകർന്ന് ക്രിസ്മസ് ഇങ്ങെത്തി. ആഘോഷം പകർന്നുനൽകുന്ന ആഹ്ലാദത്തിനൊപ്പം ആഹാരത്തിനും സ്ഥാനമുണ്ടല്ലോ. ഇതാ, ക്രിസ്മസ് ഗംഭീരമാക്കാനുള്ള ഏതാനും രുചിക്കൂട്ടുകൾ...
1. മഷ്റൂം- മാതളനാരങ്ങ പുലാവ്
ചേരുവകൾ:
ബസുമതി അരി- രണ്ടു കപ്പ്
മഞ്ഞൾപ്പൊടി- അര ടീസ്പൂണ്‍
നെയ്യ്- അര കപ്പ്
മഷ്റൂ- 200 ഗ്രാം
മുളകുപൊടി- ഒരു ടീസ്പൂണ്‍
നാരങ്ങാനീര്- രണ്ടു ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
അലങ്കരിക്കാൻ- മാതളനാരങ്ങാ കുരു- ഒരു കപ്പ്
തയാറാക്കുന്ന വിധം:
നെയ്യ് ഒരു പാനിൽ ഒഴിച്ച് ചൂടാക്കുക. മഷ്റൂം ചേർത്ത് വഴറ്റുക. ഉപ്പിട്ട് മഷ്റൂം ചുരുങ്ങുന്നതുവരെ വഴറ്റുക. അരി കഴുകി, അരിച്ചുവാരി അല്പനേരം കുതിർത്തശേഷം ഇതിലേക്ക് ഇടുക. മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർക്കാം.
പാകത്തിന് വെള്ളം ഒഴിച്ച് വേവിച്ചു വാങ്ങുക. നാരങ്ങാനീര് ഒഴിക്കുക. ഒരു പ്ലേറ്റിലേക്ക് പകർന്ന് മീതെ മാതളനാരങ്ങാക്കുരുവിട്ട് അലങ്കരിച്ചു വിളന്പുക.
2. സാലി ചിക്കൻ
ചേരുവകൾ:
കോഴിയിറച്ചി- ഒരു കോഴി,
ചെറിയകഷണങ്ങൾ
സവാള- നാലെണ്ണം, നീളത്തിൽ അരിഞ്ഞത്
ഉരുളക്കിഴങ്ങ്- മൂന്നെണ്ണം, നീളത്തിൽ കനംകുറച്ച് അരിഞ്ഞത്
ഏലയ്ക്ക, ഗ്രാന്പൂ- രണ്ടെണ്ണം വീതം
കുരുമുളക്- എട്ടെണ്ണം
പട്ട- മൂന്നെണ്ണം, നീളത്തിൽ
ഉണക്ക മുളക്- മൂന്നെണ്ണം
മല്ലിപ്പൊടി- ഒന്നര ടീസ്പൂണ്‍
ജീരകപ്പൊടി- അര ടീസ്പൂണ്‍
മുളകുപൊടി- ഒന്നര ടീസ്പൂണ്‍
മഞ്ഞൾപ്പൊടി- അര ടീസ്പൂണ്‍
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- രണ്ടെണ്ണം
എണ്ണ- രണ്ടു ടേബിൾ സ്പൂണ്‍
ഉപ്പ്- പാകത്തിന്
തയാറാക്കുന്നവിധം:
എണ്ണ ഒരു പാനിൽ ഒഴിച്ച് ചൂടാക്കി സവാള നീളത്തിൽ അരിഞ്ഞത്, ഏലയ്ക്ക, ഗ്രാന്പൂ, കുരുമുളക്, പട്ട എന്നിവയിട്ട് സവാള ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കുക. ഉണക്കമുളകും പൊടികളും ചേർക്കാം. വറുത്ത് വാങ്ങിവയ്ക്കു. ഇറച്ചിക്കഷണങ്ങളിൽ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ചേർത്ത് മാരിനേറ്റ് ചെയ്യുക. അല്പം ഉപ്പും ചേർക്കാം. മസാല നന്നായി വറുത്തശേഷം ഇറച്ചി ചേർത്ത് വീണ്ടും അടുപ്പത്തുവയ്ക്കുക. ഇറച്ചിക്ക് ബ്രൗണ്‍നിറം ആകുന്നതുവരെ വറുക്കുക. ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് ഇറച്ചി മയമാകുംവരെ വേവിക്കുക. ഉരുളക്കിഴങ്ങ് അരിഞ്ഞത് എണ്ണയിൽ വറുത്ത് (സാലി) ഇറച്ചിക്കു മീതെ വിതറുക.
3. ഗ്രീൻ മസാല മട്ടണ്‍
ചേരുവകൾ:
ആട്ടിറച്ചി- അര കിലോ, ചെറു കഷണങ്ങൾ
സവാള- ഒരെണ്ണം, നീളത്തിലും വട്ടത്തിലും അരിഞ്ഞത്
ഇഞ്ചി അരച്ചത്- അര ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത്- അര ടീസ്പൂണ്‍
ഗരംമസാലപ്പൊടി- അര ടീസ്പൂണ്‍
നാരങ്ങ- ഒരെണ്ണം, നീരിന്
എണ്ണ- രണ്ടു ടേബിൾ സ്പൂണ്‍
ഉപ്പ്- പാകത്തിന്
പേസ്റ്റിന്
പച്ചമുളക്- നാലെണ്ണം
മല്ലിയില- കാൽ കെട്ട്
പുതിനയില- ആറെണ്ണം
തയാറാക്കുന്നവിധം:
എണ്ണ ചൂടാക്കി സവാള നീളത്തിൽ അരിഞ്ഞത് ഇട്ടു വറുക്കുക. ഇളം ബ്രൗണ്‍ നിറമാകുന്പോൾ ഇറച്ചിക്കഷണങ്ങളും ഇഞ്ചി- വെളുത്തുള്ളി അരപ്പുകളും ഉപ്പും ചേർത്ത് നന്നായി വറുക്കുക. പച്ചമുളകും മല്ലിയിലയും പുതിനയിലയും കഴുകി നന്നായി അരച്ച് ഇതിൽ ചേർക്കുക. നന്നായി ഇളക്കുക. അര കപ്പ് വെള്ളമൊഴിച്ച പ്രഷർ കുക്കറിലേക്ക് ഇത് മാറ്റുക. അടച്ച് ഇറച്ചിക്ക് മയംവരുന്നതുവരെ വേവിക്കുക. ശേഷം തുറന്നുവച്ച് വേവിക്കുക. എണ്ണ മീതെ തെളിയുന്പോൾ സവാള വട്ടത്തിൽ അരിഞ്ഞതും നാരങ്ങാനീരും ഗരംമസാലപ്പൊടിയും ഇട്ട് ഒന്ന് അടച്ചുവച്ചശേഷം വിളന്പുക.
4. പ്രോണ്‍സ് പാട്ടിയ
ചേരുവകൾ:
കൊഞ്ച്- ഒരു കിലോ
മഞ്ഞൾപ്പൊടി- ഒരു ടീസ്പൂണ്‍
ജീരകപ്പൊടി- അര ടീസ്പൂണ്‍
വെളുത്തുള്ളി- 10 അല്ലി
ഉണക്കമുളക്- എട്ടെണ്ണം
സവാള- രണ്ടെണ്ണം
വിനാഗിരി- മൂന്നു ടേബിൾ സ്പൂണ്‍
മല്ലിപ്പൊടി- മൂന്നു ടേബിൾ സ്പൂണ്‍
തക്കാളി- അഞ്ചെണ്ണം
പച്ചമുളക്- മൂന്നെണ്ണം
എണ്ണ- രണ്ടു ടേബിൾ സ്പൂണ്‍
മല്ലിയില- കുറച്ച്, അലങ്കരിക്കാൻ
ഉപ്പ്- പാകത്തിന്
തയാറാക്കുന്നവിധം:
കൊഞ്ച് കഴുകി, ശരിയാക്കി വീണ്ടും കഴുകിവയ്ക്കുക. മഞ്ഞൾ, ജീരകം, വെളുത്തുള്ളി എന്നിവ ഒരുമിച്ച് നന്നായി അരയ്ക്കുക. ഇതിൽ കൊഞ്ച് ഇട്ട് നന്നായി പിടിപ്പിക്കുക. ഉണക്കമുളകിൽ അല്പം വെള്ളം തളിച്ച് നന്നായി അരച്ചുവയ്ക്കുക. ഒരു പാനിൽ എണ്ണയൊഴിച്ച് സവാളയിട്ട് വഴറ്റുക. ഇളം ബ്രൗണ്‍ നിറമായാൽ മുളകരച്ചതും വിനാഗിരിയും മല്ലിപ്പൊടിയും ചേർക്കാം.
തക്കാളി ചെറുതായി നുറുക്കിയതും അല്പം വെള്ളവും ചേർക്കുക. ചെറുതീയിൽ വച്ച് നന്നായി ഇളക്കി തക്കാളി ഉടയാൻ അനുവദിക്കുക. ഇനി കൊഞ്ചു ചേർത്ത് മൂന്നുമിനിറ്റ് തിളപ്പിക്കുക. ഉപ്പിട്ട് അവസാനം പച്ചമുളകും ചെറുതായി അരിഞ്ഞ മല്ലിയിലയും ചേർത്ത് അഞ്ചുമിനിറ്റുകൂടി വേവിച്ചശേഷം വാങ്ങുക.
SUNDAY DEEPIKA
വിശ്വസാഹിത്യത്തിലെ അജയ്യനായൊരു കൊടുമുടിയാണ് വില്യം ഷേക്സ്പിയർ (1564-1616). ഇംഗ്ലണ്ടിൽ ജനിച്ച അദ്ദേഹം 37 നാടകങ്ങൾ, 154 സോണറ്റുകൾ എന്നിവ കൂടാതെ ഒട്ടേറെ ദീർഘ കവിതകളും രചിച്ചിട്ടുണ്ട്. മനുഷ്യഹൃദയത്തിന്റെ ആഴങ്ങളെ അനാവരണംചെയ്യുന്നവയാണ് അദ്ദേഹത്തിന്റെ കൃതികൾ. സ്നേഹം, അസൂയ, അതിമോഹം, വഞ്ചന, പ്രത്യാശ, ക്ഷമ എന്നിവയൊക്കെ തന്റെ കൃതികളിൽ അതിമനോഹരമായി അദ്ദേഹം വരച്ചുകാട്ടുന്നുണ്ട്.
ഷേക്സ്പിയറിന്റെ രചനകളിൽ ദൈവകാരുണ്യത്തെക്കുറിച്ചുള്ള അനശ്വരമായ ഒരു ദർശനം അവതരിപ്പിക്കുന്ന നാടകമാണ് "ദ മെർച്ചന്റ് ഓഫ് വെനീസ്'. പരസ്പര ബന്ധിതമായ രണ്ടു കഥാധാരകളാണ് ഈ നാടകത്തിലുള്ളത്. ആദ്യ കഥാധാര വെനീസിലെ വ്യാപാരിയായ അന്റോണിയോ, അയാളുടെ ആത്മമിത്രമായ ബസാനിയോ എന്നിവരെ സംബന്ധിക്കുന്നതാണ്. പണക്കാരന്റെ മകളും വിദ്യാസന്പന്നയുമായ പോർഷ്യയെ ചുറ്റിപ്പറ്റിയുള്ളതാണ് രണ്ടാമത്തേത്.
പോർഷ്യയെ വിവാഹം ചെയ്യാൻ ബസാനിയോ ആഗ്രഹിക്കുന്നു. എന്നാൽ, പണമില്ലാതെ ആ യുവതിയെ സ്വാധീനിക്കാനാവില്ല. ബസാനിയോയുടെ കൈയിൽ പണമില്ലതാനും. യാത്രയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി അയാൾ അന്റോണിയോയോട് മൂവായിരം സ്വർണനാണയങ്ങൾ ചോദിക്കുന്നു. കപ്പലുടമയായ അന്റോണിയോ ധനവാനായിരുന്നെങ്കിലും മൂവായിരം സ്വർണനാണയം അപ്പോൾ അയാളുടെ കൈവശമുണ്ടായിരുന്നില്ല.
തന്മൂലമാണ് അയാൾ ഷൈലോക്ക് എന്ന പണക്കാരനിൽനിന്ന് ബസാനിയോയ്ക്കുവേണ്ടി അത്രയും തുക കടംവാങ്ങിയത്. തിരിച്ചടയ്ക്കാൻ കഴിയാതെവന്നാൽ തന്റെ മാംസത്തിൽനിന്ന് ഒരു പൗണ്ട് ഷൈലോക്കിനു നൽകാമെന്നായിരുന്നു അന്റോണിയോയുടെ വാഗ്ദാനം.
അന്റോണിയോ വഴി ലഭിച്ച പണവുമായി ബസാനിയോ പോർഷ്യയെ തേടിപ്പോയി. പോർഷ്യയുടെ പിതാവിന്റെ നിബന്ധനകൾ പാലിച്ച് അവളെ വിവാഹം കഴിക്കാൻ ബസാനിയോയ്ക്കു സാധിക്കുകയും ചെയ്തു.
അപ്പോഴേക്കും ദുരന്തവാർത്തയുമായി ബസാനിയോയ്ക്ക് ഒരു കത്തു ലഭിച്ചു. കപ്പൽനാശംമൂലം അന്റോണിയോയ്ക്ക് ഷൈലോക്കിന്റെ കടം വീട്ടാൻ സാധിക്കില്ലെന്നായിരുന്നു കത്തിലെ ഉള്ളടക്കം. വിവരമറിഞ്ഞ പോർഷ്യ വേഗം ബസാനിയോയോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. അതിനുശേഷം പോർഷ്യ വേഷപ്രച്ഛന്നയായി തന്റെ സുഹൃത്തായ നെറീസയോടൊപ്പം ബസാനിയോയെ പിൻതുടർന്നു.
അന്റോണിയോയ്ക്ക് പണം തിരിച്ചടയ്ക്കാൻ സാധിക്കാതെവന്നതുകൊണ്ട് ഷൈലോക്ക് കേസുമായി വെനീസിലെ ഭരണാധികാരിയായ ഡ്യൂക്കിന്റെ മുന്നിലെത്തി. പറഞ്ഞു സമ്മതിച്ചിരുന്ന മൂന്നുമാസത്തിനകം പണം തിരിച്ചുനൽകാതിരുന്നതുമൂലം തനിക്ക് അന്റോണിയോയുടെ ഒരു പൗണ്ട് മാംസം ലഭിക്കണമെന്നായിരുന്നു ഷൈലോക്കിന്റെ പിടിവാശി. നീതി നടത്താൻ ആഗ്രഹിച്ച ഡ്യൂക്ക് ഷൈലോക്കിൽനിന്ന് കരുണ പ്രതീക്ഷിച്ചു. അയാൾ കരുണ കാണിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് പോർഷ്യ വേഷപ്രച്ഛന്നയായി അന്റോണിയോയുടെ വക്കീലായി രംഗപ്രവേശം ചെയ്യുന്നത്.
ഷൈലോക്കിന് അന്റോണിയോയുടെ ഒരു പൗണ്ട് മാംസത്തിന് അർഹതയുണ്ടെന്നു സമ്മതിച്ച പോർഷ്യ, ഷൈലോക്ക് അയാളോടു കരുണകാണിക്കണമെന്നു വാദിച്ചു. ഈ വാദത്തിന്റെ അവസാനഭാഗത്ത് പോർഷ്യ ഇപ്രകാരം പറഞ്ഞു:
""യഥാർഥ കാരുണ്യം ആരിൽനിന്നും നിർബന്ധിച്ചു നേടുന്ന ഒന്നല്ല. അതു സ്വർഗത്തിൽനിന്നു ഭൂമിയിൽ പതിക്കുന്ന മൃദുലമായ മഴപോലെയാണ്.''
രണ്ടായിരം വർഷം മുന്‍പ് സ്വർഗത്തിൽനിന്ന് അസാധാരണമായ ഒരു കാരുണ്യവർഷമുണ്ടായി. മൃദുലമായ ഒരു യഥാർഥ കാരുണ്യവർഷം. അതു സംഭവിച്ചത് ബെത്ലഹേമിലായിരുന്നു. ദൈവം സ്വന്തം മനസാലെ തന്റെ പുത്രനെ ലോകത്തിലേക്കയച്ച സംഭവം. അതിനു കാരണമാകട്ടെ ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചതും(യോഹ 3:16). ആ കാരുണ്യവർഷത്തിന്റെ ഓർമയാണ് നാം ഇപ്പോൾ ആഘോഷിക്കുന്ന ക്രിസ്മസ്.
പാപത്തിന്റെ അന്ധകാരത്തിലാണ്ടുപോയ മനുഷ്യവംശത്തിലേക്കാണ് ദൈവം കരുണ കാണിച്ചുകൊണ്ട് തന്റെ പുത്രനെ അയച്ചത്. അപ്പോൾ സംഭവിച്ചത് എന്താണെന്ന് ദൈവവചനം ഇപ്രകാരം പറയുന്നു: ""അന്ധകാരത്തിൽ കഴിയുന്ന ജനം മഹത്തായ ഒരു പ്രകാശം കണ്ടു. കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേൽ പ്രകാശം ഉദിച്ചു'' (ഏശയ്യാ 9:2). ആ പ്രകാശം പ്രസരിച്ചത് ബെത്ലഹേമിലെ പുൽത്തൊട്ടിയിൽ കിടന്ന ശിശുവിൽനിന്നായിരുന്നു. അപ്പോഴാണ് സ്വർഗീയ ദൂതന്മാർ ആകാശത്തു പ്രത്യക്ഷപ്പെട്ടുകൊണ്ട് പാടിയത്, ""അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം'' (ലൂക്കാ 2:14).
ആർക്കാണ് ഭൂമിയിൽ ദൈവകൃപ ലഭിക്കുന്നത്? അതു ലഭിക്കുന്നത് മനുഷ്യനായി അവതരിച്ച ദൈവപുത്രനായ യേശുവിനായി ഹൃദയംതുറക്കുന്നവർക്കാണ്. ആരൊക്കെ, എപ്പോഴൊക്കെ ഉണ്ണിയേശുവിനായി ഹൃദയംതുറക്കുന്നുവോ അപ്പോഴൊക്കെ അവരുടെമേൽ ദൈവകൃപയുടെ കാരുണ്യവർഷം ഉണ്ടാകും. ആ കാരുണ്യവർഷമാണ് നമുക്കു ഹൃദയസമാധാനം നൽകുന്നത്. അപ്പോൾ നമ്മുടെ ഹൃദയത്തിൽ ഉണ്ണിയേശു പിറന്നിട്ടുണ്ടാകുമെന്നു തീർച്ച.
പോർഷ്യ തന്റെ വാദത്തിൽ അനുസ്മരിച്ചതുപോലെ, കാരുണ്യം എന്നത് സ്വർഗത്തിൽനിന്ന് സ്വാഭാവികമായി പെയ്തിറങ്ങുന്ന മഴ പോലെയാണ്. അങ്ങനെയുള്ള കാരുണ്യമാണ് നമ്മുടെ ജീവിതത്തിലും നാം കാണിക്കേണ്ടത്. ക്രിസ്മസ് ആഘോഷം നമ്മെ അനുസ്മരിപ്പിക്കുന്ന ഒരു കാര്യമാണിത്. അങ്ങനെയുള്ള കാരുണ്യം പ്രകടിപ്പിക്കാൻ നമുക്കു സാധിച്ചാൽ അതുവഴിയായി നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലുമൊക്കെ ശാന്തിയും സമാധാനവും ഉണ്ടാകുമെന്നതിൽ സംശയംവേണ്ട.
ബ്രിട്ടീഷ് ചിന്തകനായ സി.എസ്. ലൂവീസ് പറയുന്നു: ""ദൈവം മനുഷ്യനായത് നാം യഥാർഥ ദൈവപുത്രന്മാരാകാൻ വേണ്ടിയാണ്.'' അതു സാധിക്കുന്നതാകട്ടെ നാം കാരുണ്യമുള്ളവരായി മാറുന്പോഴും. അതുകൊണ്ടല്ലേ, ""നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ'' (ലൂക്കാ 6:36) എന്ന് യേശു പഠിപ്പിച്ചത്?
അന്റോണിയോയോടു കരുണ കാണിക്കുവാൻ പോർഷ്യ ഷൈലോക്കിനോട് അഭ്യർഥിച്ചു. അതുണ്ടായില്ല. അപ്പോഴാണ് ഒരുതുള്ളി രക്തംപോലും ചിന്താതെവേണം മാംസം മുറിച്ചെടുക്കാൻ എന്ന് പോർഷ്യ ശഠിച്ചത്. അപ്പോഴേക്കും വാദി പ്രതിയായി മാറി. ഷൈലോക്ക് ശിക്ഷിതനാവുകയും ചെയ്തു. കരുണ കാണിക്കാത്തവർക്ക് ലഭിക്കുന്ന പ്രതിഫലമോ ഇത്? എല്ലാവർക്കും ക്രിസ്മസിന്റെയും നവവത്സരത്തിന്റെയും മംഗളാശംസകൾ!
SUNDAY DEEPIKA
ആർത്തിയോടെയാണ് ക്ലീറ്റസ് ഊണു കഴിച്ചുകൊണ്ടിരുന്നത്. തന്റെ ആർത്തി ദേവസിയും ഭാര്യയും ശ്രദ്ധിക്കുന്നുണ്ടെന്ന് അയാൾക്കു മനസിലായി.
""നല്ല രുചി'', ക്ലീറ്റസ് പറഞ്ഞു.
""കഴിച്ചോളൂ. മൂന്നുപേർക്ക് ആവശ്യത്തിനു ചോറുണ്ട്.'' ദേവസി പറഞ്ഞു.
""സാന്പാറും പപ്പടവും മാത്രം കൂട്ടി ചോറു തരുന്ന കാര്യം ആലോചിക്കുന്പോ...'' സിസിലിയുടെ വാക്കുകളിൽ ക്ഷമാപണം.
""സാന്പാറിനു നല്ല രുചി''- സിസിലിക്കുള്ള അഭിനന്ദനമായി ക്ലീറ്റസ് ചോറു നിറഞ്ഞ വായ്കൊണ്ടു പുഞ്ചിരിച്ചു. ""ഇത്രേം നല്ല സാന്പാർ... കാച്ചിയ പപ്പടംകൂടി ആയപ്പോൾ... പണ്ടത്തെ ഓണമൊക്കെ ഓർമവരുന്നു...'' ആർത്തിയിലും നന്ദിയിലും കുഴഞ്ഞതായിരുന്നു അയാളുടെ വാക്കുകൾ.
""പപ്പടം പതിവുള്ളതല്ല. സാന്പാറാണ് എന്നും ഉച്ചയ്ക്ക്''- ദേവസി പറഞ്ഞു.
""എന്നും സാന്പാറേ ഉള്ളൂവെന്ന് എന്നോടു പരാതിതന്നെ പരാതി. ഞാനെന്തു ചെയ്യാൻ? ഇറച്ചിയുമൊക്കെ ഞാനെവിടുന്നു കൊണ്ടുവരും?'' സിസിലി പരാതിപ്പെട്ടു.
""അതൊക്കെ ഞാനും കണ്ടിട്ടു കാലം കുറേയായി.'' തലയുയർത്താതെ ക്ലീറ്റസ് പറഞ്ഞു. ""നല്ല സാന്പാർ, നല്ല പപ്പടം...''
ഇടയ്ക്ക് ദേവസിയുടെയും സിസിലിയുടെയും പാത്രങ്ങളിലേക്കു നോക്കിയപ്പോഴാണ് താൻ അതിവേഗത്തിലാണ് ഉൗണു കഴിച്ചുകൊണ്ടിരുന്നതെന്ന് ക്ലീറ്റസ് അറിഞ്ഞത്. അയാൾ തീറ്റി സാവധാനത്തിലാക്കി.
ദേവസിയോടും ഭാര്യയോടുമൊപ്പം ഭക്ഷണം തീർത്ത് കൈയും വായും കഴുകുവോളം അയാൾ ഉൗണിന്റെ രുചി ആസ്വദിച്ചുകൊണ്ടിരുന്നു.
എത്ര മാസങ്ങൾക്കു ശേഷമാണ് രുചിയുള്ള ഭക്ഷണം വയർനിറയെ കഴിക്കുന്നത്.
പെട്ടെന്ന് അയാൾ മക്കളെ ഓർമിച്ചു. പാവങ്ങൾ രണ്ടുപേരും രുചിയുള്ള ആഹാരം കഴിച്ചിട്ട് ആഴ്ചകളായി. കുഞ്ഞുമോളുടെ പിറന്നാളിന് പായസം വച്ചു കൊടുത്തിരുന്നു. അന്നു രണ്ടുപേരും പാത്രം വടിച്ചുനക്കി കഴിച്ചു. അതിനുശേഷം അവർക്ക് രുചിയുള്ളതൊന്നും കൊടുക്കാൻ കഴിഞ്ഞിട്ടില്ല. വല്ലപ്പോഴും വാങ്ങിക്കൊടുക്കുന്ന നാരങ്ങാ മിഠായിയിൽ അവർ തൃപ്തരാണ്. കൂടുതലൊന്നും ആഗ്രഹിക്കാതിരിക്കാൻ അവർ പഠിച്ചിരിക്കുന്നു.
അമ്മയില്ലാത്ത സാഹചര്യവുമായി അവർ പൊരുത്തപ്പെട്ടുകഴിഞ്ഞു.
കുട്ടികൾക്ക് രുചിയുള്ള ആഹാരം കൊടുക്കാൻ കഴിയാത്ത താൻ രുചിയേറിയ ഉച്ചഭക്ഷണം വയർനിറയേ കഴിച്ചതോർത്തപ്പോൾ ക്ലീറ്റസിന് വല്ലാത്ത കുറ്റബോധം തോന്നി. ഒന്നും ചിന്തിക്കാതെ ആർത്തിമൂത്ത് മൂക്കുമുട്ടെ കഴിച്ചു! അപ്പോൾ മക്കളെക്കുറിച്ചു ചിന്തിക്കാതിരിക്കാൻ തനിക്കെങ്ങനെ കഴിഞ്ഞു?
കഞ്ഞിയും വെണ്ടയ്ക്കാ കറിയും അടച്ചു വച്ച്, ഉച്ചയ്ക്കു കഴിച്ചുകൊള്ളണമെന്ന് കുട്ടികളെ ഓർമിപ്പിച്ചിട്ടാണ് രാവിലെ ഇറങ്ങിപ്പുറപ്പെട്ടത്.
അവരതു കഴിച്ചിട്ടുണ്ടാവുമോ? വെണ്ടയ്ക്കാ കറി ഇപ്പോൾ അവർക്കു മടുത്തിട്ടുണ്ടാവുമെങ്കിലും തന്റെ ശകാരം ഭയന്ന് അല്പമെങ്കിലും കഴിച്ചിട്ടുണ്ടാവും. നാലരവയസുകാരി രണ്ടരവയസുകാരിയെ നിർബന്ധിച്ചാവും കഴിപ്പിച്ചിരിക്കുന്നത്.
അതൊന്നും താൻ ആലോചിച്ചില്ലല്ലോ എന്ന ചിന്ത ക്ലീറ്റസിന്റെ വയറ്റിൽ നോവായി.
ദേവസിയുടെയും ഭാര്യയുടെയും അടുത്തുചെന്ന് അയാൾ പറഞ്ഞു:
""ഞാനിറങ്ങട്ടെ.''
""ക്ലീറ്റസ് കുറച്ചുനേരം ഇരുന്നിട്ടു പോകൂ.'' ദേവസി അയാളുടെ തോളിൽ കൈവച്ചു.
""കുഞ്ഞുങ്ങൾ കാത്തിരിക്കുകയാണ്.''
ദേവസിയോടും ഭാര്യയോടും നന്ദിപറയാൻപോലും മറന്ന് പുറത്തേക്കു നടക്കുന്പോൾ അയാൾ സ്വന്തം വയറിൽ മെല്ലെ തിരുമ്മി.
നടന്നു മെറ്റൽ റോഡിൽ ചെന്നപ്പോൾ കണ്ട പലചരക്കു കടയുടെ മുന്നിൽ നിന്നു. കുറച്ചു പപ്പടം വാങ്ങാം. പപ്പടം കാച്ചിക്കൊടുത്താൽ കുട്ടികൾക്കു സന്തോഷമാകും. അയാൾ പോക്കറ്റിൽ നോക്കി. ഉണ്ട്, കുറച്ചു പൈസയുണ്ട്. അഞ്ചു പൈസയുടെയും പത്തു പൈസയുടെയും തുട്ടുകൾ പെറുക്കിയെടുത്തു.
കടയിൽ ബീഡി തെറുത്തുകൊണ്ടിരുന്ന ഉടമയോടു പറഞ്ഞു:
""മുപ്പതു പൈസയ്ക്കു പപ്പടം.''
ബീഡിയിലകളുടെയും ചുക്കയുടെയും മുറം മാറ്റിവച്ച് അയാൾ വന്ന് പപ്പടം എണ്ണിയെടുത്തു.
""മുപ്പതു പൈസയ്ക്ക് ഇത്രേയേയുള്ളോ?''
""പപ്പടത്തിനൊക്കെ വിലകൂടി ചേട്ടാ'', രണ്ടു പപ്പടംകൂടി എടുത്തുവച്ച് പത്രക്കടലാസിൽ പൊതിഞ്ഞുകൊണ്ടു കടക്കാരൻ പറഞ്ഞു. ""വേറെ എന്തു വേണം?''
""ഒന്നും വേണ്ട.''
""ക്രിസ്മസ് പെരുന്നാളായിട്ട് ഉള്ളീം സവാളേം ഒന്നും വേണ്ടേ?''
""എല്ലാം ഉണ്ട്.'' കള്ളം പറയാൻ ക്ലീറ്റസിന് ഇപ്പോൾ തീരെ മടിയില്ല.
അയാൾ നടന്നു. കടിച്ചുകീറുന്ന വെയിൽ. കുറേനേരം കാത്തുനിന്നാൽ ബസ് കിട്ടും. പക്ഷേ നാലണയാണു ചാർജ്. കൈയിലുള്ള പൈസ തീർക്കേണ്ട.
ടാറിട്ട റോഡിൽ നടക്കുന്പോൾ കാലു പൊള്ളുന്നുണ്ട്. വഴിയുടെ ഓരംപറ്റി അയാൾ നടന്നു.
ക്രിസ്മസ് പ്രമാണിച്ചു പ്രദർശനം തുടങ്ങിയിരിക്കുന്ന ഉദയാ പടത്തിന്റെ പരസ്യബോർഡുകൾ ഘടിപ്പിച്ച ഉന്തുവണ്ടി എതിരേ വരുന്നു. വണ്ടിയിൽനിന്ന് ഒരു നോട്ടീസ് അയാൾ വാങ്ങി. കുട്ടികൾക്കു സിനിമാ നോട്ടീസ് വളരെ ഇഷ്ടമാണ്. അവരതു സൂക്ഷിച്ചുവയ്ക്കും. സിനിമാ നോട്ടീസ് അവർക്കു സിനിമയാണ്. അതിലെ ചിത്രങ്ങൾ കാണാനും കഥാസാരം വായിച്ചുകേൾക്കാനും വലിയ താത്പര്യമാണ്. ക്ലീറ്റസ് നോട്ടീസ് മടക്കി പോക്കറ്റിലിട്ടു.
എത്രയും വേഗം വീട്ടിലെത്താൻ തിടുക്കത്തിൽ നടക്കുന്പോൾ കള്ളുഷാപ്പിനു മുന്നിൽനിന്ന് ഒരാൾ ഓടിവന്നു.
""ചേട്ടാ, കള്ളുകുടിക്കാനല്ല, എനിക്കൊരു എട്ടണ തരുമോ? വിശന്നിട്ടാണ്.''
ക്ലീറ്റസ് അയാളെ തുറിച്ചുനോക്കി.
""എന്നെ അറിയില്ലേ? നമ്മളൊരുമിച്ച് ഇതിനകത്തിരുന്നു കുടിച്ചിട്ടുള്ളതല്ലേ? പിന്നെ!''
ക്ലീറ്റസിന് അയാളെ ഓർമയിൽ കിട്ടിയില്ല. അയാൾ പറയുന്നത് ശരിയായിരിക്കാം. എത്രയോ ഷാപ്പുകളിൽ മദ്യപിച്ചിട്ടുള്ളവനാണ് ക്ലീറ്റസ്. എത്രയോ പേരുമൊത്തു കുടിച്ചിട്ടുണ്ട്. എല്ലാവരെയും ഓർമിക്കാൻ എങ്ങനെ കഴിയും?
""എട്ടണ കൊടുത്താൽ ഷാപ്പിൽനിന്ന് കപ്പയും പീരയും കിട്ടും. അതു മാത്രമേ വേണ്ടൂ. ഇപ്പോൾ ഞാൻ കാശുചെലവാക്കി കള്ളുകുടിക്കാറില്ല. പരിചയക്കാർ സ്നേഹബുദ്ധ്യാ വാങ്ങിത്തരുന്പോൾ സ്വീകരിക്കും. അതു വേണമല്ലോ. ഇന്നു യാതൊന്നും കഴിച്ചില്ല.''
""എനിക്കു സ്നേഹബുദ്ധി ഇല്ല. കൈയിൽ കാശുമില്ല.''
""ഇല്ലെങ്കിൽ വേണ്ട. പഴയ പരിചയംകൊണ്ടു ചോദിച്ചതാ. വെശപ്പ് ഇപ്പോ നല്ല പരിചയമാ.''
ക്ലീറ്റസ് മുന്നോട്ടു നടന്നു. അയാൾ പറഞ്ഞതു കള്ളമാവണമെന്നില്ലെന്നു തോന്നി. മുടങ്ങാതെ കുടിക്കുന്ന ഒരാളുടെ ലക്ഷണമില്ല. കുടിക്കുന്നതും വിശപ്പടക്കുന്നതും പരിചയക്കാരുടെ ചെലവിലായിരിക്കണം. നല്ലൊരു ശാപ്പാടു കഴിച്ചിരിക്കുന്ന താൻ അയാളുടെ വിശപ്പു മാറ്റാൻ എന്തെങ്കിലും കൊടുക്കേണ്ടതല്ലേ?
ക്ലീറ്റസ് പോക്കറ്റ് പരിശോധിച്ചു. എട്ടണ മാത്രമേയുള്ളൂ. ഇത് അയാൾക്കു കൊടുത്താൽ... അതു സ്വന്തം മക്കളോടു ചെയ്യുന്ന അനീതിയാവില്ലേ?
ക്ലീറ്റസ് തിരികെ നടന്ന് അയാളുടെ അടുത്തെത്തി.
""നാലണയ്ക്കു കപ്പ വാങ്ങിത്തരാം.''
""മതി.''
അയാൾക്കു കള്ളുഷാപ്പിൽനിന്ന് നാലണയ്ക്കു കപ്പപ്പുഴുക്കും മീൻപീരയും വാങ്ങിക്കൊടുത്തിട്ടു മടങ്ങുന്പോൾ ക്ലീറ്റസ് താൻ മദ്യത്തിനു കൊടുത്ത വർഷങ്ങളെപ്പറ്റി ചിന്തിച്ചു. ഒരുവിധം മെച്ചപ്പെട്ട വരുമാനമുണ്ടായിരുന്നകാലത്ത് മദ്യം പണം ചോർത്തിക്കൊണ്ടുപോയതു ശ്രദ്ധിച്ചില്ല. മിച്ചമൊന്നും ഇല്ലാതായപ്പോഴാണ് ശ്രദ്ധിച്ചത്.
മിച്ചമില്ലെങ്കിലെന്ത്, പണം ഇനിയും വരും എന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടു കടംവാങ്ങി കുടിതുടരാൻ മടിയുണ്ടായിരുന്നില്ല. കടംതരാൻ ആളുമുണ്ടായിരുന്നു. മദ്യപാനത്തിലെ ഉറ്റ സുഹൃത്തായ വിശ്വനാഥന് പണമില്ലാത്തതിന്റെപേരിൽ തന്റെ കുടി മുടങ്ങരുതെന്ന് ആഗ്രഹമുണ്ടായിരുന്നു.
""കടം ഒരു വർഷം കഴിഞ്ഞു വീട്ടിയാലും മതിയെടേ. ഇപ്പോൾ പ്രധാനം നിന്റെ സന്തോഷവും എന്റെ സന്തോഷവും. നീ മടിക്കേണ്ടെടേ. നിനക്ക് ആരോഗ്യവുമുണ്ട്. പണിചെയ്തു പണമുണ്ടാക്കാൻ നിനക്കു പറ്റും. പൈസ കിട്ടുന്പോൾ നീ തിരിച്ചുതരുമെന്ന് എനിക്കു നിന്നേക്കാൾ ഉറപ്പുണ്ട്. വാടേ..'' വിശ്വനാഥൻ പറഞ്ഞിരുന്നു.
കൂടുതൽ ശന്പളംതേടി ജോലികൾ മാറിക്കൊണ്ടിരുന്നു. ജോലിയും ശന്പളവുമില്ലാതിരുന്ന വേളകളിൽ കടംതന്നു സന്തോഷം നീട്ടിക്കൊണ്ടുപോകാൻ വിശ്വനാഥൻ.
കടം ഏറിക്കൊണ്ടിരുന്നെങ്കിലും ആത്മവിശ്വാസത്തിനു കുറവില്ലാതിരുന്നതുകൊണ്ടാണ് വിവാഹം ചെയ്തത്. മാസങ്ങൾ കഴിഞ്ഞാണ് കടവും മദ്യമേശയുടെ വശങ്ങളിലെ സൗഹൃദവുമാണ് ക്ലീറ്റസിന്റെ സന്പാദ്യമെന്ന് ഭാര്യ അറിഞ്ഞത്.
കുടി നിർത്തണമെന്ന് ആഗ്രഹിച്ചു. എന്നാൽ പെട്ടെന്നങ്ങു ബന്ധമൊഴിഞ്ഞു പോകുന്നവളല്ല മദ്യം.
വിശ്വനാഥൻ പണം തിരിച്ചു ചോദിച്ചുകൊണ്ടിരുന്നു. വർഷങ്ങളായുള്ള കടം തിരിച്ചടയ്ക്കാത്തതിന് ഒഴിവുകഴിവുകൾ പറയാൻ ധൈര്യം തന്നതും മദ്യംതന്നെ.
കുട്ടികൾ രണ്ടായപ്പോഴേക്കും ഒന്നുകിൽ മദ്യം, അല്ലെങ്കിൽ കുടുംബം എന്നു തീരുമാനിക്കേണ്ടിവന്നു. ഭാര്യയ്ക്കു രോഗവുംകൂടിയായപ്പോൾ തീരുമാനം അടിയന്തരാവശ്യമായി.
""നമുക്കു രണ്ടു പെണ്കുഞ്ഞുങ്ങളാണുള്ളതെന്ന് ഓർമവേണം. എനിക്കിനി ഏറെനാൾ ഇല്ലെന്ന് അറിയാമല്ലോ. ചേട്ടൻ കള്ളുകുടി നിർത്തിയില്ലെങ്കിൽ കുഞ്ഞുങ്ങളുടെ ഗതി എന്താവും? അതുമാത്രമാണ് മരണത്തെക്കുറിച്ചുള്ള എന്റെ പേടി.'' സെലീന വിതുമ്മി.
അവളുടെ മെലിഞ്ഞ് അവശമായ ശരീരം നെഞ്ചോടുചേർത്തു ക്ലീറ്റസ് പറഞ്ഞു: ""ഞാൻ കുടിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു. ഇനി ഇതുവഴിയേതന്നെ. വാക്ക്.''
ആശുപത്രിയ്ക്കടുത്തൊരു സ്ഥലത്തേക്ക് താമസം മാറ്റിയതു സെലീനയുടെ ചികിത്സാ സൗകര്യത്തിനും വാടകക്കുറവിനും വേണ്ടി മാത്രമല്ല, വിശ്വനാഥന്റെ കണ്ണിൽനിന്നു രക്ഷപ്പെടുന്നതിനു കൂടിയുമായിരുന്നു. പണം തിരികെ ചോദിക്കുന്ന വിശ്വനാഥനെക്കുറിച്ച് ഓർമിക്കാൻതന്നെ ഭയമായിക്കഴിഞ്ഞിരുന്നു.
കുട്ടികൾക്കു വാങ്ങിയ പപ്പടവുമായി വേഗത്തിൽ നടന്ന് വാടകവീട്ടിലെത്തുന്പോൾ അയാൾ വിയർപ്പിൽ കുളിച്ചിരുന്നു. സിമന്റു പൊളിഞ്ഞ തിണ്ണയിലിരുന്നു മോളും കുഞ്ഞുമോളും അടുത്തവീട്ടിലെ റേഡിയോയിൽനിന്നുള്ള പാട്ടു കേൾക്കുകയായിരുന്നു.
""മക്കളേ, പുറത്തിറങ്ങി ഇരിക്കരുതെന്നു പറഞ്ഞിട്ടില്ലേ?''
""ഞങ്ങൾ പാട്ടുകേൾക്ക്വായിരുന്നു, ഇച്ചാ.''
""പാട്ട് വീടിനകത്തിരുന്നു കേട്ടാൽമതി. പുറത്തു പിള്ളാരെപ്പിടിത്തക്കാരുണ്ട്. കതകു കുറ്റിയിട്ട് അകത്തേ ഇരിക്കാവൂ.''അയാൾ കുട്ടികളുമായി അകത്തേക്കു കയറി.
കഞ്ഞിയുടെയും കറിയുടെയും പാത്രങ്ങൾ പരിശോധിച്ചു. കുട്ടികൾ തീരെക്കുറച്ചേ കഴിച്ചിട്ടുള്ളൂ. പതിവു വെണ്ടയ്ക്കാ കറി അവർക്കു മടുത്തിരിക്കണം. ക്ലീറ്റസ് വെളിച്ചെണ്ണയുടെ കുപ്പി നോക്കി. ഭാഗ്യം, അല്പം എണ്ണ ബാക്കിയുണ്ട്.
""ഞാൻ നിങ്ങൾക്കു പപ്പടം കാച്ചിത്തരാം. കുറച്ചു കഞ്ഞികൂടി കഴിക്കാമോ?''
കുട്ടികൾ തുള്ളിച്ചാടാൻ തുടങ്ങി. കഴിഞ്ഞ ഓണത്തിനാണ് അവർ അവസാനം പപ്പടം കഴിച്ചത്.
പപ്പടംകൂട്ടി കഞ്ഞി കുടിക്കുന്പോൾ മോൾ ചോദിച്ചു:
""ഇച്ചാ, നാളെയല്ലേ പിറവിപ്പെരുന്നാൾ?''
""അതേ.''
""അതുകൊണ്ടാണോ ഇന്നു പപ്പടം തരുന്നത്?''
അതേ എന്നു പറയുന്പോൾ ക്ലീറ്റസിനു വിക്കി.
""നാളെ പപ്പടവും അപ്പവും ഇറച്ചിക്കറിയും ഉണ്ടാവുമോ? പടക്കം പൊട്ടിക്കണ്ടേ?''
പെട്ടെന്നു മറുപടി പറയാൻ അയാൾക്കു കഴിഞ്ഞില്ല. ക്രിസ്മസിനു വീടുകളിൽ ആഘോഷങ്ങൾ ഉണ്ടാകുമെന്നു താൻ പറഞ്ഞുകൊടുത്തിട്ടില്ലെങ്കിലും മോൾ എവിടെനിന്നോ കേട്ടിരിക്കുന്നു.
അയാൾ പതുക്കെ പറഞ്ഞു:
""ചില വീടുകളിൽ... ഉണ്ടാവും. ചില വീടുകളിൽ അതൊന്നും... ഉണ്ടാവില്ല.''
""നമ്മുടെ വീട്ടിൽ?''
""ക്രിസ്മസിനു നമുക്ക്.. അമ്മയ്ക്കു വേണ്ടി പ്രാർഥിക്കണം... മറക്കരുത്. ഞാൻ പുറത്തേക്കൊന്ന് ഇറങ്ങട്ടെ. അയാൾ എഴുന്നേറ്റു. വീടിനകത്ത് കതകിനു കുറ്റിയിട്ട് ഇരുന്നുകൊള്ളണം. പപ്പടംകൂട്ടി വയർ നിറയേ കഞ്ഞികുടിക്കണം, കേട്ടോ.''
""ഇച്ചാ ശന്പളം വാങ്ങിക്കാൻ പോകയാണോ?''
""നോക്കട്ടെ.'' കാര്യങ്ങൾ ഉൗഹിച്ചെടുക്കാൻ മോൾക്ക് കഴിയുന്നുണ്ടെന്ന് അയാൾ കണ്ടു. രണ്ടുമാസമായി ശന്പളം കിട്ടുന്നില്ലെന്ന് മോളോടു പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് വീട്ടിൽ ഇത്ര ദാരിദ്ര്യമെന്ന് അവൾക്കറിയാം.
ക്രിസ്മസിനു മുന്‍പായി എല്ലാവരുടെയും ശന്പളക്കുടിശിക തീർക്കാമെന്നു ഫാക്ടറിയുടമ പറഞ്ഞിരുന്നു. അയാളെ കുറ്റപ്പെടുത്താനാവില്ല. ഫാക്ടറി പൊളിഞ്ഞു വലിയ കടത്തിലായിരിക്കുന്ന അയാൾ എന്തുചെയ്യാൻ! നാട്ടിൽ പ്രത്യക്ഷപ്പെട്ടാൽ തൊഴിലാളികൾ ഓടിക്കൂടി കുടിശിക ചോദിക്കും. ഇന്നു രാവിലെ മുതൽ ഉച്ചവരെ അയാളുടെ വീടിനു മുന്നിൽ ദേവസിയോടൊപ്പം കാത്തുനിന്നു വിശന്നുവലഞ്ഞു മടങ്ങുന്പോൾ ദേവസിയുടെ വീട്ടിൽ കയറിയതുകൊണ്ട് ഊണു തരപ്പെട്ടു.
ഫാക്ടറിയുടമയുടെ വീടുവരെ ക്ലീറ്റസ് നടന്നു. വീട് ഇപ്പോഴും പൂട്ടിത്തന്നെ.
ഗേറ്റിനു മുന്നിൽ നിന്നു മടുത്തപ്പോൾ ഇരുന്നു. തൊഴിലാളികൾ ആരെയും കാണാനില്ല.
സ്ഥലവാസിയായ ഒരു പരിചിതൻ അടുത്തുവന്ന് ഫാക്ടറിനടത്തിപ്പിലെ വീഴ്ചകളും ഉടമയുടെ തെറ്റുകളും വിവരിച്ചുകൊണ്ടിരുന്നു. അവസാനം ക്ലീറ്റസ് പറഞ്ഞു: ""നാളെ ക്രിസ്മസായിട്ട് കൈയിൽ നയാപൈസയില്ല. ഒരഞ്ചു രൂപ തരുമോ? കുടിശിക കിട്ടുന്പോൾ തിരിച്ചുതരാം.''
""കുടിശിക എന്നു കിട്ടാനാ? അയാൾ അടുത്തകാലത്തൊന്നും ഇവിടെ പൊങ്ങില്ല. ഇങ്ങനെയുള്ള അവസ്ഥകൾ മുന്നിൽക്കണ്ടു തൊഴിലാളികൾ ശന്പളം മിച്ചംവച്ച് ഫണ്ട് ഉണ്ടാക്കണമായിരുന്നു.'' നടന്നുനീങ്ങുന്പോഴും അയാൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
സന്ധ്യയുടെ കുളിരു വീഴാൻ തുടങ്ങിയപ്പോൾ ക്ലീറ്റസ് എഴുന്നേറ്റ് വീട്ടിലേക്കു നടന്നു. പോക്കറ്റിൽ ശേഷിച്ചിരുന്ന തുട്ടുകൾകൊണ്ടു രണ്ടു കോഴിമുട്ട വാങ്ങി. ഇതുകൊണ്ടു കുട്ടികളെ തൃപ്തിപ്പെടുത്താം.
മിക്ക വീടുകളിലും നക്ഷത്രങ്ങൾ തൂങ്ങിയിരിക്കുന്നു. അവയിൽ മിക്കതിലും ഇലക്ട്രിക് ബൾബുകളാണ് കത്തുന്നത്. മെഴുകുതിരികൾ വച്ച നക്ഷത്രങ്ങൾ ചുരുക്കമായിരിക്കുന്നു.
പടക്കങ്ങൾ പൊട്ടുന്ന ശബ്ദം പലയിടങ്ങളിൽനിന്നായി മുഴങ്ങിക്കൊണ്ടിരിക്കുന്നു. ക്ലീറ്റസ് അസ്വസ്ഥനായി. പടക്കങ്ങളുടെ ശബ്ദം തന്റെ കുട്ടികളും കേൾക്കുന്നുണ്ടാവുമല്ലോ.
വീട്ടിലെത്തിയപ്പോൾ കുട്ടികൾ അടുത്ത വീടുകളിലെ വെടിക്കെട്ടു ശബ്ദങ്ങളും പ്രകാശവും ആസ്വദിച്ചും പരിഭവിച്ചും നിൽക്കുകയായിരുന്നു.
ഇത് അമ്മ മരിച്ച വർഷമല്ലേ. ഇത്തവണ നമുക്ക് ആഘോഷമൊന്നും വേണ്ട. അടുത്തവർഷത്തെ ക്രിസ്മസ് നമുക്ക് പൊടിപൂരമാക്കാം. അയാൾ കുട്ടികളെ ആശ്വസിപ്പിച്ചു.
അയാൾ അവരെ കുളിപ്പിച്ചു, അവരുമൊത്തു പ്രാർഥന ചൊല്ലി. പപ്പടം വറുത്തതും വെണ്ടയ്ക്കാ കറിയും കൂട്ടി കഞ്ഞികൊടുത്തു.
കഞ്ഞി കുടിച്ചുകൊണ്ടിരിക്കുന്പോൾ അയാൾ അവർക്ക് രാജകുമാരന്റെ പ്രതിമയുടെ കഥ പറഞ്ഞുകൊടുത്തു. നഗരത്തിൽ ഉയർന്ന പീഠത്തിൽ സ്ഥാപിച്ചിരുന്ന രാജകുമാര പ്രതിമയ്ക്ക് എല്ലാം കാണാൻ കഴിയുമായിരുന്നു. പാവങ്ങളുടെ വേദനകൾ കണ്ട് പ്രതിമ കരയുമായിരുന്നു. ഒടുവിൽ ആ പ്രതിമയ്ക്ക് ഒരു മീവൽ പക്ഷിയെ കൂട്ടായി കിട്ടി. രാജകുമാരന്റെ അപേക്ഷയനുസരിച്ച് പക്ഷി പ്രതിമയിലെ കിരീടത്തിലും വാൾപ്പിടിയിലും കണ്ണുകളിലും ഉണ്ടായിരുന്ന രത്നങ്ങൾ ഓരോന്നായി കൊത്തിയെടുത്ത് പാവങ്ങളുടെ വീടുകളിൽ അവരറിയാതെ എത്തിച്ചു.
പ്രതിമയുടെ ഉൾഭാഗത്തെ സ്വർണപ്പാളികളും അങ്ങനെതന്നെ ദരിദ്രർക്കു കൊടുത്തു. പാവങ്ങൾക്ക് അതിയായ സന്തോഷമായി. അവസാനം രാജകുമാര പ്രതിമ വിലയില്ലാത്തൊരു ഈയക്കട്ടയായി ശേഷിച്ചു.
കുഞ്ഞുങ്ങൾ കഞ്ഞി കുടിച്ചുതീർത്തു. പുറത്തെ തണുപ്പ് വീടിനകത്തേക്ക് അടിച്ചു കയറിക്കൊണ്ടിരുന്നു.
കുട്ടികളെ എത്രയും വേഗം ഉറക്കണം. അയൽവീടുകളിലെ ആഘോഷങ്ങൾ അവർ അധികം ശ്രദ്ധിക്കേണ്ട.
ക്ലീറ്റസ് കുളിച്ച് കുട്ടികളുടെ അടുത്തെത്തിയപ്പോൾ അവർ ജനാല തുറന്നിട്ട് ആകാശത്തേക്കു നോക്കിനിൽക്കുകയായിരുന്നു.
""ഇതെന്താ മക്കളേ, ജനാല തുറന്നു തണുപ്പേറ്റുനിൽക്കുന്നത്.''
""മീവൽ പക്ഷി നമ്മുടെ വീട്ടിലേക്കു വരുന്നുണ്ടെങ്കിലോ ഇച്ചാ...''
അയാളുടെ കണ്ണുകൾ നിറഞ്ഞു.
അയാൾ അവരെ കെട്ടിപ്പിടിച്ചു.
""മീവൽ പക്ഷി അന്നത്തെ കൊടും തണുപ്പിൽ ചത്തുപോയി, മക്കളേ.. സ്വർണവും രത്നങ്ങളും ഇല്ലാതായ രാജകുമാരന്റെ പ്രതിമ ആളുകൾ നശിപ്പിക്കുകയും ചെയ്തു. വരൂ, നമുക്കു കിടന്നുറങ്ങാം. വെളുപ്പിനേ പള്ളിയിൽ പോകണം.'' ജനാല അടച്ചുകൊണ്ട് അയാൾ പറഞ്ഞു.
ക്ലീറ്റസ് മക്കളെ ഉമ്മവച്ച് കിടക്കയിൽ കിടത്തി. തൊണ്ട അടയുന്നതായി അയാൾക്കു തോന്നി. എങ്കിലും അയാൾ പറഞ്ഞു:
""നമുക്കു ക്രിസ്മസിന്റെ പാട്ടുകൾ പാടാം, മക്കളേ.''
തനിക്കറിയാവുന്ന പാട്ടുകൾ പരുക്കൻ സ്വരത്തിൽ അയാൾ പാടി. തെറ്റിയ ഈണങ്ങളിൽ കുഞ്ഞുങ്ങൾ അവ ഏറ്റുപാടിക്കൊണ്ടിരുന്നു. ഇടയ്ക്ക് കുഞ്ഞുമുഖങ്ങളിൽ തലോടിയപ്പോൾ അവിടെ നനവു കണ്ടു. കുഞ്ഞുങ്ങൾ കരയുകയാണോ?
അല്ല, തന്റെ കണ്ണുകളിൽനിന്നാണ് നനവു പടരുന്നതെന്ന് അയാൾ അറിഞ്ഞു.
സ്വരം ശരിയാക്കാൻ ശ്രമിച്ച് അയാൾ പിന്നെയും പാടി. കുഞ്ഞുങ്ങളുടെ ശബ്ദം താഴ്ന്നുകൊണ്ടിരിക്കുന്നു. അവർ ഉറക്കത്തിലേക്കു വീഴുകയാണ്.
നേരം പുലരുംമുന്‍പ് ഉണർന്ന് ക്ലീറ്റസ് കുട്ടികളെ ഉണർത്തി. ഉണ്ണിയേശുവിനെ കാണാൻപോകാമെന്നു പറഞ്ഞപ്പോൾ അവരുടെ കണ്ണുകളിലെ ഉറക്കച്ചടവ് ഒഴുകിമാറി. പള്ളിയിലേക്കു നടക്കുന്പോൾ കുട്ടികൾ തണുത്തുവിറയ്ക്കുന്നുണ്ടായിരുന്നു. കുഞ്ഞുമോളെ കൈയിലെടുത്ത് അയാൾ നടന്നു.
പള്ളിയിൽനിന്നു മടങ്ങിവന്നു പുട്ടും മുട്ടക്കറിയും ഉണ്ടാക്കുന്നതിനിടയിൽ ക്ലീറ്റസ് ജനാലയിലൂടെ പുറത്തേക്കു നോക്കിയപ്പോൾ ഒരാൾ വേച്ചുവേച്ചു നടന്നുവരുന്നു.
സൂക്ഷിച്ചുനോക്കിയ ക്ലീറ്റസ് ഞെട്ടിപ്പോയി. വിശ്വനാഥൻ!
അവസാനം അയാൾ തേടിയെത്തിയിരിക്കുന്നു. കടംവാങ്ങിയ പണം ചോദിക്കാൻ ഇങ്ങനെയൊരു ദിവസംതന്നെ എത്തിയിരിക്കുന്നു.
അയാൾ കുട്ടികളെ വിളിച്ചുപറഞ്ഞു: ""ആ വരുന്ന അമ്മാവനോടു നിങ്ങൾ ഞാനിവിടെ ഇല്ലെന്നു പറയണം. എപ്പോൾ വരുമെന്നു ചോദിച്ചാൽ അറിയില്ലെന്നും പറയണം.''
ക്ലീറ്റസ് വീടിനു പിന്നിലിറങ്ങി പതുങ്ങിനിന്നു.
അല്പസമയം കഴിഞ്ഞപ്പോൾ കുട്ടികളുടെ ആരവം കേട്ടു:
""ഇച്ചാ, ഞങ്ങക്കു ക്രിസ്മസ് സമ്മാനങ്ങളു കിട്ടി! കേക്കും കിട്ടി! കേക്ക്! കേക്ക്!!''
""നീ ഒളിച്ചിരിക്കുകയാണല്ലേ! ഇറങ്ങിവാടാ, കള്ള നസ്രാണീ!''
ക്ലീറ്റസ് ജാള്യത്തോടെ വിശ്വനാഥനു മുന്നിൽ ഹാജരായി.
""ഞാൻ കണ്ടുപിടിക്കില്ലെന്നു നീ വിചാരിച്ചോ? അതിനുള്ള ആരോഗ്യമെനിക്കുണ്ടെടാ!''
""വിശ്വാ, കടം മുഴുവൻ ഞാൻ തീർത്തുതരാം. എനിക്കല്പം സാവകാശം നീ തരണം.''
""എത്ര വർഷമായി നീയിതു പറയുന്നു!''
""ഭാര്യയുടെ ചികിത്സയ്ക്കായി നല്ല ചെലവു വന്നു. വലിയ ചെലവ്. ദയവുചെയ്ത് കുട്ടികളുടെ മുന്നിൽവച്ച് എന്നെ തെറി പറയരുത്.''
""കുട്ടികളുടെ മുന്നിൽവച്ചു വേണ്ട. നീ വാ.''
വിശ്വനാഥൻ ക്ലീറ്റസിന്റെ കൈയിൽ പിടിച്ചു.
""നല്ല സൊയന്പൻ സാധനം ഞാൻ കൊണ്ടുവന്നിട്ടുണ്ട്. നമുക്കാ മരത്തിന്റെ ചുവട്ടിലിരിക്കാം.''
""എനിക്കു വേണ്ട.'' ക്ലീറ്റസ് പറഞ്ഞു.
""എടാ, ഇത് ഈ രാജ്യത്തെങ്ങും കിട്ടുന്ന സാധനമല്ല. സായിപ്പുമാരും രാജാക്കന്മാരും കഴിക്കുന്ന അമൃതാ. വാ.'' അതിമനോഹരമായൊരു മദ്യക്കുപ്പി വിശ്വനാഥൻ സഞ്ചിയിൽനിന്നെടുത്തു.
""വിശ്വാ, ഞാൻ കുടി നിർത്തി.''
""വാടാ. ഇതുപോലൊരു സാധനം ഞാനോ നീയോ ഇന്നുവരെ കുടിച്ചിട്ടില്ല, ഇനി കുടിക്കുകയുമില്ല.''
""സത്യമാണു വിശ്വാ, ഞാൻ പറഞ്ഞത്. ഞാൻ കുടി നിർത്തി.''
""സത്യമാണോടാ?!'' വിശ്വനാഥൻ അവിശ്വാസത്തോടെ ക്ലീറ്റസിന്റെ മുഖത്തേക്കു തറച്ചുനോക്കി.
""സത്യം.''
വിശ്വനാഥൻ കുറേനേരം ക്ലീറ്റസിനെ നോക്കിനിന്നശേഷം കുപ്പി തുറന്ന് അതു മുറ്റത്തേക്കു കമിഴ്ത്തി.
""നിനക്കു വേണ്ടെങ്കിൽ എനിക്കും വേണ്ട.''
അയാൾ പറഞ്ഞു.
കുപ്പിയിൽനിന്നു സ്വർണനിറമുള്ള ദ്രാവകം ഒട്ടും തിടുക്കപ്പെടാതെ മണ്ണിലേക്കു വീണുകൊണ്ടിരുന്നു. ക്ലീറ്റസ് അന്പരന്നു നോക്കിനിന്നു.
""നീ കുടി നിർത്തിയെങ്കിൽ ഞാനും നിർത്തുന്നു.'' കുപ്പി കുറ്റിക്കാട്ടിലേക്ക് എറിഞ്ഞുകൊണ്ട് വിശ്വൻ പറഞ്ഞു. ""സത്യം.''
മിണ്ടാനാവാതെനിന്ന ക്ലീറ്റസിനോട് അയാൾ പറഞ്ഞു: ""കുടി നിർത്തിയതിനു നിനക്കു ഞാൻ എന്തു സമ്മാനമാണു തരേണ്ടത്?... നീ തരാനുള്ള രൂപാ മുഴുവൻ ഞാൻ എഴുതിത്തള്ളുന്നു!''
""വിശ്വാ, കടം മുഴുവൻ ഞാൻ വീട്ടാം. എനിക്കു വേറെ ജോലികിട്ടും. മിച്ചംവച്ചു ഞാൻ കടംവീട്ടും. ഇതു കള്ളമല്ല.''
""എനിക്കെന്തിനാടാ ഇനി പണം? എന്റെ ചങ്കും മത്തങ്ങായും വാഴയ്ക്കായുമെല്ലാം പഞ്ചറായി കിടക്കുകയാ. ഇനി അധികം ഓടില്ല.''
സഞ്ചിയിൽനിന്ന് ഒരു പ്ലാസ്റ്റിക് പൊതിയെടുത്ത് അയാൾ വരാന്തയിൽ വച്ചു.
""പിള്ളാർക്കു കൊട്. കരളില്ലാത്ത അമ്മാവൻ തന്നതാണെന്നു പറ. കോഴി പൊരിച്ചതാ. കീടന്റെ കൂടെയല്ലാതെ നമ്മളിതെങ്ങനാ കഴിക്കുന്നേ?''
വിശ്വൻ വേച്ചുവേച്ചു തിരികെനടന്നു.
""വിശ്വാ, ഭക്ഷണം കഴിച്ചിട്ടു പോകാം.''
""ഇന്നലെ ഞാൻ ഖരഭക്ഷണം കഴിച്ചതാ. ഇനി നാളെയേ പറ്റൂ.''
വിശ്വനാഥൻ ഉറക്കത്തിലെന്നതുപോലെ നടന്നുനീങ്ങുന്പോൾ വീടിനകത്തുനിന്ന് കുട്ടികളുടെ ചിരിയും ബഹളവും ക്ലീറ്റസ് കേട്ടു. പുറത്ത് പടക്കങ്ങളുടെ ഒച്ചയും.
SUNDAY DEEPIKA
1857, തിരുവനന്തപുരം.
കുതിരമാളിക കൊട്ടാരത്തിൽ തിരക്കിട്ട ആലോചന. കാര്യം ഗൗരവമുളളതാണ്- മുന്‍പ് അഞ്ചുതവണ സംഭവിച്ചിട്ടുള്ളതുപോലെ ഇത്തവണയും രാജപാരന്പര്യമുള്ള പെണ്‍കുട്ടികളെ ദത്തെടുക്കണം. മരുമക്കത്തായം നിലനിന്നിരുന്ന തിരുവിതാംകൂർ രാജകുടുംബത്തിൽ തുടർഭരണത്തിന് രാജകുമാരന്മാർക്കു ജന്മംനൽകാൻ പെണ്‍കുട്ടികൾ ഇല്ലാതായിരിക്കുന്നു. അതാണ് ഉത്രംതിരുന്നാൾ മാർത്താണ്ഡ വർമ മഹാരാജാവിന്റെ കൊട്ടാരത്തിലെ അകത്തളങ്ങളിൽ അടക്കിപ്പിടിച്ച ചർച്ചകൾ.
രാജകുടുംബത്തിലേക്കാണ് പെണ്‍കുട്ടികളെ വേണ്ടത്. പാരന്പര്യമനുസരിച്ച് വടക്ക് (കണ്ണൂർ) കോലത്തുനാട്ടിൽനിന്നോ അതേ പാരന്പര്യമുള്ള മറ്റു രാജകുടുംബങ്ങളിൽനിന്നോ മാത്രമേ ദത്തെടുക്കാനാവൂ. ആലോചനകളുടെയും സാധ്യതകളുടെയും പരിസമാപ്തിയായി ഒരു തീരുമാനത്തിലെത്തി. കോലത്തിരി പാരന്പര്യമുള്ള മാവേലിക്കര രാജകുടുംബത്തിലെ ഭരണിത്തിരുനാൾ അമ്മ തന്പുരാട്ടിക്ക് മൂന്നു പെണ്മക്കളാണ്.
അവരിൽ മൂത്ത രണ്ടുപേരെ ദത്തെടുക്കുക. അങ്ങനെ ഭരണിത്തിരുനാൾ ലക്ഷ്മി ബായിയെയും ഭരണിത്തിരുനാൾ പാർവതി ബായിയെയും 1857ൽതന്നെ ദത്തെടുക്കുന്നു. ഇവരിലൂടെയാണ് രാജഭരണത്തിന്റെ പിൻതുടർച്ച മുന്നോട്ടു പോകേണ്ടത്. അതുകൊണ്ട് അവരുടെ വിവാഹത്തിനുള്ള ആലോചനകളായി അടുത്ത ചർച്ചാവിഷയം.
സ്വയംവരം
1859ൽ ഉത്രം തിരുനാൾ മാർത്താണ്ഡ വർമ ഒരു പദ്ധതി തയാറാക്കി. രണ്ടു കുമാരിമാർക്കായി മൂന്ന് ആണ്‍കുട്ടികളെ കോയിത്തന്പുരാൻ കുടുംബങ്ങളിൽനിന്നു തെഞ്ഞെടുത്തു. അവരിൽനിന്നു കുമാരിമാർക്ക് ഓരോരുത്തരെ തെരഞ്ഞെടുക്കാം. മലപ്പുറം പരപ്പനാട് രാജകുടുംബാംഗങ്ങളിൽ പലരും ടിപ്പുവിന്റെ പടയോട്ടകാലത്ത് അവിടെ നിന്നു പലായനംചെയ്ത് തിരുവിതാംകൂറിന്റെ പലഭാഗങ്ങളിലും താമസമുറപ്പിച്ചിരുന്നു. ഇങ്ങനെയുള്ള പത്തു കോയിത്തന്പുരാൻ കുടുംബങ്ങളുണ്ട് തിരുവിതാംകൂറിൽ. ഈ കുടുംബങ്ങളിൽനിന്നാണ് തിരുവിതാംകൂർ രാജകുടുംബത്തിലെ കുമാരിമാർക്ക് വരന്മാരെ കണ്ടെത്തിയിരുന്നത്.
അങ്ങനെ ചങ്ങനാശേരി രാജകുടുംബത്തിലെ കേരളവർമ വലിയ കോയിത്തന്പുരാൻ, കിളിമാനൂർ രാജകുടുംബത്തിലെ കേരളവർമ കോയിത്തന്പുരാൻ, കിളിമാനൂർ കൊട്ടാരത്തിലെതന്നെ സമർഥനായ രവിവർമ എന്നിവരെ കണ്ടെത്തി. ഇവരിനിന്നു കുമാരിമാർക്ക് ഇഷ്ടമുള്ളവരെ വരനായി സ്വീകരിക്കാം. അങ്ങനെ 1859ൽതന്നെ ലക്ഷ്മിബായി ചങ്ങനാശേരി രാജകുടുംബത്തിലെ കേരളവർമ വലിയകോയിത്തന്പുരാനെയും, പാർവതി ബായി കിളിമാനൂർ കൊട്ടാരത്തിലെ കേരളവർമയെയും വരണമാല്യം ചാർത്തി.
രവിവർമ
മാംഗല്യത്തിൽ തിരസ്കൃതനായ രവിവർമ 1862ൽ ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് തിരുവിതാംകൂർ കൊട്ടാരത്തിൽ എത്തി. ചുറുചുറുക്കുളള സമർഥനായ ഈ ചെറുപ്പക്കാരനെ രാജാവിന് വലിയ ഇഷ്ടമായി. ആ സ്വാധീനത്തിൽ കൊട്ടാരത്തിലെ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി ചിത്രകല ആഴത്തിൽ പഠിച്ച് പ്രാവീണ്യം നേടാൻ അദ്ദേഹത്തിനു കഴിഞ്ഞു.
അദ്ദേഹം ചിത്രകലയിലെ ഇതിഹാസതുല്യനായ രാജാ രവിവർമയായി. 1866ലായിരുന്നു രവിവർമയുടെ വിവാഹം. ലക്ഷ്മി ബായി തന്പുരാട്ടിയുടെയും പാർവതിബായി തന്പുരാട്ടിയുടെയും ഇളയ സഹോദരി ഭാഗീരഥി അമ്മ തന്പുരാട്ടി (കൊച്ചുപങ്കി/ മഹാപ്രഭ) ആയിരുന്നു വധു. അങ്ങനെ സ്വയംവരപ്പന്തലിൽ രാജ്ഞിമാർ സ്വീകരിക്കാതെയിരുന്ന രവിവർമയും ദത്തെടുക്കപ്പെടാതെപോയ കൊച്ചുപങ്കിയും വിവാഹിതരായി. അവർക്ക് മൂന്ന് ആണ്മക്കളും രണ്ടു പെണ്‍മക്കളുമുണ്ടായി.
വിധിയുടെ തീരുമാനം
പത്തൊന്‍പതാം നൂറ്റാണ്ട് തീരാറായതോടെ ഒരു കാര്യം വ്യക്തമായി- ലക്ഷ്മിബായി തന്പുരാട്ടിക്കും പാർവതിബായി തന്പുരാട്ടിക്കും രാജഭരണം മുന്നോട്ടു കൊണ്ടുപോകാനുള്ള സന്താനങ്ങളെ നൽകാനാവില്ല. ലക്ഷ്മിബായിക്ക് മക്കളില്ലായിരുന്നു. പാർവതിബായിക്ക് പെണ്മക്കൾക്കു ജന്മം നൽകാൻ കഴിഞ്ഞില്ല. ആണ്മക്കൾ അകാലത്തിൽ മരിക്കുകയും ചെയ്തു. അങ്ങനെ സ്ഥിതിഗതികൾ 1857ൽനിന്ന് ഒട്ടും വ്യത്യസ്തമല്ലാതെ തുടർന്നു.
വീണ്ടും ദത്തെടുക്കൽ എന്ന പ്രതിവിധിയിൽ രാജകുടുംബം എത്തിച്ചേർന്നു. ചർച്ചകളും ആലോചനകളും തുടർന്നു. ഒടുവിൽ തീരുമാനം ഇങ്ങനെയായിരുന്നു. രവിവർമയുടെയും കൊച്ചുപങ്കിയുടെയും പെണ്മക്കളുടെ കുട്ടികളെ (പേരക്കുട്ടികൾ) ദത്തെടുക്കുക!
മൂത്തകുട്ടി സേതുലക്ഷ്മി ബായി, ഇളയയാൾ പാർവതി ബായി. 1900ത്തിൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് ഇവരെ ദത്തെടുത്തത്. സേതുലക്ഷ്മി ബായി, മൂലം തിരുനാൾ മഹാരാജാവിന്റെ കാലശേഷം 1924 മുതൽ 1931 വരെ തിരുവിതാംകൂർ വളരെ സമർഥമായി ഭരിച്ചു. പാർവതിബായിയുടെ മകനാണ് ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ്. അദ്ദേഹമായിരുന്നു അധികാരമുള്ള അവസാനത്തെ തിരുവിതാംകൂർ രാജാവ്. 1931 മുതൽ 1949 വരെയായിരുന്നു ഭരണകാലം.
SUNDAY DEEPIKA
ശ്മശാനങ്ങളെ പലര്‍ക്കും ഭയമാണ്. മരിച്ചവരുടെ ആത്മാക്കള്‍ പരിസരത്ത് അലഞ്ഞു നടക്കുമെന്ന വിശ്വാസമാണ് ഇത്തരം പേടികള്ക്കാധാരം. രാത്രി കാലങ്ങളില്‍ എന്നുവേണ്ട പകല്‍ പോലും ഒറ്റപ്പെട്ട സെമിത്തേരികളുടെ സമീപത്തുകൂടി യാത്രചെയ്യാന്‍ പലരും മടിക്കാറുണ്ട്.
കോല്‍ക്കത്തയിലെ സൗത്ത് പാര്‍ക്ക് സെമിത്തേരി ഇത്തരത്തിലുള്ള പ്രേതകഥകള്‍ക്ക് പ്രശസ്തമാണ്. ഇന്ത്യയിലെതന്നെ ഏറ്റവും പഴക്കംചെന്നതും നിഗൂഢവുമായ സെമിത്തേരികളിലൊന്നാണിത്. കോല്‍ക്കത്തയിലെ മദര്‍ തെരേസ സരണിയിലാണ് ഈ ശ്മശാനം.
"മരിച്ചവരുടെ നഗരം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സ്ഥലം തിരക്കേറിയ കോല്‍ക്കത്ത നഗരത്തിന്റെ നടുവില്‍ തികച്ചും വ്യത്യസ്തമായ, നിശബ്ദമായ ഒരു ലോകമാണ് തുറന്നിടുന്നത്. 1767ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഈ സെമിത്തേരി സ്ഥാപിച്ചത്. പതിനെട്ടാം നൂറ്റാണ്ടില്‍ കോല്‍ക്കത്തയില്‍ ജീവിച്ചു മരിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാംഗങ്ങളെയും അടക്കം ചെയ്യുകയായിരുന്നു നിര്‍മാണോദ്ദേശ്യം.
ക്രിസ്ത്യന്‍ പള്ളിക്ക് പുറത്തായി നിര്‍മിക്കപ്പെട്ട ലോകത്തിലെ തന്നെ ആദ്യകാല സെമിത്തേരികളില്‍ ഒന്നാണിത്. ഇവിടുത്തെ കല്ലറകള്‍ സാധാരണ കാണുന്നവയില്‍ നിന്ന് വ്യത്യസ്തമാണ്. ഗോതിക്, ഇന്ഡോസാരസെനിക് വാസ്തുവിദ്യാ ശൈലിയില്‍ പിരമിഡുകള്‍, കല് സ്തൂപങ്ങള്‍, വലിയ താഴികക്കുടങ്ങള്‍ എന്നിവയുടെ ആകൃതിയിലാണ് പല കല്ലറകളും നിര്‍മിച്ചിരിക്കുന്നത്. 1830ഓടെ ഇതിന്റെ പ്രവര്‍ത്തനം ഔദ്യോഗികമായി അവസാനിപ്പിച്ചു.
പ്രേതകഥകളാണ് ഈ സെമിത്തേരിയെ കുപ്രസിദ്ധമാക്കിയത്. ഏറ്റവും ഭയപ്പെടുത്തുന്ന കഥ "ഡെനിസണ്‍’ എന്ന കുടുംബത്തിന്റേതാണ്. ഒരൊറ്റ ആഴ്ചയ്ക്കുള്ളില്‍ ഈ കുടുംബത്തിലെ എല്ലാവരും ദുരൂഹസാഹചര്യത്തില്‍ മരിച്ചുവെന്നാണ് പറയപ്പെടുന്നത്. ഇവരുടെ കല്ലറയില്‍നിന്ന് മഴക്കാലത്ത് രക്തം പോലുള്ള ദ്രാവകം ഒലിച്ചിറങ്ങാറുണ്ടെന്നു പറയപ്പെടുന്നു. അതുകൊണ്ട് ഇതിനെ "ബ്ലീഡിംഗ് ടോംബ്’ എന്നാണ് വിളിക്കുന്നത്.
ഇവിടെ എത്തുന്ന പല സഞ്ചാരികള്‍ക്കും പെട്ടെന്ന് തലകറക്കമോ, ശ്വാസംമുട്ടലോ അനുഭവപ്പെടാറുണ്ട് എന്നും പ്രദേശവാസികള്‍ പറയുന്നു. ചിലര്‍ കാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അവ്യക്തമായ രൂപങ്ങള്‍ കാണപ്പെട്ടതായും അവകാശവാദങ്ങളുണ്ട്.
സന്ധ്യ കഴിഞ്ഞാല്‍ ഇവിടേക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. കൊളോണിയല്‍ കാലഘട്ടത്തില്‍ ഇന്ത്യയില്‍ ജീവിച്ച നിരവധി പ്രമുഖരുടെ ശവകുടീരങ്ങള്‍ ഇവിടെയുണ്ട്. പ്രശസ്ത കവിയും അധ്യാപകനും നവോത്ഥാന നായകനുമായ ഹെന്റി ലൂയിസ് വിവിയന്‍ ഡെറോസിയോ, ഏഷ്യാറ്റിക് സൊസൈറ്റിയുടെ സ്ഥാപകന്‍ സര് വില്യം ജോണ്‍സ്, കൃഷ്ണഭക്തനായ ബ്രിട്ടീഷ് ജനറല്‍ ചാള്‍സ് ഹിന്ദു സ്റ്റുവര്‍ട്ട് തുടങ്ങിയവരുടെ കല്ലറകളാണ് അതില്‍ പ്രധാനപ്പെട്ടത്.
ഇതില്‍ വിവിയന്‍ ഡെറോസിയോയുടെ കല്ലറയുമായി ബന്ധപ്പെട്ടും പല പ്രേതകഥകളും നിലവിലുണ്ട്. കല്ലറയ്ക്കരികെ അസാധാരണ വെളിച്ചവും നിഴല്‍രൂപവും കണ്ടിട്ടുള്ളതായി പലരും അവകാശപ്പെടുന്നു.
സത്യജിത് റേയുടെ പ്രശസ്തമായ "ഗോരോസ്ഥാനെ സാബ്ധാന്’ എന്ന സിനിമയിലും പ്രശസ്തമായ ഫെലൂദ കഥകളിലും ഈ സെമിത്തേരി ഒരു പ്രധാന പശ്ചാത്തലമാണ്. പ്രേതകഥകളില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇതൊരു ഭയാനകമായ സ്ഥലമാണെങ്കില്‍, ചരിത്രസ്നേഹികള്‍ക്ക് ഇത് അറിവിന്റെ കലവറയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള രഹസ്യങ്ങളും പേറി ഇന്നും ഈ സെമിത്തേരി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
SUNDAY DEEPIKA
ഡാഫ്നെ ദു മോറിയർ സ്വതന്ത്ര പരിഭാഷ
കുറേ നാളുകളായി മിസിസ് ഡാൻവേഴ്സിനെ ഞാൻ നേരിട്ടു കാണാറില്ല. കാണാൻ ആഗ്രഹിക്കുന്നുമില്ല. ദിവസവും രാവിലെ മോണിംഗ് റൂമിലെ വീട്ടുഫോണിലൂടെ അന്നന്നത്തെ മെനു എന്നെ വായിച്ചുകേൾപ്പിക്കും. ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്താനോ പുതിയവ ചേർക്കാനോ വേണ്ടിയാണ്. ഇതൊരു പതിവു ചടങ്ങായി മാറി. അവരുമായി വേറേ അധികം സന്പർക്കങ്ങളില്ല. അത്രയും നല്ലതെന്ന് ഞാനും കരുതി.
ആലീസ് എന്റെ പരിചാരകയാണെങ്കിലും എന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ക്ലാരീസ് എന്ന പുതിയൊരു പെണ്‍കുട്ടിയെ മിസിസ് ഡാൻവേഴ്സ് നിയമിച്ചിട്ടുണ്ട്. ഇവിടത്തെ എസ്റ്റേറ്റിലെതന്നെ ഒരു വീട്ടിലെ കുട്ടിയാണത്രേ. അവൾ അകലെയുള്ള അമ്മായിയുടെ വീട്ടിലാണ് പഠിച്ചതും വളർന്നതും. നല്ല അടക്കവും ഒതുക്കവും പ്രസരിപ്പുമുള്ള ഒരു കൊച്ചുമിടുക്കി. അവൾക്ക് ഞാൻ യജമാനത്തിയും മിസിസ് മാക്സിമുമാണ്. സ്നേഹബഹുമാനത്തോടെ അവൾ എന്നെ വിളിക്കുന്നത് "കൊച്ചമ്മേ!' എന്ന്.
മിസിസ് ഡാൻവേഴ്സ് എന്നോട് അതൃപ്തിയും നീരസവും പ്രകടിപ്പിക്കുന്നതിന്റെ കാരണം ഞാൻ തിരിച്ചറിയുന്നുണ്ട്. ബിയാട്രീസ് അന്നു പറഞ്ഞതുപോലെ ആ സ്ത്രീ റെബേക്കയെ മനസിൽ കുടിയിരുത്തി ആരാധിക്കുന്നു. അതിനാൽതന്നെ റെബേക്കയുടെ സ്ഥാനത്ത് ഇപ്പോൾ നിൽക്കുന്ന എന്നെ വെറുക്കുന്നു. ഞാൻ മാത്രമല്ല ഇവിടത്തെ പലരും അവരെ വെറുക്കുന്നുണ്ട്. ഫ്രാങ്ക് മോണിംഗ് റൂമിൽ വരില്ല. വന്നാൽതന്നെ റെബേക്ക ഇരുന്നിരുന്ന ചെയറിൽ ഇരിക്കില്ല. ഉപയോഗിച്ചിരുന്ന പുസ്തകങ്ങൾ തൊടില്ല. ഡൈനിംഗ് റൂമിൽ റെബേക്കയുടെ ചെയറിൽ ഇരിക്കില്ല. ഉപയോഗിച്ചിരുന്ന കത്തിയും ഫോർക്കും എടുക്കില്ല.
എന്നാൽ ഞാൻ അങ്ങനെയല്ല. ഞാൻ ഞാനായിട്ടുതന്നെ ഇവിടെ പെരുമാറും. റെബേക്ക എന്ന ചിന്ത എന്റെ മനസിലോ സ്വപ്നത്തിൽപോലുമോ വരുത്തല്ലേ എന്നാണ് ദൈവത്തോടുള്ള എന്റെ പ്രാർഥന. എനിക്കു സന്തോഷം വേണം. സമാധാനം വേണം. മാക്സിമിനെ സന്തോഷിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും വേണം. ഞങ്ങൾ ഒന്നിച്ച് സൗഭാഗ്യത്തിൽ കഴിയണം. ഇതൊഴിച്ച് മറ്റൊരാഗ്രഹവും എനിക്കില്ല.
പൂന്തോട്ടത്തിൽനിന്ന് അറുത്തെടുത്ത അതിസുന്ദരമായ ഒരുകൊട്ട ലൈലാക്ക് പുഷ്പങ്ങളുമായി ഒരുദിവസം ഞാൻ കയറിവന്നു. ഫ്രിത്തിനോടു പറഞ്ഞു: ""ഇത് അലങ്കരിച്ചുവയ്ക്കാൻ വലുതും ഉയരമുള്ളതുമായ ഒരു ഫ്ളവർവേസ് വേണം. ലൈബ്രറിയിൽ വയ്ക്കാനാണ്. അവിടെയുള്ളത് നന്നേ ചെറുത്.''
""ഒരെണ്ണമുള്ളത് മോണിംഗ് റൂമിലാണ്. ഇത്തരം പൂക്കൾ അതിലാണ് വയ്ക്കാറു പതിവ്.''
""ഓ, അങ്ങനെയാണോ?'' ഞാൻ ശങ്കിച്ചുനിന്നു.
""റെബേക്കാ മാഡം ചിലപ്പോൾ മാറ്റിവയ്ക്കാറുണ്ട്. വേണമെങ്കിൽ കൊണ്ടുവരാം.''
""ശരി, കൊണ്ടുവരൂ!''
ഫ്രിത്ത് വേഗം അതെടുത്തു കൊണ്ടുവന്നു. വെണ്ണക്കല്ലുകൊണ്ടു നിർമിച്ച അതിമനോഹരമായ ഫ്ളവർവേസ്. അതിൽ ഞാൻ ഓരോ പൂവും ഭംഗിയായി വച്ചുകൊണ്ടിരുന്നു. ഫ്രിത്ത് മറ്റുപല കാര്യങ്ങൾക്കായി പോയി.
അടുത്തദിവസം ലഞ്ച് കഴിഞ്ഞ് പതിവുള്ള കാപ്പി ഞങ്ങൾക്കു കൊണ്ടുവന്നുതന്നശേഷം ഫ്രിത്ത് അവിടെ ചുറ്റിപ്പറ്റിനിന്നു. ജാസ്പ്പർ എന്റെ അരികിലേക്ക് ഓടിവന്നപ്പോൾ ഞാൻ നീങ്ങി അപ്പുറത്തെ കസേരയിലേക്കു മാറി ഇരുന്നു.
""മാഡം! ഞാനൊരു കാര്യം പറയട്ടെ?''
മാക്സിം തിരിഞ്ഞുനോക്കി. ദുഃഖഭാവത്തിൽ ഭയഭക്തിപുരസരം നിൽക്കുന്നതു കണ്ടപ്പോൾ ഉത്കണ്ഠയോടെ ചോദിച്ചു.
""എന്താണ് ഫ്രിത്ത്?''
""റോബർട്ടിനെപ്പറ്റി പറയാനാണ്.''
""റോബർട്ടിന് എന്തുപറ്റി?''
""മിസിസ് ഡാൻവേഴ്സും റോബർട്ടും തമ്മിലാണ് പ്രശ്നം. റോബർട്ട് വല്ലാതെ വിഷമിച്ചിരിക്കുന്നു മാഡം.''
""എന്താണ് സംഭവം?''
""ദിവസവും മോണിംഗ് റൂമിൽ പുതിയ പൂക്കൾ അലങ്കരിച്ചുവയ്ക്കേണ്ട ചുമതല റോബർട്ടിനാണ്. മിസിസ് ഡാൻവേഴ്സ് കുറേസമയം കഴിഞ്ഞ് ആ മുറിയിൽ പോയപ്പോൾ വളരെ വിലപിടിപ്പുള്ള ഒരു സാധനം അവിടെ കാണുന്നില്ല. ഇന്നലെ അതവിടെയുണ്ടായിരുന്നു. എന്നിട്ട് അവർ കുറ്റപ്പെടുത്തി- ഒന്നുകിൽ റോബർട്ട് അതു മോഷ്ടിച്ചു, അല്ലെങ്കിൽ അത് ഉടച്ചു. ഈ രണ്ടു കുറ്റങ്ങളും റോബർട്ട് നിഷേധിച്ചു. കരയാറായ മട്ടിലാണ് അവൻ എന്റെ അടുത്തു വന്നത്.''
""ശരി. റോബർട്ടിനോടു ചോദിക്കാം. വരാൻ പറയൂ!''
നിമിഷങ്ങൾക്കുള്ളിൽ റോബർട്ട് വന്നു. മാക്സിം കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മാർബിളിന്റെ ഫ്ളവർവേസാണ് കാണാതായതെന്നു പറഞ്ഞപ്പോൾ ഉൾക്കിടിലമുണ്ടായത് എനിക്കാണ്. റോബർട്ട് പോയശേഷം മാക്സിം പറഞ്ഞു.
""ദൈവമേ! അത് ഇവിടത്തെ ഏറ്റവും വിലപിടിപ്പുള്ള ഒരു മുതലാണ്. തുടർന്ന് എന്റെ നേരേ തിരിഞ്ഞ്- ജോലിക്കാർ ഓരോരുത്തർ എന്റെ മുന്‍പിലാണ് വരുന്നത്. ഇത്തരം കാര്യങ്ങളിൽ എന്റെ മോളേ, നീയാണ് ഇടപെടേണ്ടത്.'' അസ്വസ്ഥത ഉള്ളിലൊതുക്കി മയത്തിലാണ് പറഞ്ഞത്.
ഞാൻ മനോവിഷമത്തോടും ഉൾഭയത്തോടും കൂടി മുന്നോട്ടുവന്നിട്ടു പറഞ്ഞു: ""എന്റെ പ്രിയ മാക്സിം! ഇന്നലെ അത് എന്റെ കൈയിൽനിന്നാണ് നിലത്തുവീണു പൊട്ടിയത്.''
""ങേ! നിന്റെ കൈയിൽനിന്നോ?''
""ഞാനിതു മുന്‍പേ പറയേണ്ടതായിരുന്നു. സോറി, വെരി സോറി..''
""ഈ വിവരം എന്തേ ഫ്രിത്തിനോടും മിസിസ് ഡാൻവേഴ്സിനോടും പറയാഞ്ഞത്?''
""ഭയന്നിട്ട്. അവർ എന്നെക്കുറിച്ച് മോശമായി ധരിക്കുമെന്നു കരുതിയിട്ട്.''
""ഇപ്പോഴല്ലേ നീ കൂടുതൽ മോശമായത്! ഉം, ശരി. എന്തായാലും അവർ വരട്ടെ.''
അല്പനേരത്തിനുള്ളിൽ ഫ്രിത്തും മിസിസ് ഡാൻവേഴ്സും വാതിൽ തുറന്ന് കടന്നുവന്നു. ഞാൻ വിറപൂണ്ടു നിന്നു. ആ സമയത്ത് മാക്സിം പകുതി തമാശരൂപത്തിലും പകുതി ദേഷ്യത്തോടെയും പറഞ്ഞു: ""മിസിസ് ഡാൻവേഴ്സ്! സത്യത്തിൽ സംഭവിച്ചത് എന്താണെന്നു പറയട്ടെ?'' (എന്നെ ചൂണ്ടിക്കാട്ടി) ""ഈ നിൽക്കുന്ന ആളുടെ ഭാഗത്തുനിന്നു വന്ന ഒരു കൈപ്പിഴയാണ്. അതു നിലത്തുവീണു പൊട്ടി.''
ഞാൻ ഒരു കുറ്റവാളിയെപ്പോലെ നിന്നു. ഫ്രിത്ത് അതുകേട്ട് വിഷമിച്ചുനിന്നു. മിസിസ് ഡാൻവേഴ്സ് തലയോടുപോലുള്ള അവരുടെ വെളുത്ത മുഖവും കറുത്ത കണ്ണുകളുംവച്ച് എന്റെ നേരേ നോക്കി. തെല്ലും അനുകന്പയില്ലാത്ത നോട്ടം. ഞാനാണ് അതു പൊട്ടിച്ചതെന്ന് അവർക്ക് മുന്‍പേ അറിയാം. റോബർട്ടിനെ കുറ്റംചാർത്തിയത് ഞാനിതു തുറന്നുപറയുമോ എന്ന് പരീക്ഷിക്കാനാണ്.
""അതു റിപ്പയർ ചെയ്യാൻ കഴിയുമോ മാഡം?''
""പറ്റുമെന്നു തോന്നുന്നില്ല. അത് അനേകം കഷണങ്ങളായി.''
""എന്നിട്ട് അതെന്തുചെയ്തു?''
ഒരു കവറിലാക്കി മേശവലിപ്പിൽ വച്ചു.
ഈ സമയത്ത് മാക്സിം എന്റെ രക്ഷയ്ക്കെത്തി. മാക്സിം പറഞ്ഞു: ""മിസിസ് ഡാൻവേഴ്സ് നിന്നെ പിടിച്ചു ജയിലിലിടുമോ എന്ന ഭയമുണ്ടോ?''
അത് അവർക്കുള്ള ഒരു തൊഴിയായിരുന്നു.
വന്നവർ രണ്ടുപേരും കതകടച്ചു പോയി. അപരാധബോധത്തോടെ വീണ്ടും ഞാൻ പറഞ്ഞു: ""തെറ്റുപറ്റി. ഞാൻ കുറേക്കൂടി സൂക്ഷിക്കേണ്ടതായിരുന്നു.''
""ഈ വിഷയം വിടൂ. ആ സ്ത്രീ ഇത്ര ചൂടാവാൻ എന്താ അവരുടെ സ്വന്തം മുതലാണോ? നീ ചിലപ്പോൾ പറയുന്നുണ്ട്, നിനക്കവരെ പേടിയാണെന്ന്. എന്തിന്? അവർ ഇവിടത്തെ ആരാ? ഇറങ്ങിപ്പോകാൻ ഞാൻ പറഞ്ഞാൽ അവർ പോകണം. മാൻഡെർലി അവരുടെ സ്വന്തമൊന്നുമല്ല. നീയാണ് എന്റെ സ്വന്തം. നിനക്ക് ഞാനുണ്ട്. നമ്മൾ ഒന്നാണ്. ഒരുമിച്ചാണ്.''
അഭിമാന വിജൃംഭിതയായി ഞാൻ മാക്സിമിന്റെ കൈയെടുത്ത് അതിൽ ചുംബിച്ചു. മാക്സിം എന്നെ മാറോടുചേർത്തുപിടിച്ച് ആശ്ലേഷിച്ചു.
(തുടരും)
SUNDAY DEEPIKA
ജപ്പാന്റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നതും സമാധാനപൂർണവുമായ ഒരു കാലഘട്ടമായിരുന്നു 1603 മുതൽ 1868 വരെയുള്ള വർഷങ്ങൾ. അക്കാലത്തും ജപ്പാനിൽ ചക്രവർത്തി ഉണ്ടായിരുന്നെങ്കിലും യഥാർഥ ഭരണാധികാരികൾ ഷോഗണ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന മിലിട്ടറി നേതാക്കളായിരുന്നു. പിൽക്കാലത്ത് ടോക്കിയോ ആയി മാറിയ ഇഡോ ആയിരുന്നു അവരുടെ ആസ്ഥാനം.
ടോക്കുഗാവ ലെയാസു എന്ന ഷോഗണ് ആയിരുന്നു ഈ കാലഘട്ടത്തിലെ ആദ്യത്തെ ഭരണാധികാരി. അദ്ദേഹത്തിന്റെ കാലത്ത് യുദ്ധങ്ങൾ അവസാനിക്കുകയും സമാധാനം സ്ഥാപിക്കപ്പെടുകയും ചെയ്തതുകൊണ്ട് വിവിധ രീതിയിൽ ജപ്പാനിൽ വളർച്ചയുണ്ടായി. ഈ വളർച്ചയുടെ ഭാഗമായി ജപ്പാനിൽ നിർമിക്കപ്പെട്ടതായിരുന്നു ആൻഡോണ്‍ വിളക്കുകൾ. അതുവരെ രാത്രിയിൽ പ്രകാശം പകരാനായി ഉപയോഗിച്ചിരുന്നത് സാധാരണ വിളക്കുകളോ തീപ്പന്തങ്ങളോ ആയിരുന്നു.
മുള ഉപയോഗിച്ച് ചട്ടക്കൂടുണ്ടാക്കി അതു കട്ടിയുള്ള കടലാസുകൊണ്ട് നാലുവശവും മറച്ച് അതിൽ എണ്ണവിളക്കു സ്ഥാപിച്ചാണ് ആൻഡോണ്‍ വിളക്കുകൾ നിർമിച്ചിരുന്നത്. ഈ വിളക്കുകളാണ് ആളുകളുടെ രാത്രികാല സഞ്ചാരങ്ങൾക്കു വെളിച്ചംപകർന്നത്. ഒരാൾ ഒറ്റയ്ക്ക് ഈ വിളക്കുമായി സഞ്ചരിക്കുന്പോൾ വിളക്കിന്റെ പ്രകാശം സ്വാഭാവികമായും ചെറുതായിരിക്കും. എന്നാൽ ഉത്സവകാലത്ത് രാത്രിയിൽ ഗ്രാമങ്ങളിലെ എല്ലാവരും ഈ വിളക്കുകൾ തെളിയിക്കാറുണ്ട്. അപ്പോൾ ആ ഗ്രാമം മുഴുവൻ പുതിയൊരു പ്രഭാതംപോലെ തെളിഞ്ഞുനിൽക്കും.
ഈ വിളക്കുകൾ ജപ്പാൻകാരെ പഠിപ്പിച്ച ഒരു പാഠമുണ്ട്. എല്ലാവരും അവരവരുടെ വിളക്കുകൾ തെളിയിച്ചാൽ അന്ധകാരം അതിവേഗം അപ്രത്യക്ഷമാകുമെന്ന സത്യം. നാം ഓരോരുത്തരും ജീവിതത്തിൽ നന്മയുടേതായി ഓരോ വിളക്കു തെളിയിക്കാനിടയായാൽ അത് സമൂഹത്തെ മൊത്തത്തിൽ നന്മപൂരിതമാക്കുമെന്നു സാരം.
""നിങ്ങൾ ലോകത്തിന്റെ വെളിച്ചമാണ്.. നിങ്ങളുടെ വെളിച്ചം അവരുടെ മുൻപിൽ പ്രകാശിക്കട്ടെ'' (മത്താ 5:14- 16) എന്നാണ് യേശുനാഥൻ നമ്മെ പഠിപ്പിച്ചിരിക്കുന്നത്. ജീവിതത്തിൽ നന്മയുടേതായ ഒരു ചെറിയ വെളിച്ചമെങ്കിലും പ്രകാശിപ്പിക്കാൻ നമുക്കു സാധിച്ചാൽ അതു തീർച്ചയായും നമ്മുടെ സമൂഹത്തെ കൂടുതൽ പ്രകാശപൂർണമാക്കുമെന്നു തീർച്ചയാണ്.
നമ്മുടെ സമൂഹത്തിൽ ഇരുട്ടിനു പലപ്പോഴും കനംകൂടിവരുന്നതായാണു കാണുന്നത്. അതിന്റെ കാരണമാകട്ടെ നന്മയുടെ വിളക്കുകൾ കൊളുത്തുന്നതിനു പകരം, ഉള്ള വിളക്കുകൾ പലരും കെടുത്തിക്കളയുന്നതാണ്. സാമൂഹ്യജീവിതത്തിലും മാധ്യമങ്ങളിൽ വരുന്ന വാർത്തകളിലുമൊക്കെ അത്തരത്തിലുള്ള പ്രവൃത്തികളാണല്ലോ നാം കാണുന്നത്.
ഈ പശ്ചാത്തലത്തിൽ ""ഇരുട്ടിനെ ശപിക്കുന്നതിനു പകരം ഒരു വിളക്കു കൊളുത്തുന്നതാണ് ഏറെ നല്ലത്'' എന്ന പഴമൊഴി ഏറെ പ്രസക്തമാണ്. എന്നാൽ നാം കൊളുത്തുന്ന വിളക്കുകൾ നന്മയുടെ പ്രകാശം പ്രസരിപ്പിക്കുന്നവ ആയിരിക്കണമെന്നു മാത്രം.
കത്തോലിക്കാ ആരാധനക്രമമനുസരിച്ച് ഇപ്പോൾ ആഗമനകാലമാണ്. ക്രിസ്മസ് ആഘോഷിക്കാൻ ആന്തരികമായി ഒരുങ്ങുന്ന കാലം. ആന്തരികമായ ഈ ഒരുക്കത്തെ സഹായിക്കാൻവേണ്ടി ലത്തീൻ സഭയിൽ ആഗമനകാല മെഴുകുതിരികൾ കത്തിക്കുന്ന ഒരു പാരന്പര്യമുണ്ട്. ആ തിരികൾ സജ്ജീകരിക്കുന്നത് മനോഹരമായ ഒരു റീത്തിനു മുകളിലായിട്ടാണ്. ഈ റീത്തുകളുണ്ടാക്കാൻ സാധാരണ ഉപയോഗിക്കുന്നതാകട്ടെ പൈൻ വൃക്ഷത്തിന്റെയോ ഫിർ മരത്തിന്റെയോ ദേവദാരുവിന്റെയോ പച്ചകെടാത്ത ചെറിയ ശിഖരങ്ങളും.
ആഗമനകാലത്തെ നാലു ഞായറാഴ്ചകളിൽ ആദ്യത്തേതിൽ ഒരു തിരി മാത്രമാണ് കത്തിക്കുന്നത്. ആ തിരി പ്രത്യാശയുടെ പ്രതീകമാണ്. രണ്ടാമത്തെ ആഴ്ച ആദ്യത്തെ തിരിയോടുകൂടി രണ്ടാമത്തെ തിരിയും കത്തിക്കും. അതു സമാധാനത്തിന്റെ പ്രതീകമാണ്. മൂന്നാമത്തെ ഞായറാഴ്ച ആദ്യത്തെ രണ്ടു തിരികൾക്കൊപ്പം മൂന്നാമത്തെ തിരിയും കത്തിക്കും. ആ തിരി പ്രതിനിധീകരിക്കുന്നത് സന്തോഷമാണ്. നാലാമത്തെ ഞായറാഴ്ച ആദ്യത്തെ മൂന്നു തിരികളോടൊപ്പം നാലാമത്തെ തിരിയും കത്തിക്കും. ഈ തിരി പ്രതിനിധാനം ചെയ്യുന്നത് സ്നേഹമാണ്.
ആഗമനകാലത്തെ പ്രഥമ ഞായറാഴ്ച തെളിയിക്കുന്ന പ്രത്യാശയുടെ തിരി നമ്മോടു പറയുന്നത് ഇരുട്ട് എത്ര കനത്താലും ഒരു ചെറിയ വെളിച്ചംമതി നമ്മെ ദിശകാണിക്കാൻ എന്നാണ്.
സമാധാനവും സന്തോഷവും സ്നേഹവും പ്രതിനിധീകരിക്കുന്ന മറ്റു തിരികൾ നമ്മോടു പറയുന്നത് അവയുടെ വിളക്കുകൾ ജീവിതത്തിൽ അനുദിനം തെളിയിക്കുവാനാണ്. നന്മയുടെ ഈ തിരികൾ ജീവിതത്തിൽ തെളിയിക്കാൻ കഴിഞ്ഞാൽ അതുവഴി നമ്മുടെ സമൂഹം നന്മയാൽ പ്രകാശപൂരിതമാകുമെന്നു തീർച്ച.
ചില സ്ഥലങ്ങളിൽ ആഡ്വെന്റ് റീത്തിന്റെ മധ്യത്തിലായി അഞ്ചാമതൊരു വെളുത്ത തിരികൂടി സ്ഥാപിക്കാറുണ്ട്. അതു പ്രതിനിധീകരിക്കുന്നത് ലോകത്തിന്റെ പ്രകാശമായിവന്ന യേശുനാഥനെയാണ്. യേശു പറഞ്ഞു: ""ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും'' (യോഹ 8:12). യേശുനാഥൻ പഠിപ്പിക്കുന്നതുപോലെ ജീവിച്ചാൽ നാം നന്മയുടെ പ്രകാശംപരത്തുന്നവരായി മാറുമെന്നർഥം.
ഈ ആഗമനകാലത്ത് നാം പ്രത്യേകം അനുസ്മരിക്കേണ്ട കാര്യമാണിത്. ആഡ്വെന്റ് തിരികൾ കൊളുത്തുന്നത് ഒരാചാരമായി മാത്രം ചെയ്യുന്നതല്ല. അത് ജീവിതത്തിൽ നാം തെളിയിക്കേണ്ട വെളിച്ചങ്ങളെ ഓർമിപ്പിക്കാനാണ്. പ്രത്യേകിച്ചും പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും വിളക്കുകൾ തെളിക്കാനുള്ള ഓർമപ്പെടുത്തൽ.
നാം ക്രിസ്മസിന് ഒരുങ്ങുന്നത് ഈ നന്മകളുടെ തിരികളോടൊപ്പം എല്ലാ നന്മകളുടെയും വിളക്കുകൾ ജീവിതത്തിൽ തെളിയിച്ചുകൊണ്ടാകട്ടെ. അപ്പോൾ ആൻഡോണ്‍ വിളക്കുകൾ ഉത്സവകാലത്ത് ഗ്രാമം മുഴുവൻ പ്രഭാപൂരിതമാക്കുന്നതുപോലെ നന്മയുടെ വിളക്കുകൾ സമൂഹത്തെ പ്രകാശപൂരിതമാക്കിമാറ്റും.
SUNDAY DEEPIKA
ചിതറിത്തെറിക്കുന്ന ഒരു കാട്ടരുവിയുടെ കുളിരു പകരുന്ന ഈണങ്ങൾ.. കേൾക്കാൻ മാത്രമുള്ളതല്ല, അനുഭവിക്കാൻകൂടിയുള്ളതാണെന്നുറപ്പിച്ചു ആ സംഗീതം... പകരക്കാർ ആരുമില്ലാത്ത പ്രതിഭയാണ് ആ ഈണങ്ങൾക്ക് ഹൃദയംകൊണ്ട് ഒപ്പുചാർത്തിയത്- സലിൽ ചൗധരി... ബുധനാഴ്ച അദ്ദേഹത്തിന്റെ നൂറാം ജന്മവാർഷികമായിരുന്നു...
ആസാമിലെ കാസിരംഗയ്ക്കടുത്തുള്ള തേയിലത്തോട്ടങ്ങളിൽ മെഡിക്കൽ ഓഫീസറായിരുന്ന ഡോ. ജ്ഞാനേന്ദ്ര ചൗധരി ബംഗാളിലെ സ്വന്തം ഗ്രാമത്തിൽനിന്ന് ആറുവയസുകാരൻ മകനെയും അങ്ങോട്ടു കൊണ്ടുപോയി. സലിൽ എന്ന ആ ബാലന് അവിടമൊരു വിസ്മയലോകമായിരുന്നു.
തോട്ടം തൊഴിലാളികൾക്കുവേണ്ടി ചെറു നാടകങ്ങളും കലാപരിപാടികളും ഒരുക്കിയിരുന്ന പിതാവ് അവനെ പുതിയ ഈണങ്ങൾ കേൾപ്പിച്ചു. കാടിന്റെയും മലകളുടെയും സംഗീതം അവനിലേക്ക് പ്രവഹിച്ചു. അതൊരു ചെറിയ തുടക്കം മാത്രമായിരുന്നു. അദ്ഭുതങ്ങൾ പിന്നെയും അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു.
അന്നവിടെ ഡോ. മലോണിയാണ് ചീഫ് മെഡിക്കൽ ഓഫീസർ. ഡോക്ടറുടെ ഗ്രാമഫോണ്‍ റെക്കോർഡുകൾ സലിലിനെ പാശ്ചാത്യ സിംഫണികൾ കേൾപ്പിച്ചു. സ്വദേശമായ അയർലൻഡിലേക്കു മടങ്ങുന്പോൾ ആ ഡിസ്കുകളൊന്നും ഡോക്ടർ കൊണ്ടുപോയില്ല. സലിൽ അവയിലൂടെ സംഗീതസാഗരങ്ങൾ കടന്നു. ബീഥോവനും മൊസാർട്ടും ചോപ്പിനും അവന് പുതിയ സ്വപ്നങ്ങൾ സമ്മാനിച്ചു. പുല്ലാങ്കുഴലിൽ അവൻ ആസാമിന്റെ നാടോടി ഈണങ്ങൾ വായിച്ചുതുടങ്ങി.
കോളജിൽ പഠിക്കാനെത്തിയതോടെ സ്വന്തമായി പാട്ടുകൾക്ക് ഈണമൊരുക്കി. സലിലിനെ, സലിൽ ചൗധരിയെ ഈണങ്ങളുടെ ലോകം സ്വന്തമാക്കിയെന്നും പറയാം. പ്രിയപ്പെട്ട സലിൽദായുടെ ഉദയം!
ഇപ്റ്റയുടെ വേദികൾ
ഉപരിപഠനത്തിനായി 1944ൽ കോൽക്കത്തയിൽ എത്തിയ സലിൽ ചൗധരിയെ വലിയൊരു വേദി ഹൃദയപൂർവം സ്വീകരിച്ചു- ഇടതുപക്ഷ കലാകാരന്മാരുടെ കൂട്ടായ്മയായ ഇപ്റ്റ (ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷൻ). ബൽരാജ് സാഹ്നി, കൈഫി ആസ്മി, കെ.എ. അബ്ബാസ് തുടങ്ങിയ പ്രഗത്ഭർക്കൊപ്പം ഇപ്റ്റയുടെ മുൻനിരയിൽ അണിചേരാൻ സലിലിനു കഴിഞ്ഞു. ബംഗാൾ ജനതയുടെ ഹൃദയത്തിൽ സമരജ്വാലകൾ ഉയർത്തിയ ഒട്ടേറെ ഗാനങ്ങൾ ഇപ്റ്റയ്ക്കുവേണ്ടി സലിൽ ഒരുക്കി. പാട്ടെഴുത്തും ചിട്ടപ്പെടുത്തലും ഒരുപോലെ അദ്ദേഹത്തിനു വഴങ്ങി.
ടാഗോർ, പങ്കജ് മല്ലിക്, ജ്യോതിരീന്ദ്ര മിത്ര തുടങ്ങിയവരായിരുന്നു സലിലിനു പ്രചോദനം. കവിതയുടെയും സംഗീതത്തിന്റെയും കനൽ ജ്വലിച്ച കാലം. അദ്ദേഹമൊരുക്കിയ സിനിമാപ്പാട്ടുകൾക്കും ഏറെയുയരത്തിലാണ് അന്നത്തെ ഗാനങ്ങളുടെ സ്ഥാനം. റെക്കോർഡ് ചെയ്യപ്പെടാതെപോയെ അസംഖ്യം ഗാനങ്ങളും അക്കൂട്ടത്തിലുണ്ട്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് അദ്ദേഹം ഒരുക്കിയ പാട്ടുകളുടെ വരികൾ അത്യന്തം തീക്ഷ്ണമായിരുന്നതിനാൽ പലപ്പോഴും വേദികളിൽ അവതരിപ്പിക്കുന്നതിനുമുന്‍പ് സെൻസറിംഗിനു വിധേയമാക്കാറുണ്ടായിരുന്നു.
ബംഗാൾ ക്ഷാമകാലത്തും രണ്ടാം ലോകയുദ്ധകാലത്തും അഭയാർഥികളുടെ കഷ്ടപ്പാടുകൾ കണ്ടറിഞ്ഞ് അദ്ദേഹത്തിന്റെ മനസുലഞ്ഞു. സാധാരണക്കാരുടെ അതിജീവനപ്പോരാട്ടങ്ങൾക്കൊപ്പം നിലയുറപ്പിച്ചു. സുന്ദർബൻസിൽ ഒളിവിൽ കഴിഞ്ഞ സമയത്തും ഗ്രാമീണർക്കായി പാട്ടുകളും നാടകങ്ങളുമെഴുതി.
സിനിമയിൽ
"പരിബൊർത്തൻ' എന്ന ബംഗാളി ചിത്രത്തിലൂടെ 1949ൽ സലിൽ ചൗധരി സിനിമയിലെത്തി. ഇതിഹാസതുല്യനായ സംവിധായകൻ ബിമൽ റോയിക്ക് ഒരു കഥയുടെ ആശയം വിവരിച്ചുനൽകിയ സലിലിനെ അദ്ദേഹത്തിനു നന്നായി ബോധിച്ചു. "ദോ ബിഗാ സമീൻ' (1953) എന്ന ചിത്രത്തിന് പാട്ടുകളൊരുക്കാൻ അങ്ങനെ അവസരമെത്തി. ഇന്ത്യൻ സിനിമയിലെ നാഴികക്കല്ലായി ആ ചിത്രം മാറി. അതിലെ ഹരിയാലി സാവൻ ഡോൽ ബജാതാ ആയാ എന്ന പാട്ട് സൂപ്പർ ഹിറ്റായി.
1944-45 കാലത്ത് ബംഗാളി കർഷകത്തൊഴിലാളികളുടെ വിളവെടുപ്പുവേളയ്ക്ക് ഒരുക്കിയ ഉരു തക തക തകിന എന്ന മനോഹരമായ നാടൻ ഈണത്തിന്റെ അതേ ആവിഷ്കാരമായിരുന്നു സിനിമയിലെ പാട്ട്. ഒരേ ഈണം പല ഭാഷകളിൽ അതിസുന്ദരമായി ഇണക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഓരോ ഭാഷകളിലെയും പാട്ടുകൾ ഓരോ അനുഭവങ്ങൾ പകർന്നു.
നാടോടി സംഗീതം, ശാസ്ത്രീയ സംഗീത ശകലങ്ങൾ, വെസ്റ്റേണ്‍ ഓർക്കസ്ട്രേഷൻ- ഇവയുടെ അതിസൂക്ഷ്മവും അസാധാരണവുമായ മിശ്രണമാണ് സലിൽ ചൗധരിയുടെ ഈണങ്ങളിൽ അനുഭവിക്കാനാവുക. ഒരുപക്ഷേ മറ്റാരെക്കൊണ്ടും സാധ്യമാവാത്ത അദ്ഭുതപ്രവൃത്തി!
ഹിന്ദി, ബംഗാളി, മലയാളം, കന്നഡ, തമിഴ്, തെലുഗ്, ഒഡിയ, ആസാമീസ്, ഗുജറാത്തി, മറാത്തി എന്നിങ്ങനെ തുടങ്ങി 13 ഭാഷകളിൽ അദ്ദേഹം പാട്ടുകളുണ്ടാക്കി. 75 ഹിന്ദി സിനിമകൾ, 41 ബംഗാളി, 27 മലയാളം സിനിമകളും! മലയാളത്തിൽ ചെമ്മീനിൽ തുടങ്ങി തുന്പോളി കടപ്പുറം വരെ അദ്ദേഹം കാതിൽ തേന്മഴയായൊഴുക്കിയ പാട്ടുകൾ!!
ഒരു ഭാഷയിലെയും ഒരു പാട്ടും മറന്നുപോകുക അസാധ്യം.
ഭാഷയുടെയും നാടിന്റെയും അതിർത്തികൾക്കപ്പുറമൊഴുകുന്ന, മനോഹരമായ, എന്നാൽ ശക്തിയുള്ള, ഒരിക്കലും പ്രവചിക്കാൻ കഴിയാത്തവിധമുള്ള ഈണങ്ങൾ- അതായിരുന്നു സലിൽ ചൗധരിക്ക് സ്വന്തം പാട്ടുകൾ. ഇഷ്ടങ്ങൾ കൂട്ടിയിണക്കി അതിൽനിന്ന് പുതിയതൊന്ന് സൃഷ്ടിക്കൽ അദ്ദേഹം മായാജാലംപോലെ ചെയ്തു. പിയാനോയും പുല്ലാങ്കുഴലും എസ്രാജും മാന്ത്രികനെപ്പോലെ വായിച്ചു. മൊസാർട്ടിന്റെ പുനർജന്മമാണ് താനെന്ന് അദ്ദേഹം തമാശയായി പറയാറുണ്ടെന്ന് മകൾ അന്തര ചൗധരി ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
സാഗരമേ ശാന്തമാക നീ...
"കഥയെഴുത്ത്, കവിതകൾ, ഓർക്കസ്ട്രേഷൻ, സിനിമാപ്പാട്ടുകൾ.. ഇതിൽനിന്നെല്ലാം ഏതു തെരഞ്ഞെടുക്കണമെന്ന് എനിക്കറിയില്ല. ആ നിമിഷം എന്റെ മാനസികാവസ്ഥയ്ക്കു ചേരുംവിധം സൃഷ്ടിപരമായിരിക്കാൻ ശ്രമിക്കുകയാണ് എന്റെ പതിവ്'- സലിൽദാ ഒരു പത്രപ്രവർത്തകനോടു പറഞ്ഞതാണിത്. ഒരുപക്ഷേ ഒന്നിൽമാത്രം ഒതുങ്ങിനിൽക്കാനുള്ള അനിഷ്ടംതന്നെയാകണം അദ്ദേഹത്തെ ഒരു മഹാപ്രതിഭയാക്കിയത്.
എല്ലാ മേഖലകളിലും അദ്ദേഹം തൊട്ടത് ഹൃദയംകൊണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇന്നും അദ്ദേഹം സൃഷ്ടിച്ച ഈണങ്ങൾ ഹൃദയംതൊടുന്നു.., ജീവിതം തൊടുന്നു.. ഒരു ശാന്തസാഗരംപോലെ...
SUNDAY DEEPIKA
അഞ്ചു രാജ്യങ്ങള്‍... 49 ദിവസം... 5,400 കിലോമീറ്റര്‍, സൈക്കിളില്‍!... ആലപ്പുഴ പുന്നപ്ര സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ അലക്സ് വര്‍ക്കി തന്റെ സൈക്കിള്‍ ചവിട്ടിയത് ലഹരിക്കെതിരേയുള്ള സന്ദേശവുമായാണ്. കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിന് "യാത്രയാണ് ലഹരി' എന്ന സന്ദേശവുമായി വിയറ്റ്നാമില്‍ നിന്നാരംഭിച്ച സൈക്കിള്‍ യാത്ര സിംഗപ്പുരില്‍ സമാപിച്ച് ഇദ്ദേഹം ഒക്ടോബര്‍ 23 നാണ് കേരളത്തില്‍ തിരിച്ചെത്തിയത്. ആ യാത്രാ വിശേഷങ്ങളിലേക്ക്....
യാത്രകൾ ഹരമാക്കിയ കുട്ടിക്കാലം
ആലപ്പുഴ തകഴി മഠത്തില്‍ വീട്ടില്‍ വര്‍ക്കി വര്‍ഗീസ്- റീത്ത വര്‍ക്കി ദമ്പതികളുടെ മകനായ അലക്സിന് കുട്ടിക്കാലം മുതല്‍ യാത്രകളോട് ഇഷ്ടമായിരുന്നു. തന്റെ കൊച്ചു സൈക്കിൾ ചവിട്ടി സമീപ പ്രദേശത്തൊക്കെ എത്തി. എന്നാല്‍ അധികം ദൂരേക്കൊന്നും പോകാനുള്ള സാഹചര്യം അന്നുണ്ടായില്ല.
എങ്കിലും യാത്രാ പുസ്തകങ്ങളും സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ യാത്രാ വിശേഷങ്ങളുമൊക്കെ അലക്സ് വായിക്കുകയും കാണുകയുമൊക്കെ പതിവാക്കിയിരുന്നു. ഈ സ്ഥലങ്ങളൊക്കെ എന്നെങ്കിലും തനിക്കും കാണണമെന്ന് മനസില്‍ തീവ്രമായി ആഗ്രഹിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം 2010 ല്‍ അലക്സ് പോലീസ് സേനയുടെ ഭാഗമായി.
അതോടെ താന്‍ ഏറെ സ്നേഹിച്ചിരുന്ന യാത്രയ്ക്കായി സമയം കണ്ടെത്തുകയായിരുന്നു. അതും വെറുതെ സ്ഥലങ്ങള്‍ കണ്ട് മടങ്ങാനായിരുന്നില്ല അലക്സ് ആഗ്രഹിച്ചത്. സൈക്കിളില്‍ ലഹരിക്കെതിരേയുള്ള സന്ദേശവുമായിട്ടായിരുന്നു യാത്രകള്‍.
ആദ്യയാത്രയുടെ പിന്‍ബലത്തില്‍
2019ലാണ് അലക്സ് ആദ്യമായി സൈക്കിളില്‍ ഇന്ത്യ ഒട്ടാകെ സഞ്ചരിച്ചത്. ലഹരിക്കെതിരേയുള്ള സന്ദേശവുമായി കൊച്ചിയില്‍നിന്ന് കാഷ്മീരിലേക്കായിരുന്നു ആ യാത്ര. ആലുവ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായി അടുത്തയിടെ വിരമിച്ച വി.എന്‍. നവാസും പോലീസ് ഉദ്യോഗസ്ഥനായ എം.കെ. വിനിലുമായിരുന്നു സഹയാത്രികര്‍.
അന്ന് 32 ദിവസംകൊണ്ട് 3,600 കിലോമീറ്റര്‍ സഞ്ചരിച്ച് ലഹരിക്കെതിരേ ക്ലാസുകളെടുത്തും സന്ദേശം നല്കിയുമൊക്കെയാണ് മൂവര്‍സംഘം തിരിച്ചെത്തിയത്.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയും അലക്സ് ലഹരിക്കെതിരെ സന്ദേശവുമായി യാത്ര ചെയ്തിട്ടുണ്ട്. ഈ യാത്രകളുടെ പിന്‍ബലത്തിലാണ് ഏഴു രാജ്യങ്ങളിലേക്ക് ലഹരിവിരുദ്ധ സന്ദേശവുമായി സൈക്കിള്‍ യാത്രയ്ക്ക് ഇത്തവണ അലക്സ് ഒരുങ്ങിയത്.
ലഹരിക്കെതിരേയുള്ള ലോകസഞ്ചാരം
94 ദിവസംകൊണ്ട് ഏഴു രാജ്യങ്ങളിലായി 7,100 കിലോമീറ്റര്‍ സൈക്കിളില്‍ താണ്ടാനായിരുന്നു അലക്സ് പ്ലാന്‍ ചെയ്തത്. വിയറ്റ്നാമില്‍ തുടങ്ങി ബാലിയില്‍ അവസാനിക്കുന്ന രീതിയിലായിരുന്നു യാത്ര. ലാവോസ്, തായ്ലന്ഡ്, മലേഷ്യ, സിംഗപ്പുര്‍, കംബോഡിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും ലഹരിക്കെതിരേയുള്ള സന്ദേശം എത്തിക്കുന്ന രീതിയില്‍ തയാറാക്കിയ യാത്രയില്‍ സാങ്കേതിക പ്രശ്നങ്ങള്‍ മൂലം കംബോഡിയ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ യാത്ര ഒഴിവാക്കേണ്ടിവന്നു.
കൊച്ചിയില്‍നിന്ന് വിമാന മാര്‍ഗം വിയറ്റ്നാമിലെത്തി അവിടെനിന്നാണ് അലക്സ് വര്‍ക്കി ലഹരിവിരുദ്ധ സൈക്കിള്‍ യാത്ര ആരംഭിച്ചത്. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗില്‍ ജോലി ചെയ്യുന്ന സുഹൃത്ത് സായിസും അലക്സിനൊപ്പം യാത്രയ്ക്കുണ്ടായിരുന്നു.
സെപ്റ്റംബര്‍ അഞ്ചിന് വിയറ്റ്നാം തലസ്ഥാനമായ ഹാനോയില്നിന്നാണ് സൈക്കിള്‍ പര്യടനം തുടങ്ങിയത്. മോഡിഫിക്കേഷന് വരുത്തിയ 1,30,000 രൂപ വിലവരുന്ന ട്രക്ക് 520 ടൂര്‍ ബൈക്കിലായിരുന്നു യാത്ര. ലാവോസ്, തായ്ലന്ഡ്, കംബോഡിയ, മലേഷ്യ, സിംഗപ്പുര്‍ തുടങ്ങിയ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ലഹരിവിരുദ്ധ സന്ദേശം നല്കി.
ഉന്നത പോലീസ് അധികാരികളില്‍നിന്ന് പ്രത്യേക അനുമതി വാങ്ങി അവധിയെടുത്തായിരുന്നു അലക്സിന്റെ യാത്ര. താമസം മിക്കപ്പോഴും ടെന്റുകളിൽ. യാത്രയില്‍ ഭക്ഷണം സ്വയം ഉണ്ടാക്കി കഴിക്കും.
ഓരോ ദിവസവും വ്യത്യസ്താനുഭവങ്ങള്‍
വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാനാകാവാത്ത അനുഭവമായിരുന്നു ഓരോ രാജ്യത്തുനിന്നും ലഭിച്ചതെന്ന് അലക്സ് വര്‍ക്കി പറഞ്ഞു. ഒരു കുപ്പി വെള്ളംപോലും വാങ്ങേണ്ടിവന്നില്ല. ഓരോ രാജ്യങ്ങളിലെത്തുമ്പോഴും സൈക്കിളില്‍ ലഹരിവിരുദ്ധ പ്രചാരണത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ ആ നാട്ടുകാരെല്ലാം ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. തായ്ലന്ഡിലെ ബോര്ഡറില് വച്ച് അല്പസമയം വിശ്രമിക്കാനായി കയറിയ ഷോപ്പിലെ ജീവനക്കാര്‍ വൈകുന്നേരം കഴിക്കാനുള്ള ഭക്ഷണംകൂടി സമ്മാനിച്ചാണ് യാത്രയാക്കിയത്.
ഓരോ രാജ്യത്തും ഇത്തരത്തിലുള്ള സ്വീകരണമാണ് ലഭിച്ചതെന്ന് അലക്സ് വര്‍ക്കി പറഞ്ഞു. മലേഷ്യയിൽ എത്തിയപ്പോൾ അവിടത്തെ പ്രവാസികളായ മലയാളിസമൂഹം ഭക്ഷണവും താമസ സൗകര്യവുമൊക്കെയൊരുക്കി കൂടെനിന്നു.
ലഹരിവിരുദ്ധ സന്ദേശവുമായി കേപ്ടൗണ്‍ മുതല്‍ കെയ്റോ വരെ മറ്റൊരു സൈക്കിള്യാത്രകൂടി നടത്താനുള്ള ആഗ്രഹത്തിലാണ് ഇദ്ദേഹമിപ്പോൾ.
ലഹരിയോടു നോ!
യാതൊരുവിധ ലഹരിയും ഉപയോഗിക്കാത്ത തന്റെ ലഹരിക്കെതിരേയുള്ള സൈക്കിള്‍യാത്ര കാണുന്നവര്‍ക്ക് പ്രചോദനമാകുകയാണെങ്കില്‍ അതുതന്നെയാണ് വലിയകാര്യമെന്ന് അലക്സ് വര്‍ക്കി പറയുന്നു. മാതാപിതാക്കളും ഭാര്യ ജെറിന് ജോര്‍ജും മക്കളായ ആഴ്സന്‍ അലക്സും അലീഷയും പൂര്‍ണ പിന്തുണയുമായി ഇദ്ദേഹത്തിനൊപ്പമുണ്ട്.
SUNDAY DEEPIKA
ഒരാഴ്ച കഴിഞ്ഞുള്ള ഞായറാഴ്ച. ഒഴിവുദിവസമായതുകൊണ്ട് ഉച്ചതിരിഞ്ഞ് മാക്സിം എന്നെയുംകൊണ്ട് അവിടെത്തന്നെ നടക്കാനിറങ്ങി.
മാക്സിം സരസമായി പറഞ്ഞു: ""ഒരാവശ്യത്തിനും എന്നെ കിട്ടുന്നില്ല എന്നല്ലേ നിന്റെ പരാതി. അത് ഇന്നു തീർക്കാം. നമുക്കിവിടെ ഒന്നു കറങ്ങാം.'' ഞങ്ങളെ നയിക്കാനെന്നവണ്ണം ജാസ്പ്പർ വാലാട്ടിക്കൊണ്ടു മുന്നിൽ.
നടന്ന് പുൽത്തകിടിയുടെ ഭാഗം കഴിഞ്ഞ് ഞങ്ങൾ കുന്നുപോലെ ഉയർന്ന ഭാഗത്തേക്കു കയറി. തഴച്ചുവളർന്നു പന്തലിച്ചു നിൽക്കുന്ന വൃക്ഷങ്ങൾ ചെറിയ കാടിന്റെ പ്രതീതി ജനിപ്പിച്ചു. ഞാൻ മാക്സിമിന്റെ കൈപിടിച്ചു നീങ്ങി. കാടുഭാഗം കഴിയുന്നിടത്ത് ഇടത്തോട്ടും വലത്തോട്ടും തിരിയുന്ന രണ്ടു പാതകൾ. ജാസ്പ്പർ വലത്തേ വഴിയിലൂടെ ഓടുകയാണ്.
മാക്സിം വിളിച്ചുപറഞ്ഞു: ""ജാസ്പ്പർ! ആ വഴിയല്ല. ഇങ്ങോട്ടു വാ!'' നായ അവിടെനിന്ന് വാലാട്ടിക്കൊണ്ട് ഞങ്ങളെ തിരിഞ്ഞുനോക്കിയെങ്കിലും മുന്നോട്ടുതന്നെ പോയി. ഞങ്ങൾ നടന്നത് ഇടത്തോട്ടുള്ള വഴിയിലൂടെ. ഞാൻ ചോദിച്ചു: ""നായ ആ വഴിക്കുതന്നെ പോകാനെന്താ കാരണം?''
""മുന്‍പു പോയി ശീലിച്ചിട്ടുള്ള വഴിയാണ്. അതു ചെന്നുമുട്ടുന്നത് കടലിനോടു ചേർന്നുള്ള ഒരു ഉള്ളറ, അല്ലെങ്കിൽ ഉൾക്കടലിലാണ്. അവിടെ ഞങ്ങൾക്ക് ഒരു ബോട്ടുമുണ്ടായിരുന്നു.''
മാക്സിം വീണ്ടും നായയെ വിളിച്ചു. ""അനുസരണയില്ലാത്ത ആ കുറുന്പൻ എവിടെയൊക്കെയോ ഓടിനടക്കുന്നുണ്ടാവും.'' ഞങ്ങൾ കുന്നിൻചെരുവിലേക്കു നീങ്ങി. മാക്സിം കൈചൂണ്ടിക്കൊണ്ട് എന്നോടു പറഞ്ഞു: ""അതാ അങ്ങോട്ടു നോക്കൂ. ആ കാഴ്ച കണ്ടോ?'' ഞാൻ അങ്ങോട്ടുനോക്കി. പ്രകൃതി വർണപ്പട്ടു വിരിച്ചപോലുള്ള കാഴ്ച.
ആകാശത്ത് വെള്ളിമേഘങ്ങൾ. താഴെ ഒരുവശത്ത് കളകളശബ്ദവുമായി ഒഴുകുന്ന അരുവി, കിളികളുടെ കളകൂജനം, വിവിധ വർണങ്ങളിൽ വിരിഞ്ഞുനിൽക്കുന്ന പുഷ്പങ്ങൾ, അവ കാറ്റിൽ നൃത്തമാടിക്കളിക്കുന്നു.. അവയിൽനിന്ന് ഉയർന്നുപൊങ്ങിയ പരിമളം ആ ഭാഗമാകെ സുഗന്ധപൂരിതമാക്കി. നയനാനന്ദകരമായ ഈ കാഴ്ചകണ്ട് അതിശയിച്ചു നിൽക്കുകയാണ് ഞാൻ.
മാക്സിം ചോദിച്ചു: ""എങ്ങനെയുണ്ട്?''
ഞാൻ പറഞ്ഞു: ""വണ്ടർഫുൾ!''
""ഇതിനെ ഞങ്ങൾ ഹാപ്പി വാലി എന്നാണ് വിളിക്കുന്നത്.''
""നല്ല അർഥവത്തായ പേര്. മാക്സിമിനോടൊപ്പം നിന്ന് ഇതൊക്കെ കാണുന്പോൾ ഞാൻ
എന്നെത്തന്നെ മറക്കുന്നു. അഭിമാനം കൊള്ളുന്നു. എങ്ങനെ ഞാനിവിടെവന്നു എന്ന് അദ്ഭുതപ്പെടുന്നു.'' ഇതുകേട്ട് മാക്സിം പൊട്ടിച്ചിരിച്ചു. ആ മുഖത്തേക്ക് ഉറ്റുനോക്കി ഞാൻ ചോദിച്ചു: ""മാക്സിം എന്നെ എന്തുമാത്രം സ്നേഹിക്കുന്നു?''
എന്റെ ഇരു തോളുകളിലും കൈവച്ച് പ്രേമപൂർവം പറഞ്ഞു: ""നീ അത് അർഹിക്കുന്നു. അതുകൊണ്ടാണ് എന്റെ ഇണയും തുണയുമായി നിന്നെ സ്വീകരിച്ചത്.''
ഞാൻ പറഞ്ഞു: ""എത്ര ഭാഗ്യവതിയാണ് ഞാൻ. മാക്സിമിനെ മനസുകൊണ്ടു സ്വീകരിക്കാൻ തയാറായത് മാൻഡെർലിയെ കണ്ടിട്ടല്ല. ഈ മനസു കണ്ടിട്ടാണ്.''
""അതെങ്ങനെ?''
""മോണ്ടി കാർലോയിലെ ഹോട്ടലിലായിരിക്കേ ഈ സാധു പെണ്ണിനെ കാറിൽ കയറ്റി മാക്സിം എത്രയോവട്ടം കറങ്ങി. ഏതെല്ലാം കാഴ്ചകൾ കാണിച്ചുതന്നു.''
""അതേ.''
""ഒരു ദുഃസ്വാതന്ത്ര്യവും എന്നോടു കാണിച്ചില്ല. അതിൽ ഞാൻ അളന്നു മാക്സിമിന്റെ സ്വഭാവശുദ്ധി.''
അതിനുള്ള മറുപടി മാക്സിമിന്റെ മധുരമുള്ള ഒരു ചുംബനമായിരുന്നു.
വന്ന വഴി ഏതാണ്ട് അവസാനിച്ചതുകാരണം ഞങ്ങൾ കുന്നിൻചെരുവിൽനിന്ന് കടലോരം ലക്ഷ്യമാക്കി തിരിച്ചുനടന്നു. അപ്പോഴേക്കും അതാ ജാസ്പ്പർ എവിടെനിന്നോ ഓടിയെത്തി. മാക്സിം ഒരു കല്ലെടുത്ത് കടലോരത്തേക്കു നീട്ടിയെറിഞ്ഞിട്ടു പറഞ്ഞു: ""എടാ തെമ്മാടി, നീ പോയി ആ കല്ലെടുത്തുകൊണ്ടുവാ.''
കേട്ടപാടേ ജാസ്പ്പർ കല്ലിനെ ലക്ഷ്യമാക്കി കുതിച്ചു. ഏകാന്തവിശാലമായ ആ കടലോരത്ത് ഞങ്ങൾ മാത്രമായി. കുറേ നേരമായിട്ടും ജാസ്പ്പറെ കാണാതായപ്പോൾ മാക്സിം ഉച്ചത്തിൽ വിളിച്ചു: ""ജാസ്പ്പർ... ജാസ്പ്പർ..! നീയെവിടെയാണ്?'' ചുറ്റും നോക്കി. കാണുന്നില്ല. ഞങ്ങൾക്ക് ഉത്കണ്ഠയായി. ഞാൻ സംശയം പറഞ്ഞു:
""അവൻ ഹാപ്പി വാലിയിലേക്കു തിരിച്ചുപോയിക്കാണുമോ?''
""ഇല്ലില്ല. അല്പംമുന്പ് ദൂരെ ഞാൻ അവനെ കണ്ടതാ.'' എന്നിട്ടു മാക്സിം വീണ്ടും ഉച്ചത്തിൽ വിളിച്ചു.
ഞാൻ ചെവിയോർത്തു. അങ്ങുദൂരെ ബീച്ചിലെ അറ്റത്തുള്ള പാറക്കെട്ടുകളുടെ ഭാഗത്തുനിന്ന് നായ കുരയ്ക്കുന്ന ശബ്ദംകേട്ടു. ""മാക്സിം! അതാ അവന്റെ കുര കേൾക്കുന്നു.''
ഇതും പറഞ്ഞ് വഴുവഴുപ്പുള്ള പാറയാണെങ്കിലും ഞാൻ ശ്രദ്ധിച്ച്, വീഴാതെ, അള്ളിപ്പിടിച്ചു താഴേക്കിറങ്ങി. മാക്സിം വിലക്കി. ""നീയിങ്ങു വാ! അവൻ വന്നോളും. വരേണ്ട വഴി അവനറിയാം.''
അകലെ അലയടിക്കുന്ന കടൽ. ജാസ്പ്പർ അതിൽപ്പെട്ടു ചാവുമോ? അവന്റെ ശബ്ദം അവിടെനിന്നാണ് കേൾക്കുന്നത്. മാക്സിം എന്താണ് ഹൃദയശൂന്യമായി ഇങ്ങനെ പറയുന്നത് എന്നെനിക്കു തോന്നി. ഞാൻ ആ ഭാഗത്തേക്ക് ഓടി. അല്പംകഴിഞ്ഞ് പിൻതിരിഞ്ഞുനോക്കിയപ്പോൾ മാക്സിമിനെ കാണാൻ പറ്റാത്ത അത്ര അകലത്തിലായി ഞാൻ. എങ്കിലും ധൈര്യത്തോടെ നീങ്ങി.
അപ്പോൾ തിരയടിച്ചു നനഞ്ഞ വലിയൊരു ഉരുളൻ പാറക്കല്ല് ഉയർന്നു നിൽക്കുന്നു. അതിനു മുകളിലൂടെ ഞാൻ എത്തിനോക്കിയപ്പോൾ ഗുഹപോലെ ഒരു ഉള്ളറ. ജാസ്പ്പർ എവിടെപ്പോയി? ഉൾഭയത്തോടെ കുറച്ചുകൂടി മുന്നോട്ടു നീങ്ങിയപ്പോൾ കണ്ട ദൃശ്യം എന്നെ അദ്ഭുതപ്പെടുത്തി. സൗകര്യപ്രദമായ ഒരു സുരക്ഷിത സങ്കേതം. ഉയരംകുറഞ്ഞ ഒരു കൊച്ചുകെട്ടിടം. ഒരു ബോട്ട് ഹൗസ്. അത് കടലിലേക്കു തുറന്നുകിടക്കുന്നു.
അപ്പുറത്തു നോക്കിയപ്പോൾ അതാ ഒരു മനുഷ്യൻ. ഞാൻ പേടിച്ചുപോയി. ജാസ്പ്പർ അയാളുടെനേരേ കുരയ്ക്കുകയാണ്. ഒരുപക്ഷേ അയാൾ മീൻപിടിത്തക്കാരനാവാം.
ഞാൻ വീണ്ടും പിന്നിലേക്കു തിരിഞ്ഞുനോക്കി. അപ്പോഴും മാക്സിമിനെ കണ്ടില്ല. ""ജാസ്പ്പർ! വാ ഇവിടെ.'' ഗൗരവസ്വരത്തിൽ ഞാൻ പറഞ്ഞു. അപ്പോഴേക്കും ആ മനുഷ്യൻ എന്റെ അടുത്തേക്കു വന്നു. കൊച്ചു കണ്ണുകളോടുകൂടിയ, ബുദ്ധിവികാസമില്ലാത്തതുപോലെ തോന്നിക്കുന്ന ഒരു മനുഷ്യൻ. അധികം പ്രായമില്ല. എന്നെ കൗതുകത്തോടെ നോക്കി കൈകൂപ്പി പുഞ്ചിരിച്ചുനിന്നു.
""ആമയെ ഒന്നും കിട്ടീല്യ. ഉച്ചയ്ക്കുമുന്പ് കുഴിച്ചുതുടങ്ങീതാ...''
""ഓ ഹോ! ഇവിടെ ഒരു ചരടോ കൊച്ചു കയറോ കിട്ടുമോ? കഴുത്തിൽ കെട്ടി ഈ നായയെ കൊണ്ടുപോകാനാ.''
""ഞാൻ ഈ നായയെ അറിയും. ഇവിടത്തെ മൊതലാളീടെയാ.''
""അതേ. ആ വീട്ടിലേക്കു കൊണ്ടുപോകാനാ. ഒരു ചരടുവേണം.''
എന്തായാലും ധൈര്യം സംഭരിച്ച് ഞാൻ ബോട്ട് ഹൗസിന്റെ വാതിൽ തുറന്നു. നല്ല വിസ്താരമുള്ള അലങ്കരിച്ച മുറി. മേശ, കസേരകൾ, ഒരു ഡെസ്ക്, ചുമരിനോടു ചേർന്ന സോഫാ ബെഡ്, അപ്പുറത്തെ മുറിയിൽ കപ്പുകൾ, പ്ലേറ്റുകൾ, പുസ്തകങ്ങൾ മുതലായവ. പലയിടത്തും എട്ടുകാലിവല. സോഫാ ബെഡ് എലി കടിച്ചുകീറി നാശമാക്കിയിരിക്കുന്നു. എന്തായാലും ഉദ്ദേശിച്ച ചരടുകിട്ടി. ആ മനുഷ്യൻ എന്നെ നോക്കിക്കൊണ്ടു നിൽക്കുന്നു.
""ജാസ്പ്പർ വാടാ ഇങ്ങോട്ട്!'' ഞാൻ കുനിഞ്ഞ് കഴുത്തിലെ പട്ടയിൽ ചരടുകെട്ടി.
ഒരു വിഡ്ഢിയുടെ മട്ടിലുള്ള ആ മനുഷ്യൻ പറഞ്ഞു: ""നിങ്ങള്‍ അങ്ങോട്ടു പോകുന്നത് ഞാൻ കണ്ടു. ആ സ്ത്രീ ഇനി ഇവിടേക്കു വരില്യ. ഈ കടലില്‍ മുങ്ങിപ്പോയി.''
ജാസ്പ്പറും ഞാനും മടങ്ങി. ഒപ്പം ആ മനുഷ്യനും. നോക്കിയപ്പോൾ തെല്ലകലെ മാക്സിം ഇരുപോക്കറ്റുകളിലും കൈയിട്ട് എന്നെ കാത്ത് ഒരു പാറയ്ക്കരികേ നിൽക്കുന്നു. പ്രസന്നമല്ല മുഖം.
""സോറി, വൈകിയത് ഈ ജാസ്പ്പർ മൂലമാണ്. ഇവൻ ഇയാളുടെ അരികെനിന്നു കുരയ്ക്കുകയായിരുന്നു. ആരാണിയാൾ?''
""ഇവൻ ബെൻ. പാവം. നിരുപദ്രവകാരിയാണ്. ഇവന്റെ പിതാവ് മുന്‍പ് നമ്മുടെ ജോലിക്കാരനായിരുന്നു. നമ്മുടെ തോട്ടത്തിനടുത്താണ് താമസം.'' നായയുടെ കഴുത്തിലെ ചരടുകണ്ട് ചോദിച്ചു: ""അതിരിക്കട്ടെ, നിനക്ക് ഈ ചരട് എവിടെന്നുകിട്ടി?''
""ബീച്ചിലെ കോട്ടേജിൽനിന്ന്.''
""അതിന്റെ വാതിൽ തുറന്നുകിടന്നിരുന്നോ?''
""ഞാൻ തള്ളിത്തുറന്നു. ചരടുകിട്ടിയത് തൊട്ടടുത്ത മുറിയിൽനിന്ന്. അവിടെ ഒരു ചെറിയ ബോട്ടും കണ്ടു. ആകെ മണ്ണും പൊടിയുമാണവിടെ. കുറച്ചുകാലമായിട്ട് ആരും ഉപയോഗിക്കാത്തതുപോലെ. കുറേ പുസ്തകങ്ങൾ കണ്ടു. അതെല്ലാം അവിടെക്കിടന്നു നാശമാവും.''
ഇതിന് മാക്സിം മറുപടിയൊന്നും പറഞ്ഞില്ല. കുത്തനെ കയറ്റംകയറി ഏറ്റവും വേഗത്തിൽ മടങ്ങി. ഒപ്പം ഞാനും.
ഞാൻ പറഞ്ഞു: ""എന്തൊരു നടത്തമാണിത്. ഒപ്പമെത്താൻ ഞാൻ വിഷമിച്ചു.''
തെല്ലും മയമില്ലാത്ത മറുപടിവന്നു: ""എല്ലാം നിന്റെ തെറ്റാണ്. ജാസ്പ്പറെ അന്വേഷിച്ച് പാറക്കൂട്ടവും കടന്ന് അറ്റംവരെ പോകേണ്ട വല്ലകാര്യവുമുണ്ടോ? ആരുടെയും സഹായമില്ലാതെ ചരടിട്ടു കെട്ടാതെതന്നെ അവൻ തിരിച്ചുവരും. മുന്‍പ് പോയിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത ആ സ്ഥലത്തേക്ക് പോകാൻ ഇത്രവലിയ വ്യഗ്രത എന്തിനായിരുന്നു?''
""ജാസ്പ്പർ കടലിൽ മുങ്ങിപ്പോകുമോ എന്നു ഭയന്ന്.''
""ഞാൻ പറഞ്ഞതു കേട്ടിരുന്നെങ്കിൽ ഇതിനകം നമ്മൾ വീട്ടിലെത്തുമായിരുന്നു. ഞാൻ നല്ല വാക്കിൽ പറഞ്ഞതാണ്, കുന്നും പാറകളും ചവിട്ടി പോകേണ്ടെന്ന്. എന്നിട്ടിപ്പോൾ ക്ഷീണവും പിറുപിറുപ്പും.''
""എനിക്കു ക്ഷീണവും പിറുപിറുപ്പുമൊന്നുമില്ല. എന്നാലും മാക്സിം എന്നോടൊപ്പം വരുമെന്ന് ഞാൻ വിചാരിച്ചു.''
""നായയെ അന്വേഷിക്കാൻവേണ്ടി ഞാൻ എന്തിന് ക്ഷീണിച്ചു കഷ്ടപ്പെടണം?'' പറഞ്ഞത് കടുത്ത സ്വരത്തിൽ.
""വേണ്ട, മതി. നമുക്കിവിടെവച്ച് നിർത്താം.''
""പറഞ്ഞത് അനുസരിക്കാതെ വേണ്ടാത്തതൊക്കെ പ്രവർത്തിച്ചിട്ട്...''
""പ്ലീസ് മാക്സിം, പ്ലീസ്! പറഞ്ഞതെല്ലാം നമുക്കിവിടെ മറക്കാം.''
കുറേനേരം പരസ്പരം മിണ്ടാതെ നടന്നു. വീട്ടിലെത്തിയ ഉടനെ ഫ്രിത്തിനോടു പറഞ്ഞു: ""ഞങ്ങൾക്ക് ചായ വേണം.'' ഇതും പറഞ്ഞ് എന്നെ നോക്കാതെ മാക്സിം ലൈബ്രറിയിലേക്കു കടന്നു വാതിലടച്ചു.
ഫ്രിത്ത് പോയശേഷം ഞാൻ വികാരഭരിതയായി, അടർന്നുവീഴാൻ വെന്പുന്ന കണ്ണീർത്തുള്ളികളോടെ, സ്വയം എളിമപ്പെട്ട് ലൈബ്രറിയുടെ വാതിൽ തുറന്നു. കസേരയിൽ ചിന്താമൂകനായി ഇരിക്കുന്ന മാക്സിം എന്നെ ഉറ്റുനോക്കി. ഞാൻ മാക്സിമിന്റെ അരികേ മുട്ടുകുത്തി, കണ്ഠമിടറിക്കൊണ്ടു പറഞ്ഞു: ""എന്നെ കുറ്റപ്പെടുത്തരുത്. എന്നോടിങ്ങനെ ദേഷ്യപ്പെടരുത്.''
എന്റെ മുഖം കൈകളിലൊതുക്കിക്കൊണ്ട് മാക്സിം പറഞ്ഞു: ""എനിക്ക് നിന്നോടു ദേഷ്യമൊന്നുമില്ല.''
""ഈ മനസു നൊന്തുവെന്നും സന്തോഷം ഞാൻ നഷ്ടപ്പെടുത്തിയെന്നും എനിക്കുതോന്നി. മാപ്പ്! ഞാൻ അങ്ങേയറ്റം മാക്സിമിനെ സ്നേഹിക്കുന്നുണ്ട്.''
""ഇല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ.'' നിറപുഞ്ചിരിയോടെ ഇതും പറഞ്ഞ് വരിഞ്ഞുമുറുക്കിയപോലെ എന്നെ കെട്ടിപ്പുണർന്നു. പിണക്കവും പരിഭവവും അതോടെ അലിഞ്ഞ് അപ്രത്യക്ഷമായി.
(തുടരും)
SUNDAY DEEPIKA
ഒന്നരയേക്കർ ഭൂമി പാട്ടത്തിനെടുത്ത് നെൽകൃഷിചെയ്ത് നല്ല വിളവും സന്തോഷവും കൊയ്തെടുക്കുകയാണ് സുനീഷ് എന്ന യുവാവ്. കൃഷി നഷ്ടമല്ലെന്ന് ഉറപ്പിച്ചു പറയുന്നു ഈ പത്തനംതിട്ടക്കാരൻ.
പഠനംകഴിയുന്നതിനുമുന്പേ മറുനാടുകളിലേക്കു ചേക്കേറുന്ന യുവാക്കളിൽനിന്ന് വ്യത്യസ്തനാവുകയാണ് പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് സ്വദേശി കെ.എസ്. സുനീഷ്.പരന്പരാഗതമായി കാർഷികകുടുംബമായതുകൊണ്ട് മണ്ണിൽ കിളച്ചും വിത്തുപാകിയുമൊക്കെയായിരുന്നു സുനീഷിന്റെ ബാല്യം. വളർന്നപ്പോഴും കൃഷിയെ സുനീഷ് തന്റെ ഉറ്റതോഴനായിക്കണ്ടു. അമ്മാവൻ ത്യാഗരാജനും നല്ല കർഷകനായിരുന്നു. അങ്ങനെ സുനീഷ് കൃഷിയുടെ പാതയിൽ നടത്തംതുടങ്ങി.
കോന്നി കാർഷിക വികസന ബാങ്കിൽ ഡ്രൈവർ തസ്തികയിൽ ജോലിക്കു കയറിയിട്ടും കൃഷിയെ വിട്ടുകളയാൻ സുനീഷ് തയാറായില്ല. തന്റെ 70 സെന്റ് പറന്പിൽ ഇഞ്ചി, മഞ്ഞൾ, കപ്പ, ചേമ്പ്, ചേന, ചെറുകിഴങ്ങു വർഗങ്ങൾ, കാച്ചിൽ, വാഴ, പച്ചക്കറികൾ എന്നിവ കൃഷിചെയ്തു. നല്ല വിളവുലഭിച്ചതോടെ ആത്മവിശ്വാസം കൂടി. അതോടെ ഒന്നരയേക്കർ ഭൂമികൂടി പാട്ടത്തിനെടുത്തു. അവിടെ നെൽകൃഷി ആരംഭിച്ചു.
കണ്ടുപഠിച്ച കൃഷിരീതി
പല വിളകൾക്കും പല രീതിയിലാണ് നിലമൊരുക്കുന്നത്. ഇഞ്ചി, മഞ്ഞൾ എന്നിവയ്ക്ക് സമചതുരാകൃതിയിലുള്ള തടം എടുക്കും. എന്നാൽ കപ്പ, ചേമ്പ്, ചേന എന്നിവയ്ക്ക് കൂമ്പാരംപോലെ മണ്ണൊരുക്കണം. എല്ലാ വിളകൾക്കും അടിസ്ഥാനവളം നൽകിയാണ് നടുന്നത്.
നെൽകൃഷിക്ക് നിലം രണ്ടോ മൂന്നോവട്ടം ഉഴുത് ഒരുക്കിയെടുക്കും. മൂന്നുദിവസം വെള്ളം കെട്ടിനിർത്തി മണ്ണിന്റെ പുളിപ്പു മാറ്റും. ഒരാഴ്ചക്കുള്ളിൽ വിതയ്ക്കണം. ഒരു ദിവസം വിത്ത് വെള്ളത്തിൽ മുക്കി വയ്ക്കാറുണ്ട്. കുമിൾനാശിനികളിൽ മുക്കിവയ്ക്കുന്നത് വിത്തിന്റെ കരുത്തിനും നല്ലതാണ്. മുള വരാനായി ചാക്കിൽ കെട്ടിവയ്ക്കുന്നതും മുൻഗാമികളിൽനിന്നുള്ള അറിവ്. മുള വരുന്നമുറയ്ക്ക് വിതയ്ക്കും. കഴിയുന്നത്ര ജോലികൾ തനിയേ ചെയ്യും.
ഡ്രിപ് ഇറിഗേഷൻ രീതിയിലാണ് സുനീഷ് വിളകൾക്ക് വെള്ളമെത്തിക്കുന്നത്. വീതികുറഞ്ഞ ചാലുകൾകീറിയും വെള്ളമെത്തിക്കും. ഇതെല്ലാം ചെയ്യുന്നത് നിറഞ്ഞ ആവേശത്തോടെ.
കൃഷി നഷ്ടമല്ല
കൃഷിയിൽനിന്ന് ലാഭമുണ്ടാക്കാനാവുമെന്നാണ് സുനീഷിന്റെ ഉറപ്പ്. വീട്ടിലെ ആവശ്യങ്ങൾ കഴിഞ്ഞ് വിളകൾ വിപണിയിൽ എത്തിക്കാൻ സാധിക്കുന്നുണ്ട്. വിപണി കണ്ടെത്തുക എന്നതാണ് കൃഷിക്കാരനെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം. വിഷം തളിക്കാതെയുള്ള നല്ല പച്ചക്കറികളും വിളകളും ഉണ്ടാക്കാനും ഉപയോഗിക്കാനും അതുവഴി നല്ല ആരോഗ്യം നിലനിർത്താനും യുവാക്കൾക്കു കഴിയും. വിഷരഹിത വിളകൾ വിപണിയിൽ എത്തിക്കാനാവുന്നതും ഭാഗ്യമായി കരുതുന്നു.
വലിയ സാമ്പത്തിക നേട്ടം പ്രതീക്ഷിച്ച് കൃഷിയിലേക്കെത്തി അതു ലഭിക്കാതെവരുന്പോഴാണ് യുവാക്കൾ പിന്നിലേക്കു വലിയുന്നത്. വിപണി കണ്ടെത്താൻ കഴിയാത്തതും വിനയാകുന്നു. അപ്രതീക്ഷിതമായെത്തുന്ന കാറ്റും മഴയും വലിയ ദുരിതം സമ്മാനിക്കും. അതു മുൻകൂട്ടിക്കണ്ടുവേണം കൃഷിയിലേക്കിറങ്ങാൻ. വളരെ ക്ഷമയോടെ വേണം വിളകളെ പരിപാലിക്കാൻ. കൃത്യസമയത്തു വളപ്രയോഗവും കീടനശീകരണവും നടത്തണം. മണ്ണിനെ ആത്മാർഥമായി സ്നേഹിച്ചാൽ അത് കൂടെനിൽക്കുമെന്ന് 32കാരനായ സുനീഷ് പറയുന്നു.
വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെ ഈ വർഷത്തെ യുവകർഷക അവാർഡ് സുനീഷിനായിരുന്നു.
SUNDAY DEEPIKA
അമേരിക്കൻ കാർട്ടൂണിസ്റ്റ് ജിം ഡേവിസിന്റെ ഭാവന ജന്മംനൽകിയ അതിമനോഹരമായ കാർട്ടൂണ്‍ പരന്പരയാണ് ഗാർഫീൽഡ്. ഈ പരന്പരയിലെ പ്രധാന കഥാപാത്രം ഗാർഫീൽഡ് എന്ന പൂച്ചയാണ്. മറ്റൊരു കഥാപാത്രം ഓഡി എന്ന ഒരു ചെറിയ നായയും. മൂന്നാമത്തെ കഥാപാത്രം ഇവ രണ്ടിന്റെയും ഉടമയായ ജോണ്‍ അർബക്കിളും.
ഇപ്പോൾ ലഭ്യമായിരിക്കുന്ന കണക്കുകൾ അനുസരിച്ച് ലോകവ്യാപകമായി പത്രങ്ങളും മാസികകളും ഉൾപ്പെടെ 2,580 പ്രസിദ്ധീകരണങ്ങളിലാണ് ഈ കോമിക് സ്ട്രിപ് പ്രത്യക്ഷപ്പെടുന്നത്. ഇതു ഗിന്നസ് വേൾഡ് റിക്കാർഡിൽ സ്ഥാനംപിടിച്ചിട്ടുമുണ്ട്. ഗാർഫീൽഡ് എന്ന കോമിക് സ്ട്രിപ്പിനോടു കിടപിടിക്കാൻ മറ്റൊരു കാർട്ടൂണ്‍ പരന്പര ഇല്ല എന്നു സാരം.
ഈ കോമിക് സ്ട്രിപ്പിനെ ആധാരമാക്കി ഒന്നിലേറെ സിനിമകളും ഒട്ടേറെ ടെലിവിഷൻ പരന്പരകളും ഡസൻ കണക്കിനു വീഡിയോ ഗെയിമുകളും പുസ്തകങ്ങളും ധാരാളം കച്ചവട ഉത്പന്നങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. 2020ലെ കണക്കനുസരിച്ച് ഗാർഫീൽഡ് ഉത്പന്നങ്ങളുടെ വിപണിമൂല്യം നൂറുകോടി ഡോളറിലേറെയാണ്. മനുഷ്യമനസുകളിൽ അത്രയേറെ സ്വാധീനം ഗാർഫീൽഡ് എന്ന കഥാപാത്രത്തിനുണ്ട് എന്നു വ്യക്തം.
പൂണ്ട മടിയനാണ് ഗാർഫീൽഡ് എന്ന കഥാപാത്രം. അതുപോലെ ഭക്ഷണക്കൊതിയനും. ഭക്ഷണം കഴിക്കാത്ത സമയം മുഴുവനുംതന്നെ അവൻ നീണ്ട ഉറക്കത്തിലാണ്. വ്യായാമം ചെയ്യുന്ന കാര്യത്തെക്കുറിച്ച് അവന് ചിന്തിക്കാൻപോലും സാധിക്കില്ല. സ്വാർഥനാണെന്നപോലെ കാര്യം നേടിയെടുക്കാൻ മിടുക്കനുമാണ് അവൻ. തന്നെ ചുറ്റിപ്പറ്റിയാണ് ലോകം തിരിയുന്നത് എന്നാണ് അവന്റെ ഭാവം. ഭാവവ്യത്യാസമില്ലാതെ തമാശപറയാനും അവനറിയാം.
ധാരാളം കുറവുകളുള്ള ഒരു ആന്റി-ഹീറോയാണ് ഗാർഫീൽഡ്. എന്നാൽ വല്ലപ്പോഴും സ്നേഹംകാണിക്കാനും നല്ലകാര്യങ്ങൾ ചെയ്യാനും അവന് അറിയാം. അതുകൊണ്ടുകൂടിയായിരിക്കണം, സുഖലോലുപനായ ഈ പൂച്ചയെ ധാരാളംപേർ ഇഷ്ടപ്പെടുന്നത്. എന്നാൽ ഈ കാർട്ടൂണ്‍ പരന്പര ഒരു പൂച്ചയെക്കുറിച്ചുള്ള കഥ മാത്രമല്ല. ഇത് മനുഷ്യരുടെ സ്വഭാവ പ്രത്യേകതകൾകൂടി അവതരിപ്പിക്കുന്ന ഒരു കഥാപരന്പരയാണ്.
ഈ പരന്പരയിലെ കഥാപാത്രമായ ഓഡി എന്ന കൊച്ചുനായ എപ്പോഴും സന്തോഷവാനാണ്. ബുദ്ധിശക്തിയിൽ പിന്നാക്കമാണെങ്കിലും എപ്പോഴും തന്റെ യജമാനനോട് വിശ്വസ്തനാണ് അവൻ. അതുപോലെ സ്നേഹം പ്രകടിപ്പിക്കാനും അവനു നന്നായി അറിയാം. എന്നാൽ പൂച്ചയെപ്പോലെ, ചിന്തിക്കുന്ന ഒരു കഥാപാത്രമായിട്ടല്ല ഓഡിയെ കാർട്ടൂണിസ്റ്റ് അവതരിപ്പിക്കുന്നത്.
ഇനി ഈ രണ്ടു കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്ന ഒരു കോമിക് സ്ട്രിപ്പിലെ കഥ ഇവിടെ വിവരിക്കട്ടെ:
കൊടും തണുപ്പുള്ള ഒരു ദിവസം. ഗാർഫീൽഡ് തന്റെ ഇഷ്ടപ്പെട്ട കസേരയിൽ കാലുംനീട്ടി കിടക്കുകയാണ്. അപ്പോൾ ഗ്ലാസ് ജാലകത്തിനപ്പുറം ഓഡിയെ കാണുന്നു. അവൻ തണുപ്പുകൊണ്ടു വിറയ്ക്കുകയാണ്. അതുകൊണ്ടുതന്നെ എങ്ങനെയെങ്കിലും വീടിനകത്തു കയറാനുള്ള ശ്രമമാണ്. പക്ഷേ എല്ലാ വാതിലുകളും ജനാലകളും അടഞ്ഞുകിടക്കുന്നു.
ഇതു കാണുന്ന ഗാർഫീൽഡ് മനസിൽ പറയുകയാണ്: ""പാവം ഓഡി. വീടിനുപുറത്തു കൊടുംതണുപ്പിലായിപ്പോയി. ഇതെനിക്ക് കണ്ടുനിൽക്കാൻ സാധിക്കുകയില്ല. ഞാൻ എന്തെങ്കിലും ചെയ്യണം.'' അതോടെ ഗാർഫീൽഡ് എഴുന്നേറ്റു നിൽക്കുന്നു. പിന്നീടു ചെന്ന് ആ ജനാലയുടെ വിരി വലിച്ച് ജനാല മറയ്ക്കുന്നു!
ഈ കോമിക് സ്ട്രിപ്പ് കാണുന്പോൾ നമുക്കു ചിരിക്കാനാണോ കരയാനാണോ തോന്നുക? ഗാർഫീൽഡിന്റെ പൊതുവേയുള്ള സ്വഭാവം വച്ചു നോക്കുന്പോൾ അവൻ ഇതും ഇതിലധികവും ചെയ്യും. എന്നാൽ ഈ ക്രൂരമായ തമാശയുടെ പിന്നിൽ കാർട്ടൂണിസ്റ്റ് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. നമ്മിൽ ആരെങ്കിലും ഇതുപോലെ പ്രവർത്തിക്കുന്നുണ്ടോ എന്നതാണ് ആ ചോദ്യം.
മറ്റുള്ളവരുടെ കഷ്ടതകൾ കാണുന്പോൾ അതു കാണാത്തവരെപ്പോലെ നടന്നകലുന്നവരാണോ നമ്മൾ? നമ്മോട് ഒരു സഹായം ചോദിക്കുന്പോൾ അതു കേട്ടില്ലെന്നു നടിക്കുന്നവരാണോ നമ്മൾ? നമ്മുടെ മുന്നിൽ നീതി നിഷേധിക്കപ്പെട്ടവരെ കാണുന്പോൾ അതേക്കുറിച്ച് മൗനം പാലിക്കുന്നവരാണോ നമ്മൾ? എങ്കിൽ നാമും ഗാർഫീൽഡിൽനിന്ന് അല്പംപോലും വ്യത്യസ്തരല്ല.
ഫ്രഞ്ച് ചക്രവർത്തിയായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ട് ഒരിക്കൽ പറഞ്ഞു: ""ലോകം ഒത്തിരി സഹിക്കുന്നുണ്ട്. അതു ദുഷ്ടരായവരുടെ അക്രമപ്രവർത്തനംകൊണ്ടല്ല, പ്രത്യുത നല്ലവരെന്നു കരുതപ്പെടുന്നവരുടെ മൗനം മൂലമാണ്.''
തീർച്ചയായും ദുഷ്ടരുടെ പ്രവൃത്തികൾമൂലം ലോകത്തിൽ ധാരാളം ദുഃഖങ്ങളുണ്ടാകുന്നുണ്ട്. അതിനാൽ നെപ്പോളിയന്റെ ഉദ്ധരണിയുടെ ആദ്യഭാഗത്തു പറയുന്നത് നമുക്ക് അംഗീകരിക്കാനാവില്ല. എന്നാൽ രണ്ടാം ഭാഗത്തു പറയുന്നതു നാം സമ്മതിക്കുകതന്നെവേണം.
മൗനം എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കുന്നത് സംസാരത്തിലെ മൗനം മാത്രമല്ല. അതു പ്രവൃത്തിയുടെ അഭാവം കൂടിയാണ്. ഗാർഫീൽഡിന്റെ കാര്യത്തിൽ സംഭവിച്ചത് അതായിരുന്നു. തണുപ്പിൽ വിറങ്ങലിച്ചു നിന്നിരുന്ന ഓഡിക്കു വാതിൽ തുറന്നുകൊടുക്കുകയായിരുന്നു ഗാർഫീൽഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ അതിനുപകരം ആ കാഴ്ച കണ്ണിൽനിന്ന് മറയ്ക്കാനാണ് അവൻ ശ്രമിച്ചത്.
ഓഡിയെപ്പോലെയുള്ളവർക്ക് നാം വാതിൽ തുറന്നുകൊടുക്കുമോ? അതോ അതിനുപകരം അവരുടെ ദുഃഖം കാണാതിരിക്കാൻ നാം ജനാലയുടെ കർട്ടൻ വലിച്ച് ജനാല അടയ്ക്കുമോ? നാം സ്വയം ചോദിക്കേണ്ട ഒരു ചോദ്യമാണിത്.
SUNDAY DEEPIKA
അന്യഗ്രഹ ജീവികളുടെ കഥപറയുന്ന നിരവധി ചിത്രങ്ങളാണ് ഹോളിവുഡില്‍ ഇറങ്ങിയിട്ടുള്ളത്. ഇതില്‍ പലതിന്റെയും പ്രമേയം ഈ ജീവികള്‍ ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്നതും അമേരിക്കയിലെത്തുന്നതുമാണ്. അമേരിക്കയിലെ നെവാഡയിലുള്ള ഏരിയ 51ല്‍ അന്യഗ്രഹ ജീവികളുടെ എയര്‍ ബേസ് ഉണ്ടെന്ന് വിശ്വസിക്കുന്നവരും കുറവല്ല.
അന്യഗ്രഹജീവികളെയും പറക്കും തളികയെയും കണ്ടതായുള്ള വാര്‍ത്തകള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വരാറുണ്ട്. ഇന്ത്യയിലുമുണ്ട് ഇത്തരത്തിലുള്ള ഒരു പ്രദേശം. അതാണ് കിഴക്കന്‍ ലഡാക്കിനും അക്സായ് ചിനിനും (ചൈനീസ് അധിനിവേശ കാഷ്മീര്‍) ഇടയില്‍ കാറക്കോറം മലനിരകളുടെ ഭാഗമായി സ്ഥിതി ചെയ്യുന്ന കോങ്ക ലാ പാസ്. ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കപ്രദേശമായ യഥാര്‍ഥ നിയന്ത്രണ രേഖ(Line of Actual Control - LAC)യിലാണിത്.
1956ല്‍ ചൈന പ്രസിദ്ധീകരിച്ച ഒരു ഭൂപടത്തില്‍, ചാങ് ചെന്മോ താഴ്വരയിലെ കോങ്ക പാസിനെ തങ്ങളുടെ അതിര്‍ത്തിയായി അവര്‍ രേഖപ്പെടുത്തുകയായിരുന്നു. 1959ഓടെ ചൈനീസ് പ്രധാനമന്ത്രിയായിരുന്ന ചൗ എന്‍ലായ് ഇതാണ് തങ്ങളുടെ "പരമ്പരാഗതമായുള്ള അതിര്‍ത്തി’ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയുടെ താല്പര്യങ്ങള്ക്ക് തീര്‍ത്തും വിരുദ്ധമായിരുന്നു ഇത്.
1959ലെ കോങ്ക ലാ സംഭവം ഇന്ത്യന്‍ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ ഒരു കറുത്ത ഏടായി. അതിര്‍ത്തിയില്‍ പോസ്റ്റുകള്‍ സ്ഥാപിക്കാനായി പോയ ഒരു ഇന്ത്യന്‍ പോലീസ് പട്രോളിംഗ് സംഘത്തിനു നേരെ കോങ്ക ലാ പാസിനടുത്തുവച്ച് യാതൊരു പ്രകോപനവുമില്ലാതെ ചൈനീസ് സൈന്യം വെടിയുതിര്‍ത്തു. ഈ ഏറ്റുമുട്ടലില്‍ 10 ഇന്ത്യന്‍ പോലീസുകാര്‍ക്കാണ് ജീവന് നഷ്ടമായത്.
മറ്റു ചിലരെ ചൈന തടവിലുമാക്കി. ഒരു ചൈനീസ് സൈനികനും കൊല്ലപ്പെട്ടു. ഈ സംഭവമാണ് 1962ലെ ഇന്തോ-ചൈന യുദ്ധത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. ഈ യുദ്ധത്തില്‍ വടക്കന്‍ പ്രദേശം(അക്സായ് ചിന്) ചൈന പിടിച്ചെടുക്കുകയുമായിരുന്നു.
1959ലെ രക്തരൂക്ഷിത സംഭവവും 1962ലെ യുദ്ധവും കോങ്ക ലാ പാസിനെ ഒരു സങ്കീര്‍ണമായ നിയന്ത്രണ രേഖയാക്കി മാറ്റി. എന്നാല്‍ ഇന്ന് ഒരു നിഗൂഢകേന്ദ്രം എന്ന നിലയില്‍കൂടിയാണ് ഈ പ്രദേശം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ആദ്യം പറഞ്ഞതു പോലെ, ഇവിടം അന്യഗ്രഹജീവികളുടെ കേന്ദ്രമാണെന്നും പറക്കും തളികകള്‍ (UFOs) ഈ പ്രദേശത്ത് കാണാറുണ്ടെന്നുമാണ് പറയപ്പെടുന്നത്.
ഇന്ത്യയുടെ "ഏരിയ 51’ എന്നും ഈ സ്ഥലത്തെ വിശേഷിപ്പിക്കാറുണ്ട്. തദ്ദേശീയരും ഇവിടെ ജോലി ചെയ്യുന്ന സൈനികരും വിചിത്രമായ പ്രകാശങ്ങളും പറക്കുംതളികകളും ഇവിടെ കണ്ടിട്ടുള്ളതായി അവകാശവാദങ്ങളുമുണ്ട്. പര്‍വതങ്ങളുടെ ഉള്‍ഭാഗത്ത് അന്യഗ്രഹജീവികളുടെ രഹസ്യകേന്ദ്രങ്ങളുള്ളതായാണ് ലഡാക്കി ഗ്രാമീണര്‍ വിശ്വസിക്കുന്നത്.
ഈ വഴി കടന്നു പോയിട്ടുള്ള കൈലാസമാനസ സരോവര്‍ തീര്‍ഥാടകരില്‍ പലരും തങ്ങള്‍ പറക്കും തളിക കണ്ടതായി അവകാശപ്പെടാറുമുണ്ട്.
അതേസമയം തദ്ദേശീയരായ ജനത ഇത് വിശുദ്ധമായ ഒരു കാര്യമായാണ് കാണുന്നത്. പ്രാചീന ടിബറ്റന്‍-ലഡാക്കി ഐതിഹ്യങ്ങളനുസരിച്ച് ഉയര്‍ന്ന പര്‍വതങ്ങളുടെ മുകളില്‍ താമസിക്കുന്ന അസാധാരണ കഴിവുകളുള്ള ആളുകളാണിവരെന്നും അപൂര്‍വമായി മാത്രമാണ് അവര്‍ മനുഷ്യര്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതെന്നുമാണ് വിശ്വാസം. അതേസമയം ചില ബുദ്ധ സന്ന്യാസിമാരുടെ വിശ്വാസമനുസരിച്ച് ഇത്തരം പ്രകാശങ്ങള്‍ ദൈവത്തിന്റെ ഊര്‍ജമാണ്.
ഐതിഹ്യങ്ങള്‍ ധാരാളമുണ്ടെങ്കിലും ഭൂമിശാസ്ത്രപരമായ ചില പ്രത്യേകതകളാണ് ഇത്തരം പ്രകാശങ്ങള്‍ക്ക് കാരണമെന്നാണ് ശാസ്ത്രകാരന്മാരുടെ വിശദീകരണം. ഭൗമപരമായും പ്രതിരോധപരമായും തന്ത്രപ്രധാന പ്രദേശമായതിനാല്‍ പ്രത്യേക അനുമതിയോടു കൂടി മാത്രമേ ഇവിടെ സാധാരണക്കാര്‍ക്ക് പ്രവേശനം സാധ്യമാവൂ.
അജിത് ജി. നായർ
SUNDAY DEEPIKA
ഏലത്തോട്ടങ്ങളിൽനിന്ന് അധിക വരുമാനം നേടാൻ കഴിയുമെന്ന് മരീനയും മരിയയും പറയുന്നു. ഏലത്തിന് തണൽ ആവശ്യമുള്ളതിനാൽ തോട്ടങ്ങളിൽ കർഷകർ മരങ്ങൾ വച്ചുപിടിപ്പിക്കാറുണ്ട്. ഈ മരങ്ങളിൽ കുരുമുളക് കയറ്റിയാൽ മികച്ച വിളവു ലഭിക്കും. ഇതിലൂടെ അധിക വരുമാനം നേടാം’’
വൈറ്റ് കോളർ ജോബ് തേടി അലയുന്ന യുവതലമുറയോട് മരിയയ്ക്കും മരീനയ്ക്കും ഒന്നേ പറയാനുള്ളൂ, ഏതു ജോലിക്കും അതിന്റേതായ മഹത്വമുണ്ടെന്ന്. യുവതലമുറ കൃഷി ഉപേക്ഷിച്ച് മറ്റു ജോലികളിലേക്ക് തിരിയുന്പോൾ ഇടുക്കി ചേറ്റുകുഴി കുഴിക്കണ്ടം സ്വദേശികളായ ഇരട്ട സഹോദരിമാർ കാർഷിക രംഗത്ത് വിസ്മയം തീർക്കുകയാണ്.
എംഎസ്ഡബ്ല്യു റാങ്കോടെ പാസായ ഇരുവരും കാർഷിക രംഗത്തേക്ക് തിരിഞ്ഞതോടെ പലരും നെറ്റി ചുളിച്ചു. എന്നാൽ, അതിനെയെല്ലാം ചെറു പുഞ്ചിരിയോടെ നേരിട്ട് ഇന്നിവർ വിജയം കൊയ്യുന്നു. ‘തനി ഇടുക്കിക്കാരി’ എന്ന ഇൻസ്റ്റഗ്രാം പേജ് ആരംഭിച്ചതോടെയാണ് ഇവരുടെ വിശേഷം ലോകമറിഞ്ഞുതുടങ്ങിയത്.
പേജിന് റീച്ച് കൂടിയതോടെ തങ്ങളുടെ കൃഷിഭൂമിയിലെ വിളകളായ ഏലവും കുരുമുളകും ഗ്രാന്പുവും സ്വന്തം ബ്രാൻഡിൽ ഇറക്കാൻ ഇരുവരും തീരുമാനിച്ചു. ഇതിനായി ഹെവൻലി സ്പൈസസ് എന്ന വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്. കൃഷിക്കൊപ്പം പുതിയ ബിസിനസ് ആശയങ്ങൾ നടപ്പാക്കിയാണ് ഈ മിടുക്കികൾ മുന്നേറുന്നത്.
മാതാപിതാക്കളുടെ കൈപിടിച്ച്
കാർഷിക കുടുംബത്തിൽ ജനിച്ച തങ്ങൾക്ക് കൃഷി ഒഴിവാക്കാൻ പറ്റാത്ത ഘടകമാണെന്ന് മരിയയും മരീനയും പറയുന്നു. പിച്ചവയ്ക്കാൻ തുടങ്ങിയകാലം മുതൽ മാതാപിതാക്കളുടെ കൈയും പിടിച്ച് ഇരുവരും കൃഷിയിടത്തിൽ സജീവമായിരുന്നു.
ഏലത്തിന് ചിന്പുപൊട്ടുന്നതും ശരം വരുന്നതും പൂവ് വിരിയുന്നതും കായ വരുന്നതും പാകമാകുന്നതെല്ലാം കൗതുകത്തോടെ നോക്കിക്കണ്ടിരുന്ന ഇവരാണ് തങ്ങളുടെ അഞ്ചേക്കറോളം വരുന്ന ഭൂമിയിലെ കൃഷി കാര്യങ്ങൾ ഇപ്പോൾ നോക്കുന്നത്. ഏലത്തിനു പുറമെ കുരുമുളക്, ഗ്രാന്പു, പുളി, കൊക്കോ, പച്ചക്കറികൾ, തേൻ തുടങ്ങിയവയുമുണ്ട്.
വിപണിയും ചെലവും
കൃഷി ലാഭകരമാകണമെങ്കിൽ ആദ്യം വിപണി കണ്ടെത്തണം. വിപണിയിൽ ആവശ്യമുള്ള സാധനങ്ങൾ ഗുണനിലവാരത്തോടെ ഉത്പാദിപ്പിച്ചു കഴിഞ്ഞാൽ ആവശ്യക്കാർ തേടി വരും. ഇൻസ്റ്റഗ്രാം പേജിലൂടെയും ഹെവൻലി സ്പൈസസ് എന്ന വെബ് സൈറ്റിലൂടെയും തങ്ങളുടെ ഉത്പന്നങ്ങളെക്കുറിച്ചറിഞ്ഞ് ദൂരദേശങ്ങളിൽനിന്നുപോലും ആളുകൾ ബന്ധപ്പെടാറുണ്ടെന്ന് ഇവർ പറയുന്നു.
കൃഷിയിടത്തിലെ ചെലവ് എത്രമാത്രം കുറയ്ക്കാനാവുമോ അത്രത്തോളം ലാഭം വർധിപ്പിക്കാൻ കഴിയും. ഇതിനായി ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തണം. ചെടികൾ നനയ്ക്കുന്നതിനായി തുള്ളിനന, മൈക്രോ സ്പ്രിംഗ്ളർ സംവിധങ്ങളാണ് ഒരുക്കുന്നത്.
അന്തരീക്ഷ താപനില അമിതമായി ഉയരുന്നത് തടയാനാണ് മൈക്രോ സ്പ്രിംഗ്ളർ ഉപയോഗിക്കുന്നത്. ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നതുമൂലം വെള്ളം പാഴാക്കുന്നത് നിയന്ത്രിക്കാൻ കഴിയും.
പുതുതലമുറ കടന്നുവരണം
സമൂഹത്തിൽ അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്നു പറഞ്ഞാണ് പുതുതലമുറ കാർഷിക രംഗത്തുനിന്നുമാറി നിൽക്കുന്നത്. പരിഹാസങ്ങളെ തള്ളിക്കളഞ്ഞ് മുന്നേറിയാൽ വിജയം സുനിശ്ചിതമാണെന്നു മരിയയും മരീനയും സാക്ഷ്യപ്പെടുത്തുന്നു. കൂടുതൽപേർ കൃഷിയിലേക്കു കടന്നുവരണം.
ആദ്യം ചെറിയരീതിയിൽ കൃഷി ആരംഭിച്ച് ആത്മവിശ്വാസം നേടിയതിനുശേഷം മാത്രമേ കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാവൂ. ചെടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കൃത്യമായ ശ്രദ്ധയും പരിചരണവും നൽകണം.
കാലാവസ്ഥയും മണ്ണും മനസിലാക്കിവേണം കൃഷിചെയ്യാൻ. ഫാം ടൂറിസം ഉൾപ്പെടെയുള്ള മേഖലയിലേക്ക് ചുവടുവയ്ക്കുകയാണ്. അതോടെപ്പം എക്സ്പോർട്ടിംഗ് ലൈസൻസ് നേടാനുള്ള ശ്രമത്തിലാണന്നും ഇരുവരും പറഞ്ഞു.
അമിതമായ വളപ്രയോഗം നല്ലതല്ല
അമിതമായ വളപ്രയോഗം നല്ലതല്ല. മണ്ണിന് എന്തൊക്കെ പോഷകങ്ങളാണോ വേണ്ടത് അത് അനുസരിച്ച് വേണം വള പ്രയോഗം നടത്താൻ. അമിതമായി വളം ഉപയോഗിച്ചു കഴിഞ്ഞാൽ കുറച്ചുകാലത്തേക്ക് വിളവു ലഭിക്കും. എന്നാൽ, അത് ശാശ്വതമായി നിലനിൽക്കില്ല. മണ്ണിന്റെ ഫലപുഷ്ടി നഷ്ടമാകുന്നതിനൊപ്പം ചെടികൾ നശിച്ചുപോകുന്നതിനും കാരണമാകും. ഇതു മൂലം കർഷകന് കനത്ത നഷ്ടം സംഭവിക്കാനും സാധ്യതയുണ്ട്.
ജൈവകൃഷി പിന്തുടരുന്നതിനാൽ ബയോഗ്യാസ് സ്ലറിയാണ് ഉപയോഗിക്കുന്നതെന്ന് ഇവർ പറയുന്നു. സ്ലറി പന്പിന്റെ സഹായത്തോടെ ഏലച്ചെടികളുടെ ചുവട്ടിൽ ഒഴിച്ചു നൽകും. ശരം പൊട്ടുന്നതുവരെ കൃത്യമായ ഇടവേളകളിൽ സ്ലറി നൽകിയാൽ മികച്ച വിളവു ലഭിക്കും.
ഇതു കൂടാതെ വിളവെടുപ്പു കഴിയുന്പോൾ എല്ലു പൊടിയും വേപ്പിൻ പിണ്ണാക്കും മുട്ടത്തോടും മിക്സ് ചെയ്ത് ഒരു കിലോവച്ച് ഏലച്ചുവട്ടിൽ ഇടുന്നതും നല്ലതാണെന്നാണ് ഇവരുടെ അനുഭവം. ഫോണ്‍: 9447773754
ക്രിസ്റ്റോ തോമസ്
SUNDAY DEEPIKA
ഇന്ത്യയുടെ ആർമി ചീഫിന്റെ സ്വീകരണമുറിയെ അലങ്കരിക്കുന്നത് അഞ്ചര അടി നീളത്തിലും നാല് അടി വീതിയിലും വരയ്ക്കപ്പെട്ട ഒരു എണ്ണച്ചായചിത്രമാണ് - കരംക്ഷേത്ര.
കർമങ്ങളുടെ മണ്ഡലം എന്ന് അർഥം വരുന്ന ചിത്രം. വിജയകരമായ ഇന്നലെകളും ശക്തമായ ഇന്നും മഹനീയവും പ്രതീക്ഷാനിർഭരവുമായ നാളെകളെയും സൂചിപ്പിക്കുന്ന ഈ ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ച കരവും മനവും ഒരു മലയാളിയുടേതാണ്.
ആലപ്പുഴ കുട്ടനാട്ടിലെ പുളിങ്കുന്ന് സ്വദേശിയും 28 മദ്രാസ് റെജിമെന്റിലെ ലെഫ്റ്റനന്റ് കേണലുമായ തോമസ് ജേക്കബ് എന്ന 42കാരനാണ് ഈ ചിത്രം തയാറാക്കിയത്.
ഫാൽക്കേ അവാർഡ് നേടിയ നടൻ മോഹൻലാലിന് ആർമി ചീഫ് ഓഫീസിൽ സ്വീകരണം നല്‍കിയത് ഈ ചിത്രത്തിനു മുന്നിൽവച്ചായിരുന്നു. അന്ന് ഈ പുതിയ ചിത്രത്തെക്കുറിച്ച് വീണ്ടും ചർച്ചകൾ ഉയർന്നുവന്നു. സൈനിക മേധാവിയുടെ ലോഞ്ചിൽ അദ്ദേഹം സ്വദേശത്തെയും വിദേശത്തെയും വിശിഷ്ട അതിഥികളെ സ്വീകരിക്കുന്നത് ഈ ചിത്രത്തിനു മുന്നിലാണ് എന്ന് കാണുമ്പോഴാണ് ഈ ചിത്രം സ്ഥാനം പിടിച്ചിരിക്കുന്നത് എത്ര ഉന്നതമായ ഇടത്തിലാണെന്ന് വ്യക്തമാവുക.
സന്ദേശങ്ങളുടെ ചിത്രം
കരസേനാ മേധാവിയുടെ സ്വീകരണമുറിയിൽ മുന്‍പുണ്ടായിരുന്ന 1971ലെ ബംഗ്ലാദേശ് യുദ്ധകാലത്തെ ചരിത്രപ്രസിദ്ധമായ പെയിന്റിംഗ് മാറ്റി പകരം പുതിയ കലാസൃഷ്ടി സ്ഥാപിച്ചത് സൈന്യത്തിന്റെ ആധുനിക കാലഘട്ടത്തിലെ ശ്രദ്ധേയമായ മാറ്റത്തിന്റെകൂടി പ്രതീകമായാണ്.
മുന്‍പത്തെ ചിത്രം ഒരു സംഭവത്തെ മാത്രമാണ് പ്രതിനിധീകരിച്ചതെങ്കിൽ ഇപ്പോഴത്തെ ചിത്രത്തിന്റെ അർഥവ്യാപ്തി വലുതാണ്. കർമങ്ങളുടെ മണ്ഡലം എന്ന പെയിന്റിംഗ് ഇന്ത്യ-ചൈന അതിർത്തിയിലെ പാങ്കോങ് തടാകത്തെയും സൈന്യത്തിന്റെ ആക്രമണ ശേഷിയേയും എടുത്തുകാണിക്കുന്നു. പുരാതന, ആധുനിക പ്രമേയങ്ങളെ സമന്വയിപ്പിക്കുന്ന ഒന്നാണ് ഈ പെയിന്റിംഗ്.
പാങ്കോങ് തടാകത്തിനു പുറമേ ബോട്ടുകൾ, ഓൾടെറൈൻ വാഹനങ്ങൾ, ടാങ്കുകൾ, അപ്പാച്ചെ ഹെലികോപ്റ്ററുകൾ തുടങ്ങിയ ആധുനിക സൈനിക ഉപരണങ്ങളും ഈ കലാസൃഷ്ടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മഹാഭാരതത്തിൽ അർജുനന്റെ രഥത്തെ നയിക്കുന്ന ഭഗവാൻ കൃഷ്ണൻ, തന്ത്രങ്ങളിൽ അഗ്രഗണ്യൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചാണക്യൻ തുടങ്ങിയ പുരാണ കഥാപാത്രങ്ങളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ തന്ത്രപരമായ പ്രതീകാത്മകത സൈന്യത്തിന്റെ ഗണ്യമായ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം അയൽരാഷ്ട്രങ്ങൾക്ക് വ്യക്തമായ സന്ദേശം നല്കുകകൂടി ചെയ്യുന്നതാണ്.
പാകിസ്ഥാൻ വലിയ എതിരാളികളല്ലെന്ന് പറയാതെപറയുന്ന തന്ത്രപരമായ ഒരു മാറ്റം ഇന്ത്യ നടത്തുന്നു എന്ന സന്ദേശംകൂടി ഈ ചിത്രത്തിൽ ദർശിക്കാം. 1971ലെ ഇന്തോ-പാക് യുദ്ധം പ്രമേയമായ പെയിന്റിംഗിന്റെ സ്ഥാനത്താണ് കഴിഞ്ഞവർഷം ഈ ചിത്രം എത്തിയത്.
പാകിസ്ഥാൻ ജനറൽ എ.എ.കെ. നിയാസി കീഴടങ്ങൽരേഖയിൽ ഒപ്പുവച്ച് തൊണ്ണൂറായിരം പാക് സൈനികരെ ആയുധം താഴെവയ്ക്കാൻ പ്രേരിപ്പിച്ച സംഭവത്തിന്റെ ചിത്രമാണ് പതിറ്റാണ്ടുകളായി സേനാ മേധാവിയുടെ ലോഞ്ചിൽ പ്രദർശിപ്പിച്ചിരുന്നത്.
ഈ ഐക്കണിക് ചിത്രം ഇന്ത്യയുടെ വിജയത്തിന്റെയും, പാകിസ്ഥാനുമേലുള്ള സൈനിക മേധാവിത്വത്തിന്റെയും പ്രതീകമായിരുന്നു. അതു മാറ്റിയാണ് വിപുലമായ അർഥങ്ങളും സന്ദേശങ്ങളുമുള്ള ചിത്രം സ്വീകരണമുറിയിൽ സ്ഥാപിച്ചത്.
ഇന്ത്യൻ സൈന്യത്തിന്റെ ആധുനീകരണം, യുദ്ധശേഷി, ആരോടും കിടപിടിക്കുന്ന കരുത്ത്, ചൈനയുടെ വളർന്നുവരുന്ന സ്വാധീനത്തെ ചെറുക്കുന്നതിൽ അതിന്റെ ശ്രദ്ധ തുടങ്ങിയവ ഇത് എടുത്തുകാണിക്കുന്നു.
പാകിസ്ഥാനുമായുള്ള പരമ്പരാഗത യുദ്ധത്തിൽനിന്ന്, ചൈന ഉയർത്തുന്ന സങ്കീർണമായ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുള്ള സൈന്യത്തിന്റെ പരിവർത്തനത്തെ ഈ മാറ്റം അടിവരയിടുന്നുവെന്ന് പല പ്രതിരോധ വിദഗ്ധ രും ഈ ചിത്രം കണ്ട് അഭിപ്രായപ്പെട്ടിരുന്നു.
മുൻകാല വിജയങ്ങളെക്കാൾ ഭാവിയിലെ വെല്ലുവിളികളെ ലക്ഷ്യംവച്ചുള്ള നീക്കമാണ് ഇന്ത്യ നടത്തുന്നത്. അതോടൊപ്പം ഇന്ത്യയുടെ പരമാധികാരം സുരക്ഷിതമാക്കുന്നതിനും, ആഗോളതലത്തിൽ അതിന്റെ ശക്തി ഉറപ്പിക്കുന്നതിനും എന്നും പ്രതിജ്ഞാബദ്ധമെന്നും ഈ ചിത്രം അടിവരയിടുന്നു.
മഹാഭാരത യുദ്ധത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ധർമത്തിനു വേണ്ടിയുള്ള യുദ്ധമാണ് ഭാരതത്തിന്റേത് എന്ന് പ്രഖ്യാപിക്കുന്നതോടൊപ്പം , സൈന്യത്തെ രാഷ്ട്രത്തിന്റെ സംരക്ഷകനായും നീതിയുടെ വക്താവായും ഈ ചിത്രത്തിൽ വരച്ചുകാട്ടുന്നു.
തന്ത്രത്തിലും നയതന്ത്രത്തിലും വേരൂന്നിയതായിരുന്നു ചാണക്യന്റെ ജ്ഞാനം. ഇന്ത്യയുടെ നേതൃത്വത്തിനും സൈനിക തയാറെടുപ്പിനും ചാണക്യന്റെ തന്ത്രങ്ങൾ മാതൃകയാണ്. കഴിഞ്ഞ കാലത്തെ പല സംഘർഷങ്ങൾക്കും ശേഷം ചൈനീസ് നേതൃത്വത്തെ ചർച്ചയ്ക്കു കൊണ്ടുവരാൻ സാധിച്ചത് ഈ ചാണക്യസമാന തന്ത്രങ്ങളാണ്.
രാജ്യത്തെ മൂന്നു സേനകൾ തമ്മിലുള്ള ഐക്യത്തെയും ഈ ചിത്രം വെളിവാക്കുന്നു. അടുത്ത കാലത്തെ ഇന്ത്യയുടെ യുദ്ധമുന്നേറ്റങ്ങളിലുണ്ടായ ഈ ഐക്യവും സംയോജിതമായ നീക്കങ്ങളും ചിത്രത്തിന് വിഷയമാകുന്നു. കര, കടൽ, വായു എന്നിവയിലുടനീളം വേഗത്തിലും നിർണായകമായും പ്രവർത്തിക്കാൻ കഴിവുള്ള ഒരു സൈന്യമാണ് ഇന്ത്യയുടേത് എന്ന് കൂടി പ്രഖ്യാപിക്കുന്ന ഒന്നാണ് ഈ ചിത്രം.
വരയ്ക്കാൻ ഒരു മാസം
ജനറൽ ഉപേന്ദ്ര ത്രിവേദി സ്ഥാനമേറ്റതോടെയാണ് ഈ ചിത്രം വരയ്ക്കുന്നതിന്റെ ആശയം രൂപപ്പെട്ടത്. ഒരു ചിത്രകാരനാണ് തോമസ് ജേക്കബ് എന്ന് അറിഞ്ഞ ആർമി ചീഫ് ഇങ്ങനെ ഒരു ചിത്രം വരയ്ക്കുന്നതിനെപ്പറ്റി സൂചിപ്പിച്ചു.
അതിന്റെ അടിസ്ഥാനത്തിലാണ് പുരാണവും ചരിത്രവും ആധുനിക കാലഘട്ടവും ബന്ധപ്പെടുത്തുന്ന ഒരു ചിത്രം തോമസ് ജേക്കബിന്റെ മനസിൽ രൂപപ്പെട്ടത്. ഏതാണ്ട് ഒരു മാസം കൊണ്ടാണ് ലെഫ്. കേണൽ തോമസ് ജേക്കബ് ഈ ചിത്രം പൂർത്തിയാക്കി സേനാ മേധാവിയുടെ ലോഞ്ചിൽ എത്തിച്ചത്.
കുട്ടിക്കാലം മുതൽ ചിത്രങ്ങൾ വരച്ചിരുന്ന ഇദ്ദേഹത്തിന് പട്ടാള ഉദ്യോഗസ്ഥനായതോടെ സേനയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരയ്ക്കുന്നതിൽ കൂടുതൽ താത്പര്യമുദിച്ചു. കരസേനയിൽ ഓഫീസറായിരുന്ന പിതാവിനൊപ്പമുള്ള ജീവിതം കലയോ വളർത്തി. സേനയുമായി ബന്ധപ്പെട്ട പല ചിത്രങ്ങളും ഇദ്ദേഹം വരച്ചിട്ടുണ്ട്.
2023ലെ നാവിക സേനാദിനത്തോടനുബന്ധിച്ച് വരച്ച ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനത്തിന് അർഹമായി. തന്റെ ചിത്രരചന ദേശസ്നേഹത്തിന്റെയും സൈനിക സേവനത്തിന്റെയും ഭാഗം തന്നെയെന്നാണ് ഇദ്ദേഹം വിശ്വസിക്കുന്നത്. നേവി ചീഫിനു വേണ്ടിയും ഇദ്ദേഹം ചിത്രങ്ങൾ തയാറാക്കി.
പട്ടാള കുടുംബമാണ് തോമസ് ജേക്കബിന്റേത്. 22 വർഷമായി 28 മദ്രാസ് റെജിമെന്റിൽ ഓഫീസറായി സേവനമനുഷ്ടിക്കുന്നു. പിതാവ് കേണൽ ജെ.റ്റി. കളത്തിലിന്റെ പാത പിൻതുടർന്നാണ് ഇദ്ദേഹവും സഹോദരനും സൈന്യത്തിലെത്തിയത്.
സഹോദരൻ കേണൽ ജയിംസ് ജേക്കബ് ഇപ്പോൾ അമൃത്സറിൽ സേവനം ചെയ്യുന്നു. അമ്മ മറിയാമ്മ ജേക്കബ് ചമ്പക്കുളം പുല്‍പത്ര കുടുംബാംഗം. മൂലമറ്റം പൈകടയിൽ ആൻ മേരി തോമസാണ് ഭാര്യ. എട്ടാം ക്ലാസിൽ പഠിക്കുന്ന മകനും രണ്ടാം ക്ലാസിൽ പഠിക്കുന്ന മകളും.
പട്ടാളസേവനം ഏറ്റവും മികച്ച കർമങ്ങളുടെ മണ്ഡലമാണെന്നു വിശ്വസിക്കുന്ന ഈ കലാകാരൻ കരം ക്ഷേത്ര എന്ന പെയിന്റിംഗിലൂടെ സൈന്യത്തിന്റെ ഇന്നലകളെയും ഇന്നിനെയും നാളെകളെയും ഒരുമിച്ചുചേർത്ത് ഏവർക്കും ബോധ്യമാവുംവിധം കാൻവാസിലാക്കിയിരിക്കുന്നു. ഈ ചിത്രം കാണുന്ന ഓരോ ഇന്ത്യക്കാരന്റെയും ശിരസ് അഭിമാനത്തോടെ ഉയരുമെന്നുറപ്പ്.
ആന്റണി ആറിൽചിറ, ചമ്പക്കുളം
SUNDAY DEEPIKA
ഗായിക പാലക് മുച്ഛൽ ഗിന്നസ് ബുക്കിൽ ഇടംനേടിയിരിക്കുന്നു. ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടിയ ഗായിക എന്ന നിലയ്ക്കല്ല. അത്രയധികം പാട്ടുകൾ അവർ പാടിയിട്ടുമില്ല. പിന്നെ എങ്ങനെയാവും പാലക് റിക്കാർഡ് ബുക്കിൽ പേരു തുന്നിച്ചത്...
പാട്ടുകൾ പൊതുവേ ഹൃദയങ്ങളിലാണ് ഇണങ്ങിച്ചേരുന്നത്. ഓർമകളും അനുഭൂതികളും വികാരങ്ങളും ഇഴനെയ്ത് അവ തിളങ്ങിക്കൊണ്ടിരിക്കും.
ഇതാ, നാലായിരത്തോളം ഹൃദയങ്ങളിൽ തിളങ്ങുന്നത് ഒരു ഗായികയുടെ പേരാണ്. അവർ പാടിയ പാട്ടുകൾ ആ ഹൃദയങ്ങളുടെ ഉടമകൾ ഒരുപക്ഷേ കേട്ടിരിക്കില്ല. അതിനേക്കാൾ മനോഹരമാണല്ലോ സ്നേഹമെന്ന ഗാനം!
ഇൻഡോറിൽനിന്നുള്ള പാലക് മുച്ഛൽ ആണ് ആ ഗായിക. ഹിന്ദിയിലെ സുന്ദരശബ്ദവും ഭാവമധുരിമയുമുള്ള അറിയപ്പെടുന്ന പാട്ടുകാരിയാണ്.
സാന്പത്തികഭദ്രതയില്ലാത്ത കുടുംബങ്ങളിലെ 3800ലേറെ കുട്ടികളുടെ ഹൃദയശസ്ത്രക്രിയയ്ക്ക് സഹായമെത്തിക്കാൻ മുന്നിട്ടിറങ്ങിയതിന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്സിൽ ഇടംനേടിയിരിക്കുന്നു. പാലക് പലാഷ് ചാരിറ്റബിൾ ഫൗണ്ടേഷൻ വഴിയാണ് അവർ ഈ ദൗത്യം തുടരുന്നത്.
യാത്രയുടെ തുടക്കം
കുട്ടിക്കാലത്ത് നടത്തിയ ഒരു ട്രെയിൻയാത്രയാണ് പാലകിന്റെ മനസിനെ കരുണയുടെ പാതയിലേക്കു വഴിതിരിച്ചുവിട്ടത്. ഭക്ഷണത്തിനും വസ്ത്രത്തിനും വകയില്ലാത്ത ഒട്ടേറെ കുട്ടികളെ ആ യാത്രയിൽ ഉടനീളം കണ്ടു. അന്നുതന്നെ പാലക് ഒരു പ്രതിജ്ഞയെടുത്തു- "എന്നെങ്കിലുമൊരിക്കൽ ഞാൻ ഇവർക്ക് സഹായമെത്തിക്കും.'
ആ പ്രതിജ്ഞതന്നെയാണ് വർഷങ്ങൾക്കിപ്പുറം ചാരിറ്റബിൾ ഫൗണ്ടേഷൻ രൂപീകരിക്കാൻ പ്രചോദനമായതും. ഓരോ സംഗീതപരിപാടികളിൽനിന്നും ലഭിക്കുന്ന പ്രതിഫലത്തിന്റെ ഒരുഭാഗം ആശ്രയമില്ലാത്തവർക്കായി മാറ്റിവച്ചുതുടങ്ങി. ചാരിറ്റിക്കു മാത്രമായി ഷോകൾ നടത്തി.
ഗുരുതര രോഗാവസ്ഥയിലുള്ള കുട്ടികൾക്കായാണ് കൂടുതലും സഹായമെത്തിക്കുന്നത്. കാർഗിലിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്കും ഗുജറാത്ത് ഭൂകന്പ ദുരിതബാധിതർക്കും സാന്പത്തിക പിന്തുണ നൽകി.
പ്രയാസമനുഭവിക്കുന്നവരെക്കുറിച്ച് നിരന്തരം ചിന്തിക്കുകയും അവർക്കായി പ്രവർത്തിക്കുകയും ചെയ്യുന്നു എന്നതാണ് പാലകിന്റെ ഒരു പ്രത്യേകത.
പാലകിനെ അറിയാത്തവർക്ക്
പതിനഞ്ചുവർഷത്തോളമായി പാലക് ഹിന്ദി ചലച്ചിത്രസംഗീത രംഗത്തുണ്ട്. ഗായികയും ഗാനരചയിതാവുമാണ്. ഇൻഡോറിൽ 1992 മാർച്ച് 30നു ജനിച്ച പാലകിന്റെ മാതാപിതാക്കൾക്ക് പറയത്തക്ക സംഗീതപാരന്പര്യമൊന്നുമില്ല. ഇളയസഹോദരൻ പലാഷ് മുച്ഛൽ സംഗീതകാരനും സംവിധായകനുമാണ്.
പലാഷും ചാരിറ്റബിൾ ഫൗണ്ടേഷന്റെ ഭാഗമായി പ്രവർത്തിക്കുന്നു. വൃക്കരോഗബാധിതരായ കുട്ടികൾക്കാണ് അദ്ദേഹം തന്റെ ഷോകളിൽനിന്നുള്ള വരുമാനത്തിന്റെ പങ്കു നൽകുന്നത്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥാനയുമായി പലാഷിന്റെ വിവാഹം ഉടനെ നടക്കാനിരിക്കുന്നുവെന്ന വിശേഷവുമുണ്ട്. ഇരുവരും ദീർഘകാലമായി സുഹൃത്തുക്കളാണ്.
ആൽബങ്ങളിലൂടെ സിനിമയിൽ
ഒന്‍പതാം വയസിൽ ചൈൽഡ് ഫോർ ചിൽഡ്രൻ എന്ന ആൽബത്തിലൂടെയാണ് പാലക് സംഗീതരംഗത്തെത്തിയത്. സിനിമയിൽ അവസരംതേടി 2006ൽ മുംബൈയിലെത്തി. ദമാദം എന്ന ചിത്രത്തിലാണ് ആദ്യമായി പാടിയത്.
ഏക് ഥാ ടൈഗർ, ആഷിഖി 2, എം.എസ്. ധോണി: ദ അണ്‍ടോൾഡ് സ്റ്റോറി തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകളിലൂടെ ശ്രദ്ധേയയായി. കോണ്‍ തുജ്ഹേ എന്ന പാട്ട് സൂപ്പർഹിറ്റായി.
ട്രെയിനിൽ ദരിദ്രരായ കുട്ടികളെ കണ്ടു മനസുപിടഞ്ഞുനിന്ന അതേ കാലത്താണ് ഇൻഡോറിലെ നിധി ബാൽ വിനയ് മന്ദിർ സ്കൂളിലെ അധ്യാപകർ ഹൃദ്രോഗിയായ ഒരു കുട്ടിയുടെ ശസ്ത്രക്രിയയ്ക്ക് സഹായം നൽകാൻ ഒരു ചാരിറ്റി ഷോ ചെയ്യാമോ എന്ന അഭ്യർഥനയുമായി സമീപിച്ചത്.
2000 മാർച്ചിൽ അങ്ങനെ ആദ്യത്തെ ഷോ നടത്തി. ഒരു വഴിയോരക്കച്ചവടക്കാരന്റെ വണ്ടിയാണ് സ്റ്റേജാക്കിയത്. അന്ന് അരലക്ഷത്തിലേറെ രൂപ ശസ്ത്രക്രിയയ്ക്കായി സ്വരൂപിച്ചു. ഈ വിവരമറിഞ്ഞ് ബംഗളൂരുവിലെ വിഖ്യാത കാർഡിയോളജിസ്റ്റ് ദേവി പ്രസാദ് ഷെട്ടി ആ ശസ്ത്രക്രിയ സൗജന്യമായി ചെയ്തുകൊടുത്തു.
തുടർന്നിങ്ങോട്ട് രാജ്യത്തും വിദേങ്ങളിലുമായി പാലക് ഒട്ടേറെ ഷോകൾ ചെയ്തു. സഹായങ്ങളുമായി ഒട്ടേറെ പ്രമുഖരും അവർക്കൊപ്പം ചേർന്നു. "ദിൽ സേ ദിൽ തക്' (ഹൃദയത്തിൽനിന്ന് ഹൃദയത്തിലേക്ക്) എന്ന പേരിലാണ് ഷോകൾ നടത്തിയിരുന്നത്. പാട്ടിനും സന്നദ്ധപ്രവർത്തനങ്ങൾക്കുമായി ഒട്ടേറെ പുരസ്കാരങ്ങൾ പാലകിനെ തേടിയെത്തിയിട്ടുണ്ട്.
കംപോസർ മിഥൂൻ ആണ് പാലകിന്റെ ജീവിതപങ്കാളി. ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്കും അദ്ദേഹം ഒപ്പമുണ്ട്. പാട്ടുകളും സംഗീതപരിപാടികളും ഇല്ലെങ്കിലും, ഒരു വരുമാനവുമില്ലെങ്കിലും ഒരു കുട്ടിയുടെപോലും ശസ്ത്രക്രിയ മുടങ്ങില്ല എന്നാണ് മിഥൂൻ നൽകുന്ന ഉറപ്പ്. ഒരു ലക്ഷ്യത്തിനായി ഒരുമിച്ചു പ്രവർത്തിക്കുന്നുവെന്നതിന് ഇതിലും വലിയ തെളിവെന്ത്!
തൃശൂരിലെ റെക്കോർഡിംഗ്
ആദ്യത്തെ ആൽബങ്ങളിലൊന്നിന്റെ റെക്കോർഡിംഗിനായി തൃശൂരിലെ ചേതന സൗണ്ട് സ്റ്റുഡിയോസിൽ എത്തിയ എട്ടുവയസുകാരിയെ ഫേസ്ബുക്ക് കുറിപ്പിൽ ഓർമിക്കുകയാണ് പ്രശസ്ത സൗണ്ട് എൻജിനീയർ സജി ആർ.
ദിലീപ് ബോസ് സംഗീതവും ജെർസൻ ആന്റണി ഓർക്കസ്ട്രേഷനും നിർവഹിച്ച പാട്ടുകൾ അന്ന് അഡാറ്റ് മാഗ്നറ്റിക് ടേപ്പിലാണ് റെക്കോർഡ് ചെയ്യുന്നത്. ബിജിഎം ഉൾപ്പെടെ അപ്പോൾതന്നെ തയാറാക്കുന്നതിനാൽ ഒരാൾ ട്രാക്ക് പാടിയതിനുശേഷം കേട്ടുപഠിച്ച് പാടുന്നതാണ് രീതി.
എന്നാൽ പാട്ടുമുഴുവൻ ബിജിഎം റിഹേഴ്സലിൽ മനഃപാഠമാക്കി ഒറ്റയടിക്ക് തെറ്റില്ലാതെ പാടി പൂർത്തിയാക്കി പാലക് എല്ലാവരെയും ഞെട്ടിച്ചുവെന്ന് സജി ഓർമിക്കുന്നു. അക്കാലത്തുതന്നെ നൂറുകണക്കിനു കുട്ടികൾക്ക് ഹൃദയശസ്ത്രക്രിയകൾക്കു സഹായം നൽകിയ മിടുക്കിയാണെന്ന് പിന്നീടാണ് അറിയുന്നതെന്നും സജി എഴുതുന്നു.
ഹരിപ്രസാദ്
Book Review
ശൈത്യസ്ഥലികൾ
ജോൺ സാമുവൽ
പേജ്: 208 വില: ₹ 280
കറന്റ് ബുക്സ്
ഫോൺ: 72900922166
സൈന്യത്തിൽനിന്നു വിരമിച്ച അഞ്ചു സുഹൃത്തുക്കളുടെ കഥ പറയുന്ന നോവൽ. സ്ഥിരം സൈനിക കഥകളിൽനിന്ന് വേറിട്ട ഭാവുകത്വവും പശ്ചാത്തലവും. ബന്ധങ്ങളിലെ നിരർഥകതയും അടയാളപ്പെടുത്തുന്നു.
ബോധിവൃക്ഷത്തണലിൽ
സിസ്റ്റർ ഡോ. ആൻ ഗ്രേയ്സ് എസ്ഡി
പേജ്: 198 വില: ₹ 250
കാർമൽ പബ്ലിഷിംഗ് ഹൗസ്,
തിരുവനന്തപുരം
സഹനത്തെക്കുറിച്ചു തെളിച്ചമുള്ള പുസ്തകം. അനുഭാവവും അനുകന്പയും ഹൃദയഭാഷയാക്കിയ ഒരു ഡോക്ടറുടെ എഴുത്ത്. തിരിച്ചറിവുകളുടെ പുതിയ ആകാശം വായനക്കാർക്കു നൽകുന്നു.
പുഴകളില്ലാതെ തോണികൾ
സോളി ജോർജ്
പേജ്: 156 വില: ₹ 200
ഫോൺ: 6282316731
ദുരിതങ്ങളെ ചെറു സന്തോഷങ്ങ ളാലും ബന്ധങ്ങളുടെ ഊഷ്മളതകൊ ണ്ടും മറികടക്കാൻ ശ്രമിക്കുന്ന മനുഷ്യരുടെ ജീവിതം പറയുന്ന നോവൽ. കുമരകത്തിന്റെ പശ്ചാത്തലത്തിലുള്ള ആഖ്യാനം.
സഖാവ് പുഷ്പൻ
ഭാനുപ്രകാശ്
പേജ്: 298 വില: ₹ 500
യുവധാര, തിരുവനന്തപുരം
ഫോൺ: 0471 2302329
കൂത്തുപറന്പ് വെടിവയ്പ്പിൽ പരിക്കേറ്റ് ശരീരം തളർന്ന ഡിവൈഎഫ്ഐ നേതാവ് പുഷ്പന്റെ ചരിത്രമായിത്തീർന്ന ജീവിതകഥ. മുഖ്യമന്ത്രി പിണറായി വിജയൻ എഴുതിയ അവതാരിക.
SUNDAY DEEPIKA
മികച്ച ഇംഗ്ലീഷ് അധ്യാപകനും കോളജ് പ്രിൻസിപ്പലും ഗ്രന്ഥകാരനും കവിയും ഒട്ടേറെ പുരസ്കാരങ്ങളുടെ ജേതാവുമായ റവ.ഡോ. ആന്നിയിൽ തരകൻ രചിച്ച ബൃഹദ്ഗ്രന്ഥമാണ് ""മാർത്തോമാ ശ്ലീഹായും മാർത്തോമാ ക്രൈസ്തവരും- അവരുടെ സംസ്കാരവും നരവംശ ശാസ്ത്രവും ഭാരതീയ പരിപ്രേക്ഷ്യത്തിൽ.'' ഡോ. തരകന്റെ രചനകളെല്ലാംതന്നെ ഇംഗ്ലീഷിലാണ്.
അദ്ദേഹത്തിന്റെ ചില കൃതികൾ കേരളത്തിനും ഇന്ത്യയ്ക്കും വെളിയിലാണ് പ്രസാധനം ചെയ്തിരിക്കുന്നത്. മലയാളമറിയാത്ത വായനക്കാർക്കും സംലഭ്യമാകണമെന്ന അദ്ദേഹത്തിന്റെ സദുദ്ദേശ്യത്തെ മാനിക്കുന്നു. മാർത്തോമാ ശ്ലീഹായെയും ശ്ലീഹായുടെ പ്രേഷിത പ്രവർത്തനത്തെയും കുറിച്ചുള്ള ഈ ഗ്രന്ഥം ഇംഗ്ലീഷിലായത് ഉചിതമായി. രൂഢമൂലമായ ചില അബദ്ധധാരണകൾ തിരുത്തുന്നതിന് ഇത് പണ്ഡിതലോകത്തെ സഹായിക്കും.
ഗ്രന്ഥത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് പ്രമുഖ ചരിത്രകാരൻ ഡോ.കെ.എസ്. മാത്യുവാണ്. പണ്ഡിതോചിതവും പഠനാർഹവുമായ ഒരു പ്രബന്ധംതന്നെയാണത്. ഡോ. തരകന്റെ രചനാസങ്കേതവും അദ്ദേഹത്തിന്റെ ചരിത്രദർശനവും മനസിലാക്കി പുസ്തകം വായിക്കാൻ അവതാരിക സഹായകമാണ്. പുസ്തകത്തിന്റെ ആമുഖത്തിന് 46 പേജുകളുണ്ട്.
ഗ്രന്ഥകർത്താവ് അവലംബിച്ചിരിക്കുന്ന രീതിശാസ്ത്രവും ചരിത്രത്തിന്റെ തത്വശാസ്ത്രവും വിശദമാക്കുന്ന ആമുഖം ചരിത്രവിദ്യാർഥികൾക്കും വിലപ്പെട്ടതായിരിക്കും. ഈ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ അവഗാഹം ഗ്രന്ഥത്തിന്റെ ആധികാരികത ഉറപ്പുവരുത്തുന്നു. സംസ്കൃതത്തിലും ലാറ്റിനിലുമുള്ള അദ്ദേഹത്തിന്റെ പ്രാഗത്ഭ്യവും ഗ്രന്ഥത്തിന്റെ മൗലികതയ്ക്ക് ആക്കംകൂട്ടുന്നുണ്ട്.
ഓരോ ചെറുപുസ്തകത്തിന്റെ വലിപ്പമുള്ള മൂന്നധ്യായങ്ങളാണ് ഗ്രന്ഥത്തിനുള്ളത്. ""ഒന്നാം നൂറ്റാണ്ടിലെ ഭാരതവും മലബാർ തീരവും- സംസ്കാരവും നരവംശശാസ്ത്രവും'' എന്ന ഒന്നാമധ്യായത്തിൽ വളരെ സമഗ്രമായി വിഷയം ചർച്ചചെയ്തിരിക്കുന്നു.
ഒന്നാം നൂറ്റാണ്ടിലെ ഭാരതത്തെയും മലബാറിനെയും പറ്റിയുള്ള വിശ്വവിജ്ഞാനകോശ ലേഖനം പോലെ പ്രൗഢഗംഭീരമാണ് ഈ അധ്യായം. രണ്ടാമധ്യായത്തിൽ മാർത്തോമാ ശ്ലീഹായുടെ ഭാരതാഗമനമാണ് വിഷയം. പശ്ചിമേന്ത്യയിലും ദക്ഷിണേന്ത്യയിലും ശ്ലീഹാ നടത്തിയ പ്രേഷിതയത്നങ്ങളുടെ ചരിത്രപരത നിഷ്കൃഷ്ടമായി പരിശോധിക്കുന്ന അദ്ദേഹം സാഹിത്യപരവും പുരാവസ്തുശാസ്ത്രപരവുമായ സകല തെളിവുകളും അപഗ്രഥിക്കുന്നുണ്ട്.
മലങ്കരയിൽ നിലവിലുള്ള പുരാതനപ്പാട്ടുകൾ, സഭാരംഭകാലം മുതലേയുള്ള സഭാപാരന്പര്യങ്ങൾ, പാശ്ചാത്യ- പൗരസ്ത്യ സഭാപിതാക്കന്മാരുടെ പ്രസ്താവനകൾ, ക്നാനായ കുടിയേറ്റം മുതലായ നിരവധി വിഷയങ്ങൾ ഈ അധ്യായത്തിലുണ്ട്.
മൂന്നാമധ്യായത്തിൽ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ മാർത്തോമാ മാർഗം എന്നറിയപ്പെടുന്ന സഭാജീവിതശൈലിയാണ് ചർച്ചചെയ്യുന്നത്. ഈ ജീവിതശൈലിയെ അവർ വിളിച്ചിരുന്നത് തോമ്മായുടെ നിയമം എന്നാണ്.
ആരാധനാക്രമത്തിൽ മാത്രമല്ല ജീവിതത്തിന്റെ ഇതരമേഖലകളിലും തോമ്മായുടെ നിയമം സ്വാധീനംചെലുത്തി. ഭാരതീയ സംസ്കാരവുമായി ഇഴുകിച്ചേർന്ന ആ ജീവിതശൈലി ഇന്നും സജീവമാണ്.
സമാപനലേഖനത്തിനുശേഷം ഒന്നാം നൂറ്റാണ്ടിലെ മലബാർ തീരത്തിന്റെ ചില സവിശേഷതകളെപ്പറ്റി മൂന്ന് അനുബന്ധ ലേഖനങ്ങൾ, ഗ്രന്ഥസൂചി, ചരിത്രപരമായി പ്രാധാന്യമുള്ള പദങ്ങളുടെയും സംജ്ഞകളുടെയും വിശദീകരണം (50 പേജുകൾ), വിവിധ സ്ഥലങ്ങളുടെ പുരാതനവും നവീനവുമായ പേരുകൾ, അവയുടെ ഭൂമിശാസ്ത്രപരമായ കിടപ്പ്, അന്യഭാഷാപദങ്ങളുടെ വിശദീകരണം (44 പേജുകൾ) എന്നിങ്ങനെ നിരവധി കാര്യങ്ങൾ. ചരിത്രകുതുകികൾക്ക് അപരിത്യാജ്യമായ ഒരു വിശിഷ്ടഗ്രന്ഥം.
റവ.ഡോ. ആന്നിയിൽ തരകൻ
SUNDAY DEEPIKA
ഉടനെയെത്തുമെന്നു കത്തിൽ പറഞ്ഞെങ്കിലും ബിയാട്രീസും ഭർത്താവ് ഗൈൽസും എത്തിയത് മൂന്നുദിവസം കഴിഞ്ഞ്. ഗേറ്റ് കടന്നു കാർ വരുന്നതുകണ്ട ഞാൻ വേഗം ഗോവണിപ്പടിയിറങ്ങിയെങ്കിലും താഴേക്കിറങ്ങാനുള്ള തിടുക്കത്തിൽ മുറിയുടെ ദിശ മാറിപ്പോയി
ചെന്നുപെട്ടത് റെബേക്ക മുന്‍പ് ഉപയോഗിച്ചിരുന്ന മുറിയുടെ ഭാഗത്ത്. ഞാൻ ആശയക്കുഴപ്പത്തിൽ പകച്ചുനിൽക്കുന്പോൾ അതാ മുന്നിൽ മിസിസ് ഡാൻവേഴ്സ്. മുറ്റിയ ഗൗരവവും തുറിച്ച കണ്ണുകളും.
""എങ്ങോട്ടാണ്?''
""അവർ വന്നു. താഴേക്കിറങ്ങാൻ...''
അവർ എനിക്കു വഴി പറഞ്ഞുതന്നു. ""ഇതുവരെ വഴി നിശ്ചയമായിട്ടില്ലേ?'' നീരസം കലർന്ന സ്വരം. അതേ നീരസത്തിൽ ഞാൻ പറഞ്ഞു: ""നിങ്ങളിവിടെ വന്നിട്ടു വർഷങ്ങളായി. ദിവസങ്ങളേ ആയിട്ടുള്ളൂ ഞാൻ വന്നിട്ട്.''
ഇതു ഞാൻ പറഞ്ഞപ്പോൾ അവർ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.
സ്വീകരണമുറിയിൽ അവരെല്ലാവരും നിന്ന് സംസാരിക്കുകയാണ്. ആ സമയത്താണ് ഞാൻ കടന്നുചെല്ലുന്നത്. കണ്ടയുടനെ മാക്സിം പറഞ്ഞു: ""ഇതാ, നമ്മുടെ ആൾ എത്തി.'' എന്നിട്ടു ചോദിച്ചു: ""എവിടെയായിരുന്നു ഇതുവരെ? അന്വേഷിക്കാൻ ആളുകളെ വിടണമോ എന്നാലോചിച്ചു.''
ഇതുകേട്ട് എല്ലാവരും കൂട്ടച്ചിരിയായി. ബിയാട്രീസ് ഇമവെട്ടാതെ എന്നെ ഉറ്റുനോക്കുകയാണ്. മാക്സിം പരിചയപ്പെടുത്തി: ""ഇതു ബിയാട്രീസ് എന്റെ ഒരേയൊരു സഹോദരി, ഇതു ഗൈൽസ് ഇവളുടെ ഭർത്താവ്- എന്റെ അളിയൻ. ഇതു ഫ്രാങ്ക്- സമർഥനും വിശ്വസ്തനുമായ എന്റെ ബിസിനസ് ഏജന്റ്.''
ജാസ്പ്പർ എന്ന വീട്ടുനായ വാലാട്ടിക്കൊണ്ട് അവിടെ ചുറ്റിപ്പറ്റി നിൽപ്പുണ്ട്. ഫ്രാങ്ക് ഉടനെ ഓഫീസിലേക്കു നീങ്ങി.
ബിയാട്രീസിന് നല്ല പൊക്കവും വിരിഞ്ഞ തോൾഭാഗവും ഒത്ത തടിയും. കാണാനും ഭംഗിയുണ്ട്. ബിയാട്രീസിന്റെ ഭർത്താവിന് തടി കൂടുതലാണ്, കുടവയറുമുണ്ട്. ബിയാട്രീസ് എന്നെ ചുംബിക്കുകയോ കെട്ടിപ്പുണരുകയോ ചെയ്തില്ല. പകരം എന്റെ കൈയെടുത്തു മുറുകെപ്പിടിച്ച് കണ്ണുകളിലേക്ക് ഉറ്റുനോക്കിയശേഷം മാക്സിമിനോടു പറഞ്ഞു: ""ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ വ്യത്യസ്തയാണ്.''
എന്താണതിന്റെ അർഥം? ബിയാട്രീസ് എന്താണ് പ്രതീക്ഷിച്ചത്? മാക്സിം എന്താണ് പറഞ്ഞുകൊടുത്തത്?
ഉള്ളിൽ ചെറിയ ആശങ്ക. ബിയാട്രീസ് അല്പം നീങ്ങിനിന്നിട്ട് എന്നെ അടിമുടി സൂക്ഷിച്ചുനോക്കി. ഇവർക്ക് എന്നെ നോക്കാനും വിലയിരുത്താനും അവകാശമുണ്ട്. ഇവർ എന്റെ ഭർത്താവിന്റെ സഹോദരിയാണ്. മിസിസ് ഡാൻവേഴ്സിനെപ്പോലെ അസൂയയോ വിദ്വേഷമോ ഉള്ള ടൈപ്പല്ല. എനിക്കു ധൈര്യം പകരാനെന്നവണ്ണം മാക്സിം എന്റെ ഒരു കൈയെടുത്തുപിടിച്ചുനിന്നു.
ബിയാട്രീസ് പറഞ്ഞു: ""ഇവൻ എന്നോടു പറഞ്ഞത്, നീ പുതുപ്പെണ്ണാണ്. വന്നിട്ടു മൂന്നാലു ദിവസമേ ആയിട്ടുള്ളൂ. പകപ്പും പരിഭ്രമവുമൊക്കെ കാണും.'' എന്നിട്ട് എന്നെ ഒന്നുകൂടി നോക്കിയിട്ടു പറഞ്ഞു: ""ഒന്നുമില്ല. ഒരു പരിഭ്രമവുമില്ല. നല്ല മിടുക്കി. കാണാനും കൊള്ളാം. മോളേ! നിന്നെ എനിക്ക് ഇഷ്ടമായി.''
ഇതുകേട്ട് മാക്സിം അഭിമാനംപൂണ്ട് എന്റെ കൈപിടിച്ചൊന്നു ഞെക്കി.
പിന്നെ ബിയാട്രീസ് മാക്സിമിനെ നോക്കി പറഞ്ഞു: ""എടാ! നിനക്കു വലിയ മാറ്റമൊന്നുമില്ല. പക്ഷേ കാണാൻ ഇതിൽകൂടുതൽ ഭംഗിയുണ്ടായിരുന്നു.''
ഗൈൽസ് പറഞ്ഞു: ""ഭംഗിയൊക്കെ താനേ വന്നുകൊള്ളും. നമ്മൾ അതൊന്നും വിലയിരുത്തണ്ട.''
""എന്നാലും അഭിപ്രായം പറഞ്ഞുകൂടേ? ഇതു നല്ല കൂത്ത്. ഞാൻ കണ്ടകാര്യം വെട്ടിത്തുറന്നു പറയും.''
മാക്സിം പറഞ്ഞു: ""അതു ഞാൻ ഇവളോടു പറഞ്ഞിരുന്നു. വരുന്ന ആൾ ചില്ലറക്കാരിയല്ല. നോണ്‍സ്റ്റോപ്പ് എക്സ്പ്രസാണ്. വർത്തമാനം തുടങ്ങിയാൽ നിർത്തില്ല. വേണ്ടതും വേണ്ടാത്തതും കലപിലാ എന്നു പറഞ്ഞുകൊണ്ടിരിക്കും.''
""ഞാൻ സത്യമേ പറയൂ.'' മുന്നിൽനിൽക്കുന്ന നായയെ ഒന്നു തട്ടിയിട്ടു പറഞ്ഞു: ""ദേ നോക്ക്. ഈ ജാസ്പ്പറിനു വ്യായാമത്തിന്റെ കുറവുണ്ട്. തടിച്ചു കൊഴുത്തിരിക്കുന്നു. രണ്ടു വയസേ ആയിട്ടുള്ളൂ. എടാ, നീ ഇതിന് എന്താണ് തീറ്റ കൊടുക്കുന്നത്?''
""എന്റെ ചേച്ചീ, ഞാൻ കൊടുക്കുന്നത് നീ നായ്ക്കൾക്കു കൊടുക്കുന്നതുപോലെ തന്നെ. നായ്ക്കളെയും മൃഗങ്ങളെയും കുറിച്ച് നിനക്കുള്ള അറിവിനേക്കാൾ കൂടുതൽ എനിക്കുണ്ട്.''
""ആയിക്കൊള്ളട്ടെ. ഇവിടെ വിശാലമായ തോട്ടവും കടപ്പുറവുമൊക്കെയില്ലേ? ജോലിക്കാരോടു പറയൂ, ഇതിനെ എല്ലാ ദിവസവും കുറച്ചുനേരം ഓടിക്കാൻ.''
അവിടെ കിടക്കുന്ന ഒരു മാസിക കണ്ണിൽപ്പെട്ടു ഗൈൽസ് അതെടുത്തിട്ടു പറഞ്ഞു: ""നിങ്ങൾ സംസാരിക്ക്. ഞാനിതൊന്നു നോക്കട്ടെ.'' ഇതും പറഞ്ഞ് ഗൈൽസ് അടുത്ത മുറിയിലേക്കു പോയി.
ബിയാട്രീസ് തുടർന്നു: ""അല്ലെങ്കിൽ ഈ ജാസ്പ്പർ കടലിൽ കുറേ നീന്തിക്കളിക്കട്ടെ. തടി വേഗം കുറയും. ഞാൻ മുന്‍പ് ഇവിടെ കടലിൽ നീന്തിക്കുളിച്ചിട്ടുണ്ട്. ബീച്ചിൽ ധാരാളം വെള്ളാരംകല്ലുകളുണ്ട്. വെള്ളത്തിനു നല്ല തണുപ്പാണ്.''
ഞാൻ ഉത്സാഹഭരിതയായി പറഞ്ഞു: ""കടലിലെ കുളി എനിക്കിഷ്ടമാണ്. ശക്തമായ തിരമാലകളില്ലെങ്കിൽ കൊള്ളാം. നമ്മുടെ മാൻഡെർലിയിലെ കടൽഭാഗത്തുള്ള കുളി സുരക്ഷിതമല്ലേ?''
അതിന് ആരും മറുപടി പറഞ്ഞില്ല. മൗനംപാലിച്ചതിന്റെ കാരണം ഞാൻ ഉൗഹിച്ചു. കഴിഞ്ഞവർഷമുണ്ടായ ദുരന്തം ഞാൻ ഓർത്തു. അതിനെക്കുറിച്ച് ഇന്നുവരെ യാതൊന്നും ഞാൻ മാക്സിമിനോടു ചോദിച്ചിട്ടില്ല. മാക്സിം പറഞ്ഞിട്ടുമില്ല.
ഈ സമയത്ത് ഫ്രിത്ത് കടന്നുവന്നിട്ടു പറഞ്ഞു: ""ലഞ്ച് തയാറായിട്ടുണ്ട്.'' ഏജന്റ് ഫ്രാങ്ക് അടക്കം ഞങ്ങൾ എല്ലാവരും ഭക്ഷണത്തിനിരുന്നു. വിഭവസമൃദ്ധമായ സ്വാദേറിയ ഭക്ഷണം. ഗൈൽസ് പറഞ്ഞു: ""ഞാൻ ബിയാട്രീസിനോടു പറയാറുണ്ട്., ഇംഗ്ലണ്ടിൽ ഏറ്റവും മുന്തിയ പാചകവും ഏറ്റവും നല്ല ഭക്ഷണവും മാൻഡെർലിയിലാണെന്ന്.''
മാക്സിം പറഞ്ഞു: ""കൂടെക്കൂടെ ഞങ്ങൾ കുക്കിനെ മാറ്റും. എന്നാലും എല്ലാത്തിന്റെയും ചുക്കാൻ പിടിക്കുന്നത് മിസിസ് ഡാൻവേഴ്സാണ്.''
ഗൈൽസ് അവരെ വിശേഷിപ്പിച്ചു: ""ആ സ്ത്രീ ഒരു അദ്ഭുതജീവിയാണ്.'' അതുകേട്ട് ബിയാട്രീസ് അർഥംവച്ച് ഒന്നുമൂളിക്കൊണ്ടു പറഞ്ഞു: ""അതെ, ഒരു പ്രത്യേക അതിശയജീവിയാണ്.''
ലഞ്ച് കഴിഞ്ഞശേഷം ഞാനും ബിയാട്രീസും ടെറസിലേക്കു കടന്നു താഴെയിറങ്ങി. ഗാർഡനിലെ ലോണിലേക്കും തണലിലേക്കും നടന്നു. എന്നെക്കുറിച്ചു പലതും ചോദിച്ചറിഞ്ഞു.
""ഞങ്ങളുടെ വിവാഹം വളരെ പെട്ടെന്നും അപ്രതീക്ഷിതവുമായിരുന്നു.''
""എന്തായാലും കൊള്ളാം. ഞങ്ങൾക്കെല്ലാവർക്കും സന്തോഷമായി. നിന്നെ കണ്ടതോടെ പ്രത്യേകിച്ചും. ആനന്ദകരമായ ഒരു ദാന്പത്യ ജീവിതം ഹൃദയപൂർവം ഞാൻ ആശംസിക്കുന്നു.''
""താങ്ക് യൂ... താങ്ക് യൂ...''
പലതും ചോദിച്ച കൂട്ടത്തിൽ എന്നോടു ചോദിച്ചു: ""പടിഞ്ഞാറു ഭാഗത്തെ ബെഡ്റൂം എന്തേ നിങ്ങൾ ഉപയോഗിക്കാത്തത്?''
""കിഴക്കുഭാഗത്ത് മനോഹരമായ ഒന്ന് മാക്സിം സജ്ജീകരിച്ചിട്ടുണ്ട്.''
""അതെന്തുകൊണ്ട് എന്നാണ് മനസിലാവാത്തത്.''
""അത് മാക്സിമിന്റെ ആശയമാണ്.''
""ഞാൻ ചോദിക്കട്ടെ, മിസിസ് ഡാൻവേഴ്സുമായി നീ എങ്ങനെ?''
""ഞാൻ അവരുമായിട്ട് അധികം ഇടപെടുന്നില്ല. എന്നാൽ മറ്റുള്ളവർ അവരോട് വലിയ സ്നേഹം കാണിക്കുന്നത് കണ്ടിട്ടില്ല.''
""നിന്നോടു സ്നേഹത്തിലാണോ പെരുമാറുന്നത്?''
""അങ്ങനെ വലിയ സ്നേഹത്തിലൊന്നുമല്ല. ചിലനേരത്തു തുറിച്ച നോട്ടവും മയമില്ലാത്ത സംസാരവുമാണ്. ഞാനതു സാരമാക്കില്ല.''
""ഒരു സത്യം ഞാൻ നിന്നോടു തുറന്നുപറയട്ടെ? ആ സ്ത്രീ ഉള്ളിന്റെയുള്ളിൽ നിന്നോട് ഒരുതരം അസൂയയും പകയും വച്ചുപുലർത്തുന്നുണ്ട്.''
""എന്നോട് എന്തിനാ അസൂയ? മാക്സിം ഒരിക്കലും അവരോടു സ്നേഹത്തിലോ പ്രേമത്തിലോ പെരുമാറുന്നതു കണ്ടിട്ടില്ലല്ലോ.''
""മോളേ, അതല്ല കാര്യം. നിന്റെ സാന്നിധ്യം ഒരു ഉപദ്രവമായിട്ടാണ് അവർ കാണുന്നത്. അതാണ് പ്രശ്നം.''
""എന്തുകൊണ്ട് അങ്ങനെ കാണുന്നു?''
""ആ സ്ത്രീ ഉള്ളിന്റെ ഉള്ളിൽ റെബേക്കയെ പൂജിക്കുന്നു, മനസിൽ ആരാധിക്കുന്നു.''
""ഇത്രയും പറഞ്ഞ നിലയ്ക്ക്, മിനിയാന്നുണ്ടായ ഒരു സംഭവം ഞാൻ ചേച്ചിയോടു പറയട്ടെ.''
""എന്താണ്?''
""രണ്ടുദിവസം മുന്‍പ് മോണിംഗ് റൂമിൽ കുറച്ചുനേരം ഞാൻ പോയി ഇരുന്നു. അതവർക്ക് ഒട്ടും ഇഷ്ടമായില്ല. റെബേക്ക ഉപയോഗിച്ചിരുന്ന മുറിയാണത്രേ. അതിൽ ഞാനൊന്നിരുന്നു. അത്ര വലിയ അപരാധമാണോ അത്?''
ബിയാട്രീസ് ദേഷ്യത്തോടെ പറഞ്ഞു: ""ഒരു തെറ്റുമില്ല. എന്താ അവളുടെ സ്വന്തം വീടാണോ ഇത്? ഒരുതരം പൈശാചിക മനസ്. നിന്റെ സ്ഥാനത്ത് ഈ ബിയാട്രീസ് ആയിരുന്നെങ്കിൽ വയറുനിറച്ചു ഞാൻ പറഞ്ഞുകൊടുത്തേനേ.'' നിമിഷം കഴിഞ്ഞ് അവർ തുടർന്നു:""ഒന്നും സാരമാക്കേണ്ട. അവളുടെ കറുത്ത വസ്ത്രംപോലെതന്നെ ആ മനസും കറുത്തതാണ്. എനിക്ക് ഒന്നേ പറയാനുള്ളൂ. നീ വളരെ സൂക്ഷിക്കണം. അവളുടെ അന്യായമായ ഒരു കാര്യത്തിനും വഴങ്ങിക്കൊടുക്കേണ്ട. മനസിലായോ?''
ഞാൻ തലയാട്ടി.
""മാക്സിമിനെ കണ്ടിട്ടേ ഞങ്ങൾ മടങ്ങുന്നുള്ളൂ. വാ നമുക്കു പോകാം.''
എന്നിട്ട് എന്റെ ഇരു തോളുകളിലും പിടിച്ച് വാത്സല്യപൂർവം നിമിഷനേരം നോക്കിയിട്ടു പറഞ്ഞു:
""മോളേ! നീ റെബേക്കയേക്കാൾ എത്രയോ വ്യത്യസ്തയാണ്!''
(തുടരും)
ഡാഫ്നെ ദു മോറിയർ-സ്വതന്ത്ര പരിഭാഷ- സി.എൽ. ജോസ്
SUNDAY DEEPIKA
ഇംഗ്ലീഷ് സാഹിത്യത്തിലെ അതികായനാണ് ഡോ. സാമുവൽ ജോണ്സണ് (1709-1784). കവി, നാടകകൃത്ത്, പ്രബന്ധകാരൻ, നിരൂപകൻ, ജീവചരിത്രകാരൻ, എഡിറ്റർ എന്നീ നിലകളിലൊക്കെ പ്രസിദ്ധനായ അദ്ദേഹമാണ് ഇംഗ്ലീഷിലെ ആദ്യത്തെ നിഘണ്ടു തയാറാക്കിയത്.
ഇംഗ്ലീഷ് സാഹിത്യചരിത്രത്തിൽ അദ്ദേഹത്തിന് ഒപ്പംനിൽക്കാൻ ആരുമില്ലാത്തതുകൊണ്ടാണ് ഇംഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും മഹത്തായ വ്യക്തിത്വം എന്ന് ഓക്സ്ഫഡ് ഡിക്ഷ്ണറി ഓഫ് നാഷണൽ ബയോഗ്രഫി അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
ഇംഗ്ലണ്ടിലെ ലിച്ച്ഫീൽഡിലാണ് ജോണ്സണ് ജനിച്ചത്. ഒരു ബുക്സ്റ്റോളിന്റെ ഉടമയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ദാരിദ്ര്യം അവരുടെ കൂടപ്പിറപ്പായിരുന്നു. പഠിക്കാൻ അതിമിടുക്കനായിരുന്ന അദ്ദേഹം ചെറുപ്പത്തിൽതന്നെ ലാറ്റിൻ ഭാഷയിൽ വലിയ പാണ്ഡിത്യം നേടി. അദ്ദേഹത്തിനു ലാറ്റിൻ ഭാഷയിൽ കവിതയെഴുതാനും വശമായിരുന്നു.
കോളജ് പഠനത്തിനായി ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ ജോണ്സണ് ചേർന്നെങ്കിലും സാന്പത്തിക ബുദ്ധിമുട്ടുമൂലം പൂർത്തിയാക്കാൻ സാധിച്ചില്ല. വർഷങ്ങൾക്കുശേഷം ഓക്സ്ഫഡ് യൂണിവേഴ്സിറ്റി അദ്ദേഹത്തിനു മാസ്റ്റർ ബിരുദവും ഓണററി ഡോക്ടറേറ്റും നൽകിയെന്നതു വേറേകാര്യം.
കോളജ് പഠനം ഉപേക്ഷിച്ചതിനുശേഷം അദ്ദേഹം പിതാവിനൊപ്പം കുറേക്കാലം പുസ്തക കച്ചവടം നടത്തി. അതിനുശേഷം ഒരു സ്കൂളിൽ അധ്യാപകനായി. അതോടൊപ്പം സാഹിത്യരംഗത്തേക്കും കടന്നു. അപ്പോഴും അദ്ദേഹം ദാരിദ്ര്യത്തിൽനിന്നു മോചനം നേടിയിരുന്നില്ല.
1746ൽ ഒരുകൂട്ടം പ്രസാധകർ ഇംഗ്ലീഷ് ഭാഷയിലെ ആധികാരികമായ ഒരു നിഘണ്ടു തയാറാക്കാൻ ജോണ്‍സനെ ചുമതലപ്പെടുത്തി. മൂന്നു വർഷംകൊണ്ട് ആ ജോലി പൂർത്തിയാക്കാമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നെങ്കിലും എട്ടുവർഷം വേണ്ടിവന്നു.
എന്നാൽ ഈ എട്ടുവർഷക്കാലം അദ്ദേഹം നിഘണ്ടുവിന്റെ ജോലികൾ മാത്രമല്ല ചെയ്തത്. നിരവധി കവിതകളും നൂറുകണക്കിന് ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. ഇവയുടെകൂടി പശ്ചാത്തലത്തിലാണ് നിഘണ്ടു പ്രസിദ്ധീകരിക്കുന്ന അവസരത്തിൽതന്നെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി അദ്ദേഹത്തിനു മാസ്റ്റർ ബിരുദം സമ്മാനിച്ചത്.
ജോണ്സണ് വലിയ പണ്ഡിതനായിരുന്നെങ്കിലും പണക്കാരനായിരുന്നില്ല. എഴുത്തിലൂടെയും മറ്റും അദ്ദേഹം സന്പാദിച്ച തുക തനിക്കുവേണ്ടിമാത്രം മാറ്റിവയ്ക്കുകയല്ല ചെയ്തത്. ആ തുകയുടെ നല്ലൊരു ഭാഗം പാവങ്ങൾക്കുവേണ്ടി അദ്ദേഹം ചെലവഴിച്ചു. ജോലികഴിഞ്ഞു രാത്രി വീട്ടിലേക്കു മടങ്ങുന്പോൾ പോക്കറ്റിലെ ചില്ലിക്കാശെല്ലാം വഴിവക്കിലെ കൊടുംതണുപ്പിൽ അന്തിയുറങ്ങുന്ന ദരിദ്രർക്കു കൊടുക്കുമായിരുന്നത്രേ.
വീടില്ലാത്തവരെ തന്റെ ഭവനത്തിൽ അന്തിയുറങ്ങാനും പലപ്പോഴും അദ്ദേഹം അനുവദിച്ചിരുന്നു. ഇതൊക്കെ എങ്ങനെ ചെയ്യാൻ സാധിക്കുന്നുവെന്ന് ഒരു സുഹൃത്ത് ജോണ്‍സനോടു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ഞാൻ സഹായിച്ചില്ലെങ്കിൽ പിന്നെ ആരു സഹായിക്കാനാണ്? അവർ ഒരിക്കലും ആശ്രയമില്ലാതെ പോകരുത്.
ജോണ്സണ് രൂപംകൊടുത്ത നിഘണ്ടു വാക്കുകളെയാണ് നിർവചിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ജീവിതം നിർവചിക്കുന്നതാകട്ടെ യഥാർഥ കരുണ എന്താണെന്നും. ദാരിദ്ര്യം എന്താണെന്ന് ജോണ്സന് അറിയാമായിരുന്നു.
ദരിദ്രരെ സഹായിക്കേണ്ടത് തന്റെ കടമയാണെന്നും അദ്ദേഹത്തിനു നല്ല ബോധ്യമുണ്ടായിരുന്നു. അങ്ങനെയാണ് തന്റെ ഇല്ലായ്മകൾക്കിടയിലും തനിക്കുള്ളതിന്റെ ഒരോഹരി പാവങ്ങൾക്കു നൽകാൻ ആദ്ദേഹം തയാറായത്.
ദൈവവചനം പറയുന്നു: ""ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിനു ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ കഴിയുന്പോൾ നിങ്ങളിലാരെങ്കിലും ശരീരത്തിനാവശ്യമുള്ളത് അവർക്കു കൊടുക്കാതെ, സമാധാനത്തിൽ പോവുക, തീ കായുക, വിശപ്പടക്കുക എന്നൊക്കെ അവരോടു പറയുന്നെങ്കിൽ അതുകൊണ്ട് എന്തു പ്രയോജനം?'' (യാക്കോബ് 2:15-16). ഇക്കാര്യം വ്യക്തമായി മനസിലാക്കിയ കരുണാർദ്രനായ മനുഷ്യനായിരുന്നു ജോണ്സണ്. തന്മൂലമാണ് തന്റെ ദാരിദ്ര്യം കണക്കാക്കാതെ പാവങ്ങളെ ഉദാരമായി സഹായിക്കാൻ അദ്ദേഹത്തിനു സാധിച്ചത്.
ദരിദ്രരെ സഹായിക്കേണ്ടിവരുന്പോൾ എന്താണ് നമ്മുടെ നിലപാട്? നമ്മൾ സന്പന്നരല്ലാത്തതുകൊണ്ട് അതു സാധിക്കുകയില്ലെന്നാണോ? ദരിദ്രരെ സഹായിക്കുന്നതിനു നാം സന്പന്നരായിരിക്കണമെന്നില്ല. അതിനു നമുക്കു വേണ്ടത് ജോണ്സണ് ഉണ്ടായിരുന്നതുപോലെ കരുണാർദ്രമായ ഹൃദയമാണ്. അപ്പോൾ നമ്മുടെ ഇല്ലായ്മകൾക്കിടയിലും മറ്റുള്ളവരെ സഹായിക്കാൻ നമുക്കു സാധിക്കും.
മറ്റുള്ളവർ സഹായത്തിനായി നമ്മുടെ മുന്നിൽ കൈനീട്ടുന്പോൾ, നാം സഹായിച്ചില്ലെങ്കിലും അവരെ മറ്റാരെങ്കിലും സഹായിച്ചുകൊള്ളും എന്നായിരിക്കും ചിലപ്പോഴെങ്കിലും ചിന്തിക്കുക. എന്നാൽ അങ്ങനെയൊരു ചിന്തയ്ക്ക് അല്പംപോലും പ്രസക്തിയില്ല. അവർ സഹായം ചോദിക്കുന്നത് നമ്മോടല്ലേ? അപ്പോൾ നാംതന്നെയല്ലേ സാധിക്കുന്ന രീതിയിൽ അവരെ സഹായിക്കേണ്ടത്.
ജീവിതത്തെ നിർവചിക്കാൻ നാം സാധാരണ ഉപയോഗിക്കുന്ന അളവുകോൽ പണവും പ്രൗഢിയും പ്രശസ്തിയുമൊക്കെയായിരിക്കും. എന്നാൽ അവയെക്കാളൊക്കെ അധികമായി നമ്മുടെ ജീവിതത്തെ നിർവചിക്കേണ്ടത് കരുണയുടെ അളവുകോൽ ഉപയോഗിച്ചാണെന്നത് നമുക്കു മറക്കാതിരിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
SUNDAY DEEPIKA
മനുഷ്യകുലത്തിന്റെ പൂർവികനായ ഹോമോ ഇറക്റ്റസിന്റെ തലയോട്ടി കണ്ടെത്തിയിരിക്കുന്നു ശാസ്ത്രജ്ഞർ. ഇന്തോനേഷ്യയിലെ ജാവ, മഡുറ ദ്വീപുകൾക്കിടയിലുള്ള മഡുറ കടലിടുക്കിൽ ചെളിയുടെയും മണലിന്റെയും പാളികൾക്കടിയിൽ പൂണ്ടുകിടക്കുകയായിരുന്നു തലയോട്ടി.
ഗവേഷകർ അവകാശപ്പെടുന്നത് തലയോട്ടിക്ക് 140,000 വർഷം പഴക്കമുണ്ടെന്നാണ്. ഇന്തോനേഷ്യയിലെ ജാവ തീരത്തു നടത്തിയ മണൽ ഖനനത്തിനിടെയാണു കണ്ടെത്തലുകൾ.
പുരാതന മനുഷ്യന്റെ തലയോട്ടി സമുദ്രത്തിന്റെ അടിത്തട്ടിൽ മറഞ്ഞിരിക്കുന്ന സംസ്കാരത്തിലേക്കു വെളിച്ചം വീശുന്നവയാണെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. മഡുറ കടലിടുക്കിലെ വലിയ നിർമാണപദ്ധതിയുമായുള്ള ഖനനങ്ങളിൽ, 2011ൽ ആണ് ഹോമോ ഇറക്റ്റസിന്റെ ഫോസിൽ കണ്ടെത്തിയത്.
എന്നാൽ, ഈ മാസമാണ് ശാസ്ത്രജ്ഞർ തങ്ങളുടെ കണ്ടെത്തലുകൾ ലോകവുമായി പങ്കുവച്ചത്. "കണ്ടെത്തലുകൾ ഈ കാലഘട്ടത്തിന്റെ സവിശേഷത, പ്രദേശത്തെ ഹോമിനിൻ ജനസംഖ്യയുടെ വലിയ രൂപാന്തര വൈവിധ്യവും ചലനാത്മകതയുമാണ്'- പഠനത്തിനു നേതൃത്വം നൽകിയ ഹരോൾഡ് ബെർഗൂയിസ് പറഞ്ഞു.
6,000 മൃഗ ഫോസിലുകളും
ഒരു കാലത്ത് തെക്കുകിഴക്കൻ ഏഷ്യയെ വിശാലമായ ഉഷ്ണമേഖലാ സമതലവുമായി ബന്ധിപ്പിച്ചിരുന്ന "സുന്ദലാൻഡ്' എന്നറിയപ്പെടുന്ന നഷ്ടഭൂമികയുടെ ആദ്യമായി ലഭിക്കുന്ന തെളിവായിരിക്കാം ഈ സ്ഥലം.
തലയോട്ടിക്കു പുറമേ, കൊമോഡോ ഡ്രാഗൺ, എരുമ, മാൻ, ആന എന്നിവയുൾപ്പെടെ 36 ഇനങ്ങളിൽപ്പെട്ട 6,000 മൃഗഫോസിലുകളും ഗവേഷകർ കണ്ടെത്തി. ഫോസിലുകളിൽ മുറിപ്പാടുകൾ ഉണ്ടായിരുന്നു. ഇതു സൂചിപ്പിക്കുന്നത് പുരാതന മനുഷ്യൻ വേട്ടയാടൽ തന്ത്രങ്ങൾ പരിശീലിച്ചിരുന്നുവെന്നാണ്.
മഡുറ കടലിടുക്ക് ഹോമിനിനുകൾ ഈ വേട്ടയാടൽ തന്ത്രം സ്വതന്ത്രമായി വികസിപ്പിച്ചെടുത്തതായിരിക്കാം. എന്നാൽ, അക്കാലത്തെ ജനതയുടെ സാംസ്കാരിക വിനിമയങ്ങളിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ കൊടുക്കുന്നതെന്നു ഗവേഷകർ പറഞ്ഞു.
ആരായിരുന്നു ഹോമോ ഇറക്റ്റസ്?
ആധുനിക മനുഷ്യരുമായി കൂടുതൽ സാമ്യമുള്ള ആദ്യ കാല മനുഷ്യരാണ് ഹോമോ ഇറക്റ്റസ് എന്നു ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ഉയരം കൂടുതലുള്ള, പേശീബലമുള്ള ശരീരമുണ്ടായിരുന്നു അവർക്ക്. നീളമുള്ള കാലുകളും ചെറിയ കൈകളുമായിരുന്നു ഹോമോ ഇറക്റ്റസിന് ഉണ്ടായിരുന്നത്.
മനുഷ്യന്റെ ആദ്യകാല പൂർവികരുടെ ഭൂമിശാസ്ത്ര പരിധികളെക്കുറിച്ചുള്ള മുൻകാല പ്രമാണങ്ങളെ വെല്ലുവിളിക്കുന്ന ഒന്നാണ് ഇപ്പോഴത്തെ കണ്ടെത്തലുകൾ.
ആയിരക്കണക്കിന് വർഷങ്ങൾക്കു മുന്‍പുള്ള ഹിമാനികളുടെ ഉരുകൽ സമുദ്രനിരപ്പ് 120 മീറ്ററിലധികം ഉയരാൻ കാരണമാകുകയും സുന്ദലാൻഡിലെ താഴ്ന്ന സമതലങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു.